ചേച്ചിയുടെ, ശൃംഗാരഭാഷണങ്ങൾക്കു വിരാമമായി. പതിയേ എഴുന്നേറ്റ്, അവരും തിരക്കിലേക്കു മറഞ്ഞു.

വഴിത്താരകൾ
(രചന: രഘു കുന്നുമ്മക്കര പുതുക്കാട്)

അടഞ്ഞുകിടന്ന ഗേറ്റ് പതിയേ തുറന്ന്,
ജിത റോഡിലേക്കിറങ്ങി.
ഗേറ്റിനിരുവശവും, കമനീയമായി ചമയിക്കപ്പെട്ടിരിക്കുന്നു.

പടിയ്ക്കപ്പുറം നിലകൊണ്ട കമാനത്തിന്റെ ചാരുതയിൽ, സചിത്രം ആലേഖനം ചെയ്യപ്പെട്ട വാക്കുകളിലേക്ക്, വീണ്ടും വീണ്ടും അവളുടെ മിഴിയുടക്കി.’ജിത വെഡ്സ് അഭിലാഷ്’

നാളത്തെ വിവാഹത്തിൽ പങ്കെടുക്കാൻ, അടുത്ത ബന്ധുക്കൾ എത്തിച്ചേരാൻ തുടങ്ങിയിരിക്കുന്നു.
റോഡിലേക്കിറങ്ങും മുൻപ്,
അമ്മ, ഉമ്മറത്തേക്കു വന്നു ഉറക്കേ വിളിച്ചു പറഞ്ഞു.

“രണ്ടമ്പലത്തിലും തൊഴുത്, വേഗം തിരിച്ചെത്തണം.
ഹേമ കൂടെയുള്ളതുകൊണ്ടാണ്, ഇപ്പോൾ പറഞ്ഞയക്കുന്നത്.
ഉച്ചയാകുമ്പോഴെക്കും അവിടുന്നും ഇവിടുന്നുമെല്ലാം ആൾക്കാരെത്തും.

അവർ, നിന്നെ അന്വേഷിക്കും.
നീ അച്ഛനോടു പറഞ്ഞിരുന്നില്ലേ, അമ്പലത്തിൽ പോണ കാര്യം?
അച്ഛൻ, എങ്ങോട്ടെക്കെയോ പോയിരിക്കുകയാണ്.
എപ്പോൾ വരൂന്നറിയില്ല.
അവള്, തൃശൂര് വന്നിട്ടുണ്ടാവോ?”

അമ്മയുടെ വാക്കുകൾ, ഒരു നിലയ്ക്കാത്ത പ്രവാഹം പോലെ തുടർന്നു.” ഹേമ, നേരത്തേ വരുമമ്മേ,

ഞങ്ങൾ, മുൻപേ പറഞ്ഞുറപ്പിച്ചതാണ്.
ആദ്യം പാറമേക്കാവിൽ,
പിന്നേ, വടക്കുംനാഥനിൽ.
കഴിയുമെങ്കിൽ, മിഥിലേന്ന് ഒരു കാപ്പി,
അവളുടെ ചില്ലറ മേക്കപ്പ് കാര്യങ്ങൾ.

അത്, റൗണ്ടിൽ തന്നേയുള്ള ബ്യൂട്ടിപാർലറിൽ ചെയ്യും.
അവിടുത്തേ ചേച്ചിയേ ഞങ്ങൾക്കു നല്ല പരിചയമാണ്.
ഇത്, ഹേമേടെ കൂടി മോഹമാണ്.
ഇനിയെന്നാണ്, ഇതുപോലൊരു ക്ഷേത്രദർശനം.

ഒല്ലൂരിലുള്ള ഞാനും, തൃശൂരിലുള്ള അവളും തമ്മിൽ, ഇത്തിരി ദൂരമേ ഉണ്ടായിരുന്നുള്ളൂ.
അഭിലാഷിനൊപ്പം, പാലക്കാട് സെറ്റിൽ ചെയ്യുമ്പോൾ, ഞങ്ങൾ തമ്മിലുള്ള ദൂരം ഏറുകയല്ലേ?

കൂടിക്കാഴ്ച്ചകളും ഇല്ലാതാകും.
ഞാൻ, ഉച്ചയാകുമ്പേഴേക്കും തിരിച്ചെത്തും.
അമ്പലത്തിലാവുമ്പോൾ ഫോൺ സൈലന്റ് ആവും ട്ടാ,
വിളിച്ചാ കിട്ടീല്ലെങ്കിൽ പേടിക്കണ്ടാ”

ജിത, കവലയിലേക്കു തിരക്കിട്ടു നടന്നു.
ഒല്ലൂരങ്ങാടിയിൽ, തിരക്ക് ആരംഭിക്കുന്നതേയുള്ളൂ.
എതിരേ ആദ്യം വന്ന ഓട്ടോയ്ക്കു കൈകാട്ടി.

ഭാഗ്യം, കോർപ്പറേഷൻ പെർമിറ്റ് വണ്ടിയല്ല.
പുതുക്കാടോ, മറ്റോ ഓടുന്ന വണ്ടിയാണെന്നു തോന്നുന്നു.
ഓട്ടോയുടെ മുൻപാർശ്വത്തിലെ മഞ്ഞവൃത്തത്തിൽ PKD എന്നു രേഖപ്പെടുത്തിയിട്ടുണ്ട്.

ഓട്ടോയിൽ ചാടിക്കയറി, റെയിൽവേ സ്‌റ്റേഷൻ എന്നു പറഞ്ഞു.
ഓട്ടോ, റെയിൽവേ സ്റ്റേഷൻ ലക്ഷ്യമാക്കി നീങ്ങി.അവൾ വാച്ചിൽ നോക്കി.
ഏഴുമണി കഴിഞ്ഞിരിക്കുന്നു.
ഗുരുവായൂർ – എറണാകുളം പാസഞ്ചർ രാവിലെ ഏഴരക്കാണ് എത്തുക.

നേരം എത്ര വൈകിയാലും, ഒരിക്കലും നേരത്തേ വരില്ല.
ഇനിയും, സമയമുണ്ട്.
റെയിൽവേ സ്റ്റേഷന്റെ പാർക്കിംഗ് യാർഡിൽ ഓട്ടോ നിരങ്ങിനിന്നു.

പൈസ കൊടുത്ത്, നേരെ ടിക്കറ്റ് കൗണ്ടറിലേക്കോടി.
മൂന്നോ നാലോ പേർ വരിയിലുണ്ട്.
ജിത അവർക്കു പുറകിലായ് നിലയുറപ്പിച്ചു.

“ഒരു ഇടപ്പള്ളി”ടിക്കറ്റെടുത്ത്, ഫ്ലാറ്റ്ഫോമിലേക്ക് ചെന്നു.നീളൻ കരിങ്കൽ ബഞ്ചുകളിലും, പരുക്കൻ കോൺക്രീറ്റ് ഇരിപ്പിടങ്ങളിലും പതിവുയാത്രികർ ഇരുപ്പുറപ്പിച്ചിരുന്നു.

മൊബൈൽ ഫോണിന്റെ ചതുരവെളിച്ചങ്ങളിലേക്കു കണ്ണുംനട്ടിരുന്നു, സമയം പോക്കുന്നവർ.
ട്രെയിൻ വരാൻ, ഇനിയും പത്തുമിനിറ്റോളമുണ്ട്.

കൊച്ചു ഷോൾഡർ ബാഗിൽ നിന്നും ഫോണെടുത്ത്, വൈബ്രേറ്റ് മോഡ് സെറ്റ് ചെയ്തു.
വാട്സ് ആപ്പ് മെസേഞ്ചർ ഓപ്പൺ ചെയ്ത്, വിനോദിന്റെ വോയ്സ് മെസേജ് ഒരാവർത്തികൂടി കാതോർത്തു ശ്രവിച്ചു.

“ജിതാ,
എട്ടേമുക്കാലിന് പാസഞ്ചർ ഇടപ്പിള്ളിയിലെത്തുമ്പോൾ ഞാനവിടെയുണ്ടാകും.
തീർച്ച…
വന്നിട്ടു തീരുമാനിക്കാം എന്താണ് ചെയ്യേണ്ടതെന്ന്.

നീ വായോ,
ഞാനവിടെയുണ്ടാകും”കൃത്യസമയത്തിനും പതിനഞ്ച് മിനിറ്റോളം വൈകിയാണ് ഗുരുവായൂർ പാസഞ്ചർ എത്തിച്ചേർന്നത്.

‘ലേഡീസ് ഓൺലി’യിലേക്ക് ഓടിക്കയറി.
തിരക്കു കുറവാണ്.
ജാലകങ്ങൾക്കരികിലായി ഒഴിഞ്ഞൊരിടം കണ്ടെത്തി ഇരുപ്പുറപ്പിച്ചു.
ട്രെയിൻ, പതിയേ ചലിക്കാൻ തുടങ്ങി.
നീണ്ടൊരു ചൂളം വിളി അന്തരീക്ഷത്തിൽ മുഴങ്ങിയൊടുങ്ങി.

വിനോദ്, ഇപ്പോൾ ഇടപ്പിള്ളി സ്‌റ്റേഷനിൽ എത്തിയിട്ടുണ്ടാകും.
പുന്നക്കൽ ഭഗവതി ക്ഷേത്രപരിസരത്തേ വീട്ടിൽനിന്നും, അവന് റെയിൽവേ സ്റ്റേഷനിലേക്ക് ബൈക്കിലെത്താൻ പത്തുമിനുറ്റു തികച്ചു വേണ്ടാ.

തീർച്ചയായും വന്നിട്ടുണ്ടാകും,
ഫ്ലാറ്റ്ഫോം അവസാനിക്കുന്നിടത്തേ, പതിവു കൽബഞ്ചിൽ അക്ഷമനായി കാത്തിരിപ്പുണ്ടാവും.

വിനോദിനെ എന്നാണ് പരിചയപ്പെട്ടത്?
ഒരു വർഷത്തിലധികമായിക്കാണും.
മുഖപുസ്തകത്തിലെ, ഏറ്റവുമടുത്ത ചങ്ങാതി;

നല്ല എഴുത്തുകാരൻ,
പ്രായത്തിൽ കവിഞ്ഞ പക്വത.
ഓരോ വിഷയത്തിലുമുള്ള അഗാധമായ പൊതുബോധം.
ഒരു ഫ്രണ്ട് റിക്വസ്റ്റ് ആയി ജീവിതത്തിലേക്ക് കടന്നുവന്ന്,
ഏറ്റവും പ്രിയപ്പെട്ട ചങ്ങാതിയാവുക.

ജീവിതം, എത്രയോ ആകസ്മികതകളാൽ പരസ്പരം കോർത്തുവച്ചിരിക്കുന്നു.
ഓരോ പരിചയങ്ങളും, സൗഹൃദവും, പ്രണയവും നിനയാതെ വന്നുചേരുന്നതാണ്.

വിനോദിന്റെ അച്ഛൻ, ബിസിനസുകാരനാണ്.
അച്ഛന്റെ പാതകൾ പിന്തുടർന്ന്, അവനും.
വീട്ടിൽ, അമ്മയും അനുജത്തിയും കൂടെയുണ്ട്.

കർക്കശക്കാരനായ അച്ഛനേയൊഴിച്ച്, ബാക്കി എല്ലാവരോടും വിനോദിന് തികഞ്ഞ സൗഹൃദഭാവമാണ്.

തീവണ്ടി, പുതുക്കാട് സ്‌റ്റേഷനിൽ നിന്നു.
അമൃതയിലേക്കുള്ളവരായിരിക്കും കൂടുതൽ.ജോലിക്കാർ,

ഇൻഫോപാർക്ക് ജീവനക്കാർ;
ഏറെ പേർ കയറാനുണ്ട്.
തൊട്ടടുത്ത് വന്നിരുന്നത്, ഒരു ചേച്ചിയാണ്.
അവരുടെ കാതുകളിൽ, ഇയർഫോൺ തിരുകിവച്ചിട്ടുണ്ട്.

ആരോടോ മധുരമായി കൊഞ്ചുകയാണ്.
അവരുടെ വിടർമിഴികളിൽ നക്ഷത്രത്തിളക്കം.
ഇത്, റെയിൽവേ സ്‌റ്റേഷനിൽ വന്നതിനുശേഷമുള്ള കാൾ ആണ്. തീർച്ച,

എന്തോ, അങ്ങനേ വിശ്വസിക്കാനാണ് തോന്നിയത്.
ഇവർക്കിറങ്ങേണ്ട സ്റ്റേഷൻ വരേ, ഈ മധുരഭാഷണം തുടരും.
അതുകഴിഞ്ഞാൽ, കാൾലിസ്റ്റിൽ നിന്നും ഈ നമ്പർ അപ്രത്യക്ഷമാകും.
കാത്തിരുന്നു, കാണുക തന്നേ.

കുറുമാലിപ്പുഴ കുറുകെക്കടക്കുമ്പോൾ, ട്രെയിൻ ആകെയൊന്നുലഞ്ഞ പോലെ തോന്നിച്ചു.
സ്വച്ഛമായൊഴൊകുന്ന പുഴയിൽ, അലോസരങ്ങളുടെ ഓളങ്ങളുണ്ടാക്കി ട്രെയിൻ കടന്നുപോയി.

തൊട്ടരികേ, ദേശീയപാത കാണാം.
നിരനിരയായിപ്പോകുന്ന ആനവണ്ടികൾ,
ചരക്കു ലോറികൾ.

ക്ഷേത്രദർശനം, എന്ന പെരുങ്കള്ളം എപ്പോഴാണ് പൊളിയുക?
ഉച്ചവരേ, അത് മുന്നോട്ടുപോകും.
അച്ഛൻ, ഹേമയേ വിളിക്കും.
ഹേമയുടെ നമ്പർ, വീട്ടിലറിയില്ല.

അന്വേഷിച്ചു കണ്ടെത്തേണ്ടി വരും.
ഡിഗ്രിക്കാലത്തേ ഏറ്റവും നല്ല ചങ്ങാതിയായിരുന്നു ഹേമ.
അവളുടെ നമ്പർ, വീട്ടുകാർക്കു എളുപ്പം കിട്ടാതിരിക്കട്ടേ.

ജിത, കാമുകനോടൊപ്പം ഒളിച്ചോടിയെന്ന വാർത്ത സായന്തനത്തോടെയേ പുറംലോകമറിയൂ.
അച്ഛൻ, അമ്മ, മുത്തശ്ശി;
വേണ്ട,

ഒന്നും ഓർക്കാതിരിക്കാം.
വിനോദിനോടൊപ്പമുള്ള സുഖദവേളകളേയോർക്കാം.
മറ്റു കാമുകിമാരേപ്പോലെ,

സ്വർണ്ണവുമെടുത്തല്ല ഈ ഇറങ്ങിപ്പോക്ക്.
ശാപങ്ങളുടെ ആകെത്തുകയിൽ നിന്നും, എന്തെങ്കിലും ഇളവ് അക്കാരണത്താൽ ലഭിക്കുമായിരിക്കും.

നെല്ലായി സ്റ്റേഷൻ, പിന്നിട്ടു.
ഇരുവശത്തും, പാടശേഖരങ്ങൾ.
പാതിമാത്രം അവശേഷിച്ച ഇഷ്ടികച്ചൂളകൾ.
പാളങ്ങളോടു ചേർന്നു നിരനിന്ന കാറ്റാടിമരങ്ങൾ.

വലിയൊരു വയലേല കടന്നുവന്നു.
അനന്തമായ വിസ്തൃതിയിൽ;
അതിനു നടുക്കായി, ഒരു ഒറ്റമരം നിൽക്കുന്നു.ഒരു മുത്തശ്ശിമാവ്,
ഏകാന്തതക്കു ബലി നൽകപ്പെട്ട വൃക്ഷച്ചോട്ടിൽ, കുടവട്ടം തണൽ നിറയുന്നു.

കേരളാ ഫീഡ്സ് കാലിത്തീറ്റാ കമ്പനിയുടെ, റോ മെറ്റീരിയൽ ഗോഡൗൺ കാണാം.
അട്ടിയിട്ട തവിടിന്റെയും, ചോളത്തിന്റെയും, ചണച്ചാക്കുകളുടെ കൂമ്പാരം.

എല്ലാം, പിന്നോട്ടു പോവുകയാണ്.
ഇരിങ്ങാലക്കുടയിലും, ചാലക്കുടിയിലും യാത്രക്കാർ ഏറെ കയറാനുണ്ടായിരുന്നു.
ചാലക്കുടിയിലെ ചരക്കിറക്കുന്ന യാർഡിൽ, തടിലോറികൾ നിരന്നു കിടക്കുന്നു.അന്തരീക്ഷത്തിൽ, നനഞ്ഞ തവിടിന്റെ ചീഞ്ഞ ഗന്ധം.

മൊബൈൽ ഫോണെടുത്ത്, വിനോദിനെ വിളിച്ചു നോക്കി.
കിട്ടുന്നില്ല.ട്രെയിനിലായതിനാലാകാം,
ബീപ്…. ബീപ് ശബ്ദത്തിൽ,
കാൾ കണക്റ്റാകാതെ പോകുന്നു.

തെല്ലുനേരം കഴിഞ്ഞു വിളിക്കാം.
തൊട്ടുടുത്ത ചേച്ചിയുടെ ഫോൺ കിന്നാരം, അതിന്റെ ശൈലാഗ്രങ്ങളിൽ എത്തിച്ചേർന്നിരിക്കുന്നു.

കണ്ണടച്ചു പാൽ നുകരുന്നൊരു കുറുഞ്ഞിപ്പൂച്ച;
എന്തായാലുമെന്ത്?
നോട്ടം, വീണ്ടും ജനലഴികൾക്കപ്പുറത്തേക്ക് നീണ്ടു.

ആലുവാപ്പുഴ, എത്ര സുന്ദരിയാണ്.
അനന്തമായി നീണ്ടുപരന്ന ജലവിതാനത്തിലേക്കു ഒന്നു കുതിയ്ക്കാൻ, മനസ്സു വെമ്പുന്നു.

പുഴ, എത്രപേരെ അതിന്റെ ആഴങ്ങളിലേക്കു മാടിവിളിച്ചിട്ടുണ്ടാകും.
എത്രപേർ ആ വിളി പിൻപറ്റി, ഇറങ്ങിച്ചെന്നിട്ടുണ്ടാകും.
കോരിയേറ്റുന്നു.

ആലുവായിൽ, വിനോദിനോടൊപ്പം പലതവണ വന്നിട്ടുണ്ട്.
വീട്ടിൽ നിന്നും, പെരുംനുണകൾ പറഞ്ഞ് പുറത്തിറങ്ങിയിട്ട്,
ഇവിടുത്തേ തിയേറ്ററുകളിൽ കണ്ട സിനിമകൾ.

തിയേറ്ററിലെ ഇരുട്ട്.
വിനോദിന്റെ അരുതായ്മകൾ.
എതിർപ്പുകളേ തീർത്തും അവഗണിച്ച, അവന്റെ വിരലുകളുടെ തേടലുകൾ.
തല വേദനിച്ചെന്നോണം, ഒരാൾ അടുത്ത സീറ്റിൽ കൈത്തണ്ടയിൽ മുഖം ചേർത്തു കിടക്കുന്നു.

അയാളുടെ മിഴികൾ തങ്ങളുടെ നേർക്കാണെന്ന ബോധ്യം വന്നപ്പോൾ, ചൊവ്വേയിരിക്കാൻ അവനേ ശാസിച്ചത്;
തിയേറ്ററിനു പുറത്തേ റെസ്റ്റോറന്റിലെ, ബിരിയാണിയുടെ രുചി.

വിട പറഞ്ഞ്,
ഒറ്റയ്ക്ക് ഒല്ലൂർക്കു മടങ്ങുമ്പോൾ അനുഭവപ്പെട്ട പനിച്ചൂട്.

ഇടപ്പിള്ളി റെയിൽവേ സ്‌റ്റേഷൻ;
ഇത്രയധികം യാത്രക്കാരെ വിഴുങ്ങിയാണോ,
ഈ ഉരുക്കു പെരുമ്പാമ്പ് വന്നിരുന്നത് ?

തൊട്ടുടുത്ത ചേച്ചിയുടെ, ശൃംഗാരഭാഷണങ്ങൾക്കു വിരാമമായി.
പതിയേ എഴുന്നേറ്റ്, അവരും തിരക്കിലേക്കു മറഞ്ഞു.
ഫ്ലാറ്റുഫോമിലൂടെ, യാത്രക്കാരുടെ ഒരൊഴുക്കുണ്ടായി.

അമൃതയിലേക്കാണ്.
അവരേ പിന്നിലാക്കിക്കൊണ്ട്, തീവണ്ടി ഇഴഞ്ഞകന്നു.
പരുക്കൻ ഫ്ലാറ്റ്ഫോമിൽ നിന്നുമിറങ്ങി, ഇരുപുറം അവധാനതയോടെ വീക്ഷിച്ച് യാത്രികർ മറുകര തേടുന്നു.

ടെയിൻ കടന്നുപോയിട്ടും, ആ മടുപ്പിക്കുന്ന ഗന്ധം വായുവിൽ തങ്ങി നിന്നു.അവസാന കൽബഞ്ചിനരികിലേക്ക് ഓടിയെത്തുകയായിരുന്നു.
ഇല്ല, വിനോദ് എത്തിയിട്ടില്ല.
പരിഭ്രമം, മനസ്സിനേ കീഴടക്കാൻ തുടങ്ങി.

സെൽഫോണിൽ, അനേകം തവണ വിളിച്ചു നോക്കി.
ഇപ്പോൾ, റേഞ്ചുണ്ട്.
“നിങ്ങൾ ഡയൽ ചെയ്ത നമ്പർ, സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്”
എന്ന പെൺശബ്ദം, സ്ഫുടമായി കേൾക്കാം.

കാത്തിരിപ്പു തുടർന്നു.
ഡയൽ ചെയ്യലുകളും.
ഒരേ ഫലമായിരുന്നു എല്ലായിപ്പോഴും.
ഇപ്പോൾ, തീവണ്ടിയുടെ മുഷിഞ്ഞ ഗന്ധത്തേ കീഴടക്കി തൊട്ടപ്പുറത്തേ ഹോട്ടലിലേ മസാലദോശയുടെ മൊരിയുന്ന ഗന്ധം

നാസാദ്വാരങ്ങളിലേക്കെത്തി.
എത്ര രുചിയൂറുന്ന ഗന്ധം.
ഒരു കാപ്പി കുടിക്കാൻ, തോന്നുന്നു.

വിനോദുമൊത്ത് ആശുപത്രിയുടെ ഉള്ളിൽ എത്രയോ നേരം ഇരുന്നിട്ടുണ്ട്.
ആരാലും ശ്രദ്ധിക്കപ്പെടാതെ;
കുറുകിക്കുറുകി,
രോഗികളുടെയും ഉറ്റവരുടെയും വിഹ്വലതകളേ അറിയാതെ,

ആംബുലൻസുകളുടേ മൃത്യു സീൽക്കാരം ശ്രദ്ധിക്കാതെ, കഴിച്ചുകൂട്ടിയ മണിക്കൂറുകൾ.
നേരം, കുറേക്കൂടി മുന്നോട്ടു സഞ്ചരിച്ചു.

ഇപ്പോൾ റെയിൽവേ ജോലിക്കാരിൽ ചിലർ, തന്നേ ശ്രദ്ധിക്കാൻ തുടങ്ങിയെന്ന് അവൾക്കു ബോധ്യമായി.
‘മെമു’ കടന്നുപോയി.
ഇനി, തൽക്കാലം ഇവിടെ നിർത്തുന്നൊരു തീവണ്ടിയില്ല.

വിനോദിനെ, വീണ്ടും വിളിച്ചു.
സ്വിച്ച്ഡ് ഓഫ് പല്ലവി തുടർന്നു.
വാട്സ് ആപ്പിൽ, മെസേജ് കൊടുത്താലോ?
വാട്സ്ആപ്പിൽ, അവന്റെ മുഖച്ചിത്രവും ലാസ്റ്റ് സീനും അപ്രത്യക്ഷമായിരിക്കുന്നു.

ഫേസ്ബുക്ക്, ഓപ്പൺ ചെയ്തു.
ഇല്ല,വിനോദ് പരമേശ്വരൻ എന്ന പ്രൊഫൈൽ ഇല്ലാതായിരിക്കുന്നു.
എല്ലാ ബന്ധങ്ങളിൽ നിന്നും, അവൻ ഒഴിവായിരിക്കുന്നു.
അല്ല,

ഒഴിവാക്കിയിരിക്കുന്നു.
മനസ്സിലിപ്പോൾ കാണുന്ന വിനോദിന്റെ മുഖത്ത്, പ്രണയവും കാമവുമല്ലാ തെളിയുന്നത്.
അച്ഛനോടുള്ള അമിത വിധേയത്വത്തിൽ പഞ്ചപുച്ഛമടക്കി നിൽകുന്ന ഭീരുത്വമാണ്.

എന്തു ചെയ്യണം?
രണ്ടു വഴികൾ, മുന്നിൽ തെളിയുന്നു.
പ്രണയിനികളുടെ, പതിവു പാത.
മരണത്തിന്റെ, ഇരുളടഞ്ഞ വീഥി.
മറ്റൊന്നു, തിരിച്ചുപോക്കിന്റെ സരണി.
ആലോചനകളിൽ മുഴുകിയിരിക്കേ, വാട്സ്ആപ്പ് സന്ദേശ ശബ്ദം ചിണുങ്ങി നിന്നു.

അഭിലാഷാണ്;
പ്രതിശ്രുത വരൻ,അവനോടുള്ള ചാറ്റുകൾ, നിരനിരന്നു കിടപ്പുണ്ട്.
ഒരിക്കലും, അവനേ നിരാശപ്പെടുത്തിയിട്ടില്ല.

സന്ദേശം, വായിച്ചു.”എവിടെയാണ്?തിരക്കിലാണോ?ഞാൻ വിളിച്ചോട്ടേ”അവൾ, മറുപടിയെഴുതി.

“അഭീ, ഞാൻ കൂട്ടുകാരിയുടെ കൂടെ ബ്യൂട്ടിപാർലറിലാണ്.
എത്തീട്ടു വിളിക്കാം;
മിസ് യു….”

സന്ദേശം പോസ്റ്റു ചെയ്തശേഷം, അവൾ അതിവേഗം തിരികേ നടന്നു.
സ്വന്തം ജീവിതത്തിലെ, ഇനിയുള്ള ശരിവഴികൾ തേടി.
അതിദ്രുതം.

ഫോൺ വിറച്ചുതുള്ളി;
അമ്മയാണ്.
ജിത ഫോണെടുത്തു ഒരു നിമിഷമാലോചിച്ചു.
തിരികെയെത്താൻ വൈകിയതിനു കാരണമായ, ഒരു നുണയേ കണ്ടെത്താൻ.

നേരമപ്പോൾ, പതിനൊന്നര കഴിഞ്ഞിരുന്നു.
രണ്ടുമണിക്കു മുൻപേ വീടെത്താൻ, അവൾ ശ്രമമാരംഭിച്ചു.
യാത്ര തുടർന്നു;
സ്വന്തം ശരികളിലേക്കുള്ള ശുഭയാത്ര.

Leave a Reply

Your email address will not be published. Required fields are marked *