മൂന്ന് പെൺമക്കൾ ജനിച്ചിട്ടും അന്നത്തെ കാലത്ത് കുടുബാസൂത്രണം ഇല്ലാഞ്ഞിട്ടോ എന്തോ ഈ കുടുബത്തിൽ തന്നെ നാലാമത് ഒരാണായി

കൂടപിറപ്പ്
(രചന: സുനിൽ പാണാട്ട്)

അവനിപ്പോ എന്തിനാ അമ്മേ തിരക്ക് പിടിച്ച് കല്ല്യാണം നോക്കണെ അവൻ കുഞ്ഞല്ലെ..?

“നാളെ കാണാൻ പോകുന്ന പെണ്ണിനോട് ചോദിക്കേണ്ട ചോദ്യങ്ങൾ മനസ്സിലങ്ങനെ തിരിച്ചും മറിച്ചും പലവുരിയാവർത്തിച്ചുസ്വയം ചോദിച്ചു കൊണ്ടും..

അവളുടെ വീട്ടിൽ നിരത്തി വച്ചിരിക്കുന്ന മിക്ച്ചർ, കൊക്കുവട, ലഡ്ഡു, മുതലായ പലഹാര സാധനങ്ങളിൽ ആക്രാന്തത്തോടെ കയ്യിട്ട് വാരിതിന്ന് ശ്വാസം കിട്ടാതെ ഗ്ലാസിലെ ചുടുചായ ഒറ്റവലിക്ക് കുടിച്ച് അണ്ണാക്ക് പൊള്ളുന്നകൂടെ വന്ന അളിയനെ ഓർത്തുചിരിച്ചും..

ഉമ്മറ കോലായിലങ്ങനെ ചാരികിടന്ന എന്റെ സ്വപ്നം മൊത്തം തകർക്കുന്ന രീതിയിലാണ് അടുക്കളയിൽ നിന്ന് പെങ്ങടെ ചങ്കിൽകൊള്ളുന്ന ആ വാക്കുകൾ കാതിലൊരു ശരമായി പതിച്ചത് ….!

“ആ പെങ്ങളെ തള്ളി പൊട്ടകിണറ്റിലിടാനുള്ള ദേഷ്യം ഉണ്ടായിട്ടും തനിക്ക് വേണ്ടി ജനിച്ചപെണ്ണ് ചെക്കനെകിട്ടാതെ ജീവിക്കേണ്ട കാര്യമോർത്ത് മ്മളതങ്ങ് ക്ഷമിച്ച്..!

“ഹും, കുഞ്ഞാണ് പോലും കുഞ്ഞ്..! കൂടെ പഠിച്ചവർക്കും സമപ്രായക്കാർക്കും കുഞ്ഞുങ്ങൾ മൂന്ന് വരെ ആയി വയസ്സ് മുപ്പത്തിരണ്ടായിട്ടും മ്മള് ഇപ്പഴും കുഞ്ഞാത്രെ…!

“അവൻ പെണ്ണ് കെട്ടിയാ വിരുന്നിന് ആ വീട്ടിലേക്കെങ്ങനെ വിളിക്കും ഞങ്ങളമ്മെ..?”ഈ പ്രാവശ്യത്തെ അവന്റെ വരവ് കണ്ടാ ഞങ്ങൾ വീട് പൊളിച്ചത് തന്നെ ..!

“സുരേട്ടനെ കൊണ്ട് ഒറ്റക്ക് കഴിയില്ലാന്നെ അമ്മ അവനോട് ഒന്ന് പറയണെ കല്ല്യാണം അടുത്ത വരവിനായാലും മതില്ലോ…!

“വീണ്ടും അടുക്കളയിൽ നിന്ന് പെങ്ങടെ സ്വരമിങ്ങനെ കാതിലേക്കിരച്ച് കയറുന്നുണ്ടായിരുന്നു… ഒപ്പം എന്റെ കലിപ്പും…!

“അപ്പോൾ അതാണ് മ്മളെ കുഞ്ഞാക്കിയ കാര്യം ഇനിയും കാര്യസാധ്യത്തിന് വേണ്ടി മൂക്കിൽ പല്ല് മുളച്ചാലും മുട്ടിലിഴഞ്ഞ് നടക്കുന്ന പ്രായം വരെ എത്തിക്കും ആ ജാതി ഐറ്റാ മ്മടെ മൂന്ന് പെങ്ങന്മാരും…. !

“മൂന്ന് പെൺമക്കൾ ജനിച്ചിട്ടും അന്നത്തെ കാലത്ത് കുടുബാസൂത്രണം ഇല്ലാഞ്ഞിട്ടോ എന്തോ ഈ കുടുബത്തിൽ തന്നെ നാലാമത് ഒരാണായി ജനിക്കാൻ ആയിരുന്നു മ്മടെ തലവിധി…!

“നാലാം കാലിൽ ആണായാൽ അവൻ നാടുഭരിക്കും എന്ന് പഴമക്കാർ പറയുമ്പോൾ നാലാമത് ആണായി ആരും ജനിക്കല്ലെ ….ജനിച്ചാ വീട്ടുകാർക്ക് വേണ്ടി നടുവൊടിക്കേണ്ടിവരുമെന്ന് അനുഭവം കൊണ്ട് ഞാനും പറഞ്ഞു…!

“പത്തിൽ ജയിച്ചാൽ അടുത്തതെന്ത്????? എന്ന ചോദ്യത്തിന് അമ്മാവനും അച്ഛനും ഒപ്പം ആശാരിപ്പണി എന്ന ഉത്തരം മാത്രമായിരുന്നു…

“നല്ലവണ്ണം പഠിക്കുമായിരുന്നിട്ടും
പഠനമെന്ന സ്വപ്നത്തെ തല്ലികെടുത്തി ഉളിസഞ്ചിയും തൂക്കി അച്ഛനൊപ്പം പോകുമ്പോൾ വീട്ടിൽ പുരനിറഞ്ഞ് നിൽക്കുന്ന ചേച്ചിമാർക്ക് വേണ്ടിയല്ലെടാ എന്ന് പറഞ്ഞമ്മ നെറുകയിൽ തലോടി…!

” പണിക്കായി കയറിച്ചെന്നത് ക്ലാസ്സിൽ കൂടെ മത്സരിച്ച് ഒപ്പത്തിനൊപ്പം പഠിച്ചിട്ടും തനിക്കൊപ്പം എത്താത്ത ഫെമിന എം.ബി.യുടെ വീട്ടിലായിരുന്നെന്നറിഞ്ഞത് കുടിക്കാനുള്ള വെള്ളം കൊണ്ടാപണിപ്പുരക്കരികിൽ വക്കുംനേരം അവളെന്നെ നോക്കി ചിരിച്ചപ്പോഴാണ് …!

” അവൾ ചിരിച്ചാച്ചിരിയിൽ ഒരാക്കി ചിരിച്ച ഛായ മ്മക്കങ്ങ് തോന്നി..!”അതിന്റെ അരിശമങ്ങ് തീർത്തത് നാടൻ പ്ലാവിന്റെ കട്ടിള പടിയിൽ ഒരിഞ്ച് ഉളിയിൽ കൊട്ടുടി കൊണ്ടാഞ്ഞടിച്ച് തുളച്ച് കൊണ്ടായിരുന്നു..!

“പണി കഴിഞ്ഞച്ഛനും അമ്മാവനും വെള്ള ബോർഡിൽ കറുപ്പ് കൊണ്ട് കള്ളെന്നെഴുതിയ കൊച്ച് പുരയിലേക്ക് കയറും നേരം എതിർവശത്തെ സെയ്തുക്കാന്റെ ചായപീടിയേൽ തനിക്കായിപറഞ്ഞ് വച്ച ചായക്കൊപ്പം ഉണ്ടൻ പൊരിയും ഉള്ളി വടയും മാത്രമായിരുന്നു തനിക്കന്ന് കൂലി..!

“കാലമേറെ കഴിഞ്ഞിട്ടും കൂലി വകയിൽ മാറ്റം ഇല്ലാത്തതിനാലും തന്റെ കൂലികൂടെ കള്ളുഷാപ്പിലെ നേർച്ച പെട്ടിയിലേക്ക് പോകുന്നതിനാലുമാണ് അച്ഛനെയും അമ്മാവനെയും വിട്ടന്ന് കുട്ടനാശാരിയുടെ കൂടെ ജോലിക്ക് പോയത്…!

“അന്നു മുതലാണ് ആദ്യമായി കൂലിയായി മറ്റു ആശാരിമാർക്കൊപ്പം മുഴുതച്ച് ഈ കൈകളിൽ വാങ്ങിച്ചതും അതമ്മയുടെ കൈകളിൽ ഏൽപ്പിക്കാൻ തുടങ്ങിയതും…!

“അപ്പഴും സെയ്തുക്കാന്റെ കടയിലെ ഉണ്ടൻ പൊരിയും ഉള്ളിവടയും കഴിക്കുന്നതിനൊപ്പം വീട്ടിലേക്കൊരു പൊതിയായും കൂടെ കൂട്ടി തുടങ്ങിയിരുന്നു…!

“ഇയ്യ് പണിയൊക്കെ പഠിച്ചോ ദിനേശാ… പഠിച്ചെങ്കിൽ ജ്ജ് പൊർത്തിക്ക് പോവാൻ നോയ്ക്കോളിൻ മ്മടെ ജമാല് വരണ്ട് രണ്ട്മാസം കഴിഞ്ഞ് ഞാൻ പറഞ്ഞിട്ടുണ്ട് അന്റെ കാര്യം അല്ലാണ്ട് ഇവടിങ്ങനെ നിന്നാ പെരെല് പെങ്ങന്മാരെ

ഇറക്കല്നടകൂലെന്നാ സെയ്തുക്ക തന്നോട് പറഞ്ഞപ്പോൾ അത് വരെയില്ലാത്ത പ്രവാസ മോഹം അന്നത്തെ പതിനെട്ട്കാരനിൽ വട്ടംചുറ്റി തിരിഞ്ഞു…!

” അങ്ങനെയാണ് പ്രവാസത്തിലെത്തപ്പെട്ടതും കഷ്ടപെട്ടാണെങ്കിലും ചേച്ചിമാരെയെല്ലാം നല്ല രീതിയിൽ കെട്ടിച്ചയച്ചതും.
അവരുടെയെല്ലാം പ്രസവം, പേര് വിളികളും

ഒപ്പംവയ്യാത്ത അച്ഛനോടിനി പണിക്ക് പോകരുതെന്ന് പറയാനും ഒരഞ്ച് സെന്റ് വാങ്ങിയതിലൊരു വീട് വക്കാനും പറ്റിയത്…!

“ഓരോ കാരണം പറഞ്ഞങ്ങ് കല്ല്യാണം നീട്ടുന്നതിന്റെ കാരണം പെങ്ങന്മാരുടെ മുതലെടുപ്പിനാണെന്ന് കഴിഞ്ഞവരവിനെ തോന്നിയിരുന്നു…!

” ഇനിയെന്തായാലും മ്മള് വിടാൻ തീരുമാനിച്ചിട്ടില്ല..!” അല്ലെങ്കിലെ മുപ്പത് കഴിഞ്ഞവർക്ക് പെണ്ണില്ല… പോരാത്തതിന് പ്രവാസിയും.. അത് കൊണ്ടാണ് അടുക്കളയിൽ സംസാരിക്കുന്ന പെങ്ങൾക്കും അമ്മക്കും അടുത്തേക്ക് ചെന്നതും …!

” എനിക്ക് ചോദിക്കാൻ നിങ്ങൾ മാത്രമല്ലെ ഉള്ളു അതാ നിങ്ങളോട് ചോദിച്ചത് എന്തായാലും നീ സഹായിച്ചെ പറ്റു..!

“തന്നോടത് പറഞ്ഞ കുഞ്ഞേച്ചിയോട് ഒരു മടിയും കൂടാതെ പറ്റില്ല എന്ന് പറഞ്ഞത് കേട്ട് ചേച്ചിക്കൊപ്പം അമ്മയും ഒന്ന് ഞെട്ടി

“ഹാളിലിരുന്ന് പുട്ടും മുട്ടയും തട്ടുന്ന അളിയന്റെ തൊണ്ടയിൽ മുട്ട കുരുങ്ങാതിരുന്നതും ഭാഗ്യമായി…

“എന്താ നിനക്ക് പറ്റാത്തത്????… എടാ എന്താ പറ്റാത്തതെന്ന് തനിക്ക് നേരെ വിരൽചൂണ്ടി കോപത്തോടെ അടുത്തേക്ക് വന്ന പെങ്ങളുടെ കൈ തടഞ്ഞ് കൊണ്ട് വീണ്ടും പറഞ്ഞു ഇത്രനാളും നിങ്ങൾക്ക് വേണ്ടി ജീവിച്ചു ഇനി എനിക്ക് വേണ്ടി ജീവിക്കണം അതിനായാണ്…!

“ഞാനവിടെ മണൽ മാറ്റി അതിനടിയിൽ നിന്ന് പണം പെറുക്കി എടുക്കുകയല്ല ചോര നീരാക്കി ചുട്ട് പൊള്ളുന്ന വെയിലും കൊണ്ട് ഉണ്ടാക്കുന്നതാണ്..!

“ദേ ഈ നിൽക്കുന്ന അളിയനെയും ചേച്ചി പറഞ്ഞിട്ട് ഇല്ലാത്ത കാശിന് വിസയും എടുത്ത് ഞാനങ്ങ് കൊണ്ട് പോയതല്ലെ ..?

എന്നിട്ട് നിങ്ങളെ കാണാതെ നിൽക്കാൻ പറ്റുന്നില്ല ചൂട് സഹിക്കാൻ പറ്റുന്നില്ല എന്ന്പറഞ്ഞ അളിയനെ നിങ്ങൾ തന്നെയല്ലെ തിരിച്ച് ഇങ്ങോട്ട് കയറ്റിവിടാൻ പറഞ്ഞത്..

” ഓരോ പ്രവാസിയും അങ്ങനാണ് സ്വന്തം സുഖങ്ങൾ ത്യജിച്ച് കുടുബത്തോടോപ്പമുള്ള ജീവിതം മറന്ന് കഷ്ടപ്പെടുന്നവരാണ്..!” അന്നാ വിസക്കായി എന്റെ നാല് മാസത്തെ ശമ്പളമാണ് ചിലവാക്കിയത്…!

“എന്റെ കഷ്ടപാട് നേരിട്ട് കണ്ടിട്ടുള്ള ആളാ ഈ അളിയൻ എന്നിട്ടാ അളിയനും നീങ്ങളും കൂടെ ഞാൻ കൊണ്ടുവരുന്ന സാധനങ്ങൾ പകുതിവിലക്ക് ആ ഡ്യൂട്ടിഫ്രീഷോപ്പിലെ ഇക്കക്ക് മറിച്ച് കൊടുത്തില്ലെ..?

“ഇനി നിങ്ങൾ പെങ്ങന്മാർക്കായി ഒരു ചില്ലി കാശ് ചിലവാക്കാനില്ല എന്റെ കയ്യില്ല..!

“നാട്ടിൽ വരുമെന്നറിഞ്ഞാൽ ലിസ്റ്റ് തയ്യാറാക്കി ഓഡർ തന്ന് കൊണ്ടുവരുന്നതിന് കുറ്റം പറയുന്ന നിങ്ങക്കറിയില്ല രണ്ടു മൂന്ന് മാസത്തെ വിയർപ്പിന്റെ വിലയുണ്ടതിനെല്ലാമെന്ന്..!

” സഹായങ്ങൾക്ക് വേണ്ടി മാത്രം കുഞ്ഞനിയൻ എന്ന് വാ തോരാതെ പറയുന്ന നിങ്ങൾ ഒരു വിശേഷ ദിനമെങ്കിലും ഈ കുഞ്ഞനിയനെ ഒന്നങ്ങോട്ട് വിളിച്ചിട്ടുണ്ടോ..?

“എന്തിന് തിരിച്ച് പോകുന്ന സമയത്ത് ഒരച്ചാറോ സ്വന്തം പറമ്പിലുള്ള ഒരു മൂട് കപ്പയോ ചക്കയോ മാങ്ങയോ അങ്ങനെ എന്തെങ്കിലും പൊതികെട്ടി അനിയന് കൊണ്ടോവാൻ എന്ന് പറഞ്ഞ് കൊണ്ട് വന്നിട്ടുണ്ടോ..?

“ഇല്ല , നിങ്ങൾക്ക് നിങ്ങളുടെ കാര്യം മാത്രം..!”ഞാൻ കെട്ടുന്ന പെണ്ണുവീട്ടുകാർക്ക് മുൻപിൽ എന്റെ അളിയൻമാരെ പോലെ കൈ നീട്ടാതിരിക്കാൻ… ആ പെണ്ണിന്റെ

ആങ്ങളമാർക്ക് ഞങ്ങടെ പെങ്ങളെ കെട്ടിച്ച് കൊടുത്തത് ആണൊരുത്തനാണെന്ന് പറയാൻ ഇനി എനിക്കെന്റെ കാര്യം കൂടെ നോക്കണം..

“നിങ്ങളന്ന് ചോദിച്ചില്ലെ വീടിരിക്കുന്ന ഈ സ്ഥലം ഉണ്ടായിട്ടും എന്തിനാ വേറെ സ്ഥലം വാങ്ങി വീട് വച്ചതെന്ന് ..?

” എനിക്കറിയാം അതിൽ വീട് വച്ചാൽ അതിനവകാശം പറഞ്ഞ് എന്റെ സഹോദരികൾ വരുമെന്ന് അത് മുൻപിൽ കണ്ട് ചെയ്യ്തതാണ്…!

“അപ്പോൾ നീ ഞങ്ങളെ സഹായിക്കില്ല അല്ലെടാ..?
ഇനി ഞങ്ങളീ വീടിന്റെ പടിചവിട്ടില്ല
നോക്കിക്കോ..! “ഹും,
ദേഷ്യത്തോടെ അളിയനെയും കൂട്ടി ഉമ്മറപടിയിറങ്ങി നടന്ന പെങ്ങളെയും അളിയനെയും നോക്കി ഒന്നൂടെ പറഞ്ഞു..!

“ഏത് കാര്യത്തിനും പെൺവീട്ടുകാർക്ക് മുൻപിൽ കൈ നീട്ടുന്നത് അത്ര നല്ല ശീലമല്ല സ്വന്തമായി അദ്ധ്വാനിച്ചുണ്ടാക്കുന്നതിന് ഒരു സുഖം വേറെയാ അളിയാ എന്ന്..!!!

“പിണങ്ങി പടിയിറങ്ങി പോയ പെങ്ങളെയും അളിയനെയും നോക്കിനിന്ന അമ്മയോടായി ചോദിച്ചു ഞാൻ പറഞ്ഞത് കൂടി പോയോ അമ്മെയെന്ന്…!

“ഇതിച്ചിരി നേരംവൈകി മോനെ നേരത്തെ ആവേണ്ടതായിരുന്നു ഇവൾ പോയി മറ്റുള്ള ചേച്ചിമാരോടും പറയട്ടെ..
പറയേണ്ടത് പറഞ്ഞില്ലെ കൊടുക്കുന്നവർക്ക് കൊടുത്തു കൊണ്ടിരിക്കാനും വാങ്ങിക്കുന്നവർക്ക് വാങ്ങികൊണ്ടിരിക്കാനുമേ നേരം കാണൂ..!

“നിന്നോടുള്ള ഈ വാശിക്കെങ്കിലും സ്വന്തംകാര്യം നോക്കാൻ പഠിക്കട്ടെ അവർ.. താങ്ങാൻ ആളുണ്ടെന്ന് കരുതിയാൽ ഒറ്റക്ക് നടക്കാനവർ ശ്രമിക്കില്ല എല്ലാം നല്ലതിന് വേണ്ടിയല്ലെമോനെ ..!

“അതും പറഞ്ഞെന്റെ തലയിൽതലോടിയ അമ്മയോടായ്പറഞ്ഞു എന്തായാലുമവളെ പറ്റുന്ന പോലെ സഹായിക്കണം കൂടപിറപ്പല്ലെയെന്ന്..!

 

Leave a Reply

Your email address will not be published. Required fields are marked *