യാത്ര
(രചന: Navas Amandoor)
“എങ്ങിനെയാ തസ്ലീമ ദയദേവിയായത്….? ” ഒരിക്കലും എന്റെ മോൻ ഈ ചോദ്യം എന്നോട് ചോദിക്കും. അന്ന് എല്ലാം അവനോട് പറയേണ്ടി വരും.
മരിക്കാനാണ് ആദ്യം തീരുമാനിച്ചത് ഒരുമിച്ച് തീരാൻ. മാനത്തിനെക്കാൾ വിലയുണ്ട് ജീവനെന്ന് ഞാനാണ് അവളോട് പറഞ്ഞത്.
അവളുടെ കൈ പിടിച്ച് രാത്രിയിൽ വീട്ടിൽ നിന്നും ഇറങ്ങി. എങ്ങോട്ടെന്ന് അറിയാതെ ജീവിതം തിരിച്ചു പിടിക്കാനുള്ള യാത്ര.
മരിക്കാതിരിക്കണെമെങ്കിൽ അവളും ഞാനും ഈ നാട് വിട്ട് പോകണം. പോയില്ലെങ്കിൽ നാളെ വെള്ളതുണിയിൽ പൊതിഞ്ഞു കെട്ടിയ മയ്യിത്തിനെ പോലും വെറുതെ വിടില്ലെന്ന് ഉറപ്പുള്ള നാട്ടുകാരുടെ മുൻപിൽ തോറ്റുപോകും.
ജയിക്കാൻ വേണ്ടിയോ ആരെയും തോൽപ്പിക്കാനോ അല്ല ഈ യാത്ര ജീവിക്കാൻ വേണ്ടി.
അന്ന് രാത്രിയിൽ ഉറച്ച തീരുമാനത്തോടെ വിഷം കലർത്തിയ പാൽ ഗ്ലാസ്സ് മണിയറയിലെ മേശയിൽ വെച്ചു. അവൾ തസ്ലീമ എന്റെ മണവാട്ടി കരഞ്ഞില്ല. സങ്കടം പറഞ്ഞില്ല. ഒരുമിച്ച് മരിക്കാൻ എന്നെക്കാൾ ഏറെ അവളായിരുന്നു ആഗ്രഹിച്ചത്.
“ജീവിക്കാനാണെങ്കിലും മരിക്കാനാണെങ്കിലും ഇക്ക ഒപ്പം ഉണ്ടായാൽ പിന്നെ എനിക്ക് സങ്കടം ഉണ്ടാവില്ലല്ലൊ..”
വിഷം കലർത്തിയ പാതി പാൽ അവൾ കുടിക്കും. ബാക്കി ഞാനും. അവളുമായി ജീവിതം തുടങ്ങിയത് ഞാൻ കുടിച്ചതിന്റെ ബാക്കി കുടിച്ചായിരുന്നെങ്കിൽ അവസാനം അവളുടെ പാതി കുടിച്ച് ഞാനും അവൾക്കൊപ്പം മരണത്തിലേക്ക് കൂടെ പോകാൻ കൈ പിടിച്ചു.
“ഇക്ക കൂടെ യുള്ളപ്പോൾ എനിക്ക് പേടിയോ സങ്കടമോ ഇല്ല.. പക്ഷെ നമ്മൾ രണ്ട് പേരല്ല… മൂന്നാളുണ്ട്… നമ്മുടെ മോനും കൂടെ ഉണ്ടെന്ന് ഓർക്കുമ്പോൾ… ”
അത് കേട്ടപ്പോൾ അവനൊന്ന് പതറി.. സന്തോഷത്തോടെ മരിക്കാൻ ഒരുങ്ങിയ മുഖത്ത് സങ്കടത്തിന്റെ നിഴൽ പതിച്ചു.
“തച്ചു നമ്മുക്ക്.. മരിക്കണോ… ജീവിച്ചൂടെ.. ഞാനും നീയും നമ്മുടെ മോനും.. എനിക്ക് മതിയായില്ല മോളെ… നിന്റെ സ്‌നേഹം അനുഭവിച്ചു… ”
“ഇക്കയെക്കാൾ കൊതിയില്ലേ എനിക്ക്.. എങ്കിലും വയ്യെനിക്ക്.. പരിഹാസത്തോടെയുള്ള നോട്ടം.. വീട്ടുകാരും നാട്ടുകാരും അവജ്ഞയോടെ പുച്ഛത്തോടെ നമ്മളെ കാണുമ്പോൾ നമ്മൾ എങ്ങനെയാ ഇക്കാ ജീവിക്കുക. ”
“എല്ലാം എന്റെ തെറ്റാണ്… മോളെ.. എന്റെ ഇഷ്ടത്തിന് ചെയ്ത തെറ്റിന് വില നമ്മുടെ മൂന്ന് പേരുടെ ജീവൻ. ”
കുറേ പറഞ്ഞു അവളോട്….പറഞ്ഞു മനസ്സിലാക്കി ആ രാത്രിയിൽ തന്നെ ഉണ്ടായിരുന്ന സ്വർണ്ണവും എ ടി എം കാർഡുമായി ഞാനും അവളും വീട് വിട്ടറങ്ങി…
ജീവിക്കാനാണ്… അനുഭവിച്ചു കൊതി തീരാത്ത സ്‌നേഹം കൂടെ ഉണ്ടാവാൻ യാത്ര. ദിക്കും നേരവും നാടും ലക്ഷ്യമില്ലാത്ത ഈ യാത്ര….
ആരും അറിയാതിരിക്കാൻ വാതിൽ പതുക്കെ തുറന്നു. വാപ്പയും ഉമ്മയും അനിയനും ആരും അറിയണ്ട ഈ യാത്ര.
പുറത്തിറങ്ങി ബൈക്ക് റോട്ടിലേക്ക് തള്ളി കൊണ്ടുപോയി.. അവൾ ബൈക്കിൽകയറി ഞാൻ വണ്ടി മുന്നോട്ട് എടുത്തു.
“ഞാൻ പറഞ്ഞിട്ട് വാങ്ങിയതല്ലെ ഈ വണ്ടി.ഇങ്ങിനെ ഒരു കൈകൊണ്ട് ഇക്കയെ ചുറ്റി പിടിച്ച് പറക്കാൻ. ”
“അതെ തച്ചു വീടും ബന്ധങ്ങളും ഈ വണ്ടിയും പിറന്ന നാടും ഇനി ഒന്നും നമുക്കില്ല. ”
റെയിൽവെ സ്റ്റേഷനിൽ വണ്ടി വെച്ചു ലോക്ക് ചെയ്തു. അടുത്ത ട്രെയിനിന് ടികെറ്റ് എടുത്തു. അവൾ ഷാൾ കൊണ്ട് മുഖം മറച്ചു പിടിച്ചു എന്റെ പിന്നിൽ ഒതുങ്ങി നിന്നു.
“ഇക്കാ ഈ ആൾക്കൂട്ടത്തിൽ നമ്മളെ അറിയുന്നവർ ഉണ്ടാകും. നമ്മുടെ നഗ്നമേനി കണ്ടവർ. അവർ എന്നെ ഇപ്പോഴും ആ കണ്ണുകളിലൂടെ നോക്കുമ്പോൾ ഞാൻ പൂർണ്ണ നഗ്നയായി നിക്കുന്ന പോലെയാ തോന്നുന്നത്. ”
“ഈ രാത്രി കൂടി കഴിഞ്ഞോട്ടെ.. നാളെ എല്ലാം മാറും. “ജീവിക്കാൻ വേണ്ടിയുള്ള ഓട്ടമാണ്. ആ ഓട്ടത്തിൽ മാറ്റങ്ങൾ നമ്മിലേക്ക് നാം അറിയാതെ വരും.
ട്രെയിൻ കിതപ്പോടെ വന്നു നിന്നു.ഞാൻ അവളെ കൈപിടിച്ചു കയറ്റി. ട്രെയിൻ ചൂളം വിളിയോടെ പതുക്കെ പതുക്കെ നീങ്ങി. ആദ്യം രൂപം മാറ്റി. അവളുടെ മുടി മുറിച്ചു.
വില കുറഞ്ഞ ഡ്രസ്സ് വാങ്ങി ധരിച്ചു. ഞാൻ മീശയും താടിയും വടിച്ചു മുടി പറ്റെ വെട്ടി ചെറുതാക്കി.
ഇനി പേര് മാറ്റം. തസ്ലിമയെ എന്റെ തച്ചുവിനെ ദയദേവിയെന്നു വിളിച്ചു ഞാൻ. ഞാൻ രുദ്രനായി.
മതം വിശ്വാസം മനസ്സിലല്ലെ വേണ്ടത്. ജീവിക്കാൻ വേണ്ടി മാറിയേ കഴിയു.. കൂട് വിട്ട് കൂടുമാറുന്ന പോലെ മരിക്കാതിരിക്കാൻ പുതിയ രൂപഭാവമാറ്റം.
ഒന്നും അറിയാതെ അവൻ അവളുടെ ഉള്ളിൽ വളരട്ടെ. ഒരിക്കൽ അവനോട് മാത്രം ഞാൻ ചെയ്ത തെറ്റ് പറയണം. എങ്ങിനെയാണ് സ്വന്തം ചോരയിൽ ഉണ്ടായ മോനോട് അത് പറയുകയെന്നറിയില്ല.
കല്യാണം കഴിഞ്ഞ നാളുകളിൽ മധുവിധുവിന്റെ ലഹരിയിൽ ആഘോഷമായി പറന്നു നടുക്കുന്നതിന്റെ ഇടയിൽ ഒരു രാത്രിയിൽ മൂന്നാറിലെ റിസോർട്ടിൽ നഗ്നമായ ഉടലുകൾ കെട്ടിപിടിച്ചു അവശേത്തോടെ പൊരുതിയ കാഴ്ച വെറുതെ ഒരു രസത്തിനാണ് മൊബൈലിൽ പകർത്തിയത്.
അവൾക്ക് ഇഷ്ടമല്ലാതിരുന്നിട്ടും ഞാൻ നിർബന്ധിച്ചപ്പോൾ തച്ചു സമ്മതിച്ചു. പെണ്ണ് അങ്ങനെയാണ്.
അവളുടെ ഇഷ്ടത്തിനേക്കാൾ പ്രാണൻ പോലെ സ്‌നേഹിക്കുന്നവന്റെ ഇഷ്ടത്തിന് വഴങ്ങി കൊടുക്കും.. തോറ്റു കൊടുക്കും..
പിന്നീട് എപ്പോഴോ എവിടെയോ നഷ്ടപ്പെട്ടുപോയ മൊബൈലിൽ നിന്നും ഡിലീറ്റ് ചെയ്ത വീഡിയോ വീണ്ടെടുത്തതും കൈമാറി ഉലകം ചുറ്റി തിരിഞ്ഞതും
അത് നാട്ടിൽ ഉള്ളവർ കണ്ടതിന് ശേഷം ഒറ്റപ്പെട്ടുപോയതും പരിഹാസങ്ങളുടെ നടുവിൽ പുച്ഛിച്ചു ചിരിച്ചവരെ ജയിക്കാൻ വിഷം കലർത്തിയ പാലിന്റെ മുൻപിൽ നിന്നും തുടങ്ങിയ ജീവിക്കാൻ വേണ്ടിയുള്ള യാത്ര അവൻ അറിയണം അവൻ മാത്രം…
ഇനിയുള്ള കാലം ആർക്കും മുഖം കൊടുക്കാതെ തിരിച്ചറിയാൻ ആളുകളില്ലാത്ത ഈ നഗരത്തിലേ ഒഴുക്കിൽ ഞാനും എന്റെ തച്ചുവും സ്‌നേഹിച്ചു ജീവിക്കട്ടെ…
കാണുന്നുണ്ട് അകലെ ഷാജഹാൻ മുംതാസിന് വേണ്ടി കെട്ടിയുർത്തിയ പ്രണയസൗദം..