ഇത് കല്യാണ തന്തയാണ്. ഇങ്ങേരെ കല്യാണ ചെക്കൻ എന്ന് വിളിക്കാൻ ആവില്ല””.പന്തലിൽ കൂട്ടം കൂടി നിന്ന ഒരു

കല്യാണ തന്ത
രചന :-മുഹമ്മദ്‌ ഫൈസൽ ആനമങ്ങാട്

“”അയ്യോ ഇതാണോ കല്യാണ ചെക്കൻ. ഇത് കല്യാണ തന്തയാണ്. ഇങ്ങേരെ കല്യാണ ചെക്കൻ എന്ന് വിളിക്കാൻ ആവില്ല””.പന്തലിൽ കൂട്ടം കൂടി നിന്ന ഒരു

ചെറുപ്പക്കാരന്റെ സംസാരം കേട്ട് അവിടെ കൂടിയവർ അടക്കി ചിരിച്ചു. ചില പെണ്ണുങ്ങൾ വായ പൊത്തി ചിരിച്ചു. ചിലർ ഒന്നു കൂടി ആ കല്യാണ ചെക്കനെ പാളി നോക്കി.

അടുത്ത് ബനാറസ് പട്ടു സാരിയുടുത്തു മണവാട്ടി ചമഞ്ഞു നാണം കുണുങ്ങിയിരിക്കുന്ന പുതു പെണ്ണ് രേഖക്ക് മുപ്പത്തഞ്ച് വയസ്സേ ഉളളൂ..

“”ഈ പെണ്ണിനിതു എന്തിന്റെ അസുഖമാ.. ഒരു ജാതക ദോഷം ഉണ്ടെന്ന് കരുതി ഒരു കിഴവന്റെ കൂടെ പോകാൻ. അവള് കാശ് മാത്രേ നോക്കി ക്കാണൂ “”.. കൂടി നിന്ന ഒരു അയൽ വാസി പെണ്ണ് പറഞ്ഞു.

ഇത് കേട്ട ഒരു മധ്യ വയസ്ക ആ പറഞ്ഞ പെണ്ണിനെ നോക്കിയൊരു പച്ച ചിരി ചിരിച്ചു. “”നിനക്കും മുപ്പത്തഞ്ചു വയസ്സായില്ലേ. നല്ലൊരു കെട്ട്യോൻ നിനക്കും ഉണ്ടായിരുന്നില്ലേ.

ഒഴിവാക്കി പോന്നിട്ടിപ്പൊ..വയസ്സനെങ്കി വയസ്സൻ ഒരുത്തന്റെ കൂടെ ഇറങ്ങി പോ.. എന്നിട്ട് മനുഷ്യരെ കളിയാക്ക്””.. അവർ പറഞ്ഞു. ആ പെണ്ണ് ആകെ നാണം കെട്ടു.

“”ആദ്യത്തെ രണ്ട് കെട്ട്യോൾമാരിലും കുട്ടികളില്ല. ആരുടെ കുഴപ്പം ആണാവോ””. വേറൊരുത്തി പറഞ്ഞു..

“”എന്ന് കരുതി ഇതിൽ ഉണ്ടായി കൂടെന്നില്ലല്ലോ. അങ്ങേർക്ക് അമ്പത്തഞ്ച് വയസ്സേ ആയിട്ടുള്ളൂ.. ഇനിയിപ്പോ അങ്ങേരുടെ കുഴപ്പം ആണെങ്കി തന്നെ നിങ്ങൾക്കെന്താ.

രേഖ എല്ലാം അറിഞ്ഞിട്ട് തന്നെയല്ലേ കല്യാണത്തിന് സമ്മതിച്ചത്.. ഒന്ന് മിണ്ടാണ്ടിരിക്ക് പെണ്ണുങ്ങളേ.. ഇങ്ങനെ കുശു കുശുക്കാതെ””. ആ മധ്യ വയസ്ക പറഞ്ഞു.

അൻപത്തഞ്ചുകാരൻ മദനന്റെ മൂന്നാം കല്യാണമാണിത്. ആദ്യ ഭാര്യ അർബുദം വന്നും രണ്ടാം ഭാര്യ വൃക്കക്ക് തകരാർ സംഭവിച്ചും മരിച്ചു.

ആദ്യ ഭാര്യ ലക്ഷ്മി കുട്ടിയുടെ കൂടെ പത്തു കൊല്ലവും രണ്ടാം ഭാര്യ സുനന്ദയുടെ കൂടെ ആറ് കൊല്ലവും മദനൻ ജീവിച്ചു. ഇനിയൊരു കല്യാണം വേണ്ട എന്ന് മദനൻ ഉറപ്പിച്ചിരുന്നതാണ്.. പക്ഷേ.. വയസ്സ് കൂടുന്തോറും മദനന് ആദിയേറി.

ആദി കയറി വേവലാതിയായ മദനൻ “വയസ്സ് കാലത്ത് ചൂടു വെള്ളം ഉണ്ടാക്കി തരാൻ ആരാ. എന്റെ കണ്ണടഞ്ഞാൽ”..എന്ന അമ്മ ലളിതമ്മയുടെ നിർബന്ധത്തിനും കൂടി വഴങ്ങി പെണ്ണ് കെട്ടാൻ തയ്യാറായി..

രണ്ട് മാസം മുമ്പ് ബ്രോക്കർ കുഞ്ഞഹമ്മദ് മദനന്റെ വീട്ടിൽ വന്നിരുന്നു.””മദനാ.. നല്ലൊരു കുട്ടിണ്ട്. നല്ല പഠിപ്പും വെവരോം ഒക്കെണ്ട്. പേര് രേഖേന്നോ മറ്റോ ആണ്. ഞമ്മക്കൊന്നു പോയോക്ക്യാലോ””.. കുഞ്ഞഹമ്മദ് വെളുക്കെ ചിരിച്ചു കൊണ്ട് പറഞ്ഞു.

ഉമ്മറത്തു കാലും നീട്ടി വെച്ചു കട്ടൻ ചായ കുടിക്കുകയായിരുന്ന മദനൻ എഴുന്നേറ്റു..””ആണോ കുഞ്ഞഹമ്മദേ. എല്ലാ കാര്യങ്ങളും അവരോട് പറഞ്ഞിട്ടില്ലേ””..മദനൻ സ്വതസിദ്ധമായ ഗൗരവം വിടാതെ ചോദിച്ചു..

“”വല്ലാത്തൊരു വല്യടങ്ങേറ് വാപ്പാ ഇത്. എല്ലാം പറഞ്ഞുക്കുണു മദനാ…ഇജ്ജ് വേം റെഡ്യായി വാ.. ഞാനിവിടെ കുത്തിരുന്നോളാ””.കുഞ്ഞഹമ്മദ് ബീഡി കറ പുരണ്ട പല്ലുകൾ കാട്ടി ചിരിച്ചു.

കുഞ്ഞഹമ്മദ് ആ നാട്ടിലെ അവസാനത്തെ കല്യാണ ബ്രോക്കറാണ്. മാര്യേജ് ബ്യൂറോകളും ഓൺ ലൈൻ മാട്രിമോണികളും മരക്കൂണുകൾ പോലെ മുളച്ചു പൊന്തിയതൊന്നും മൂപ്പർ അറിഞ്ഞിട്ടില്ല.

തരുണീമണികളുടെ വിലാസം എഴുതിയ ഡയറിയും കക്ഷത്തിൽ തിരുകി മൂപ്പർ രാവിലെ ഇറങ്ങും. മൂപ്പർക്ക് ആകെ ആധുനികം എന്നു പറയാൻ ഉള്ളത് പഴയൊരു മൊബൈൽ ഫോണാണ്.

അതാണെങ്കിൽ ഒരാൾ സമ്മാനമായി നൽകിയതും. പെണ്ണ് കിട്ടാതെ കുറേ കാലം അലഞ്ഞു തിരിഞ്ഞു നടന്നിരുന്നൊരു ചെക്കന് നല്ലൊരു പെണ്ണ് ശരിയാക്കി കൊടുത്ത സന്തോഷത്തിൽ ആ ചെക്കൻ കൊടുത്തതാണ്..

മദനൻ കരിനീല ഷർട്ടും അതേ നിറത്തിലുള്ള കരയുള്ള വെള്ള ഡബിൾ മുണ്ടും ഉടുത്തു ഒരുങ്ങിയിറങ്ങി. മദനനെ കണ്ട ബ്രോക്കർ കുഞ്ഞഹമ്മദ് വായ പൊളിച്ചു അയാളെ മുച്ചൂടും നോക്കി. ബീഡി കറ പുരണ്ട പല്ലു കാട്ടി ചിരിച്ചു..

“”പഹയാ.. ഇജ്ജ് വല്ലാത്തെ ചൊർക്കായിക്കുണല്ലോ. ഓൾക്കൊത്ത പുതിയാപ്ലന്നെ ഇജ്ജ്. അയിമ്പത്തഞ്ചു വയസ്സായീന്നൊന്നും അന്നെ കണ്ടാ പറീല””.. കുഞ്ഞഹമ്മദ് ചിരിയോടെ പറഞ്ഞു.

“”കുഞ്ഞഹമ്മദേ.. നീ ആളെ കളിയാക്കാതെ വാ””..മദനൻ ഗൗരവത്തോടെ പറഞ്ഞു കൊണ്ട് കാറിനടുത്തേക്ക് നടന്നു..

കുഞ്ഞഹമ്മദ് വേഗം പിന്നാലെ ചെന്നു..””വല്ലാത്തൊരു വല്ല്യടങ്ങേറ് വാപ്പാ ഇത്. ഇജ്ജ് എപ്പളും ഈ മോന്തീം കേറ്റി പിടിച്ച്ട്ടാ നടക്കൊള്ളൂ..എടാ.. അന്റെ രണ്ടു പെണ്ണ്ങ്ങള് മര്ച്ചതും അനക്ക്

കുട്ട്യേള്ണ്ടാകാത്തതും അന്റെ കൊയപ്പം കൊണ്ടാന്ന് ഒറപ്പൊന്നും ഇല്ലല്ലോ..അയിന് ഇജ്ജിങ്ങനെ മോന്ത കനപ്പിച്ചിട്ട് യാതൊരു കാര്യോല്ല കെട്ടോ””.. കുഞ്ഞഹമ്മദ് പറഞ്ഞു കൊണ്ട് കാറിൽ കയറിയിരുന്നു..

“”എടാ.. എന്റെ എല്ലാ കാര്യങ്ങളും അവരോട് പറഞ്ഞിട്ടില്ലേ?””..കാറോടിക്കുന്നതിനിടെ മദനൻ വീണ്ടും ചോദിച്ചു.

“”വല്ലാത്തൊരു വല്ല്യടങ്ങേറ് വാപ്പാ ഇത്. എല്ലാ കാര്യോം ഞാൻ ഓലോട് പറഞ്ഞുക്കുണു. ഇഞ്ഞി ഇജ്ജ് പോയി കണ്ട് അനക്ക് പുടിച്ചാൽ മതി. അന്റെ മാതിരി വല്യേ പെരീം കുടിയൊന്നും ഓൽക്കില്ല. ചെറിയൊരു പെരയാണ്””. കുഞ്ഞഹമ്മദ് പറഞ്ഞു..മദനൻ ചിരിച്ചു.

കുറച്ചു ദൂരം ചെന്നപ്പോ പെണ്ണിന്റെ വീടെത്തി. പെണ്ണിന്റെ അച്ഛനും അമ്മയും ആങ്ങളമാരും കൂടി ഇരുവരെയും സ്വീകരിച്ചിരുത്തി.

എല്ലാവരുടെയും മുഖത്ത് നിറഞ്ഞ ഹൃദ്യമായ ചിരിയും പ്രസരിപ്പും ആഹ്ലാദവും. ഇത് കണ്ട മദനന്റെ ഉള്ളൊന്ന് കുളിർന്നു. സാധാരണ മദനൻ പെണ്ണ് കാണാൻ പോവുന്നിടത്തൊന്നും ഇങ്ങനൊരു കാഴ്ച്ച അയാൾ കണ്ടിട്ടില്ല.

അടിമുടിയുള്ള നോട്ടവും അകത്ത് നിന്നും പെണ്ണുങ്ങളുടെ “ഈ വയസ്സൻ ആണോ” എന്നുള്ള കുറുകലും മാത്രമേ അയാൾക്ക് അനുഭവമുള്ളൂ..

മദനൻ ഭാവ്യതയോടെ കസേരയിൽ ഇരുന്നു. കുഞ്ഞഹമ്മദ് മദനനെ നോക്കി ചിരിച്ചു.. മദനനും ചിരിച്ചു.. പെണ്ണ് ചായ ഗ്ലാസ്സുള്ള താലവും പിടിച്ചു പാദസരവും കിലുക്കി നടന്നു വന്നു.

മദനൻ തലയുയർത്തി നോക്കി. സുന്ദരിയാണ്. കുഴിഞ്ഞ താടി രേഖയുടെ മുഖത്ത് തെളിഞ്ഞു നിന്നു. മുടിയൊക്കെ നന്നായി വാർന്നു വെച്ചിട്ടുണ്ട്. ഒതുക്കമുള്ള ശരീരം. നല്ല ഉയരം.

മദനന് പെണ്ണിനെ ഇഷ്ടായി. ചായ കൊടുക്കുമ്പോ രേഖ തന്റെ മുഖത്ത് നോക്കാത്തത് മദനന് അലോസരമുണ്ടാക്കി. അയാൾ അസ്വസ്ഥനായി കുഞ്ഞഹമ്മദിനെ നോക്കി..

“”എന്നാ ഓൽക്കെന്തെങ്കിലും വർത്താനം പറയാണ്ടെങ്കി ആയിക്കോട്ടെല്ലേ . ഞമ്മക്കങ്ങട്ട് മാറി കൊടുക്കാ””.. കുഞ്ഞഹമ്മദ് ചിരിച്ചു കൊണ്ട്

എഴുന്നേറ്റു..””അതേയതെ”” എന്നും പറഞ്ഞു കൊണ്ട് പെണ്ണിന്റെ അച്ഛനും മറ്റുള്ളവരും എഴുന്നേറ്റു അപ്പുറത്തേക്ക് പോയി..

“”ദേ….മോളെ..ഇതെങ്കിലും നന്നായി നടക്കണമെന്ന് ആഗ്രഹമുണ്ട്. ദയവ് ചെയ്ത് അങ്ങേരോടെങ്കിലും ഒന്നും വിസ്തരിച്ച്‌ പറയല്ലേ””.. രേഖയുടെ അമ്മ സങ്കടത്തോടെ പറഞ്ഞു.

രേഖ അമ്മയെ ജ്വലിക്കുന്ന കണ്ണുകളോടെ തുറുപ്പിച്ചു നോക്കി. “”എല്ലാരോടും പറയുന്ന പോലെ ഇയാളോടും പറയും. സൗകര്യം ഉണ്ടെങ്കിൽ കെട്ടട്ടെ. മറച്ചു വെച്ചു ഞാനെന്ന ബാധ്യത ഒഴിവാക്കി വിട്ടിട്ട് എന്ത് കാര്യം.

എന്നെങ്കിലും അറിഞ്ഞാൽ അവരെന്നെ ഇവിടെ കൊണ്ടു വന്നാക്കും. കാലാ കാലം തോരാത്ത കണ്ണീരും പൊഴിച്ചു എനിക്ക് ജീവിക്കേണ്ട. ഇങ്ങേർക്ക് ഇത് വരെ കുട്ടികൾ ഉണ്ടായില്ല എന്നത് കൊണ്ടു

മാത്രമാണ് ഞാൻ വീണ്ടും അണിഞ്ഞൊരുങ്ങി അയാളുടെ മുമ്പിൽ ചെന്ന് നിന്നത്””..ഉറച്ചതായിരുന്നു രേഖയുടെ വാക്കുകൾ. കണ്ണിൽ നിന്നും തീപ്പൊരി ചിതറുന്നത് പോലെ അമ്മക്ക് തോന്നി.

””എന്റെ ഗുരുവായൂരപ്പാ.. ഇതെങ്കിലും ഒന്ന് നടന്ന് കാണണേ.. അങ്ങേർക്കെങ്കിലും നല്ലൊരു മനസ്സ് കൊടുത്തു കാക്കണേ””. അമ്മ കണ്ണടച്ചു കരള് നുറുങ്ങി പ്രാർത്ഥിച്ചു.

രേഖ പതുക്കെ മദനന്റെ പുറകിൽ പോയി നിന്ന് ഒച്ചയനക്കി. മദനൻ തിരിഞ്ഞു നോക്കി. അവളെ കണ്ട അയാൾ നന്നായൊന്ന് ചിരിച്ചു. അവളും ചിരിക്കാൻ ശ്രമിച്ചു.

“”എന്താ പേര്?””. മദനൻ ചോദിച്ചു.””രേഖ””. അവൾ അയാളുടെ മുഖത്ത് നോക്കി മറുപടി പറഞ്ഞു. ലജ്ജയില്ലാത്ത അവളുടെ മുഖ ഭാവം അയാളെ അതിശയപെടുത്തി.

“”ഏത് വരെ പഠിച്ചു?””….””എം എസ് സി ഫിസിക്സ്‌””.””ജോലി വല്ലതും ചെയ്തിരുന്നോ?””.

“”ഒരു പരലൽ കോളേജിൽ പഠിപ്പിക്കാൻ പോയിരുന്നു. മെനക്കേട് മാത്രല്ലാതെ ശമ്പളം കുറവായിരുന്നു. കഴിഞ്ഞ മാസം നിർത്തി. പി എസ് സി പരീക്ഷകളൊന്നും മുടക്കാറില്ല. എല്ലാം എഴുതുന്നുണ്ട്””..രേഖ പറഞ്ഞു.

മദനൻ ചിരിച്ചു. ഒന്നു കൂടി അവളുടെ അടുത്തേക്ക് നീങ്ങി നിന്നു.””ഞാൻ പത്തിരുപതു കൊല്ലം ഗൾഫിലായിരിന്നു. ഇപ്പൊ നാട്ടിലാണ്. എന്നെ കുറിച്ച് എല്ലാം കുഞ്ഞഹമ്മദ് പറഞ്ഞു കാണുമല്ലോ അല്ലേ.

അത് കൊണ്ട് ഞാൻ ഇനി വിശദീകരിക്കുന്നില്ല. നേരെ അങ്ങ് ചോദിക്കാം.. എന്നെ ഇഷ്ടായോ രേഖക്ക്?””..മദനൻ ചിരി വിടാതെ ചോദിച്ചു.

രേഖ ചുറ്റും നോക്കി. വാതിലിന് പുറകിൽ അമ്മയും അച്ഛനും മറഞ്ഞു നിന്ന് കേൾക്കുന്നത് അവൾ കണ്ടു..

“”എനിക്ക് ഇഷ്ടക്കേടൊന്നുമില്ല.. പക്ഷേ””…അവൾ വാക്കുകൾ മുഴുമിപ്പിക്കാതെ മുറിച്ചു. മദനന്റെ മുഖത്തെ ചിരി മങ്ങി. മുഖം വാടി. അയാൾ അവളെ തന്നെ നോക്കി നിന്നു.

“”എനിക്ക് മുപ്പത്തഞ്ച് വയസ്സുണ്ട്?””.. അവൾ പറഞ്ഞു..മദനൻ ഉറക്കെ ചിരിച്ചു..””അതാണോ മഹാ കാര്യം.. എനിക്ക് അമ്പത്തഞ്ചു വയസുണ്ട് കുട്ടീ.പിന്നെന്താ.ആട്ടേ.

ഈ മുപ്പത്തഞ്ച് വയസ്സ് വരെ വിവാഹം കഴിക്കാതിരിക്കാൻ കാരണം എന്താ. പറയാമോ?””..മദനൻ എന്തൊക്കെയോ സന്ദേഹത്തോടെ ചോദിച്ചു.

രേഖ പല്ലുകൾ വെളിയിൽ കാൺകേ ചിരിച്ചു..””പ്രേമ നൈരാശ്യം ഒന്നുമല്ല കെട്ടോ.. ആദ്യം മനസ്സിലേക്ക് വന്നത് അതാവും അല്ലേ?””.. രേഖ ചിരിച്ചു കൊണ്ടു പറഞ്ഞു.

മദനനും ചിരിച്ചു. അയാളുടെ ഉള്ളിൽ ചെറിയൊരു ആശ്വാസത്തിന്റെ തെന്നൽ വീശി. മദനൻ “പിന്നെന്ത്” എന്ന ഭാവത്തോടെ അവളെ വീണ്ടും നോക്കി..

“”എന്റെ ജാതകം…അതിൽ എനിക്ക് ഭർത്താവ് വാഴില്ല എന്നുണ്ടായിരുന്നു. ദീർഘ സുമംഗലി യോഗം എനിക്കില്ല. അച്ഛൻ പിന്നീട് ജാതകം കമ്പൂട്ടറൈസ്ഡ് ആക്കിയപ്പോൾ നല്ല പൈസ കൊടുത്തു

തിരുത്തി എഴുതിച്ചെങ്കിലും ഞാൻ കാണാൻ വരുന്ന എല്ലാവരോടും കാര്യം തുറന്നു പറയും””.. രേഖ പറഞ്ഞു.

ഇത് കേട്ട മദനൻ ശബ്ദമുണ്ടാക്കാതെ ചിരിച്ചു. “”ജാതകം തിരുത്തിയ സ്ഥിതിക്ക് ഇത് പുറത്തു പറയേണ്ട കാര്യമുണ്ടോ രേഖാ.. ആരറിയാനാ.വിഡ്ഢിത്തരം എന്നല്ലാതെ””.. മദനൻ പറഞ്ഞു.

രേഖയും ഊറി ചിരിച്ചു.””വേണം.. പറയണം. എന്തെങ്കിലും ദോഷമുണ്ടായാൽ വന്നു കയറിയ പെണ്ണിനാണ് കുറ്റം. “ഇത് വരെ ഐശ്വര്യത്തോടെ ജീവിച്ച വീടാണ്.

അവൾ വന്നതിന് ശേഷമാ ഈ അനർത്ഥങ്ങളൊക്കെ ഉണ്ടായത്. ഇനിയിപ്പോ അവളുടെ ജാതകം നേരെ ചൊവ്വേ നോക്കിയില്ലേ ആവോ. ഇനി അതെങ്ങാനും തിരുത്തിച്ചതാണോ”.

ഇങ്ങനെ കുടുംബത്തിൽ ഉള്ള ഒരു കാർന്നോരു പറഞ്ഞാൽ.. അതോടെ വിശ്വാസം ഇല്ലാത്തവർക്കും ഉള്ളവർക്കും എല്ലാർക്കും ശങ്കയായി. പിന്നെ പ്രശ്നം വെപ്പായി. എന്റെ അച്ഛനോട് വന്നു ചോദ്യമായി.

നിങ്ങൾക്കറിയോ എന്റെ ജാതകം ആദ്യമെഴുതിയ ജനാർദ്ദന പണിക്കർ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട്. പിന്നെ എന്റെ കാര്യം പറയണ്ടല്ലോ. സമാധാനം എന്നൊന്ന് ഉണ്ടാവില്ല.

അങ്ങനെ ബുദ്ധിമുട്ടി വിവാഹം കഴിക്കണം എന്നെനിക്ക് ഒരു നിർബന്ധവുമില്ല. അല്ലാതെയും ജീവിക്കാം””… രേഖ റെക്കോർഡ് ചെയ്ത് വെച്ച പോലെ ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി.

വാതിൽ പാളികൾക്ക് പുറകിൽ മറഞ്ഞു നിന്ന രേഖയുടെ അച്ഛനും അമ്മയും ഇത് കേട്ട് നിരാശയിൽ നെടു വീർപ്പിട്ടു.””ഗുരുവായൂരപ്പാ.. കാക്കണേ””.. ഇരുവരും ഉള്ളിൽ പ്രാർത്ഥിച്ചു.

“”അങ്ങനെ അധികം പേരൊന്നും കാണാൻ വന്നിട്ടില്ല. പഠനം കഴിഞ്ഞു മതി കല്യാണം എന്നായിരുന്നു എന്റെ വാശി. കുറച്ചു പേരൊക്കെ വന്നു. എന്നെ ഇഷ്ടപെടും. അവരോട് കാര്യങ്ങൾ തുറന്നു പറയും.

ചില അവിശ്വാസികൾ വലിയ വാർത്താനമൊക്കെ പറയും ആദ്യം.”താനൊക്കെ ഏത് നൂറ്റാണ്ടിലാ ജീവിക്കണേ.. ജാതകം കോതകം.. എനിക്കിതൊന്നും പ്രശ്നമല്ല”. എന്നൊക്കെ പറഞ്ഞു പോകും.

പിന്നെ രണ്ട് ദിവസം കഴിഞ്ഞു വിളിച്ചു പറയും. വകയിലൊമ്മാവൻ പറഞ്ഞു ഈ ബന്ധം വേണ്ട എന്ന്.അങ്ങനെ അങ്ങനെ എന്റെ ജാതകം പരസ്യമായ രഹസ്യമായി. അത് കൊണ്ടിപ്പൊ അങ്ങനെ ആരും കാണാൻ വരാറില്ല””. രേഖ പറഞ്ഞു.

ഇത് കേട്ട മദനൻ കുറച്ചു ഉറക്കെ തന്നെ ചിരിച്ചു.. ഒരു പരിഹാസ ചുവ ആ ചിരിയിലുണ്ടോ എന്ന് രേഖ സംശയിച്ചു.

“”ഇതൊക്കെ നാളെ ഉണ്ടാകാമെന്നുള്ള വെറുമൊരു സാധ്യത മാത്രമല്ലേ രേഖാ. അതിനും വേണ്ടി ഇത്രയും നാള് വിവാഹം കഴിക്കാതെ?””… മദനൻ പറഞ്ഞു.

“”സാധ്യതക്ക് സാധ്യതയുണ്ടല്ലോ. എന്തിനൊരു പരീക്ഷണം. സ്വന്തം തെറ്റു പോലും വന്നു കയറിയ പെണ്ണിന്റെ തലയിൽ കെട്ടി വെക്കുന്ന കാലമല്ലേ.

ലോകം ഇത്രയൊക്കെ പുരോഗമിച്ചിട്ടും ഇത് തുറന്നു പറഞ്ഞ എന്നെ കെട്ടി കൊണ്ടു പോകാൻ ആണായി പിറന്ന ഒരാൾ പോലും ഇത് വരെ വന്നില്ലല്ലോ.

എന്ന് കരുതി വിശ്വാസങ്ങളെ ചോദ്യം ചെയ്യാനും ഞാനില്ല. ഇത് എന്റെ നിലപാടാണ്””.. രേഖ ഉറച്ച സ്വരത്തിൽ പറഞ്ഞു.””രേഖ. വിശ്വസിയാണോ?””.. മദനൻ ചോദിച്ചു..

“”ആണെന്നും അല്ലെന്നും പറയാം..എന്നാലും ഇങ്ങനെ ഉള്ളതൊന്നും എനിക്ക്””… രേഖ മുഴുമിപ്പിച്ചില്ല.

“”രേഖേ… എന്റെ ആദ്യ ഭാര്യ ലക്ഷ്മി കുട്ടിക്കും എനിക്കും പത്തിൽ എട്ട് പൊരുത്തമുണ്ടായിരുന്നു. രണ്ടാമത്തെ ഭാര്യ സുനന്ദക്കും അതെ..എന്നിട്ടും മരിച്ചത് ഞാൻ അല്ലല്ലോ. അവരല്ലേ. ഇപ്പൊ എന്ത് പറയുന്നു””.. മദനൻ ചിരിച്ചു കൊണ്ടു പറഞ്ഞു.

“”എനിക്കിതൊന്നും പ്രശ്നമല്ല രേഖാ.. നമ്മൾ ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും പോലെയാണ് കുറച്ചെങ്കിലും നമ്മുടെ ഭാവി.. ബാക്കി ദൈവവും.. എനിക്കിഷ്ടായി നിന്നെ.. ഞാൻ

പോകുന്നു.. ആലോചിച്ചു തീരുമാനം എടുത്താൽ മതി. എനിക്ക് വകയിലെ അമ്മാവനും കാർന്നോൻമാരും ഒന്നുമില്ല മുടക്കാൻ. ഉള്ളത് ഒരമ്മയാ.. മൂപ്പത്തി പഴയൊരു കമ്മ്യൂണിസ്റ്റ് കാരിയാ.

എന്നാലും ഇപ്പൊ കുറച്ചൊക്കെ വിശ്വസിയാണ്. എഴുപത്തഞ്ചു വയസ്സായി””.. മദനൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

ഇത് കേട്ട രേഖയുടെ അമ്മയുടെ മനസും കരളും നിറഞ്ഞു തുളുമ്പി. ഗുരുവായൂരപ്പനെ ഉള്ളുരുകി വിളിച്ചു. ഗുരുവായൂരപ്പനൊരു പഴ കുലകൾ കൊണ്ട് തുലാഭാരം നേർന്നു.

രേഖ ആദരവോടെ അയാളെ നോക്കി. നിറഞ്ഞു തുളുമ്പുന്ന മനസ്സോടെ അവൾ മദനൻ കാറിൽ കയറി പോവുന്നത് നോക്കി നിന്നു. അവൾ നിറമുള്ള കിനാക്കൾ കണ്ടു. പകൽ കിനാവുകളിൽ പോലും മദനൻ ഓടിയെത്തി. അങ്ങനെ വന്നെത്തിയ കല്യാണ നാളാണ് ഇന്ന്..

താലിക്കെട്ട് കഴിഞ്ഞു മദനൻ രേഖയുടെ കൈ പിടിച്ചു സ്വന്തം വീട്ടിലെത്തി. കറണ്ടില്ലാത്തത് കൊണ്ട് പന്തലിൽ ജനറേറ്ററിന്റെ ശബ്ദം മുഴങ്ങി കൊണ്ടിരുന്നു.

കാത്തു നിന്നവർ പുതു പെണ്ണിന്റെ ചന്തം കണ്ട് മൂക്കത്തു വിരൽ വെച്ചു. യുവാക്കൾ “കിളവന്റെ ഒരു യോഗം നോക്കണേ” എന്ന് പിറുപിറുത്തു. കുശുമ്പത്തി പെണ്ണുങ്ങൾ “എന്തുണ്ടായിട്ടെന്താ.കുട്ടികൾ

ഉണ്ടാവില്ലല്ലോ” എന്ന് മനസ്സിൽ പറഞ്ഞാശ്വസിച്ചു. മദനന്റെ അമ്മ ലളിതമ്മ വിളക്ക് കയ്യിൽ കൊടുത്തു ആരതിയുഴിഞ്ഞു അവളെ വീട്ടിലേക്കാനായിച്ചു.

രേഖ വലതു കാൽ വെച്ചു കയറിയതും പെട്ടെന്ന് കറണ്ട് വന്നു. ആകെ മഞ്ഞ വെളിച്ചത്തിൽ ആ വീട് മുങ്ങി കുളിച്ചു.

“”കണ്ടോ… പെണ്ണ് വലതു കാല് വെച്ചതേയുള്ളൂ. വെളിച്ചം കത്തിയത് കണ്ടോ..ഐശ്വര്യം നോക്കണേ. പെണ്ണ് ദീർഘ സുമംഗലിയാവും””..

ഏതോ ഒരു വൃദ്ധ കൂട്ടത്തിൽ നിന്നും വിളിച്ചു പറഞ്ഞു.. ഇത് കേട്ട രേഖയും മദനനും അകമേ പൊട്ടി ചിരിച്ചും പുറമെ പുഞ്ചിരിച്ചും പരസ്പരം നോക്കി.

അങ്ങനെ ഈ മൂന്നാം കല്യാണത്തോടെ മദനന് നാട്ടിലെ അസ്സൂയക്കാർക്കിടയിൽ “കല്യാണ തന്ത” എന്ന പേര് വീണു.

അന്ന് വൈകീട്ട് ബ്രോക്കർ കുഞ്ഞഹമ്മദിനെ വിളിച്ചു കുറച്ചു പൈസ കൂടി മദനൻ കൊടുത്തു.

“”എന്താ മദനാ ത്.. ഇച്ചിജ്ജ് പൈസ ഫീസായിറ്റ് തന്നതല്ലേ. വല്ലാത്തൊരു വല്ല്യടങ്ങേറ് വാപ്പാ ഇത്””.. കുഞ്ഞഹമ്മദ് പറഞ്ഞു.

“”ഇരിക്കട്ടെ കുഞ്ഞഹമ്മദേ.. നീ എന്റെ ചെങ്ങാതിയും കൂടിയല്ലേ. പോയിട്ടു നല്ലൊരു തൊടുന്ന ഫോൺ വാങ്ങിക്കോ. ഇന്ന് എനിക്ക് സന്തോഷത്തിന്റെ ദിവസമല്ലെടാ””… മദനൻ പറഞ്ഞു.

“”ന്നാ പിന്നെ അങ്ങനെയിക്കോട്ടെ ലെ.. വല്ലാത്തൊരു വല്ല്യടങ്ങേറ് വാപ്പാ ഇത്””… കുഞ്ഞഹമ്മദ് ഉറക്കെ ചിരിച്ചും കൊണ്ട് പോയി.

ആദ്യ രാത്രിയിൽ നാണം മാറി തുടങ്ങിയപ്പോൾ രേഖ മദനന്റെ നെഞ്ചിൽ തല വെച്ചു കുറേ നേരം കിടന്നു. “”ഏട്ടാ.. ഞാൻ ഈ കല്യാണത്തിന് സമ്മതിക്കാൻ വേറൊരു കാരണം കൂടിയുണ്ട്””.. രേഖ പതുക്കെ പറഞ്ഞു.

“”ആഹാ.. ഇനിയും ഉണ്ടോ കാരണങ്ങൾ.. പറ.. കേൾക്കട്ടെ. എന്താ അത്?””. മദനൻ രേഖയുടെ പുറത്ത് തലോടി കൊണ്ട് പറഞ്ഞു.

“”ഏട്ടന് കുട്ടികൾ ഉണ്ടാവില്ല എന്നും കൂടി കരുതിയാ ഞാൻ കല്യാണത്തിന് സമ്മതിച്ചത്””..രേഖ പറഞ്ഞു.

മദനൻ ചെറുതായൊന്നു ഞെട്ടി.””അതെന്താ അങ്ങനെ.. നിനക്ക് മക്കൾ വേണ്ടേ?.കുട്ടികളെ ഇഷ്ടമല്ലേ. നിനക്ക് അമ്മയാവേണ്ടേ?””..

“”അതൊക്കെയുണ്ട്.. പക്ഷേ… അഥവാ നിങ്ങൾ എന്റെ ജാതക ദോഷം കണ്ടു പിടിച്ചു ബന്ധം വേർപെടുത്തിയാൽ ഞാൻ കുട്ടികളെയും കൊണ്ട് ഒറ്റക്ക് ബുദ്ധിമുട്ടില്ലേ.. അതാണ്‌””.. രേഖ അല്പം നാണത്തോടെ പറഞ്ഞു.

“”അതിന് ആര് പറഞ്ഞു എനിക്ക് കുട്ടികൾ ഉണ്ടാവില്ലാന്ന്””..മദനൻ സ്വരം അല്പം കനപ്പിച്ചു.

“”അതല്ല… ആദ്യത്തെ രണ്ട് ഭാര്യമാരിലും ഉണ്ടായില്ലല്ലോ.. അതാണ് ഞാൻ ചോദിച്ചത്. ഏട്ടന് വെഷമായോ””. രേഖയും അല്പം ഭയന്നു.

“”ലക്ഷ്മി കുട്ടിക്ക് രണ്ട് പ്രാവശ്യം ഗർഭം ഉണ്ടായി. രണ്ടും അലസി പോയി. സുനന്ദക്ക് ഉണ്ടായതേ ഇല്ല. കൊണ്ടു പോയി പരിശോധിച്ചപ്പോൾ അവൾക്കാ കുഴപ്പം..

ഇതാണ് സത്യം. ഇതൊന്നും അറിയാത്ത നാട്ടുക്കാർ ഞാൻ ഷണ്ടനാണ് എന്നങ്ങുറപ്പിച്ചു””. മദനൻ പറഞ്ഞു..

“”അതേയോ… സാരല്ല ഏട്ടാ ഞാൻ അറിയാതെ””….രേഖ മദനന്റെ നെഞ്ചിലേക്ക് ചാഞ്ഞു. മദനൻ ഒന്നു കൂടി അവളെ ചേർത്തു പിടിച്ചു.

ദിവസങ്ങൾ പഴുത്ത പ്ലാവില പോലെ കൊഴിഞ്ഞു വീണു കൊണ്ടിരുന്നു. ഇരുവരും യാതൊരു അനർത്ഥങ്ങളും ഇല്ലാതെ സന്തോഷ ജീവിതവുമായി ഒന്നിച്ചു യാത്ര ചെയ്യവേ രേഖക്ക് സർക്കാർ ജോലി കിട്ടി.

കോടീശ്വരൻ മദനൻ രണ്ടാമതൊന്ന് ആലോചിച്ചില്ല. രേഖയെ ജോലിക്ക് വിട്ടു.രേഖ നന്നായി സാരി ചുറ്റി സീമന്ത രേഖയിൽ സിന്ദൂരം തൊട്ട് എന്നും ജോലിക്ക് പോകും.

“”ഹും.. ഇത്രയും മുതലുണ്ടായിട്ടും ഭാര്യയെ ജോലിക്ക് വിടുന്നത് കണ്ടില്ലേ.. പിശുക്കൻ. ഭാര്യേടെ കാശും കൊണ്ടു ജീവിക്കാനാവും ആ കല്യാണ തന്തക്ക്””.. ആദ്യം അസൂയക്കാർ അവളെ നോക്കി ഇങ്ങനെ പറഞ്ഞു.

“”എന്താടാ.. ഇവൾക്കിത് വരെ ഉടാവൊന്നും വന്നില്ലല്ലോ. ആ കല്യാണ തന്തക്ക് ഒന്നിനും വയ്യേ ആവോ?””. അവളെ സൂക്ഷ്മ നിരീക്ഷണം നടത്തിയ ഒരുവൻ പറഞ്ഞു.

“”അങ്ങേർക്കുള്ള യോഗം നമുക്ക് വന്നില്ലല്ലോ””. വേറൊരാൾ നിരാശയിൽ പറഞ്ഞു

“”കല്യാണ തന്തക്ക് മുമ്പുള്ള രണ്ട് ഭാര്യമാരും മരിച്ചു പോയെന്ന് കേട്ടിട്ടുണ്ട്. ഇതിനെയെങ്കിലും മരിക്കുന്നതിന് മുമ്പ് നമുക്കൊന്ന്””.ഇത് പറഞ്ഞവൻ അർത്ഥം വെച്ചു ചിരിച്ചു

“”പോയി ചോദിച്ചു നോക്ക്. കല്യാണ തന്തക്ക് വയ്യാത്തോണ്ട് നിയന്ത്രണം വിട്ടു നിൽക്കാവും അവൾ””.ഇങ്ങനെ ഒരുത്തൻ മറുപടി പറഞ്ഞു.

ദിവസങ്ങൾ വീണ്ടും കൊഴിഞ്ഞു പോയി. ഇരുവരുടേയും ജീവിതം ആനന്ദത്തിലും സുഖത്തിലും സന്തോഷത്തിലും ആറാടി കടന്നു പോയി കൊണ്ടിരുന്നു.

കിടപ്പറയിലും രേഖ ദേവിയും മദനൻ ദേവനും ആയി നിർവൃതി അടഞ്ഞു. സംതൃപ്തിയിൽ ഇരുവരും മതി മറന്നു.

അങ്ങനെയിരിക്കെ ഒരു ദിവസം രേഖ ഗർഭിണിയായി. രേഖയും മദനനും കുഞ്ഞി കിനാക്കൾ കാണാൻ തുടങ്ങി. ജോലിക്ക് പോവുമ്പോൾ രേഖയുടെ വയർ

ചെറുതായി വീർത്തത് ചില പെണ്ണുങ്ങളും ആണുങ്ങളും കണ്ടു പിടിച്ചു. ചില ആണുങ്ങൾക്കും ചില പെണ്ണുങ്ങൾക്കും അത് വിശ്വസിക്കാനായില്ല. ചിലർക്കത് സഹിച്ചില്ല..

“”അവന് നല്ല പ്രായത്തിൽ രണ്ടെണ്ണം കെട്ടിയിട്ടു ഉണ്ടാവാത്തത് ഇപ്പൊ ഉണ്ടാവുകയോ. ഇത് അവന്റേതൊന്നുമല്ല ഗർഭം. വേറാരൊ പറ്റിച്ചതാവും””.ചില വൃദ്ധന്മാർ പറഞ്ഞു ചിരിച്ചു.

നാട്ടിലെ പാട്ട് രേഖയുടെ ചെവിയിലുമെത്തി. രേഖ വല്ലാതെ വിഷമത്തിലായി. അവൾ കരഞ്ഞു..””എടീ… സത്യം എനിക്കും നിനക്കുമറിയാം. നാട്ടുകാരങ്ങനെ പറയട്ടെ.

എല്ലാരേയും തൃപ്തി പെടുത്തി ജീവിക്കാൻ പറ്റുമോ. നിനക്ക് ഞാനുണ്ട്””.. മദനൻ രേഖയെ ചേർത്തു പിടിച്ചു. അവൾ ആ നെഞ്ചിൽ മുഖം ചേർത്തു സന്തോഷാശ്രുക്കൾ പൊഴിച്ചു.….ശുഭം… നന്ദി…

 

Leave a Reply

Your email address will not be published. Required fields are marked *