കല്യാണ പെണ്ണ് കാമുകനോടൊപ്പം ഒളിച്ചോടിയെന്ന്. അതോടെ അച്ഛനും അമ്മയും തകരും, കുടുംബത്തിന്റെ അന്തസ്സ് താറുമാറാകും

കല്യാണ തലേന്ന്
രചന: Nisha Pillai

വല്യമ്മാവന്റെ അനൗൺസ്‌മെന്റ് വന്നു.” നാളെ കല്യാണമല്ലേ ഇങ്ങനെ കിടന്ന് തുള്ളിയാൽ എങ്ങനെയാ,നാളെ നേരത്തെ എഴുന്നേൽക്കണം,കുടുംബക്ഷേത്രത്തിൽ പോയി തൊഴണം ,പരദേവതകളുടെ അനുഗ്രഹം വാങ്ങണം,ഇന്ന് കുറച്ച് നേരത്തെ കിടന്നോളൂ,ഇപ്പോൾ തന്നെ കുട്ടി വാടി തളർന്നു പോയി. ”

വല്യമ്മാവൻ അവളുടെ മുടിയിഴകളെ തലോടി ,നെറുകയിൽ ഉമ്മ വച്ചു. മൂന്ന് അമ്മാവന്മാർക്കും കൂടി ഉള്ള ഒരേയൊരു പെങ്ങളാണ് അഞ്ജലിയുടെ അമ്മ.മൂന്നു പേർക്കും അവളോട് ഭയങ്കര വാത്സല്യമാണ്. ഇളയ അമ്മാവൻ മിലിറ്ററി ക്യാപ്റ്റൻ ആണ് ,ട്രെയിനിങ്ങിനിടയിലും അവളുടെ കല്യാണം കൂടാൻ ഓടി വന്നതാണ്.

ചുറ്റും ഡി ജെ പാർട്ടിയുടെ ഒരു ആംപിയൻസ് കസിൻസ് എല്ലാവരും ചേർന്നൊരുക്കിയതാണ്. എല്ലാവരും നല്ല ഫോമിലാണ്. അഞ്ജലിയും എല്ലാവരുടെയും കൂടെ കൂടി ആട്ടവും പാട്ടും ആസ്വദിക്കുകയാണ്. വിരുന്നുകാരൊക്കെ പിരിഞ്ഞപ്പോൾ വീട്ടുകാർ മാത്രമായി. അമ്മാവന്മാരും

അമ്മായിമാരും അച്ഛനും അമ്മയും എല്ലാവരും വലിയ സന്തോഷത്തിലാണ്. അഞ്ജലിയുടെ വരൻ സ്ഥലത്തെ ഒരു അറിയപ്പെടുന്ന വക്കീലാണ്. ആദർശ് ,പേരിലും പ്രവർത്തിയിലും

ആദർശമുള്ളവൻ. അവനെ വരനായി കിട്ടിയത് അവളുടെ ഭാഗ്യമാണെന്നാണ് എല്ലാവരും പറയുന്നത്. കല്യാണ നിശ്ചയത്തിന് ശേഷം അച്ഛൻ വളരെ സന്തോഷവാനാണ്.

ഡാൻസും പാർട്ടിയും കഴിഞ്ഞു എല്ലാവരും പിരിഞ്ഞു. ഉറങ്ങാനായി മുറിയിലേക്ക് വന്ന അഞ്ജലി ഇളയ അമ്മാവന്റെ സമ്മാനമായ വില കൂടിയ ലഹങ്ക ഊരി വച്ചു. കടും പച്ച നിറം അവളുടെ പ്രിയപെട്ടതാണെന്നു അറിഞ്ഞു അമ്മായി

എറണാകുളത്തെ ഒരു ബൗട്ടിക് പോയി വാങ്ങി അവൾക്കു സമ്മാനിച്ചതാണ്. ആഭരണങ്ങൾ ഊരി ആഭരണപ്പെട്ടിയിൽ വയ്ക്കുമ്പോൾ അമ്മ പ്രിയത്തോടെ വാങ്ങി തന്ന ഡയമണ്ട് നെക്‌ലേസും പാരമ്പര്യമായി തനിക്കു ലഭിച്ച ലക്ഷ്മി

മാലയും കയ്യിലെടുത്തു മാറോടു ചേർത്തു. അതിൽ അമ്മയുടെയും അമ്മുമ്മയുടെയും സ്നേഹത്തിന്റെ ആർദ്രത ഉണ്ട്. അത് കയ്യിലെടുത്തു അവൾ ചുണ്ട് ചേർത്തു വച്ചപ്പോൾ അവളുടെ കണ്ണിൽ കണ്ണുനീർ പൊടിഞ്ഞു. ഇനിയൊരിക്കലും താൻ അതൊന്നും അണിയാൻ അർഹയല്ല എന്നവൾക്കു തോന്നി.

വീടിലെ ഓരോ മുറികളിലെയും ലൈറ്റ് അണയ്ക്കുന്നവരെ അവൾ ഇരുട്ടത്ത് കാത്തിരുന്നു.നാളെ നേരം പുലരുമ്പോൾ അവളുടെയും ആദർശിന്റെയും കല്യാണമാണ്. എല്ലാവരും സന്തോഷത്തോടെയാണ് ഉറങ്ങാൻ കിടക്കുന്നത്. അച്ഛന്റെയും അമ്മയുടെയും മുഖത്തു സന്തോഷം മാത്രമല്ല ,നിറഞ്ഞ അഭിമാനമായിരുന്നു. നാളെ എല്ലാം തീരും.

രാവിലെ അഞ്ജലിയുടെ മുറി തുറക്കുന്നവർ കാണാൻ പോകുന്നത്, ഒഴിഞ്ഞ മുറിയാണ്. അവളുടെ വസ്ത്രങ്ങളും അവളോടൊപ്പം കാണാതാകും. കുറച്ചു കഴിഞ്ഞവർക്ക് മനസ്സിലാകും കല്യാണ പെണ്ണ് കാമുകനോടൊപ്പം ഒളിച്ചോടിയെന്ന്.

അതോടെ അച്ഛനും അമ്മയും തകരും, കുടുംബത്തിന്റെ അന്തസ്സ് താറുമാറാകും. അനിയത്തിക്ക് നല്ലൊരു വിവാഹബന്ധം ലഭിക്കാനുള്ള ചാൻസ് നഷ്ടപ്പെടും. ഹൃദ്രോഗിയായ അച്ഛൻ തകർന്നു പോകും.

ആഭരണങ്ങൾ ഒന്നും കൊണ്ട് പോകുന്നില്ലെന്ന് തീരുമാനിച്ചു. സ്വത്തിനും പണത്തിനും വേണ്ടിയല്ല വിഷ്ണു അവളെ സ്നേഹിച്ചത്, അവൻ പലതവണ പറഞ്ഞിട്ടുണ്ട് , ” എനിക്ക് നിന്നെ മാത്രം മതി അഞ്ജലിയെന്ന് ”

വിഷ്ണു ആത്മാർത്ഥതയുള്ളവനാണ്. ഇന്നും ഇന്നലെയും തുടങ്ങിയ പരിചയമല്ല, പ്ലസ് വൺ മുതൽ ഒരേ ക്ലാസ്സിൽ പഠിച്ചതാണ്.അവന്റെ വീടിന്റെ ചുറ്റുപാടുകൾ ഒക്കെ വളരെ മോശമാണ്. ഏതോ കോളനി പോലൊരു സ്ഥലത്താണവന്റെ വീട്. ദാരിദ്രം

ആരുടെയും തെറ്റല്ലല്ലോ ,പാവം അവനെന്തു പിഴച്ചു. ചുറ്റുപാടുകൾ മോശമായത് കൊണ്ടാണ് അവൻ മോശപ്പെട്ട കൂട്ടുകെട്ടിൽ പെട്ടത്. തനിക്കു വിഷ്ണുവിനെ മതി, ആദർശിനെ വേണ്ടായെന്നവൾ തീരുമാനിച്ചു.

ശബ്ദമുണ്ടാക്കാതെ അവൾ തന്റെ വലിയ ബാഗിൽ വസ്ത്രങ്ങൾ നിറച്ചു. ഡെയിലി വെയർ മാത്രം മതി. അവനോടുള്ള തന്റെ പിന്തുണ അറിയിക്കാനായി അവൾ വില കൂടിയ വസ്ത്രങ്ങൾ ഉപേക്ഷിച്ചു. അവനില്ലാത്തതൊന്നും തനിക്കു വേണ്ട.

ഏത് ജീവിത സാഹചര്യത്തിലും പിടിച്ചു നിൽക്കാനുള്ള ശക്തി കിട്ടാനായി അവൾ നല്ലപോലെ പ്രാർത്ഥിച്ചു.ഫോൺ സൈലന്റിൽ ഇട്ടു. അച്ഛൻ വാങ്ങി തന്ന ഐഫോൺ ആണ്. അതുപേക്ഷിയ്ക്കാൻ വയ്യ. ഇത് പോലെയിനിയൊന്ന് കിട്ടില്ല.മാത്രമല്ല തങ്ങളുടെ പ്രേമം തള്ളിയിട്ടത് ഈ ഫോണിലൂടേയാണ്. അത് മറക്കാൻ വയ്യ.

ഒരു മണിയാണ് വിഷ്ണു പറഞ്ഞിരിക്കുന്ന സമയം. അതാകാൻ ഇനിയും നാൽപതു മിനിട്ടുണ്ട്. അമ്മാവന്മാരൊക്കെ താഴത്തെ നിലയിലുണ്ട്. നൂറ്റൊന്നു പവൻ സ്വർണം അച്ഛന്റെയും അമ്മയുടെയും മുറിയിലാണ്.

മോഷ്ടാക്കളെ പേടിച്ചു ,മുറിയുടെ തൊട്ടു മുന്നിൽ പട്ടാളക്കാരനായ ഇളയ അമ്മാവൻ തോക്കുമായി കിടക്കുന്നുണ്ട്. ശബ്ദം ഉണ്ടാക്കിയാൽ എല്ലാവരും ഉണരും.ശബ്ദമുണ്ടാക്കാതെ പടികളിറങ്ങണം. അടുക്കള വാതിൽ വഴി പുറത്തു കടക്കണം. ഇതാണവളുടെ പ്ലാൻ.

കാത്തിരിപ്പു വളരെ മുഷിപ്പിലുണ്ടാകുന്നു.ഇരുട്ടത്ത് ,സ്വന്തം മുറിയിലെ കസേരയിൽ സമയം അകാൻ കാത്തിരുന്നപ്പോൾ അവളുടെ മനസ്സിൽ ഒരേ സമയം പലതരത്തിലുള്ള വികാരങ്ങളുടെ ഏറ്റക്കുറച്ചിലുകളുണ്ടായി.

പുതിയ ജീവിതത്തെ കുറിച്ചുള്ള ആകാംഷ ,ഇന്ന് വരെ സ്വന്തം എന്ന് കരുതിയവരെ ഒരു നിമിഷം കൊണ്ട്,ഒരു തീരുമാനം കൊണ്ട് ശത്രുപക്ഷത്തേക്ക് മറ്റും. പിന്നെ അവരുമായി ഒരു ബന്ധവുമുണ്ടാകില്ല. അതോർത്തപ്പോൾ ഹൃദയം പറിഞ്ഞു

പോകുന്ന രീതിയിലുള്ള വേദനയും സങ്കടവും. അച്ഛനെയും അമ്മയെയും വേർപിരിഞ്ഞു ഇതുവരെ നിന്നിട്ടു പോലുമില്ല. ആദർശിന്റെ അമ്മയെ കണ്ടപ്പോൾ സ്വന്തം അമ്മയെ പോലെ തന്നെ തോന്നിയതാ. ഇനി കയറുന്ന വീട്ടിലെ അവസ്ഥ എന്താകും?

സമയത്തു ഭക്ഷണമെങ്കിലും ലഭിക്കുമോയെന്നാർക്കറിയാം. കള്ളുകുടിച്ചു,നാലുകാലിൽ കയറി വരുന്ന അച്ഛനാണ് അവിടെയുള്ളത്. സ്വന്തം അച്ഛന്റെ നേർ വിപരീതം.

അവളുടെ നാലാമത്തെ വയസ്സിലാണ് അച്ഛൻ ഗൾഫിൽ നിന്ന് മടങ്ങി വന്നു പുതിയ വീട് പണിതത് .അന്ന് മുതൽ അവളുടെ കിടപ്പു മുറിയാണത്. അവൾ ആ മുറി ചെറിയ വെട്ടത്തിൽ കണ്ണ് നിറയെ കണ്ടു. തന്റെ കട്ടിലിൽ ഒന്നും കൂടെ കിടക്കാൻ മോഹം തോന്നി.

അവൾ കുറച്ചു നേരം അതിൽ കയറി കണ്ണടച്ച് കിടന്നു. കുറെ നേരം കിടന്നിട്ടും അവൾക്കു മതി വന്നില്ല. കണ്ണിൽ ഉറക്കം പിടിക്കാൻ തുടങ്ങിയപ്പോൾ അവൾ മെല്ലെ എഴുന്നേറ്റു.അവളുടെ കുളി മുറി, അതിലെ ചന്ദന മണമുള്ള സോപ്പ് ,വിവിധ തരം കോസ്മെറ്റിക് ബോട്ടിലുകൾ ,പാടി

പരിശീലിക്കാൻ ഉപയോഗിക്കുന്ന സെറാമിക് ബാത്ത് ടബ്. നാളെ മുതൽ താനും വഴിയിലെ പൈപ്പിൽ നിന്നും വെള്ളം പിടിച്ചു ഓല കൊണ്ട് മറച്ച കുളിപ്പുരയിൽ കുളിക്കേണ്ടി വരുമെന്നോർത്തു അവൾക്കു സങ്കടം തോന്നി. ഇനി നിന്നാൽ താൻ കൂടുതൽ

ചിന്തിച്ചു,മനസ്സ് മാറിയാലോയെന്നവൾക്കു തോന്നി. ബാഗുമെടുത്തു അവൾ മുറിക്കു പുറത്തിറങ്ങി,മെല്ലെ വാതിൽ ചാരി. ഒട്ടും ശബ്ദമുണ്ടാക്കാതെ പടികെട്ടുകളിറങ്ങി. ഹാളിലെ ചെറിയ വെളിച്ചത്തിൽ അവൾക്കു നടക്കാൻ ബുദ്ധിമുട്ടില്ലായിരുന്നു.

ഹാളിലെ ഡിജിറ്റൽ ക്ലോക്കിൽ സമയം കൃത്യമായി കാണിക്കുന്നുണ്ട്. ഇനിയുമുണ്ട് പത്തിരുപതു മിനിറ്റ്. ചെറിയമ്മാവൻ ഹാളിലെ ദിവാൻ കോട്ടിൽ കിടന്നുറങ്ങുന്നു. പട്ടാളക്കാരനാണ് ചെറിയ ശബ്ദം കേട്ടാൽ ഉണരും. അച്ഛന്റെയും അമ്മയുടെയും കിടക്ക മുറി

പൂട്ടിയിരിക്കുകയാണ്. അവരെ അവസാനമായി ഒന്ന് കാണണമെന്ന് തോന്നി. പെട്ടെന്നാരോ വായ് പൊത്തി അവളെ വലിച്ചിഴച്ചു. അവളെ അടുക്കളയിൽ കൊണ്ട് വന്നു ,നിലവിളിക്കാൻ കഴിയുന്നതിനു മുൻപ് ,അടുക്കളയിലെ ലൈറ്റ് തെളിയിച്ചു. വലിയമ്മാവൻ!!!ഒരു താക്കോലെടുത്തു അവളുടെ നേരെ നീട്ടി.

“അവരുടെ കിടപ്പു മുറിയുടെ താക്കോലാണ്,തുറന്നു കണ്ണ് നിറയെ കണ്ടോളൂ. മനസ്സ് കൊണ്ടൊരു മാപ്പും പറഞ്ഞോളൂ. നാളെ ഈ വീടുണരുന്നത് ഒരു മരണ വീടായിട്ടാകും.അഭിമാനിയായ നിന്റെ അച്ഛൻ പിന്നെ ജീവിച്ചിരിക്കും എന്ന് നീ കരുതുന്നുണ്ടോ?

. പിന്നെ നിന്റെ അമ്മ ജീവച്ഛവമായി കാലം കഴിക്കും ,അവൾക്കു ചാകാൻ ആവില്ലല്ലോ ,ഇളയ ഒരു പെൺകുഞ്ഞു കൂടിയുണ്ടല്ലോ , അവൾക്കു വേണ്ടി ജീവിക്കാൻ ആരെങ്കിലും വേണ്ടേ. “അമ്മാവൻ അവളുടെ ബാഗ് പിടിച്ചു വാങ്ങി.

“ഇപ്പോൾ നമ്മൾ രണ്ടു പേരും മാത്രമേ അറിഞ്ഞിട്ടുള്ളു, നീ മുറിയിൽ പോയി കിടന്നുറങ്ങൂ. നിന്റെ അച്ഛനെ ഓർത്ത് , കുടുംബത്തെയോർത്ത്. നാളെ നല്ല കുട്ടിയായി കതിർമണ്ഡപത്തിൽ എല്ലാവരുടെയും മുന്നിൽ വച്ച് ആദർശിന്റെ താലി കഴുത്തിൽ അണിയണം. ”

“അമ്മാവൻ എന്റെ മനസ്സ് മാറ്റാൻ ശ്രമിക്കണ്ട. എനിക്ക് പോകണം. ഞാൻ തീരുമാനിച്ചു കഴിഞ്ഞു. വിഷ്ണുവിന്റെ കൂടെയാണ് ഇനി എന്റെ ജീവിതം. പ്രണയത്തിനു മുൻപിൽ പണത്തിന് ഒരു പ്രാധാന്യവുമില്ല. ”

“എന്റെ മോളെ വിഷ്ണുവിനെ കുറിച്ച് ഞാനും നിന്റെ അച്ഛനും അന്വേഷിച്ചു. നിന്റെ പണവും സ്വത്തും കണ്ടിട്ടാണ് അവൻ നിന്റെ കൂടെ കൂടിയത്. അവൻ പണമുണ്ടാക്കുന്നത് കഞ്ചാവ് വിറ്റിട്ടാണ്.

പാവപെട്ട കുടുംബത്തിൽ നിന്നും വരുന്ന അവനെങ്ങനെയാ ഇത്ര വിലകൂടിയ ബൈക്കും മൊബൈലുമൊക്കെ ? ജോലിയില്ല ,ബിരുദം പോലും പൂർത്തിയാക്കിയിട്ടില്ല. സ്റ്റൈലും സൗന്ദര്യവും മതിയോ സന്തോഷകരമായ ഒരു തുടർ ജീവിതത്തിന് ? ”

“ഇതൊന്നും ഞാൻ വിശ്വസിക്കില്ല. എന്നെ പിന്തിരിപ്പിക്കാൻ ഉള്ള കളവുകളാണ് ഇതൊക്കെ ”

“എന്തായാലും ഇന്ന് രാത്രിയിൽ അവൻ നിന്നെ തേടി വരില്ല. മൂന്നു മാസത്തേയ്ക്ക് ജയിലിലായിരിക്കും അവന്റെ വാസം. കഞ്ചാവുമായി വരുമ്പോൾ ഇന്ന് വൈകിട്ട് റെയിൽവേ പോലീസ് പൊക്കിയിട്ടുണ്ട്. ”

“അമ്മാവൻ വക്കീലല്ലേ ,പോലീസുമായി ചേർന്നവനെ പൊക്കിയതാകും അല്ലെ? ” അഞ്ജലി കരയാൻ തുടങ്ങി.

“ഞാൻ ഒരു വീഡിയോ കാൾ ചെയ്യാം . അത് കാണുമ്പോൾ നീ വിശ്വസിയ്ക്കും.അവൻ്റെ കൂട്ട് കച്ചവടക്കാരെ കൂടി കാണൂ. ”

ടൗൺ സ്റ്റേഷനിലെ ഇൻസ്‌പെക്ടർ വല്യമ്മാവന്റെ അടുത്ത സുഹൃത്തായിരുന്നു.അയാളെ വിളിച്ചപ്പോൾ അടിവസ്ത്രം മാത്രമിട്ട് സെല്ലിൽ കിടക്കുന്ന വിഷ്ണുവിനെ അവൾ വീഡിയോയിലൂടെ കണ്ടു. അവൻ സ്ഥിരം കഞ്ചാവ് കേസിലെ പ്രതിയാണെന്നും ,

പ്രൈവറ്റ് ബസിനുള്ളിൽ വച്ചൊരു എട്ടാം ക്ലാസ്സുകാരിയായ കുട്ടിയെ പീഡിപ്പിച്ച കൂട്ടത്തിൽ അവനുണ്ടെന്നും. നിലവിൽ ഒരു പോക്സോ കേസും കൂടെയുണ്ടെന്നും ഇൻസ്‌പെക്ടർ അവളെ പറഞ്ഞു മനസ്സിലാക്കി. ഇന്നുണ്ടായ അറസ്റ്റാണ് അവളുടെ ജീവിതം രക്ഷപെടുത്തിയതെന്നും ,

അവന്റെ ഫോണിലുണ്ടായ ചില ചാറ്റുകളിൽ നിന്നാണ് ഇന്നത്തെ ഒളിച്ചോട്ടത്തിന്റെ പ്ലാൻ മനസിലായതെന്നും ,അപ്പോൾ തന്നെ അമ്മാവനെ വിവരം അറിയിച്ചെന്നും ഇൻസ്‌പെക്ടർ പറഞ്ഞു. ഇനിയെങ്കിലും ജീവിതത്തിൽ ബുദ്ധിപരമായ തീരുമാനങ്ങൾ

എടുക്കണമെന്നും,ജീവിതമൊരു കുട്ടികളിയല്ലെന്നും, ആദർശിന്റെ പോലെ മിടുക്കനായ വക്കീലിനെ കിട്ടിയത് ഭാഗ്യമാണെന്നും പറഞ്ഞയാൾ ഫോൺ കട്ട് ചെയ്തു.

“മോൾ മുറിയിൽ പോയി സമാധാനമായി ഉറങ്ങൂ. ഇതൊന്നും ആർക്കുമറിയില്ല. നാളെ നേരം പുലരുമ്പോൾ മോളുടെ ജീവിതത്തിലെ ഒരു പ്രധാന കാര്യം നടക്കാൻ പോവുകയാണ്.

പഴയതൊക്കെ മനസ്സിൽ നിന്നും മായിച്ചു, ആദർശിന്റെ മനസിലേറ്റുക. വിഷ്ണുവിന്റെ കാര്യം മുൻപ് അവനെ സൂചിപ്പിച്ചിരുന്നു. അവൻ പറഞ്ഞത് ഈ പ്രായത്തിൽ അങ്ങനെയൊക്കെ തോന്നുക സ്വാഭാവികമല്ലേയെന്നാണ്. ”

ബാഗുമായി മുറിയിലേയ്ക്കു മടങ്ങുമ്പോൾ മനസ്സിൽ വലിയൊരു തീരുമാനത്തിലായിരുന്നു അഞ്ജലി. അച്ഛനെയും അമ്മയെയും ഇനി വിഷമിപ്പിക്കാൻ പാടില്ലായെന്ന

മഹത്തരമായ തീരുമാനം. അവൾ പടിക്കെട്ടുകൾ കയറി മുറിയിലേയ്ക്കു പോകുന്നത് വരെ കാർട്ടന്റെ മറവിൽ നിന്ന് അവരിരുവരെയും വീക്ഷിക്കുകയായിരുന്നു അവളുടെ അച്ഛൻ.

“ഇനിയൊന്നും പേടിക്കാനില്ല അളിയാ ,അവൾ ഇപ്പോൾ പെർഫെക്ടലി ഓക്കേ,നാളെ നേരം പുലരുമ്പോൾ നമ്മുടെ പഴയ കുറുമ്പി കുട്ടിയായി അവൾ വരും. അളിയൻ ഇതൊന്നും അറിഞ്ഞിട്ടില്ല

അളിയനെ നെഞ്ചോടു ചേർത്ത് പിടിച്ചു മകളുടെ വിവാഹത്തെക്കുറിച്ച് പാതി വഴിക്കു നിർത്തി വച്ച ആ സ്വപ്നം , അച്ഛൻ വീണ്ടും കാണാൻ തുടങ്ങി

 

Leave a Reply

Your email address will not be published. Required fields are marked *