(രചന: J. K)
ഒരിക്കൽ തങ്ങളെ ആട്ടിയിറക്കി വിട്ട തറവാടാണ് വീണ്ടും അവിടേക്ക് തന്നെ വരിക എന്ന് പറയുമ്പോൾ, മിഴികൾ നീറി തുടങ്ങിയിരുന്നു നിരഞ്ജനക്ക്…
എങ്കിലും വേറെ വഴിയില്ല തന്റെ നിസ്സഹായത ശരിക്കും അറിയാമായിരുന്നു അവൾക്ക്…
അവിടേക്ക് കയറിച്ചെന്നപ്പോൾ പലതരത്തിലുള്ള മുഖങ്ങൾ അവളെ എതിരേൽക്കാൻ നിന്നിരുന്നു ചിലവയിൽ സഹതാപം ആണെങ്കിൽ ചിലവയിൽ അവളോട് ദേഷ്യവും വിദ്വേഷവും ഒക്കെയായിരുന്നു അവൾക്ക് കാണാൻ കഴിഞ്ഞത്…
എന്തൊക്കെ തന്നെയായാലും ഇപ്പോൾ ഒന്നിനും പ്രതികരിക്കുന്നത് നല്ലതാവില്ല എന്ന് അവൾക്കറിയാമായിരുന്നു…
“”” ഇനിയി പടി കേറില്ലന്നും പറഞ്ഞ് ഇറങ്ങിപ്പോയ ഉണ്ണിയാർച്ചയുടെ മകൾക്ക് അവസാനം തോറ്റു മടങ്ങേണ്ടി വന്നല്ലോ “”
എന്ന് വലിയമ്മ പുച്ഛത്തോടെ പറഞ്ഞപ്പോൾ ശരിക്കും അവിടെ നിന്ന് ഇറങ്ങി പോകാൻ വേണ്ടി തോന്നിയതാണ് പക്ഷേ എല്ലാം സഹിച്ചു അവിടെ നിന്നു. അമ്മയ്ക്ക് കൊടുത്ത വാക്കോർത്ത്….
“”” കുട്ടിയെ വലിയ അദ്ദേഹം വിളിക്കുന്നുണ്ട് “”എന്ന് അവിടുത്തെ ജോലിക്കാരി വന്നു പറഞ്ഞപ്പോൾ വേഗം അവളുടെ പിന്നാലെ ചെന്നു..
അവിടെ ഒരു മുറിയിലേക്ക് ആനയിക്കപ്പെട്ടു അവിടെ ചെന്നപ്പോൾ ഹോംനേഴ്സ് ഇഞ്ചക്ഷൻ എടുക്കുകയായിരുന്നു മുത്തശ്ശന്..
“” മുത്തശ്ശൻ””
ഒരിക്കൽ അങ്ങനെ വിളിക്കാൻ കൊതിച്ചിട്ടുണ്ട്.. അന്നൊരിക്കൽ മോഹം കൊണ്ടാണ് അമ്പലത്തിൽ നിന്ന് കണ്ടപ്പോൾ ഉറക്കെ വിളിച്ചത്…
മുത്തശ്ശാ “”””എന്ന്…
“””അശ്രീകരം!!!! കണ്ട തെണ്ടി പിള്ളേര് അഹങ്കാരം കാണിക്കുന്നത് കണ്ടില്ലേ… പിടിച്ചു മാറ്റുക!!””
ഇന്ന് ഡ്രൈവറോട് ഉറക്കെ പറഞ്ഞാണ് അതിനു
മറുപടി നൽകിയത് ഒരു അഞ്ചു വയസ്സുകാരി ആകെ ഭയപ്പെട്ടു പോയിരുന്നു ഓർമ്മ ഉറക്കാത്ത കാലത്ത്
നടന്നത് ആണെങ്കിൽ പോലും ആ ഒരു സംഭവം ഇപ്പോഴും മികവോടെ ഓർമ്മകളിൽ തെളിയാറുണ്ട് ഒരു പക്ഷേ അന്ന് അത്രമേൽ ഭയപ്പെട്ടതുകൊണ്ടാവാം ..”” എന്തിനാടി അങ്ങനെ വിളിച്ചത്?? “”
എന്ന് ചോദിച്ച അമ്മയുടെ വകയും കിട്ടിയിരുന്നു ധാരാളം.. പക്ഷേ എന്നെ അടിക്കുമ്പോൾ കൂടുതൽ വേദനിച്ചത് അമ്മയ്ക്ക് തന്നെയാണെന്ന് അത് കഴിഞ്ഞിട്ടുള്ള പൊട്ടിക്കരച്ചിലിൽ നിന്ന് മനസ്സിലായിരുന്നു…
അടികൊണ്ട വേദന സാരം ആക്കാതെ, സാരമില്ല എന്ന് പറഞ്ഞ് അമ്മയുടെ കണ്ണീര് തുടച്ചു കൊടുക്കുമ്പോൾ കെട്ടിപ്പിടിച്ച് എന്റെ മുഖത്ത് ആകെ ചുംബനങ്ങൾ കൊണ്ട് മൂടിയിരുന്നു..
അമ്മ ആകെ ചെയ്ത തെറ്റ് ഇഷ്ടപ്പെട്ട ഒരാളുടെ കൂടെ ഇറങ്ങിപ്പോയി എന്നതായിരുന്നു..
മുത്തശ്ശന്റെ പെങ്ങളുടെ മകൻ.. ചെറുപ്പകാലം തൊട്ടേ ദേവിക്ക് ശ്രീനി… ശ്രീനിക്ക് ദേവി എന്നു പറഞ്ഞായിരുന്നു വളർത്തിയത് പോലും…
പിന്നീട് എപ്പോഴോ കുടുംബക്കാർ തമ്മിലുള്ള വിദ്വേഷം അവരെ തമ്മിൽ അകറ്റിയപ്പോൾ, പ്രണയിച്ചിരുന്ന രണ്ട് ഹൃദയങ്ങൾ പിരിയാൻ ആവാതെ പിടഞ്ഞിരുന്നു…മുത്തച്ഛന്റെ പിടിവാശി അപ്പോൾ തന്നെ അമ്മയ്ക്ക് മറ്റൊരു വിവാഹം ആലോചിച്ചു
പക്ഷേ അമ്മയ്ക്ക് അങ്ങനെ ഒരു ബന്ധത്തെ പറ്റി ചിന്തിക്കാൻ പോലും കഴിയില്ല ആയിരുന്നു അച്ഛനല്ലാതെ മറ്റാരും ആ കാര്യത്തിൽ താലികെട്ടില്ല
കെട്ടിയാൽ ജീവിച്ചിരിക്കില്ല എന്ന് അമ്മ പറഞ്ഞു കുറച്ചുകാലം വീട്ടുതടങ്കലിൽ ആയി.. അവിടെ നിന്നും പിന്നെ എപ്പോഴോ അച്ഛന്റെ കൂടെ ഇറങ്ങിപ്പോയി..
സ്വന്തം പെങ്ങൾ ജയിച്ച ഭാവത്തിൽ മുന്നിൽ വന്നു നിന്നപ്പോൾ പിന്നെ മുത്തശ്ശന് കണ്ണ് കണ്ടില്ല അങ്ങനെയൊരു മകൾ അവിടെ ഇല്ല എന്ന് പറഞ്ഞ് ഇരിക്ക പിണ്ഡം വച്ചു…
പെങ്ങളോടുള്ള വാശിയും വൈരാഗ്യവും മുത്തശ്ശനെ ഒരു മൃഗത്തിനോട് സമമാക്കിയിരുന്നു അവരുടെ ഉള്ളതെല്ലാം മുത്തശ്ശൻ പിടിച്ചെടുത്തു..
ശരിക്കും ഒന്നുമില്ലാതായി നാട് വിടേണ്ടി വന്നു എല്ലാവർക്കും..
അവസാന ശ്രമം എന്ന നിലയിൽ അമ്മ എന്നെയും കൂട്ടി ഇങ്ങോട്ടേക്ക് വന്നു മുത്തശ്ശനോട് ഇനിയെങ്കിലും അവരെ അവിടെ ജീവിക്കാൻ അനുവദിക്കണം എന്ന് പക്ഷേ അവിടെ നിന്ന് ആട്ടിയിറക്കി വിടുകയാണ് ഉണ്ടായത് അതും ഭീതിയോടെ തന്നെ ഓർക്കുന്ന ഒരു കാര്യമാണ്…
കാലം കഴിഞ്ഞ് പോയി വീറും വാശിയും കാലങ്ങൾ പോകെ കുറഞ്ഞു വരും എന്നാണല്ലോ പറയുക മുത്തച്ഛന്റെ വാശി കുറഞ്ഞു അമ്മയോട് ചെയ്തതിനെല്ലാം പിന്നെ പിന്നെ മുത്തച്ഛന് കുറ്റബോധം തോന്നാൻ തുടങ്ങി..
ഒരുപാട് തവണ അമ്മയുടെ അടുത്തേക്ക് ആളെ പറഞ്ഞ് വിട്ടു, മരണം കാത്ത് കിടക്കുന്ന തന്നെ ഒന്ന് കാണാൻ വരണം എന്ന്…
അമ്മയ്ക്ക് ആദ്യം ഒന്നും പോകാൻ താല്പര്യമില്ലായിരുന്നു പക്ഷേ കാലു പിടിക്കും വിധം മുത്തശ്ശൻ പറഞ്ഞത് കേട്ട് ഗത്യന്തരമില്ലാതെ അമ്മ വരാമെന്ന് സമ്മതിച്ചു പക്ഷേ അമ്മയ്ക്ക് ഒട്ടും
താല്പര്യമില്ല എന്ന് അമ്മയുടെ വർത്തമാനത്തിലൂടെ എനിക്ക് മനസ്സിലായിരുന്നു എന്നെയും കൂട്ടി വരാം എന്നാണ് അമ്മ പറഞ്ഞിരുന്നത്..
തന്നെ ഭർത്താവിന്റെ വീട്ടുകാരെ ആ നാട്ടിൽ ജീവിക്കാൻ പോലും സമ്മതിക്കാതെ ഉപദ്രവിച്ചതും, കാലു പിടിക്കാൻ ചെന്നിട്ടും ആട്ടി അകറ്റിയതും..
സ്വന്തം മകളുടെ ഭർത്താവ് മരിച്ചു എന്ന് അറിഞ്ഞിട്ടുപോലും ഒന്ന് തിരിഞ്ഞു നോക്കാതെ ഇരുന്നതും എല്ലാം അമ്മയുടെ ഉള്ളിൽ അങ്ങനെ തന്നെ കിടന്നിരുന്നു..
“” എങ്കിൽ പിന്നെ പോകാതിരുന്നൂടെ ”
എന്ന് ഞാൻ തന്നെയാണ് അമ്മയോട് ചോദിച്ചത്..
“” ഒരാളോട് യുദ്ധം പ്രഖ്യാപിക്കുമ്പോൾ അത് അയാൾക്ക് എപ്പോഴും ആരോഗ്യമുള്ളപ്പോൾ മാത്രം വേണം അല്ലാതെ അയാൾ തളർന്നു കിടക്കുമ്പോഴാണ് ആവരുത് അങ്ങനെ ജയിച്ചാലും അത് ജയം ആയി കണക്കാക്കാൻ കഴിയില്ല
ഇവിടെ എന്റെ അച്ഛനോട് ഞാൻ ഇത്രയും നാളും പൊരുതി തന്നെയാണ് നിന്നത് ഒരു കാര്യത്തിനും അദ്ദേഹത്തിന്റെ ഒരു സഹായത്തിന് ഞാൻ പോയിട്ടില്ല….
ഒരിക്കൽ ആ പടി കയറിയത് സഹായം ചോദിച്ചു ആയിരുന്നില്ല.. ഇപ്പോൾ ഇങ്ങോട്ട് വന്ന് കാലുപിടിച്ച് ആവശ്യപ്പെട്ടത് നിറവേറ്റാൻ എനിക്ക് കഴിഞ്ഞില്ലെങ്കിൽ പിന്നെ ഞാനും അവരും തമ്മിൽ വ്യത്യാസം ഒന്നും ഇല്ലാതെയാവും…”””
“” എങ്കിൽ പിന്നെ പോകാം എന്ന് ഞാനും പറഞ്ഞു പിറ്റേദിവസം പോകാൻ തന്നെയായിരുന്നു തീരുമാനം പക്ഷേ തോറ്റു കൊടുക്കാൻ മനസ്സില്ലാത്തതുകൊണ്ടാണെന്ന് തോന്നുന്നു അമ്മ അന്ന് എണീറ്റില്ല..
ഒരുപക്ഷേ ഏറെ കാണാൻ ആഗ്രഹിച്ച അമ്മയെ, കാണിക്കാതെ പകരം ഇങ്ങനെയൊരു വാർത്ത അറിയാൻ പാകത്തിന് ഒരു വിധി കാലം കാത്തുവെച്ചതാവും മുത്തശ്ശന്..
ഞാനും വല്ലാതെ തളർന്നു പോയിരുന്നു ഒറ്റപ്പെട്ട പോലെ പിന്നീട് എന്നെ കാണണം എന്ന് പറഞ്ഞ് വന്നു അവിടുന്ന് ആള്…എനിക്കെന്തോ വരില്ല എന്ന് പറയാൻ തോന്നിയില്ല…
ആ പടി കേറിച്ചെന്നു പലരുടെയും മുഖത്ത് വല്ലാത്ത വിഷമം കണ്ടു, സ്വത്ത് ഇനിയൊന്നും കൂടി ഭാഗിച്ച് എന്റെ ഭാഗം തരേണ്ടി വരുമല്ലോ എന്നാണ് ആ വിഷമത്തിന് പുറകിൽ നിന്ന് അവരുടെ പിറുപിറുക്കൽ കേട്ടപ്പോൾ മനസ്സിലായി…
മുത്തശ്ശനെ കാണാൻ ചെന്നു.. എന്നെ കണ്ടപ്പോൾ കെട്ടിപ്പിടിച്ച് ഒരുപാട് കരഞ്ഞു അമ്മൂമ്മയും..
എന്റെ മിഴികൾ എന്തോ നനഞ്ഞില്ല…
ഇനിയുള്ള കാലം അവിടെ മുത്തശ്ശന്റെ കൂടെ താമസിക്കണം എന്ന് പറഞ്ഞു..
“”‘ ഇനിയും അമ്മയെയും കാണണമെന്ന് പറഞ്ഞപ്പോൾ അമ്മ തീരുമാനിച്ചതായിരുന്നു ഇവിടെ വരെ വന്ന് നിങ്ങളെ ഒന്ന് കണ്ടിട്ട് അതുപോലെ തന്നെ തിരികെ പോണമെന്ന് പക്ഷേ…
അതുവരേക്കും അമ്മയ്ക്ക് ആയുസ്സ് കൊടുത്തില്ല അതോടെ അത് എന്റെ കടമയാണ് എന്ന് എനിക്ക് തോന്നി ഇതുവരേ വന്നു.. മുത്തച്ഛനെ കണ്ടു ഇനി ഞാൻ തിരിച്ചു പോകുകയാണ്…””
“”” മോളെ നിനക്കിനി ആരുണ്ട്… ഞങ്ങൾക്കും ആരുമില്ല… ചുറ്റിനും ഉള്ളവരൊക്കെ സ്വത്ത് മാത്രം മോഹിച്ചു കൂടെ നിൽക്കുന്നവരാണ് എന്ന് തിരിച്ചറിഞ്ഞിട്ട് കാലം കുറച്ചു അധികമായി… ഇനി മോള് വേണം ഇവിടെ… മുത്തച്ഛൻ കാലു പിടിക്കുകയാണ് “””
“”‘ എനിക്ക് ആരുമില്ല എന്നത് സത്യമാണ് പക്ഷേ, ഏതു സാഹചര്യത്തിലും പിടിച്ചുനിൽക്കാൻ ഇതിനോടകം ഞങ്ങൾ പഠിച്ചു കഴിഞ്ഞു.. അതിന് നന്ദി പറയേണ്ടത് മുത്തച്ഛനോട് തന്നെയാണ്.. അത്രമേൽ വലിയ പാഠങ്ങൾ ഞങ്ങളെ പഠിപ്പിച്ചത് അങ്ങ് തന്നെയാണ്…
അങ്ങയുടെ ഒരു സഹായവും കൈപ്പറ്റരുത് എന്ന് അമ്മയ്ക്ക് നിർബന്ധമുണ്ടായിരുന്നു അന്ന് പരിഗറി വന്നതും സഹായങ്ങൾ അല്ല ഇനിയും ഉപദ്രവിക്കരുത് എന്ന് പറയാനായിരുന്നു..
ചേർത്തുപിടിക്കേണ്ടതിനു പകരം അന്ന് ആട്ടി അകറ്റി വിട്ടതാണ് ഞാൻ വീണ്ടും വേദനിപ്പിക്കാൻ വേണ്ടി പറയുകയല്ല..
അന്ന് അമ്മയ്ക്ക് നിഷേധിച്ചത് ഇനി എനിക്കും വേണ്ട… എന്നെ പോകാൻ അനുവദിക്കണം ഇനിയും കാണാൻ തോന്നുമ്പോൾ പറഞ്ഞാൽ മതി വരാം അത്ര മാത്രം “”””
അതും പറഞ്ഞു നടന്നകലുമ്പോൾ അവളിൽ വല്ലാത്ത ഒരു ആശ്വാസം ഉണ്ടായിരുന്നു….
പകരം വീട്ടിയ പോലെ….