കുട്ടികൾ അടുത്തിടപഴകുന്നത് കാണുമ്പോൾ പഴയ തലമുറയിലെ പലർക്കും അതത്ര ഇഷ്ടപ്പെട്ടെന്ന് വരൂല്ല.അവര് തന്നെ ഓരോരോ കഥകള് മെനഞ്ഞെടുക്കും.

(രചന: രാജീവ്‌ രാധാകൃഷ്ണപണിക്കർ)

“മോളേ ഹരിതേ അനുമോളുടെ മേൽ ഒരു കണ്ണ് വേണോട്ടോ.എപ്പോ നോക്കിയാലും 4D യിലെ ആ ഫ്രീക്കൻ ചെർക്കന്റെ കൂടെയാ.”

റൂഫ് ടോപ്പിലെ ഓപ്പൺ ടെറസിൽ വാഷിംഗ്‌ മെഷീനിൽ പാതിയുണങ്ങിയ തുണികൾ അയയിലേക്ക് വിടർത്തിയിടുമ്പോഴാണ് 6B യിലെ ആന്റി മനസ്സിൽ തീ കോരിയിടുന്ന വാർത്തയുമായി വന്നത് .

ആദ്യം ഇവരെ പരിചയപ്പെടുത്താം.ഇവൾ ‘ഹരിത”ഹരിത ദാസ് ‘പേരിനു പിന്നിൽ ഭർത്താവിന്റെ വാലും താങ്ങി നടക്കുന്ന ഒരു സാധാരണ വീട്ടമ്മ.

ഭർത്താവ് ദാസ് ഇൻഫോപാർക്കിൽ വർക്ക്‌ ചെയ്യുന്നു.ഏക മകൾ അനു.പ്ലസ്ടുവിന് പഠിയ്ക്കുന്നു.

ഹരിതയും കുടുംബവും ഈ അപ്പാർട്മെന്റിലേക്ക് താമസം മാറ്റിയിട്ട് മൂന്നു മാസത്തിൽ താഴെയെ ആയിട്ടുള്ളൂ. ഫ്ളാറ്റിലെ മറ്റുള്ളവരുമായി പരിചയമായി വരുന്നതേയുള്ളൂ.

വല്ലപ്പോഴും എന്തെങ്കിലും സംസാരിക്കുന്നത് ഈ ആന്റിയുമായി ആണ്. അവർ മകളോടൊപ്പമാണ് താമസം. ചിലപ്പോഴൊക്കെ ഇതുപോലെ ടെറസിൽ വച്ച് അവരെ കണ്ടുമുട്ടാറുണ്ട്.ആ ചുരുങ്ങിയ സമയത്തിനുള്ളിൽ അവർ ഫ്ലാറ്റിലുള്ള ഒട്ടു മിക്ക സംഭവങ്ങളുടെയും സംക്ഷിപ്തം ധരിപ്പിക്കും.

പക്ഷേ ഇത്തരമൊരു സംസാരം അവരിൽ നിന്നും പ്രതീക്ഷിച്ചതല്ല.അതും അനുമോളെ പറ്റി.

ഹരിതയുടെ മുഖഭാവം മാറിയത്‌ കണ്ടാണെന്നു തോന്നുന്നു അവർ പെട്ടെന്ന് പരിഭ്രമിച്ചു.

“മോളെ ഞാൻ പറഞ്ഞന്നേയുള്ളൂ. ഒന്നുമുണ്ടായിട്ടല്ല. മോൾ ഇതൊന്നും ചെന്ന് ദാസിനോട് പറയല്ലേ.മനസ്സിൽ വച്ചാൽ മതി. നമ്മൾ പെണ്ണുങ്ങൾ ഒന്ന് ശ്രദ്ധിക്കണമെന്നേ ഞാൻ പറഞ്ഞുള്ളു.

അനുമോൾ പഠിക്കാൻ മിടുക്കിയാണ്. ക്ലാസ് വിട്ടു വന്നു കഴിയുമ്പോൾ ഇടയ്ക്കൊക്കെ താഴെ ക്രിക്കറ്റ് കളിക്കാനും മറ്റുമായി ഫ്ലാറ്റിലെ കുട്ടികളുടെ കൂടെ പോകാറുണ്ട്.

പക്ഷെ ആന്റി പറഞ്ഞ പോലെ ഒന്നും തനിക്കിതുവരെ തോന്നിയിട്ടില്ല.പക്ഷേ ഇനി അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ.”ഭഗവതീ!”അവൾ നെഞ്ചത്ത് കൈ വച്ചു.

4D യിലെ ചട്ടക്കാരിയെയും മകനെയും ഹരിത പലതവണ കണ്ടിട്ടുണ്ട്. അവരുടെ പരിഷ്കൃത വേഷവും സംസാരവുമൊന്നും അവൾക്ക്‌ അത്ര പിടിച്ചിരുന്നുമില്ല.ഇനി ആ കുടുംബവുമായി അനുമോൾക്ക് എന്തെങ്കിലും അടുപ്പം വന്നാൽ.

ഹോ ഓർക്കാനേ വയ്യ.ഇന്നവൾ സ്കൂൾ വിട്ട് വരട്ടെ. പ്രായം തികഞ്ഞു വരുന്ന പെണ്ണാ.നിലക്ക് നിർത്താൻ കഴിയുമോ എന്ന് ഇന്നത്തോടെ തീരുമാനിക്കണം .

പക്ഷേ അനുവിനോട് ഇതേ കുറിച്ച് ചോദിക്കാൻ ചെന്നാൽ അവൾ തന്നോട് ചാടിക്കടിക്കാൻ വരും.

തനിക്കിപ്പോഴും നാട്ടിൻപുറത്തുകാരുടെ സ്വഭാവം ആണെന്നാണ് അവൾ പറയുന്നത്.ഹരിതയുടെ മനസ്സ് പ്രകമ്പനം കൊണ്ടു.

എന്തായാലും എടുത്തു ചാടി എന്തെങ്കിലും പ്രവർത്തിക്കുന്നതിനു മുൻപ് ദാസേട്ടനോട് ഒന്ന് സൂചിപ്പിച്ചേക്കാം.

ആദ്യമേ അനുവിനോട് ചോദിച്ചു വീട്ടിൽ ഒരു കലഹം ഉണ്ടാക്കുന്നതിലും നല്ലതാണല്ലോ.

“ദാസേട്ടാ ഞാനൊരു കാര്യം പറയട്ടെ.അല്പം സീരിയസ് ആണ്”ജോലി കഴിഞ്ഞു തളർച്ചയോടെ സോഫയിൽ വന്നിരുന്ന ദാസ് ഹരിതയുടെ സംസാരം കേട്ട് അത്ഭുതത്തോടെ അവളെ നോക്കി.

സാധാരണ എന്തും വെട്ടി തുറന്നു പറയുന്ന തന്റെ പ്രിയതമക്കെന്താണാവോ ഇന്നൊരു മുഖവുര.

“പറയൂ പ്രിയേ എന്താണാവോ പറയാനുള്ളത് “”നമ്മുടെ അനുമോൾക്ക് ആ 4D യിലെ ചെറുക്കനുമായി എന്തോ ഒരു ഇത് ഉണ്ടെന്നൊരു സംസാരം”

“ആരു സംസാരിച്ചു?””നമ്മുടെ ആന്റിയേ.4 B യിലെ “”അതിനവര് ന്യൂസ് പേപ്പർ ആണെന്നല്ലേ നീ പറയാറ്”

“പക്‌ഷേ തീയില്ലാതെ പുകയുണ്ടാകില്ലല്ലോ””നീ അനുമൊളോട് ചോദിച്ചോ?””ഇല്ല ദാസേട്ടനോട് പറഞ്ഞിട്ടാവാമെന്നു കരുതി”

“അതു നന്നായി.എന്നാ പിന്നെ നീ ധൃതി പിടിച്ച് അവളോട് ചോദിക്കാൻ നിൽക്കേണ്ട.അവളുടെ മനസ്സിൽ അങ്ങനെയൊന്നും ഉണ്ടാവില്ല. ഇനിയിപ്പോ നമ്മളായിട്ട് ചോദിച്ചിട്ട് ഒന്നും തോന്നിപ്പിക്കുകേം വേണ്ട.

പഴയ കാലമൊന്നും അല്ല.
ആൺകുട്ടികളും പെൺകുട്ടികളും തമ്മിൽ മിണ്ടിയെന്നോ ക്രിക്കറ്റ് കളിച്ചെന്നോ ഒന്നും കരുതി അവരുടെയുള്ളിൽ പ്രേമമൊന്നും ഉണ്ടാവാൻ പോണില്ല.

ഈവൺ ലൗ ആണെന്ന് തന്നെ കരുതുക. അത് പ്രായത്തിന്റെ ചാപല്യമായി മാത്രം കണക്കാക്കിയാൽ മതി”

“ഏട്ടൻ എന്തായീ പറേണേ . ലൗ ആയാലും കുഴപ്പമില്ലെന്നൊ”അവൾ ദേഷ്യത്തോടെ ദാസിനെ നോക്കി.

“എന്റേ പൊന്നേ അതൊന്നും ഇന്നത്തെക്കാലത്ത് അത്ര വല്യേ സംഭവം ഒന്നും അല്ല. കൗമാരക്കാരായ ഒരാണും പെണ്ണും തമ്മിൽ, കൂട്ട് കൂടുന്നതോ,സംസാരിക്കുന്നതോ, ഒന്നിച്ചു നടക്കുന്നതോ ഒന്നും ഇന്നത്തെ ക്കാലത്ത് അത്ര വലിയ പാതകം ഒന്നുമല്ല.

അവരുടെ മനസ്സിനല്ല നോക്കുന്നവരുടെ കണ്ണിനാണ് പ്രശ്നം.എന്തായാലും ആ ഫ്ലാറ്റിൽ ഉള്ളവർ അടുത്ത വേനലവധിക്ക്‌ UK യിലേക്ക് പോകുമെന്നും അവിടെ തന്നെ സെറ്റിൽ ചെയ്യുമെന്നും ആ ആന്റി തന്നെയല്ലേ നിന്നോട് പറഞ്ഞത്.ഏറിയാൽ മൂന്നോ നാലോ മാസം .അതു കഴിഞ്ഞാൽ പിന്നെ അവര് തമ്മിൽ കാണുമോ എന്നു പോലും സംശയം.

ഇന്നത്തെ കുട്ടികൾ അടുത്തിടപഴകുന്നത് കാണുമ്പോൾ പഴയ തലമുറയിലെ പലർക്കും അതത്ര ഇഷ്ടപ്പെട്ടെന്ന് വരൂല്ല.അവര് തന്നെ ഓരോരോ കഥകള് മെനഞ്ഞെടുക്കും.
എന്നിട്ടത് വിഭവ സമൃദ്ധമായി വിളമ്പുകയും ചെയ്യും. നിന്നെ പോലുള്ളവർ ഇത് കേട്ട് മനസ്സ് വിഷമിക്കാൻ തയ്യാറെടുത്ത് നിൽക്കുകയാണെന്ന് അവർക്കറിയാം.

അതു കൊണ്ട് എന്റെ പൊന്നുമോൾ മനസ്സു പുണ്ണാക്കാതെ പോയി കടുപ്പത്തിൽ ഒരു ചായ എടുത്തു കൊണ്ടു വന്നേ”

“ഞാൻ പറയാനുള്ളത് പറഞ്ഞു. ഇനി എന്തെങ്കിലും വരുത്തിക്കൂട്ടീട്ട് തള്ളേടെ നോട്ടക്കുറവ് എന്നു പറയേണ്ട എന്നോർത്ത് പറഞ്ഞതാ.പിന്നേ അതിനിടക്ക് നിങ്ങളെന്താ പറഞ്ഞത്?ഞാനും പഴയ തലമുറയാണെന്നോ!ഞാൻ

അത്ര പഴഞ്ചൻ ഒന്നും അല്ലാട്ടൊ. എനിക്കും ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും ഒക്കെ അക്കൗണ്ട് ഉണ്ടേ. അച്ഛനും മോളും കൂടി എന്താന്ന് വച്ചാ ആയിക്കോ ”

ചായയെടുക്കാനായി അടുക്കളയിലേക്ക് നടക്കുമ്പോൾ ഹരിതയുടെ മനസ്സു മന്ത്രിച്ചു”കാലം ഇപ്പോ പഴേതല്ല.അതിന്റേം കോലം മാറി”

Leave a Reply

Your email address will not be published. Required fields are marked *