തുടർ കിനാക്കൾ
രചന: മുഹമ്മദ് ഫൈസൽ ആനമങ്ങാട്
നാളെ അമലയെ തൂക്കി കൊല്ലുകയാണ്. അവസാനത്തെ കൂടി കാഴ്ച്ചക്കായി ഭർത്താവ് ജിതൻ ജയിലിലെത്തി. ഒരു ജയിൽ വാർഡൻ അയാളെ കൂട്ടി കൊണ്ടു പോയി.
അമലയുടെ സെല്ലിന് മുന്നിലെത്തിയപ്പോൾ പുറത്തെ കസേരയിൽ ജിതൻ പ്രതീക്ഷ ഏതുമില്ലാത്ത വെറും നിർവികാരതയോടെ കൈ കെട്ടി ഇരുന്നു. നിമിഷങ്ങൾ ഇഴഞ്ഞു നീങ്ങി.
വെളുത്ത വസ്ത്രമിട്ട വനിതാ തടവുകാരേയും കൊണ്ട് വാർഡന്മാർ നടന്നു പോകുന്നത് ജിതൻ വെറുതെ നോക്കിയിരുന്നു. ഇടക്കുള്ള അവരുടെ കാലടി ശബ്ദങ്ങൾ ഒഴിച്ചാൽ അവിടം പൊതുവേ ഭീകരമായൊരു നിശബ്ദത കനത്തു നിന്നു.
പെട്ടെന്നു സെല്ല് തുറന്നു. ഇരുമ്പുകൾ കൂട്ടിയുരസ്സുന്ന പല്ല് പുളിപ്പിക്കുന്ന ഭയപ്പെടുത്തുന്ന ശബ്ദം കേട്ട് അയാൾ എഴുന്നേറ്റു.
അമല രണ്ട് വനിതാ വാർഡൻമാരുടെ കൈകളിൽ തൂങ്ങി പതുക്കെ നടന്നു വന്നു. അവളുടെ അയഞ്ഞ വെളുത്ത ജയിൽ വസ്ത്രത്തിൽ അവിടവിടെ കരി പുരണ്ടിരിക്കുന്നു.
എണ്ണ മയമില്ലാതെ പറത്തിയിട്ട തലമുടി അവൾ ഒതുക്കി നെറുകിൽ കെട്ടി വെച്ചു ജിതനെ നോക്കി അൽപ്പ നേരം നിന്നു. അവളറിയാതെ ഒരു അത്ഭുതവും പ്രണയവും കണ്ണുകളിൽ വിരിഞ്ഞത് അവൾ പെട്ടെന്ന് തന്നെ ഒളിപ്പിച്ചു വെച്ചു.
പിന്നെ ഗൗരവം പൂണ്ടൊരു ചിരി മുഖത്ത് വരുത്തി. ജിതനും ചിരിച്ചെന്ന് വരുത്തി. അമലയുടെ കൺ തടങ്ങൾ കറുത്ത് കണ്ണുകൾ കുഴിയിൽ പോയിരുന്നെങ്കിലും തിളക്കം വറ്റിയിരുന്നില്ല. തീക്ഷ്ണമായ നോട്ടം.
മുടിയിഴകളിൽ ചിലതിൽ നരകൾ വീണിരിക്കുന്നു. വീതിയേറിയ നെറ്റിയിൽ രണ്ട് വരകൾ തെളിഞ്ഞു കണ്ടു. മുഖത്ത് അപ്പോഴും പാതിയിൽ നിന്നു പോയ എന്തിനൊക്കെയോ വേണ്ടിയുള്ള
ചോരയോട്ടം തുടർന്നു. കഴുത്തിലെ ഞരമ്പുകൾ വെറുതേ നീലിച്ചു വലിഞ്ഞു മുറുകി കൊണ്ടിരുന്നു..
“”കാണാൻ വരുമെന്ന് കരുതിയില്ല. എന്നത്തേയും പോലെ ഈ കസേരയിൽ നിമിഷങ്ങളോളം കാത്തിരുന്ന് മടങ്ങേണ്ടി വരുമെന്നാണ് ഇന്നും കരുതിയത്””..ജിതൻ പതുക്കെ അമലയുടെ അടുത്തേക്ക് നടന്നു ചെന്നു.
“”ജയിലിൽ പോകും മുമ്പ് പറഞ്ഞതല്ലേ. ഇത് അവസാനത്തെ കണ്ടു മുട്ടലാണെന്ന്. അന്ന് ഏറെ പ്രണയ വിവശരായിരുന്നല്ലോ നമ്മൾ. അതോട് കൂടി എല്ലാം തീരണം എന്നും ഞാൻ പറഞ്ഞിരുന്നു.
എനിക്ക് നിന്നോട് പ്രണയ പൂർവ്വവും സ്നേഹ പൂർവ്വവും ഇനി പറയാൻ ഒന്നുമില്ല. പൊയ്ക്കോളൂ””.. അമല നയനങ്ങൾ ചിമ്മാതെ ഭാവമാറ്റമില്ലാതെ പറഞ്ഞു.
ജിതന്റെ മിഴികൾ വിടർന്നു നനവ് പരന്നു. ഉള്ളിടങ്ങളിൽ എവിടെയൊക്കെയോ കാര മുള്ളുകൾ തറച്ച പോലെ കടഞ്ഞു വേദനിച്ചു. പതുക്കെ കണ്ണൊന്നു ചിമ്മി. തുളുമ്പിയ കണ്ണുനീർ പീലികളിൽ പടർന്നു…””അമലൂ””… അയാൾ പതുക്കെ വിളിച്ചു.
അവൾ വിളി കേട്ടു. ജിതൻ പുഞ്ചിരിച്ചു.””നിനക്ക് വലിയ മാറ്റമൊന്നുമില്ല. കുറച്ചു നരകൾ വീണിരിക്കുന്നു എന്നല്ലാതെ””.. ജിതൻ പറഞ്ഞു.
അവൾ ഉറച്ച ശബ്ദത്തിൽ മൂളി….””മോള് എവിടെ?… സുവീര?””.. അവൾ കണ്ണുകളെ പരതാൻ വിട്ടു കൊണ്ട് ചോദിച്ചു. ജിതൻ പ്രതീക്ഷയിൽ കണ്ണുകൾ തുടച്ചു കൊണ്ട് അവളെ നോക്കി.
“”സുവീര സ്കൂളിൽ പോയി. മനപ്പൂർവം കൊണ്ടു വരാതിരുന്നതാണ്.. പന്ത്രണ്ട് കൊല്ലം അവളെ കാണാൻ കൂട്ടാക്കാതിരുന്ന നിന്നെ ഈ അവസാന നിമിഷം കാണിച്ചു കൊടുത്ത് എന്തിന് സങ്കടപ്പെടുത്തണം.
അവളുടെ ഓർമ്മകൾ ഉറക്കും മുമ്പ് ഇറങ്ങി പോയതാണ് നീ. നിന്നെ ചൂണ്ടി കാണിച്ച് “ഇതാണ് മോളെ നിന്റെ അമ്മ” എന്ന് പറയേണ്ട ഗതിക്കെട്ട ഒരച്ഛനാവാനും എനിക്കീ അവസാന നിമിഷം വയ്യ.
കണ്ട് കൊതി തീർക്കാനും ഒരമ്മയുടെ ചൂടും ചൂരും ലാളനകളും സ്നേഹവുമൊന്നും അറിയാനും പിന്നീടവൾക്ക് കഴിയില്ലല്ലോ….നീ… നീ..വിട്ടു പോവല്ലേ””..ജിതന്റെ നെഞ്ചിൽ പിടച്ച തേങ്ങൽ ഒതുക്കി നിർത്താൻ അയാൾ കണ്ണുകൾ അടച്ചു പിടിച്ചു. എങ്കിലും നീർ മിഴി തുള്ളികൾ പീലികളെ പതിയെ നനച്ചു.
അമല അപ്പോഴും ചിരിച്ചു.. വെറുതേ തല കുലുക്കി. “”സുവീരയോട് പറഞ്ഞോ.. അവൾക്കറിയുമോ നാളെ എന്നെ കൊല്ലുമെന്ന്””..
“”ഞാൻ പറഞ്ഞിട്ടില്ല. അതിന്റെ ആവശ്യമെന്ത്.. പത്രങ്ങളിലൂടെ അവൾ എല്ലാം അറിയുന്നുണ്ട്. നിന്റെ ചിത്രങ്ങൾ കാണുമ്പോൾ എവിടെയൊക്കെയോ അമ്മയെന്ന ഒരു തുടിപ്പ് അവളുടെ
കണ്ണുകളിൽ കാണാം. അവളിപ്പോ ആ മൂന്ന് വയസ്സുകാരിയല്ല. പതിനഞ്ച് വയസ്സായി. മിടുക്കിയാ””..ജിതൻ പറഞ്ഞു.
അമല ജിതനെ നോക്കി ചിരിച്ചു. “”അവൾ അറിയട്ടെ.. എല്ലാം അറിയട്ടെ. അമ്മ പാവങ്ങൾക്ക് വേണ്ടി നീതി നടപ്പാക്കിയാണ് തൂക്കിലേറിയത് എന്നവൾ അറിയട്ടെ””
ഇത് പറയുമ്പോൾ അമലയുടെ കണ്ണുകൾ വികസിക്കുന്നതും മുഖം ചുവക്കുന്നതും ജിതൻ കണ്ടു. കണ്ണിലെ തിരയിളക്കത്തിൽ കൃഷ്ണ മണികൾ ഇടത്തോട്ടും വലത്തോട്ടും കറങ്ങുന്നത് ചെറിയൊരു ഭയം അയാളിൽ ഉണർത്തി. അയാൾ അവളുടെ മുഖത്തു കണ്ണുകൾ വേഗം പറിച്ചെടുത്തു.
ചുണ്ടുകൾ കടിച്ചു പിടിച്ചു നീണ്ട ജയിൽ വരാന്തയിലേക്ക് വെറുതെ നോട്ടമെറിഞ്ഞു ജിതൻ അല്പ നേരം നിന്നു. എന്തോ ഓർത്തിട്ടെന്ന പോലെ അയാളുടെ വലത്തേ ചുണ്ടിന്റെ കോണിൽ ഒരു പുച്ഛം വിരിഞ്ഞു.
“”അമലു… നിന്നെ കുറിച്ച് നല്ലതൊന്നും ആരും പറയുന്നില്ല. നമ്മുടെ മോള് കേട്ടറിഞ്ഞതൊക്കെ നിന്റെ ക്രൂരതകളാണ്. കൂട്ടക്കൊല ചെയ്ത ഒരു ക്രൂരയാണ് അവൾക്ക് അമ്മ.
അത് കൊണ്ടാവും അവൾക്ക് അമ്മ എന്ന് കേൾക്കുമ്പോൾ തന്നെ അരോചകമാണ്””. ജിതൻ പറഞ്ഞു.
അമല അപ്പോഴും ചിരിച്ചു. “ഇപ്പോഴും ഇവൾ ചിരിക്കുന്നു. എന്തൊരു ഉറപ്പാണ് ഇവളുടെ മനസ്സിന്. കരിങ്കൽ പാറകൾക്കിടയിൽ പോലും ചിലപ്പോൾ തെളിനീര് ഒളിഞ്ഞു കിടക്കാറുണ്ട്.
സ്നേഹത്തിന്റെ ഒരു കുഞ്ഞു തന്മാത്ര പോലും ഇവളുടെ മനസ്സിൽ ഇല്ലാതായല്ലോ. എന്റെ അമലു തന്നെയാണോ ഇത്. പന്ത്രണ്ട് വർഷത്തോളം കാണാതെ കാണുമ്പോളുള്ള അത്ഭുതമോ കണ്ടില്ല.
എന്റെ പ്രണയവും ഇവളിൽ അസ്തമിച്ചിരിക്കുന്നു. നശിച്ച ഉന്മൂലന സിദ്ധാന്തം സ്നേഹത്തിനും പ്രണയത്തിനും ദയക്കും മേലെ അവളുടെ മനസ്സിൽ അധികാരം സ്ഥാപിച്ചിരിക്കുന്നു””.. ജിതൻ ഓർത്തു.
“”ജിതൻ””… അമല വിളിച്ചു.അയാൾ ചിന്തകളിൽ നിന്നും പെട്ടെന്ന് മോചിതനായി അവളെ നോക്കി.
“”പാവങ്ങൾക്ക് വേണ്ടിയാണ് ഞാൻ കൊലപാതകിയായതെന്ന് അവൾക്ക് പറഞ്ഞു കൊടുത്തില്ലേ. പോലീസ് സ്റ്റേഷനിലിട്ട് അവളുടെ പ്രായമുള്ള ഒരു ആദിവാസി പെൺ കുട്ടിയെ പിച്ചി ചീന്തിയത് പറഞ്ഞു കൊടുത്തില്ലേ.
ആ പോലീസുക്കാരെ ചുട്ടെരിച്ചു പെൺ കുട്ടിക്ക് നീതി വാങ്ങി കൊടുത്തത് നിന്റെ അമ്മയാണ് എന്നവൾക്ക് പറഞ്ഞു കൊടുത്തില്ലേ.?””.അമല ഇടറിയ ശബ്ദത്തിൽ പറഞ്ഞു. എങ്കിലും കണ്ണ് നിറയാൻ അവൾ സമ്മതിച്ചില്ല.
“”ഞാൻ എന്തിന് പറഞ്ഞു കൊടുക്കണം. നിനക്ക് പറഞ്ഞു കൊടുക്കാമായിരുന്നല്ലോ. എത്ര വട്ടം ഞാനും മോളും നിന്നെ ഒരു നോക്ക് കാണാൻ ഈ ജയിലിൽ കാത്തിരുന്നു. നീ കാണാൻ സമ്മതിച്ചോ.
ഈ പന്ത്രണ്ട് വർഷത്തിനടക്ക് ഒരിക്കലെങ്കിലും..ഇല്ലല്ലോ..നീ മറന്നു.. എല്ലാം മറന്നു. എന്നെ മറന്നു. പ്രണയവും സ്നേഹവും ദയയും മറന്നു. ഓർമ്മയുണ്ടോ. അവൾ നുണഞ്ഞിരുന്ന നിന്റെ മുല ഞെട്ടുകൾ പറിച്ചെടുത്തു നീ ഇറങ്ങി പോയതാണ്.
“തീവ്ര വാദിയുടെ മകളേ”.എന്നുള്ള വിളി കേട്ടു വളർന്ന അവളെ ഞാൻ ഇനി എന്താണ് പറഞ്ഞു മനസ്സിലാക്കേണ്ടത്. നിയമം കയ്യിലെടുക്കുന്നതാണ് ശരിയെന്നോ?. എനിക്കിനി നമ്മുടെ മോളെ ഒന്നും പഠിപ്പിക്കാനില്ല. “”… ജിതൻ കുറച്ചു ശബ്ദം ഉയർത്തി.
“”തീവ്രവാദിയുടെ മകളോ?””. അമല നെറ്റി ചുളിച്ചു കൊണ്ട് ചോദിച്ചു..””അതെ. അല്ലാതെ എന്താണ് ഇതിന് പേര്””.. ജിതൻ താഴേക്ക് നോക്കി കൊണ്ട് പിറു പിറുത്തു.
അവൾ നിഷേധ ഭാവത്തിൽ തല കുലുക്കി. അമലയുടെ മുഖം വലിഞ്ഞു മുറുകി വെളുത്തു. അവളുടെ ഹൃദയം എന്തൊക്കെയോ ചിന്തകളിലേക്ക് കൂടു മാറി. വൈകാതെ മുഖത്തെ പേശികൾ അയഞ്ഞു ചുവന്നു. കണ്ണുകൾ ചെറുതായി ഈറനണിഞ്ഞു.
“”ചിലയിടത്ത് മാത്രമേ എനിക്ക് ചെറുതായി പിഴച്ചിട്ടുള്ളൂ. നിന്നോടുള്ള പ്രണയം,വിവാഹം, ഗർഭം. ആ പിഴവുകളിൽ തെല്ലും കുറ്റ ബോധമില്ല. എല്ലാം പ്രണയത്തിന്റെ ബാക്കി പാത്രങ്ങൾ അല്ലേ.
നെഞ്ചിൽ വിപ്ലവത്തിന്റെ തീ കാറ്റ് ആഞ്ഞു വീശുമ്പോഴും നിന്നോടൊത്തുള്ള മഞ്ഞ് പോലെ നനുത്ത പ്രണയം ഞാൻ ആസ്വദിച്ചിരുന്നു. ആ നിമിഷങ്ങളിൽ മാത്രമേ ഞാനൊരു പെണ്ണായി ജീവിച്ചിട്ടുള്ളൂ””. അമല ചിരിച്ചു കൊണ്ട് പറഞ്ഞു. കൂടെ ഒരു നെടുവീർപ്പും പുറത്ത് വന്നു.
ജിതൻ ചിരിച്ചില്ല. വീണ്ടും നീണ്ട ജയിൽ വരാന്തയിലേക്ക് കണ്ണു നട്ടു.””ഞാനൊരു ഹർജി കൊടുത്തിരുന്നു. എന്നെ തൂക്കി കൊല്ലുന്ന സമയത്ത് മുഖം മറക്കരുതെന്നും, നീയും മോളും അടുത്ത് വേണം എന്ന് പറഞ്ഞിട്ടും. പക്ഷേ.. നിങ്ങളുടെ തല തിരിഞ്ഞ നിയമം അത് തള്ളി””.. അമല പറഞ്ഞു.
ജിതൻ ഞെട്ടി..””എന്തിന്… എന്തിനാ അങ്ങനെ ഒരു മഹാ പാതകം.. അതോ മഹാ ഔദാര്യമോ. പന്ത്രണ്ട് കൊല്ലം എന്നെയും പെറ്റിട്ടിട്ട് പോയ മോളെയും കാണാൻ സമ്മതിക്കാതിരുന്ന നീ തരുന്ന ആ ഔദാര്യത്തെ ഏത് കോടതിയാണ് തള്ളാത്തത്””.. ജിതന്റെ കണ്ഠമിടറി.
അമല കുറച്ച് ഉറക്കെ ചിരിച്ചു. “”പാതകമോ ഔദാര്യമോ ഒന്നുമല്ല ജിതൻ. മരിക്കാൻ ഒട്ടും ഭയമില്ല. എന്റെ ശിക്ഷ നിങ്ങളുടെ നിയമങ്ങളിൽ കുരുങ്ങി ഇത്രയും നീണ്ടു പോയതിൽ മാത്രേ സങ്കടമുള്ളൂ.
തീ അണഞ്ഞാലും ചന്ദന മുട്ടികൾ നീറി പുകയുന്നത് കണ്ടിട്ടില്ലേ. അങ്ങനെയൊരു നീറ്റൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ ഇത്രയും കാലം. ഇപ്പൊ സന്തോഷമാണ്. നാളെ തൂക്കിലേറ്റുന്ന ഒരാളെ ഇത്രയും ആഹ്ലാദത്തോടെ വേറെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ”‘.. അവൾ ചിരിച്ചു.
ജിതൻ അത്ഭുതവും ഭയവും കൂടി കലർന്ന കണ്ണുകളോടെയും മുഖ ഭാവത്തോടെയും അവളെ നോക്കി..””വെറുതെയല്ല അങ്ങനെ ഒരു ഹർജി കൊടുത്തത്. എന്റെ മരണം സുവീര കാണണം. ഭയത്തിന്റെ ലാഞ്ചനയില്ലാതെ,
ഒരിറ്റ് കണ്ണുനീർ വാർക്കാതെ,ചങ്കിടിപ്പില്ലാതെ, ഹൃദയം പിടഞ്ഞു മിടിക്കാതെയുള്ള എന്റെ ധൈര്യ പൂർവ്വമുള്ള മരണം അവൾ കാണണം. കഴുത്തിൽ കുരുക്ക് മുറുകുമ്പോൾ എന്റെ ചിരിച്ച മുഖം അവൾ കാണണം.
പ്രാണൻ പറിച്ചെടുക്കുമ്പോഴുള്ള ഭീകരമായ മുഖ ചേഷ്ടകൾ ആയിരിക്കില്ല എനിക്ക്. ഒരു വിപ്ലവകാരിയുടെ മരണം ഇത്രത്തോളം മൃദുലമാണെന്ന് അവൾ അറിയണം. എനിക്കുറപ്പുണ്ട് അവൾ എന്റെ പാത പിന്തുടരും.
ഞാൻ ബാക്കി വെച്ചത് അവൾ പൂർത്തീകരിക്കും. കയ്യിൽ തോക്കും വാളും ബോംബും അവൾ ഏന്തും. കല്ലട്ടി വനത്തിന്റെ ഉള്ളിടങ്ങളിൽ എന്റെ
സംഘടനയുടെ ബാക്കിയായ സുധീര വനിതകൾ അവളെ കാത്തിരിക്കുന്നുണ്ട്. നിറ തോക്കുകളുമായി””..അമല കനത്ത സ്വരത്തിൽ പറഞ്ഞു.
ജിതൻ അറിയാതെ ഒരു ദീർഘ നിശ്വാസം വലിച്ചു വിട്ടു. അയാളുടെ തല ചോറിൽ കരിവണ്ടുകൾ മൂളി പറന്നു.
“”കല്ലാണ് നിന്റെ മനസ്സ്. ഒരു ബോംബിനും തകർക്കാൻ പറ്റാത്ത കരിങ്കല്ല്.. ഞാൻ പോവാണ്.. എനിക്കിനി ഒന്നും കേൾക്കേണ്ട അമലു””… ജിതന്റെ കണ്ണുകൾ നിറഞ്ഞു.
പെട്ടെന്ന് ബൂട്ടിന്റെ ശബ്ദം ആ വരാന്തയിൽ മുഴങ്ങി. ജയിൽ സൂപ്രണ്ടാണ്. “”സമയം കഴിഞ്ഞു””…അയാൾ ഉറക്കെ പറഞ്ഞു.
“”എന്റെ ശിക്ഷക്ക് സാക്ഷി ആയവരുടെ അടുത്തേക്ക് നീ നമ്മുടെ മോളെ കൊണ്ടു പോണം. എന്റെ അന്ത്യ നിമിഷങ്ങൾ എങ്ങനെ ആയിരുന്നെന്ന് അവരുടെ വായിൽ നിന്ന് അവളെ കേൾപ്പിച്ചു കൊടുക്കണം.
ചെയ്യുമോ ജിതൻ.. ദയവ് ചെയ്ത് ചെയ്യുമോ. എന്റെ അവസാനത്തെ ആഗ്രഹമാണത്””……. അമല ഉറക്കെ വിളിച്ചു പറഞ്ഞു. അവൾ വീണ്ടും എന്തൊക്കെയോ പറയാൻ ആഞ്ഞു. വാർഡൻമാർ ബലം പ്രയോഗിച്ചു അവളെ വലിച്ചു കൊണ്ടു പോയി.
ജിതൻ ജയിൽ സൂപ്രണ്ട് സെബാസ്റ്റ്യന്റെ കൂടെ തിരികെ ഓഫീസിലേക്ക് നടന്നു. അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
“”ഇവളും ഒരു മനുഷ്യ സ്ത്രീയോ?..മരണം മുന്നിൽ കണ്ടിട്ടും ഇങ്ങനെ മനുഷ്യ പറ്റില്ലാതെ ഒരാൾ..ഇപ്പോഴും അവൾക്ക് പറയാനുള്ളത് വിപ്ലവവും പോരാട്ടവും മാത്രം..സ്നേഹത്തോടെ ഒരു വാക്കു പോലും അവൾ പറഞ്ഞില്ല.
ഒന്ന് മുഖത്തു നോക്കി ഹൃദയ പൂർവ്വം ചിരിച്ചെങ്കിൽ എന്ന് ഞാൻ ആശിച്ചു. പക്ഷേ….കാരിരുമ്പ് ഉരുക്കി ഒഴിച്ചാണോ അവളുടെ ഹൃദയം ഉണ്ടാക്കിയിരിക്കുന്നത്. വരേണ്ടിയിരുന്നില്ല സാർ. അവസാനമായി കാണേണ്ടിയിരുന്നില്ല””. ജിതൻ പൊട്ടി കരഞ്ഞു.
ജിതൻ കലങ്ങി മറിഞ്ഞ മനസ്സുമായി വീട്ടിലെത്തി. മുറിയിലെ കട്ടിലിൽ മലർന്നു കിടന്നു. ഓർമ്മകൾ അയാളെ വല്ലാതെ അസ്വസ്ഥ പെടുത്തി.
“”അച്ഛാ… അച്ഛാ””… സുവീര ജിതനെ പതുക്കെ തട്ടി വിളിച്ചു. ജിതൻ ഓർമ്മകളിൽ നിന്ന് ഞെട്ടി പിടഞ്ഞെഴുന്നേറ്റു. മുന്നിൽ സ്കൂൾ ബാഗും കയ്യിൽ പിടിച്ചു സുവീര നിൽക്കുന്നു. ഒരു മങ്ങിയ ചിരി അവൾ മുഖത്തു വിരിയിച്ചു.
“”അച്ഛൻ കണ്ടോ.. അമ്മയെ””.. സുവീരയുടെ സ്വരം ആർദ്രമാർന്നു.അയാൾ തല കുലുക്കുക മാത്രം ചെയ്തു. എന്തെങ്കിലും പറഞ്ഞാൽ അടക്കി വെച്ച തേങ്ങൽ പൊട്ടിയൊഴുകുമെന്ന ഭയത്താൽ അയാൾ ചുണ്ടുകൾ കടിച്ചു പിടിച്ചു.
“”എന്നിട്ട് അമ്മ എന്ത് പറഞ്ഞു.. എന്നെ ചോദിച്ചോ?””.. സുവീരയുടെ സ്വരം പതിഞ്ഞു.
ജിതൻ ഒന്നും മിണ്ടിയില്ല. അവൾ അച്ഛന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു. ജിതൻ അവളെ നെഞ്ചോട് ചേർത്തു. മുടിയിഴകളിലൂടെ വിരലോടിച്ചു. കവിളുകൾ കയ്യിലെടുത്തു നെറ്റിയിൽ ഉമ്മ വെച്ചു.
“”നിനക്കെന്തിനാ ഇനി അമ്മ?. നീ നേരേ കണ്ടിട്ടുണ്ടോ അമ്മയെ ?. നിനക്ക് അമ്മയുടെ മുഖമെങ്കിലും ഓർമ്മയുണ്ടോ?. ഫോട്ടോ കണ്ടതല്ലാതെ. ഇല്ലല്ലോ. അപ്പൊ മറന്നു കളയൂ അമ്മയെ””.
ജിതൻ സ്വരം കനപ്പിച്ചു കൊണ്ട് പറഞ്ഞു . സുവീര മൂളി കൊണ്ട് തലയാട്ടി. എന്തോ ആലോചിച്ചു കൊണ്ടവൾ നിറഞ്ഞ കണ്ണുകളോടെ തിരിഞ്ഞു നടന്നു
മൂകത തളം കെട്ടിയ ആ വീടിന്റെ രണ്ട് മൂലകളിൽ സുവീരയും ജിതനും ഇരുന്നു.അത്രയ്ക്കും പ്രിയപ്പെട്ട ഒരാൾ നാളെ മരിക്കാൻ പോകുന്നു …പക്ഷേ.. ആ പ്രിയത്തിന് പേരിടാൻ മാത്രം സുവീരക്ക് കഴിഞ്ഞില്ല.
“അച്ഛൻ പറഞ്ഞ പോലെ മറക്കുന്നതെങ്ങിനെ. എന്നെ സ്നേഹിച്ചില്ലെങ്കിലും ഓർമ്മകളിൽ ഇല്ലെങ്കിലും എന്റെ അമ്മയല്ലേ.””..സുവീരയുടെ മനസ്സ് ഇങ്ങനെ പറഞ്ഞു കൊണ്ടിരുന്നു.
പേരിടാൻ പറ്റാത്ത ഒരു നൊമ്പരം അവളുടെ മനസ്സിനെ പൊതിഞ്ഞു മൂടി വെച്ചു. ആ ചട്ട കൂടിനെ പൊളിക്കാൻ അവൾ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പെട്ടെന്നുള്ള ഒരു പൊട്ടി കരച്ചിലിൽ ആ നൊമ്പരം കുറച്ചു അലിഞ്ഞു പോയി.
ഒന്നും മിണ്ടാതെ ഒന്നും തിന്നാതെ ജിതനും സുവീരയും കിടന്നു. ഇരുളിൽ കണ്ണുകൾ മിഴിച്ചു മുകളിലേക്ക് നോക്കി. ഇടയ്ക്കിടെ നെടുവീർപ്പുകൾ മാത്രം ആ മുറിയിൽ ഉയർന്നു കേട്ടു.
“”അമ്മയെ ഇപ്പൊ തൂക്കി കൊന്നു കാണും അല്ലേ അച്ഛാ””..സുവീരയുടെ പൊടുന്നനെയുള്ള ഈ ചോദ്യം കേട്ട ജിതൻ ഒന്ന് പകച്ചു. അയാൾ മൊബൈൽ ഫോണിൽ സമയം നോക്കി…അഞ്ച് മണി..പിന്നെ ചിരിച്ചു കൊണ്ട് അവളെ കെട്ടി പിടിച്ചു.
“”മോള് ഉറങ്ങിയിരുന്നില്ലേ””.. അയാൾ അവളുടെ ചോദ്യത്തിന് ഉത്തരം പറഞ്ഞില്ല.പെട്ടെന്ന് ജയിൽ സൂപ്രണ്ട് ജിതനെ ഫോണിൽ വിളിച്ചു. “”കഴിഞ്ഞു
ജിതൻ. മൃതദേഹം അവളുടെ ആഗ്രഹം പോലെ പൊതു ശ്മശാനത്തിൽ അടക്കം ചെയ്യും. നിങ്ങളോട് വരരുത് എന്ന് പറഞ്ഞിട്ടുണ്ട്””.. ജിതൻ മൂളി കേട്ടു. അയാൾ കുറച്ചു നേരം മൗനിയായി.
“”നിന്നെ ഒന്ന് കാണാൻ പോലും ദയവില്ലാത്ത നിന്റെ ഓർമ്മകളിൽ പോലും ഇല്ലാത്ത ഒരാളെ കുറിച്ചോർത്ത് ഇത്ര സങ്കടപ്പെടേണ്ട കാര്യമെന്താ സുവീരാ. എനിക്കില്ലല്ലോ സങ്കടം””.. ജിതൻ കുറച്ചു പരുഷത അഭിനയിച്ചു.
“”എന്റെ അമ്മയല്ലേ അച്ഛാ. അത് മാത്രം പോരെ സങ്കടപ്പെടാൻ””.. സുവീര വിതുമ്പി കൊണ്ട് പറഞ്ഞു. ജിതന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി തേങ്ങി.
ജിതൻ ആശ്വാസ വാക്കുകൾക്കായി നെഞ്ചിലെ നിഘണ്ടുവിൽ പരതി. പരാജയപ്പെട്ട അയാൾ വെറുതേ സുവീരയുടെ മുതുകിൽ സ്നേഹപൂർവ്വം തലോടി.
“”അച്ഛൻ നുണ പറയാ.. സങ്കടം ഇല്ലാന്ന്. അല്ലേ””.. സുവീര ചോദിച്ചു.ജിതൻ മറുപടി ഒരു ദീർഘ നിശ്വാസത്തിൽ ഒതുക്കി. അവളുടെ ഒപ്പം കരയാൻ അയാൾ മെനക്കെട്ടില്ല.
“”എന്നാലും എന്റെ അമ്മ പാവാണ്. അമ്മ ചെയ്തത് ശരിയാണ്. ഞാൻ ഇന്നലെ രാത്രി മുഴുവൻ ആലോചിച്ചു. ധീരയാണ് അമ്മ. അമ്മയെ ഓർക്കുമ്പൊ എനിക്ക് ചെറിയൊരു അഭിമാനമൊക്കെ തോന്നുന്നുണ്ട്.
അച്ഛൻ കണ്ടോ.. ഇനി ആര് അമ്മയെ പരിഹസിച്ചാലും അവരെ ഞാൻ നേരിടും. അമ്മ ചെയ്തത് ശരിയാണ്… ശരിയാണ്””.. സുവീരയുടെ ഏങ്ങലടി ഉച്ചത്തിലായി.
ജിതന്റെ മനസ്സ് കലുഷിതമായി കലങ്ങി മറിഞ്ഞു..”സുവീരക്ക് എന്ത് പറ്റി?..ഒരു തെറ്റ് ശരിയാണെന്ന് ഒരാൾക്ക് തോന്നുമ്പോൾ സൂക്ഷിക്കണം. മരണം ചില അർഹതയില്ലാത്തവർക്കും വീര പരിവേഷം നൽകുന്നുണ്ട്.
അമല ഇവളുടെ മനസ്സിൽ ഏത് രീതിയിൽ ആണ് പതിഞ്ഞിരിക്കുന്നത്. അവൾ അമ്മയുടെ വഴി സ്വീകരിക്കുമോ?”..ജിതന്റെ തല പുകഞ്ഞു നീറി.
സുവീര എപ്പോഴും അമലയെ കുറിച്ച് വാചാലയായി. അമല എഴുതിയ ലേഖനങ്ങൾ പഴയ പെട്ടികൾ തുറന്ന് സുവീര ആരും കാണാതെ വായിച്ചു. ഒഴിഞ്ഞു നിന്ന് ജിതൻ സുവീരയെ നിരീക്ഷിച്ചു.
അമലയുടെ രൂപവും ഭാവവും ആയി മാറി വരുന്നുണ്ട്. മുഖത്ത് ഗൗരവ ഭാവവും കണ്ണുകളിൽ തിളക്കവും. അവളുടെ പെരുമാറ്റത്തിൽ വന്ന മാറ്റം ജിതനിൽ ഭയവും ആധിയും നിറച്ചു.
“”അച്ഛാ.. നമുക്ക് കല്ലട്ടി വനം കാണാൻ പോയാലോ. ഞാൻ ആദിവാസികളെ കണ്ടിട്ടില്ല. അമ്മയുടെ കൂട്ടുകാരെ ഒക്കെയൊന്ന് കാണാലോ””.. ഒരു ദിവസം സുവീര വളരെ ആവേശത്തോടെ ചോദിച്ചു.
ജിതൻ നടുക്കം പുറത്തു കാണിച്ചില്ല. അയാൾ മകളെ ചേർത്ത് പിടിച്ചു.””അതിനെന്താ… നമുക്ക് കാട് കാണാൻ പോകാം… പക്ഷേ… അതിന് മുമ്പ് നമുക്ക് കുറച്ചു പേരെ കാണാനുണ്ട്””..
സുവീര നെറ്റി ചുളിച്ചും പുരികങ്ങൾ ഉയർത്തിയും ജിതനെ നോക്കി. അയാൾ ചിരിച്ചു””അത് നേരിൽ കാണാം. നീ വേഗം ഒരുങ്ങ്. നമുക്ക് ഇപ്പൊ തന്നെ പോവാം””.. ജിതൻ പറഞ്ഞു
ഒരുങ്ങി ഇറങ്ങിയ സുവീരയെ കണ്ട് ജിതൻ ഭയവും അത്ഭുതവും കലർന്ന ഭാവത്തോടെ നോക്കി. അമലയുടെ വസ്ത്രങ്ങൾ. അയഞ്ഞ കോട്ടൺ പാന്റും കള്ളി ഷർട്ടും. മുടി നെറുകിൽ ചുറ്റി കെട്ടി വെച്ചിരിക്കുന്നു. അമല മുന്നിൽ വന്നു നിൽക്കുന്നത് പോലെ ജിതന് തോന്നി.
“”അമ്മയുടെ പെട്ടിയിൽ നിന്ന് കിട്ടിയതാ. എങ്ങനെ ഉണ്ട്. അമ്മയെ പോലെയുണ്ടോ?. എനിക്ക് അമ്മയുടെ ഛായയാണെന്ന് അച്ഛൻ പറയാറില്ലേ””. സുവീര ചിരിച്ചു കോണ്ട് പറഞ്ഞു.
ജിതൻ ഭയം ഉള്ളിൽ വെച്ചു കൊണ്ട് ചിരിച്ചു. അവർ ജയിൽ ലക്ഷ്യമാക്കി യാത്ര തിരിച്ചു. തന്റെ ഉദ്ദേശ ലക്ഷ്യം നിറവേറണമേ എന്ന് ജിതൻ മനസ്സിൽ പറഞ്ഞു.
“”എന്താ അച്ഛാ ഇവിടെ.. ഇത് ജയിൽ അല്ലേ””.. ജയിലിന്റെ വലിയ വാതിൽ കടക്കുമ്പോൾ അമല ആശങ്കയോടെ ചോദിച്ചു. അയാൾ ഒന്നും മിണ്ടിയില്ല.ജിതനെ കണ്ട ജയിൽ സൂപ്രണ്ട് സെബാസ്റ്റ്യൻ ഒന്ന് ഞെട്ടി.
“”സാർ പറയണം. എങ്ങനെ ആയിരുന്നു അവളുടെ അന്ത്യ നിമിഷങ്ങൾ?. എനിക്കത് കേൾക്കേണ്ട ആവശ്യമില്ല. എനിക്കറിയാം. പക്ഷേ എന്റെ മകളിപ്പൊ അത് കേൾക്കേണ്ടത്
അത്യാവശ്യമാണ് സാർ. അത് വഴിയേ സാറിന് മനസ്സിലാകും””.ജിതൻ സുവീരയെ നോക്കി കൊണ്ട് പറഞ്ഞു. അവൾ ജിതനെ കണ്ണുകൾ വിടർത്തി നോക്കി. സെബാസ്റ്റ്യൻ ഭയത്തോടെയും.കുറച്ചു നേരത്തേ മൗനത്തിനു ശേഷം സെബാസ്റ്റ്യൻ പറഞ്ഞു തുടങ്ങി.
“”പുലർച്ചെ നാല് മണിക്ക് ഞാനും രണ്ട് വാർഡന്മാരും കൂടി അവളുടെ സെല്ലിൽ പോയി. അവൾ ഉറങ്ങിയിരുന്നില്ല. ഭിത്തിയിൽ ചാരി കാൽമുട്ടിന്മേൽ തല വെച്ചു ഇരിക്കുകയായിരുന്നു.
എഴുന്നേൽക്കാൻ പറഞ്ഞപ്പോൾ ഒരു പുഞ്ചിരിയോടെ എഴുന്നേറ്റു. പല്ല് തേച്ചു കുളിച്ചു വസ്ത്രം മാറാൻ പറഞ്ഞപ്പോൾ മറുത്തൊന്നും പറയാതെ അനുസരയോടെ ചെയ്തു.
ഇഷ്ട ഭക്ഷണത്തെ കുറിച്ച് ചോദിച്ചപ്പോൾ ചപ്പാത്തിയും കോഴിക്കറിയും എന്ന് തലേ ദിവസം പറഞ്ഞിരുന്നു””.
“”എനിക്കറിയാം..അവൾക്കിഷ്ടപെട്ട ഭക്ഷണം അതായിരുന്നു””.. ജിതൻ ഇടക്ക് കയറി പറഞ്ഞു.സെബാസ്റ്റ്യൻ തുടർന്നു. “”രണ്ട് ചപ്പാത്തിയും ഒരു കഷ്ണം കോഴിയും അവൾ കഴിച്ചു””..
ജിതന്റെ പതുക്കെ സുവീരയെ നോക്കി. അവൾ സാകൂതം സെബാസ്റ്റ്യനെ തന്നെ നോക്കിയിരിക്കുകയാണ്.
“”ഈശ്വര പ്രാർത്ഥന ചെയ്യണമെങ്കിൽ ചെയ്യാം എന്ന് ഞാൻ പറഞ്ഞു. ദൈവ വിശ്വാസിയല്ല എന്നായിരുന്നു അതിന് അവളുടെ മറുപടി. ശേഷം ജില്ലാ മെഡിക്കൽ ഓഫിസർ ആരോഗ്യ നില പരിശോധിച്ചു.
പൂർണ്ണ ആരോഗ്യവതിയാണെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തി. അപ്പോഴൊക്കെയും അവളുടെ മുഖത്ത് പുഞ്ചിരിയായിരുന്നു. അത് ഞങ്ങളെ വല്ലാതെ അത്ഭുതപ്പെടുത്തി. ശേഷം കൈകൾ പുറകിലേക്ക് കെട്ടി.
അവളെ തൂക്കുമരത്തിലേക്ക് നടത്തി. വളരെ വേഗത്തിൽ അവൾ നടന്നു. ഒപ്പമെത്താൻ ഞങ്ങൾ വല്ലാതെ പാട് പെട്ടു””… സെബാസ്റ്റ്യൻ ഒന്ന് നിർത്തി.
എല്ലാം കേട്ട സുവീരയുടെ മുഖത്ത് അമലയെ കുറിച്ചുള്ള അഭിമാനം നിറഞ്ഞു തുടുക്കുന്നത് ജിതൻ കണ്ടു. അതയാളിൽ നിരാശയുണർത്തി. തന്റെ ലക്ഷ്യം പരാജയപ്പെടുമോ എന്നയാൾ ഭയന്നു.
“”മതി സാർ.. നിങ്ങളിൽ നിന്ന് ഇത്രയും അറിഞ്ഞാൽ മതി””… ജിതൻ സങ്കടത്തോടെ പറഞ്ഞു.സെബാസ്റ്റ്യൻ ആശ്വാസത്തോടെ ഒരു നെടുവീർപ്പിട്ടു.
“”സാർ… ആരാച്ചാരെ കൂടി?.. ജിതൻ ചോദ്യ ഭാവത്തിൽ നോക്കി.””ക്ഷമിക്കണം ജിതൻ… അതെനിക്ക് പറയാൻ കഴിയില്ല””.””സാർ ദയവ് ചെയ്ത്””.. ജിതൻ ദയനീയമായി അയാളെ നോക്കി.
സെബാസ്റ്റ്യൻ അല്പ നേരം ചിന്തയിൽ മുഴുകി. “”ഞാനും കൂടെ വരാം ജിതൻ. കനത്ത പോലീസ് കാവലിലാണ് അയാളുടെ വീട്””..
“”ഞാൻ തൂക്കു കയറിന്റെ ഉറപ്പും അതിന്റെ വളയത്തിന്റെ അളവും ഒന്നു കൂടി ഉറപ്പിച്ചു അവരെ കാത്തിരിക്കുകയായിരുന്നു. ചിരിച്ചു കൊണ്ടാണ് അവർ വന്നത്.
പത്തു പേരെ തൂക്കിലേറ്റിയ ഞാൻ ഒരിക്കൽ പോലും ചിരിച്ചു കൊണ്ട് വരുന്ന ഒരു കുറ്റവാളിയെ കണ്ടിട്ടില്ല. അതെന്നെ വല്ലാതെ അത്ഭുതപ്പെടുത്തി… പക്ഷേ?””.ആരാച്ചാർ അല്പം മൗനം പൂണ്ടു.
“”എന്ത് പക്ഷേ?. എന്തുണ്ടായി?. പറയൂ””…ജിതൻ ജിജ്ഞാസയോടെ ഒറ്റ ശ്വാസത്തിൽ ചോദിച്ചു.
സുവീര അഭിമാനത്തോടെ ചിരിച്ചു കൊണ്ട് അധരങ്ങൾ കൂർപ്പിച്ചു. ബാക്കി കേൾക്കാനുള്ള ആവേശത്തോടെ ആരാച്ചാരെയും ജിതനെയും മാറി മാറി നോക്കി. അവളുടെ ഉള്ളിൽ അമല ഒരു വീര വനിതയായി തിളങ്ങി നിന്നു.
ആരാച്ചാർ തുടർന്നു..””കൊല കയറിൽ അമലയുടെ ദൃഷ്ടികൾ പതിഞ്ഞയുടൻ ആ ചിരി പതുക്കെ മാഞ്ഞു. എല്ലാ ശൂരതയും അലിഞ്ഞില്ലാതാകുന്നത് ഞാൻ അവളിലും കണ്ടു. കണ്ണുകളിൽ ഭയം ചേക്കേറുന്നത് ഞാൻ കണ്ടു.
മുഖം വാടി താഴുന്നത് ഞാൻ കണ്ടു. അവിടെ മാത്രം മറ്റു കുറ്റവാളികളിൽ നിന്ന് വ്യത്യസ്തമായി ഒന്നും കണ്ടില്ല. അവരുടെ കണ്ണുകളിലെ ചോരമയം മറഞ്ഞു. കൃഷ്ണ മണികൾ മുകളിലേക്കും താഴേക്കും
ചലിച്ചു … അതേ… മരണം അതി ഭീകരമാണ്. അത് മുന്നിൽ കാണുമ്പോൾ വിപ്ലകാരികളും സാധാരണ മനുഷ്യരുമെല്ലാം വെറും മജ്ജയും
കൊതിയും വേദനയുമുള്ള പച്ച മനുഷ്യൻ മാത്രമാകും. ഒരൽപ്പം കൂടി ആയുസ്സ് നീട്ടി കിട്ടിയെങ്കിൽ എന്ന് ആഗ്രഹിച്ചു പോകും…അതേ.. മരണം ഭീകരമാണ്””..
ആരാച്ചാർ പറഞ്ഞു നിർത്തിയപ്പോൾ ജിതൻ സുവീരയുടെ മുഖത്തേക്ക് വീണ്ടും നോക്കി. ഒരു തരം അലോസരം നിറഞ്ഞ പ്രത്യേക മുഖ ഭാവം അവളിൽ വിരിയുന്നത് ജിതൻ കണ്ടു. അയാൾ ചിരിച്ചു.
“”പിന്നെ എന്തുണ്ടായി?.. വേഗം പറഞ്ഞു പൂർത്തിയാക്കൂ. സെബാസ്റ്റ്യൻ സാറിന്റെ ജോലി സമയം വിലപ്പെട്ടതാണ്””.. ജിതൻ പറഞ്ഞു.”” അച്ഛാ… മതി.. എനിക്കിനി കേൾക്കണ്ട””. സുവീര പതർച്ചയോടെ പറഞ്ഞു.
ജിതന്റെ ഉള്ളിൽ ചെറിയ സന്തോഷം നുരഞ്ഞു പൊങ്ങിയെങ്കിലും അയാൾ അത് ഭാവിച്ചില്ല. അയാൾ സുവീരയോട് ഇരിക്കാൻ ആംഗ്യം കാട്ടി. പിന്നെ ആരാച്ചാരെ നോക്കി.
“”അവരെ തൂക്കു കയറിലേക്കുള്ള പടികൾ കയറ്റാൻ വാർഡന്മാർക്ക് കുറച്ചു ബലം പ്രയോഗിക്കേണ്ടി വന്നു. അവർ പിന്നോട്ട് പിന്നോട്ട് ആയുന്നുണ്ടായിരുന്നു. പുറകിൽ കെട്ടിയ കൈകൾ അഴിക്കാൻ അവർ വിഫല ശ്രമം നടത്തി നോക്കി.
അപ്പോഴൊക്കെയും മരണ ഭയം കാരണം മുഖത്തെ ചോരയോട്ടം നിലച്ച് വിളറി വെളുത്തിരുന്നു. കൺ മണികൾ വികസിച്ചു വലുതായി വട്ടം കറങ്ങി. കൊല കയറിന്റെ കുരുക്കിന്റെ മുന്നിലെത്തിയപ്പോൾ കണ്ണുകൾ ഒന്നു കൂടി തുറിച്ചു കണ്ടു””.
സുവീരയുടെ മുഖം മങ്ങി കൊണ്ടിരുന്നു. ഭയത്തിന്റെ നിഴൽ പാടുകൾ കണ്ടു തുടങ്ങി. അവൾ പതുക്കെ വിതുമ്പാൻ തുടങ്ങി. ആരാച്ചാർ ജിതനെ ദയനീയമായി നോക്കി. ജിതൻ സംസാരം തുടരാൻ ആംഗ്യം കാണിച്ചു.
“”ഞാൻ മുഖം മൂടാനുള്ള കറുത്ത മുഖമൂടിയുമായി അവരുടെ പുറകിലെത്തി. ശ്വാസം വല്ലാതെ വലിച്ചു വിടുന്നുണ്ടായിരുന്നു. കിടു കിടെ ശരീരം വിറക്കുന്നുണ്ടായിരുന്നു.
ഉമിനീര് വറ്റിയ തൊണ്ടയും നാവും അവർ ഇല്ലാത്ത ഉമിനീർ കൊണ്ട് നനക്കാൻ ശ്രമിക്കുന്ന””ഗ്ലക് ഗ്ലക് ഗ്ലക്””. ശബ്ദം എന്റെ ചെവിയിൽ കേട്ടു. ഏറ്റവും അവസാനമായി ഒരു ആരാച്ചാർ കേൾക്കുന്ന ആ ശബ്ദത്തോളം
ഭീകരമായൊരു ശബ്ദം ലോകത്ത് വേറെയില്ല. ഞാൻ തലയിൽ മുഖമൂടി ഇടാൻ ശ്രമിച്ചപ്പോൾ അവർ തല അങ്ങോട്ടും ഇങ്ങോട്ടും വെറുതേ തിരിച്ചു. കഴുത്തിൽ കുരുക്ക് മുറുക്കിയ ശേഷം
ഞാൻ വലിക്കുന്ന ലിവറിന്റെ അടുത്തേക്ക് പോയി സമയത്തിന് വേണ്ടി കാത്തിരുന്നു. കൃത്യം അഞ്ച് മണി ആയപ്പോൾ സൂപ്രണ്ട് കൈ പൊക്കി അറിയിപ്പ് തന്നു.
ഞാൻ ലിവർ വലിച്ചു. അവർ നീണ്ട താഴ്ച്ചയിലേക്ക് തൂങ്ങിയാടി.. എന്റെ ജോലി അവിടെ തീർന്നു. ഞാൻ വേഗം മടങ്ങി””…
സുവീര നിയന്ത്രണം വിട്ടു പൊട്ടി കരഞ്ഞു കൊണ്ട് പുറത്തേക്കോടി. പുറത്ത് ജിതനെയും സുവീരയെയും അക്ഷമയോടെ കാത്തിരുന്ന ജയിൽ സൂപ്രണ്ട് സെബാസ്റ്റ്യൻ അവളെ പിടിച്ചു നിർത്തി.
പിന്നാലെ ജിതനും ഓടിയെത്തി. “”എനിക്കിനി ഒന്നും കേൾക്കാൻ വയ്യ അച്ഛാ.. നമുക്ക് മടങ്ങാം. വീട്ടിലേക്ക് പോവാം””..സുവീര അച്ഛനെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു.
“”മോളെ… അമ്മയുടെ അവസാനത്തെ ആഗ്രഹ പ്രകാരം നിന്നെ കൂട്ടി കൊണ്ട് പോയി കാണാൻ പറഞ്ഞ ആളുകളിൽ രണ്ട് പേരെ മാത്രമേ നമ്മൾ കണ്ടുള്ളൂ. ഇനിയുമുണ്ട് രണ്ട് പേര് കൂടി””.. ജിതൻ പറഞ്ഞു.
സുവീര ജിതനെ തേങ്ങി കൊണ്ട് നോക്കി. “”ഇതായിരുന്നോ അമ്മയുടെ അവസാനത്തെ ആഗ്രഹങ്ങൾ?.. ഇത്രക്കും ക്രൂരമായിരുന്നോ.. എങ്കിൽ എനിക്കിനി ഒന്നും കേൾക്കേണ്ട. അമ്മ ക്രൂരയാണ്.. വെറും ക്രൂര””..
ജിതൻ സുവീരയെ ഒന്നു കൂടി ചേർത്തു പിടിച്ചു. അയാളുടെ മുഖത്ത് വിരിഞ്ഞ ചിരി അവൾ കണ്ടില്ല.
അയാൾ ജയിൽ സൂപ്രണ്ട് സെബാസ്റ്റ്യനെ നോക്കി. “”സാർ.. മെഡിക്കൽ ഓഫിസറുടെ അടുത്തേക്ക് കൂടിയൊന്നു കൊണ്ട് പോകുമോ?””.. ജിതൻ ചോദിച്ചു. സെബാസ്റ്റ്യൻ ചിരിച്ചു.
“”ശരീരം തൂങ്ങിയപ്പോൾ അമല വല്ലാതെ പിടച്ചു. കാലുകൾ താഴേക്കും മുകളിലേക്കും കുടഞ്ഞു കൊണ്ടിരുന്നു. കൈകൾ വേർപ്പെടുത്താൻ ശ്രമിച്ചു കൊണ്ടേ ഇരുന്നു.
കയറിന്റെ ഘർഷണ ശബ്ദത്തോടൊപ്പം അവരുടെ വായിൽ നിന്നും പ്രാണൻ വിടുമ്പോഴുള്ള “”ഗ്ഹ് ഗ്ഹ് ഗ്ഹ്”” ശബ്ദവും കൂടി ചേർന്നപ്പോൾ വല്ലാത്തൊരു ഭീകര അന്തരീക്ഷം സൃഷ്ടിക്കപെട്ടു.
ആ സമയം അവിടെ കൂടി നിന്നവർ എല്ലാവരും കണ്ടു നിൽക്കാനുള്ള കരളുറപ്പില്ലാതെ തല താഴ്ത്തി.പതുക്കെ കയറിന്റെ ആട്ടം നിന്നു. അവരുടെ പ്രാണൻ പൂർണ്ണമായും വിട്ടകന്നു.
എല്ലാ ശബ്ദവും നിലച്ചു. വെറും നിശബ്ദത മാത്രം കുറച്ചു നേരം””.. മെഡിക്കൽ ഓഫീസർ പറഞ്ഞു നിർത്തി.
ജിതൻ സുവീരയെ നോക്കി. അവൾ കരയുന്നില്ല. ദയനീയതയും ഭയവും കലർന്ന ഒരു നിസ്സഹായാവസ്ഥ മാത്രം മുഖത്ത്. ജിതൻ ആശ്വാസത്തോടെ ചിരിച്ചു. ഒപ്പം ഒരു നീർഘ നിശ്വാസവും. അയാൾ വീണ്ടും മെഡിക്കൽ ഓഫിസറുടെ മുഖത്തേക്ക് നോക്കി.
അയാൾ തുടർന്നു.””അരമണിക്കൂർ അമലയുടെ ശരീരം വീണ്ടും കയറിൽ തൂങ്ങിയാടി. മരണം ഉറപ്പിക്കാൻ. എല്ലാരും പിരിഞ്ഞു പോയി. ഞാനും രണ്ട് ജയിൽ ജീവനക്കാരും മാത്രം ബാക്കിയായി.
അവർ മൃതദേഹം താഴെയിറക്കി. ഞാൻ പരിശോധിച്ചു. ഹൃദയം നിലച്ചിരുന്നു. എല്ലാ മിടിപ്പുകളും നിലച്ചിരുന്നു. അവർ എല്ലാ അർത്ഥത്തിലും മരിച്ചിരുന്നു””..
ജിതൻ സുവീരയെ നോക്കി. കൈ കെട്ടി അവൾ നിറ കണ്ണുകളോടെ ഇരിക്കുന്നു. മുഖത്തിപ്പോൾ അലിവിന്റെ സഹതാപത്തിന്റെ ഭാവം മാത്രം. ജിതൻ അവൾ കാണാതെ പുഞ്ചിരിച്ചു.
“”ഞാൻ മുഖത്തെ കറുത്ത മുഖമൂടി അഴിച്ചു നോക്കി.. ഭയാനകമായിരുന്നു കാഴ്ച്ച. നാക്ക് കടിച്ചു പകുതിയോളം മുറിഞ്ഞിരുന്നു. പ്രാണൻ വിടുമ്പോഴുള്ള വെപ്രാളത്താൽ ഒരു ആശ്വാസത്തിനെന്ന പോലെ കടിക്കുന്നതാണ്.
താടിയിലൂടെ ഒഴുകിയ ചോര കഴുത്തിലേക്ക് ഒലിച്ചിറങ്ങിയിരുന്നു. കണ്ണുകൾ തുറിച്ചു പകുതിയോളം പുറത്തേക്ക് വന്നിരുന്നു.കൈകൾ മലർന്നിരുന്നു. അടിവസ്ത്രത്തിൽ മൂത്രവും മലവും കൂടി കുഴഞ്ഞിരുന്നു””.
സുവീരയുടെ മുഖം അസ്വസ്ഥതയും ഭയവും കൊണ്ട് വക്രിച്ചു കറുത്തിരുണ്ടു. കണ്ണുകൾ വിടർന്നു കൃഷ്മണികൾ വലുതായി. “”അച്ഛാ… നമുക്ക് പോകാം””.. സുവീര പെട്ടെന്ന് എഴുന്നേറ്റു നടന്നു. ജിതനും പിന്നാലെ നടന്നു.
“”നമുക്കിനി കാട് കാണാൻ പോകാം.. അല്ലെ.. അമ്മയുടെ കൂട്ടുകാരികളെ കാണാൻ പോകാം””.. ജിതൻ ചോദിച്ചു.
“”വേണ്ട… അച്ഛാ.. നമുക്ക് കടല് കാണാൻ പോകാം.. എനിക്കിത്തിരി തണുത്ത കാറ്റ് കൊള്ളണം””.. സുവീര കണ്ണുകൾ തുടച്ചു കൊണ്ട് പറഞ്ഞു.
കടൽ തീരത്തെ പാറകെട്ടുകളിൽ ഒന്നിൽ ജിതനും സുവീരയും ഇരുന്നു. അവൾ നീണ്ടു പരന്ന കടലിലേക്ക് കണ്ണുകൾ നട്ടു. മുഖം വല്ലാതെ വലിഞ്ഞു മുറുകിയിരുന്നു. അവരുടെ മൗനത്തിന് കടൽ തിരകളുടെ ഇരമ്പൽ അകമ്പടി സേവിച്ചു.
“”സുവീരാ… ഏതൊരു ധൈര്യ ശാലിയുടെയും മരണം ഭീകരമാണ്. ആർക്കും മരണം സുഖം കൊടുക്കില്ല. നമുക്ക് നേരിട്ട് അറിയാത്തിടത്തോളം കാലം മരണം തണുപ്പാണ്.സുഖമാണ്.
ആശ്വാസമാണ് എന്നൊക്കെ വെറുതേ പറയാം. മരിച്ചവരാരും തിരിച്ചു വന്ന് മരണ വേദനയുടെ അസ്സഹനീയത വിശദീകരിക്കാത്തിടത്തോളം കാലം അതങ്ങനെ ഒരു സമസ്യയായി മനസ്സിലുണ്ടാകും””… ജിതൻ പറഞ്ഞു.
സുവീര കടലിൽ നിന്നും മിഴികൾ പിൻവലിക്കാതെ മൂളി.””സുവീര.. ഇങ്ങോട്ട് നോക്ക്””. അവൾ ജിതനെ നോക്കി. “”അമ്മയുടെ പാതയിലേക്ക് അൽപ്പമെങ്കിലും നിന്റെ മനസ്സ് ചഞ്ചലപ്പെട്ടു എന്ന് എനിക്ക് തോന്നി.
മരണം പതുങ്ങിയിരിക്കുന്ന ആ പാത എത്രത്തോളം വെറുക്കപ്പെട്ടതാണെന്ന് നിനക്ക് മനസ്സിലായില്ലേ. ഞാൻ കള്ളം പറഞ്ഞതല്ല ഒന്നും. അമ്മയുടെ ആഗ്രഹം ആയിരുന്നു നിന്നെ അമ്മയുടെ പാതയിലേക്ക് കൊണ്ട് വരണമെന്ന്.
കൊല്ലുന്നത് പോലെ സ്വയം മരണവും നിസ്സാരമെന്ന് അമ്മ കരുതി കാണും. മരണം കണ്ടു നിന്നവർ പോലും ഇത്രക്ക് ഭയപ്പെട്ടെങ്കിൽ….നമുക്ക് ആ മാർഗം വേണ്ടല്ലോ.. വേണോ?””..
സുവീര ചിരിച്ചു..””വേണ്ട… അച്ഛാ… എനിക്കത് വേണ്ട. പേടിയാവുന്നു””.. അവൾ കരഞ്ഞു കൊണ്ട് അച്ഛന്റെ തോളിലേക്ക് വീണു.
ജിതന്റെ നെഞ്ചിലെ ഭാരം അലിഞ്ഞിറങ്ങി. അയാൾ പൊട്ടി ചിരിച്ചു. സുവീരയും നിറഞ്ഞ കണ്ണുകളോടെ പൊട്ടി ചിരിച്ചു.
“”എന്നാ വാ.. നമുക്ക് കടലിൽ ഇറങ്ങി ഒന്ന് നനയാം. സങ്കടം മാറ്റാൻ കടലോളം മികച്ചത് വേറെയില്ല””.. ജിതൻ പറഞ്ഞു.””അപ്പൊ അമ്മയുടെ വസ്ത്രത്തിൽ ഉപ്പ് പറ്റില്ലേ””..
“”പറ്റട്ടെ.. ആ ഉപ്പിൽ ആ വസ്ത്രം നുരുമ്പി പോട്ടെ.. കൂടെ നിന്റെ ചിന്തകളും””..ജിതനും സുവീരയും കൈകൾ കോർത്തു പിടിച്ചു കടലിനെ ലക്ഷ്യമാക്കി ഓടി… ….. ശുഭം… നന്ദി…