സ്വന്തം കഴിവ് കേട് മറക്കാൻ എന്റെ മെക്കിട്ടു കയറുന്നു. ഞാനിപ്പൊ ചത്തേനെ..നായിന്റെ മോൻ””. കിതച്ചു കൊണ്ട് സുനിൽ പറഞ്ഞു.

അവളുടെ നോവുകൾ
രചന :-മുഹമ്മദ്‌ ഫൈസൽ ആനമങ്ങാട്

സജിയുടെ ഒറ്റ ചവിട്ടിന് സവിത “”അമ്മേ””.. എന്ന് നില വിളിച്ചു താഴെ വീണു. സജി കമിഴ്ന്ന് വീണ അവളുടെ മുതുകിൽ ആഞ്ഞു ചവിട്ടി. അവളുടെ മുടികുത്തിനു ചുരുട്ടി പിടിച്ചു വലിച്ചു എഴുന്നേൽപ്പിച്ചു.

അവൾ വേദന കൊണ്ട് നിലവിളിച്ചു. “”അമ്മേ.. ആഹ്””. മുറിയിൽ പഠിച്ചു കൊണ്ടിരുന്ന അവരുടെ മൂത്ത മകൾ അർച്ചന പരിചിത ശബ്ദവും കാഴ്ച്ചയും എന്ന പോലെ ഓടി വന്നില്ല. പക്ഷെ.. ഗോപൂട്ടൻ ഓടി വന്നു. അടുക്കളയിലേക്ക് എത്തി നോക്കി.

സജി അവനെ കണ്ടു. അച്ഛന്റെ ചോര ചുവപ്പാർന്ന കണ്ണുകളും അമ്മയുടെ ഉറക്കെയുള്ള തേങ്ങലും കണ്ട് അവൻ ഭയന്നു വാതിലിന് പുറകിൽ മറഞ്ഞു നിന്നു. ഗോപൂട്ടനെ കണ്ട സജി സവിതയെ വീണ്ടും തള്ളി താഴെയിട്ടു. ”

“നീയിന്ന് ഉറങ്ങിയില്ലേടാ”” എന്നും ചോദിച്ചു അയാൾ അവന്റെ കവിളിൽ നുള്ളാൻ ശ്രമിച്ചു. ഗോപു പേടിച്ചു പുറകിലേക്ക് മാറി. സജി ചുണ്ട് കോട്ടി

ചിരിച്ചു കൊണ്ടു മുറിയിലേക്ക് കയറി പോയി. സവിത വേച്ചു വേച്ചു വന്നു. ഗോപുവിനെ അടക്കി പിടിച്ചു കൊണ്ടു പോയി കട്ടിലിന്റെ ഒരു മൂലക്കൊതുങ്ങി.

“”അമ്മേ.. അച്ഛൻ ഇന്നും കള്ളു കുടിച്ചു വന്നിട്ട് അമ്മേനെ തല്ലുവോ. ന്നലെ ഞാനാകെ പേടിച്ചോയി””.അടുക്കളയിൽ ചോറ് വാർക്കുകയായിരുന്ന സവിതയുടെ

പുറകിൽ വന്നു നിന്നു കൊണ്ട് ഗോപൂട്ടൻ ചോദിച്ചു. സവിത തിരിഞ്ഞു നിന്നു വാടിയ നിറം മങ്ങിയ മുഖത്തൊരു ചിരി വിരിയിക്കാൻ ശ്രമിച്ചു.

“”അമ്മയ്ക്കിതൊക്കെ ശീലായി ഗോപൂട്ടാ. ഇയ്യ് ഇന്നലെ ആദ്യായിട്ട് കണ്ടിട്ടാ””. സവിത പറഞ്ഞു.

കളിക്കുന്നതിനിടെ എന്തോ ഓർത്തിട്ടെന്ന പോലെ അവൻ ഓടി വന്നതാണ്. സവിത ചിരിച്ചു കൊണ്ട് തിരിഞ്ഞു നിന്നു. മുഖത്തെ ഞെട്ടലും സങ്കടവും ഗോപു

കാണാതിരിക്കാൻ അവൾ ഒന്നു കൂടി വിടർന്നു ചിരിച്ചു.”അവന് ഏഴു വയസ്സായി. കൊറച്ചൊക്കെ കാര്യങ്ങൾ മനസ്സിലാക്കാനുള്ള പക്വത അവനായി”.സവിത ഓർത്തു.

എന്നും അച്ഛൻ വരുമ്പോ ഉറങ്ങാറുള്ള അവൻ ഇന്നലെ ഉറങ്ങിയില്ല. അമ്മയെ തല്ലുന്നത് കണ്ട അവൻ വല്ലാതെ പേടിച്ചിരുന്നു. അവൻ സവിതയുടെ മുഷിഞ്ഞ കോട്ടൺ സാരിയിൽ പിടിച്ചു അമ്മയെ തന്നെ നോക്കി നിന്നു. സവിത കുനിഞ്ഞു നിന്നു അവന്റെ കവിളിൽ തലോടി.

“”ഇല്ല്യടാ ഗോപൂട്ടാ.. നിന്റച്ഛൻ നന്നായില്ല്യേ. ഇഞ്ഞി കുടിക്കില്ല്യാന്ന് അമ്മയ്ക്ക് വാക്ക് തന്നിട്ടാ അച്ഛൻ പോയേ.അത് മാത്രമോ കുട്ടാ..ഗോപൂട്ടന്റെ സമ്പാദ്യ കുടുക്ക പൊട്ടിച്ചു കൊണ്ടു പോയില്ല്യേ അച്ഛൻ. നെനക്ക് സൈക്കിളും അമ്മയ്ക്ക് സാരീം

ചേച്ചിക്ക് മിഡീം ടോപ്പും എല്ലാം വാങ്ങി വരും ട്ടോ. വേഗം പോയി കളിച്ചോ. എന്നിട്ട് കുളിച്ചിട്ട് പഠിക്കാനിരിക്കണം ട്ടോ””… സവിത ചിരിച്ചു കൊണ്ട് പറഞ്ഞു. ഗോപൂട്ടൻ കുറച്ചു നേരം ആലോചിച്ചു. പിന്നെ വിടർന്ന മുഖവുമായി ഓടി പോയി.

സവിത മോനെ ആശ്വസിപ്പിച്ചെങ്കിലും ഉള്ള് പൊള്ളുന്നുണ്ടായിരുന്നു. അവൾ ഇന്നലെ ഭർത്താവ് സജിയുടെ കൈവിരലുകൾ പതിഞ്ഞ കവിളിൽ തലോടി. നാല് വിരൽ പാടുകൾ ചെറിയ വരമ്പുകൾ പോലെ വിരലുകളിൽ തടഞ്ഞു.

കണ്ണ് നിറഞ്ഞെങ്കിലും ഇന്നെങ്കിലും എല്ലാത്തിനും ഒരു അവസാനമുണ്ടാകുമെന്ന സന്തോഷത്തിൽ അവൾ ചിരിച്ചു. ശരീരം മൊത്തം നീലിച്ച പാടുകളാണ്. മുട്ടു കൈ കൊണ്ട് അയാൾ മുതുകിന് ഇടിച്ച വേദന ഇപ്പോഴും സവിതക്ക് മാറിയിട്ടില്ല.

എങ്കിലും അവൾ കുറച്ചെങ്കിലും ആഹ്ലാദവതിയാണ്. “മരിച്ചു പോയ അമ്മയെ തൊട്ടാണ് ഇന്ന് ഏട്ടൻ സത്യം ചെയ്തിരിക്കുന്നത്. എനിക്കുറപ്പാണ്. ഇന്ന് സജിയേട്ടൻ കുടിക്കില്ല്യാ.

ഇന്നും കുടിച്ചാൽ ഇഞ്ഞി ഒരിക്കലും അങ്ങേര് നന്നാവൂല്ല്യ “. അവളുടെ മനസ്സ് മന്ത്രിച്ചു. ആഹ്ലാദം ചെറുതായി നിരാശക്ക് വഴിമാറി.

അവൾ ചോറ് വാർത്തു വാങ്ങി വെച്ചു. കുറച്ചു ഉണക്ക മാന്തൾ മീനും പൊരിച്ചു വെച്ചു. നാലഞ്ചു പപ്പടം പൊരിച്ചു അളുക്കിലാക്കി അടച്ചു വെച്ചു. സന്ധ്യ മയങ്ങി തുടങ്ങിയിരിക്കുന്നു.

മഴക്കോളും കാണുന്നുണ്ട്. മഴ പെയ്താൽ ചോരാത്ത ഒരേ ഒരു മുറിയേ ആ ഓടിട്ട വീട്ടിലുള്ളൂ..”എത്ര തവണ സജിയേട്ടനോട്‌ പറഞ്ഞതാ. ഈ വീടൊന്നു വാർപ്പാക്കാൻ. ഈ മാവേലി കയറാ മൂലയിൽ ഈയൊരു വീടേ ഓടിട്ടതുള്ളൂ. അതിനെങ്ങന്യാ. വല്ല വിചാരോണ്ടോ.

കുടിച്ചു കൂത്താടി നടക്കല്ലേ. ഒരു പെങ്കുട്ട്യാ വളർന്നു വരണേ. അടച്ചൊറപ്പുള്ള ഒരു വീട് വേണ്ടേ ഇന്യേങ്കിലും. ഹും.. ആരെ കുറിച്ചാ ഞാനീ ഓർക്കണത് ഭഗവതീ. മോള് എത്രേലാ പഠിക്കണതെന്നു പോലും അറിയാത്ത അങ്ങേരെ കുറിച്ചോ”. സവിത അടുക്കളയിൽ ആലോചിച്ചു നിന്നു കാടു കയറി.

പെട്ടെന്ന് ആകാശം കറുത്തു. ഒരു മിന്നലും കൂടെ നല്ലൊരു ഇടിയും വെട്ടി.. സവിത ഞെട്ടി. ഗോപൂട്ടന് ഇടി പൊട്ടുന്നത് പേടിയാണല്ലോ എന്നോർത്തതെയുള്ളൂ അവൾ. ഉടൻ ഗോപു മുറ്റത്തു നിന്ന് പേടിച്ചോടി വന്നു അമ്മയുടെ ഇടുപ്പിൽ ചുറ്റി പിടിച്ചു.

“ന്റെ ഭഗവതീ..മഴ പെയ്യുകയാണോ”. അവൾ പതുക്കെ പറഞ്ഞു. “”കുട്ടൻ ചേച്ചീടെ മുറിയിൽ പോയിരുന്നോ. അമ്മ കുളിച്ചിട്ട് വരാം മഴ വരുമ്പോഴേക്കും. അച്ഛൻ വന്നാൽ അമ്മ കുളിക്ക്യാൻ പോയീന്നു പറഞ്ഞാൽ മതീട്ടോ””.

കുളിച്ചു വന്ന സവിത അലമാരയിൽ നിന്നും ചായം പോയൊരു മാക്സി എടുത്തിട്ടു. പൂപ്പൽ പിടിച്ച അലമാരയിലെ കണ്ണാടിയിൽ അവളെ നോക്കി. കവിളെല്ലുകളും കഴുത്തെല്ലുകളും തെളിഞ്ഞു കാണാം.

മുഖമൊക്കെ വാടി കറുത്തിരിക്കുന്നു. ആകെയൊരു പൊയ്ക്കോലം. അതിലവൾക്ക് പരാതിയില്ല. ഒട്ടും പരിഭവവും ഇല്ല

“മുപ്പത്തഞ്ചു വയസ്സായിട്ടേള്ളൂ. ആകയൊരു തള്ള കോലം..കല്യാണം കഴിഞ്ഞ പെണ്ണ് ചന്തം വെക്കണങ്കി മനസ്സമാധാനണ്ടാവണം. ഇക്കതുണ്ടോ. കെട്ടിക്കൊണ്ടു വന്നീന്റെ പിറ്റേന്ന് തൊടങ്ങീതല്ലേ ഇടിയും തൊഴിയും.

കൂതിച്ചീന്നും തേവിടിശ്ശിന്നുമുള്ള വിളികളും അല്ലാതെ ഞാനെന്താ കേട്ടിട്ട്ള്ളത്. എങ്ങനെക്കെയോ രണ്ട് കുട്ടികള്ണ്ടായി. അല്ലാതെ എന്ത് സുഖാണ് ഇക്കിവിടെള്ളത്. ജീവിച്ചിരിക്കണത് തന്നെ മക്കൾക്ക് വേണ്ടിയാ.

ന്നിട്ട്പ്പൊ ചന്തല്ലാത്ത കൊറവേള്ളു. ബാക്ക്യൊക്കെ നെറഞ്ഞിരിക്ക്യല്ലേ ഇക്ക്. ഹും.” അവൾ സ്വയം ശാപവാക്കുകൾ പതുക്കെ ഉരുവിട്ടു കൊണ്ട് മുറിക്ക് പുറത്തിറങ്ങി.

മഴ നനുങ്ങനെ ചാറി തുടങ്ങി. അങ്ങ് ദൂരേ പടിഞ്ഞാറേ ദിക്കിലെത്തി അണയാൻ തുടങ്ങിയ സൂര്യനെ മറച്ചു കാർ മേഘങ്ങൾ വേഗം ഇരുൾ വീഴ്ത്തി. മഴ കനക്കും മുമ്പ് ഗോപൂട്ടനെ കിണറ്റിൽ കരയിൽ നിന്ന് കുളിപ്പിച്ച് കയറ്റി.

വൈകാതെ മഴ തകൃതിയായി പെയ്തു തുടങ്ങി. രണ്ടു മുറികളും പൂമുഖവും അടുക്കളയും മാത്രമുള്ള ആ വീട് ചോർന്നൊലിക്കാൻ തുടങ്ങി. സവിതയും മൂത്ത മകൾ അർച്ചനയും ഗോപുവും

ചോർച്ചയില്ലാത്ത ആ ഒരു മുറിയിൽ ഒതുങ്ങി കൂടി.””അച്ഛനിന്ന് കള്ള് കുടിക്കില്ല്യായിരിക്കും അല്ലേ അമ്മേ””.. അർച്ചന ചോദിച്ചു.

“”ആ ആർക്കറിയാം ന്റെ അച്ചു മോളെ..ഇങ്ങനെ കൊറേ സത്യം ചെയ്തു പോയതല്ലേ നിന്റച്ഛൻ. ഒരു സമാധാനള്ളത് ഇന്ന് അച്ഛമ്മേടെ മേൽ സത്യം ചെയ്താ പോയത്. കുടിക്കില്ല്യാരിക്കും””.. സവിത പറഞ്ഞു.

മോള് അതൊന്നും ആലോചിക്കേണ്ട. എട്ടാം ക്ലാസ്സിലെത്തി നീ. ഓർമ്മണ്ടോ. നന്നായി പഠിച്ചോ. ന്നിട്ട് കള്ള് കുടിക്ക്യാത്തൊരു ആണൊരുത്തനെ കല്യാണം കഴിക്കണം.

അല്ലെങ്കിലും ഒരാണിന്റെ തൊണയില്ലാതെ ജീവിക്ക്യാൻ പഠിക്കണം. അമ്മയ്ക്ക് പറ്റിയ അബദ്ധം ന്റെ മോൾക്ക്ണ്ടാവരുത്. ആരും പഠിപ്പിച്ചില്ല്യാ.

ഇക്ക്യോട്ട് പഠിക്ക്യണൊന്നൂണ്ടായില്ല്യ…ഗോപൂട്ടാ..നിന്നോടും കൂടിയാ പറേണെ. നന്നായി പഠിക്ക്യണം””. സവിത പറഞ്ഞു.

””ന്തൊക്കെയാ ഈ അമ്മ പറേണേ””..അർച്ചനയും ഗോപുവും ചിരിച്ചു.””അമ്മേ അച്ഛൻ സൈക്കിള് കൊണ്ട് വരില്ല്യേ. ഞാൻ സ്കൂളിലെ കുട്ട്യോളോട് എല്ലാരോടും പറഞ്ഞു.

നാളെ സൈക്കിളിൽ സ്കൂളില് വരൂന്ന്””.. ഗോപു പറഞ്ഞു.””കൊണ്ടു വരും ഗോപൂട്ടാ. നീ മിണ്ടാണ്ടിരുന്നു പഠിച്ചോ””..

ഒരു മഴ തുള്ളി കൃത്യം അർച്ചനയുടെ നോട്ടുബുക്കിൽ വന്നു വീണോ. അപ്പൊ എഴുതി തീർത്ത അക്ഷരങ്ങളുടെ മഷി ബുക്കിൽ പടർന്നു.””ഇത് കണ്ടോ അമ്മേ””..അർച്ചന ചിണുങ്ങി.

“”ഹും..നന്നായിട്ട്ണ്ട്.. ആകെ ഇയ്യൊരു മുറിയേ ചോരാത്തുതുള്ളൂ. അതും പോയോ. രണ്ട് ലക്ഷം രൂപ പഞ്ചായത്തീന്ന് വീട് പണിക്ക് കിട്ടൂത്രെ.

അയിനെങ്ങന്യാ.. പോയി അന്വേഷിക്കണ്ടേ. കുടിച്ചു കൂത്താടി നടന്നോളും””.. സവിത അർച്ചനയുടെ ബുക്കിലേക്ക് നോക്കി സങ്കടത്തോടെ പറഞ്ഞു. കണ്ണ് ചെറുതായി ഈറനണിഞ്ഞു.

“”എന്തിനാമ്മേ അച്ഛനെങ്ങനെ കുറ്റം പറേണത്. കാശില്ലാത്തോണ്ടല്ലേ അച്ഛന്റെല്””. അർച്ചന പരിഭവിച്ചു.

“”ഹും.. കാശില്ലത്രേ. നെനക്ക് എന്താ അറിയാ അച്ഛനെ പറ്റി. ആയിരം രൂപയ്ക്ക് ദെവസോം പണിക്ക് പോവണാളാ. അത് കള്ള് കുടിക്ക്യാൻ തന്നെ തെകയുന്നുണ്ടാവില്ല്യ നിന്റെ പൊന്നച്ഛന്..

അയിനെങ്ങന്യാ.. കൂടെള്ള യോഗ്യന്മാർക്കൊക്കെ അച്ഛനാ കള്ള് വാങ്ങി കൊടുക്കണേന്നാ കേക്കണത് . അവരൊക്കെ നല്ല വീടൊക്കെ വെച്ചു. നിന്റച്ഛനോ. മിണ്ടണ്ടയ്യ് അച്ഛന്റെ മഹിമ””. സവിത പരിഭവിച്ചു പറഞ്ഞു.

മഴ ചെറുതായി ക്ഷമിച്ചപ്പോൾ ഗോപൂട്ടൻ ഉമ്മറപ്പടിയിൽ പോയി അച്ഛനെ നോക്കി നിന്നു. ആദ്യമായാണ് അവൻ അച്ഛനെ പേടിയില്ലാതെ കാത്തിരിക്കുന്നത്.

ഇന്ന് സൈക്കിൾ കൊണ്ടു വരുമല്ലോ എന്നോർത്തപ്പോൾ അവന്റെ ഇളം മനം കുളിർന്നു. സമ്പാദ്യകുടുക്ക പൊട്ടിച്ചപ്പോ മൂവായിരം രൂപ ഉണ്ടായിരുന്നു. അവന്റെ സമ്പാദ്യമാണ്.വല്ലാതെ കൊതിച്ചതാണ്
ഗോപു ഒരു സൈക്കിളിന്.

“”എടാ സജീ. ഇങ്ങനെ കുടിക്ക്യല്ലെടാ. നെനക്ക് വീട്ടീ പോണ്ടേ””.. വിജു ചോദിച്ചു.””എടാ… ഇന്ന് മൂവായിരം രൂപ കയ്യില്ണ്ട്. അതോണ്ടല്ലേ ഇന്ന് ആ

ചാത്തന്റെ അളിഞ്ഞ കള്ള് ഷാപ്പില് പൂവ്വാതെ നല്ല സ്വയമ്പൻ സാധനോം വാങ്ങി ഇങ്ങട് പോന്നത്””..സജിയുടെ നാവ് ലഹരിയിൽ ആടി കുഴഞ്ഞു.

“”എങ്ങനെ കിട്ടി സജ്യേ നെനക്ക് മൂവായിരം രൂപ. അതും ഒരൂസം കൊണ്ട്. വല്ല എഴുത്ത് ലോട്ടറീം അടിച്ചോ?””. ഒപ്പമുണ്ടായിരുന്ന സുനിൽ ചോദിച്ചു.

“”അല്ലടാ…ചെക്കൻ ഗോപൂട്ടൻ ഒരു സൈക്കിള് വേണമെന്ന് പറഞ്ഞു വാങ്ങാൻ തന്നതാ. അവൻ കുടുക്കയിലിട്ട സാമ്പാദ്യം””. സജിയുടെ തല കടുത്ത ലഹരിയിൽ വട്ടം കറങ്ങി.

“”എടാ… മഹാപാപി…ആ കാശ് കൊണ്ടാണോ നീ ഞങ്ങൾക്ക് കള്ള് വാങ്ങി തന്നത്””.. വിജു കുടിക്കാൻ ആഞ്ഞ മദ്യ ഗ്ലാസ്‌ താഴെ വെച്ചു.

“”ആ കുഞ്ഞ് എത്ര ആഗ്രഹിച്ചു സ്വരൂപിച്ചു വെച്ചതാടാ നമ്മളീ മോന്തി തീർക്കുന്നത്. ഈ പാപമൊക്കെ എവിടെ കൊണ്ടു തീർക്കുമെടാ””.. വിജുവും പിന്നെ കുടിച്ചില്ല.

“”അതിന് ആരോടാ നീ ഈ പറയുന്നത് വിജൂ.. എടാ.. സജീ.. നമ്മൾ കുടിക്കുന്നവരാണ്.. പക്ഷേ.. കുട്ട്യേളേം കുടുംബത്തെയും വിട്ടു ഞങ്ങൾക്കൊരു കളിയുമില്ല.. നീ അങ്ങനെയല്ല സജീ. ഇതൊക്കെ കുറച്ചധികമാണ്.

സൈക്കിൾ നീ വാങ്ങി കൊടുക്കില്ല എന്നറിയാവുന്നത് കൊണ്ടല്ലേ നിന്റെ മോൻ ഒരുക്കൂട്ടാൻ തുടങ്ങിയത്. ആ പണവും നിന്റ കയ്യിൽ തന്നു.. എന്നിട്ടും നീ””.. സുനിൽ സജിയെ രൂക്ഷമായി നോക്കി.

“”അത് കൊള്ളാം.. ന്റെ പോക്കറ്റ്ന്ന് അവനെടുത്തു വെക്കണതാ. അല്ലാതെ അവൻ പോയി സാമ്പാദിച്ചതൊന്നുമല്ലല്ലോ..സൈക്കിളൊക്കെ ഇനീം അവൻ കുടുക്ക നിറക്കട്ടെ.

അപ്പൊ വാങ്ങാം. ഇപ്പോ ഞാൻ തിന്നാൻ കൊടുക്കുന്നില്ലേ അത് മതി അവറ്റകൾക്ക്””.. സജി പുച്ഛത്തോടെ പറഞ്ഞു.

“”മ്മ്.. കൊടുക്കുന്നുണ്ട്.. സവിതയുടെ കോലം കണ്ടാ മതി. കെട്ടി കൊണ്ട് വരുമ്പോൾ എന്തൊരു ചന്തമായിരുന്നു. ഇപ്പൊ വവ്വാല് ചപ്പിയ മാങ്ങ പോലുണ്ട്””.. സുനിൽ പറഞ്ഞു.

ഇത് കേട്ട സജി ദേഷ്യത്താൽ എഴുന്നേറ്റു നിന്നു വിറച്ചു. ലഹരിയിൽ വീഴാൻ പോയ അയാൾ ആ പഴയ കെട്ടിടത്തിന്റെ ചുവരിൽ പിടിച്ചു നിന്നു അയാളുടെ കണ്ണുകൾ കത്തിച്ചു വെച്ച മെഴുകു തിരികൾക്കിടയിലും ചുവന്നു തന്നെ സുനിൽ കണ്ടു.

സജി കാല് പൊക്കി സുനിലിനെ ഒറ്റ ചവിട്ട്.. സുനിൽ മദ്യ കുപ്പികൾക്ക് മീതെ മറിഞ്ഞു വീണു. സജിയും സുനിലിന്റെ മുകളിലേക്ക് ചുവട് തെറ്റി വീണു. “”എന്താ.. സജി.. എന്താടാ ഈ കാണിക്കുന്നത്””.. വിജു സജിയെ പിടിച്ചെഴുന്നേൽപ്പിച്ചു.

“”ടാ… നിനക്കെന്താടാ എന്റെ പെണ്ണിന്റടുത്തു കാര്യം..അവള് എങ്ങനെയിരുന്നാ നിനക്കെന്താടാ ഇത്ര ദണ്ണം. സത്യം പറയെടാ നിങ്ങൾ തമ്മിലെന്താടാ ബന്ധം.. പറയടാ നായേ””.

സുനിലിന്റെ കഴുത്ത് സജിയുടെ കാലിനടിയിൽ കിടന്നു ഞെരിഞ്ഞു. സുനിൽ ശ്വാസം കിട്ടാതെ കിടന്നു പിടഞ്ഞു. അയാളുടെ കണ്ണുകൾ തുറിച്ചു.

“”വിട് സജീ.. അവൻ ചത്തു പോകും. നിനക്ക് ഭ്രാന്ത് പിടിച്ചോ.. അവനൊരു തമാശ പറഞ്ഞതല്ലേ””.. വിജു സജിയെ അള്ളിപിടിച്ചു മാറ്റാൻ ശ്രമിക്കുന്നതിനിടെ പറഞ്ഞു..

“”തമാശയോ..ഈ പന്നിയേ പണ്ടേ എനിക്ക് സംശയമുണ്ടായിരുന്നു. എന്റെ പെണ്ണിനെ ഇവൻ.. ഗോപുവിനെ ഇവൻ ഉണ്ടാക്കിയതാ. അതാണ് ഇവനീ ദണ്ണം. കൊല്ലും ഞാനിവനെ. അവളേം കൊല്ലും””. സജി വീണ്ടും ആഞ്ഞു ചവിട്ടി.

സുനിൽ കിടന്നു പിടഞ്ഞു.. പിടി വിട്ട വിജു ഒരു മദ്യകുപ്പിയെടുത്തു സജിയുടെ തലക്ക് ആഞ്ഞടിച്ചു. ചോര ജലധാര പോലെ ചീറ്റി തെറിച്ചു.ഒരു ആർത്ത നാദത്തോടെ സജി

മരം കണക്കേ നിലത്തു വീണു. ജീവൻ തിരിച്ചു കിട്ടിയ സുനിൽ ചുമച്ചു കഴുത്ത് അമർത്തി പിടിച്ചു. എഴുന്നേറ്റിരുന്നു അണച്ചു.

“”ഈ പന്നിക്ക് ഭ്രാന്താ. സ്വന്തം കഴിവ് കേട് മറക്കാൻ എന്റെ മെക്കിട്ടു കയറുന്നു. ഞാനിപ്പൊ ചത്തേനെ..നായിന്റെ മോൻ””. കിതച്ചു കൊണ്ട് സുനിൽ പറഞ്ഞു.

സജി ഒന്ന് മുരണ്ടു. പിന്നെ അനക്കമില്ലാതെ കിടന്നു. “സുനിലേ.. സജി.. അവന് അനക്കമില്ല. ശ്വാസം കേൾക്കുന്നില്ല.. പോയോ””.. വിജു

ഭയത്തോടെ പറഞ്ഞു. ഇരുവരും മാറി മാറി സജിയുടെ നെഞ്ചിൽ ചെവി വെച്ചു നോക്കി. പിന്നെ പേടിച്ചരണ്ട മുഖത്തോടെ പരസ്പരം നോക്കി. പിന്നെ രണ്ടാളും പെട്ടെന്ന് എങ്ങോട്ടോ
എഴുന്നേറ്റോടി

അച്ഛനെ കാത്തിരുന്നു ഉറക്കം തൂങ്ങിയ ഗോപൂട്ടനെ അമ്മ സവിത സമാധാനിപ്പിച്ചു. “”അച്ഛൻ.. കുടിച്ചു വെളിവില്ലാണ്ട് എവിടെങ്കിലും വീണു

കെടക്കാവും. അങ്ങനെ എടക്കൊക്കെ രാവിലെ അച്ഛൻ കയറി വരാറില്ലേ.അച്ഛൻ രാവിലെ സൈക്കിളൊണ്ട് വരും. മോൻ പോയി കെടന്നോ””..

“”അതല്ലമ്മേ.. അച്ഛൻ സൈക്കിള് വാങ്ങീക്കുണെങ്കിൽ അതും അവിടെണ്ടാവില്ലേ. കള്ളമ്മാര് കൊണ്ട് പോയാലോ?””.. ഗോപു കരയും പോലെ ചോദിച്ചു.

“”ഹേയ്.. ന്റെ ഗോപൂട്ടന്റെ സൈക്കിള് ആരും കൊണ്ടോവില്ല്യ ട്ടോ..അച്ഛമ്മക്ക് മരിച്ചു പോയേടത്തു ഇന്ന് സ്വൈര്യണ്ടാവില്ല. വല്ല്യേ സത്യൊക്കെ ചെയ്തിട്ട് ലംഘിച്ചില്ല്യേ..

നിന്റച്ഛൻ നന്നാവില്ല്യാ. നമുക്കീ ഗതികേട് മാറില്ല്യ””. സവിത ഗോപുവിനെ അടക്കി പിടിച്ചു കരഞ്ഞു. ഹൃദയം പൊട്ടിയൊലിക്കും പോലെ കരഞ്ഞു. “ആപണ്ടാര നശൂലം ഒന്ന് ചത്തു കിട്ട്യേങ്കി ന്റെ ഭഗവതീ”. സവിത ഉള്ളുരുകി മന്ത്രിച്ചു.

“ഇന്ന് നന്നായില്ലെങ്കി ഇനി എന്നും നന്നാവില്ല്യ. ഇക്കിനി ഒരു പ്രതീക്ഷീല്ല്യാ””.. ഗോപു ഉറങ്ങി കഴിഞ്ഞപ്പോൾ സവിത തിരിഞ്ഞു കിടന്നു കരഞ്ഞു. കട്ടിലിന്റെ

ഒരു മൂലയിൽ ചുരുണ്ടു കൂടിയുറങ്ങുന്ന അർച്ചനയെ നോക്കി നെടുവീർപ്പിട്ടു. “പെണ്ണ് വലുതായി വരുന്നു. പൊറത്ത് പോയിയൊരു ജോലി പോലും ചെയ്യാൻ ഏട്ടൻ സമ്മതിക്കില്ല്യ. ഒരൂസം തയ്യൽ

കടയില് ജോലിക്ക് പോയിട്ട് കിട്ടിയ അടിയുടെ പാട് ഇപ്പഴും മുതുകിലുണ്ട്. ന്നെ സംശയാത്രേ. ഈ ഒണക്ക കൊള്ളിയെ ആര് മോഹിക്കാനാ. കേസ് കൊടുത്താലോ… വേണ്ട… കുട്ട്യോൾടെ

കാര്യം. അവറ്റകൾക്ക് കൊറച്ചിലാവും. സ്കൂളിലൊക്കെ പോവുമ്പോ കുട്ട്യോള് കളിയാക്കും. ഈ നൂറ്റാണ്ടിലും അമ്മയെ കള്ള് കുടിച്ചു വന്നു തല്ലണ അച്ഛനോ എന്ന് പറഞ്ഞിട്ട് പരിഹസിക്കും”. സവിത കടുത്ത നിരാശയിൽ പിറു പിറുത്തു കൊണ്ടിരുന്നു.

ഓരോന്ന് ആലോചിച്ചു സവിത മുറിഞ്ഞു ചോര പൊടിയുന്ന ഹൃദയവുമായി കിടന്നു കരഞ്ഞു. കിഴക്ക് സൂര്യൻ തലപൊക്കി നോക്കിയെങ്കിലും കരിമേഘങ്ങൾ മറച്ചു

പിടിച്ചു. രാവിലെ തന്നെ മഴ കനത്തു പെയ്തു തുടങ്ങി. അർച്ചനയും ഗോപുവും സ്കൂളിൽ പോണ സമയം വരെയും സജി വന്നില്ല. “”ഗോപൂട്ടൻ സ്‌കൂളീന്നു

വരുമ്പോഴേക്കും അച്ഛൻ സൈക്കിളുമായി വരൂട്ടോ””.. സവിത അവനെ ആശ്വസിപ്പിച്ചു പറഞ്ഞയച്ചു. സവിത സജിയെ നോക്കിയിരുന്നു. ഉച്ചയായി. സജി വന്നില്ല.

“എന്തായാലും ഉച്ചയ്ക്ക് മുന്നേ വരാറ്ണ്ടല്ലോ.. എവിട്യാ വീണ് കെടക്കണേ ആവോ.ആരും കണ്ടില്ല്യേ. ഇന്നാള് തലയടിച്ചു വീണിട്ടും ഇഴഞ്ഞു വന്ന ആളാ. പഴുതാരേടെ ജന്മം”.. സവിത ഓർത്തു.

എങ്കിലും സങ്കടം വന്നില്ല. വിളിച്ചാൽ തെറി കേൾക്കുമെന്ന് ഉറപ്പുണ്ടെങ്കിലും സജിയുടെ ഫോണിലേക്ക് വിളിച്ചു നോക്കി. ഫോൺ പോകുന്നില്ല.കുറേ വിളിച്ചു നോക്കി. കിട്ടുന്നില്ല.”ഏത് കാട്ടിലാണാവോ

ഇങ്ങേര് പണ്ടാരടങ്ങി കെടക്കണത്””. സവിത ദേഷ്യവും സങ്കടവും സഹിക്കാനാവാതെ പറഞ്ഞു.സജിയുടെ കൂട്ടുകാരുടെ ആരുടേയും നമ്പർ അവളുടെ ഫോണിൽ വെക്കാൻ സജി സമ്മതിച്ചിരുന്നില്ല

“”അച്ഛൻ സൈക്കിളോണ്ട് വന്നോ അമ്മേ””..എന്നും ചോദിച്ചാണ് വൈകീട്ട് ഗോപു സ്കൂളിൽ നിന്ന് വന്നത്. സവിത സാരിയും മാറ്റി ഉമ്മറത്ത് കാത്തു നിൽക്കുകയായിരുന്നു.

“”ഇല്ല്യ ഗോപൂട്ടാ.. അച്ഛൻ ഈ നേരം വരെ വന്നിട്ടില്ല്യ.. ഞാനൊന്ന് പോയി നോക്കട്ടെ. അച്ചു മോളെ.. ഗോപൂനെ നോക്കണേ.. അടുക്കളയിൽ കപ്പ പുഴുങ്ങിയതും ചായേണ്ടാക്കി വെച്ചിട്ടുണ്ട്. രണ്ടാളും എടുത്തു കഴിച്ചോ””.. സവിത പറഞ്ഞു.

“”അമ്മ ഒറ്റയ്ക്ക് പോവാണോ. ഇഞ്ഞി ഇത് അച്ഛനറിഞ്ഞിട്ട് വേണം ഇടി കിട്ടാൻ””. അർച്ചന പറഞ്ഞു.

“”ഓഹ്… പിന്നേ.. നാട്ടാർക്ക് കണ്ടൂടാത്ത കള്ള് കുടിയൻ സജിയെ പറ്റി അന്വേഷിക്ക്യാൻ ഇഞ്ഞി മന്ത്രി വരും.. അകത്ത് പോടീ.. മന്ഷനെ ഭ്രാന്താക്കാതെ””. സവിത നടന്നു നീങ്ങി.

സജി ജോലി ചെയ്യുന്ന ചെങ്കൽ ക്വാറിയിൽ അന്വേഷിച്ചപ്പോൾ ഇന്നലെ അഞ്ചു മണിക്ക് പോയീന്നറിഞ്ഞു. സജി വരുന്ന വഴിയിലൂടെ നടന്നു നോക്കി. എവിടെങ്കിലും വീണു കിടക്കുന്നുണ്ടോ എന്ന്..എങ്ങും കണ്ടില്ല.

സവിത നിരാശയോടെ വീട്ടിലേക്കു മടങ്ങി. അർച്ചനയും ഗോപുവും നിലവിളിച്ചു കരഞ്ഞു. കൂട്ടുകാരുമൊത്ത് എവിടെങ്കിലും വിനോദ യാത്ര പോയിക്കാണും എന്ന് സവിത മക്കളെ

ആശ്വസിപ്പിച്ചു. “”അച്ഛൻ ഒരിക്കലങ്ങനെ പോയിട്ടില്ലേ. മൂന്നൂസം കഴിഞ്ഞല്ലേ വന്നത്. വരുന്നെങ്കി വരട്ടെ. വയസ്സറീച്ച ഒരു പെങ്കുട്ടി അടച്ചൊറപ്പില്ലാത്ത വീട്ടില്ണ്ടെന്നുള്ള ബോധല്ലാത്ത ഒരച്ഛൻ..

എന്തിനാടി നിങ്ങക്ക് ഇങ്ങനെ ഒരച്ഛനെ.. ഇക്ക് വയ്യ ഭഗവതി””.. സവിതയും നിയന്ത്രണം വിട്ടു കരഞ്ഞു.

മൂന്നാല് ദിവസം കഴിഞ്ഞു. സജിയെയും സുനിലിനെയും വിജുവിനെയും കാണാനില്ല.. വാർത്ത നാട്ടിൽ പരന്ന അന്ന് വൈകുന്നേരം സജിയുടെ അഴുകി ദ്രവിച്ച ദുർഗന്ധം വമിക്കുന്ന മൃതദേഹം

പുല്ലാരം കാട്ടിലെ പഴയ കെട്ടിടത്തിൽ നിന്ന് കണ്ടെത്തി എന്ന് സവിതക്ക് വിവരം ലഭിച്ചു. മനസ്സ് മരവിച്ചു എപ്പോഴോ മുരടിച്ച സവിത കരഞ്ഞില്ല. അവളുടെ മനസ്സിൽ എവിടെയൊക്കെയോ അത് പ്രതീക്ഷിച്ചിരുന്ന പോലെ.

പതിനഞ്ചു വർഷം സഹനത്തിന്റെ കൈപ്പുനീർ കുടിച്ച അവൾക്കിനി കരയാൻ വയ്യ. അർച്ചനയും ഗോപുവും ആർത്തു കരഞ്ഞു. സവിതയുടെ ഈ നിർവികാരത അവിടെ കൂടിയവരിൽ അതിശയം കൂറിച്ചു.

””പോയത് നന്നായി. എന്തൊരു ഇടിയാ ആ പെണ്ണിനെ ഇടിച്ചിരുന്നത്. നേരെ ചൊവ്വേ ഉണ്ണാനും ഉടുക്കാനും കൊടുത്തിരുന്നോ. ഇനിയെങ്കിലും ഒരു സമാധാനം കിട്ടുവല്ലോ അതിന്.

എന്നാലും മക്കൾക്ക് അച്ഛനില്ലാതെ.. എന്തിനാ ഇങ്ങനെ പേരിനൊരച്ഛൻ. പെണ്ണിനെ സമ്മതിക്കണം.ഇത്രയും കാലം ചാകാതെ നില നിന്നില്ലേ. അതിന് ചോദിക്കാനും പറയാനും ആരാ ഉള്ളത്.

വയസ്സായൊരു തന്തേം തള്ളേണ്ട്.””.നാട്ടുകാർ ഇങ്ങനെ മുറുമുറുത്തു. എല്ലാം കഴിഞ്ഞപ്പോൾ വിശേഷം പറഞ്ഞു സഹതപിക്കാൻ വന്ന നാട്ടുകാരെ സവിത അകമേ പുച്ഛം

കൊണ്ടു കാറി തുപ്പി. സജിയുടെ മൃതദേഹം കൊണ്ടു വന്നപ്പോൾ സവിത എന്തോ ഓർത്തിട്ടെന്ന പോലെ ചെറുതായൊന്ന് കണ്ണ് നിറച്ചു.

മക്കൾ വാവിട്ടു കരഞ്ഞു. ഗോപു കരഞ്ഞു പിച്ചും പേയും പറഞ്ഞു കൊണ്ടിരുന്നു. അർച്ചന മാറി നിന്നു ഏങ്ങലടിച്ചു.

അടുക്കളയുടെ ഒരു ഭാഗം പൊളിച്ചു സജിയെ മറവ് ചെയ്തു. അപ്പോഴും സവിത കരഞ്ഞില്ല..രാത്രി സവിത മക്കളെ മാറോടു ചേർത്തു പിടിക്കുമ്പോ മഴ പെയ്യുന്നുണ്ടായിരന്നു.

ചോർച്ചയില്ലാത്ത ആ ഒരേ ഒരു മുറിയും ചോർന്നു മഴ വെള്ളം വീഴുന്നുണ്ടായിരുന്നു.”

തയ്യൽ കടയിൽ പണിക്ക് പോണം..ഈ വീടൊന്നു വാർക്കണം. അച്ചു മോളേം ഗോപൂട്ടനേം പഠിപ്പിക്കണം”..സവിത ഉള്ളാലെ മന്ത്രിച്ചു……..ശുഭം… നന്ദി…

 

Leave a Reply

Your email address will not be published. Required fields are marked *