ഇഷ്ടത്തിന് അളവൊക്കെ ഉണ്ടോ നന്ദേട്ടാ?..”””അതില്യ ന്നാലും ചുമ്മാ പറ… അല്ലെങ്കി വേണ്ടാ.. രേവു, ഞാൻ പെട്ടെന്ന്

ജന്മാന്തരങ്ങളിൽ
(രചന: അഖില അഖി)

“”ഞാനില്ലെങ്കിലും.. ഒരാളുടെ ആശ്രയമില്ലാതെ നീ ജീവിച്ച് കാണിക്കണം…..”

അവൻ പറഞ്ഞ വാക്കുകൾ അവളുടെ ചെവിയിൽ മുഴങ്ങി കൊണ്ടിരുന്നു.
മകരമാസത്തിലെ തണുപ്പിലും വിയർത്തു കൊണ്ടവൾ ഞെട്ടിയുണർന്നു.

നേരം പുലർച്ചെ നാലുമണിയോടടുക്കുന്നു.. അടുത്തുള്ള അമ്പലത്തിൽ നിന്നും അയ്യപ്പൻമാരുടെ ശരണം വിളി കേൾക്കാം.

അസ്വസ്ഥമായ മനസോടെ അവൾ മിഴികൾ ഇറുകെ മൂടി. മുടി വാരി കെട്ടി കൊണ്ട് മുറിയ്ക്ക് പുറത്തേയ്ക്ക് ഇറങ്ങി. ഹാളിലെ ഇരുട്ടിനെ വകഞ്ഞു മാറ്റി സ്വിച്ച് ഓൺ ആക്കി ലൈറ്റ് ഇട്ടു.

ആ വലിയ നാലുക്കെട്ടിനുള്ളിൽ അവൾക്ക് കൂട്ടായ് പുറത്തെ ഇരുട്ടും ചീവീടിന്റെ ശബ്ദവും മാത്രം. ജനാലകൾ തുറന്നിട്ട്‌ കൊണ്ട് പുറത്തെ തണുപ്പിനെ അവളിലേക്കാവാഹിച്ചു.

“”ഉണർന്നിരിക്കാനാകാത്ത വിധം നിന്റെ ഓർമകളെന്നെ അസ്വസ്ഥമാക്കുമ്പോൾ…. ഉറക്കം നഷ്ടപ്പെട്ട രാത്രികളിലത്രയും നിറഞ്ഞു നിന്നത് നീ മാത്രമായിരുന്നു….””

ജനലിന്റെ അഴികളിലിൽ കൈ ചേർത്തവൾ ഇരുട്ടിലേക്ക് നോക്കി നിന്നു.”അറിയില്ലെനിക്ക്… ഇനി എങ്ങനെ ജീവിക്കണമെന്ന്… അറിയില്ലെനിക്ക്… ഈ ജീവിതം ജീവിച്ചു തീർക്കാൻ…”ആ ഇരുട്ടിനെ അവനായ് സങ്കൽപ്പിച്ചു കൊണ്ടവൾ മൊഴിഞ്ഞു.

മരണവേളയിലും എന്റെ മംഗല്യം നെറ്റിമേൽ ചുവന്നു ശോഭിച്ചു. നിന്റെ ചിതയിലേക്ക് പടർന്ന അഗ്നിയും അതേ തീവ്രതയോടെ തന്നെ ശോഭിച്ചു.. ഞാൻ എരിഞ്ഞു തീരുവോളം നമ്മുടെ പ്രണയവും ശോഭിക്കട്ടെ.. ഈ ജന്മവും ജന്മജന്മാന്തരങ്ങളിലും അതേ ശോഭയിൽ തന്നെ…….

നമ്മൾ ചേർന്നിരുന്ന നിമിഷങ്ങളോരോന്നും എന്നിൽ അലയടിക്കുന്നു.

“”നിന്നിലേക്കുള്ള യാത്രയിൽ എവിടെയോ നഷ്ട്ടപ്പെട്ടു പോയ എന്നെ തിരയുകയാണ് ഞാനിന്നും….””

വിധിയെന്ന പേരിൽ എന്റെ സ്വപ്‌നങ്ങളെ തച്ചുടച്ച കാലമേ……. പരിഭവമേതുമില്ലാതെ നിന്റെ വഴിയിലായ് ഞാൻ യാത്ര തുടരുന്നു……

മറ്റുള്ളവർക്കു മുന്നിൽ വാശിയോടെ ജീവിച്ചു കാണിക്കണം, എന്ന അവൻ നൽകിയ വാശിൽ അവൾ ഇറങ്ങി പുറപ്പെട്ടു…..

“ഭർത്താവ് മരിച്ചു കൊല്ലം ഒന്നായില്യാ അപ്പഴക്കും അവള് ഇറങ്ങിരിക്കാ..
ആർക്കറിയാം എന്ത് പണിക്കാ പോണെന്ന് പോലും?”.

“അവൻ മരിച്ചു അടിയന്തിരം കഴിയാൻ കാത്തു നിൽക്കായിരുന്നോ ഡി നീ.. നാട് നീളേ നിരങ്ങാൻ?..”

നാട്ടുകാരുടെയുടെയും സദാചാരക്കാരുടെയും നോട്ടത്തെയും സംസാരങ്ങളെയും പാടെ അവഗണിച്ചു കൊണ്ടവൾ മുന്നോട്ട് പോയി.

ടൗണിലെ തന്നെ ഒരു തുണി കടയിൽ കയറി പറ്റുമ്പോൾ മനസിലൊരു തണുപ്പ് വന്നു നിറയുന്നത് അറിഞ്ഞു. ഭർത്താവ് മരിച്ചു നാല്പത്തൊന്ന് തികയുമ്പോഴേക്കും ജോലിക്കായി ഇറങ്ങി തിരിച്ചൊരുവൾ. കറുപ്പ് നിറഞ്ഞ വാലായ്മ ദിനങ്ങൾ..

കറുപ്പും വെളുപ്പും ചേർന്ന വാലായ്മ സാരി ഉടുത്തു നടക്കുന്നവളോട് പലർക്കും സഹതാപം തോന്നി. ആരോടും അധികം കൂട്ടുകൂടാൻ ഭയക്കുന്ന ലോകത്തെ പറ്റി ഒന്നുമറിയാത്തൊരുവൾ.

നേരം കൈയിൽ പിടിച്ചു ഓടുന്നവളെ…
കുടുംബം പുലർത്താൻ പെടാപ്പാട് പെടുന്നവളെ പറ്റി കഥ മെനഞ്ഞു കൂട്ടാൻ നൂറ് നാവായിരുന്നു നാട്ടിലെ തന്നെ പല പരദൂഷണ കമ്മിറ്റികാർക്കും.

ഒരു വിധവയുടെ എല്ലാ വേദനയും അവളിലും ഉണ്ടായിരുന്നു.”അവൻ പോയാലും അവന്റെ തന്നെ ര ക്തത്തിൽ പിറന്ന മക്കളില്ലേ രേവു, നിനക്ക്?..”

തന്നെ സാന്ത്വനിപ്പിക്കുന്നവരുടെ വാക്കുകളാണെങ്കിലും അത് സത്യമാണ്.
ശെരിയാണ് തന്റെ ആശ്വാസവും ഇനിയുള്ള പ്രതീക്ഷയും അവരാണ്.
ഒറ്റയ്ക്ക് ആക്കിയിട്ടല്ലല്ലോ പോയത്…
അവരെ തന്നല്ലോ.

സ്വയം സമാധാനിപ്പിക്കാൻ പഠിച്ചു കൊണ്ടു തന്നെ ഓരോ ദിനവും തള്ളി നീക്കി.

“എത്ര പെട്ടെന്നാണ് താൻ ഒരു വിധവയുടെ പരിവേഷത്തിലെത്തിയത്?
ഇരുപത്തേഴ്‌ വയസിൽ വിധവയാകേണ്ടി വന്നവൾ. എട്ടു കൊല്ലത്തെ ദാമ്പത്യ ജീവിതം. ഇത്രയും നാൾ വീടുമാത്രമായിരുന്നു തന്റെ ലോകം…
അവന്റെ വേർപാട് തന്നെ പലതും പഠിപ്പിച്ചു.

പലരുടെയും സ്വഭാവം ഇതോടെ തന്നെ തിരിച്ചറിയാൻ ഈ ഒരു സാഹചര്യം വേണ്ടി വന്നു. ചിരിച്ചു കൊണ്ട് പലരും കഴുത്തറുക്കുകയായിരുന്നു. കണ്ണടച്ച് എന്തും വിശ്വസിക്കുന്ന, തന്നെ പറ്റിക്കാൻ ആർക്കാണ് സാധിക്കാത്തത്.
ശെരിയാണ്….താൻ പൊട്ടി തന്നെയാണ്..”

ഇത് വരെ ഭർത്താവും രണ്ടു മക്കളും ആയിരുന്നു അവളുടെ ലോകം.

“”അടുത്ത കർക്കിടം ഞാൻ മുഴുവിപ്പിക്കൊ രേവൂ?.. നീ മിക്കവാറും അടുത്ത കൊല്ലം വിധവാ പെൻഷന് അപേക്ഷിക്കണ്ട വരും..””

അവളെ നോക്കി കളിയായി പറയുന്നവനെ കണ്ടവൾക്ക് ദേഷ്യവും സങ്കടവും ഒരുപോലെ വന്നു. അവന്റെ അടുത്തേക്ക് പാഞ്ഞു ചെന്നു തോളിൽ അടിച്ചു ദേഷ്യം തീർക്കുമ്പോൾ കണ്ണ് നിറഞ്ഞിരുന്നു.

അവളുടെ ഇരു കൈകളും കൂട്ടി പിടിച്ചവൻ നെഞ്ചോടു ചേർത്തു. പതം പറഞ്ഞപ്പോഴും എന്തൊക്കെയോ അവൾ പറയുന്നുണ്ടായിരുന്നു.

“പറ…. ഇനി ഇങ്ങനത്തെ വർത്താനം പറയോ?.. ന്നെ ഇനിയും ഇങ്ങനെ വേദനിപ്പിക്കല്ലേ നന്ദേട്ടാ…

ഇപ്പൊ ന്റെ സമാധാനം കൂടി ഇങ്ങനെ ഓരോന്ന് പറഞ്ഞു കളയല്ലേ. നിങ്ങക്ക് ഞാനില്ലേ… നമ്മടെ മക്കളില്ലേ… വേറാരും നമുക്ക് വേണ്ടാ… ഞാൻ ഇണ്ടാവും കൂടെ… ഒന്നും വരാതെ പൊന്നു പോലെ ഞാൻ നോക്കില്യേ ന്റെ നന്ദേട്ടനെ…

വീഴുമ്പോ താങ്ങായി ഞാൻ ഉണ്ടാകും..
ഈശ്വരൻ രേവുനേയും മക്കളെയും നന്ദേട്ടനീന്ന് അകറ്റൂല…

ഞാൻ സമ്മതിക്കില്യ… ജീവിതം തുടങ്ങുമ്പോഴും നമുക്ക് നമ്മള് തന്ന്യല്ലേ ഉണ്ടായിരുന്നുള്ളൂ. ഇനിയും അങ്ങനെ തന്നെ മതി. ഒരിക്കലും ഈശ്വരൻ രേവതിയെ നന്ദനീന്ന് പിരിക്കില്യ.”

“നന്ദേട്ടാ………..”അവന്റെ ഓർമകൾ ഉറങ്ങുന്ന വീട്ടിൽ അവന്റെ ഓർമകളിൽ മുഴുകിയവൾ അറിയാതെ വിളിച്ചു പോയ്.. വിളി കേൾക്കില്ലെന്നറിയാമെങ്കിലും. ഇനിയും ഒരു മടങ്ങി വരവുണ്ടാകില്ലെന്നറിഞ്ഞിട്ടും..

അരികത്തായ് അവനുണ്ടെന്ന പ്രതീക്ഷയിൽ..ഓർമകൾ പിടിച്ചുലയ്ക്കുമ്പോഴും ശ്വാസം മുട്ടിയ്ക്കുമ്പോഴും കൊതിച്ചു പോവുന്നു ആ സാമിപ്യം.

ഒന്നാം ഓണത്തിന്റെ അന്ന് വെള്ള പുതച്ചു ഉമ്മറത്ത് കിടത്തിയിരിക്കുന്നവനെ നോക്കി പൊട്ടി കരയാൻ മാത്രേ അവൾക്കായുള്ളു.
തുടർന്ന് അവനില്ലാതെ എങ്ങനെ ജീവിക്കും.

ഒരു ദിവസം കൊണ്ട് അനാഥയായതു പോലെ. ഇത്ര കാലം ചിറകിനടിയിൽ കൊണ്ടു നടന്നവന്റെ സുരക്ഷിത്വം അവസാനിച്ചിരിക്കുന്നു.

“”നിക്ക് നിങ്ങളില്ലാതെ ജീവിക്കാൻ വയ്യാ നന്ദേട്ടാ….. അറിഞ്ഞൂടാ….നിക്ക് ഒറ്റക്ക് ജീവിക്കാൻ അറിഞ്ഞൂടാ….””

ഭ്രാന്തു പിടിച്ചു അവനെ ദഹിപ്പിക്കാൻ കൊണ്ടു പോകുന്നവർക്ക് പുറകെ ഓടുമ്പോഴും പേടിയായിരുന്നു…

“”കൊണ്ട് പോകല്ലേ… ന്റെ നന്ദേട്ടന് ഞാൻ ഇല്യാണ്ട് പറ്റില്യ… ന്റെ നന്ദേട്ടന് പൊള്ളില്ലേ… വേണ്ട…സമ്മതിക്കില്ല്യ ഞാൻ.. നന്ദേട്ടാ ഞാനും വരുന്നു… ന്നേ കൂടി കൊണ്ട് പോ…””

അവനെ വിളിച്ചു തളർന്നു വീഴുമ്പോൾ ജീവിതം തന്നെ അവസാനിപ്പിക്കാൻ തോന്നിയിരുന്നു.

“”ഉമിതീയിൽ ഉരുകും നിൻ ഓർമകളിൽ നിന്നും, എനിക്കൊരു മോചനം ഉണ്ടാകില്ല. അതിൽ നിന്നും ഓടിയോളിക്കാൻ എനിക്ക് കഴിയില്ല.

മാറി വരുന്ന ഋതുഭേദങ്ങൾക്കൊപ്പം നീയും പുനർജനിക്കും… എന്നിലൊരു വസന്തത്തിന്റെ പൂക്കാലവുമായി നീ വന്നെത്തുമെന്ന പ്രതീക്ഷയിൽ ഞാനിന്നും കാത്തിരിക്കുന്നു.””

ഓർമ പെയ്ത്തിൽ സ്വയം നഷ്ട്ടപെട്ടു നിൽക്കുമ്പോഴും മനസിൽ അവൻ മാത്രമേ ഉണ്ടായിരുന്നുള്ളു.”ന്റെ രേവുന് ന്നേ എത്ര ഇഷ്ടം ഉണ്ട്?”.

മടക്കിയ തുണികൾ ഓരോന്നും അടക്കി വെക്കുന്നവളോട് കട്ടിലിൽ ഇരുന്നു കൊണ്ടവൻ ചോദിച്ചു.

“”ഇഷ്ടത്തിന് അളവൊക്കെ ഉണ്ടോ നന്ദേട്ടാ?..”””അതില്യ ന്നാലും ചുമ്മാ പറ… അല്ലെങ്കി വേണ്ടാ.. രേവു, ഞാൻ പെട്ടെന്ന് മരിച്ചു പോയ നിനക്ക് ഒരുപാട് സങ്കടം ആവോ?”

അവന്റെ ചോദ്യം വീണ്ടും അവളെ പിടിച്ചുലയ്ക്കുമ്പോൾ അവന് മുഖം കൊടുക്കാതവൾ മൗനത്തിന്റെ മൂടുപടം അണിഞ്ഞു പ്രതിഷേധം തീർത്തു.
വീട്ടുപണികളിൽ മുഴുകി നിൽക്കുമ്പോഴും അവന്റെ വാക്കുകൾ അവളെ പൊള്ളിച്ചു കൊണ്ടിരുന്നു.

“”ഇല്യാ… ന്റെ നന്ദേട്ടന് ഒന്നും വരില്യാ…
ഒരു മരണത്തിനും ഞാൻ വിട്ടു കൊടുക്കില്യ.. നന്ദൻ ഇല്യാണ്ട് രേവതിക്ക് ജീവിക്കാൻ പറ്റോ… ഇല്യാ…

മരിച്ചു പോവും ഞാൻ… നന്ദേട്ടനെ കൂടാതെ ജീവിക്കാൻ വയ്യാ…നന്ദേട്ടൻ ഇല്യാണ്ട് ജീവിക്കില്യ. ഈശ്വരന് അറിയാം രേവുന് നന്ദനല്ലാതെ വേറെ ആരും ഇല്യാന്ന്… രേവുന്റെ സങ്കടം കാണാതെ ഇരിക്കില്യ… ന്റെ മക്കളെ അനാഥരാക്കില്യ.””

ഓരോന്ന് സ്വയം പറഞ്ഞവൾ ആശ്വാസം കണ്ടെത്തി. അവന്റെ വാക്കുകൾ അവളിൽ വലിയൊരു തിരയിളക്കം സൃഷ്ടിച്ചു. അവനോട് മിണ്ടാതെ നടന്ന് തന്റെ ദേഷ്യം തീർക്കുമ്പോഴും ഉള്ളിലെ ഭയത്തെ കുഴിച്ചു മൂടി.

ദയ ഹോസ്പിറ്റലിന് മുന്നിൽ എത്തി നിൽക്കുമ്പോൾ, തന്റെ പ്രതീക്ഷ കൈവിടാതെ സകല ദൈവങ്ങളെയും മനസ്സിൽ വരിച്ചു കൊണ്ടവൾ നന്ദനെയും കൂട്ടി അകത്തേക്ക് കയറി.

ഡോ. ബ്രഹ്മപുത്രന്റെ ക്യാബിനിൽ ഇരിക്കുമ്പോൾ നന്ദന്റെ കൈയിൽ മുറുകെ പിടിച്ചവൾ ഇരുന്നു.

മുമ്പ് കാണിച്ച ഹോസ്പിറ്റലിലെ റിപ്പോർട്ടുകളെല്ലാം നോക്കി.. നന്ദനെ അവിടെ അഡ്മിറ്റ് ചെയ്യുമ്പോൾ അസുഖം ഭേദമാകും എന്ന പ്രതീക്ഷയിൽ തന്നെ അവൾ ഉറച്ചു നിന്നു.

ഉറങ്ങാൻ ബുദ്ധിമുട്ടുന്നവനെ നോക്കിയിരുന്നവൾ നേരം കഴിച്ചു കൂട്ടി.
വയ്യാതെ ആവുമ്പോഴാണ് പലർക്കും വാശി കൂടുക.

അവന്റെ പല വാശി സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.
അവന് താങ്ങായി നിൽക്കുമ്പോഴും അവന്റെ ദേഷ്യവും വാശിയും സഹിക്കുമ്പോഴും ഒന്നേ അവൾ ആഗ്രഹിച്ചുള്ളൂ…. അവന്റെ അസുഖം ഭേദമാകാൻ..

തുടർച്ചയായ മ ദ്യ പാനം അവന്റെ ഇരു വൃക്കകളെയും ബാധിച്ചിരുന്നു.
പ്രമേഹവും കൂടുതലായതിനാൽ മരുന്നിലൂടെ നോക്കാം എന്ന ഡോക്ടറിന്റെ തീരുമാനത്തെ ശെരി വെക്കുമ്പോൾ ജീവിതക്കാലം മുഴുവൻ മരുന്നു കഴിക്കാൻ ബാധ്യസ്ഥൻ ആവുകയായിരുന്നു അവനും.

“ഞാനൊന്ന് മരിച്ചു പോയിരുന്നെങ്കിൽ….നിനക്ക് എന്നും കഷ്ടപ്പാട്‌ മാത്രേ ഞാൻ തന്നിട്ടുള്ളൂ.. ലെ രേവൂ.. നിനക്ക് ഞാനൊരു ഭാരമായ് വീണ്ടും കഷ്ടപ്പാട് മാത്രേ തരണുള്ളൂ. എന്നെ നോക്കി ഇരുന്ന് എത്ര നാളായി നീ ഒന്നുറങ്ങിയിട്ട്.

ഇത് അവസാനിക്കണത് ന്റെ മരണത്തിലാവും ന്നാ തോന്നണേ..
ന്റെ മനസ് അങ്ങനെ പറയണ പോലെ..
ഞാൻ പെട്ടന്നങ്ങ് പോയാലും ന്റെ രേവുനെ വിട്ട് എവടെയും പോവില്യ.
നിന്നെയും മക്കളെയും കാണാവുന്നിടത്ത് ഉണ്ടാവും എന്നും.”

“”ഈ ഒരു കാര്യം പറയാനായി നന്ദേട്ടൻ ഇനി വായ തുറക്കണ്ട.. ഈ കാര്യങ്ങൾ ഒന്നും നിക്ക് കേക്കണ്ട. പറയണ്ട… ഇങ്ങനെ ഇനി പറയല്ലേ… ഞാനില്യേ കൂടെ.. ഒന്നും വരില്യ.”

മിഴിനീർ കവിളിനെ നനച്ചു കൊണ്ട് നീർച്ചാല് തീർത്തു കൊണ്ടിരുന്നു.പെട്ടന്ന് ഒരു ദിവസം അസുഖം കൂടിയവനെ ഐസിയുവിൽ പ്രവേശിപ്പിച്ചപ്പോഴും അവനായ് ഉരുകി തീരുന്ന മനസുമായ് അവളും കാത്തിരുന്നു.

അവന്റെ വിവരം അറിഞ്ഞെത്തിയ അവളുടെ രണ്ടു സഹോദരമാരും അവൾക്കാശ്വാസമായ് ഇടവും വലവും ഉണ്ടായിരുന്നു. ജീവനുണ്ടോന്നു പോലും സംശയം തോന്നും അവളെ കണ്ടാൽ.
ഉള്ളിലെ പേടി കൂടി കൊണ്ടിരുന്നു.

രണ്ടു ദിവസത്തിന് ശേഷം അവനെ കേറി കാണുമ്പോൾ നഷ്ടപ്പെട്ട കളിപ്പാട്ടം തിരിച്ചു കിട്ടിയ സന്തോഷമായിരുന്നു അവൾക്ക്. അവനോട് സംസാരിച്ച് അവന്റെ നെറ്റിയിലായ് ഇത്ര ദിവസത്തെ സ്നേഹം മുഴുവൻ അർപ്പിക്കുമ്പോൾ കരഞ്ഞു പോയിരുന്നു.

അവനോട് യാത്ര പറഞ്ഞു പിൻ തിരിഞ്ഞു പിൻ തിരിഞ്ഞു നോക്കി പോകുന്നവളുടെ ആധി കണ്ടവന് പാവം തോന്നി. തനിക്ക് കിട്ടിയ നിധിയാണ് രേവു…

“”നിങ്ങള് വേണ്ടെങ്കിൽ പൊക്കോ അളിയന്റെ അടുത്ത് ഞാൻ ഇല്യേ..
ന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിക്കാം ഞാൻ.””

“ഞങ്ങള് നിന്നോട് ചോദിച്ചിട്ട് അല്ലാലോ രേവു വന്നേ, അതോണ്ട് ഇവിടെ നിൽക്കുന്നതിൽ ഒരു കഷ്ടപ്പാടും ഇല്യാ.
അകത്തു കിടക്കുന്ന ആൾക്ക് ഭേദമായി ഐസിയുവീന്ന് മാറ്റീട്ടെ ഞങ്ങള് പോണുള്ളൂ. പിന്നെ മക്കളെ ഞാൻ നമ്മടെ വീട്ടില് ആക്കിട്ടാ പോന്നേ. അവരെ ഓർത്ത് പേടി വേണ്ടാ.”

രണ്ടു പേരുടെയും വാശിയിൽ രേവു അടിയറവ് സമ്മതിച്ചു.””നാളെ ഒന്നാം ഓണം ആണല്ലേ ദേവാ, ഓണം ആയിട്ട് ല്ലാരും ഹോസ്പിറ്റലിൽ നിക്കണ്ട വന്നുലെ. നന്ദേട്ടൻ പറഞ്ഞതായിരുന്നു ഈ കൊല്ലത്തെ ഓണം എല്ലാരുടെയും കൂടെ നന്നായി ആഘോഷിക്കണംന്ന്.””

അവളുടെ മുഖത്തെ സങ്കടം മുഴുവൻ എടുത്തറിയാമായിരുന്നു. നേർത്ത പുഞ്ചിരിയിലൂടെ അവളുടെ ഉള്ളിലെ സങ്കടങ്ങളെ മാറ്റുമ്പോഴും വരാനിരിക്കുന്ന പേമാരിയെ പറ്റി അറിഞ്ഞില്ല മൂവരും.

ഐസിയുവിനു മുന്നിലുള്ള സിസ്റ്റം ഇടക്ക് ഓരോ രോഗികളുടെയും പേര് വിളിച്ച് ശബ്ദമുണ്ടാക്കി കൊണ്ടിരുന്നു. കൺപോളകളിൽ ഉറക്കം പിടിക്കുമ്പോഴും അവൾ കേട്ടിരുന്നു നന്ദന്റെ പേര് വിളിച്ചു പറയുന്നത്.

ഉറക്കം വിഴുങ്ങാൻ തുടങ്ങിയ കണ്ണുകളെ വലിച്ചു തുറന്ന് ഐസിയുവിന് മുന്നിലേക്ക് ധൃതിയിൽ ചലിയ്ക്കുമ്പോഴും അവനെ കുറിച്ചുള്ള ആകുലതയായിരുന്നു ഉള്ളു നിറയെ.
അവൾക്ക് പുറകെ ദേവനും നടന്ന് എത്തിയിരുന്നു.

നെഞ്ചിടിപ്പോടെ പുറത്ത് നിൽക്കുമ്പോൾ പെരുമ്പറ കൊട്ടുന്ന ഹൃദയത്തെ പിടിച്ചു നിർത്താൻ കഴിയാതെ ഡോക്ടറുടെ മറുപടിക്കായി കാത്തു നിൽക്കുകയായിരുന്നു.

ദേവനെ ഒന്നു നോക്കി.. അവന്റെ കണ്ണു ചിമ്മി കൊണ്ടുള്ള ആശ്വസിപ്പിക്കലിൽ ഉള്ളിലെ താപത്തെ അണയ്ക്കാൻ ആയില്ല.

“നന്ദന് കുറച്ചു സീരിയസ് ആണ്. ആൾടെ ബോഡി വളരെ വീക്കാണ്. ഞങ്ങളെ കൊണ്ട് ആവും വിധം ശ്രെമിക്കാം. ബാക്കിയെല്ലാം സർവ്വേശ്വരന്റെ കയ്യിലാണ്.”

അതും പറഞ്ഞു കൊണ്ട് അവർ ഐസിയുവിന്റെ ഉള്ളിലേക്ക് പോകുന്നതും നോക്കി നിന്നു.
അപ്പോഴും ഉള്ളിൽ അവൻ മടങ്ങി വരുമെന്ന പ്രതീക്ഷയുണ്ടായിരുന്നു.
ഒരു ആശ്രയത്തിനായി ദേവന്റെ തോളിൽ രേവു തലചായ്ച്ചു.

“അറിയില്യ ദേവാ ഒന്നും… നന്ദേട്ടൻ ഇല്യാണ്ട് രേവു ഇല്യാ. ഇനി ഉണ്ടെങ്കിൽ തന്നെ വെറും ജഡം മാത്രം. ഞാൻ ഒറ്റയ്ക്ക് ആവണത് ആലോയ്ക്കാൻ പോലും വയ്യാ… കിടന്ന കിടപ്പിൽ ആണെങ്കിലും ജീവനോടെ തന്നാ മാത്രം മതി നിക്ക്… അത് മാത്രം മതി…

ഞാനുണ്ടല്ലോ ന്റെ നന്ദേട്ടനെ നോക്കാൻ… ന്റെ അവസാനം വരെ ഞാൻ നോക്കും… നിക്ക് ഒന്നും വരുത്താതെ ജീവനോടെ തന്നാ മതി ഈശ്വരൻ… ഞാൻ നോക്കിക്കോളാം… ഞാൻ നോക്കിക്കോളാം… ഒരു കുറവും വരുത്താതെ ഞാൻ നോക്കിക്കോളാം…”

അടുത്ത കസേരകളിൽ ഇരുന്ന് രേവതിയെ ചേർത്തു പിടിച്ച് ആശ്വസിപ്പിക്കുമ്പോൾ അവന്റെ ഉള്ളിലും ഭയമായിരുന്നു. ഒരു മനസും ഇരു ശരീരങ്ങളുമായി ഇത്ര കാലം ഒരുമിച്ച് ജീവിച്ചവർ. നന്ദനെ കാണാതെ ഒരു ദിവസം പോലും ഇരുപ്പുറക്കാത്തവൾ തുടർന്ന് എങ്ങനെ ആവും..

താഴെയുള്ള ജീവനോട് കാര്യങ്ങൾ ധരിപ്പിച്ചു മുകളിലെ ഐസിയുവിനു അടുത്തേക്ക് തന്നെ വന്നു ദേവൻ.

രാത്രിയുടെ അന്തകാരത്തെ കീറി മുറിച്ചു കൊണ്ട് നിലാവ് പടർന്നു. സമയം ഇഴഞ്ഞു നീങ്ങുന്നത് പോലെ തോന്നി രേവതിക്ക്.

“”ദേവ… ഒന്ന് ചോദിക്ക്… കൊറേ നേരം ആയില്യേ ഞാൻ തീ തിന്ന് ഇരിക്കണെ… ന്റെ സമാധാനത്തിന് ആരോടെങ്കിലും ഒന്ന് ചോദിക്ക്… അല്ലെങ്കിൽ ഭ്രാന്ത് പിടിക്കും നിക്ക്.””

കരഞ്ഞു കലങ്ങിയ മിഴികളിൽ നിസ്സഹായത നിറഞ്ഞു. അവളുടെ നിർബന്ധം സഹിക്കാൻ കഴിയാതെ ഏണീറ്റതും ഐസിയുവിന്റെ വാതിൽ തുറക്കപ്പെട്ടു. ദേവനെയും രേവതിയെയും കണ്ടതും ഡോക്ടർ പറഞ്ഞു,..

“ഇപ്പോ നോർമൽ ആയി വരുന്നു. ആള് ഓക്കെ ആയാൽ നാളെ വൈകുന്നേരം റൂമിലേക്ക് ഷിഫ്റ്റ്‌ ചെയ്യാം. ഇപ്പോ ആൾക്ക് ഭയങ്കര ടെൻഷൻ ആണ്.”

ഡോക്ടറിന്റെ മറുപടി ദേവനെയും ജീവനെയും തണുപ്പിച്ചെങ്കിലും രേവുവിന്റെ പേടി കൂടി കൂടി വന്നു.

“”ഒന്ന്, ഒരുവട്ടം നിക്ക് കാണണം.. ന്റെ സമാധാനത്തിന്.. ഒരുപ്രാവശ്യം കാണണം. ഒന്ന് ചോദിച്ചു നോക്കോ. കണ്ടാ മാത്രം മതി. അകലെ നിന്ന് ആണെങ്കിലും ഒന്ന് കണ്ട മതി..””

രേവുവിന്റെ വാശിയിൽ ഡോക്ടറിനോട്‌ അനുവാദം ചോദിക്കുമ്പോഴും, “രാവിലെ കേറി കാണാം” എന്ന മറുപടിയിൽ തിരിച്ചു പോരേണ്ട വന്നു.

“നീ ഒന്ന് സമാധാനിക്ക് രേവു.. നേരം വെളുക്കാൻ അത്ര വെല്യേ സമയം ഒന്നൂല്യ. കണ്ണടച്ച് തുറക്കുമ്പോഴേക്കും നാളെയാവും.”

അടഞ്ഞു പോകുന്ന കണ്ണുകളെ വാശിയിൽ വലിച്ചു തുറന്ന് പിടിക്കുമ്പോഴും ഐസിയുവിന്റെ വാതിലിൽ ആയിരുന്നു അവളുടെ ദൃഷ്ടി.

വീണ്ടും കടന്നു പോവാൻ മടിക്കുന്ന നേരത്തെ പഴിക്കുമ്പോഴും…ഈശ്വരനെ വിളിച്ചു കൊണ്ടിരുന്നു.

നീണ്ട മൂന്നു മണിക്കൂറിനു ശേഷം ഐസിയുവിലെ നഴ്സ് പുറത്തേക്ക് ധൃതിയിൽ പോകുന്നത് കണ്ട് അകത്തു കിടക്കുന്ന രോഗികളുടെ ബന്ധുക്കളിൽ എല്ലാം ഒരു തരം വ്യാകുലത നിറയുന്നത് താനും കണ്ടു. ദേവന്റെ കയ്യിൽ മുറുകെ പിടിച്ചു കണ്ണുകൾ ഇറുകെ മൂടി.

“രേവു ഒന്നും ഇല്യാടി, അത് അകത്തെ ആർക്കെങ്കിലും പെട്ടന്ന് വയ്യാണ്ടായിണ്ടാവും അപ്പൊ ഡോക്ടറേ വിളിക്കാൻ പോണതാ. അളിയന് ഒന്നും ഉണ്ടാവില്ല. ഡോക്ടറ് പറഞ്ഞത് നീയും കേട്ടതല്ലേ… ഭേദമായി.. നാളെ റൂമിലേക്ക് മാറ്റും ഞാൻ അല്ലെ പറയണേ..ഇപ്പൊ സമാധാനമായി ഇരിക്ക്.”

പാഞ്ഞു വരുന്ന ഡോക്ടറിനെയും അതിന് പുറകിലായി വരുന്ന നഴ്സിനെയും കണ്ടു കൊണ്ട് പുറത്ത് ഇരിക്കുന്ന പലരും ആധിയോടെ നോക്കി.
ഐസിയുവിന്റെ വാതിൽ അടയുന്നതും നോക്കി രേവു നെഞ്ചിൽ കൈ വെച്ചു.

വീണ്ടും രണ്ടു മണിക്കൂർ കടന്നു പോയി..
വീണ്ടും ഐസിയുവിന്റെ വാതിൽ തുറക്കപ്പെട്ടു. പുറത്ത് ഇരിക്കുന്ന എല്ലാവരുടെയും ശ്രദ്ധ അവിടേക്ക് പതിച്ചു.

രണ്ടു വശത്തേക്കും കണ്ണോടിച്ചു കൊണ്ട് ഡോ. ബ്രഹ്മപുത്രന്റെ ദൃഷ്ടി രേവതിയും ദേവനും നിൽക്കുന്നിടത്തേക്ക് എത്തി നിന്നു.
അയാളുടെ നോട്ടം കണ്ട് ദേവൻ രേവുവിനെ വിട്ട് അങ്ങോട്ടേക്ക് എത്തി.

“നന്ദന്റെ റിലേറ്റീവ്സ് നിങ്ങളല്ലേ?”അയാളുടെ ചോദ്യത്തിൽ അവൻ യാന്ത്രികമായി അതേ എന്ന് തല ചലിപ്പിച്ചു.

“നന്ദൻ ബെറ്റർ ആയി വന്നതായിരുന്നു.
ഇന്ന് റൂമിലേക്ക് ഷിഫ്റ്റ്‌ ചെയ്യാൻ ഇരുന്നതാണ്. ആൾക്ക് ടെൻഷൻ ബിപി ഒക്കെ വളരെ കൂടുതൽ ആയിരുന്നു.
ഇപ്പോ കൊറച്ചു മുമ്പ് സൈലന്റ് അറ്റാക്ക് ആയിരുന്നു. ഇങ്ങനെ ഒന്ന് സംഭവിക്കുമെന്ന് ഞങ്ങളും കരുതിയില്ല.
സോറി…”

അതും പറഞ്ഞയാൾ ദേവന്റെ തോളിൽ തട്ടി കൊണ്ട് അകത്തേക്ക് തന്നെ പോയി.
ദേവൻ രേവുന്റെ അടുത്തേക്ക് പോവാൻ തിരിഞ്ഞതും കണ്ടു.. അവന് തൊട്ട് പുറകിലായി ശ്വാസം പോലും എടുക്കാൻ മറന്നു നിൽക്കുന്നവളെ.

“രേവു…..”അവളുടെ തോളിൽ പിടിച്ചു കൊണ്ടവൻ വിളിച്ചു.””പോയല്ലേടാ…. ന്നേ വിട്ട് പോയല്ലേ…. അങ്ങനെ പോവാൻ ഞാൻ വിടോ….

ന്നേ വിട്ട് പോവാൻ കഴിയോ ന്റെ നന്ദേട്ടന്… ഇല്യാ…. ഈശ്വരന് ഞാൻ വഴിപാട് നേർന്നത നന്ദേട്ടനെ തിരിച്ചു തരാൻ പറഞ്ഞ്…

ആ ഡോക്ടർക്ക് തെറ്റ് പറ്റിയതല്ലേ… അല്ലെ… അതേ അങ്ങനെ തന്നെയാ…
അങ്ങനെ തന്നെയാ… ന്നേ കാണാതെ പോവാൻ ഞാൻ സമ്മതിക്കില്യ… വിടെന്നെ… ഞാൻ പോവാം… ഞാൻ പോയി വിളിച്ച ഏണീക്കും… വിട്… അയ്യോ… നന്ദേട്ടാ…””.

ഐസിയുവിന് മുന്നിൽ അലറി കരഞ്ഞു കൊണ്ട് ബഹളം വെക്കുന്നവളെ അടക്കി നിർത്താൻ കഴിയാതെ ദേവൻ പാടുപ്പെട്ടു.

രേവുവിന്റെ ബഹളം കേട്ട് എല്ലാവർക്കും സഹതാപം തോന്നി. അവസാനം ആരുടെയൊക്കെയോ സഹായം കൊണ്ട് അവളെ അവിടെ പിടിച്ചു ഇരുത്തി.

അപ്പോഴേക്കും ജീവനും അങ്ങോട്ടേക്ക് എത്തിയിരുന്നു. ജീവന്റെ അടുത്ത് രേവതിയെ ഏൽപ്പിച്ച് ദേവൻ ഇരു വീടുകളിലേക്കും വിളിച്ചു അറിയിച്ചു.

മക്കൾ രണ്ടു പേരെയും കൂട്ടി ദേവന്റെ വീട്ടുകാർ നന്ദന്റെ വീട്ടിലേക്ക് തിരിച്ചു.
ജീവനെയും രേവുവിനെയും നന്ദന്റെ വീട്ടിലേക്ക് വിടാനുള്ള ഏർപ്പാടും ചെയ്തവൻ വീണ്ടും മുകൾ നിലയിൽ എത്തി.

അപ്പോഴേക്കും രേവതിയുടെ ബോധം മറഞ്ഞിരുന്നു. അവളെയും കൊണ്ട് ഏണീറ്റതും വീണ്ടും ഉണർന്നു അലറി കരഞ്ഞു കൊണ്ടിരുന്നു. ഐസിയുവിന് പുറത്തേക്ക് നന്ദന്റെ ശരീരം കൊണ്ടു വന്നു.

ലിഫ്റ്റിലേക്ക് ആ സ്ട്രക്ച്ചർ ചലിച്ചു.
ദേവൻ അതിന് പുറകെ പോകുന്നത് കണ്ട രേവു ജീവന്റെ അടുത്തു നിന്നും അങ്ങോട്ടേക്ക് ഓടി. ലിഫ്റ്റ് തുറന്നു വരുന്നതും നോക്കി നിൽക്കുന്ന ദേവനെ മറി കടന്ന്.. നന്ദന്റെ മുഖത്തെ തുണി വലിച്ചു മാറ്റി.

“”അയ്യോ….നന്ദേട്ടാ….കണ്ണ് തുറക്ക്…. ന്നോട് ഒന്നും മിണ്ടാതെ കെടക്കല്ലേ…. രേവുന് ആരൂല്യാ നന്ദേട്ടാ…. മിണ്ടാതെ കെടക്കല്ലേ….

കണ്ണ് തൊറക്ക് നന്ദേട്ടാ…. പറ്റിക്കല്ലേ….
മതി…. ഇങ്ങനെ കെടക്കണത് കാണാനാണോ ഇത്ര കാലം ഞാൻ നോക്കിയേ…. അയ്യോ…. ഞാൻ പോവാൻ സമ്മതിക്കില്യ…. അയ്യോ…. ഈശ്വരാ….””

അവനെ പിടിച്ചു കുലുക്കി വിളിക്കുന്നവളെ ശ്രമപ്പെട്ട് അറ്റെൻഡറും ദേവനും കൂടി പിടിച്ചു മാറ്റി.
ജീവൻ വന്നവളെ മുറുകെ പിടിച്ചു നിർത്തി..

അപ്പോഴേക്കും കുഴഞ്ഞു വീണിരുന്നു രേവു. രേവുവിനെയും കൊണ്ട് ജീവൻ നന്ദന്റെ വീട്ടിലേക്ക് തിരിച്ചു. ദേവൻ ഹോസ്പിറ്റലിലെ ഫോർമാലിറ്റിസ് ഒക്കെ നോക്കി.

രേവുനെയും മക്കളെയും അകത്തെ മുറിയിലേക്ക് മാറ്റി. ബന്ധുക്കൾ എല്ലാം ചേർന്ന് അകം അടിച്ചു തുടച്ചു വൃത്തിയാക്കി.

രാവിലെ ഒരു ആറുമണി കഴിഞ്ഞിരുന്നു നന്ദനെ വീട്ടിലേക്ക് എത്തിക്കുമ്പോൾ.
ഒന്നാം ഓണം ആയതുകൊണ്ട് നന്ദന്റെ മരണം അധികം ആരും അറിഞ്ഞില്ല.
അറിഞ്ഞവരെല്ലാം വന്നു.

പത്തു മണിക്ക് തന്നെ ശവദാഹം നടത്താൻ തീരുമാനിച്ചു. ഇത് വരെ തിരിഞ്ഞു നോക്കാത്ത ബന്ധുക്കൾ കുറ്റവും കുറവും കണ്ടുപിടിക്കാൻ മുൻപന്തിയിൽ തന്നെ ഉണ്ടായിരുന്നു.

വീട്ടിൽ തന്നെ നന്ദനെ അടക്കാമെന്ന ദേവന്റെയും ജീവന്റെയും ധാരണയെ പാടെ അവഗണിച്ചു കൊണ്ട് നന്ദന്റെ ബന്ധുക്കൾ രംഗത്ത് എത്തി.

“”വീട്ടിൽ തന്നെ നന്ദനെ അടക്കാമെന്ന് നിങ്ങൾ രണ്ടും തീരുമാനിച്ച മതിയോ?””.നന്ദന്റെ മൂത്തചേട്ടന്റെയും രണ്ടാമത്തെ ചേട്ടന്റെയും ചോദ്യം ദേവനെ ചൊടിപ്പിച്ചു.

“അതെന്താ വീട്ടിൽ അടക്കണ്ടാന്ന് പറയാൻ?”അവൻ തിരിച്ചും ചോദിച്ചു.””കാലം മാറില്യേ ദേവാ…. പിന്നെ വീട്ടില് അധികം ആരും അടക്കില്യ ഇപ്പൊ ”

“അത് നിങ്ങളാണോ തീരുമാനിക്കണേ?
ഞങ്ങടെ രേവുന്റെയും നന്ദന്റെയും വീട് അവരുടെ പേരിലുള്ള പറമ്പ്.. അവൾക്ക് കാണാൻ ഇവിടെ തന്നെ അടക്കും അവനെ. അതിനിപ്പോ ഏത് കൊമ്പത്തെ അപ്പൻ പറഞ്ഞാലും.”

ദേവന്റെയും നന്ദന്റെ ചേട്ടൻമാരുടെയും വാക്കേറ്റം മൂർച്ഛിച്ചപ്പോൾ ജീവൻ അമ്മയെ വിളിക്കാൻ പോയി.

“”ന്താ ദേവൂട്ടാ ഇവടെ… ഇത് ഒരു മരണം നടന്ന വീടാ ആ ബോധം ഉണ്ടോ നിങ്ങൾ മൂന്ന് പേർക്കും… ദേവാ… നിന്റെ പെങ്ങൾ അതായത് ന്റെ മോളാ അകത്ത് ബോധമില്യാണ്ട് കെടക്കണേ… അതിനും ആ ചെക്കന്റെ ആത്മാവിനും ഇത്തിരി സമാധാനം കൊടുക്കാ… നാട്ടാരെ കൊണ്ട് ഓരോന്ന് പറയിക്കാണ്ട്.””

വീട്ടില് നന്ദനെ അടക്കണ്ട എന്ന വാശിയിൽ നന്ദന്റെ വീട്ടുകാർ ഉറച്ചു നിന്നു. ദേവൻ ദേഷ്യം വന്ന് രേവതിയുടെ അരികിലേക്ക് പോയി.

“രേവു…”അവന്റെ വിളിയിൽ ചുവരിൽ ചാരി കട്ടിലിൽ മുഖം പൂഴ്ത്തി ഇരുന്നവൾ തല പൊക്കി നോക്കി.

“നിന്റെ ഒരു വാക്ക് മതി… നിന്റെ നന്ദേട്ടനെ നിങ്ങടെ പറമ്പിൽ അടക്കാനുള്ള ഏർപ്പാട് ചെയ്യാം… പറ…”

അവളുടെ മൗനം അവനെ വേദനിപ്പിച്ചു.
ഒന്നും മിണ്ടാതെ അവളിരുന്നു കണ്ണീരുവറ്റിയ മിഴികൾ ചിമ്മാൻ പോലും മറന്ന്.

ആരൊക്കെയൊ ചേർന്ന് രേവതിയെയും മക്കളെയും ഹാളിലെ നിഴൽ പായയിൽ ഇരുത്തി.
അവനെ നോക്കി അവളിരുന്നു.

ശവദാഹം ചെയ്യാൻ അവനെ ശാന്തിതീരത്തേക്ക് കൊണ്ടുപോകാൻ തീരുമാനമായി. അവസാനമായി അവന്റെ മുഖം മുഴുവൻ ഒരു ഭ്രാന്തിയെ പോലെ ചുംബിക്കുന്നവളെ കണ്ടു പലരും കരഞ്ഞു പോയിരുന്നു.

അത്ര നേരം ശാന്തമായ കടൽ പോലെ ഇരുന്നവൾ അവനെ കൊണ്ടുപോകാൻ എടുക്കുമ്പോൾ അലമുറയിട്ട് കരഞ്ഞു…
ചങ്കു പൊട്ടുമാറുച്ചത്തിൽ അലറി കരഞ്ഞു.

അവനെയും വഹിച്ചു കൊണ്ടു പോകുന്ന ആംബുലൻസിനു പുറകെ ഒരു ഭ്രാന്തിയെ പോലെ കരഞ്ഞു കൊണ്ട് ഓടി… അവസാനം തളർന്നു കൊണ്ട് ആ മണ്ണിലായ് വീഴുമ്പോൾ അവളുടെ നാവിൽ അവന്റെ പേര് മാത്രം മുഴങ്ങി കേട്ടു..

ഓർമകളിൽ നിന്നും തിരികെ പോരുമ്പോൾ നന്ദൻ കൂടെയുണ്ടെന്ന വിശ്വാസത്തെ പൂർവ്വാധികം ശക്തിയോടെ മുറുകെ പിടിച്ചിരുന്നു രേവു…

“”ആരൊക്കെ ന്തൊക്കെ പറഞ്ഞാലും രേവതിടെ ഉള്ളില് നന്ദനെ കാണൂ എന്നും…നിക്ക് അറിയാം നന്ദേട്ടാ നിങ്ങക്കും ഒരുപാട് സങ്കടം കാണുംന്ന്… ഒരുമിച്ച് ഈശ്വരൻ നമ്മളെ

വിളിക്കാത്തതിനു മാത്രേ നിക്ക് സങ്കടം ഉള്ളു… ഞാൻ ന്റെ അവസാനം വരെ നമ്മടെ മക്കളെ നോക്കും ആരുടെ മുന്നിലും ഇരക്കാതെ…

അന്തസായി തന്നെ അവരെ വളർത്തും… അത് കഴിഞ്ഞ് ഞാനും വരും നന്ദേട്ടന്റെ അരികിലേക്ക്… അത് വരെ ഈശ്വരൻ തന്ന ജീവിതം ഞാൻ എങ്ങനെയെങ്കിലും ജീവിച്ചു തീർത്തോളാം…

കാത്തിരുന്നോളാം അത് വരെ… ന്റെ ഉള്ളിൽ മുഴുവൻ നിങ്ങളല്ലേ… ഈ വീട്ടില് എവിടെയെങ്കിലും കാണുംന്ന് വിചാരിച്ച് ഞാൻ സമാധാനിച്ചോളാം..””

അവിടം മുതൽ മക്കൾക്കു വേണ്ടി ജീവിതം ജീവിച്ചു തീർക്കാൻ ഒരുങ്ങുകയായിരുന്നു അവളും… തളരാതെ പിടിച്ചു നിർത്താൻ അവനുണ്ടെന്ന പ്രതീക്ഷയിൽ.. അവനെ ഓർത്ത് അവളും കാത്തിരുന്നു ജന്മജന്മാന്തരങ്ങൾക്കായി….

Leave a Reply

Your email address will not be published. Required fields are marked *