ഇനി അമ്മയോടൊപ്പം അങ്ങനെ കിടക്കാൻ പറ്റില്ല മോനെ. ഉറക്കത്തിൽ അറിയാതെ എങ്ങാനും നീ കയ്യോ കാലോ അമ്മയുടെ മേത്തേക്ക് എടുത്തിട്ടാൽ കുഞ്ഞുവാവയ്ക്ക് വേദനിക്കും.

(രചന: ശ്രേയ)

ഒരു ദിവസം സ്കൂളിൽ നിന്ന് വരുമ്പോൾ വീട്ടിൽ അച്ഛനും അപ്പൂപ്പനും അമ്മുമ്മയും ഒക്കെ ഉണ്ട്. സ്വതവേ അപ്പൂപ്പനും അമ്മൂമ്മയും വരുന്നത് തനിക്ക് സന്തോഷം തന്നെയാണ്.

അതുകൊണ്ട് തന്നെ അവരെ കണ്ടപ്പോൾ ഉത്സാഹത്തോടെ അടുത്തേക്ക് ഓടി ചെന്നു വിശേഷങ്ങൾ ചോദിക്കാൻ തുടങ്ങി.

പെട്ടെന്നാണ് അവിടെ അമ്മയുടെ അസാന്നിധ്യം താൻ അനുഭവിക്കാൻ തുടങ്ങിയത്.അപ്പൂപ്പനും അമ്മൂമ്മയും എന്തൊക്കെയോ ചോദിക്കുന്നുണ്ട്.പക്ഷേ അത് ശ്രദ്ധിക്കാതെ താൻ അമ്മയെ തിരഞ്ഞ് അകത്തേക്ക് നടന്നു.

അടുക്കളയിൽ ചെല്ലുമ്പോൾ അമ്മയെ അവിടെയൊന്നും കണ്ടില്ല. അതോടെ വല്ലാത്തൊരു ഭയം തോന്നി.

സാധാരണ താൻ വരുന്ന സമയത്ത് അമ്മ ഉമ്മറത്തു തന്നെ ഉണ്ടാകേണ്ടതാണ്. അല്ലെങ്കിൽ പിന്നീട് ഉണ്ടാവുക അടുക്കളയിലാണ്. തനിക്ക് ഇഷ്ടപ്പെട്ട എന്തെങ്കിലും ആഹാരങ്ങൾ ഒക്കെ ഉണ്ടാക്കി തന്നെയും കാത്തിരിക്കുകയാവും അമ്മ.

ഇന്ന് പതിവിന് വിപരീതമായി രണ്ടിടങ്ങളിലും അമ്മയെ കണ്ടില്ല. ഭയത്തോടെ മുറിയിലേക്ക് ചെന്നു. തളർച്ചയോടെ അമ്മ കിടക്കുന്നത് കണ്ടപ്പോൾ വല്ലാതെ സങ്കടം വന്നു.

” അമ്മേ.. അമ്മയ്ക്ക് എന്തുപറ്റി..? “സങ്കടത്തോടെ അമ്മയെ തട്ടി വിളിച്ചു കൊണ്ട് ചോദിച്ചു. വയ്യായ്കയോടെ അമ്മ കണ്ണു തുറന്നു നോക്കി.” അമ്മയ്ക്ക് വയ്യ കുഞ്ഞാ.. ”

പതിഞ്ഞ ശബ്ദത്തിൽ അമ്മ മറുപടി പറഞ്ഞപ്പോൾ എന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.

“അമ്മയ്ക്ക് എന്താ..?”വീണ്ടും ചോദ്യം ആവർത്തിച്ചു. പക്ഷേ അപ്പോഴേക്കും അച്ഛൻ മുറിയിലേക്ക് കയറി വന്നു.

“അപ്പു ഇവിടെ വാ.. അച്ഛന് മോനോട് കുറച്ച് സംസാരിക്കാനുണ്ട്.”അച്ഛൻ പറഞ്ഞപ്പോൾ ഒരു പകപോടെയാണ് അച്ഛനെ നോക്കിയത്.”അമ്മയ്ക്ക് വയ്യാത്തതല്ലേ അച്ഛാ അമ്മയ്ക്ക് എന്താ പറ്റിയത്..?”

സങ്കടത്തോടെ അച്ഛനോട് ചോദിച്ചപ്പോൾ അച്ഛൻ തലയിൽ തലോടി ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു.

” അമ്മയ്ക്ക് ഒന്നുമില്ല മോനെ. ചെറിയൊരു തളർച്ചയെ ഉള്ളൂ. മോൻ ഇവിടെ വാ അച്ഛൻ കുറച്ചു കാര്യങ്ങൾ പറഞ്ഞു തരാം..”

എന്നെയും വിളിച്ചു കൊണ്ട് അച്ഛൻ പുറത്തേക്കിറങ്ങുമ്പോഴും എന്റെ കണ്ണുകൾ അമ്മയിൽ തന്നെയായിരുന്നു. ആ സമയം കൊണ്ട് അമ്മ വീണ്ടും കണ്ണുകൾ അടച്ചിരുന്നു.

അമ്മയ്ക്ക് കാര്യമായ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ട് എന്ന് എനിക്ക് തോന്നിത്തുടങ്ങി.

എന്നെയും കൊണ്ട് അച്ഛൻ നേരെ പോയത് ഉമ്മറത്തേക്ക് ആയിരുന്നു.”അമ്മയ്ക്ക് എന്താ അച്ഛാ പറ്റിയത്..? അമ്മ ആശുപത്രിയിൽ പോയോ..?”സങ്കടത്തോടെ അന്വേഷിച്ചപ്പോൾ അച്ഛൻ ചിരിച്ചു.

“അമ്മയ്ക്ക് അസുഖം ഒന്നുമല്ല. പകരം ഒരു സന്തോഷ വാർത്തയാണ് നിന്നോട് പറയാനുള്ളത്. മോനു കൂട്ടിന് ഒരു കുഞ്ഞ് അനിയനോ അനിയത്തിയോ വരുന്നുണ്ട്.”അച്ഛൻ പറഞ്ഞപ്പോൾ അതിന്റെ അർത്ഥം മനസ്സിലാകാതെ അച്ഛനെ നോക്കി.

” അമ്മയുടെ വയറ്റിൽ ഒരു കുഞ്ഞുവാവ വളരുന്നുണ്ട്. അതുകൊണ്ടാണ് അമ്മയ്ക്ക് ഇപ്പോൾ ഇങ്ങനെ ചെറിയൊരു തളർച്ച ഒക്കെ തോന്നിയത്. അത് കണ്ടിട്ട് അപ്പൂ പേടിക്കണ്ട കേട്ടോ.. ”

അച്ഛൻ പറഞ്ഞപ്പോൾ തലയാട്ടി സമ്മതിച്ചു.എന്താ ക്ലാസിലെ കൂട്ടുകാർക്കൊക്കെ അനിയനോ അനിയത്തിയോ ഒക്കെ ഉള്ളതാണ്. തനിക്ക് മാത്രമാണ് അങ്ങനെ ആരുമില്ലാത്തത്.

അമ്മയുടെ വയറ്റിൽ കുഞ്ഞുവാവയുണ്ട് എന്ന് കേട്ടപ്പോൾ വല്ലാത്ത സന്തോഷം തോന്നി. എനിക്കും കൂട്ടിന് ആളുണ്ടാകുമല്ലോ എന്നൊരു സന്തോഷം.

പിന്നീടുള്ള ഓരോ നിമിഷവും തനിക്ക് സന്തോഷം തന്നെയായിരുന്നു. കുഞ്ഞുവാവ വരുമ്പോൾ എന്തൊക്കെ ചെയ്യണം എന്തൊക്കെ കളിക്കണം എന്നൊക്കെ അപ്പോൾ തന്നെ ചിന്തിക്കാൻ തുടങ്ങി.

രാത്രിയിൽ എല്ലാ ദിവസത്തെയും പോലെ അമ്മയോടൊപ്പം ഉറങ്ങാൻ ചെന്നപ്പോഴാണ് അത് പറ്റില്ല എന്ന് അമ്മൂമ്മ പറയുന്നത്.

” ഇനി മുതൽ മോൻ അമ്മൂമ്മയോടൊപ്പം കിടന്നാൽ മതി കേട്ടോ.ഇനി കുറച്ചു നാളത്തേക്ക് ഞങ്ങൾ ഇവിടെ ഉണ്ടാകുമല്ലോ. ”

അമ്മൂമ്മ അത് പറഞ്ഞു കൊണ്ട് അമ്മയുടെ അടുത്തു നിന്ന് തന്നെ എഴുന്നേൽപ്പിക്കുമ്പോൾ തനിക്ക് വല്ലാതെ വേദനിച്ചു.

” ഞാൻ അമ്മയോടൊപ്പം മാത്രമേ കിടക്കൂ. അല്ലെങ്കിൽ എനിക്ക് സങ്കടം വരും.. “ഞാൻ കരഞ്ഞു കൊണ്ട് അമ്മയോടും അമ്മൂമ്മയോടും ഒക്കെ പറഞ്ഞു.

” ഇനി അമ്മയോടൊപ്പം അങ്ങനെ കിടക്കാൻ പറ്റില്ല മോനെ. ഉറക്കത്തിൽ അറിയാതെ എങ്ങാനും നീ കയ്യോ കാലോ അമ്മയുടെ മേത്തേക്ക് എടുത്തിട്ടാൽ കുഞ്ഞുവാവയ്ക്ക് വേദനിക്കും. അതുകൊണ്ട് മോൻ അവരെ ശല്യം ചെയ്യാതെ അമ്മൂമ്മയോടൊപ്പം വാ..”

എന്റെ കണ്ണുനീര് വക വയ്ക്കാതെ അമ്മൂമ്മ എന്നെ അവരോടൊപ്പം കൊണ്ടു പോയി കിടത്തി. അമ്മ ഒരു നോക്കു കൊണ്ടോ വാക്കു കൊണ്ടോ അതിനെ തടുക്കാത്തത് തനിക്ക് ഒരു അത്ഭുതം തന്നെയായിരുന്നു.

അന്ന് വരെ മോൻ അമ്മയോടൊപ്പം ഇല്ലെങ്കിൽ അമ്മയ്ക്ക് ഒരു സുഖവും ഉണ്ടാകില്ലടാ എന്ന് പറഞ്ഞ് അമ്മ തന്നെ മൗനമായി അതിന് അനുവാദം നൽകുന്നത് കണ്ടപ്പോൾ ചങ്ക് പിടഞ്ഞു.

പിറ്റേന്ന് മുതൽ സ്കൂളിൽ പോകുന്ന സമയത്ത് എന്നെ യാത്രയാകാനോ എന്നെ കുളിപ്പിക്കാനോ ഒന്നിനും അമ്മ വന്നില്ല. എനിക്ക് ആഹാരം വാരി തന്നത് അമ്മൂമ്മയായിരുന്നു.

അമ്മയോട് ഒന്ന് കുളിപ്പിച്ചു തരാൻ പറഞ്ഞപ്പോൾ അമ്മൂമ്മ എന്നോട് വല്ലാതെ ദേഷ്യപ്പെട്ടു.

” നിനക്ക് പറഞ്ഞാൽ മനസ്സിലാകില്ലേ..? അവളുടെ വയറ്റിൽ ഒരു കൊച്ചുള്ളതാണ്. ആ സമയത്ത് നിന്റെ താളത്തിന് തുള്ളിയാൽ അവളുടെ കാര്യങ്ങളൊക്കെ ആര് നോക്കും..? ഈ സമയത്ത് അവളെ അങ്ങനെ ശല്യം ചെയ്യാൻ പാടില്ല. ”

അമ്മമ്മ ദേഷ്യപ്പെട്ടതോടെ തനിക്ക് അമ്മയോടും വയറ്റിലുള്ള കുഞ്ഞുവാവയോടും വരെ ദേഷ്യം തോന്നിത്തുടങ്ങി.

പിന്നീടുള്ള ഓരോ ദിവസവും അമ്മയുടെ അവഗണനകൾ ഞാൻ അറിയുകയായിരുന്നു.ആ വീട്ടിൽ എനിക്ക് വേണ്ടത്ര പരിഗണന കിട്ടുന്നില്ല എന്ന് വരെ എനിക്ക് തോന്നിത്തുടങ്ങി.

അമ്മയുടെ അടുത്ത് കുറച്ച് സമയം ചെലവഴിക്കാൻ എനിക്ക് ഒരുപാട് മോഹം തോന്നുന്നുണ്ടായിരുന്നു. പക്ഷേ അമ്മയുടെ ക്ഷീണവും അവശതയും ഒക്കെ എന്നെ അതിൽ നിന്നും തടഞ്ഞു.

എന്റെ അമ്മയെ ഇത്രത്തോളം കഷ്ടപ്പെടുത്തുന്നത് വയറ്റിലുള്ള കുഞ്ഞുവാവയാണ് എന്ന് എനിക്ക് തോന്നിത്തുടങ്ങി.

അമ്മയ്ക്ക് ആഹാരം പോലും ശരിക്കും കഴിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. ഇത്രത്തോളം എന്തിനാണ് അമ്മയെ ബുദ്ധിമുട്ടിക്കുന്നത് എന്ന് വാവയോട് ചോദിക്കണം എന്ന് എനിക്ക് തോന്നി.

പക്ഷേ അമ്മയുടെ അടുത്തേക്ക് പോകാൻ പോലും എന്നെ ആരും സമ്മതിക്കുന്നുണ്ടായിരുന്നില്ല. ഞാൻ അമ്മയുടെ അടുത്ത് ചെന്നിരിക്കുന്നത് അമ്മയ്ക്ക് കേടാണത്രേ..!

അമ്മയിൽ എനിക്കുള്ള നിയന്ത്രണങ്ങൾ വർധിക്കുവാൻ എനിക്ക് അമ്മയോടും അമ്മയുടെ വയറ്റിലുള്ള വാവയോടും ദേഷ്യം പതിന്മടങ്ങായി വർദ്ധിക്കാൻ തുടങ്ങി.

പിന്നീട് അമ്മ എന്നെ നോക്കി ചിരിച്ചാൽ പോലും അമ്മയുടെ മുഖത്തേക്ക് നോക്കാൻ എനിക്ക് കഴിയാതെയായി. വൈകുന്നേരം സ്കൂളിൽ നിന്ന് വന്നാൽ വീട്ടിലെ ഏതെങ്കിലും ഒരു മുറിക്കുള്ളിൽ ഒതുങ്ങിക്കൂടും.

ആഹാരം കഴിക്കുന്ന സമയത്ത് മാത്രമാണ് എല്ലാവരുടെയും ഒപ്പം ഇരിക്കുന്നത്. അപ്പോഴും ആരോടും സംസാരിക്കാതെ എന്റെ ആഹാരം മാത്രം കഴിച്ചു കൊണ്ട് മുറിയിലേക്ക് പോകും.

രാവിലെ അമ്മ വന്നു വിളിച്ചുണർത്താൻ വാശി പിടിച്ചിരുന്ന താൻ പിന്നീട് ആരും വിളിക്കാതെ തന്നെ എഴുന്നേറ്റു തുടങ്ങി. എന്റെ കാര്യങ്ങൾ ഞാൻ തന്നെ ചെയ്യണം എന്ന് അമ്മൂമ്മ എന്നെ പഠിപ്പിച്ചു. ബ്രഷ് ചെയ്യാനും കുളിക്കാനും ഒക്കെ ഞാൻ പഠിച്ചു.

ഒരു സമയത്തും അമ്മയുടെ സാമീപ്യം എനിക്ക് കിട്ടാതെയായി..അങ്ങനെയിരിക്കെ ഒരിക്കൽ ഞാൻ വൈകുന്നേരം വീട്ടിലെത്തിയപ്പോൾ അവിടെ ആരും ഉണ്ടായിരുന്നില്ല. എന്നെയും പ്രതീക്ഷിച്ച് അപ്പൂപ്പൻ കസേരയിൽ ഇരിക്കുന്നുണ്ടായിരുന്നു.

എല്ലാ ദിവസത്തെയും പതിവു പോലെ മുറിയിലേക്ക് പോയ എന്നെ പിടിച്ചു നിർത്തിയത് അപ്പൂപ്പൻ ആയിരുന്നു.

” അമ്മയെ ആശുപത്രിയിലേക്ക് കൊണ്ടു പോയിരിക്കുകയാണ്.മോൻ പോയി റെഡിയായി വാ.. നമുക്കും അവിടെ വരെ പോകാം.”

അപ്പൂപ്പൻ അത് പറഞ്ഞപ്പോൾ പേടി തോന്നി. വേഗം തന്നെ റെഡിയായി ആശുപത്രിയിലേക്ക് ചെന്നു.

അവിടെ ഒരു ബെഡിൽ അമ്മയോടൊപ്പം ഒരു കുഞ്ഞു കിടക്കുന്നത് ഞാൻ കണ്ടു. അതിനെ കണ്ട മാത്രയിൽ എന്റെ കണ്ണുകൾ വിടർന്നു.

റോസാപ്പൂ പോലെ അത്രയും മൃദുലമായ ഒരു കുട്ടി.. കണ്ണു ഇറുക്കെ അടച്ചു പിടിച്ചു കൊണ്ട് കരയുകയാണ് കക്ഷി. കൗതുകത്തോടെ ഞാൻ അത് നോക്കി നിന്നപ്പോൾ അമ്മ അടുത്തേക്ക് വിളിച്ചു.”മോന്റെ അനിയത്തിയാണ്..”

അമ്മ അത് പറഞ്ഞപ്പോൾ ഇത്രയും കാലം അമ്മയെ എന്നിൽ നിന്ന് അകറ്റി നിർത്തിയവരോട് പരിഭവം കാണിക്കണം എന്ന് തോന്നിയെങ്കിലും ആ കുഞ്ഞു മുഖത്തേക്ക് നോക്കിയപ്പോൾ സന്തോഷം തോന്നി.

എന്റെ അമ്മയെ കുറേയേറെ ബുദ്ധിമുട്ടിച്ചു കൊണ്ട് ഈ ലോകത്തേക്ക് വന്ന അനിയത്തിയെ കൗതുകത്തോടെ നോക്കി നിൽക്കുമ്പോൾ മനസ്സുകൊണ്ട് അവളോട് ചോദിക്കുന്നുണ്ടായിരുന്നു എന്തിനാണ് അമ്മയുടെ അടുത്തു നിന്ന് എന്നെ മാറ്റി നിർത്തിയത് എന്ന്..?

അത് മനസ്സിലായത് പോലെ അവൾ ഉറക്കത്തിലും പുഞ്ചിരിക്കുന്നുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *