തന്റെ പ്രാണ സഖിയും ഒരു ചെറുപ്പക്കാരനും കെട്ടി പിടിച്ചു ചുമ്പിച്ചു നിൽക്കുന്ന ഫോട്ടോ കണ്ട് അംജത്

കാൻഡിൽ ലൈറ്റ് ഡിന്നർ
രചന :-മുഹമ്മദ്‌ ഫൈസൽ ആനമങ്ങാട്

തന്റെ പ്രാണ സഖിയും ഒരു ചെറുപ്പക്കാരനും കെട്ടി പിടിച്ചു ചുമ്പിച്ചു നിൽക്കുന്ന ഫോട്ടോ കണ്ട് അംജത് നിരാശയും ദേഷ്യവും സങ്കടവും ഒന്നിച്ചു

ഇരച്ചെത്തിയ വികാരത്താൽ അവൻ ഫോൺ താഴേക്കെറിഞ്ഞു. തലയിൽ ഇരുട്ടു കറങ്ങിയ അവൻ കമിഴ്ന്നടിച്ചു ബെഡിലേക്ക് വീണു.

താഴെ കിടന്ന ഫോണിലേക്ക് ആരോ നിർത്താതെ ബെല്ലടിക്കുന്നു. ഉള്ളു നുറുങ്ങിയ അവൻ ബെല്ലടി കേൾക്കുന്നുണ്ടെങ്കിലും ഫോൺ എടുത്തില്ല. കമിഴ്ന്നു കിടന്നു തേങ്ങുന്ന അവന്റെ ഉള്ള് ശൂന്യമായിരുന്നു. ഹൃദയം മരവിച്ചിരുന്നു.

ഇന്നലെ കൂടി ചുംബനങ്ങളേകി ഇറുകെ പുണർന്നു പിരിഞ്ഞതാണ്.”എന്റെ ചേതനയാണ് നീ ജീവിതാവസാനം വരെ”.എന്നുള്ള സ്ഥിരം പല്ലവി ഇന്നലെയും കൂടി അവൾ മധുരമായി മൊഴിഞ്ഞതാണ്.

മൊഴികൾക്ക് പിന്നിലെ വഞ്ചന..ചിരികൾക്ക് പിന്നിലെ ചതി. എല്ലാം അവൾ സ്നേഹത്തിനു പിന്നിലെ കറുത്ത നിഴലുകൾക്കപ്പുറം ഒളിപ്പിച്ചു വെച്ചു. അതിലവൾ വിദഗ്ദയാണെന്ന് എനിക്കിപ്പോ തോന്നുന്നു. ”

സ്നേഹ പ്രകടനങ്ങൾ എല്ലാം നാട്യങ്ങളാണോ?… എന്നെ പോലെ തന്നെയായിരുന്നോ അവൾക്ക് മറ്റുള്ളവരും””.. അംജത് കമിഴ്ന്നു കിടന്നു തലയിണയിൽ മുഖം പൂഴ്ത്തി വിതുമ്പി കൊണ്ട് ഓർത്തു..

കഴിഞ്ഞു പോയ മധുരക്കിനാക്കൾ കറുത്തിരുണ്ടു ഉള്ളിൽ നിഴൽ വീഴ്ത്തി കൊണ്ടേ ഇരിക്കുന്നു. കനവ് കണ്ട നിലാപക്ഷികൾക്കൊക്കെ കറുത്ത നിറം. മറക്കാനാവില്ല എനിക്കവളെ.

വഞ്ചിച്ചത് ഞാൻ അല്ലല്ലോ.. പിന്നെങ്ങനെ മറക്കും..എത്ര നേരം അങ്ങനെ കിടന്നു എന്നറിയില്ല..അംജത് പതുക്കെ എഴുന്നേറ്റു. നിലത്തു വീണു ചില്ലു പൊട്ടിയ വിലകൂടിയ ഫോൺ എടുത്തു നോക്കി. വിളിച്ചിരുന്നത് സുഹൃത്ത് നിഖിൽ ആണ്.. അവൻ തിരിച്ചു വിളിച്ചു.

“”ഹലോ… അംജത്.. ഞാൻ അയച്ച ഫോട്ടോ കണ്ടില്ലേ. നീ ദുഖിക്കേണ്ട. അതിന്റെ ആവശ്യവുമില്ല. അവള് വഞ്ചകിയാടാ. ചതിച്ചവർക്ക് വേണ്ടി ഒരിക്കലും കരയരുത്””.. നിഖിൽ പറഞ്ഞു.

അംജതിന് വീണ്ടും കണ്ണീർ ഊറി വന്നു. അവനൊന്നു ഒച്ചയനക്കി തൊണ്ട നനച്ചു.””സത്യാണോ നിഖിൽ.. വല്ല എഡിറ്റിങ്ങും ആയിക്കൂടെ ആ ഫോട്ടോ. അവളങ്ങനെ ഒരിക്കലും ചെയ്യില്ല. എനിക്ക് പലപ്പോഴും വാക്ക് തന്നിട്ടുണ്ട്””. അംജത് പറഞ്ഞു.

“”വാക്ക്… ആ വാക്കിന്റെ വിലയൊക്കെ പോയിട്ട് ഒരു നൂറ്റാണ്ടായി അംജത്. തരം പോലെ മാറ്റാനും ഒടിക്കാനും വളക്കാനും പറ്റുന്ന ഒരു വാക്ക്.. അതാണിപ്പൊ വാക്കിന്റെ അർത്ഥം””.. നിഖിൽ പറഞ്ഞു.

അവന്റെ വാക്കുകൾ വീണ്ടും അംജതിനെ സങ്കട തേരിലേറ്റി.. അവൻ വീണ്ടും വിതുമ്പി. അവളോടൊത്തുള്ള നിമിഷങ്ങളും ചിരികളും പൂക്കളും മഴയും നിലാവും ഓർമ്മ വന്നു.

“”അംജത്.. എഡിറ്റിംഗ് ഒന്നുമല്ല.എനിക്ക് നേരിട്ടറിയാം. ചിലർക്കൊക്കെ സ്നേഹം ഇങ്ങനെയാണ്. തരം പോലെ വലിച്ചെറിയാം. യഥാർത്ഥ സ്നേഹത്തെ തിരിച്ചറിയാൻ പറ്റാത്ത വിധം ആ വികാരത്തെ ചിലർ വികൃതമാക്കി വെച്ചിരിക്കുന്നു””.. നിഖിൽ പറഞ്ഞു..

“”ഞങ്ങൾ ഇന്ന് രാത്രി ഒരു കാൻഡിൽ ലൈറ്റ് ഡിന്നർ വരെ ബുക്ക്‌ ചെയ്തതാടാ ഇന്നലെ. അവൾ എന്നും പറയുമായിരുന്നു അവൾക്കത് വേണമെന്ന്.. എന്നിട്ടിപ്പോ””.. അംജത് ഏങ്ങലടിച്ചു. അവൻ ഫോൺ കട്ട് ചെയ്തു.

വീണ്ടും കട്ടിലിലേക്ക് വീണു. ഇരമ്പിയെത്തിയ നിറം പിടിപ്പിച്ച ഓർമ്മകൾ അവന്റെ മനസ്സിനെ ഞെരുക്കി കൊണ്ടിരുന്നു. അവളുടെ ചിരിച്ച മുഖമല്ലാതെ ഒന്നും ഓർമ്മകളിൽ തെളിയുന്നില്ല.

തീക്ഷ്ണമായ സ്നേഹം കുത്തി കുത്തി നോവിച്ചപ്പോൾ അവൻ മുറിയിൽ നിന്നിറങ്ങി.””ചാവണം… ചത്തു മലക്കണം എനിക്ക്””. അവൻ പിറു പിറുത്തു കൊണ്ട് എഴുന്നേറ്റു.

നേരെ അംജത് ഉമ്മയുടെ മുറിയിൽ പോയി. മറഞ്ഞു നിന്നു ഉമ്മാനെ അവസാനമായി കണ്ടു. ലക്ഷങ്ങൾ വില വരുന്ന മോഡൽ ബൈക്കിന്റെ ചാവി എടുത്തു ആരും കാണാതെ പുറത്തിറങ്ങി. ബൈക്കിൽ കയറാൻ കാല് വെച്ച അവൻ ഓർത്തു. “”വേണ്ട.. നടന്നു പോകാം.. മരിക്കാനല്ലേ””..

അംജത് ഗേറ്റ് തള്ളി തുറന്നു പുറത്തേക്ക് നടന്നു. തിരിഞ്ഞു നിന്നു ആ വലിയ കൊട്ടാരം കണക്കെയുള്ള വീട് ഒന്നു കൂടി നോക്കി. തിരക്കേറിയ ആ മഹാനഗരത്തിന്റെ നടുവിലൂടെ അംജത് നടന്നു.

ആളുകൾ കലപില കൂട്ടി നടന്നു പോകുന്നതും വാഹനങ്ങൾ ചീറി പായുന്നതും ഒന്നും അവൻ അറിയുന്നില്ല… പക്ഷേ..അവനെ ചിലരൊക്കെ തിരിച്ചറിയും.. കാരണം അവൻ ആ നഗരം അടക്കി വാഴുന്ന വ്യവസായി അഷ്‌റഫ്‌ ഖാന്റെ ഏക മകനാണ്.

വില കൂടിയ കാറിലും, ബൈക്കിലുമല്ലാതെ അവനെ ആരും കണ്ടിട്ടില്ല. ഒരു മിന്നായം കണക്കേ നഗര തിരക്കിലൂടെ പായുന്ന അവൻ പലർക്കും അഹങ്കാരത്തിന്റ പര്യായമായിരുന്നു.

അവന്റെ നടത്തം അവനെ തിരിച്ചറിഞ്ഞവരിൽ അത്ഭുതം ജനിപ്പിച്ചു എങ്കിലും ആരും ചോദിക്കാൻ ധൈര്യപ്പെട്ടില്ല.അവർ വെറുതേ പിറു പിറുത്തു. അംജത് നേരെ പിതാവ്

അഷ്‌റഫ്‌ ഖാന്റെ പടുക്കൂറ്റൻ ഷോപ്പിംഗ് മാളിലേക്ക് നടന്നെത്തി. അവനെ കണ്ട് ജോലിക്കാർ ബഹുമാനത്തോടെ ഒതുങ്ങി നിന്നു. അവൻ ആരോടും ഒന്നും മിണ്ടിയില്ല. മാളിൽ നല്ല തിരക്കാണ്.

ഓഫീസിന്റെ വാതിൽ തള്ളി തുറന്നു കാബിനിൽ ഇരിക്കുന്ന ഉപ്പ അഷ്‌റഫ്‌ ഖാനെയും അവസാനമായി കണ്ടു.

“ഇനി മരിക്കണം.. മരിച്ചു പോകണം എനിക്ക്. എന്നാലേ ഈ നീറ്റൽ അടങ്ങൂ. സ്നേഹം കൊണ്ട് മുറിവേറ്റത് ഉണങ്ങാറില്ല. അതിൽ നിന്നും ചോര പൊടിഞ്ഞു കൊണ്ടേ ഇരിക്കും.നഷ്ടങ്ങൾ താങ്ങാനുള്ള ശക്തി ഇല്ലെങ്കിൽ എന്തിന് ജീവിക്കണം”.. അംജത് ഇറങ്ങി നടന്നു.

സമയം എട്ടു മണിയായി. ഇഷാ ബാങ്ക് മുഴങ്ങുന്നത് അംജത് കേട്ടു. വീതിയേറിയ പാതകൾക്കിരുവശവും വലിയ വൈദ്യുതി കാലുകൾ മഞ്ഞ വെളിച്ചം പരത്തി നിന്നു.

തിരക്കൊഴിയാത്ത മഹാനഗരം വെളിച്ചത്തിൽ മുങ്ങി കുളിച്ചു. വാഹനങ്ങൾ നിരനിരയായി നീങ്ങുന്നു. ഹോൺ ശബ്ദങ്ങൾ, ആംബുലൻസിന്റെ സൈറണുകൾ..

ഇടയ്ക്കിടെ പോലീസ് വാഹനങ്ങൾ..വർണ്ണ വെളിച്ചങ്ങളിൽ അണിഞ്ഞൊരുങ്ങി നിൽക്കുന്ന പഞ്ചനക്ഷത്ര ഹോട്ടലുകൾ. മാനം മുട്ടേ തലയുയർത്തി നിൽക്കുന്ന കെട്ടിടങ്ങൾ.

സജീവമായ വഴിയോര കച്ചവടക്കാർ. അവരുടെ തൊണ്ട പൊട്ടുമാറ് ഉച്ചത്തിലുള്ള വിളികൾ. നഗരം എന്നത്തേയും ഇന്നും വർണ്ണാഭമാണ്.

അംജത് അതിവേഗം നടന്നു.തട്ട് കടകളിലെ കച്ചവടക്കാർ അവനെ തിരിച്ചറിയാതെ മാടി വിളിച്ചു കൊണ്ടിരുന്നു. വറുത്ത കോഴിയുടെ രുചിയേറും ഗന്ധം ആകെ പരന്നൊഴുകുന്നു..ഒന്നും ശ്രദ്ധിക്കാൻ

അവന് സമയമില്ല. അംജത് ഇപ്പൊ വമ്പൻ വ്യവസായി അഷ്‌റഫ്‌ ഖാന്റെ വായിൽ വെള്ളി കരണ്ടിയുമായി ജനിച്ച മകനല്ല. “മരിക്കാൻ പോകുന്നവന് എന്ത് വില. പ്രണയം തകർന്നവന് സ്വന്തം മനസാക്ഷിയോട് പുല്ലു വിലയല്ലേ”. അവൻ ഓർത്തു.

ആളുകൾ തിരിച്ചറിയാതിരിക്കാൻ നഗരത്തിന്റെ പ്രാന്ത പ്രദേശത്തെ ഒരു തെരുവിലേക്ക് അവൻ തിരിഞ്ഞു. ഒരു ചേരി പ്രദേശത്തേക്കാണ് അംജത് നടന്നെത്തിയത്.

ദുർഗന്ധം വമിക്കുന്ന ഓടകൾ, ചവറു കൂഞ്ഞകൾ. ഒറ്റമുറിയോ രണ്ട് മുറികളോ ഉള്ള വീടുകൾ, ചിലപ്പോൾ പ്ലാസ്റ്റിക് പായ വലിച്ചു കെട്ടിയ കൂരകൾ.. ചിലപ്പോൾ ചാക്ക് കൊണ്ട് മറച്ച കുടിലുകൾ.

അവിടെ കീറി പറിഞ്ഞ അലസമായ വസ്ത്രം ധരിച്ച കുറേ മനുഷ്യർ. അവർ ഇരിക്കുന്നു. നടക്കുന്നു. ഉറക്കെ സംസാരിക്കുന്നു.

“തന്റെ പിതാവിന്റെ വ്യാപാര സാമ്രാജ്യം അടങ്ങുന്ന ഈ പട്ടണത്തിൽ ഇങ്ങനൊരു തെരുവുണ്ടോ. ഇവിടെ ഇങ്ങനെയും ജീവിതങ്ങൾ ഉണ്ടോ”. അവൻ അത്ഭുതം കൂറി കൊണ്ട് മുന്നോട്ട് നീങ്ങി.

അവൻ വാച്ചിൽ നോക്കി. ഒമ്പതു മണി ആയിരിക്കുന്നു. തണുത്ത ഡിസംമ്പർ മാസമാണ്. മരം കോച്ചുന്ന തണുപ്പൊന്നും ഇല്ലെങ്കിലും തണുപ്പുണ്ട്.

അവൻ ആ തെരുവിന്റ അറ്റത്തെത്തി. വിജനമായ ആയിടത്തൊരു പീടിക തിണ്ണയിൽ ഇരുന്നു ഒരു ആൺ കുട്ടിയും ഒരു പെൺ കുട്ടിയും എന്തോ തിന്നുന്നത് അംജത് കണ്ടു.

“”എന്താ ഏട്ടാ.. ഇതിൽ കൊറച്ചല്ലേ ഉളളൂ ചിക്കൻ ചില്ലി.. ഏട്ടന് വേണ്ടേ””.. ആ പെൺ കുട്ടി പറയുന്നു.

“”എനിക്ക് വേണ്ട…തിങ്കളൂട്ടി തിന്നോ. ഇന്ന് നിന്റെ ബർത് ഡേ അല്ലേ””. ആ ആൺ കുട്ടി പറയുന്നു.

അംജത് അത് കേട്ടു. അവിടെ നിന്നു അവരെ നോക്കി. ആൺ കുട്ടിയേ കുട്ടി എന്ന് പറയാൻ പറ്റില്ല. ഒരു പതിനാറു വയസ്സ് കാണും.. പെൺ കുട്ടിക്ക് ഒരു പതിമൂന്ന് വയസ്സും..ആരോ കൊടുത്ത

പാകമില്ലാത്ത വസ്ത്രങ്ങളാണ് രണ്ട് പേരും ധരിച്ചിരിക്കുന്നത് എന്ന് ഒറ്റ നോട്ടത്തിൽ തന്നെ അംജതിന് മനസ്സിലായി. “ഇന്ന് ഓർഡർ ചെയ്ത കാൻഡിൽ ലൈറ്റ് ഡിന്നർ ഇവർക്ക് കൊടുത്താലെന്താ?”. അംജത് ഓർത്തു.

“ഏതായാലും മരിക്കാൻ പോവുകയല്ലേ. ഇത് വരെ സ്വന്തം കാര്യം നോക്കുക എന്നല്ലാതെ മറ്റുള്ളവരുടെ അവസ്ഥയോ വിശപ്പോ ഒന്നും ഞാൻ മനസ്സിലാക്കിയിട്ടില്ല.. വില കുറഞ്ഞ ഭക്ഷണങ്ങൾ എന്നും പുച്ഛത്തോടെ

മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ”.അംജത് അവരുടെ അടുത്തേക്ക് നടന്നു. ഷൂസിന്റെ ശബ്ദം കേട്ട ആൺകുട്ടി തല പൊക്കി അംജതിനെ നോക്കി. തങ്ങളുടെ അടുത്തേക്കാണ് അംജത് വരുന്നത് എന്ന്

മനസ്സിലാക്കിയ ആൺ കുട്ടി വേഗം ചാടിയെണീറ്റ് പെൺകുട്ടിക്ക് മുന്നിൽ കയറി നിന്നു. രണ്ട് കയ്യും വശങ്ങളിലേക്ക് വിരിച്ചു വെച്ചിട്ട് അവൻ ഉറച്ച ശബ്ദത്തിൽ പറഞ്ഞു..

“”എന്താ സാറെ വേണ്ടത്. അവളെ തൊടാൻ കിട്ടില്ല. തൊട്ടാൽ കൊല്ലും ഞാൻ..സാറ് പൊയ്ക്കോ””.

അംജത് ഒന്നും മനസ്സിലാവാതെ വായ പൊളിച്ചു. എങ്കിലും അവൻ ഒന്ന് ഞെട്ടി ഒരടി പുറകിലേക്ക് മാറി..

“”നീ… നീ എന്താ പറയുന്നത്. ഞാൻ മരിക്കാൻ ഇറങ്ങിയതാ.. നീ കൊല്ലുകയാണെങ്കിൽ എളുപ്പമായില്ലേ””. അംജത് ചിരിച്ചു കൊണ്ടു പറഞ്ഞു.

ആൺ കുട്ടി ഒന്ന് ഞെട്ടി. പിന്നെ ആശങ്കയോടെ അംജതിനെ അടിമുടി കുറച്ചു നേരം നോക്കി. പിന്നെ ഉറക്കെ ചിരിച്ചു.

“”മരിക്കാനോ… മരിക്കാൻ എന്തിനാ ഇറങ്ങുന്നത്. ആ നിൽക്കുന്നിടത്ത് തന്നെ അങ്ങ് മരിച്ചൂടെ””.. ആൺ കുട്ടി പറഞ്ഞു.

ഇത് കേട്ട അംജത് സ്ഥബ്ധനായി ചിന്തയിലാണ്ടു. “ശരിയാണല്ലോ.. ഞാൻ എന്തിനാ ഇറങ്ങിയത്. എങ്ങോട്ടാ ഞാൻ ചാവാൻ ആണെന്നും പറഞ്ഞു ഇറങ്ങിയത്. എവിടെ പോയി മരിക്കും. എങ്ങനെ മരിക്കും”..

“”നിന്റെ പേരെന്താ?”” അംജത് ചോദിച്ചു.””ഞാൻ പൊടിമോൻ. ശരിക്കുള്ള പേരാണോ എന്നൊന്നും അറിയില്ല.ആ വിളി കേട്ടാ വളർന്നത്””..

അംജത് അവന്റെ പുറകിലേക്ക് പാളി നോക്കി. ചിക്കൻ ചില്ലിയുടെ എല്ലുകൾ കടിച്ചു പറിക്കുന്ന പെൺ കുട്ടിയെ നോക്കി..പിന്നെ പൊടിമോന്റെ മുഖത്തേക്കും ചോദ്യ ഭാവത്തിൽ നോക്കി.

“”അത് പെങ്ങളാ സാറേ.. പേര് തിങ്കൾ തിങ്കളൂട്ടി എന്ന് ഞാൻ വിളിക്കും””.””പെങ്ങളോ?””.. നിങ്ങൾക്ക് വീടില്ലേ?””…

“”എന്ത് ചോദ്യമാ സാറേ. വീടുണ്ടെങ്കിൽ ഈ സമയത്തു ഞാനിവിടെ ഇവളെയും കൊണ്ടു വന്നിരിക്കുമോ.. പിന്നേ..സ്വന്തം വീടേ ഇല്ലാത്തുള്ളൂ.. ദാ.. ഈ കാണുന്നതൊക്കെ ഞങ്ങളുടെ വീടാണ്””.

പൊടിമോൻ കടത്തിണ്ണകളുടെയും കൂരകളുടെയും നേരെ വിരൽ ചൂണ്ടി ചിരിച്ചു കൊണ്ടു പറഞ്ഞു.””അച്ഛനും അമ്മയുമൊക്കെ?””.. അംജത് വീണ്ടും ചോദിച്ചു.

പൊടിമോൻ വീണ്ടും ചിരിച്ചു. തിങ്കളും ചിരിച്ചു. ഇരുവർക്കും അച്ഛൻ അമ്മ എന്നൊക്കെ കേട്ടാൽ ചിരി വരും..

“”സാറേ..സാറിന്റെ കോട്ടും സൂട്ടും ഒക്കെ കാണുമ്പോൾ അറിയാം സാറിന് ഒന്നും അറിയില്ലാന്ന്. സാറേ ആരോ ഈ തെരുവിൽ പെറ്റിട്ടിട്ട് പോയതാ എന്നെ.

പെറ്റിട്ടതാണോ അതോ ഇത് വഴി നടന്നു പോയപ്പോ ആ തള്ളയുടെ കാലിന്റെ ഇടയിൽ നിന്നു വീണു പോയതാണോ ഒന്നും അറിയില്ല. വലിയ വിലയില്ലാത്ത ഒരു സാധനം കളഞ്ഞു പോയാൽ സാറതു

തെരഞ്ഞു സമയം കളയുമോ ഇല്ലല്ലോ.. അത് പോലെ ആയിരിക്കും അവർക്ക് ഞാൻ””…നിർവികാരതയോടെ പൊടി മോൻ ഇത് പറയുമ്പോൾ തിങ്കൾ വന്നു അവന്റെ കയ്യിൽ പിടിച്ചു.

“”ഇവളും ഞാനും ഒരു വയറ്റിൽ നിന്നു വന്നതാണോ എന്നും ഞങ്ങൾക്കറിയില്ല. ഞാൻ തെരുവിൽ വളരുമ്പോൾ ഇവളും കൂടെയുണ്ട്. അപ്പൊ അനിയത്തി തന്നെയല്ലേ സാറെ””..പൊടിമോൻ തിങ്കളിന്റെ തോളിൽ ചേർത്തു പിടിച്ചു.

അംജത് ആകെ അത്ഭുത പരതന്ത്രനായി നിൽക്കുകയാണ്.. പതിനാറു വയസ്സുള്ള ഒരു ആൺ കുട്ടിയുടെ ജീവിതത്തോടുള്ള കാഴ്ചപ്പാടും അറിവും അനുഭവവും കണ്ട അവൻ അറിയാതെ വായ പൊത്തിപിടിച്ചു അതിശയം കൂറി.

“”അപ്പൊ സാറ് മരിക്കാൻ ഇറങ്ങിയതല്ലേ. അത് മുടക്കണ്ട. ഞങ്ങൾക്ക് ജീവിക്കണം.. പോട്ടെ സാറേ””. പൊടിമോൻ കൊറച്ചു മുന്നോട്ട് നടന്നു. പിന്നെ എന്തോ മറന്ന പോലെ അടുത്തേക്ക് വന്നു.

അംജത് അപ്പോഴും അത്ഭുതാദരങ്ങളോടെ അവനെ നോക്കി നിൽക്കുകയായിരുന്നു. ഒന്നും മിണ്ടാൻ പറ്റാതെ ഒരു തെരുവ് പയ്യന്റെ മുന്നിൽ വളരെ നിസാരനായി അങ്ങനെ….

“”സാറെ.. ആദ്യം അങ്ങനെ പെരുമാറിയതിന് ക്ഷമിക്കണം.. ചിലർ ഇടക്കിങ്ങനെ വരും.. തിങ്കളൂട്ടിയെ കയറി പിടിക്കാൻ.കുറച്ചു മുമ്പ് കൂടി ഒരു മാന്യൻ വന്നു പോയി. സാറിനെ പോലെ കോട്ടൊക്കെ ഇട്ടിട്ട്.

പരിചയം ഇല്ലാത്ത നിങ്ങൾ അടുത്തേക്ക് വന്നപ്പോ ഞാൻ പെട്ടെന്നു പേടിച്ചു പോയി.. അതാ””.. പൊടിമോൻ തിങ്കളിനെ ചേർത്തു പിടിച്ചു നടന്നു.. കുറച്ചു നിമിഷം

അത്ഭുതപെട്ടു നിന്ന അംജത് വേഗം തന്റെ കോട്ട് ഊരി. പുറകിലൂടെ ചെന്ന് തിങ്കളിനെ പുതപ്പിച്ചു. അവൾ തണുത്തു വിറക്കുന്നത് അവൻ കണ്ടിരുന്നു..

“”പൊടിമോനെ… ഒരു കാര്യം ചോദിച്ചോട്ടെ?””.. അംജത് ചിരിച്ചു കൊണ്ടു ചോദിച്ചു.

പൊടിമോൻ ഒന്നും മിണ്ടാതെ സംശയം തുടിക്കുന്ന മുഖത്തോടെ അവനെ നോക്കുക മാത്രം ചെയ്തു..

“”എടാ.. നമുക്കൊരു കാൻഡിൽ ലൈറ്റ് ഡിന്നർ കഴിക്കാൻ പോയാലോ. നമുക്ക് മൂന്നു പേർക്കും കൂടി””. അംജത് ചോദിച്ചു..

“”അത് സ്നേഹിക്കുന്നവർ കഴിക്കുന്നതല്ലേ. മെഴുകുതിരി വെളിച്ചത്തിൽ ഇരുന്നു അങ്ങോട്ടും ഇങ്ങോട്ടും കണ്ണിൽ കണ്ണിൽ നോക്കിയിരുന്നു..പ്രണയം

പറഞ്ഞു..അതല്ലേ.. അതിൽ ഞങ്ങൾക്കെന്തു കാര്യം സാറേ””..പൊടിമോൻ പറഞ്ഞു.

“”എടാ.. ഈ തെരുവിൽ കിടക്കുന്ന നിനക്കിതൊക്കെ എങ്ങനെ അറിയാം””.. അംജത് അത്ഭുതം അടക്കാനാവാതെ ചോദിച്ചു..

“”സാറെ… സാറിനാണ് ഒന്നും അറിയാത്തത്. തെരുവിൽ അല്ലേ എല്ലാം നടക്കുന്നത്.. ദാ.. കണ്ടോ… ആ വേസ്റ്റ് കൂഞ്ഞ കണ്ടോ.. അതിൽ എന്നും രാവിലെ പേപ്പർ വേസ്റ്റ് കൊണ്ടു വന്നിടും.. അത്

എടുത്തു കൊണ്ട് പോയി പ്രസ്സുകളിൽ കൊടുക്കലാണ് എന്റേം ഇവളുടെയും പണി. ചെറിയ പൈസ കിട്ടും. കീറിയതും കീറാത്തതുമായ എന്തെല്ലാം പുസ്തകങ്ങൾ ഉണ്ടാവുമെന്നോ അതിൽ..

നല്ല നല്ല എഴുത്തുക്കാരുടെ മഹാകൃതികൾ, കവിതകൾ,.. അങ്ങനെ ഏന്തൊക്കെ.. ഞാൻ നല്ല പുസ്തകങ്ങൾ കണ്ടാൽ എടുത്തു വെയ്ക്കും. വായിക്കും””.പൊടിമോൻ പറഞ്ഞു.

അംജത് വിടർന്ന കണ്ണുകളോടെ അവനെ തന്നെ നോക്കി നിന്നു. “”സ്കൂളിലൊന്നും ഞങ്ങൾ പോയിട്ടില്ല സാറേ. കോർപറേഷന്റെ തെരുവ് കുട്ടികൾക്കുള്ള

സാക്ഷരതാ ക്ലാസ്സിൽ പോയിരുന്നു. അങ്ങനെ എഴുതാനും വായിക്കാനും പഠിച്ചു””.. പൊടിമോൻ കൂട്ടിച്ചേർത്തു.അംജത് എല്ലാം മൂളി കേട്ടു.

“”അല്ല സാറെ.. സാറ് നല്ല സങ്കടത്തിൽ ആണല്ലോ. കണ്ടിട്ട് നല്ല ഭംഗിയുമുണ്ട്. ഞങ്ങളെ ഉപദ്രവിക്കാൻ വന്നതല്ല എന്നും മനസ്സിലായി. എന്നോട് പറയുമോ. എന്തിനാ മരിക്കാൻ ഒരുങ്ങുന്നത്””. പൊടിമോൻ ചോദിച്ചു.

“”പൊടിമോനെ.. എനിക്കൊരു പ്രണയമുണ്ടായിരുന്നു””.. അംജത് പറയാൻ തുടങ്ങി..

“”സാറ്.. വാ””.. പൊടിമോൻ അംജതിനെ വിളിച്ചു കൊണ്ട് പോയി. ഒരു കടത്തിണ്ണയിൽ മൂന്നു പേരും ഇരുന്നു..

“”ഇനി പറ സാറെ.. എന്തിനാ സാറ് മരിക്കാൻ പോയത്. ആ പ്രേമത്തിന് എന്താ പറ്റിയത്. മരിക്കാൻ പോവുകയാ എന്ന് കേട്ടപ്പോ തന്നെ

എനിക്കുറപ്പായിരുന്നു വില്ലൻ പ്രണയം ആവുമെന്ന്””. പൊടിമോൻ ചിരിച്ചു കൊണ്ടു പറഞ്ഞു..””അതെങ്ങനെ നിനക്ക് മനസ്സിലായി””..

“”സാറെ.. ഈ കോട്ടും സൂട്ടും, ഹിന്ദി സിനിമ നടന്മാരെ പോലെയുള്ള ഹെയർ സ്റ്റൈലും ഭംഗിയും നല്ല ഉറച്ച ശരീരവും ഉള്ള നിങ്ങൾ മരിക്കാൻ പോവുന്നു

എങ്കിൽ അത് എന്ത് കൊണ്ടാണെന്ന് മനസ്സിലാക്കാൻ ആർക്കും പറ്റും സാർ.. അത് വിട്.. സാറ് പറ.. കേൾക്കട്ടെ””.. പൊടിമോനും തിങ്കളും അവന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു.

“”അങ്ങനെ അഞ്ചു കൊല്ലം പ്രേമിച്ചു ഞങ്ങൾ. എന്തൊരു രസമായിരുന്നു എന്നറിയുമോ ആ നിമിഷങ്ങൾ. സന്തോഷം മാത്രേ ഉളളൂ.. ഒരിക്കലും സങ്കടം എന്ന വാക്ക് ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നില്ല.

അത്രക്കും ഇഴുകി ചേർന്നിരുന്നു ഞങ്ങൾ.. എനിക്കവളെ പ്രാണന് തുല്യമായിരുന്നു.. പക്ഷെ..””. അംജത് നിർത്തി.. കണ്ണുകൾ നിറഞ്ഞു തുളുമ്പി.. തേങ്ങലടക്കാൻ പറ്റാതെ അംജത് വിങ്ങി പൊട്ടി..

പൊടിമോനും തിങ്കളും പരസ്പരം നോക്കി. തിങ്കളിന്റെ കണ്ണുകളും ചെറുതായി ഈറനണിഞ്ഞു.

അംജത് കണ്ണ് തുടച്ചു കൊണ്ട് ബാക്കി കഥ തുടർന്നു…””…. എന്നെ ചതിച്ച ആ അവൾക്ക് വേണ്ടിയാണ് ഞാനിന്ന്‌ കാൻഡിൽ ലൈറ്റ് ഡിന്നർ ബുക്ക്‌ ചെയ്തത്.. നിങ്ങൾ വരുന്നോ

കഴിക്കാൻ.നിങ്ങൾ കഴിച്ചാലും ഇറങ്ങും വിലക്കൂടിയ ആഹാരം.. എനിക്കൊരു പുണ്യവും ചാരിതാർത്യവും ആവും അത്.. പോരുന്നോ രണ്ടാളും””.അംജത് പൊടിമോനെയും തിങ്കളിനെയും മാറി മാറി നോക്കി.

നല്ല വിശപ്പുണ്ടെങ്കിലും പൊടിമോൻ തിങ്കളിനെ നോക്കി എന്ത് വേണം എന്ന് കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു.

“”നമുക്ക് പോകാം ചേട്ടാ.. സാറിന്റെ ഒരാഗ്രഹമല്ലേ.. പിന്നെ നമുക്കിപ്പോ സാറ് പറഞ്ഞ ആ ഭക്ഷണമൊക്കെ ഈ ജന്മത്തിൽ കഴിക്കാൻ പറ്റുമോ. നമുക്ക് പോവാന്നേ””..തിങ്കൾ പറഞ്ഞു.

നഗരത്തിലെ ഏറ്റവും വലിയ ഹോട്ടലിലേക്ക് മൂവരും എത്തി..അംജതിനെ മുൻ പരിചയം ഉള്ളത് കൊണ്ട് അവന്റെ കൂടെ രണ്ട് തെരുവ് കുട്ടികളെ കണ്ട ഹോട്ടൽ ജീവനക്കാർ

അത്ഭുതപെട്ടു..അംജതിന്റെ കോട്ട് തിങ്കൾ വലിയ അഹങ്കാരത്തിൽ ദേഹത്തിട്ട് കൊണ്ട് നടന്നു. അവൾക്കത് താഴെ വരെ എത്തുന്ന ഒരു നീളൻ കുപ്പായമായിരുന്നു. ഹോട്ടലിൽ ഇരുന്നവർ അവളെ കളിയാക്കി ചിരിച്ചു.

“”റെഡിയല്ലേ.. പത്തു മണിയല്ലേ ഞാൻ ടൈം പറഞ്ഞിരുന്നത്.. ആയില്ലേ””..അംജത് റെസ്റ്റോറന്റ് മാനേജരോട് ചോദിച്ചു..

“”റെഡിയാണ് സാർ…പക്ഷേ.. പാർട്ണർ എവിടെ.. ഇന്നലെ കണ്ട ആ പെൺകുട്ടി?””..ഇത് കേട്ട അംജതിന് നിരാശയിൽ കുതിർന്നൊരു ദേഷ്യം ഇരച്ചു കയറി.

“”അത് ഇന്നലെ.. ഇന്ന് ഇതാണെന്റെ പാർട്ണർ.. രണ്ട് പാർട്ണർമാർ.. എന്താ ഇവര് തിന്നാൽ ചങ്കിൽ നിന്നു ഇറങ്ങില്ലേ.. അതോ ഇവർക്ക് കൊടുക്കാൻ

ബുദ്ധിമുട്ടുണ്ടോ..കമിതാക്കൾക്ക് മാത്രമേ ഇത് അനുഭവിക്കാൻ പറ്റൂ എന്ന റൂൾസ് വല്ലതുമുണ്ടോ””.. അംജത് ഉറക്കെ ചോദിച്ചു.. മാനേജർ ഞെട്ടി..

“”ഇല്ല സാർ.. പ്രശ്നം ആക്കേണ്ട.. എല്ലാം റെഡിയാണ്. നിങ്ങൾ ഇന്നലെ പറഞ്ഞ പോലെ തന്നെ എല്ലാം ഒരുക്കിയിട്ടുണ്ട്.. പോയി അനുഭവിച്ചാലും””.. മാനേജർ ഭവ്യതയോടെ കൈ കൂപ്പി.

അംജതും പൊടിമോനും തിങ്കളും നടന്നു.. കായൽ തീരത്ത് വെളുത്ത മാർബിൾ കൊണ്ട് അലങ്കരിച്ച നിലത്തു രണ്ട് വരികളിലായി നിറയേ മെഴുകുതിരികൾ കത്തിച്ചു വെച്ചിരിക്കുന്നു..വെളുത്ത

മാർബിളിന്റെ തിളക്കത്തിൽ മെഴുകുതിരികൾ പലതായി തിളങ്ങി നിൽക്കുന്ന മനോഹരമായ കാഴ്ച്ച.. പലവിധ പൂക്കൾ കൊണ്ടു പലതരത്തിലുള്ള പ്രണയ ചിഹ്നങ്ങൾ ഉണ്ടാക്കി അലങ്കരിച്ചിരിക്കുന്നു.

അവർ ആ മെഴുകുതിരികൾക്കിടയിലൂടെ പതുക്കെ നടന്നു.. തിങ്കൾ സന്തോഷവും അത്ഭുതവും സഹിക്കാൻ ആവാതെ കവിളിൽ കൈ വെച്ചു. പൊടിമോനും ഇത് ആദ്യ അനുഭവമാണ്.

നയന മനോഹരമായി അലങ്കരിച്ച ടേബിളിന് ചുറ്റും മൂവ്വരും ഇരുന്നു. തിങ്കളും പൊടിമോനും അരണ്ട വെളിച്ചത്തിലും തിളങ്ങുന്ന കണ്ണുകളോടെ അംജതിനെ നോക്കി.. അംജതിന്റെ കണ്ണുകൾ നിറയുന്നത് പൊടിമോൻ കണ്ടു.

“”സാർ… എന്താണ് സാർ.. സാറിനി കരയരുത്. അനർഹമായി കണ്ണീർ ഇങ്ങനെ ഒഴുക്കി കളയരുത്””.. പൊടിമോൻ പറഞ്ഞു.. അംജത് ചിരിക്കാൻ ശ്രമിച്ചു..

“”ഇത് വരെ ചോദിച്ചില്ല.. സാറിന്റെ പേരെന്താ?””. തിങ്കൾ ചോദിച്ചു..””അംജത്.. അംജത് ഖാൻ എന്നാണ് മുഴുവൻ പേര്… ഈ സാർ വിളി ഒന്നു നിർത്തുമോ?..””എന്നാ അജൂക്കാ എന്ന് വിളിക്കാം””.. പൊടിമോൻ പറഞ്ഞു..

“”അങ്ങനെ വിളിച്ചോ.. ഇത് വരെ ആ പെൺ പിശാചാണ് എന്നെ അങ്ങനെ വിളിച്ചിരുന്നത്. അത് വെറുമൊരു നിരർത്ഥകമായ പൊള്ളയായ

വിളിയായിരുന്നു. നിങ്ങൾ വിളിക്കുമ്പോ അതിനൊരു അർത്ഥമുണ്ട്.. ഒരർത്ഥമല്ല.. ഒരു പാടർത്ഥം””.. അംജത് ചിരിച്ചു കൊണ്ട് പറഞ്ഞു..

“”ആഹാ… ഇപ്പോഴാ അജൂക്കാ ആൺ കുട്ടിയായത്””..പൊടിമോൻ പറഞ്ഞു.. എല്ലാരും ചിരിച്ചു..

മുന്തിയ അറേബ്യൻ ഭക്ഷണങ്ങൾ അംജത് ഓർഡർ ചെയ്തു. ടേബിളിൽ വിഭവങ്ങൾ നിരന്നു. ഇരുവരും കൊതിയോടെ തിന്നുന്നത് അംജത് നോക്കിയിരുന്നു.

ഒരു കഷ്ണം പോലും പാഴാക്കാതെ ഇരുവരും കഴിക്കുന്നത് അതിശയത്തോടെ അംജത് നോക്കി.””ഇക്ക.. കഴിക്കുന്നില്ലേ?””.. തിങ്കൾ ചോദിച്ചു..

“”വേണ്ട മോളെ.. എനിക്കിന്ന് ഒന്നും ഇറങ്ങില്ല””.. അംജത് പറഞ്ഞു.””അജൂക്കെയേ ഇന്ന് ഒന്നും കഴിക്കാൻ നിർബന്ധിക്കേണ്ട തിങ്കളൂട്ടി.പതുക്കെ ശരിയാകും””.. പൊടിമോൻ പറഞ്ഞു.

ഭക്ഷണം കഴിച്ചു ഒരു മുന്തിയ ടാക്സി കാറിൽ മൂവരും മടങ്ങവേ പൊടിമോൻ ചോദിച്ചു.””അജൂക്കാ. എത്ര രൂപ ബില്ലായി?””…””ആറായിരം””.. “”കേട്ടോ തിങ്കളൂട്ടി.എനിക്കും നിനക്കും ഒരു മാസം

കഴിയാം അത്രേം രൂപയുണ്ടെങ്കിൽ.. ഏതായാലും മോള്ക്ക് ഭാഗ്യമുണ്ട്. ബർത് ഡേ ഉഷാറായില്ലേ””.പൊടിമോൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

“”അല്ല പൊടി മോനെ… തെരുവിൽ നിന്ന് കിട്ടിയ തിങ്കളിന്റെ ബർത് ഡേ ഇന്നാണെന്ന്‌ നീയെങ്ങനെ മനസ്സിലാക്കി?””. അംജത് ചോദിച്ചു.

””അതൊന്നും അറിയില്ല ഇക്ക.. ഡിസംബർ പത്തിനാണ് എന്ന് ഞാനങ്ങു വെറുതെ ഉറപ്പിച്ചു””… പൊടിമോൻ ഉറക്കെ ചിരിച്ചു. അംജതും കൂടെ ചിരിച്ചു.തിങ്കൾ നാണത്താൽ വായ പൊത്തി ചിരിച്ചു.

വീണ്ടും അതേ തെരുവിന്റെ ആളൊഴിഞ്ഞ അറ്റത്തു അവരെത്തി. അംജത് യാത്ര പറഞ്ഞു പോകാനൊരുങ്ങി. “”ഇക്ക.. മരിക്കാൻ പോവാണോ ഇനി””.. തിങ്കൾ കണ്ണിൽ വെള്ളം നിറച്ചു കൊണ്ട് ചോദിച്ചു.

അംജത് അതേ എന്ന അർത്ഥത്തിൽ തലയാട്ടി കൊണ്ട് മൂളി. ഇത് കേട്ട പൊടിമോൻ ചിരിച്ചു..””എനിക്കുറപ്പാണ്.. ഇക്ക ഇനി മരിക്കില്ല””..

“”അ.. അ… അതെങ്ങനെ നിനക്കറിയാം?””.. അംജത് ചോദിച്ചു.””ആ സമയമൊക്കെ എപ്പോഴേ കടന്നു പോയി എന്റെ പൊന്നിക്കാ.. കുറച്ചു ദിവസം ആ പെണ്ണ് ഇക്കാന്റെ ഓർമ്മകളിൽ ഉണ്ടാകും എന്നല്ലാതെ അജൂക്ക ഇനി മരിക്കില്ല””.

പൊടിമോൻ ഉറക്കെ ചിരിച്ചു. തിങ്കളും കൂടെ കൂടി. ഇത് കണ്ട അംജതും കൂടെ കൂടി ചിരിച്ചു..”” എടാ നീ ഭയങ്കരനാണല്ലോ””.. അംജത് ചിരിയോടെ പറഞ്ഞു.

അംജത് തിങ്കളിനെയും പൊടിമോനെയും ഇറുക്കെ പുണർന്നു. തിങ്കൾ കുറച്ചു കൂടി അംജതിനോട് ചേർന്ന് നിന്നു. പെട്ടെന്ന് തിങ്കളും പൊടിമോനും എന്തിനോ തേങ്ങി. ഇങ്ങയൊരു സ്നേഹാലിംഗനത്തിന്റെ ചൂട് അവർക്ക് ആദ്യമായി കിട്ടുകയാണ്.

“”ഞാൻ ഇനിയും വരും നിങ്ങളെ കാണാൻ.. കൈ നിറയേ സമ്മാനങ്ങളുമായി ഞാൻ വരും.ഞാനിപ്പൊ പോട്ടെ… അതൊക്കെ

പോട്ടെ.. പൊടിമോനെ ഇത്രയും വിവരമുള്ള നിനക്ക് ഇത് വരെ ഞാൻ ആരാണെന്ന് മനസ്സിലായോ?. ഇല്ലല്ലോ.. തിങ്കളൂട്ടിക്ക് മനസ്സിലായോ?.എന്നെ.. ഇല്ലല്ലോ””..

ഇരുവരും പരസ്പരം നോക്കി വിടർന്ന മുഖവുമായി ഇല്ല എന്ന് തലയാട്ടി..അംജത് ചിരിച്ചു…””അഷ്‌റഫ്‌ ഖാനെ അറിയുമോ.. ഗ്രാൻഡ് ഷോപ്പിംഗ് മാൾ.. ഗ്രാൻഡ് ജ്വല്ലറി.. ഗ്രാൻഡ് കൺസ്ട്രക്ഷൻ.. ഇതിന്റെയൊക്കെ ഉടമ.. കേട്ടിട്ടുണ്ടോ””..

“”അദ്ദേഹത്തെ അറിയാത്ത ആരെങ്കിലും ഈ പട്ടണത്തിൽ ഉണ്ടോ അജൂക്കാ.. നിങ്ങള് കാര്യം പറ””. പൊടിമോൻ പറഞ്ഞു.

“”അദ്ദേഹത്തിന്റെ ഒരേ ഒരു മകനാണ് ഞാൻ.. എന്തേ അത് മാത്രം നീ അറിഞ്ഞില്ല””.. അംജത് പറഞ്ഞു.പൊടിമോനും തിങ്കളും അത്ഭുതം കൂറി.. പരസ്പരം നോക്കി.

“”എല്ലാർക്കും എല്ലാം അറിയുമോ ഇക്ക..ആനയെ കണ്ടാൽ അറിയുമെന്ന് കരുതി ആനപിണ്ഡം കണ്ടാൽ അറിയുമോ ആന ഏതാണെന്ന്‌””.. പൊടിമോൻ പറഞ്ഞു ചിരിച്ചു..””എടാ കള്ളാ നീ എന്നെ””..അംജത് പൊട്ടി പൊട്ടി ചിരിച്ചു..

നിറഞ്ഞ മനസ്സോടെ തിങ്കളും പൊടിമോനും അംജതിനെ യാത്രയാക്കി.
നിറഞ്ഞ മനസ്സോടെ തന്നെ അംജത് വീട്ടിലേക്ക് നടന്നു. പുതിയൊരു ലോകവും പുതിയൊരു ജീവിതവും അവൻ അവരിൽ കണ്ടു.”

ഒന്നും നഷ്ടപെടാൻ ഇല്ലാത്തവന്റെ ധൈര്യം അപാരം തന്നെയാണ്. എന്നെ ആന പിണ്ഡം എന്ന് വരെ വിളിച്ചല്ലോ അവൻ. അവർക്കൊക്കെ അത്രക്കെ ഉളളൂ

ഞാൻ..ആ ധൈര്യം..അതൊക്കെ ഒരു അറിവാണ്.. തിരിച്ചറിവ്.. ഞാനൊക്കെ ഇത് വരെ പാഴാക്കി കളഞ്ഞ വലിയൊരു തിരിച്ചറിവ്””. നടക്കും വഴി അംജത് ഓർത്തു..

Leave a Reply

Your email address will not be published. Required fields are marked *