നാടൻ സൗന്ദര്യമുള്ള മുപ്പതിനും നാൽപ്പതിനും ഇടയിൽ പ്രായമുള്ള സ്ത്രീകളോടാണ് താത്പര്യം. ചേച്ചിയെ കണ്ടാൽ അവന് എന്തായാലും ഇഷ്ടപ്പെടും

 

(രചന: പ്രജിത്ത് സുരേന്ദ്രബാബു)

“സാറേ.. നിങ്ങൾ ഇങ്ങനെ നോക്കി ഇരിക്കാതെ എന്തേലും ചെയ്യുന്നേ വേഗം ചെയ്യ്… ചുമ്മാ സമയം വേസ്റ്റ് ആക്കാനായി… ഈ പാതിരാത്രി വീട്ടിൽ കൊച്ചിനെ ഉറക്കി കിടത്തിയിട്ടാ ഞാൻ വന്നേ ഇത് കഴിഞ്ഞു വേഗം തിരികെ പോണം.. ”

ഗൗരിയുടെ വാക്കുകൾക്ക് മൂർച്ചയേറിയിരുന്നു. അല്പസമയം നിശബ്ദതയ്ക്കൊടുവിൽ ഡോർ വലിച്ചടയ്ക്കുന്ന ശബ്ദമാണ് അവൾ കേട്ടത് അതോടെ പതിയെ തലയുയർത്തി അവൾ. ആ മുഖത്തു അപ്പോൾ നേരിയ ഭയം ഉടലെടുത്തിരുന്നു.

കാരണം അവൾക്കറിയാം കലി തുള്ളി കിരൺ ഇപ്പോൾ മുറിലേക്ക് വരും എന്ന്. അല്പ സമയത്തിന് ശേഷം ആ വാതിൽ വീണ്ടും തുറക്കപ്പെട്ടു. ഗൗരിയുടെ ഊഹം തെറ്റിയില്ല കിരൺ ആയിരുന്നു അത്.

” ചേച്ചി ഇതെന്ത് ഭാവിച്ചാണ്.. ഇതിപ്പോ അഞ്ചാമത്തെ കസ്റ്റമർ ആണ് ഇങ്ങനെ ചേച്ചിയുടെ പെരുമാറ്റം ശെരിയല്ല എന്ന് പറഞ്ഞിട്ട് ഇറങ്ങി പോകുന്നത്.

എനിക്ക് എത്ര രൂപയാണ് നഷ്ടം എന്നറിയോ.. ചേച്ചിക്ക് ഈ പണി പറ്റിയതല്ല. ദയവു ചെയ്ത് നാളെ മുതൽ എന്നെ വിളിച്ചേക്കരുത്.”

അവന്റെ ശബ്ദത്തിൽ വല്ലാത്ത ദേഷ്യം കലർന്നിരുന്നു.”ടാ പ്ലീസ്.. മനഃപൂർവം അല്ല എന്നെ കൊണ്ട് പറ്റാഞ്ഞിട്ടാ.. ഞാൻ മാക്സിമം ശ്രമിക്കുന്നുണ്ട്. പക്ഷെ അന്യ പുരുഷന്റെ മുന്നിൽ ഇങ്ങനെ ഒറ്റക്ക് ഒരു റൂമിൽ നിൽക്കുമ്പോ തന്നെ വല്ലാതെ വിറച്ചു പോകുവാ ഞാൻ…

അപ്പോൾ പിന്നെ യാതൊരു പരിചയവും ഇല്ലാത്ത ഒരാളിന്റെ മുന്നിൽ എങ്ങിനാ ഞാൻ എന്റെ മടിക്കുത്ത് അഴിക്കുക… എങ്ങിനാ അവർക്ക് എന്റെ ശരീരം കൊടുക്കുക.. എനിക്ക് കുറച്ചൂടെ സമയം താ നീ.. ഞാൻ മാറിക്കോളാം”

ഗൗരിയുടെ ആ അപേക്ഷയ്ക്ക് മുന്നിൽ കിരണിന്റെ മനസ്സ് അല്പം അലിഞ്ഞു.” ചേച്ചി.. ഇതൊരു തൊഴിൽ ആണ് അങ്ങിനെ കാണു. ചേച്ചി ഈ പണിക്ക് വന്നത് അച്ഛനില്ലാതെ വളരുന്ന ചേച്ചിയുടെ കുഞ്ഞിന് വേണ്ടി അല്ലേ അവനെ വളർത്താൻ അല്ലേ..

അപ്പോൾ ഇങ്ങനെ എത്ര നാൾ ഇങ്ങനെ കസ്റ്റമേഴ്സിൽ നിന്നും ഒഴിഞ്ഞു മാറി നിൽക്കും.”

ആ ചോദ്യത്തിന് ഗൗരിയുടെ പക്കൽ മറുപടിയില്ലായിരുന്നു.” ഓക്കേ ചേച്ചി.. നാളെ ഒരു ഗസ്റ്റ് ഉണ്ട്. പയ്യനാണ്. ആളിച്ചിരി ക്യാഷ് ടീം ആണ്.

പുള്ളിക്ക് നാടൻ സൗന്ദര്യമുള്ള മുപ്പതിനും നാൽപ്പതിനും ഇടയിൽ പ്രായമുള്ള സ്ത്രീകളോടാണ് താത്പര്യം. ചേച്ചിയെ കണ്ടാൽ അവന് എന്തായാലും ഇഷ്ടപ്പെടും കാരണം ചേച്ചി ഒരു ചരക്ക് അല്ലേ.. ”

ഒരു വഷളൻ ചിരി ചുണ്ടിൽ ഒളിപ്പിച്ച് കിരൺ പറയുമ്പോൾ മുഖത്തേക്ക് ഒരു പുഞ്ചിരി വരുത്തി ഗൗരി.

” അപ്പോ പിന്നെ ശെരി നാളെ രാത്രി ഒരു എട്ടു മണിയാകുമ്പോൾ ഇങ്ങ് പോര്.. ഒരുപാട് ലേറ്റ് ആകാതെ കാര്യം നടത്തി കസ്റ്റമറിനു പോകേണ്ടതുണ്ട്. നല്ലോണം സഹകരിച്ചാൽ ചേച്ചിക്ക് നല്ല ടിപ്പും കിട്ടും ”

“ഓക്കേ ടാ.. നാളെ രാത്രി എത്താം ഞാൻ.. “യാത്ര പറഞ്ഞിറങ്ങാൻ തുനിഞ്ഞ ഗൗരിയുടെ കയ്യിൽ പെട്ടെന്ന് പിടുത്തമിട്ടു കിരൺ.

” ചേച്ചി എന്തായാലും ഇന്ന് മിനക്കെട്ടില്ലേ… അപ്പോ പിന്നെ എനിക്കൊപ്പം ഒന്ന് കൂടുന്നോ… ചേച്ചിയെ കണ്ട അന്ന് മുതൽ എനിക്കും ഉള്ളിൽ ഒരു കൊതിയുണ്ട് ”

ആ അപ്രതീക്ഷിത പ്രതികരണത്തിൽ ഒന്ന് പതറി ഗൗരി. ശേഷം വേഗത്തിൽ ഒന്ന് കുതറി മാറി കയ്യിലെ പിടുത്തം വിടുവിച്ചു.

” പിന്നൊരിക്കൽ ആകട്ടെ കിരൺ… വീട്ടിൽ മോനെ ഉറക്കി കിടത്തി വന്നതാ.. അവനെങ്ങാൻ ഉണർന്നാൽ കരച്ചിൽ ആകും.. ”

കിരണിന് നിരാശ സമ്മാനിച്ചു അവന്റെ മുഖത്തേക്ക് പോലും നോക്കാതെ വേഗത്തിൽ അവൾ ആ മുറിയിൽ നിന്നും പുറത്തേക്ക് പോയി. റോഡിലേക്കിറങ്ങി ആദ്യം കണ്ട ഓട്ടോയ്ക്ക് കൈ കാണിച്ച് കേറി.

ഗവണ്മെന്റ് മെഡിക്കൽ കോളേജിനടുത്തുള്ള ലോഡ്ജ് ആയതിനാൽ സമയം വൈകിയാലും ഓട്ടോ കിട്ടാൻ എളുപ്പമായിരുന്നു മാത്രമല്ല ഹോസ്പിറ്റൽ പരിസരം ആയതിനാൽ തന്നെ സംശയത്തോടുള്ള പലരുടെയും നോട്ടത്തിൽ നിന്നും രക്ഷ കിട്ടുമായിരുന്നു.

” എന്ത് പറ്റി ചേച്ചി… ആരേലും അഡ്മിറ്റ്‌ ആണോ ഹോസ്പിറ്റലിൽ. “യാത്രയ്ക്കിടയിൽ ഓട്ടോ ക്കാരന്റെ ചോദ്യത്തിന് ‘അതേ’ എന്ന അർത്ഥത്തിൽ ഒന്ന് തലയാട്ടുക മാത്രം ചെയ്തു ഗൗരി.അവളുടെ ഉള്ളം പുകയുകയായിരുന്നു അപ്പോൾ.

പ്രൈവറ്റ് ട്യൂഷൻ സെന്ററുകളിലും പ്രൈവറ്റ് കോളേജുകളിലും ഒക്കെ അദ്ധ്യാപകനായിരുന്നു അവളുടെ ഭർത്താവ്.

എന്നാൽ ക്യാൻസർ ബാധിതനായി ചികിത്സയിൽ ഇരിക്കെ മരണപ്പെട്ട അയാളുടെ ചികിത്സയ്ക്കായി വരുത്തി വച്ച വലിയ കടബാധ്യതകൾ ഒപ്പം വീട്ടുവാടക മറ്റു ചിലവുകൾ എല്ലാം കൂടിയായപ്പോൾ ഭ്രാന്തെടുത്ത അവസ്ഥയിലായിരുന്നു ഗൗരി.

പല പല ജോലിക്ക് പോയിട്ടും കടങ്ങൾ വീട്ടുവാൻ വേണ്ടത് കിട്ടാതെ വന്നപ്പോഴാണ്. കടക്കാരുടെ ശല്യം സഹിക്കാൻ വയ്യാതെ ഗത്യന്തരമില്ലാതെ സ്വന്തം ശരീരം വിൽക്കുവാൻ അവൾ തീരുമാനിച്ചത്..

അങ്ങിനെയാണ് ബസ് സ്റ്റോപ്പിൽ രാത്രി കാലങ്ങളിൽ ഡ്യൂട്ടിക്കിറങ്ങുന്ന ഒരു സ്ത്രീയിൽ നിന്നും കിരണിന്റെ നമ്പർ അവൾക്ക് കിട്ടുന്നതും. ഗൗരി ആദ്യമായി അവനെ കണ്ട് ആവശ്യം അറിയിച്ചപ്പോൾ വലിയ അതിശയമായിരുന്നു അവന്റെ മുഖത്ത്.

” ചേച്ചി ഈ ഫീൽഡിൽ വന്നാൽ പൊളിക്കും. ഒന്ന് കണ്ടാൽ അപ്പോ കൊത്തിക്കൊണ്ട് പോകും ആള്ക്കാര് ആവശ്യം പോലെ കാശും കിട്ടും….”

കിരണിന്റെ കഴുകൻ കണ്ണുകൾ തന്റെ ഉടലിൽ ചൂഴ്ന്നിറങ്ങുന്നതറിഞ്ഞിട്ടും മൗനമായി നിന്നു ഗൗരി.

ആദ്യത്തെ കസ്റ്റമർ കണ്ട പാടെ ആക്രാന്തത്തിൽ തന്റെ സ്വകാര്യ ഭാഗങ്ങളിൽ കയറി പിടിച്ചപ്പോൾ ചെകിടത്ത് ആഞ്ഞടിച്ചു കൊണ്ടാണ് അവൾ പ്രതികരിച്ചത്.

ആദ്യത്തെ അനുഭവമായതിനാൽ പറ്റിപ്പോയതാണെന്ന് പറഞ്ഞു വളരെയേറെ പണിപ്പെട്ടാണ് കിരൺ അന്ന് അയാളെ ശാന്തനാക്കിയത്.

പക്ഷെ പിന്നീട് അങ്ങോട്ട് എത്രയൊക്കെ മനസ്സിൽ ഉറച്ചു വീട്ടിൽ നിന്നിറങ്ങിയാലും അടച്ചിട്ട മുറിയിൽ അന്യ പുരുഷന്റെ മുന്നിലെത്തുമ്പോൾ തന്നെ ഗൗരിയുടെ ശരീരം വിറ പൂണ്ടു തുടങ്ങും. ഒപ്പം മനസ്സിൽ വല്ലാത്തൊരു കുറ്റബോധവും..

പിന്നെങ്ങിനെയും അവിടെ നിന്നും രക്ഷപ്പെടണം എന്ന ചിന്ത അവളെ കീഴടക്കും. അതിനുള്ള പോംവഴിയായി അവൾ കണ്ടെത്തിയതാണ് തന്റെ ശരീരം മോഹിച്ചു എത്തുന്നവരെ പരമാവധി കുത്തുവാക്കുകൾ പറഞ്ഞും പുച്ഛിച്ചും വെറുപ്പിക്കുന്ന എന്നത്.

ഇതുവരെയും അത് വിജയിച്ചു പക്ഷെ ഇനി എത്ര നാൾ ഇങ്ങനെ പോകും.. ഓർക്കുമ്പോൾ വല്ലാത്ത വേവലാതി തോന്നി ഗൗരിക്ക്.

ഓട്ടോ വീടിനരികിൽ എത്തിയപ്പോഴാണ് ഓർമകളുടെ കടും പിടുത്തത്തിൽ നിന്നും അവൾ മുക്തയായത്.

” എത്ര രൂപയായി.. “ആ ചോദ്യത്തിന് മുന്നിൽ ആ ഓട്ടോക്കാരൻ ഒന്ന് പുഞ്ചിരിക്കുന്ന മാത്രമാണ് ചെയ്‌തത്” ചേച്ചി സന്തോഷ്‌ സാറിന്റെ വൈഫ്‌ അല്ലേ.”

അയാളുടെ ചോദ്യം കേട്ട് അതിശമായി ഗൗരിക്ക്” അതേ.. ചേട്ടനെ അറിയോ ..””പിന്നറിയാതെ ചേച്ചി.. സർ എന്നെ പഠിപ്പിച്ചിട്ടുണ്ട്. ഞങ്ങൾക്കൊക്കെ അത്രയേറെ പ്രിയപ്പെട്ട അദ്ധ്യാപകൻ ആയിരുന്നു.

പക്ഷെ ജീവിക്കാൻ വിധി ഇല്ലാതെ പോയി അല്ലേ.. സാറിന്റെ മരണത്തിനു ഞാനും വന്നിരുന്നു ചേച്ചി.. സാറിന്റെ വൈഫിനോട് കാശ് ചോദിക്കാൻ എനിക്ക് മനസ്സ് വരില്ല ”

പുഞ്ചിരിയോടെ തന്നെ ഓട്ടോ തിരിച്ച് ആ ചെറുപ്പക്കാരൻ തിരികെ പോകുമ്പോൾ ഉള്ളിൽ വല്ലാത്ത കുറ്റബോധം തോന്നി ഗൗരിക്ക്.

‘എന്നോട് പൊറുക്ക് ഏട്ടാ.. വേറെ വഴി ഇല്ലാഞ്ഞിട്ടാ ഞാൻ ഈ പണിക്ക് ഇറങ്ങിയേ..’

ഉള്ളുപിടഞ്ഞവൾ വീട്ടിലേക്ക് കയറുമ്പോൾ . ഒന്നുമറിയാതെ സുഖ ഉറക്കത്തിലായിരുന്നു മോൻ.

പിറ്റേന്ന് നേരം വെളുത്തത് മുതൽ വീണ്ടും ഒരു വിറയൽ, ഒരു ഭയം ഗൗരിയെ കീഴടക്കി. കിരൺ പറഞ്ഞ ആ ചെറുപ്പക്കാരന്റെ മുന്നിൽ അവന്റെ ഇഷ്ടത്തിന് പെരുമാറുവാൻ കഴിഞ്ഞില്ലേൽ ഇന്നത്തോടെ തീരും കിരണുമായുള്ള ബന്ധം.

ഈ ഒരു വഴി കൂടിയടഞ്ഞാൽ പിന്നെ ആത്മഹത്യയേ വഴിയുള്ളൂ. വല്ലാത്ത ആത്മസംഘർഷത്തിലായി അവൾ.

” ചേച്ചി.. ഇന്നത്തെ കാര്യം ഓക്കേ അല്ലേ.. എന്റെ ഒരു വിലപിടിപ്പുള്ള കസ്റ്റമറാണ് ഇന്ന് ചേച്ചിയുടെ അടുത്ത് വരുന്നത് അത് ഓർമ്മവേണം. ”

ഇടക്കിടക്ക് കിരൺ വിളിച്ചു ഓർമിപ്പിക്കുക കൂടെ ചെയ്തതോടെ ആകെ വിഷമത്തിലായി ഗൗരി. ഒടുവിൽ പോകാൻ തന്നെ തീരുമാനിച്ചു അവൾ. മോനെ നേരത്തെ ഉറക്കി വീട് പൂട്ടി പറഞ്ഞ സമയത്ത് തന്നെ ലോഡ്ജിൽ എത്തി .

” ചേച്ചി ഓൺ ടൈം ആണല്ലോ. റൂമിലേക്ക് പോ കക്ഷി ഇപ്പോൾ ഇങ്ങെത്തും”റിസപ്ഷനിൽ തന്നെ കാത്തു നിന്നിരുന്ന കിരണും അവളെ കണ്ട് ഏറെ സന്തോഷവാനായി. റൂമിലെത്തിയത്തോടെ തന്റെ നെഞ്ചിടിപ്പ് വർധിച്ചത് തിരിച്ചറിഞ്ഞു ഗൗരി.

‘ നാളെ രാവിലെ വാടക വാങ്ങാൻ വരുന്ന വീട്ടുടമയെ വെറും കയ്യോടെ അയക്കേണ്ടി വന്നാൽ പിന്നെ താമസിക്കാൻ വേറെ വീട് നോക്കേണ്ടി വരും. അതിനുള്ള സാമ്പത്തികം ഇപ്പോൾ തനിക്കില്ല.

എന്നാൽ ഇന്നത്തെ കസ്റ്റമർ തൃപ്തനായാൽ രണ്ടായിരം രൂപയാണ് കിരൺ പ്രതിഫലമായി പറഞ്ഞിട്ടുള്ളത് മാത്രമല്ല കസ്റ്റമറുടെ കയ്യിൽ നിന്നും ടിപ്പ് കിട്ടാനും സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇന്നിനി പിന്മാറാൻ പറ്റില്ല. പിന്മാറിയാൽ നഷ്ടങ്ങളുടെ കാഠിന്യം കൂടും

മനസ്സിലെ ചിന്തകൾ ഉള്ളിൽ ധൈര്യം പകരുന്നത് തിരിച്ചറിഞ്ഞു അവൾ. സമയം അല്പം കൂടി കഴിയവേ പതിയെ മുറിയുടെ വാതിൽ തുറക്കപ്പെട്ടു.

ആരോ അകത്തേക്ക് കയറിയത് മനസ്സിലാക്കി നെഞ്ചിടിപ്പോടെ പതിയെ എഴുന്നേറ്റു തലകുമ്പിട്ട് നിന്നു ഗൗരി. വന്ന ആൾ വാതിൽ അടച്ചു ബെഡിലേക്ക് ഇരുന്നപ്പോഴും തല കുമ്പിട്ട് തന്നെ നിന്നു അവൾ.

” ഇയാള് എന്തെ മുഖത്തേക്ക് പോലും നോക്കില്ലേ.. “ആ ഒരു ചോദ്യം ഗൗരി പ്രതീക്ഷിച്ചിരുന്നു. മനസ്സില്ലാ മനസ്സോടെ അവൾ പതിയെ തലയുയർത്തി. കണ്മുന്നിൽ ഇരിക്കുന്ന സുമുഖനായ ചെറുപ്പക്കാരനെ ഒന്ന് നോക്കി.

ഒറ്റനോട്ടത്തിൽ തന്നെ ആരെയും മയക്കാനുള്ള സൗന്ദര്യം ഉണ്ടായിരുന്നു അവന് മനോഹരമായ പുഞ്ചിരി. കിരൺ പറഞ്ഞത് പോലെ ഇവൻ ഒരു സ്പെഷ്യൽ ഗസ്റ്റ്‌ തന്നെയാണെന്ന് ഒരു നിമിഷം മനസ്സിൽ ഓർത്തു അവൾ.

എന്നാൽ ഗൗരിയെ കണ്ട പാടെ ആ ചെറുപ്പക്കാരൻ പതിയെ എഴുന്നേറ്റു അവന്റെ മുഖത്തു വിരിഞ്ഞു നിന്നിരുന്ന പുഞ്ചിരി പതിയെ മാഞ്ഞു. അല്പ സമയം എന്തോ ഓർത്തു നിന്ന ശേഷം അവളുടെ അരികിലേക്ക് ചെന്നു അവൻ

” നിങ്ങൾ സന്തോഷ്‌ സാറിന്റെ വൈഫ്‌ അല്ലേ.. “ആ ചോദ്യം ഗൗരിയെ വല്ലാതെ നടുക്കി. അവന്റെ മുഖത്തേക്ക് നോക്കി നിൽക്കെ വല്ലാത്ത അസ്വസ്തത തോന്നി അവൾക്ക്.’ തന്നെ തിരിച്ചറിഞ്ഞുവോ’ എന്ന പേടിയായിരുന്നു ആ മുഖത്തു അപ്പോൾ

“അ.. അതേ… “അറച്ചറച്ചാണ് ഗൗരി മറുപടി നൽകിയത്.” നിങ്ങൾ എങ്ങിനെ ഇവിടെ.. ഈ സാഹചര്യത്തിൽ.. “അവന്റെ മുഖത്തു വല്ലാത്ത ആശ്ചര്യമായിരുന്നു

” ഏ.. ഏട്ടനെ എങ്ങിനെ അറിയാം ഞങ്ങൾക്ക് “വിറച്ചു വിറച്ചാണ് ഗൗരി ചോദിച്ചത്.

” ഞാൻ സാറിന്റെ സ്റ്റുഡന്റ് ആയിരുന്നു. പണ്ട് എനിക്ക് വീട്ടിൻ വന്ന് സ്പെഷ്യൽ ക്ലാസ്സ്‌ എടുത്ത് തന്നിരുന്നത് സാർ ആണ്. നിങ്ങളുടെ വിവാഹത്തിനൊക്കെ വന്നിട്ടുണ്ട്. ഞാൻ.. പക്ഷെ ഇപ്പോൾ… നിങ്ങൾ എങ്ങിനെയാണ് ഇവിടെ എത്തിയത്.. ”

സംശയത്തോടെ അവൻ നോക്കുമ്പോൾ ഗൗരിയുടെ മിഴികളിൽ നനവ് പടർന്നു തുടങ്ങിയിരുന്നു.” അത്… അത് പിന്നെ…”

അവളുടെ ശബ്ദം ഇടറുമ്പോൾ സംശയത്തോടെ തന്നെ നോക്കി നിന്നു അവൻ.
പതിയെ നിറമിഴികളോടെ തന്റെ കഥ പറഞ്ഞു അവൾ.

” ങേ! സന്തോഷ്‌ സാറ് മരിച്ചു പോയോ.. “ആ വാർത്ത അവന് ഏറെ അവിശ്വസനീയമായിരുന്നു. ഗൗരി പറഞ്ഞതൊക്കെയും ഒരു നടുക്കത്തോടെ കേട്ടു നിന്നു അവൻ. ശേഷം അല്പ സമയം നിശബ്ദനായി ബെഡിലേക്കിരുന്നു

” ഞാൻ കുറച്ചു നാൾ മാത്രേ നാട്ടിലുണ്ടായിരുന്നുള്ളൂ.. ആ സമയം ആണ് സർ എന്നെ പഠിപ്പിച്ചിട്ടുള്ളത്.. എനിക്ക് ഇത്രയേറെ ആത്മബന്ധം തോന്നിയ മറ്റൊരു അധ്യാപകനില്ല.

പിന്നീട് ഞാൻ പഠിച്ചതൊക്കെ വിദേശത്താണ് ഇപ്പോൾ നട്ടലേക്കെത്തിയിട്ടും അധികനാൾ ആയിട്ടില്ല. പഴയ ഫ്രെണ്ട്സ് ബന്ധങ്ങൾ എല്ലാം ഇപ്പോൾ വീണ്ടും പുതുക്കി എടുക്കുന്നതെ ഉള്ളു ”

അത്രയും പറഞ്ഞു വീണ്ടും നിശബ്ദനായി അവൻ. അല്പസമയം അങ്ങിനെ ഇരുന്ന ശേഷം പതിയെ എഴുന്നേറ്റു.

” ചേച്ചി ഞാൻ ആദിത്യൻ. എന്നെ ചേച്ചിക്ക് അറിയില്ലായിരിക്കും പക്ഷെ ആദിത്യാ ഗ്രൂപ്പ് എന്ന് കേട്ടിട്ടുണ്ടാകുമല്ലോ. എന്റെ അച്ഛന്റെ ബിസിനസ്‌ സാമ്പ്രാജ്യം ആണത്. ഇപ്പോൾ നാട്ടിലെത്തി ഞാൻ ആ സാമ്രാജ്യം ഏറ്റെടുത്തിരിക്കുകയാണ്.”

ആ കേട്ടത് അവിശ്വസനീയമായിരുന്നു ഗൗരിക്ക്. ആദിത്യ ഗ്രൂപ്പ് എന്നത് ടെക്സ്റ്റ്ടൈൽസ് ജ്വല്ലറി ധനകാര്യ സ്ഥാപനങ്ങൾ ബസ്സുകൾ അങ്ങിനെ തുടങ്ങി നാട്ടിലെ ഒരു പ്രമുഖ ബിസിനസ്‌ ബ്രാൻഡ് ആയിരുന്നു.

ആദിത്യ ഗ്രൂപ്പിന്റെ ധനകാര്യ സ്ഥാപനത്തിലാണ് അവൾ തന്റെ അവസാന സമ്പാദ്യമായ കമ്മലും പണയം വച്ചിരുന്നത്. അതിന്റെ ഉടമസ്ഥനാണ് തനിക്ക് മുന്നിൽ നിൽക്കുന്നത് എന്നറിഞ്ഞതോടെ അന്ധാളിച്ചു നോക്കി നിന്നു അവൾ. അവളുടെ മുഖഭാവം കണ്ട് പുഞ്ചിരിച്ചു ആദിത്യൻ.

” ചേച്ചി ഇപ്പോൾ ഞെട്ടുന്നുണ്ടാകും ഇത്രയും സാമ്പത്തിക ശേഷിയൊക്കെ ഉള്ള ഞാൻ എങ്ങിനെ ഇവിടെ ഈ ലോഡ്ജിൽ എന്ന്.. എനിക്കിഷ്ടം ഈ സെറ്റപ്പാണ് ആണ് ചേച്ചി.

വിദേശത്തു വളർന്ന എനിക്ക് ഏറെ കൌതുകമാണ് ഈ നാടിനോടും നാടൻ പെൺകുട്ടികളോടും..ഇന്ന് സത്യത്തിൽ മനസിലെ ഒരു വലിയ ആഗ്രഹം നിറവേറ്റാൻ വന്നതാണ് ഞാൻ. ഇവിടെ ഒരു തനി നാടൻ പെൺകുട്ടിയുമായി ഒരു ദിവസം…

എന്തായാലും ചേച്ചിക്കൊപ്പം അത് പറ്റില്ല കാരണം ചേച്ചിയെ കണ്ടപ്പോ തന്നെ എന്റെ മനസ്സിൽ സാറിന്റെ മുഖമാണ് തെളിയുന്നത്. സാരമില്ല മറ്റൊരു ദിവസം മറ്റൊരാളെ കണ്ടെത്താം. ”

അത്രയും പറഞ്ഞു പതിയെ എഴുന്നേറ്റു അവൻ. മറുപടിയൊന്നും പറയാൻ ഇല്ലാതെ നടുക്കത്തിൽ തന്നെയായിരുന്നു ഗൗരി അപ്പോഴും. അത് കണ്ടിട്ട് പതിയെ പോക്കറ്റിൽ നിന്നും തന്റെ ഒരു വിസിറ്റിംഗ് കാർഡ് കയ്യിലേക്കെടുത്തു ആദിത്യൻ.

” നാളെ പകൽ ചേച്ചി എന്നെ ഒന്ന് വിളിക്കണം. ചേച്ചിയുടെ എല്ലാ പ്രശ്നങ്ങളും തീർത്തു തരാം എന്നൊന്നും പറയുന്നില്ല ഞാൻ. പക്ഷെ പ്രശ്നങ്ങൾ തീർക്കുവാനുള്ള വഴി തെളിച്ചു തരാം ഞാൻ…

ഞങ്ങടെ ഏതേലും ഒരു സ്ഥാപനത്തിൽ എന്റെ സ്പെഷ്യൽ റെക്കമെന്റെഷനിൽ നല്ല ശമ്പളത്തോടെ ചേച്ചിയുടെ വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ചുള്ള ഒരു ജോലി ഞാൻ ഓഫർ ചെയ്യുന്നു..

. പിന്നെ തത്കാലത്തേക്ക് ഇപ്പോഴത്തെ എന്റെ സെറ്റപ്പിൽ ഞാൻ ഒന്ന് വിളിച്ചു പറഞ്ഞാൽ അടങ്ങിയിരിക്കുന്ന പലിശക്കാരും വാടകക്കാരുമൊക്കെയേ ഉള്ളു ഈ സിറ്റിയിൽ… സൊ ചേച്ചി ടെൻഷൻ എല്ലാം കളഞ്ഞു ധൈര്യമായി വീട്ടിലേക്ക് പൊയ്ക്കോളൂ.. ”

കേട്ടത് വിശ്വസിക്കാൻ കഴിയാതെ തുറിച്ചു നോക്കി നിൽക്കുന്ന ഗൗരിയുടെ കയ്യിലേക്ക് ആ കാർഡ് വച്ചു കൊടുത്തു ആദിത്യൻ. അവളുടെ മിഴികൾ തുളുമ്പുന്നുണ്ടായിരുന്നു. അത് കണ്ടിട്ട് വീണ്ടും പുഞ്ചിരി തൂകി ആദിത്യൻ.

” ചേച്ചി ഒരു റിക്വസ്റ്റ് ഉണ്ട്.. ഇനി ചേച്ചി ഈ പണിക്ക് ഇറങ്ങരുത് ചേച്ചിയെ ഇങ്ങനെ കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല അതുകൊണ്ട് പറഞ്ഞതാണ്…..”

ആ വാക്കുകൾ ഗൗരിയുടെ മനസ്സിലാണ് പതിഞ്ഞത്. ആദിത്യന്റെ മുന്നിൽ തൊഴുകയ്യോടെ നിന്നു അവൾ

” ദൈവമാണ് നിങ്ങളെ എന്റെ മുന്നിലേക്കയച്ചത്.. അല്ലെങ്കിൽ ഒരു പക്ഷെ എന്റെ ഏട്ടന്റെ ആത്മാവ് ആകും… ഒരിക്കലും മറക്കില്ല ഞാൻ ഈ സഹായം..

അവളുടെ നിറമിഴികൾ നോക്കി നിന്ന ശേഷം പതിയെ പുറത്തേക്ക് നടന്നു ആദിത്യൻ. സംഭവിച്ചതൊക്കെയും അപ്പോഴും വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല ഗൗരിക്ക്.. പതിനെ അവളും ആ മുറിയ്ക്കു പുറത്തേക്കിറങ്ങി.
വെപ്രാളത്തിൽ ഓടി വരുന്ന കിരണിന്റെ കാണാമായിരുന്നു അവൾക്ക്

” എന്താ..ചേച്ചി എന്താ.. സംഭവിച്ചേ.. സാറിനെയും ചേച്ചി പിണക്കി വിട്ടൊ.. “വെപ്രാളത്തോടുള്ള അവന്റെ ചോദ്യങ്ങൾ അപ്പോൾ ഗൗരിയുടെ കാതുകളിൽ പതിഞ്ഞില്ല.

‘മരിച്ചു പോയെങ്കിലും ഏട്ടൻ എനിക്കൊപ്പം തന്നെയുണ്ട് ‘ഉറച്ച വിശ്വാസത്തോടെ ആ ലോഡ്ജിന്റെ പടികൾ ഇറങ്ങി ഗൗരി.

Leave a Reply

Your email address will not be published. Required fields are marked *