നിങ്ങളുടെ ഭാര്യക്ക് എന്തെങ്കിലും കഴിവുകൾ ഉണ്ടോ….? “ഉണ്ടങ്കിൽ നിങ്ങൾ അവളുടെ കഴിവിനെ വളർത്താൻ നിങ്ങൾ

പൂക്കൾ പറയാത്തത്
രചന: നവാസ് ആമണ്ടൂർ

പെറ്റും പോറ്റിയും കുടുംബം നോക്കി കഴിയുന്ന നിങ്ങളുടെ പെണ്ണിനും ഉണ്ടാവും എന്തങ്കിലുമൊക്കെ കഴിവുകൾ.നിങ്ങളുടെ ഭാര്യക്ക് എന്തെങ്കിലും കഴിവുകൾ ഉണ്ടോ….?

“ഉണ്ടങ്കിൽ നിങ്ങൾ അവളുടെ കഴിവിനെ വളർത്താൻ നിങ്ങൾ എന്തെങ്കിലും ചെയ്തിട്ടുണ്ടോ ?… ഏറ്റവും കുറഞ്ഞത് ഒരു നല്ല വാക്കെങ്കിലും.! ചില ഭർത്തകന്മാർ ഭാര്യയുടെ കഴിവിനെ മുളയിലെ നുള്ളിയവരാണ്…. ”

Whatspp ഇൽ വന്നൊരു വോയിസ്‌ കേട്ടപ്പോൾ അനസിന്റെ മുഖത്ത് അത് തന്നോട് മാത്രമായിട്ട് പറയുന്നത് കേൾക്കുന്ന ഫീലിംഗ്.

കല്യാണം കഴിഞ്ഞ നാളുകളിൽ സുൽത്താന അവൾ എഴുതിയ കവിതകൾ ഏറെ സന്തോഷത്തോടെ അവന് വായിക്കാൻ കൊടുത്തു. ഡയറിയുടെ താളുകളിൽ കുറിക്കപ്പെട്ട അവളുടെ ചിന്തയും ഭാവനയും.

“ഇതൊക്കെ നീ എഴുതിയതാണോ…?””അതേ ഇക്കാ ..സ്കൂളിൽ നിന്നും സമ്മനമൊക്കെ കിട്ടിട്ടുണ്ട്..പലരും വായിച്ചു നല്ലതാണെന്നു പറയുമ്പോൾ നല്ല സന്തോഷം തോന്നും.”

മാസികയിൽ അച്ചടിച്ച വന്ന കവിതകൾ വെട്ടിയെടുത്ത് സൂക്ഷിച്ചത് അനസിന്റെ നേരെ നീട്ടി. അവളുടെ മുഖത്ത് അവനെ കാണിക്കുന്നതിലും അവൻ അത് വായിക്കുന്നതിലും വല്ലാത്ത സന്തോഷം ഉണ്ട്.

“ഇടക്ക് ഞാൻ ഫേസ്ബുക്കിൽ ഇടും.. ഒരുപാട് ലൈക്കുണ്ട് എന്റെ കവിതക്ക്.”അവൾ മൊബൈൽ അവന്റെ നേരെ നീട്ടി. അവൾ പറഞ്ഞത് നേരാണ്. അവളുടെ എഴുത്തുകൾ വായിക്കപ്പെടുന്നുണ്ട്.കുറച്ചു നേരത്തെ ചിന്തകൾക്ക് ശേഷം അനസ് അവളോട് പറഞ്ഞു.

“മോളെ… ഈ കവിത എഴുതൊന്നും നമ്മുക്ക് വേണ്ടാ… ഉമ്മക്കും ഉപ്പാക്കൊന്നും അതൊന്നും ഇഷ്ടം ആവില്ല.ഇനി നീ അറിയുക എന്റെ കുടുംബത്തിന്റെ പേരിലാണ്…

അതുകൊണ്ട് ആ ഫേസ്ബുക്കും കളഞ്ഞേക്ക്.നമ്മുക്ക് അതൊന്നും വേണ്ട.പണത്തിന്റെ കുറവുണ്ട്.. അന്തസ് അത് എന്നും ഉണ്ടാവും.”

അത്രയും നേരം സുൽത്താനയുടെ മുഖത്ത് ഉണ്ടായിരുന്ന സന്തോഷം മാഞ്ഞു പോയി.വരികളിൽ നിറയുന്ന ചിന്തകളെയും എഴുത്തിന്റെ മനോഹരിതയും പറഞ്ഞു ചേർത്ത് പിടിക്കുമെന്ന് കരുതിയ അവൾക്ക് തെറ്റി.

“ഞാൻ തന്നെ ഉപ്പ അറിയാതെയാ.. ഫേസ്ബുക് ഉപയോഗിക്കുന്നത്.””ഇല്ല ഇക്ക… ഞാൻ കളഞ്ഞോളാം..”

പിന്നീട് ഒരിക്കലും അവളുടെ കവിതയെ കുറച്ചുള്ള സംസാരം അവരുടെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. മോളുടെ ജനനവും സ്ഥലം വാങ്ങലും പിന്നെ വീട് പണി അങ്ങനെ പലതും ജീവിതത്തിൽ വന്നു പോയി.അതിന്റെ ഇടയിൽ കവിതക്ക് സ്ഥാനമില്ലായിരുന്നു.ആ വോയിസ്‌ കേട്ടപ്പോൾ അനസ് അതൊക്കെ വെറുതെ ഓർത്ത് പോയി.

ഒരു രൂപപോലും ഇല്ലാത്ത സമയത്തു ലക്ഷ്ങ്ങൾ വിലയുള്ള സ്ഥലം വാങ്ങാൻ ധൈര്യം കൊടുത്തത് അവളാണ് .. ആ കടം തീർന്നപ്പോൾ വീട് വെക്കാനും അവൾ കൂടെ നിന്നു.അവൾക്ക് എങ്ങനെയാണ് ഇത്രയും ചങ്കൂറ്റം കിട്ടിയതെന്ന് ഓർത്ത് പലപ്പോഴും അനസ് അത്ഭുതപ്പെട്ടിട്ടുണ്ട്.

“ഒരാണിന്റെ പിന്നിൽ അയാളുടെ വിജയത്തിൽ ഒരു പെണ്ണ് ഉണ്ടാകും… എന്റെ നേട്ടത്തിനും പിന്നിൽ. എന്റെ സുലുവാണ്.”

തോറ്റു പോകുമെന്ന് തോന്നിയതിൽ നിന്നൊക്കെ അനസിനെ രക്ഷിക്കാൻ അവൾ ഉണ്ടായിരുന്നു.
അവളുടെ ധൈര്യം പകരും വാക്കുകൾ ഉണ്ട്.

സാധാരണക്കാരന്റെ വരുമാനത്തിൽ നിന്നും മിച്ചം പിടിച്ച് മാസക്കുറിയിൽ ചേർന്നും ,ജീവിത ചെലവുകൾ കുറച്ചു കൊണ്ടും അവൾ മുന്നിറങ്ങി കാണിച്ച മാജിക്കിൽ കേറി കിടക്കാൻ വീടായി..

അതിന്റെ ഇടയിൽ മോളുടെ അസുഖം. ആ സമയത്ത് അവളൊന്നു പതറിയെങ്കിലും അവൾ സങ്കടത്തെ ഒളിപ്പിച്ചു മോളെ വീണ്ടുടുത്തു.
അവിടെയും ഞാനവളെന്ന പെൺ കരുത്തിൽ തോറ്റുപോയി.

“പിന്നെ ഞാനും മോളും അവളുടെ ജീവനാണ്. അവൾ ഈ കാണിക്കുന്നതോക്കെ ഞാൻ കൂടെയുള്ളത് കൊണ്ടാണെന്നു പല വട്ടം അവൾ പറഞ്ഞിട്ടും… എനിക്ക് മനസ്സിലായില്ല.. ഇതൊക്കെയാ എന്റെ ഭാര്യയുടെ കഴിവ്. ”

പക്ഷെ സ്വയം പറഞ്ഞ ആ ഉത്തരത്തിൽ അവളുടെ കവിതകളെ അനസ് ഓർത്തു. അവൾ എഴുതി തീർത്ത പേജുകളിൽ ശ്വാസം കിട്ടാതെ പിടക്കുന്ന അവളുടെ അക്ഷരങ്ങളുടെ കരച്ചിൽ അയാളെ അസ്വസ്ഥനാക്കി.

“ഇക്കയന്താണ് ആലോചിക്കുന്നത്. മുഖത്ത് എന്തോ ടെൻഷൻ ഉള്ളപോലെ .””ഞാൻ ഒരു വോയിസ്‌ കേട്ട് അങ്ങനെ ഇരുന്നു പോയി.”””ആണോ…? എന്നാ ഞാനൊന്ന് കേൾക്കട്ടെ ”

” വേണ്ട സുലു നീ കേൾക്കണ്ട അത് നിന്നെ അറിയാതെ പോയ എനിക്കുള്ളതാണ്… നിനക്ക് എന്നോട് ദേഷ്യം ഉണ്ടോ..?””എന്തിന് ..””നിന്റെ എഴുത്ത്… ഞാൻ കാരണം..”

പത്തു വർഷങ്ങൾക്ക് ശേഷം അവരുടെ ജീവിതത്തിൽ അവളുടെ കവിതയെ പറ്റി. അനസ് സംസാരിക്കുന്നു.

“തെറ്റായിപ്പോയി…. മോളെ.””ഹേയ്… സാരില്ല. നമുക്ക് നമ്മുടെ ജീവിതം അല്ലെ വലുത്… എനിക്ക് ഇക്കയും മോളും… ഈ കുടുംബവും അതിനു അപ്പുറം ഒന്നുമില്ല. ഒന്നും വേണ്ട ” .

“എന്നാ ഇനി അത് പോരാ… നീ എഴുതണം.. പഴയത് പോലെ.അന്ന് എനിക്ക് എല്ലാരേം പേടി ആയിരുന്നു.. അവരൊക്കെ എന്ത് വിചാരിക്കും.. എന്നൊരു തോന്നൽ..”

അനസ് അവളുടെ മൊബൈൽ എടുത്തു. അവൾക്ക് എഴുതാൻ മുഖപുസ്തകത്തിൽ പുതിയൊരു ഐഡിയെടുത്തു.’സുൽത്താന അനസ്.’

ആ സമയം അവൾ മുറിയിലേക്ക് പോയി കുറച്ചു നോട്ട് ബുക്കുകൾ എടുത്തു അനസിന്റെ കൈയിൽ കൊടുത്തു.

“തെറ്റാണോന്ന് അറിയില്ല.. ചെറുപ്പം മുതൽ കിട്ടിയ ശീലം അല്ലെ… വേണ്ടെന്ന് വെച്ചാലും എഴുതിപ്പോകും… ഇക്ക വീട്ടിൽ ഇല്ലാത്തപ്പോൾ എഴുതിയതാണ്… ഈ ബുക്ക്‌ നിറയെ… പടച്ചോനാണേ ഇത് വരെ ഇത് ഞാൻ ആരെയും കാണിച്ചിട്ടില്ല.”

“ഞാനന്താ പറയാ നിന്നോട്.. എന്നോട് ക്ഷമിക്കു… മോളെ… ഞാനൊരു മുരടൻ ആയിപോയി.ഒരു മൂരാച്ചി കെട്ടിയോൻ.”

അവളുടെ കൈ പിടിച്ചു അനസ് അത് പറഞ്ഞപ്പോൾ സുൽത്താനയുടെ കണ്ണുകൾ നിറഞ്ഞു.

“സുൽത്താന അന്ന് മുതൽ ഭർത്താവിന്റെ സമ്മതത്തോടെ എഴുതാൻ തുടങ്ങി. അവളുടെ അക്ഷരങ്ങൾക്ക് അവൾ കാണുന്നതൊക്കെ വിഷയമാണ്.. ഇരുത്തം വന്ന ഒരു എഴുത്തുകാരിയാണ് നമ്മുടെ പ്രിയ എഴുത്തുകാരി.

അവരെയും അവരുടെ അക്ഷരങ്ങളെയും നിങ്ങൾക്ക് പരിചയപ്പെടുത്തുകയന്നതാണ് എന്റെ കടമ പുസ്തകം ഈ വേദിയിൽ പ്രകാശനം ചെയ്യണ്ടേത് സുൽത്താനയുടെ ഭർത്താവ് അനസ് തന്നെയാണ്.ദയവായി താങ്കൾ സ്റ്റെജിലേക്ക് വരണം.”

സുൽത്താന പഠിച്ച സ്കൂളിൽ വെച്ചാണ് ആദ്യം പുസ്തകം വായനക്കാർക്ക് സമ്മാനിക്കുന്നത്. കൂടെ പഠിച്ചവരും നാട്ടുകാരും കുടുംബക്കാരും നിറഞ്ഞ സദസ്സിൽ.അവരുടെ ഇടയിൽ നിന്നും അഭിമാനത്തോടെ അനസ് സ്റ്റേജിലേക്ക് കയറി. ക്ഷണിക്കപ്പെട്ട അതിഥികളുടെ മുൻപിൽ നിറഞ്ഞ കണ്ണുകളോടെ അയാൾ നിന്നു.

“ഒരു വെള്ളച്ചാട്ടം പോലെ നിങ്ങളിലേക്ക് ഒഴുകേണ്ട അവളുടെ അക്ഷരങ്ങളെ ഞാനാണ് തടഞ്ഞു വെച്ചത്. പക്ഷെ എന്നിട്ടും ആരും അറിയാതെ ആരെയും കാണിക്കാതെ അവൾ എഴുതി.പത്തു വർഷം ഞങ്ങളുടെ ഇടയിൽ അവളുടെ കവിതയെ പറ്റി സംസാരിച്ചിട്ടില്ല.

ഈ അടുത്ത സമയത്ത് ഞാൻ മൊബൈലിൽ കേട്ട ഒരു വോയിസ്‌.. ഭാര്യന്മാരുടെ കഴിവുകൾക്ക് ഭർത്താവിന്റെ പ്രോത്സാഹനം ഉണ്ടാവണമെന്ന്… അത് കേട്ടപ്പോൾ എന്റെ തെറ്റ്… എനിക്ക് മനസ്സിലായി… മാപ്പ്…. മാപ്പ്.”

“ഇക്കാ… എന്തായിത്…ന്റെ ക്കാ കരയുന്നോ…. ഇക്ക.”പരിസരം നോക്കാതെ… അനസിന്റെ സുലു അയാളെ കെട്ടിപിടിച്ചു കണ്ണുകൾ

തുടച്ചപ്പോൾ അവളുടെ കവിതകൾ വിരിഞ്ഞ സ്കൂൾ മുറ്റത്ത് ഒരായിരം കൈകൾ കൊട്ടിയ താളത്തോടെ സുൽത്താനയുടെ കവിതകളെ കോർത്തു കെട്ടിയ ‘പൂക്കൾ പറയാത്തത് ‘വായനക്കാർ സ്വീകരിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *