ഇപ്പൊ എന്റെ ശരീരവും നിങ്ങൾ നിഷേധിക്കുകയാണോ. നൈമിഷികമാണെങ്കിലും ശരീരങ്ങൾ കെട്ടു പിണരുമ്പോഴെങ്കി

മോചിത
രചന :-മുഹമ്മദ്‌ ഫൈസൽ ആനമങ്ങാട്

“”എന്റെ ഭർത്താവിന് എപ്പോഴും തിരക്കാണ്.അങ്ങേർക്ക് ഒന്നിനും നേരമില്ല””.. നെഞ്ചിലെ സങ്കടം ഒതുക്കി

പിടിച്ചു ശ്രീലത ഭർത്താവിന്റെ തിരക്കിൽ അഭിമാനം നടിച്ചു. കസേരയിൽ ഒന്ന് കൂടി അമർന്നിരുന്നു. ഗ്ലാസ്സിലെ മുന്തിരി വൈൻ ചുണ്ടോട് ചേർത്ത് ഒന്നു കൂടി നുണഞ്ഞു.

അനുപമയും സിന്ധുവും ശ്രീലതയെ അസൂയയോടെ നോക്കി. തിളങ്ങുന്ന സ്വർണ്ണ വർണ്ണമാർന്ന സാരി. കക്ഷം വെളിയിൽ കാൺകെയുള്ള ബ്ലൗസ്.

ചുണ്ടുകളിൽ മെറൂൺ നിറത്തിലുള്ള ചായം. ശ്രീലതയുടെ സൗന്ദര്യം അവർ ഒന്ന് കൂടി ചൂഴ്ന്നു നോക്കി.

“”എന്റെ ഭർത്താവിന് അവധി കിട്ടിയാ അന്ന് എന്റെ പുറകെ തന്നെയാ. തട്ടിയും മുട്ടിയുമൊക്കെ അടുക്കളയിൽ അങ്ങനെ കൂടും അങ്ങേര്.. അല്ല.. പുറത്ത്

പോണെങ്കിൽ തന്നെ ഞാൻ സമ്മതിച്ചിട്ട് വേണ്ടേ””.. അനുപമ നാണം നടിച്ചു കൊണ്ട് വൈൻ നുണഞ്ഞു.

“”എന്റെയാളും അങ്ങനെ തന്നെ. അതിയാന് ഞങ്ങളേം കൂട്ടി പുറത്ത് പോവുന്നതാ ഇഷ്ടം. ഇനി കാണാൻ സ്ഥലങ്ങളൊന്നും ബാക്കിയില്ല””.. സിന്ധുവും ചിരിച്ചു കൊണ്ട് കൂട്ടി ചേർത്തു.

ശ്രീലതയുടെ മുഖം ദുഃഖം ഉരുണ്ടു കയറി ഇരുണ്ടു. അവരുടെ ശിരസ്സ് സങ്കടത്താൽ കുനിയുന്നത് സിന്ധുവും അനുപമവും ഇടങ്കണ്ണിട്ട് നോക്കി. അവർ പരസ്പരം നോക്കി ക്രൂരമായൊരു ചിരി ചിരിച്ചു.

“”എന്നാ ഇനി നിങ്ങൾ ഇറങ്ങിക്കോ. പ്രകാശ് വരാൻ സമയമായി””.. ശ്രീലത വിളറി ചിരിച്ചു കൊണ്ട് പറഞ്ഞു. അവർക്ക് മുഖം പൂർണ്ണമായി കൊടുക്കാതിരിക്കാൻ ജനാലഴികൾക്കിടയിലൂടെ അവൾ പുറത്തേക്ക് മിഴികൾ പായിച്ചു.

“”എന്നാ ഞങ്ങൾ ഇറങ്ങട്ടെ ശ്രീലതേ. എന്തായാലും നല്ല വൈൻ കഴിക്കണമെങ്കിൽ നിന്റെ വീട്ടിൽ തന്നെ വരണം. ഞങ്ങളുടെ

ഭർത്താക്കന്മാർക്കൊന്നും ഇഷ്ടമല്ല. അവർക്ക് കുടിക്കാം. ഞങ്ങളെ സമ്മതിക്കില്ല. നീ ഭാഗ്യവതിയാ ശ്രീലതേ””.. സിന്ധു പറഞ്ഞു.

ശ്രീലത പൊള്ളുന്ന ഓർമ്മകളിൽ വിരാചിക്കുകയായിരുന്നു അപ്പോൾ. അവരെ നോക്കി നിറമില്ലാത്ത ഒരു പുഞ്ചിരി അവൾ നൽകി.

ഗ്ലാസിൽ ബാക്കി വന്ന വൈൻ ഒറ്റ വലിക്ക് ശ്രീലത കുടിച്ചു. ജോലിക്കാരിയെ ഉറക്കെ വിളിച്ചു. ജോലിക്കാരി സുശീല ഭവ്യതയോടെ വന്ന് എത്തി നോക്കി .””ഈ

ടേബിൾ ക്ലീൻ ചെയ്യൂ… പിന്നേ അവരിവിടെ വന്ന കാര്യം പ്രകാശിനോട് പറയണ്ട. കേട്ടല്ലോ. പറഞ്ഞാൽ ഞാൻ നിന്നെ വെച്ചേക്കില്ല””..ശ്രീലത ആരോടൊക്കെയോ ഉള്ള ഈർഷ്യതയോടെ ഉറക്കെ പറഞ്ഞു.

“”സിന്ധൂ.. എന്താ ഇത്ര അഹങ്കാരം ശ്രീലതക്ക്. വീട്ടിലിരിക്കുമ്പോൾ പോലും പട്ട് സാരി””. അനുപമ കാറോടിക്കുന്നതിനിടെ ചോദിച്ചു.

“”അതിനല്ലേ നമ്മൾ അവളെ പുച്ഛിച്ചത്. നിറയേ ഉണ്ടല്ലോ സ്വത്ത്. അത് ആരെയെങ്കിലും കാണിക്കേണ്ടേ. അല്ലാതെ എന്താ അവളുടെ ലോകം.

ഭർത്താവിനെ കുറിച്ച് പറഞ്ഞപ്പോൾ കണ്ടില്ലേ അവൾ വാടി കരിഞ്ഞത്. മുഷിപ്പ് മാറ്റാൻ നമ്മളെ ഇടക്ക് വിളിച്ചു വരുത്തും. അത്ര തന്നെ””. സിന്ധു ചിരിച്ചു കൊണ്ട് പറഞ്ഞു.

“”ഒന്നാലോചിച്ചാൽ പാവമാണ്. എല്ലാമുണ്ട് എന്നാൽ ഒന്നുമില്ല. സ്നേഹമില്ലെങ്കിൽ പിന്നെ അവിടെ വേറെ ഒന്നിനും സ്ഥാനമില്ലല്ലോ””.. സിന്ധു കൂട്ടി ചേർത്തു.

ശ്രീലത എഴുന്നേറ്റു മുറ്റത്തേക്കിറങ്ങി. ചുവന്ന ടൈലുകൾ പാകിയ വലിയ മുറ്റത്ത് അവർ അലസതയോടെ പതിയെ നടന്നു. മൊബൈൽ ഫോണിൽ എന്തൊക്കെയോ അലക്ഷ്യമായി കുത്തി കളിച്ചു.

മനസ്സ് കലങ്ങി മറിഞ്ഞു കലുഷിതമായിരുന്നു. സായന്തനത്തിലെ ഷോണിമയാൽ ശോഭയേറിയ സൂര്യനെ അവൾ വിരസതയോടെ നോക്കി.

“ഈ തണുത്ത സായം കാലം പോലും എന്നിൽ ഇത്ര മടുപ്പുളവാക്കുന്നു. പ്രകാശ് ഇപ്പൊ വരും. എന്നെയൊന്നു നോക്കി ചിരിച്ചെന്ന് വരുത്തും. ഷൂസിട്ട കാലുകൾ നിലത്ത് ചവിട്ടി ശബ്ദമുണ്ടാക്കി അകത്തേക്ക് ഓടി കയറും.

ഞാൻ ചിലപ്പോൾ പുറകേ ചെല്ലും. അല്ലെങ്കിൽ ഇവിടെ ഈ നിൽപ്പ് നിൽക്കും. ഇത് മാത്രമല്ലേ എന്നുമുണ്ടാകുന്നത്. അതിൽ കൂടുതലായി എന്തെങ്കിലും എന്നെങ്കിലും

ഉണ്ടായിട്ടുണ്ടോ?.പിന്നെയെങ്ങനെ എനിക്ക് സുന്ദരമായ കാഴ്ച്ചകൾ ആസ്വദിക്കാനാവും”.

“വിലകൂടിയ മൊബൈൽ ഫോൺ. ആഡംബരത്തിന്റെ അവസാന വാക്കുകൾ എല്ലാം തിങ്ങി നിറഞ്ഞ കൊട്ടാര സമാനമായ വീട്. വിലയേറിയ കാറുകൾ.. എല്ലാം… എല്ലാമുണ്ട്

ഇന്നെനിക്ക്.. പക്ഷേ.. ഞാൻ തൃപ്തയാണോ. അല്ല.. ഒരിക്കലുമല്ല. എനിക്ക് ഭർത്താവിന്റെ സ്നേഹം നിഷേധിക്കപ്പെടുന്നു. ഭർത്താവിന്റെ സ്നേഹവും പ്രണയവും പരിഗണനയും

നിഷേധിക്കപെടുന്ന ഒരു പെണ്ണ് എന്നും തനിച്ചല്ലേ “”..എന്നുമുണ്ടാകുന്ന നോവിക്കുന്ന ഓർമ്മകൾ ഇന്നും ശ്രീലതയുടെ ഉൾ പൂവിനെ

തട്ടിയുണർത്തി.. മിഴിക്കോണിൽ പൊടിഞ്ഞ കണ്ണീർ തുള്ളികൾ പോലും ആവർത്തന വിരസതയാൽ തുളുമ്പാൻ മടിച്ചു നിന്നു.

കാർ ഗേറ്റ് കടന്ന് പോർച്ചിലേക്ക് കയറി. പ്രകാശ് ദൃതിയിൽ ഇറങ്ങി. വയസ്സ് അമ്പത് കഴിഞ്ഞു പ്രകാശിന്. താടി പൂർണ്ണമായും നരച്ചിരിക്കുന്നു. തലയുടെ ഇരു വശങ്ങളിലും നര എത്തി നോക്കിയിരിക്കുന്നു.

മുഖത്ത് ഊർജ്ജ സ്വലത മുന്നിട്ട് നിൽക്കുന്നു. ചടുലമായ കാൽ വെപ്പുകളോടെ അയാൾ നടന്നു വന്നു. ശ്രീലത എന്നത്തേയും പോലെ അയാളെ നോക്കി. “”ഗുഡീവനിങ് ശ്രീ””.. അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു.

ശ്രീലത പതുക്കെ തലയാട്ടി.”ഹാ…എന്തൊരു പ്രയോഗം. ഗുഡീവനിങ് ശ്രീ.. ആ ശ്രീ എന്നുള്ള അഭിസംബോധനയിൽ സ്നേഹം തേനിൽ ചാലിച്ചു പാലും പഴ നുറുക്കും ചേർത്ത് വായിൽ വെച്ചു തരുന്ന പോലുണ്ട്.

വെറും പ്രഹസനം മാത്രം.അല്ലെങ്കിലും വാക്കുകൾ കൊണ്ട് തീർക്കുന്ന സ്വർണ്ണ മാളികയാണ് പ്രകാശിന് സ്നേഹം. വാചകങ്ങളിലെ ഓരോ വാക്കുകളിലും

സ്നേഹം വെറുതെ അഭിനയിക്കുന്ന നല്ലൊരു ഭാവാഭിനേതാവാണ് അദ്ദേഹം”. ശ്രീലത നിസ്സംഗമായൊരു ചിരിയോടെ ഓർത്തു.

അവളുടെ മറുപടിക്ക് കാത്തു നിൽക്കാതെ അയാൾ അകത്തേക്ക് ഓടി കയറി. ശ്രീലത നിരാശയിൽ തല കുനിച്ചു കൊണ്ട് അകത്തേക്ക് കയറി. പ്രകാശ് ധരിച്ചിരുന്ന കോട്ട് ഹാങ്കറിൽ തൂങ്ങിയാടി

കൊണ്ടിരിക്കുന്നു. അവൾ മുറിയിലേക്ക് പോയി. ബെഡിൽ അലക്ഷ്യമായി ഇട്ടിരുന്ന പാന്റും ഷർട്ടും അടി വസ്ത്രവും ജോലിക്കാരി സുശീല കൈ തണ്ടയിൽ തൂക്കി പുറത്തിറങ്ങുന്നത് അവൾ നോക്കി.

“ലോകത്ത് ഒരു ഭാര്യയും ഇങ്ങനെയാവില്ല. ആ കോട്ട് ഊരി പ്രകാശൻ സ്നേഹത്തോടെ എന്റെ കയ്യിൽ തന്നിരുന്നെങ്കിൽ. ഒപ്പം ഒരു പുഞ്ചിരിയോ ഒരു ചെറു തമാശയോ പറഞ്ഞിരുന്നെങ്കിൽ.

എന്ത് വർണ്ണാഭമാകുമായിരുന്നു എന്റെ മനസ്സ്. ഈ മുഷിഞ്ഞ മടുപ്പിന് ചെറുതെങ്കിലും ഒരു കുളിര്. അതും കൂടി എനിക്ക് നിഷേധിക്കപെടുന്നു”. ശ്രീലത എന്നത്തേയും പോലെ അന്നും ഓർത്തു. അവൾ ഒന്നും മിണ്ടാതെ ബെഡിൽ

അലസമായി ഇരുന്നു. കുളിമുറിയിൽ നിന്ന് വെള്ളം ഒഴുകുന്ന ശബ്ദം കേട്ടു. പ്രകാശ് കുളി കഴിഞ്ഞു തല തുവർത്തി കൊണ്ട് പുറത്തിറങ്ങി. അയാൾ ദൃതിയിൽ അലമാരയിൽ നിന്നൊരു പാന്റ് വലിച്ചു കയറ്റി.

“”പ്രകാശ്… എന്നെയും കൂടി കൊണ്ടു പോകുമോ?””.. ശ്രീലത പതുക്കെ ചോദിച്ചു.””എങ്ങോട്ട്?.. പ്രകാശ് ഷർട്ടിന്റെ കുടുക്കുകൾ ഇടുന്നതിനിടെ ചോദിച്ചു.

“”എങ്ങോട്ടാണെങ്കിലും.അല്ലെങ്കിൽ നിങ്ങൾ പോവുന്നിടത്തേക്ക്. കൊണ്ടു പോകുമോ?. എനിക്ക് ഭ്രാന്ത് പിടിക്കുന്നുണ്ട് പ്രകാശ്””.ശ്രീലതയുടെ

നെഞ്ചിൽ അടങ്ങി നിന്നിരുന്ന ദുഃഖ സാഗരത്തിലെ തിരകൾ അലമാലകളായി മാറാൻ തുടങ്ങി.

“”ഞാൻ ക്ലബ്ബിലേക്കാണ്. അത് കഴിഞ്ഞ് ബിസിനെസ്സ് മീറ്റുണ്ട്. മന്ത്രി പോലും എനിക്ക് വേണ്ടി കാത്തിരിക്കുകയാണ്. അതിനിടക്ക് നീ എന്തിന് വരണം?. വന്നിട്ട് എന്ത് കാര്യം?””..പ്രകാശ് അല്പം സ്വരമുയർത്തി.

“”അല്ലെങ്കിലും ശ്രീക്ക് ഇവിടെ എന്താ ഒരു കുറവ്. വലിയൊരു വീട്, കാറ്, ജോലിക്കാർ, ആഗ്രഹിക്കുന്ന ഭക്ഷണം അങ്ങനെ എന്തൊക്കെയുണ്ട്. അങ്ങനെ പുറത്ത് പോവണം എന്നുണ്ടെങ്കിൽ രണ്ട്

വിലക്കൂടിയ കാറുകൾ പോർച്ചിൽ അനങ്ങാതെ കിടപ്പില്ലേ. നിനക്ക് ഓടിക്കാനും അറിയാം. അല്ലെങ്കിൽ ഡ്രൈവർ ഇല്ലേ. ഇഷ്ടമുള്ളിടത്തൊക്കെ

ഒറ്റക്കങ്ങ് പോണം. ഞാൻ പോട്ടെ ശ്രീ””.. പ്രകാശൻ ശ്രീലതയുടെ മറുപടി കേൾക്കാൻ കാത്തു നിൽക്കാതെ നടന്നു നീങ്ങി.

“”ദയവ് ചെയ്തു ഇനി എന്നെ ശ്രീ എന്ന് വിളിക്കരുത്. അങ്ങനെ വിളിക്കാൻ നിങ്ങൾക്ക് അർഹതയില്ല””.. അവൾ വിതുമ്പി കൊണ്ട് പിറു പിറുത്തു. കണ്ണ് തുടച്ചു കൊണ്ട് എഴുന്നേറ്റു പുറത്തേക്ക് നടന്നു.

””എന്ത് ചെയ്യാനാ കുഞ്ഞേ. കുഞ്ഞിന്റെയൊരു വിധി. വിവാഹമേ വേണ്ട എന്ന് പറഞ്ഞ് നടന്ന പ്രകാശ് സാറ് അവസാനം വയസ്സ് കാലത്ത് വിവാഹം കഴിക്കാൻ തീരുമാനിച്ചത് കുഞ്ഞിനെ

ആണല്ലോ. കുഞ്ഞിന്റെ നിർഭാഗ്യത്തിനാവും. അല്ലാതെ എന്ത് പറയാനാ””. ജോലിക്കാരി സുശീല പറഞ്ഞു.

ശ്രീലത സുശീലയോട് ഒന്ന് ചിരിച്ചെന്ന് വരുത്തി ഗോവണി കയറി മുകളിലേക്ക് പോയി. ബാൽക്കണിയിൽ സ്ഥാപിച്ചിരുന്ന ഊഞ്ഞാലിൽ കയറി ഇരുന്നു പതിയെ ആടി. “സുശീല പറഞ്ഞത് വളരെ

ശരിയല്ലേ. ശ്രീലതയെ പെണ്ണ് കാണാൻ കോടീശ്വരൻ പ്രകാശൻ വരുന്നു എന്ന വാർത്ത ബ്രോക്കർ വന്നു പറഞ്ഞപ്പോൾ ഞെട്ടിയതല്ലേ ഞാനും വീട്ടുകാരും നാട്ടുകാരും എല്ലാരും.

അങ്ങേർക്ക് മതിഭ്രമം ബാധിച്ചതാവും. അല്ലെങ്കിൽ ഈ പൊളിഞ്ഞു വീഴാറായ കുടിലിൽ നിന്ന് അങ്ങേര് പെണ്ണന്വേഷിക്കുമോ എന്ന് നാട്ടുക്കാർ അടക്കം പറഞ്ഞിരുന്നത് ഇന്നും കാതുകളിലുണ്ട്. ചുവന്ന ബെൻസ് കാറിൽ

വീടിന് മുന്നിൽ പ്രകാശ് കോട്ടും സൂട്ടും സ്വർണ്ണ ചങ്ങല പിടിപ്പിച്ച കണ്ണടയും വെച്ചു വന്നിറങ്ങുന്നത് വരെ എനിക്കും അവിശ്വസനീയമായിരുന്നു ആ വാർത്ത. നേരിൽ കണ്ടപ്പോൾ എന്ത് മാത്രം കുളിര്

കോരിയതായിരുന്നു എന്റെ ശരീരവും മനസ്സും. മഹാ ഭാഗ്യം പടി കയറി വരുന്നത് കണ്ടപ്പോൾ പ്രായം നോക്കാതിരുന്നത് നല്ലൊരു ജീവിതം സ്വപ്നം കണ്ടായിരുന്നു.

കണ്ട പൊൻ കിനാക്കൾക്ക് മേൽ കരി നിഴലുകൾ വീഴാൻ ദിവസങ്ങൾ കുറച്ചു മതിയായിരുന്നു.

നാണം കുണുങ്ങി മണിയറയിൽ ഇരുന്ന എന്നോട് എന്താണ് പ്രകാശ് പറഞ്ഞത്.””ഇത്രയും കാലം വിവാഹം വേണ്ടെന്ന് വെച്ചില്ലേ. ഇനി ജീവിതം നൽകുന്നെങ്കിൽ അതൊരു പാവം

പെണ്ണിനായിക്കോട്ടെ””.എന്ന്. എന്തൊരു മധുരിതമായിരുന്നു ആ വാക്കുകൾ.
അകം കുളിർത്തു പൂവണിഞ്ഞു. ആ പൂവുകളിൽ തണുത്ത മഞ്ഞിൻ കണങ്ങൾ വീഴുന്ന സുഖം ഞാൻ

അനുഭവിച്ചു. വാക്കുകളിൽ മാത്രമായിരുന്നു മധുരവും സ്നേഹവും. ഇന്നും വാചക കസർത്തിൽ സ്നേഹം വിളമ്പാൻ പ്രകാശ് മിടുക്കനാണ്”.ഓർമ്മകളിൽ ഊഞ്ഞാലാടി തളർന്ന ശ്രീലതയുടെ മിഴികൾ നിറഞ്ഞു തുളുമ്പി.

””എന്തിനാണ് ഞാൻ എന്നും ഈ ഒരേ കാര്യങ്ങൾ ഓർക്കുന്നത്. എത്രത്തോളം ഓർമിക്കേണ്ട എന്ന് കരുതുന്നുവോ അത്രത്തോളം കടന്നൽ കൂടിളകി വരുന്നത് പോലെ ഓർമ്മകൾ

ഇരമ്പിയാർത്തെത്തും””.. ശ്രീലത നിരാശയിൽ പിറു പിറുത്തു. ഊഞ്ഞാലിൽ നിന്ന് വേഗത്തിൽ ഇറങ്ങി താഴേക്ക് നടന്നു.

കുളി കഴിഞ്ഞിറങ്ങിയ അവൾ കുറച്ചു നേരം കണ്ണാടിയിൽ അഴകേറിയ അളവുകൾ നിറഞ്ഞ സ്വന്തം നഗ്ന ദേഹം നോക്കി നിന്നു നെടു വീർപ്പിട്ടു. “എന്ത് കുറവാണ് എനിക്കുള്ളത്. മാർദവവും തുടിപ്പും ഒട്ടും മങ്ങിയിട്ടില്ല.

എന്നിട്ടും എനിക്ക് മനസ്സ് നിറയാത്ത അലസവും അപൂർണ്ണവുമായ രതി മാത്രമല്ലേ കിട്ടിയിട്ടുള്ളൂ. അതും വല്ലപ്പോഴും”. അവളുടെ ആത്മാവ് മന്ത്രിച്ചു. ഒരു പുച്ഛ ചിരി ചുണ്ടുകളിൽ വിരിഞ്ഞു.

രണ്ട് ചപ്പാത്തിയും കടല കറിയും മാത്രം കഴിച്ചു ശ്രീലത എഴുന്നേറ്റു. ””കുഞ്ഞേ.. ബാക്കി വിഭവങ്ങൾ ആര് കഴിക്കും. സാറിന് നിർബന്ധമാ കുഞ്ഞിന് എന്നും നല്ല ഭക്ഷണം ഉണ്ടാക്കി കൊടുക്കണമെന്ന്””. സുശീല പറഞ്ഞു.

“”വിശപ്പില്ല സുശീലേ.. വയറ് നിറഞ്ഞാൽ പോരല്ലോ മനസ്സ് നിറയാൻ. എന്റെ ആത്മാവിന്റെ വിശപ്പിനുള്ള ഭക്ഷണം എനിക്ക് കിട്ടുന്നില്ല””.. ശ്രീലത സങ്കടം ഒളിപ്പിച്ചു ചിരിയോടെ പറഞ്ഞു.

അവൾ വീട്ടി തടി കൊണ്ടുണ്ടാക്കിയ മനോഹരമായ കൊത്തു പണികൾ കൊണ്ടലങ്കരിച്ച കട്ടിലിലെ പതു പതുത്ത മെത്തയിൽ മലർന്നു കിടന്നു.

ഉറക്കമൊക്കെ എങ്ങോട്ടോ പോയ് മറഞ്ഞിട്ട് മാസങ്ങൾ ആയിരിക്കുന്നു. ആദ്യ രാത്രിയിലെങ്ങോ മനം വിട്ടുറങ്ങിയതാണ്.

അന്ന് മൃദുലമായ പട്ടിൽ സ്വർണ്ണ നൂലുകൾ കൊണ്ട് നെയ്തെടുത്ത ജീവിത സ്വപ്‌നങ്ങൾ മാത്രമായിരുന്നല്ലോ കൂട്ട്. ആ ഒരേ ഒരു ദിവസം മനം വിട്ടുറങ്ങാൻ അത് ആവോളം ആയിരുന്നു. പ്രകാശിനെ കുറിച്ച്‌ പൂർണ്ണമായി മനസ്സിലാകുവോളം.

പ്രകാശ് വാതിൽ തുറക്കുന്ന ശബ്ദം ശ്രീലത കേട്ടു. വെളിച്ചം തെളിഞ്ഞു. കണ്ണുകൾ ചിമ്മിയടച്ചു കൊണ്ട് ശ്രീലത എഴുന്നേറ്റിരുന്നു. “”നീ ഉറങ്ങിയില്ലേ””.. പ്രകാശൻ ചോദിച്ചു.

സ്ഥിരം കേൾക്കുന്ന ചോദ്യം ആയത് കൊണ്ട് അവൾ മറുപടി പറഞ്ഞില്ല. പ്രകാശ് ഒന്ന് ചിരിച്ചു കൊണ്ട് ആടി കുഴഞ്ഞു കട്ടിലിലേക്ക് വീഴുമ്പോലെ കിടന്നു.””പ്രകാശ്….ഇന്ന് കുളിക്കുന്നില്ലേ?””.. ശ്രീലത ചോദിച്ചു.””വയ്യ.. വല്ലാത്ത ക്ഷീണം””..

“”കുളിച്ചിട്ട് കിടന്നോളൂ.. പെണ്ണുങ്ങളുടെ പെർഫ്യൂമിന്റെ മണവും മദ്യത്തിന്റെ നാറ്റവും കൂടി എനിക്ക് അസഹനീയമായി തോന്നുന്നു. ഓക്കാനം വരുന്നു””… ശ്രീലതയുടെ കണ്ഠം ഇടറി. വിതുമ്പി കരഞ്ഞു.

“”പെണ്ണുങ്ങളുടെ പെർഫ്യൂമോ. നീ എന്താ ഈ പറയുന്നത്?””..””നടിക്കേണ്ട പ്രകാശ്. കുളിക്കാതെ കിടന്നപ്പോൾ ഇങ്ങനെയൊരു ചതി പ്രതീക്ഷിച്ചില്ല അല്ലേ.

എനിക്കുള്ള സ്നേഹം നിങ്ങൾ ആദ്യമേ നിഷേധിക്കുന്നു. ഇപ്പൊ എന്റെ ശരീരവും നിങ്ങൾ നിഷേധിക്കുകയാണോ. നൈമിഷികമാണെങ്കിലും ശരീരങ്ങൾ

കെട്ടു പിണരുമ്പോഴെങ്കിലും നിങ്ങളെന്നെ സ്നേഹിക്കുന്നു എന്ന് ഞാൻ ആശ്വസിച്ചിരുന്നു.. ഇപ്പൊ അതും…?””..ശ്രീലത പൊട്ടി കരഞ്ഞു.

പ്രകാശൻ ഒന്നും മിണ്ടിയില്ല. കുറച്ചു കഴിഞ്ഞപ്പോൾ പ്രകാശ് മയങ്ങി. ശ്രീലത ചുവരും ചാരിയിരുന്ന് പുലരുവോളം തേങ്ങി കൊണ്ടിരുന്നു.

“”എനിക്ക് മോചനം വേണം പ്രകാശ്. ഞാൻ ഡിവോഴ്സിന് അപേക്ഷിക്കാൻ പോവുകയാണ്””. പിറ്റേന്ന് രാവിലെ പ്രകാശൻ ഓഫീസിലേക്ക് പോകാൻ ഒരുങ്ങി പുറത്തിങ്ങവേ ശ്രീലത പറഞ്ഞു.

“”എന്തിന്.. അതിന് മാത്രം ഇവിടെ എന്തുണ്ടായി. ഒരു ലേഡീസ് പെർഫ്യൂമിന്റെ മണം എന്റെ ദേഹത്ത് നിന്ന് വന്നതിനാണോ?.

സ്വർഗ്ഗ തുല്യമായ ജീവിതമാണ്. വേണ്ടെന്ന് വെക്കണോ?. ബിസിനസ് മാഗ്നറ്റ് പ്രകാശിന്റെ ഭാര്യയാണ് നീ””.. പ്രകാശ് ചിരിച്ചു കൊണ്ട് പറഞ്ഞു.

””ആ ഒരു പേരും പെരുമയും ഞാൻ മറ്റെന്തിനേക്കാളും വെറുത്തു തുടങ്ങിയിട്ട് ദിനങ്ങളേറെ കഴിഞ്ഞു പ്രകാശ്. അതിൽ അഭിമാനിച്ചിരുന്നു. അഹങ്കരിച്ചിരുന്നു.

അന്ന് നിങ്ങളെ വേൽക്കാനുള്ള തീരുമാനം എടുത്തതിൽ ഞാനിന്ന് എന്നോട് തന്നെ സഹതപിക്കുന്നു. പണക്കാരന്റെ ഭാര്യയാവണം എന്നുള്ള വില കുറഞ്ഞ കാഴ്ച്ച പാടിൽ എനിക്കിപ്പൊ സ്വയം പുച്ഛം തോന്നുന്നു””.. ശ്രീലതയുടെ മുഖം ചുവന്നു തുടുത്തു.

പ്രകാശിന്റെ അഭിമാനം ചോർന്നു പോവുന്നത് അയാൾക്ക് തോന്നി. അയാൾ ഒന്നും മിണ്ടാതെ അവളെ തന്നെ നോക്കി നിന്നു.

“”ഞാൻ നിന്നെ സ്നേഹിക്കുന്നില്ലേ ശ്രീലതേ. എന്ത് കുറവുണ്ട് നിനക്കിവിടെ?””. പ്രകാശ് അല്പം ദേഷ്യത്തോടെ ചോദിച്ചു.

“”ഉണ്ടോ.. സ്നേഹിക്കുന്നുണ്ടോ.. ആര് പറഞ്ഞു. നിങ്ങൾ സ്വയം വിശ്വസിക്കുന്നതല്ലേ. വാക്കുകളിൽ ഒളിച്ചു കടത്തുന്നതല്ലാതെ നിങ്ങളെന്നെ സ്നേഹിക്കുന്നുണ്ടോ.സ്നേഹിച്ചിട്ടുണ്ടോ.

നിങ്ങളുടെ സാമീപ്യം അരോചകമല്ലാതെ ആവേശം എനിക്കുണ്ടാക്കിയിട്ടുണ്ടോ. സ്നേഹത്തോടെ ഒന്ന് ചേർത്ത് പിടിച്ചു നെറുകയിലെങ്കിലും ഒരു ചുംബനം തന്നിട്ടുണ്ടോ. വെറുതെയെങ്കിലും ഒന്ന്

ചേർന്ന് നിൽക്കുകയെങ്കിലും ചെയ്തിട്ടുണ്ടോ. ഒന്നോർത്തു നോക്കൂ.. എന്നെങ്കിലും ഒരു രണ്ട് നിമിഷ നേരമെങ്കിലും എന്റെ മുഖത്തേക്ക് പ്രണയത്തോടെ നോക്കിയിട്ടുണ്ടോ. പ്രിയപ്പെട്ട ഇടങ്ങളിൽ എന്നെ കൂട്ടി

കൊണ്ട് പോയിട്ടുണ്ടോ. ഇങ്ങനെയൊരു പെണ്ണുടലും അതിന്റെ ആത്മാവും ഇവിടെ ഉള്ളതായി പോലും നിങ്ങളുടെ മനസ്സിലുണ്ടോ. ഇതിൽ ഏതെങ്കിലും ഒന്ന് ഉണ്ട് എന്ന് നിങ്ങൾ പറയുകയാണെങ്കിൽ

ഞാനീ തീരുമാനത്തിൽ നിന്ന് പിന്മാറാം””.. ശ്രീലതയിൽ പുകഞ്ഞു തുടങ്ങിയിരുന്ന വികാര വിക്ഷോപങ്ങൾ അടക്കി വെച്ച

അഗ്നിപർവതം പൊട്ടിയൊലിച്ചു. നോവുകൾ ചാരമായും സങ്കടം കരിമ്പുകയായും പ്രണയം തീയായും പുറത്തേക്ക് വമിച്ചു. അവൾ ഏങ്ങലടിച്ചു കരഞ്ഞു.

“”നിങ്ങൾക്ക് ഞാൻ ആര്. എന്റെ വിലയെന്ത്. ഭാര്യ എന്നുള്ള പദവിക്ക് മാത്രമായി ഒരാൾ. ചുറ്റുമുള്ള അനുവാചകരോടും കൂട്ടാളികളോടും ഭാര്യ എന്ന് പരിചയപെടുത്താനുള്ള ഒരാള് മാത്രമല്ലേ ഞാൻ. നിങ്ങൾ പറഞ്ഞത് ശരിയാ. എനിക്കെല്ലാമുണ്ട്. പക്ഷേ.

ഒന്നുമില്ല. സ്നേഹമില്ല. പ്രണയമില്ല. തലോടലില്ല. ചുമ്പനങ്ങളും രതിയുടെ സീൽക്കാരങ്ങളും ഇല്ല. മതിമറക്കാൻ ഒന്നുമില്ല. ഓർക്കാൻ മാത്രമായി ഒന്നുമില്ല. മറക്കാൻ വേണ്ടുവോളവും.

നിങ്ങളുടെ ഭാര്യ എന്നതിൽ കൂട്ടുകാരികളുടെ മുമ്പിൽ അഭിമാനം ഞാൻ നടിക്കുകയാണ്. വെറും നടനം മാത്രം. ആ നിമിഷം എന്റെ നെഞ്ചിൽ നിങ്ങളോട് വെറുപ്പ് മാത്രമാണ് തോന്നുന്നത്””.. ശ്രീലത കണ്ണ് തുടച്ചു..

പ്രകാശ് പിളർന്ന വദനവും തുറിച്ച കണ്ണുകളുമായി.അവളെ കുറച്ചു നേരം നോക്കി നിന്നു.””ഓഹോ… കല്പണിക്കാരന്റെ മകൾക്ക് ഇങ്ങനെയൊക്കെ സംസാരിക്കാൻ

അറിയുമോ. ഇടിഞ്ഞു വീഴാറായ ഒരു കുടിലിൽ നിന്ന് കൊട്ടാരത്തിലേക്ക് മോചനം കിട്ടിയതിന്റെ അഹങ്കാരമാണ് നിനക്ക്””.. പ്രകാsh ഒരു പരിഹാസ ചിരി ചിരിച്ചു.

“”മോചനമോ?.ശ്രീലത ഉറക്കെ ചിരിച്ചു.””സ്വർഗത്തിൽ നിന്നും സ്വർണ്ണ കമ്പിയഴികൾ പിടിപ്പിച്ച തടവറയിലേക്ക് മനപ്പൂർവം വന്നു കയറിയതല്ലേ ഞാൻ. മനോഹരമായ തടവറ.

എന്റെ സ്വപ്‌നങ്ങൾ ആത്മാവിനകത്തു കിടന്നു വെന്തുരുകി ഇല്ലാതായ തടവറ. പിന്നെന്താ പറഞ്ഞത് അഹങ്കാരം എന്നല്ലേ. സ്നേഹമില്ലാത്ത നിങ്ങളെ കുറിച്ചോർത്തു എന്ത് അഹങ്കരിക്കാൻ.

സ്നേഹിക്കപ്പെടുന്നവർക്കേ അഹങ്കാരം ഉണ്ടാവൂ. അല്ലാത്തവർക്ക് വെറും ഭീകരമായ ശൂന്യത മാത്രമായിരിക്കും””. ശ്രീലത പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.

“”നീ മധുരമായി സംസാരിക്കുന്നുണ്ടല്ലോ. എവിടെ ഒളിപ്പിച്ചു വെച്ചതായിരുന്നു ഇതൊക്കെ?. എവിടുന്ന് പഠിച്ചു?””പ്രകാശിന്റെ മുഖത്ത് പരിഹാസം തുളുമ്പി നിന്നു.

“”അറിയാതെ ഉള്ളിൽ മുളച്ചു പൊന്തിയ മോഹഭംഗങ്ങളും സങ്കടങ്ങളും വെറും വാക്കുകളായി പുറത്ത് വരുന്നതാണ്. അത്ഭുതമായി തോന്നുന്നുവെങ്കിൽ നിങ്ങൾ ഇതു വരെ എന്നെ കേൾക്കാനോ

മനസ്സിലാക്കാനോ തയ്യാറാവാത്തത് കൊണ്ടായിരിക്കും””.. ശ്രീലത പ്രകാശിന്റെ മറുപടിക്ക് കാത്തു നിൽക്കാതെ തിരിഞ്ഞു വീടിനകത്തേക്ക് കയറി.

പ്രകാശ് ഒന്നും മിണ്ടാതെ കുറച്ചു നേരം നിന്നു. പിന്നെ കാറിലേക്ക് കയറി. അയാൾക്ക് തീർത്തും അപ്രതീക്ഷിതമായിരുന്നു ശ്രീലതയുടെ വായിൽ നിന്നും വന്ന വാക്കുകൾ.

ഒരു ഞെട്ടൽ നെഞ്ചിൽ കയറി കൂടിയ പോലെ അയാൾക്ക് തോന്നി. എത്ര ആട്ടിയകറ്റിയിട്ടും ഹൃദയത്തിൽ കിടന്ന് എന്തൊക്കെയോ കിടന്നു പുളക്കുന്നു. “വല്ലാതെ ചെറുതായ പോലെ.

തന്റെ ആത്മാഭിമാനത്തിന്റെ നടുവിൽ വാക്കുകളുടെ കരിങ്കൽ ചീള് കൊണ്ട് ഒരു തുള വീണുവോ. ഒരു പെണ്ണിന്റെ വാക്കുകൾക്ക് ഇത്രയും ശക്തിയുണ്ടോ.

ഞാൻ ഭൂമിയോളം അലിഞ്ഞില്ലതായോ”.അയാളെ വല്ലാതെ ഓർമ്മകൾ പൊള്ളിച്ചു. ഓർക്കുന്തോറും രോഷം ഇരച്ചു കയറി.””ഒന്ന് വേഗം വിടടോ വണ്ടി””.. പ്രകാശ് ദേഷ്യത്തിൽ ഡ്രൈവറോട് പറഞ്ഞു.

പ്രകാശ് വൈകീട്ട് തിരിച്ചെത്തി. ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടിൽ അയാൾ വീട്ടിലേക്ക് ഓടി കയറി. മുറ്റത്ത് നിന്നിരുന്ന ശ്രീലതയെ അയാൾ നോക്കുക പോലും ചെയ്തില്ല. അവൾ പിന്നാലെ ചെന്നു.

“”പ്രകാശ്..ഞാൻ ഇത്രയൊക്കെ പറഞ്ഞിട്ടും ഒരു ചലനവും നിങ്ങളിൽ ഉണ്ടായില്ലേ. കനിവിന്റെ ഒരു ചെറു കണിക പോലും?””.. ശ്രീലത തുളുമ്പി വന്ന കരച്ചിൽ കടിച്ചമർത്തി കൊണ്ട് ചോദിച്ചു.

അയാൾ ചെറുതായി ഒച്ചയുണ്ടാക്കി ചിരിച്ചു. “”ശ്രീലതേ… നീ പറഞ്ഞതിൽ എന്തെങ്കിലും കഴമ്പുണ്ട് എന്നെനിക്ക് തോന്നുന്നില്ല.

എന്റെ ഓർമ്മകളിൽ പോലും നിന്റെ വാക്കുകളില്ല. സുഖലോലുപതയിൽ ആറാടി നിൽക്കുന്ന ഒരു പെണ്ണിന്റെ വെറും ജല്പനങ്ങൾ. അതിൽ കൂടുതലായി ഒന്നുമില്ല””…

ശ്രീലതയിൽ ഒരു തേങ്ങൽ വന്നെത്തി നോക്കി പോയി. അവൾ ശിരസ്സ് കുനിച്ചു കുറച്ചു നേരം നിന്നു. “”സ്നേഹമെന്താണെന്നോ പരിഗണന

എന്താണെന്നോ എന്ന് ഒരിക്കലും മനസ്സിലാകാത്ത നിങ്ങളോട് ഞാനിനി എന്ത് പറയാൻ. നിങ്ങളെ തിരുത്താൻ ഞാനിനി വെറുതേ വ്യാമോഹിക്കുന്നില്ല. കാരണം നിങ്ങൾക്കെന്നെ ആവശ്യമില്ല””. അവൾ ഒന്ന് നിർത്തി.

“”ഞാൻ നാളെ ഒരു വക്കീലിനെ കാണാൻ പോവുകയാണ്. ഈ കപട സുഖലോലുപതയിൽ നിന്നെനിക്ക് മോചനം വേണം. എന്നെന്നേക്കുമായി. കോടീശ്വരൻ പ്രകാശിന്റെ വെറുമൊരു ഭാര്യ പദവി എനിക്ക് ആവശ്യമില്ല””..അവൾ പറഞ്ഞു.

””വ്യവസായ പ്രമുഖൻ പ്രകാശ് വിവാഹ മോചിതനായി എന്നൊരു ചാനൽ ചർച്ചയും പത്രക്കാരുടെയും ചാനലുകളുടെയും അഭിമുഖവും.

നീ പ്രശസ്തയാവും. എന്റെ ബിസിനെസ്സിൽ ഓഹരി ഇറക്കിയവർക്ക് വരെ എന്നെ കുറിച്ചുള്ള വിശ്വാസത്തിന് മങ്ങലേൽക്കും. അതൊക്കെ നീ ആഗ്രഹിക്കുന്നുണ്ടോ.

എന്നെ അപമാനിക്കാൻ ആണോ തീരുമാനം””.. പ്രകാശ് ഭാവം കൊണ്ട് അല്പം പരുക്കനായി. എങ്കിലും സ്വരം വളരെ സൗമ്യമായിരുന്നു.

ശ്രീലത ഒട്ടും നിറമില്ലാത്ത ഒരു ചിരി ചിരിച്ചു. “”പ്രകാശ്… നിങ്ങളോട് എനിക്ക് പകയില്ല. പകയും വെറുപ്പും വെക്കാൻ നിങ്ങളെന്നെ വെറുത്തതും ഉപദ്രവിച്ചതൊന്നും ഇല്ലല്ലോ. സ്നേഹിച്ചിട്ടില്ല എന്നല്ലേയുള്ളൂ.

നിങ്ങൾക്ക് ഭയം വേണ്ട. ഞാൻ നിങ്ങളുടെ മേൽ വിലാസം ഉപേക്ഷിച്ചാൽ പിന്നെ വീണ്ടുമൊരിക്കൽ കൂടി അതെടുത്തണിയില്ല. ജനങ്ങളുടെ ആ വൃത്തികെട്ട പ്രശംസ എനിക്ക് വേണ്ട””. ശ്രീലതയുടെ സ്വരം കനം വെച്ചു.

“”ശ്രീലതേ. കുറച്ചു കൂടി ക്ഷമിച്ചു കൂടെ. ഞാൻ നോക്കട്ടെ മാറാൻ പറ്റുമോന്ന്””.. പ്രകാശൻ പതുക്കെ ചോദിച്ചു.

ശ്രീലത ശബ്ദമുണ്ടാക്കാതെ ചിരിച്ചു. “”അപ്പോഴും നിങ്ങൾക്ക് പ്രതീക്ഷയില്ല. നിങ്ങളുടെ വികാര പൂർത്തീകരണത്തിന് പോലും ഇപ്പൊ എന്റെ ആവശ്യമില്ല. നിങ്ങളുടെ മുന്നിൽ വരി വരിയായി നിൽക്കാൻ സുന്ദരികളുണ്ടല്ലോ.

ഇനിയും ക്ഷമിക്കാൻ എനിക്കാവില്ല. ഒരു പരീക്ഷണത്തിനും ഞാനില്ല.ഞാൻ എന്റെ വീട്ടിലേക്ക് പോവുന്നു. ഡിവോഴ്സ് നോട്ടീസ് കയ്യിൽ കിട്ടിയാൽ ഒപ്പിട്ട് അയക്കൂ. എനിക്ക് വേണ്ടി അതെങ്കിലും ചെയ്യൂ””.. ശ്രീലത അകത്തേക്ക് ഓടി കയറി.

കുറച്ചു നേരം കട്ടിലിൽ കമിഴ്ന്നു കിടന്നു തേങ്ങി. പിന്നെ എഴുന്നേറ്റു കുളിച്ചു. അലമാരിയിൽ നിന്നും ഏറ്റവും വില കുറഞ്ഞൊരു സാരിയെടുത്തു ധരിച്ചു. ബാഗുമെടുത്തു മുറിക്ക് പുറത്തിറങ്ങി.

പ്രകാശിനെ കാണാനില്ല. അവൾ ആകാംഷയോടെ ചുറ്റും നോക്കി. ജോലിക്കാരി സുശീല നിറ കണ്ണുകളോടെ അവളുടെ അടുത്തേക്ക് വന്നു കൈകളിൽ പിടിച്ചു.

“”പ്രകാശ് പുറത്ത് പോയി കുഞ്ഞേ. “അവൾ തമാശ പറയുകയാ. ബുദ്ധിയുള്ളവളാ. എവിടേക്കും പോവില്ല”. എന്നും എന്നോട് പറഞ്ഞു. ഒന്നു കൂടി ആലോചിച്ചിട്ട്‌ പോയാ പോരെ കുഞ്ഞേ?””..അവർ പറഞ്ഞു.

“”ഓ.. പോയോ.. ഒന്ന് യാത്ര പോലും പറയാൻ നിൽക്കാതെ പോയോ. ഇനിയും ഞാൻ ഇവിടെ നിൽക്കണോ. സുശീല പറ””.. ശ്രീലത വിതുമ്പി കൊണ്ട് ചോദിച്ചു.

സുശീല ഒന്നും മിണ്ടിയില്ല. ശ്രീലത ആ വലിയ വീടിന്റെ പടികൾ കടന്നു നടന്നകന്നു..

Leave a Reply

Your email address will not be published. Required fields are marked *