കാലുകളുടെ സ്പർശനത്തിന്റെ കുളിരിൽ വേറെ ഏതോ ലോകത്തിൽ എന്നപോലെയാണ് അവരുടെ യാത്ര.

കുളിര്
രചന: Navas Amandoor

അവളുടെ വെളുത്ത കാലുകളിൽ പിറകിലിരുന്ന പയ്യൻ അവന്റെ കാലുകൾ നീട്ടി അറിയാത്ത പോലെ തൊട്ടു.പെട്ടന്ന് അവൾ കാലുകൾ മുന്നോട്ട് വലിച്ചു.

പുറത്തേക്കു നോക്കി ഇരിക്കുന്നുണ്ടെങ്കിലും അവന്റെ ശ്രദ്ധ മുഴുവനും അവളുടെ സീറ്റിന്റെ താഴേക്കാണ്.

കുറച്ചു കഴിഞ്ഞപ്പോൾ വീണ്ടും അവൾ കാലുകൾ പിന്നിലേക്ക് വെച്ചു.അവൻ അവന്റെ കാലുകൾ അവളുടെ കാലുകളുടെ അടുത്തേക്ക് അടുപ്പിച്ചു ചേർത്തു വെച്ചു.

അവൾ കാല് വലിച്ചില്ല.അവൻ കാലുകൊണ്ട് അവളുടെ കാലുകൾ തഴുകി.

എന്റെ നോട്ടം അവരുടെ കാലിൽ ആയത് കൊണ്ട് എന്റെ അടുത്തിരുന്ന ആൾ അയാൾക്കിറ ങ്ങേണ്ട സ്റ്റോപ്പിൽ ഇറങ്ങിയത് ഞാനറിഞ്ഞില്ല.

നാസികയെ തൊട്ടുണർത്തിയ ഏതോ സുഗന്ധം അനുഭവപ്പെട്ടപ്പോൾ ഞാൻ അവരുടെ കാലിൽ നിന്ന് ശ്രദ്ധ വിട്ടു.

അപ്പോഴാണ് കണ്ടത് ഏകദേശം ഇരുപത് വയസ്സ് തോന്നിക്കുന്ന, ബ്ലൂ ജീൻസും ടീ ഷർട്ടും ധരിച്ച ഒരു പെണ്ണ് എന്നോട് ചേർന്നിരിക്കുന്നു.

അവൾ ചെറിയൊരു ബാഗ് മടിയിൽ വെച്ച് മൊബൈൽ എടുത്ത് ഓപ്പൺ ചെയ്തു.ഞാൻ പിറകിലേക്ക് തിരിഞ്ഞു നോക്കി.. സീറ്റ് ഫുൾ ആണ്.

മഴക്കാറ് ഇരുട്ടിലാക്കിയ റോഡിലൂടെ ബസ്സ് മുന്നോട്ട്.ചിലപ്പോൾ നല്ല മഴ പെയ്യാൻ ചാൻസ് ഉണ്ട്.

ബസ്സിന്റെ ഉള്ളിലേക്ക് വീശുന്ന തണുത്ത കാറ്റ് എവിടെയൊ പെയ്യുന്ന മഴയുടെ കുളിരാണ്.

എന്റെ കണ്ണുകൾ വീണ്ടും ഒപ്പോസിറ്റ് സൈഡിലെ സീറ്റിന്റെ അടിയിലേക്ക് പോയി.കാലുകൾ തമ്മിൽ സ്‌നേഹിക്കുന്നു.മുഖം കാണാതെ..

ആരെന്ന് അറിയാതെ..അവരുടെ കാലുകളുടെ സ്പർശനത്തിന്റെ കുളിരിൽ വേറെ ഏതോ ലോകത്തിൽ എന്നപോലെയാണ് അവരുടെ യാത്ര.

“സാർ എങ്ങോട്ടാണ്..? “അടുത്തിരിക്കുന്ന പെൺകുട്ടി ചോദിച്ചു.”ഞാൻ കോഴിക്കോട്.. വരെ… “”ഞാനും…. നാട് എവിടെ..? ”

“ഞാൻ.. ആലുവ.. എന്താണ്.. കോഴിക്കോട്..? “”ഒരു ജോബ് ശരിയായിട്ടുണ്ട്.. അതൊന്ന് കൺഫേം ചെയ്യാൻ.. ”

“പേര് പറഞ്ഞില്ല ല്ലോ..? “”ഓഹോ.. സോറി.. ഞാൻ മീര. “”എന്നാ ഞാൻ അൻവർ. “അങ്ങനെ സംസാരം തുടങ്ങി.. പിന്നെ ഓരോന്ന്.. ഓരോന്ന് പറഞ്ഞു തുടങ്ങി.

അവൾ മൊബൈൽ എടുത്തു വെച്ചു.”എനിക്ക് സംസാരിക്കാൻ ഒരാളെ കിട്ടിയാൽ പിന്നേ നിർത്തില്ല.. നിങ്ങക്ക് ബോറടിച്ചാൽ പറയണം. ”

“ഹേയ്.. ബോറടി ഒന്നും ഇല്ല. ഞാൻ നല്ല കേൾവിക്കാരനാണ്. “സംസാരത്തിന്റെ ഇടയിൽ എന്റെ കണ്ണുകൾ സീറ്റിന്റെ അടിയിലേക്ക് പോയത് അവളും കണ്ടു.

കാലുകളുടെ ഉരസലിൽ സുഖിക്കുന്നവരെ നോക്കി അവളും പുഞ്ചിരിച്ചു.ഞങ്ങൾ നോക്കുന്നത് അവർ കണ്ട് കാണില്ല.

ആ പയ്യൻ ഇടക്കിടക്ക് ആരെങ്കിലും കാണുന്നുണ്ടോന്ന് നോക്കിയങ്കിലും എന്റെ കണ്ണുകളെ കണ്ടില്ല.

അടുത്ത സ്റ്റോപ്പിൽ നിന്നും കുറെ പേർ ബസ്സിൽ കയറിയപ്പോൾ ബസ്സ് നിറഞ്ഞു.കമ്പിയിൽ പിടിച്ച് തൂങ്ങി നിന്നവരെ കൊണ്ട് കാലുകളുടെ കളി കാണാൻ പറ്റാതെ വന്നപ്പോൾ ഞാൻ മീരയെ ശ്രദ്ധിച്ചു.

അവൾ സുന്ദിരിയാണ്.. നല്ല പുഞ്ചിരി.കൈ തണ്ടയിൽ സ്വർണ്ണനിറമുള്ള രോമങ്ങൾ.

ചുമപ്പ് നിറമുള്ള ചുണ്ടും.. വെള്ളക്കല്ലിൽ തീർത്ത മൂക്കുത്തിയും മീരയെ കൂടുതൽ സുന്ദരിയാക്കി.

പുറത്ത് മഴ പെയ്യാൻ തുടങ്ങി.ജനലിലൂടെ മഴത്തുള്ളികൾ തെറിച്ചു..ഞാൻ ഗ്ലാസ്‌ വലിച്ചു അടച്ചു.. അവളെ നോക്കി.

പുറത്ത് നിന്നും വീണ മഴത്തുള്ളികൾ അവളുടെ നെറ്റിയിൽ തെറിച്ചു വീണത് കണ്ടു.

ഒരു മഴത്തുള്ളി പതുക്കെ കണ്ണിന്റെ സൈഡിലൂടെ താഴേക്ക് ഒലിച്ചു.. ചുണ്ടിലൂടെ.. അടർന്നു താഴേക്ക് വീണു.

കമ്പിയിൽ പിടിച്ച് നിൽക്കുന്ന ഒരുത്തൻ അവളുടെ ഷോൾഡറിൽ ചാരി നിൽക്കുന്നത് കണ്ടപ്പോൾ.. ഞാൻ മീരയെ വിൻഡോയുടെ അടുത്തോട്ട് ഇരുത്തി ഞാൻ ഇപ്പുറം ഇരുന്നു.

ഞാൻ മൊബൈൽ എടുത്തു.. ഫേസ്ബുക് ഓപ്പൺ ചെയ്തു.അറിയാത്ത പോലെ ഒരു കൈ അവളുടെ ഷോൾഡറിൽ തെട്ടെന്ന പോലെ വച്ചു.

ബസ്സിൽ നല്ല തിരിക്കും പുറത്തേ മഴയും മൗനത്തോടെ ശാന്തമായിരിക്കുന്ന മീരയും എന്നിൽ പ്രതീക്ഷ ഉണർത്തി.

കുറച്ചു നേരം കഴിഞ്ഞിട്ടും എന്റെ കൈ അവളുടെ ഷോൾഡറിൽ അമർന്നിട്ടും അവൾ അങ്ങനെ തന്നെ ഇരുന്നു.

എന്റെ മനസ്സിൽ ആ സമയം കാലുകൾ പിന്നിലേക്ക് വെച്ച ആ പെണ്ണായിരുന്നു.ഞാൻ പതുക്കെ പതുക്കെ ആ പയ്യനായി.

മൊബൈൽ പോക്കറ്റിൽ വെച്ച് അറിയാത്ത പോലെ കൈ അവളുടെ തുടയിൽ വെച്ച് എന്റെ കാല് മീരയുടെ കാലിന്റെ അരികിലേക്ക് നീക്കി വെച്ചു.

“അതേയ്‌.. ഞാൻ എന്ത് ജോബിനാണ് കോഴിക്കോട് പോകുന്നതെന്ന് അറിയോ…? ”

മീരയുടെ ചോദ്യം കേട്ട് ഞാൻ അവളുടെ മുഖത്തേക്ക് നോക്കി.”ഇല്ലല്ലോ.. ഞാൻ ചോദിച്ചില്ല.. നീ പറഞ്ഞതുമില്ല. ”

“ഉം.. അവിടെ ഒരു സ്കൂളിൽ… കുട്ടികളെ കരാട്ടെ പഠിപ്പിക്കാൻ.. അതാണ് എന്റെ ജോലി. ”

ഞാൻ ഇത്തിരി നീങ്ങി ഒരു കുഞ്ഞി ഗ്യാപ് ഇട്ട് ഇരുന്നു.”അൻവറെ ഒരു വിധം അടവുകളൊക്കെ എനിക്ക് അറിയാട്ടോ. ”

ഞാൻ ചുമ്മാ ഒന്ന് മൂളി.പുറത്ത് ഇത്രയും വലിയ മഴ പെയ്തിട്ടും ഞാൻ വിയർത്ത്‌ ഒലിച്ചു.എന്റെ മുഖം കണ്ടപ്പോൾ മീര ചിരിച്ചു.

ചമ്മലോടെ ആ ചിരിയിൽ ഞാനും ചേർന്നു.കുറച്ച് ആളുകൾ ബസ്സിൽ നിന്നും ഇറങ്ങിപ്പോയപ്പോൾ ഞാൻ അപ്പുറത്തെ സീറ്റിലേക്ക് നോക്കി.

“ഡോ.. അയാൾ കുറെ മുൻപേ ഇറങ്ങി പോയി. “”ആണോ ഞാൻ കണ്ടില്ല. “”കാണില്ല.. മനസ്സ് ഇവിടെ ആയിരുന്നില്ലല്ലോ. ഒരു പെണ്ണിന്റെ സമ്മതമില്ലാതെ കൈയും കാലും അവളുടെ ശരീരത്തിൽ ഉരസിയിട്ട് എന്ത് സുഖം കിട്ടാനാണ്.. കഴിഞ്ഞ ദിവസം കണ്ടില്ലേ.. ഒരു ബസ്സിലെ അങ്കം.. ”

പിന്നേ അവൾ ഓരോന്ന് പറഞ്ഞു.. ഒന്നിൽ നിന്നും മറ്റോന്നിലേക്ക് വിഷയങ്ങൾ ഗതിമാറിക്കൊണ്ടിരുന്നു.

ഞാനും മീരയും കോഴിക്കോട് എത്തും വരെ പരസ്പരം വധിച്ചു.ഈ സമയം എനിക്ക് നല്ല കൂട്ടുകാരിയാണ് അവൾ. മോശം ചിന്തകളെ ഒഴിവാക്കി ചേർന്ന് ഇരുന്നാൽ ആണും പെണ്ണുമില്ല.. രണ്ട് മനുഷ്യർ.

കോഴിക്കോട് എത്തി ഓരോ അവിൽ മിൽക്ക് ഒരുമിച്ചിരുന്ന് കഴിച്ചിട്ടാണ് ഞങ്ങൾ പിരിഞ്ഞത്.

ആ യാത്ര അവസാനിപ്പിക്കുന്നതിന് മുൻപ് മീര പറഞ്ഞ വാക്കുകളാണ് ഈ യാത്രയിൽ കിട്ടിയ സമ്മാനം.

“ഞങ്ങൾ പെണ്ണുങ്ങൾ രാത്രിയും പകലും ഓരോ ആവശ്യങ്ങൾക്ക് യാത്ര ചെയ്യാൻ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ അച്ഛനെ പോലെ, ഏട്ടനെ പോലെ, അനിയനെ പോലെ, ഒരാണ് പിന്നിലുണ്ടെന്നുള്ള.. ധൈര്യത്തിലാണ് മുന്നോട്ട് പോകുന്നത്. ”

കൂടെ യാത്ര ചെയ്യുന്ന പെണ്ണ്.. അവൾ അമ്മയോ പെങ്ങളോ മകളോ ഒക്കെയായി കണ്ണുകൾ കൊണ്ടും മനസ്സു കൊണ്ടും കാണാൻ പഠിക്കണം.
യാത്രകൾ എപ്പോഴും പുതിയ പാഠങ്ങൾ പഠിപ്പിക്കും.

 

Leave a Reply

Your email address will not be published. Required fields are marked *