ആൾക്ക് മറ്റൊരു പെണ്ണിനെയുമായി സ്നേഹ ബന്ധമുണ്ടായിരുന്നത്രെ… അതൊന്നും അറിയാതെയാണ് ഞാൻ ബലിയാടായത്…

(രചന: J. K)

“”ദേ റഹ്മാൻ വന്നു ന്ന് ഇന്ന് ഉച്ചക്ക് “”അടുത്ത വീട്ടിലെ മുംതാസ് ഇത്തയാണ് വന്നു പറഞ്ഞത്.. അവരുടെ ഭർത്താവിന് ടാക്സി ഓടിക്കൽ ആണ് ജോലി..

തന്നെയുമല്ല റഹ്മാനിക്കായുടെ കൂട്ടുകാരനും കൂടിയാണ് അതുകൊണ്ട് എപ്പോ ദുബായിൽ നിന്ന് വരുമ്പോഴും എയർപോർട്ടിൽ നിന്ന് വീട്ടിലേക്ക് കൊണ്ടുവരാൻ വിളിക്കാറുള്ളത് മുംതാസ് ഇത്തയുടെ ഭർത്താവിനെയാണ്..

റഹ്മാനിക്ക വരുന്നത് അങ്ങനെ അറിഞ്ഞതാവും എന്ന് കരുതി ഷാഹിന അവൾ കൂടുതൽ ഒന്നും ചോദിക്കാൻ നിന്നില്ല…

“” അന്നോട് പറഞ്ഞില്ലേ ഷാഹി? “”
മുന വച്ചുള്ള ചോദ്യം കേട്ട് വരുത്തി തീർത്ത ചിരിയോടെ ഒന്ന് മൂളി വേഗം അകത്തേക്ക് നടന്നു..”

മോനെ അംഗനവാടിയിൽ നിന്ന് കൊണ്ടുവരാൻ സമയമായി വേഗം ഡ്രസ്സ് മാറ്റി അങ്ങോട്ടേക്ക് പോയി..

മൂന്നു വയസ്സ് തികഞ്ഞതേ ഉള്ളൂ അവന്..
ഇവിടെ നിർത്തിയാൽ പിന്നെ ഓരോ കാര്യത്തിന് വാശിപിടിക്കും അത് പിന്നെ ഇവിടെ നാത്തൂന്മാർക്കിടയിൽ മുറുമുറുപ്പ് ഉണ്ടാവാൻ കാരണമാകും

അതുകൊണ്ട് ഇത്തിരി സങ്കടം ഉണ്ടെങ്കിൽ കൂടി അവനെ അംഗനവാടിയിലേക്ക് വിടാറാണ് പതിവ്. അവിടുത്തെ ടീച്ചർ ഒരു നല്ല സ്വഭാവമുള്ള ആളാണ് അവർ നന്നായി മോനെ നോക്കും എന്ന് ഉറപ്പുണ്ടായിരുന്നു..

വൈകിട്ട് അവിടെ കുട്ടികളെ എല്ലാവരെയും കിടത്തി ഉറക്കുന്ന സ്വഭാവമുണ്ട് ഉണർന്നിട്ടില്ലായിരുന്നു മോൻ… വെറും പുൽപായിൽ കിടക്കുന്ന അവന്റെ നിഷ്കളങ്കമായ മുഖം കണ്ട് എന്തോ ഉള്ളിൽ വല്ലാത്ത നൊമ്പരം..

ഉണർത്താതെ അവനെയും എടുത്ത് ടീച്ചർ പാത്രത്തിലാക്കി വെച്ച് ഉപ്പുമാവും കൊണ്ട് വീട്ടിലേക്ക് നടന്നു..

മനസ്സ് ആകെ കലങ്ങി മറിഞ്ഞിട്ടുണ്ടായിരുന്നു..ഓർമ്മകൾ കുറച്ചു വർഷം മുന്നിലേക്ക് പോയി..

റഹ്മാനിക്കക്ക് നാട്ടിൽ തന്നെ ഉള്ള പണിയായിരുന്നു.. ഒരു വിസ റെഡിയായപ്പോഴാണ് ടിക്കറ്റിനുള്ള പൈസയ്ക്ക് വേണ്ടി പിടിച്ച് കെട്ടിച്ചത്…

ആൾക്ക് മറ്റൊരു പെണ്ണിനെയുമായി സ്നേഹ ബന്ധമുണ്ടായിരുന്നത്രെ… അതൊന്നും അറിയാതെയാണ് ഞാൻ ബലിയാടായത്…

ഉപ്പയ്ക്ക് വയ്യാതെ ഇരിക്കുകയായിരുന്നു അതുകൊണ്ട് തന്നെയാണ് വേഗം മകളുടെ കല്യാണം കഴിഞ്ഞു കാണണം എന്ന് മോഹം തോന്നിയത് മൂന്ന് ആങ്ങളമാർക്ക് ആകെ കൂടെ ഉണ്ടായിരുന്നു ഇളയ പെങ്ങളാണ് താൻ…

അവരുമായി കുറച്ച് അധികം പ്രായവ്യത്യാസമുണ്ട് ഞാൻ.. അവരെയെല്ലാം ആദ്യമേ കല്യാണം കഴിപ്പിച്ചിരുന്നു .

എന്റെ വിവാഹം, നടത്തിത്തന്നത് പറഞ്ഞതിലും കൂടുതൽ സ്ത്രീധനത്തുകയും ആഭരണങ്ങളും തന്നിട്ട് തന്നെയായിരുന്നു..

ആ പണം ഉപയോഗിച്ച് ആണ് ഇക്ക ടിക്കറ്റ് എടുത്തത്, ഒരു പെങ്ങളുടെ വിവാഹം അപ്പോഴേക്കും പറഞ്ഞു ഉറപ്പിച്ചിരുന്നു ബാക്കി പണവും എന്റെ പണ്ടങ്ങളും എല്ലാം അവളുടെ വിവാഹത്തിനു വേണ്ടി എടുത്തു..

എന്റെ വിവാഹം കഴിഞ്ഞ് രണ്ടുമാസത്തിനുശേഷം ആ വിവാഹവും നടത്തി..

ആ വിവാഹം കഴിഞ്ഞതും ഇക്ക വിമാനം കയറി… അപ്പോഴേക്കും അറിഞ്ഞിരുന്നു ഞാൻ ഗർഭിണിയാണ് എന്ന്…

എന്റെ വീട്ടുകാർക്കൊക്കെ വളരെ സന്തോഷമായിരുന്നു.. പക്ഷേ ഗൾഫിലേക്ക് പോയ ഇക്ക എന്നെ വല്ലപ്പോഴും ഒക്കെയെ വിളിക്കാറുണ്ടായിരുന്നുള്ളൂ..

ആ ശബ്ദം ഒന്ന് കേൾക്കാൻ കൊതിച്ച ഒരുപാട് സമയങ്ങൾ ഉണ്ടായിട്ടുണ്ട് പക്ഷേ അപ്പോഴൊന്നും അദ്ദേഹം എന്നെ വിളിച്ചില്ല.

ഇനി വിളിച്ചാലും എന്തെങ്കിലും ഒരു രണ്ടു വാക്ക് പറഞ്ഞ് വയ്ക്കും…അങ്ങനെയായിരുന്നു ഒരു വർഷത്തിനുശേഷം ഇക്ക ലീവിന് വരുന്നത്.. മോന് അന്ന് രണ്ടോ മൂ lന്നോ മാസം മാത്രമേ പ്രായം ഉണ്ടായിരുന്നുള്ളൂ..

സിസേറിയൻ ആയതിനാൽ ഞാൻ വീട്ടിൽ തന്നെയായിരുന്നു.. വരുന്നതിന്റെ തലേദിവസം മാത്രമാണ് എന്നോട് വിളിച്ചു പറഞ്ഞത്.

പക്ഷേ പെട്ടെന്ന് ശരിയായത് ആകും എന്ന് കരുതി എനിക്ക് അതിൽ അസ്വാഭാവികത ഒന്നും തോന്നിയില്ല.

വന്നതിനുശേഷം ഉള്ള ഇക്കയുടെ അവഗണന എന്നെ ശരിക്കും തളർത്തി കളഞ്ഞിരുന്നു എന്റെ വീട്ടിലേക്ക് ഒന്ന് വന്നതു പോലുമില്ല.. മോനെയും കൊണ്ട് ഞാൻ അങ്ങോട്ടേക്ക് ചെന്നു.

ഒരു അധികപ്പറ്റ് ആയിട്ടായിരുന്നു അവിടെ ഇക്ക എന്നെ കണക്കാക്കിയത്..എനിക്ക് എന്തു വേണം എന്നറിയില്ലായിരുന്നു..

അപ്പോഴാണ് ഞാൻ അറിഞ്ഞത് ഇക്ക വിവാഹത്തിന് മുമ്പ് സ്നേഹിച്ചിരുന്ന പെണ്ണുമായി ഇപ്പോഴും ബന്ധം ഉണ്ട് എന്ന്..

ഗൾഫിൽ പോയിട്ടും അവളെ ആണ് വിളിച്ചിരുന്നത് അവൾക്കും കൂടിയുള്ള വിസ റെഡിയാക്കിയിട്ടാണ് ഇത്തവണ ഇക്ക നാട്ടിൽ വന്നിരിക്കുന്നത് പോകുമ്പോൾ അവളും കൂടെ കാണുമത്രേ…

കേട്ടതൊന്നും വിശ്വസിക്കാനാവാതെ ഞാൻ നിന്നു ഇക്കയോട് തന്നെ നേരിട്ട് ചോദിച്ചു…
“” അവളെ മറക്കാൻ കഴിയില്ല ഈ വിവാഹത്തിന് എല്ലാവരും കൂടി നിർബന്ധിച്ച് എനിക്ക് വേറെ വഴിയില്ലാതെ സമ്മതിച്ചതാണ് എന്ന് ഇക്ക പറഞ്ഞു””

എന്റെ സമനില തെറ്റുന്നത് പോലെ തോന്നി. എന്റെ കയ്യിലുള്ള കുഞ്ഞിനെ നീട്ടി ഞാൻ ചോദിച്ചു അപ്പോൾ ഇതോ എന്ന്??

ഇതിൽ അയാൾക്കുള്ള ഉത്തരവാദിത്വം ഒരിക്കലും അയാൾക്ക് നിഷേധിക്കാനാവില്ലല്ലോ..

“” തലകുനിച്ചു നിന്ന് അയാൾ എന്നോട് പറഞ്ഞു നിനക്ക് മോനും കഴിയാനുള്ളത് മാസ മാസം ഞാൻ എന്തെങ്കിലും അയച്ചു തരാമെന്ന് അയാളുടെ വലിയ മനസ്സ്…

അന്ന് അവനെയും കയ്യിലെടുത്ത് ആ പടിയിറങ്ങിയതാണ്..അയാളുടെ ഒരു ചില്ലി കാശ് പോലും എന്റെ മോന് വേണ്ട എന്നും പറഞ്ഞു..വീട്ടിൽ വന്നപ്പോഴും വലിയ സുഖമൊന്നും ഉണ്ടായിരുന്നില്ല..

എന്റെ അവസ്ഥ കണ്ട് ഉപ്പ ചങ്കുപൊട്ടി മരിക്കുന്നതുവരെ എനിക്കും വലിയ പ്രശ്നമൊന്നും അവിടെ ഉണ്ടായിരുന്നില്ല അതിനുശേഷം നാത്തൂൻ മാരുടെ മുറുമുറുപ്പ് തുടങ്ങി ഇക്കാക്കമാരും വലിയ പ്രാധാന്യമൊന്നും ഞങ്ങൾക്ക് തന്നില്ല..

എന്തെങ്കിലും ഒരു ജോലി കണ്ടുപിടിച്ച് ഞങ്ങളുടെ ചിലവ് എല്ലാം എനിക്ക് നോക്കണം എന്നുണ്ടായിരുന്നു. അങ്ങനെയാണ് തയ്യൽ പഠിച്ചത് പൊടിതട്ടി എടുത്തത്.. അവിടെ അടുത്തുതന്നെയുള്ള ഒരു ഗാർമെന്റ്സിൽ ജോലി ശരിയായി..

എന്റെ അവസ്ഥയറിഞ്ഞ് അവിടെത്തന്നെയുള്ള ഒരു ചേച്ചി അവരുടെ പഴയ വീട്ടിൽ വന്ന് താമസിച്ചുകൊള്ളാൻ പറഞ്ഞു ചെറിയ ഒരു വാടകയും…

മോനെയും കൊണ്ട് ഉമ്മയെയും കൂട്ടി അങ്ങോട്ട് മാറാൻ ഇരിക്കുകയാണ്.. അപ്പോഴാണ് ഈ വാർത്ത അയാൾ വീണ്ടും വന്നിട്ടുണ്ട് എന്ന്..
അത് എന്നെ സംബന്ധിക്കുന്നതല്ല എന്ന് വിചാരിച്ച് ഞാൻ കഴിഞ്ഞുകൂടി…

ഞങ്ങൾ വാടക വീട്ടിലേക്ക് മാറിയതും അയാൾ ഞങ്ങളെ കാണാൻ വന്നിരുന്നു..
അയാളുടെ തെറ്റ് പൊറുത്ത് കൊടുക്കണം അയാളുടെ കൂടെ ചെല്ലണം എന്നെല്ലാം പറഞ്ഞു…

പ്രണയിച്ച പെൺകുട്ടിയെ വിവാഹം കഴിഞ്ഞിട്ടും, കൈവിടാത്ത ആൾക്ക് എന്തുപറ്റി എന്നായിരുന്നു ഞാൻ..

അയാൾക്ക് മനസ്താപമാണ് എന്നെ ചതിച്ചതിൽ എന്നാണ് അയാൾ കാരണം പറഞ്ഞത് പക്ഷേ അതൊന്നുമല്ല അവർക്കിടയിൽ എന്തോ വലിയ പ്രശ്നം ഉണ്ടായിട്ടുണ്ട് ഇപ്പോൾ ആ ബന്ധമില്ല എന്ന് ഞാൻ മനസ്സിലാക്കി…

അവൾ പോയതിന്റെ ഒഴിവിലേക്ക് എന്നെ ക്ഷണിക്കാൻ വന്നതാണ്..ഉമ്മ എന്നെ പ്രതീക്ഷയോടെ നോക്കി ഉമ്മയുടെ കാലം കഴിഞ്ഞാൽ എനിക്ക് ആരും ഉണ്ടാവില്ല എന്ന് കൂടെക്കൂടെ പറയും ഇപ്പോൾ എനിക്ക് കിട്ടിയ പിടിവള്ളി ആയിട്ട് ആകും ഉമ്മ ഇതിനെ കണ്ടത്..

പക്ഷേ എനിക്ക് അയാളോട് പറയാനുള്ളത് അവിടെ നിന്ന് ഇറങ്ങണം എന്ന് മാത്രമായിരുന്നു..

അയാൾ ഒന്നു വിചാരിച്ചിരുന്നെങ്കിൽ എന്റെ ജീവിതം ഇങ്ങനെ ആവുമായിരുന്നില്ല പ്രണയിച്ച പെണ്ണിനെ അയാൾക്ക് പിരിയാൻ കഴിയില്ലെങ്കിൽ വിവാഹത്തിനുമുമ്പേ അത് തുറന്നു പറയണമായിരുന്നു.

അതായിരുന്നു അന്തസ്സ് വിവാഹവും കഴിച്ച് അവളുടെ സ്വർണവും പണവും എല്ലാം എടുത്ത് അവസാനം കറിവേപ്പില പോലെ അവളെ വലിച്ചെറിഞ്ഞ് ഇപ്പോൾ അയാൾക്ക് വേണമെന്ന് തോന്നുമ്പോൾ വന്നു വിളിക്കുമ്പോൾ കൂടെ ഇറങ്ങി പോകാൻ ഞാൻ മരപ്പാവ ഒന്നുമല്ല എനിക്കുമുണ്ട് എന്റേതായ അഭിമാനം…

എന്റെ മോനെ ഞാൻ കൊണ്ടുപോകും എന്നായി അയാൾ..അതിന് ഇത് നിങ്ങളുടെ മോനാണെന്ന് ആരെങ്കിലും പറഞ്ഞോ എന്ന് ചോദിച്ചു..

ഇവന് ഉപ്പയില്ല.. അങ്ങനെ ഒരു ഉപ്പയെ ഇവൻ കണ്ടിട്ടുമില്ല.. അതുകൊണ്ട് ആ അധികാരം ഇനി കാണിക്കാൻ നിൽക്കണ്ട..

എന്ന് പറഞ്ഞ് ഞാൻ അയാളെ ഇറക്കിവിട്ടു അറിയാമായിരുന്നു ഇനിയും അയാൾ പലരീതിക്കും ഞങ്ങളെ അങ്ങോട്ട് കൊണ്ടു പോകാൻ ശ്രമിക്കുമെന്ന്…

പക്ഷേ ചാവേണ്ടി വന്നാലും ആ പടി കയറില്ല എന്നത് എന്റെ തീരുമാനമാണ്… മുറിവേറ്റ ഒരു പെണ്ണിന്റെ തീരുമാനം..

Leave a Reply

Your email address will not be published. Required fields are marked *