ദേ..ചെക്കാ ദേ വേണ്ടാത്ത പണിക്ക് നിൽക്കല്ലേ ട്ടാ.. അതൊക്കെ കല്യാണം കഴിഞ്ഞു മതി… നീ പിണങ്ങേണ്ട ന്ന് വച്ചിട്ടാ കറങ്ങാൻ പോകാം ന്ന് പറഞ്ഞപ്പോ ഞാൻ കൂടെ വന്നേ

(രചന: പ്രജിത്ത് സുരേന്ദ്രബാബു)

 

“ദേ..ചെക്കാ ദേ വേണ്ടാത്ത പണിക്ക് നിൽക്കല്ലേ ട്ടാ.. അതൊക്കെ കല്യാണം കഴിഞ്ഞു മതി… നീ പിണങ്ങേണ്ട ന്ന് വച്ചിട്ടാ കറങ്ങാൻ പോകാം ന്ന് പറഞ്ഞപ്പോ ഞാൻ കൂടെ വന്നേ.. മര്യാദയ്ക്ക് എന്നെ തിരികെ കൊണ്ടാക്ക് ”

രാഹുലിന്റെ കരവലയത്തിൽ നിന്നും കുതറി മാറി ദീപിക.” ശ്ശേ… ഒരു ഉമ്മയല്ലേ ഞാൻ ചോദിച്ചുള്ളൂ.. അതേലും തന്നുടെ.. ഇതൊക്കെ ഒരു കാമുകന്റെ മൗലികാവകാശങ്ങളിൽ പെടുന്നതാ കേട്ടോ.. ”

തെല്ല് നിരാശയിൽ അവളെ നോക്കി നിന്നു രാഹുൽ.” ഓഹോ.. ഇതൊക്കെ മൗലികാവകാശം ആണോ.. എന്നാൽ ഈ അവകാശം ഞാൻ അങ്ങ് കട്ട് ചെയ്യുവാ.. ഉമ്മയേയും ബാപ്പയേയുമൊക്കെ മോനങ്ങ് വീട്ടിൽ ഇരുത്തിയാൽ മതി.. ഇപ്പോൾ വേഗം വന്ന് വണ്ടി എടുക്ക് സമയം ദേ ഉച്ചയോടടുക്കുന്നു. നമുക്ക് വേഗം വീട് പിടിക്കാം ”

അത്രയും പറഞ്ഞു പുഞ്ചിരിയോടെ ദീപിക ബൈക്കിനരികിലേക്ക് നടന്നു. ഇനി നിന്നിട്ട് കാര്യമില്ല എന്ന് മനസ്സിലാക്കിയതോടെ പിന്നാലെ ചെന്നു രാഹുലും. പതിയെ അവർ രാഹുലിന്റെ ബൈക്കിലേക്ക് കയറി അവിടെ നിന്നും തിരിച്ചു.

” ടാ ഈ രണ്ട് ഹെൽമെറ്റ്‌ വയ്ക്കണം ന്നുള്ള നിയമം ഒരു ഉപകാരം ആയി അല്ലേ.. ഇതുപോലെ കറങ്ങാൻ പോകുമ്പോ ആളെ തിരിച്ചറിയാതെ രക്ഷപ്പെടാലോ ”

യാത്രയ്ക്കിടെ ദീപികയുടെ കമന്റ് കേട്ട് ചിരിച്ചു പോയി രാഹുൽ..” നീ പറഞ്ഞത് ശെരിയാണ്.. ഫ്രീ ആയി എവിടേ വേണേലും പോവാം.. ”

കുറച്ചൂടെ മുന്നിലേക്ക് പോകുമ്പോൾ എതിരെ വരുന്ന ബൈക്ക് യാത്രക്കാർ എന്തോ സിഗ്നൽ തരുന്നത് ശ്രദ്ധിച്ചു അവൻ. വേഗത്തിൽ തന്നെ കാര്യവും മനസ്സിലാക്കി.

” ദീപികേ.. വഴിയിൽ എവിടെയോ പോലീസ് ചെക്കിങ് ഉണ്ട് കേട്ടോ. ദേ ഓപ്പോസിറ്റ് വരുന്ന വണ്ടിക്കാര് സിഗ്നൽ തരുന്നുണ്ട്. ”

പറഞ്ഞു തീരുമ്പോൾ തന്നെ അവൻ കണ്ടു മുന്നിലേക്ക് കുറച്ചകലെ നിർത്തിയിട്ടേക്കുന്ന പോലീസ് വാഹനവും ചെക്കിങ്ങിനായി നിൽക്കുന്ന പോലീസുകാരെയും.

” ദേ നിൽക്കുന്നു പോലീസ് “കണ്ട പാടെ ദീപികയും ചൂണ്ടി കാണിച്ചു. പ്രതീക്ഷിച്ച പോലെ തന്നെ പോലീസുകാർ കൈ കാണിച്ചു അവർക്ക് മുന്നിലായി ബൈക്ക് നിർത്തി ഹെൽമറ്റ് ഊരി രാഹുൽ.

അത് കണ്ട് പിന്നിൽ ഇരുന്ന ദീപികയും ഹെൽമറ്റ് ഊരി മാറ്റി. ആദ്യമായിട്ടാണ് അവൾ പോലീസിനെ ഇത്ര അടുത്ത് കാണുന്നെ അതുകൊണ്ട് തന്നെ ചെറിയൊരു ഭയം ഉള്ളിൽ കടന്നു കൂടി. മാത്രമല്ല വീട്ടുകാരറിയാതെയുള്ള കറക്കം കൂടിയാണല്ലോ

” പേപ്പറൊക്കെ ഉണ്ടോടെ “കൈ കാണിച്ച പോലീസുകന്റെ ചോദ്യത്തിന് അതേ എന്ന് തലയാട്ടി രാഹുൽ.

“എവിടേക്കാണ് മോനെ ഒരു കറക്കം.. ഈ വണ്ടി ഓടിക്കുവാനൊക്കെയുള്ള ലൈസൻസ് ഉണ്ടോ നിനക്ക്‌ ”

പിന്നിൽ നിന്നുമുള്ള ആ ചോദ്യം കേട്ട് തിരിഞ്ഞ രാഹുൽ കണ്ടത് എസ് ഐ നകുലനെയായിരുന്നു. അയാളെ കണ്ട മാത്രയിൽ ചെറിയൊരു നടുക്കം അവന്റെ ഉള്ളിൽ ഉടലെടുത്തു.

കാരണം സ്ത്രീ വിഷയത്തിൽ അല്പം ചീത്തപ്പേരുള്ള എസ് ഐ നകുലനെ പറ്റി മുന്നേ തന്നെ പലരിൽ നിന്നും അവൻ കേട്ടിരുന്നു. നകുലന്റെ ദ്വയാർത്ഥത്തിലുള്ള ചോദ്യവും വൃത്തികെട്ട നോട്ടവും ദീപികയെയും അസ്വസ്ഥയാക്കി.

” ഉണ്ട് സർ… എനിക്ക് ഹെവി ലൈസൻസ്സ് വരെ ഉണ്ട് “രാഹുലിന്റെ മറുപടിയിൽ തെല്ലൊരു ഭയം അലതല്ലി.

” ഉവ്വാ .. അത് ശെരിയാ ഈ വണ്ടി ഓടിക്കണേൽ ചിലപ്പോ ഹെവി തന്നെ വേണ്ടി വരും.. അല്ലെടോ ബാലചന്ദ്രാ ”

കൂടെ നിന്ന കോൺസ്റ്റബിളിനെ നോക്കി കണ്ണ് കാണിച്ചു ദ്വയാർത്ഥത്തിലുള്ള കമന്റുകൾ ഒന്നിന് പിറകെ ഒന്നായി അയാളുടെ വായിൽ നിന്നും വന്നുകൊണ്ടേയിരുന്നു.

” വേണ്ടി വരും സാറേ… ഇത് ഹെവിയാണ് “ബാലചന്ദ്രനും ഒട്ടും പിന്നിലല്ലായിരുന്നു.തന്നെ ഉദ്ദേശിച്ചാണ് അവരുടെ കമന്റുകൾ എന്ന് മനസ്സിലാക്കിയിട്ടും ശാന്തയായി നിന്നു ദീപിക.

“വണ്ടിയുടെ പേപ്പറുകൾ ഇങ്ങെടുത്തെ മോനെ.. സാറൊന്ന് പരിശോധിക്കട്ടെ.. “ദീപികയ്ക്ക് നേരെയുള്ള വഷളൻ നോട്ടം തുടർന്നു കൊണ്ട് തന്നെ രാഹുലിനോട് ആവശ്യപ്പെട്ടു നകുലൻ.

ആവശ്യലുള്ള ഡോക്യൂമെന്റസ് നൽകി മൗനമായി നിന്നു രാഹുൽ. അവ ഓരോന്നായി പരിശോധിക്കവേയാണ് വണ്ടിയുടെ പൊല്യൂഷൻ ടെസ്റ്റ്‌ കാലാവധി കഴിഞ്ഞ കാര്യം നകുലൻ മനസ്സിലാക്കിയത്. അ തോടെ അയാളുടെ മിഴികൾ തിളങ്ങി

” ഇതിൽ പൊക ടെസ്റ്റ്‌ കാലാവധി കഴിഞ്ഞല്ലോ മോനെ.. ഇതൊന്നും നോക്കാറില്ലേ നീ.. “ആ ചോദ്യം കേട്ട് രാഹുൽ ഒന്ന് പതറി..

” അ.. അയ്യോ സർ അത് ശ്രദ്ധിക്കാതെ പോയതാണ്. ഇന്ന് തന്നെ ഞാൻ പുക ടെസ്റ്റ്‌ ചെയ്‌തോളാം ”

അപേക്ഷയുടെ സ്വരത്തിൽ രാഹുൽ പറയുമ്പോൾ അത് ശ്രദ്ധിക്കാതെ വീണ്ടും ദീപികയെ ഒന്ന് നോക്കി നകുലൻ.

” ടെസ്റ്റ്‌ എടുക്കുവോ എടുക്കാതിരിക്കുവോ ചെയ്യ് നീ.. ഇനീപ്പോ എങ്ങിനാ മുന്നോട്ടുള്ള പോക്ക്… പിഴയടയ്ക്കണോ അതോ തത്കാലത്തേക്ക് രക്ഷപ്പെടണോ ”

ചോദ്യം രാഹുലിനോട് ആണെങ്കിലും നോട്ടം ദീപികയ്ക്ക് മേൽ തന്നെ തങ്ങി നിന്നു.

” സർ പ്ലീസ്.. ഫൈൻ ഇടരുത്.. ഇന്ന് തന്നെ പൊല്യൂഷൻ ടെസ്റ്റ്‌ എടുക്കാം ഞാൻ.. “വീണ്ടും വീണ്ടും രാഹുൽ അപേക്ഷിക്കുമ്പോൾ അത് തന്നെയാണ് നകുലൻ ആഗ്രഹിച്ചതും

” ആഹാ ….. നകുലൻ സാറിനു ഇന്നത്തെ ഇരയെ കിട്ടി ന്നാ തോന്നുന്നേ. പാവം പെൺകൊച്ചു അതിന്റെ വിധി ”

” ഇനീപ്പോ ഇങ്ങേരു ആ കൊച്ചിന്റെ നമ്പർ വാങ്ങിക്കും. പിന്നെ അതിനെ മിനക്കെട്ട് വിളിച്ചു വിളിച്ചു വലയിൽ ആക്കും.. ഇതൊക്കെ അങ്ങേരുടെ സ്ഥിരം പരിപാടിയല്ലേ .. പെൺകോന്തൻ ”

അല്പം അകലെ നിന്ന് മറ്റു പോലീസുകാർ പരസ്പരം പറയുന്നുണ്ടായിരുന്നു.ആ സമയം രാഹുലിന്റെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചു നിന്നു നകുലൻ.

” മോനെ നീ ഇങ്ങനെ കിടന്ന് റിക്വസ്റ്റ് ചെയ്യുന്നു പക്ഷെ കേന്ദ്രത്തിൽ അനക്കം ഒന്നും ഇല്ലല്ലോ.. നിന്നെ ഇങ്ങനെ വെറുതെ വിടുന്നു എങ്കിൽ അത്കൊണ്ട് എനിക്ക് എന്തേലും ബെനഫിറ്റ് വേണ്ടേ.. ”

അയാളുടെ ഉദ്ദേശം എന്താണെന്ന് ഏകദേശം മനസിലായിരുന്നു രാഹുലിന്. അവന്റെ മൗനം കണ്ടിട്ടാകണം മനസ്സിൽ ഉള്ളത് തുറന്ന് പറഞ്ഞു നകുലൻ.

“ഒരു കാര്യം ചെയ്യ് ഈ കൊച്ചിന്റെ ഫോൺ നമ്പർ ഇങ്ങ് തന്നേക്ക് എന്നിട്ട് വണ്ടിയും എടുത്ത് വിട്ടോ.. ഒന്നുല്ലേലും പുകടെസ്റ്റ്‌ എടുത്തോ ന്ന് എനിക്ക് ഇടയ്ക്ക് ഇടയ്ക്ക് വിളിച്ചു തിരക്കാലോ”

തന്നയെയാണ് നകുലൻ നോട്ടമിട്ടിരിക്കുന്നത് എന്ന് മനസിലാക്കിയതോടെ ക്ഷമകെട്ടു മറുപടി പറയാൻ തന്നെ തീരുമാനിച്ചു ദീപിക

” സാറിന് ഇപ്പോൾ എന്താണ് വേണ്ടത്.. എന്റെ നമ്പർ ആണോ.. അതെന്തിനാണ്… റോഡിൽ നിയമം തെറ്റിച്ചു ഓടുന്ന വണ്ടികൾ കണ്ടാൽ ഫൈൻ അടിക്കാൻ നിങ്ങൾക്ക് ഉത്തരവാദിത്തം ഉണ്ട്.. പക്ഷെ അത് മുതലെടുത്തു ഈ കാണിക്കുന്ന പോക്രിത്തരം കണ്ടില്ലെന്ന് നടിക്കണോ ”

അവളുടെ മൂർച്ചയേറിയ ചോദ്യം കേട്ട് നകുലൻ ഒന്ന് പരുങ്ങി . ദീപികയിൽ നിന്നും അത്തരമൊരു പ്രതികരണം അയാൾ പ്രതീക്ഷിച്ചിരുന്നില്ല.

” എന്താണ് കൊച്ചേ.. എന്ത് പോക്രിത്തരം ആണ് ഞാൻ കാണിച്ചേ “” അതിനി ഞാൻ പ്രത്യേകം പറയണോ സർ.. സാറിന്റെ വൃത്തികെട്ട നോട്ടവും സംസാരവും കാണുമ്പോൾ പുച്ഛം തോന്നുവാ.. ഒരുമാതിരി പെങ്കുട്ട്യോളെ കാണാത്ത പോലെ ”

പുച്ഛം നിറഞ്ഞ അവളുടെ വാക്കുകൾ നകുലനെ ചൊടിപ്പിച്ചു.” മോളെ. നീ ചുമ്മാ ഓവർ ആയി സംസാരിച്ചു സീൻ ആക്കല്ലേ.. വണ്ടിയുടെ പേപ്പർ ക്ലിയർ അല്ല.. ഞാൻ തൂക്കി അകത്തിടും.. ”

ചുറ്റുമുള്ള ആൾക്കാർ ശ്രദ്ധിക്കുന്നു എന്ന് മനസ്സിലായതോടെ ചെറിയൊരു ഭീക്ഷണിയിൽ അവളെ ശാന്തയാക്കാൻ ഒരു ശ്രമം നടത്തി നകുലൻ. എന്നാൽ ആ ശ്രമം വിഫലമായിരുന്നു.

” സർ.. ഒരു പൊല്യൂഷൻ സർട്ടിഫിക്കേറ്റ് ഇല്ലേൽ നിങ്ങൾ വണ്ടി പിടിച്ച് അകത്ത് വക്കോ.. ഇതെന്താ വെള്ളരിക്കാ പട്ടണം ആണോ സർ.. ”

അരിശം മൂത്ത് അവൾ കൂടുതൽ ഒച്ചയെടുത്തു. അത് കണ്ടിട്ട് രാഹുലും ലേശമൊന്ന് ഭയന്നു.

“ദീപിക പ്ലീസ് നീ ഒന്ന് സൈലന്റ് ആക്.. ആൾക്കാര് നോക്കുന്നുണ്ട്. ഞാൻ സംസാരിച്ചോളാം ”

മാക്സിമം അവളെ തണുപ്പിക്കാൻ ശ്രമിച്ചു അവൻ.പക്ഷെ കൂടുതൽ സഹിക്കാൻ തയ്യാറല്ലായിരുന്നു ദീപിക.

” ദേ കൊച്ചേ.. ഓവർ സ്മാർട്ട്‌ കളിക്കാൻ നിൽക്കല്ലേ.. പോലീസിനോട് ആണ് കളി.. അത് മറക്കേണ്ട.. രണ്ടും കൂടെ എവിടെ ഡിങ്കോൽഫിക്ക് പോയിട്ട് കാര്യം നടക്കാത്തേന്റെ കലി ഞങ്ങടെ മണ്ടേൽ കേറി തീർക്കാൻ നിൽക്കരുത് ”

ബാലചന്ദ്രനും മുന്നിലേക്ക് വന്നതോടെ രംഗം കൂടുതൽ വഷളായി. അതൊരു അടവായിരുന്നു.

ഇത്തരത്തിൽ ഒരു ഡയലോഗ് പറഞ്ഞാൽ ഉറപ്പായും നാണക്കേട് മൂലം അവർ ശാന്തരായേക്കും എന്ന് ഊഹിച്ചു ബാലചന്ദ്രൻ. കാരണം ഇത്രയും സംസാരം ആയപ്പോൾ തന്നേ അവർക്ക് ചുറ്റും ആളുകൾ കൂടിയിരുന്നു.

എങ്ങിനെയും ഈ സംസാരം അവസാനിപ്പിക്കണം അതിനായിരുന്നു അയാളുടെ ശ്രമം. എന്നാൽ ബാലചന്ദ്രന്റെ വാക്കുകൾ ദീപികയെ കൂടുതൽ ചൊടിപ്പിച്ചു

” സർ എന്ത് തോന്ന്യവാസം ആണ് പറയുന്നത്. ഞങ്ങൾ എവിടേ പോയാലും നിങ്ങൾക്ക് എന്താണ്. ഒരു ആണും പെണ്ണും ഒന്നിച്ചു എവിടേ പോയാലും അത് നിങ്ങടെ കണ്ണിൽ മറ്റേ പരിപാടി ആണോ.. എന്ത് വികൃതമാണ് നിങ്ങളുടെ ചിന്താഗതികൾ നിങ്ങളെ പോലുള്ളവർ ഈ ഡിപ്പാർട്മെന്റിന് തന്നെ നാണക്കേട് ആണ്. ”

പുച്ഛമായിരുന്നു അവളുടെ വാക്കുകളിൽ നിറഞ്ഞത്. ഇതെല്ലാം കണ്ട് നിന്നവരിൽ പലരും ദീപികയ്ക്കും രാഹുലിനും അനുകൂലമായി നിന്നു തുടങ്ങിയതോടെ കാര്യങ്ങൾ കൈ വിട്ടു തുടങ്ങി എന്ന് മനസ്സിലാക്കി നകുലൻ.

” എന്താണ് മോളെ എന്താണ് പ്രശ്നം.. “ആരൊക്കെയോ കാര്യങ്ങൾ തിരക്കുന്നുണ്ടായിരുന്നു

” ചേട്ടാ ചെക്കിങ് എന്ന് പറഞ്ഞു വണ്ടി തടഞ്ഞു നിർത്തിയതാ ഇവർ. എന്നിട്ട് അന്നേരം തൊട്ട് എന്റെ നേരെ വൃത്തികെട്ട നോട്ടവും കമന്റുകളും. മനുഷ്യന് സഹി കെട്ടു. ”

ദീപികയുടെ വിശദീകരണം കേൾക്കെ നാട്ടുകാരിൽ ചിലർ അവൾപ്പൊക്കം ചേർന്നു.

” ദീപികേ.. പ്ലീസ് ഒന്ന് അടങ്ങ് നീ.. ഞാൻ പറയുന്നത് ഒന്ന് കേൾക്ക്. നമുക്ക് വെറുതെ പ്രശ്നം ആക്കാൻ നിൽക്കേണ്ട “രാഹുൽ വീണ്ടും പരമാവധി അവളെ തടുത്തു. അവന്റെ പേടി ഒരു ആയുധമാക്കി ആ പ്രശ്നം അവസാനിപ്പിക്കാൻ തന്നെ തീരുമാനിച്ചു നകുലൻ.

” ടാ കൊച്ചനെ.. മര്യാദയ്ക്ക് വിളിച്ചോണ്ട് പോ ഈ സാധനത്തിനെ.. ഇല്ലേൽ അനാശാസ്യത്തിന് പൊക്കി അകത്ത് ഇടും ഞാൻ. രണ്ടും കൂടി അവ #&%#ക്കാൻ പോയിട്ട് വന്ന് പോലീസിന്റെ മെക്കിട്ട് കേറുന്നോ.. ”

കലിയടക്കുവാൻ കഴിയാതെ രാഹുലിന്റെ ഷർട്ടിന്റെ കോളറിൽ ചുറ്റിട്ട് പിടിച്ചു പിന്നിലേക്ക് വലിച്ചു അയാൾ.

ബാലൻസ് തെറ്റി അവൻ നകുലന്റെ ഷോൾഡറിലേക്ക് തന്നെ വീണുപോയി. അത് കണ്ടിട്ട് ഒരു നിമിഷം ദീപികയും ഭയന്ന് പോയിരുന്നു. എന്നാൽ നകുലന്റെ ഷോൾഡറിൽ നിന്നും നിവർന്ന രാഹുലിന്റെ മിഴികളിൽ അഗ്നിയാണ് അയാൾ കണ്ടത്.

” വേണ്ട.. വേണ്ട ന്ന് വയ്ക്കുമ്പോൾ തലയിൽ കേറാൻ നിക്കുവാണോ സാറേ… ഷർട്ടിൽ ന്ന് പിടി വിട്… ഇല്ലേൽ ഇടിച്ചു പരിപ്പിളക്കും ഞാൻ..”

പതിഞ്ഞ ശബ്ദത്തിൽ അവൻ പറയുമ്പോൾ ആ മുഖഭാവം കാൺകെ തെല്ലൊന്ന് ഭയന്നു നകുലൻ. രാഹുലിൽ നിന്നും അത്തരമൊരു പെരുമാറ്റം അയാൾ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ല.

” ഇത് ആ പഴേ സഖാവ് ശങ്കരേട്ടന്റെ അനന്തിരവൻ അല്ലേ.. “ചുറ്റും കൂടിയവരിൽ ആരോ ചോദിക്കുന്നത് ചെറുതായൊന്നു കേട്ടു അയാൾ. സഖാവ് ശങ്കരൻ എന്ന പേര് കേൾക്കെ അറിയാതെ നകുലന്റെ കൈകൾ രാഹുലിന്റെ ഷർട്ടിൽ നിന്നും വിട്ടു. കാരണം ഭരണകക്ഷിയിൽ ഏറെ സ്വാധീനമുണ്ടായിരുന്നു ആ ഒരു പേരിന്

” സഖാവിന്റെ തനി പകർപ്പ ചെക്കൻ… ആള് പെശകാണ്… പക്ഷെ ഇതിപ്പോ എന്ത് പറ്റി ന്ന് അറിയില്ലല്ലോ പാവം പോലെ നിൽക്കുന്നു.”

പിന്നെയും ആരൊക്കെയോ അടക്കം പറയുന്നത് കേൾക്കെ ശാന്തനാകുന്നതാണ് നല്ലതെന്ന് മനസ്സിലാക്കി നകുലൻ.

” ഓക്കേ.. സോറി സോറി..”അയാൾ ഒന്ന് പിൻവലിഞ്ഞു.ആ സമയം ദീപികയും ഒന്നും മനസിലാകാതെ നോക്കി നിന്നു.

“സാറേ.. സീൻ ആക്കാതെ പിള്ളേരെ അങ്ങ് വിട്ടേക്ക്”ആൾക്കൂട്ടത്തിനിടയിൽ നിന്നും കമന്റുകൾ വീണ്ടും ഉയർന്നു.

” സാറേ.. ആള്ക്കാര് നമ്മൾക്ക് എതിരാണ്.. ഒന്നാമതെ പൊലീസിന് ഇപ്പോ കഷ്ടകാലം ആണ്. ഇവരെ അങ്ങ് വിടുന്നതാ നല്ലത് ”

ചുറ്റുമൊന്ന് നോക്കി ബാലചന്ദ്രൻ പതിയെ നകുലന്റെ ചെവിയിൽ പറഞ്ഞു.” ഡോ.. പൊല്യൂഷൻ ടെസ്റ്റ്‌ എക്സ്പയർ ആണ് ഫൈൻ അടിച്ച് വിട്ടേക്ക് ”

ബാലചന്ദ്രനെ നോക്കി നിർദ്ദേശം കൊടുത്ത് പതിയെ പിന്തിരിഞ്ഞു നകുലൻ.

“ടാ നീ എന്താ അയാളോട് പറഞ്ഞെ.. പെട്ടെന്ന് പുള്ളി ആകെ സൈലന്റ് ആയല്ലോ ”

രാഹുലിനരികിലേക്ക് ചെന്ന ദീപിക സംശയത്തോടെ അവന്റെ മുഖത്തേക്ക് നോക്കി. അത് കണ്ടിട്ട് ഒന്നുമില്ല എന്ന അർത്ഥത്തിൽ തലയാട്ടി അവൻ. റെസീപ്റ്റ് കിട്ടിയ പാടെ തന്നെ ക്യാഷ് കൊടുത്തിരുന്നു രാഹുൽ.

ക്യാഷ് വാങ്ങുമ്പോൾ ഒന്ന് കണ്ണുരുട്ടാൻ മറന്നില്ല ബാലചന്ദ്രൻ. അപ്പോഴേക്കും നകുലൻ വീണ്ടും അവർക്കരികിലേക്ക് ചെന്നു. അയാളുടെ ദേഷ്യം മുഴുവൻ ദീപികയോട് ആയിരുന്നു.

” പുന്നാര മോളെ.. ഇപ്പോൾ നീ രക്ഷപ്പെട്ടു. പക്ഷേ ഒന്ന് കരുതി ഇരുന്നോ പോലീസിനോടാ നീ കളിച്ചേക്കുന്നെ… ഇതിനു തിരിച്ചു ഒരു പണി ഞാൻ തരുന്നുണ്ട്. നല്ല മുട്ടൻ പണി.”

പതിഞ്ഞ ശബ്ദത്തിൽ ഉള്ള ആ ഭീക്ഷണി കേട്ട് ഒന്ന് പുഞ്ചിരിച്ചു ദീപിക.” സാറേ.. സാറിനിപ്പോ കഷ്ടകാലമാ.. അങ്ങിനെ ഒരു പണി നിങ്ങൾ എനിക്ക് തന്നാലും അതിന്റെ ഒരു പങ്ക് ഇനി നിങ്ങൾക്ക് കൂടി കിട്ടും.. കാരണം നിങ്ങൾ ഈ പറഞ്ഞത് ഞാനങ്ങ് റെക്കോർഡ് ചെയ്തു.. ഒരു സേഫ്റ്റി ക്ക് വേണ്ടി. ”

ദീപികയുടെ കയ്യിലേ ഫോൺ അപ്പോഴാണ് നകുലൻ ശ്രദ്ധിച്ചത്.” കോപ്പ്.. ഇന്ന് ആരെയാണോ എന്തോ കണി കണ്ടത്… ”

രോഷത്തോടെ പിറു പിറുത്തു കൊണ്ടയാൽ തിരികെ നടന്നു. അത് കണ്ട് ചിരിച്ചു പോയി ദീപികയും രാഹുലും.

“മക്കളേ നിങ്ങൾ വിട്ടൊ. മ് ഇവിടെ സീൻ ഒന്നുമില്ല “നാട്ടുകാർ കട്ട സപ്പോർട്ടുമായി അവർക്കൊപ്പം തന്നെ നിന്നു. ബൈക്കുമെടുത്ത് വീണ്ടും യാത്ര തുടരുമ്പോൾ അവർ കണ്ടു പല്ലിറുമ്മി നോക്കി നിൽക്കുന്ന എസ് ഐ നാകുലനെ..

” രാഹുൽ.. ഒന്ന് ശ്രദ്ധിക്കണം കേട്ടോ അയാളെ.. അയാൾ ഒരു വിഷം ആണ്… എന്നേക്കാൾ കൂടുതൽ പുറത്തിറങ്ങി നടക്കുന്നത് നീ ആണ്.. ഈ വാശി വച്ച് അങ്ങേരു എന്ത് കാട്ടും ന്ന് പറയാൻ പറ്റില്ല ”

ദീപികയുടെ ഓർമപ്പെടുത്തൽ സത്യമാണെന്നു അവനും തോന്നി.”അല്ല ദീപിക.. മിണ്ടാത്തെ പേടിച്ചു പമ്മി നിന്ന നിനക്കെങ്ങിനെ കിട്ടി ഇത്രയും ധൈര്യം.. ”

രാഹുലിന്റെ സംശയം അതായിരുന്നു. ആ സംശയം കേട്ട് പൊട്ടിച്ചിരിച്ചു പോയി അവൾ

” അതൊക്കെ കിട്ടും മോനെ. ഗതി കെട്ടാൽ ആർക്കും ഇത്തരം ധൈര്യമൊക്കെ താനേ വരും ”

മറുപടി പറഞ്ഞു കൊണ്ട് അവൾ രാഹുലിന്റെ പിന്നിലേക്ക് ചാഞ്ഞു.അവരുടെ വണ്ടി കണ്ണിൽ നിന്നും മാഞ്ഞപ്പോൾ മറ്റു പോലീസുകാർ മാറി നിന്ന് മുഖം പൊത്തി ചിരിക്കുകയായിരുന്നു

” സാറിന് എട്ടിന്റെ പണി ആയി പോയല്ലോ ഇത്.. അങ്ങേർക്ക് അല്ലേലും വേണം… പെൺപിള്ളേരെ കാണുമ്പോ ഇച്ചിരി ഇളക്കം കൂടുതൽ ആണ് ” കമന്റുകൾ പറഞ്ഞു കൊണ്ടവർ വീണ്ടും ഡ്യൂട്ടി ആരംഭിച്ചു..

Leave a Reply

Your email address will not be published. Required fields are marked *