എന്റെ മോനെ വശീകരിച്ചെടുത്തു ആദ്യം, അതോടെഎന്റെ വീടു നശിച്ചു . ഇപ്പോ ദേഎന്റെ മോളുടെ ജീവിതവും നശിച്ചു .. വന്നു കയറിയ ഈ മൂധേവി കാരണം

  • (രചന: രജിത ജയൻ)

ചിലതൊക്കെ വീട്ടിൽ കാലു കുത്തിയാൽ കുലം തന്നെ മുടിഞ്ഞു പോവുമെന്ന് പറയുന്നതെത്ര ശരിയാണെന്റെ ഈശ്വരൻമാരെ …

എന്റെ മോനെ വശീകരിച്ചെടുത്തു ആദ്യം, അതോടെഎന്റെ വീടു നശിച്ചു . ഇപ്പോ ദേഎന്റെ മോളുടെ ജീവിതവും നശിച്ചു ..
വന്നു കയറിയ ഈ മൂധേവി കാരണം..

എന്റെ പെൺകൊച്ച് കെട്ടി കേറി ചെന്ന വീട്ടിലുള്ളവർക്കും അവളെക്കാൾ ഇഷ്ട്ടംഇവളെയാണെന്ന് പറയുമ്പോ ഇവളവരെയും മയക്കി എടുത്തല്ലോ ഈശ്വരാ ..

വൈകുന്നേരം സ്കൂൾ വിട്ട് ക്ഷീണിച്ച് വീട്ടിലേക്ക് വന്നു കയറുമ്പോഴേ ദൃശ്യ കണ്ടത് ഉമ്മറകോലായിലിരുന്ന് തന്നെ പ്രാകുന്ന അമ്മായി അമ്മയെ ആണ് ..

“ആ വന്നല്ലോ അശ്രീകരം പിടിച്ച കരിവണ്ട്…”ഇന്നിനി ആരെയൊക്കെ വല വീശി പിടിച്ചെന്ന് ആർക്കറിയാം .. ത്ഫൂ …”

ഇന്നത്തെ പ്രശ്നം എന്താണാവോന്ന് ചിന്തിച്ചു മെല്ലെ അകത്തേക്ക് നടക്കുന്നതിനിടയിൽ തന്നെ പറ്റി പറഞ്ഞ് മുറ്റത്തേക്ക് നീട്ടി കാർക്കിച്ച് തുപ്പുന്ന അവരെ കണ്ടപ്പോൾ എത്ര അടക്കി നിർത്താൻ ശ്രമിച്ചിട്ടും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി ..

അരുണേട്ടന്റെ ഭാര്യയായ് ഈ വീട്ടിൽ വന്നു കയറിയതു മുതൽ കേട്ടു തുടങ്ങിയതാണ് അമ്മയുടെ ഈ കുറ്റപ്പെടുത്തൽ …വീട്ടുകാർ പരസ്പരംആലോചിച്ച് ഉറപ്പിച്ചതു തന്നെയായിരുന്നു തങ്ങളുടെ വിവാഹം..

ബി എഡ് പഠനം കഴിഞ്ഞയുടനെ തന്നെ അടുത്തുള്ളൊരു സർക്കാർ സ്ക്കൂളിൽ തനിക്ക് ജോലി കിട്ടിയതിനാൽ ജോലി ഉള്ള ഒരാളെ തന്നെയാണ് തനിക്ക് തന്റെ വീട്ടുക്കാരും നോക്കിയത്

എന്നാൽ തന്റെ ജാതകത്തിലെ ചില പ്രശ്നങ്ങൾ കാരണം ഒടുവിൽ ഗൾഫുക്കാരനായ അരുണേട്ടന്റെ ആലോചന വീട്ടുകാർ സ്വീകരിക്കുകയായിരുന്നു..

അച്ഛൻ ചെറുപ്പത്തിലേ നഷ്ട്ടപ്പെട്ട അരുണേട്ടന് അമ്മയും ചേച്ചിയും അനിയനുമാണ് ഉണ്ടായിരുന്നത് ..

സന്തോഷത്തോടെ വിവാഹം കഴിഞ്ഞിങ്ങോട്ട് വന്നു കയറിയപ്പോഴാണ് മനസ്സിലായത്, അല്പം ഇരുണ്ട നിറമുള്ള തന്നെ മരുമകളായ് സ്വീകരിക്കാൻ അരുണേട്ടന്റെ അമ്മയ്ക്ക് തീരെ ഇഷ്ട്ടം ഉണ്ടായിരുന്നില്ല എന്നത് ..

തന്നെ മാത്രമേ കെട്ടുള്ളു എന്ന അരുണേട്ടന്റെ വാശിക്ക് മുമ്പിലീ കല്യാണത്തിന് അമ്മ സമ്മതിക്കുമ്പോൾ അവരുടെ മുമ്പിൽ താനവരുടെ മകനെ വലവീശിപ്പിടിച്ചവളായ് മാറുകയായിരുന്നു …

അന്നുതൊട്ട് ഈ കഴിഞ്ഞ മൂന്നു വർഷക്കാലവും അമ്മയുടെ ദേഷ്യത്തിലും പ്രാക്കിലുമാണ് തന്റെ ഒരു പകൽ തുടങ്ങുന്നതും തീരുന്നതും ..

അരുണേട്ടൻ കൂടെയുള്ളപ്പോ വലിയ പ്രശ്നങ്ങൾ പുറത്തേക്ക് ഉണ്ടാക്കില്ലെങ്കിലും ഏട്ടൻ തിരികെ പോയ് കഴിഞ്ഞാൽ അതിന്റെ പകരം കൂടി അമ്മ തന്നോട് തീർക്കും…

ആദ്യകാലങ്ങളിലെല്ലാം അരുണേട്ടനോട് സങ്കടങ്ങൾ പറയുമായിരുന്നെങ്കിലും അമ്മയ്ക്കും ഭാര്യയ്ക്കുമിടയിൽ അദ്ദേഹം വല്ലാതെ ബുദ്ധിമുട്ടുന്നുവെന്ന് തോന്നിയപ്പോൾ താൻ പിന്നെയൊന്നും ഏട്ടനോട് പറയാതെയായ് …

ഓരോന്നും ചിന്തിച്ചു ദൃശ്യ വേഗം സാരി മാറ്റി അടുക്കളയിലേക്ക് ചെന്നെങ്കിലും അടുക്കളയുടെ അകം വൃത്തിഹീനമായ് കിടക്കുന്നതു കണ്ടവളുടെ കണ്ണു നിറഞ്ഞു..

സ്ക്കൂളിലെ കുട്ടികളോട് ശബ്ദമുയർത്തി സംസാരിച്ചതുകൊണ്ട് സഹിക്കാൻ വയ്യാത്ത തലവേദനയും കൊണ്ടാണ് വീട്ടിൽ വന്നത് …

ഇവിടെ സ്വൈര്യവും സമാധാനവും ഇല്ലാന്നുള്ളതോ പോട്ടെ ഒരു ഗ്ലാസ്ചായ ഇട്ടു കുടിക്കാമെന്ന് കരുതിയാൽ അതിനു പോലും പറ്റാത്ത വിധത്തിലാണ് അടുക്കളയിൽ സാധനങ്ങൾ വലിച്ചു വാരി നിരത്തിയിട്ടേക്കുന്നത്…

രാവിലെ പണികൾ എല്ലാം കഴിഞ്ഞതിനു ശേഷം വൃത്തിയാക്കി താനിട്ട അടുക്കളയുടെ അപ്പോഴത്തെ കോലം കണ്ടതും അവളിൽ ദേഷ്യവും സങ്കടവും ഒരു പോലെ നിറഞ്ഞു..

“ഏടത്തി അമ്മേ…,,പിന്നിലൊരു വിളിയൊച്ച കേട്ടതും അവൾ തിരിഞ്ഞു നോക്കി ..”ആദർശ് …അരുണേട്ടന്റെ അനിയൻ ..ബാംഗ്ലൂരിൽ എം ബി എ ചെയ്യുകയാണവൻ ..

ഇവനെപ്പോഴെത്തി .. ?
അവളോർത്തു ..”ആദർശ് … നീയെപ്പോഴെത്തി ബാംഗ്ലൂരിൽ നിന്ന് ..?

അവനെ കണ്ട സന്തോഷത്തിൽ തന്റെ സങ്കടങ്ങൾ മറന്നവൾ അവനോട് ചോദിക്കുമ്പോൾ അവൻ ശ്രദ്ധിച്ചത് അവളുടെ നിറഞ്ഞ കണ്ണുകളായിരുന്നു …

“ഞാൻ രാവിലെ എത്തിയിരുന്നു ഏടത്തി അമ്മേ ..ഏടത്തിയമ്മ പോയ പുറകെ തന്നെ ….

അവൻ പറയുന്നതിനിടയിൽ അവൾ ചായപാത്രം സിങ്കിൽ നിന്നെടുത്ത് കഴുകി ചായക്കു വെള്ളം വെച്ചു …

വിശേഷങ്ങൾ പറയുന്നതിനിടയിൽ വേഗം തന്നെ അവൾ അടുക്കള വൃത്തിയാക്കി ..”ഓ…. ഏട്ടനെ പോരാന്നു തോന്നീട്ടാവും ല്ലേ ഇനിയിപ്പോ അനിയനെ കൂടി വശത്താക്കാൻ നോക്കുന്നത് അല്ലേടീ…. ?

“എന്റെ മോളുടെ കെട്ടിയവനും നിന്നെയാണിഷ്ട്ടം .. നിന്നെ കണ്ടു പഠിക്കാനാ അവൻ എന്റെ മോളോട് പറയുന്നത് ..അതും പറഞ്ഞ് സങ്കടപ്പെട്ട് കരയുവാണെന്റെ മോള്..

” അതിനിടയിലിതാ അവള് കെട്ടിയവന്റെ അനിയനെ കൂടി പാട്ടിലാക്കുന്നു .. നിനക്കെങ്ങനെ പറ്റുന്നെടീ ഇങ്ങനെ ആണുങ്ങളെ മയക്കി എടുക്കാൻ …?

വാതിൽക്കൽ നിന്നമ്മ ദേഷ്യത്തിൽ ഉറക്കെ ചോദിച്ചതും കേൾക്കാൻ പാടില്ലാത്തത് കേട്ട ഞെട്ടലിൽ ദൃശ്യയുടെ കയ്യിൽ നിന്ന് ചായ ഗ്ലാസ് നിലത്തുവീണ് ചിതറി..

“അമ്മേ… അമ്മ എന്താണ് പറയുന്നതെന്ന് അമ്മയ്ക്ക് വല്ല ബോധവുമുണ്ടോ ..?” ഇതേ എന്റെ ഏടത്തി അമ്മയാണ്.. അമ്മയേയും ചേച്ചിയേയും പോലെ ഞാൻ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന എന്റെ ഏട്ടന്റെ ഭാര്യ ..

“ഓ… നീ ഇവൾക്കു വേണ്ടി എന്നോടു തർക്കുത്തരം പറയാൻ മാത്രം വളർന്നു അല്ലേടാ… ?”കൊള്ളാടി നിന്റെ കൈവിഷം കൊള്ളാം …” എന്റെ മക്കളുടെ ജീവിതം ഈ മൂധേവികാരണം നശിച്ചല്ലോ ഈശ്വരൻമാരെ ..

“എന്റെ ആൺമക്കളെയെല്ലാം വശത്താക്കി അവളെനിക്ക് നേരെ തിരിച്ചല്ലോ ഈശ്വരൻമാരെ..,
എന്റെ കുടുംബം നശിപ്പിച്ചല്ലോ ഇവള്..

നെഞ്ചത്തടിച്ചു കരഞ്ഞുകൊണ്ടവർ മുറിയിലേക്ക് പോയതും നിറഞ്ഞൊഴുക്കുന്ന കണ്ണുകളുമായ് ദൃശ്യ ആദർശിനു മുമ്പിൽ നിന്നുവേഗം തന്റെ മുറിയിലേക്ക് പോയി…

ആദർശിനെ ചേർത്തമ്മ തന്റെ പേരു പറഞ്ഞ ഞെട്ടലിലായിരുന്നു ദൃശ്യ..തന്നോടുള്ള ദേഷ്യത്തിൽ എന്തൊക്കെയാണവർ പറഞ്ഞും കാണിച്ചും കൂട്ടുന്നത് … ?

ഇതിങ്ങനെ മുമ്പോട്ടു പോയാൽ എന്താവും…?ദൃശ്യ ഓരോന്നും ചിന്തിക്കുന്നതിനിടയിൽ പെട്ടന്നാണ് ഫോൺ ബെല്ലടിച്ചത് .. നോക്കുമ്പോൾ അരുണാണ് ..

“ഹലോ ദൃശ്യാ…,ഫോണെടുത്ത് ചെവിയോരം ചേർത്തതും അവളുടെ കാതിനുള്ളിലേക്ക് അരുണിന്റെ ശബ്ദം ഒരു സാന്ത്വനം പോലെ വന്നിറങ്ങി..

സങ്കട കടലിന്റെ നടുവിൽ നിൽക്കുമ്പോൾ സാന്ത്വനമായ് വന്ന അവന്റെ ശബ്ദം കേട്ടതും, ശബ്ദം നഷ്ട്ടപ്പെട്ടവളായൊരു നിമിഷം ദ്യശ്യ നിന്നു ..

ആർത്തലച്ചു വന്നൊരു കരച്ചിൽ തൊണ്ടയിൽ തങ്ങിനിന്നതും മിടിക്കാൻ മറന്നെന്ന പോലെ തന്റെ ഹൃദയം നിശ്ചലമാവുന്നതും ദ്യശ്യ അറിയുന്നുണ്ടായിരുന്നു ..

“ദൃശ്യാ… മോളെ…,,കാതിനരികെ വീണ്ടും അരുണിന്റെ ശബ്ദം ….”അരുണേട്ടാ …..ഫോണിലൂടെ ആർത്തലച്ചുള്ള ദൃശ്യയുടെ കരച്ചിൽ ചെന്നു തറച്ചത് അരുണിന്റെ നെഞ്ചിലായിരുന്നു …

എന്റെ പെണ്ണ്….
എന്റെ പാവം പെണ്ണ് ..പരാതികളും പരിഭവങ്ങളും നെഞ്ചിലൊളിപ്പിച്ച് തന്നെ സങ്കടപ്പെടുത്താതിരിക്കാൻ തന്റെ മുമ്പിൽ സന്തോഷമഭിനയിക്കുന്ന തന്റെ പെണ്ണ്..

ഇത്രയും വലിയൊരു സങ്കട കടലവൾ നെഞ്ചിലൊളിപ്പിച്ചിരുന്നോ ?ആദർശ് വിളിച്ചു വിവരങ്ങൾ പറയുമ്പോഴാണ് താനിതെല്ലാം അറിയുന്നത് ..

ദൃശ്യയുടെ കുറ്റങ്ങൾ അമ്മ പറയുമ്പോഴും അവളെ ഇഷ്ട്ടമില്ലാത്തതു കൊണ്ട് വെറുതെ പറയുന്നു എന്നു മാത്രമേ കരുതിയുള്ളു

അമ്മയുടെ മനസ്സിൽ ഇത്രമാത്രം വിഷം ഉണ്ടായിരുന്നെന്ന് ,പകയുണ്ടായിരുന്നെന്ന് തിരിച്ചറിഞ്ഞത് ആദർശ് പറഞ്ഞപ്പോൾ മാത്രമാണ് ..

അവന്റെ നെഞ്ചകം അവളോടുള്ള സ്നേഹത്താൽ വിങ്ങി..ഒരുപാട് നേരത്തെ പരിഭവങ്ങൾക്കും സങ്കടം പറച്ചിലുകൾക്കുമൊടുവിൽ ദൃശ്യ ഫോൺ വെക്കുമ്പോൾ അവളിലൊരു പോസറ്റീവ് എനർജി നിറയ്ക്കാൻ അരുണിനായിരുന്നു

പിറ്റേ ദിവസം പതിവിലും വൈകിയാണ് ദൃശ്യ എഴുന്നേറ്റത് ..ചില തീരുമാനങ്ങൾ എടുത്തിട്ടു തന്നെ ..

ആദർശ് പുലർച്ചെയുള്ള ബസ്സിനു തന്നെ മടങ്ങി പോവുമെന്ന് തലേ ദിവസം അരുണവളോട് പറഞ്ഞിരുന്നു ..

“കെട്ടിലമ്മ നേരം വെളിച്ചായതറിഞ്ഞില്ലേ..?” ബാക്കിയുള്ളവർ ഒരു ചായ കുടിയ്ക്കാനിനി ചായകടയിലേക്ക് പോണോ.. ?”വേഗം പോയൊരു ചായ ഇട്ടു കൊണ്ടു വാടി…

അടുക്കളയിലേക്ക് ചെന്നതും ഉറഞ്ഞു തുള്ളി കൊണ്ട് അരുണിന്റെ അമ്മ അവളോട് പറഞ്ഞു ..

ദൃശ്യ യാതൊരു തിരക്കുമില്ലാതെ രണ്ടു ചായ ഉണ്ടാക്കി തനിക്കുള്ള ചായ മാത്രമൊരു ഗ്ലാസിലൊഴിച്ച് മെല്ലെ ആസ്വദിച്ചു കുടിച്ചു കൊണ്ട്ഫോൺ നോക്കിയിരുന്നു..

“എനിക്കൊരു ചായയിട്ടു തരാൻ പറഞ്ഞിട്ട് നീയിവിടെയിരുന്ന് ചായ കുടിക്കുന്നോ അശ്രീകരമേ.. ?

ദേഷ്യത്തിൽ പറഞ്ഞു കൊണ്ട് ദൃശ്യയ്ക്ക് നേരെ അരുണിന്റെ അമ്മ ചീറിയടുത്തപ്പോൾ കയ്യിലിരുന്ന ചായ ഗ്ലാസ് ദൃശ്യ നിലത്തേക്കാഞ്ഞെിറഞ്ഞു.

ചായയും കുപ്പി ചില്ലുകളും അടുക്കളയുടെ പല ഭാഗത്തേയ്ക്ക് ചിന്നി ചിതറി തെറിച്ചു പോയ്..

ദൃശ്യയുടെ ഭാവമാറ്റം കണ്ട്ഞെട്ടിപ്പോയിരുന്നു അരുണിന്റെ അമ്മ.അതുവരെ അവർകാണാത്തൊരു മുഖമായിരുന്നു അവൾക്കപ്പോൾ …

പ്രഭാത ഭക്ഷണമോ ഉച്ചയ്ക്കത്തേക്കുള്ള മറ്റു ആഹാരസാധനങ്ങളോ ഉണ്ടാക്കാതെ പതിവിലും നേരത്തെ കുളിച്ച് ദൃശ്യ സ്കൂളിലേക്കൊരുങ്ങി പോണതു കണ്ടപ്പോൾ അമ്മയുടെ മുഖം അവളോടുള്ള പകയിൽ എരിഞ്ഞു ..

അന്നു വൈകുന്നേരം ദൃശ്യ സ്കൂൾ വിട്ടു വരുമ്പോൾ വീട്ടിൽ അമ്മയെ കൂടാതെ അരുണിന്റെ ചേച്ചി കൂടെയുണ്ടായിരുന്നു ..

തന്നെ ചോദ്യം ചെയ്യാൻ വേണ്ടി അമ്മ വിളിച്ചു വരുത്തിയതാണ് ചേച്ചിയെ എന്നോർത്തപ്പോൾ അവളുടെ ഉള്ളിൽ അവരോടുള്ള ദേഷ്യം വർദ്ധിച്ചു..

ഓരോന്നും പറഞ്ഞ് അമ്മയെ തനിക്കെതിരായ് തിരിയ്ക്കുന്നതിൽ ചേച്ചിയുടെ പങ്ക് വലുതാണെന്ന് അരുണേട്ടൻ ഇന്നലെ പറഞ്ഞപ്പോൾ തുടങ്ങിയതാണ് മനസ്സിലവരോടുള്ള ദേഷ്യം…

ഓരോരോ ആവശ്യങ്ങൾ പറഞ്ഞ് തന്റെ മൂന്ന് വളയും ഒരു മാലയും അവർ അമ്മയെ കൊണ്ട് തന്നിൽ നിന്ന് വാങ്ങിയെടുപ്പിച്ചിട്ടുണ്ട് ,പോരാത്തതിന് തനിക്ക് ശമ്പളം കിട്ടുമ്പോൾ അതിൽനിന്നും വാങ്ങും നല്ലൊരു സംഖ്യ പലപ്പോഴും ..

ചേച്ചിക്ക് ഒന്നും കൊടുക്കുന്നതിന് താനിന്നലെവരെ എതിരല്ലായിരുന്നു പക്ഷെ ഇന്നു മുതലങ്ങനെയല്ലാന്ന് മനസ്സിലുറപ്പിച്ചു തന്നെയാണ് ദൃശ്യയും അവർക്ക് മുന്നിലേക്ക് ചെന്നത്..

അവരെ നോക്കിയെന്ന് ചിരിച്ചെന്നു വരുത്തിയവൾ അകത്തേക്ക് പോവാനൊരുങ്ങിയതും അവൾക്ക് മുന്നിൽ തടസ്സമായ് ചേച്ചി കയറി നിന്നു…

“നീ എങ്ങോട്ടാ ദൃശ്യേ ഇത്ര ധൃതി പിടിച്ച് പോവുന്നത് ..? ഞാനിവിടെ നിൽക്കുന്നത് നീ കണ്ടില്ലേ..?

ചേച്ചി അവളോട് അല്പംദേഷ്യത്തിൽ ചോദിച്ചു ..കണ്ടെങ്കിൽ….?അവൾ ചേച്ചിയെ നോക്കി മറുചോദ്യമെറിഞ്ഞു

അങ്ങനെയൊരു മറുപടി അവളിൽ നിന്ന് പ്രതീക്ഷിച്ചിട്ടില്ലാത്ത ചേച്ചി പതറിപ്പോയ് ആ മറുചോദ്യത്തിനു മുമ്പിൽ..

അമ്മയേയും മോളെയേയും പറ്റെ അവഗണിച്ചു കൊണ്ടവൾ മുറിയിൽ ചെന്ന് വസ്ത്രം മാറിയിട്ടടുക്കളയിലേക്ക് ചെന്നു ..അടുക്കള വൃത്തിയാക്കിയിട്ടിരിക്കുന്നതു കണ്ടവളുടെ ചുണ്ടിലൊരു ചിരി വിരിഞ്ഞു

തന്നെ തന്നെ ശ്രദ്ധിച്ച് അടുക്കള വാതിൽക്കൽ നിൽക്കുന്ന അമ്മയേയും ചേച്ചിയേയും ശ്രദ്ധിക്കാതെ ദൃശ്യ ഒരു ഗ്ലാസ് ചായ ഉണ്ടാക്കി ബിസ്ക്കറ്റും കൂട്ടി കുടിയ്ക്കാൻ തുടങ്ങി …

ദൃശ്യ മനപ്പൂർവ്വം തന്നെ അവഗണിക്കുകയാണെന്ന് മനസ്സിലായ ചേച്ചി വീണ്ടും ദേഷ്യത്തിലവളുടെ മുന്നിലേക്ക് ചെന്നു..

“ആ ചേച്ചി, ഞാൻ ചേച്ചിയെ ഒന്നു കാണാൻ ഇരിക്കായിരുന്നു
ചേച്ചി വാങ്ങിച്ചോണ്ടു പോയ എന്റെയാ സ്വർണ്ണമൊന്നും ഇതുവരെ തിരിച്ചു തന്നില്ലല്ലോ .. ?

അവൾ ചോദിച്ചതും പകച്ചെന്ന പോലെ ചേച്ചി അമ്മയെ നോക്കിദൃശ്യയിൽ നിന്നങ്ങനെ ഒരു ചോദ്യം അവർ ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ലായിരുന്നു ..

“അതു ഞങ്ങൾ തിരിച്ചു തന്നില്ലെങ്കിൽ നീ എന്തു ചെയ്യുമെടീ ..?അമ്മ വീര്യത്തോടെ അവൾക്കു നേരെ കയർത്തു

“തന്നില്ലെങ്കിൽ ഞാൻ നിങ്ങൾക്കെതിരെ കേസ് കൊടുക്കും”എന്റെ കയ്യിൽ ഞാനവ വാങ്ങിയതിന്റെ തെളിവുണ്ട്, ഈ വീട്ടിലേക്ക് വരുമ്പോൾ ഞാനത് ഇട്ടു കൊണ്ടുവന്നതിനും തെളിവുണ്ട് ..

“നിങ്ങൾ അഴിയെണ്ണുന്നത് ഞാൻ കാണിച്ചു തരാം ..”സ്വർണ്ണത്തിന്റെ പേരിൽ മാത്രമല്ല നിറത്തിന്റെ പേരിലെന്നെ പരിഹസിക്കുന്നതുൾപ്പെടെ എന്റെ ശമ്പളം പിടിച്ചു വാങ്ങി നിങ്ങളുടെ ചെറിയ മകനെ പഠിപ്പിക്കുന്നതടക്കം ഞാൻ വിളിച്ചു പറഞ്ഞ് കേസ്സാക്കിയാൽ നിങ്ങൾ മാത്രമല്ല നിങ്ങളുടെ മകനായ എന്റെ ഭർത്താവു വരെ അകത്താണ് .. അറിയ്യോ നിങ്ങൾക്ക് .

ദൃശ്യ ചേച്ചിയെ പിടിച്ചുകുലുക്കി കൊണ്ട് ഉറക്കെ ചോദിച്ചപ്പോൾ ഞെട്ടി പോയിരുന്നു അമ്മയും ചേച്ചിയും..

അമ്മ എന്തോ പറയാനായ് വാ തുറന്നതും ചുണ്ടിൻമേൽവിരലമർത്തി അവരെ നോക്കി ദൃശ്യ..

“ശ് …. മിണ്ടരുത് നിങ്ങൾ, നിങ്ങളിപ്പോ കരുതുന്നുണ്ടാവും നിങ്ങളുടെ മകനോട് പറഞ്ഞെന്നെ അങ്ങ് ഒഴിവാക്കാമെന്ന്.. വെറുതെയാണ് ട്ടോ നിങ്ങളുടെ രണ്ടാൺ മക്കളും ദേ എന്റെയീ വിരൽ തുമ്പിലെ പാവകളാണ് ..

” അവർ ഞാൻ പറയുന്നതേ കേൾക്കൂ ,ഞാൻ പറയുന്ന തേ അനുസരിക്കൂ മനസ്സിലായോ ..?

“വേണ്ടാ ,വേണ്ട വെക്കുമ്പോൾ തലയിൽ കയറുന്ന പരിപാടി അങ്ങ് നിർത്തിയേര് തള്ളയും മോളും .. മര്യാദയ്ക്കാണെങ്കിൽ മര്യാദ അല്ലെങ്കിൽ ….

ഭീഷണിയുടെ സ്വരത്തിൽ പറഞ്ഞു കൊണ്ട് ദൃശ്യ സ്വന്തം മുറിയിലേക്ക് പോയപ്പോൾ അവളുടെ മനസ്സിൽ തലേന്ന് രാത്രി അരുൺ പറഞ്ഞ കാര്യങ്ങളായിരുന്നു..

പെണ്ണിന് ശത്രുവായ് തീരുന്നത് പെണ്ണ് തന്നെയാണെങ്കിൽ അതിനെതിരെ ആദ്യം പ്രതികരിക്കേണ്ടതും പെണ്ണ് തന്നെയാണെന്ന് ..

അവളുടെ ഒപ്പം എന്തു കാര്യത്തിനും നല്ല പാതിയായ്അരുണും കൂടപ്പിറപ്പായ് ആദർശും ഉണ്ടാവുമെന്ന ഉറപ്പവളിൽ ഉള്ളടത്തോളം അവളെ ജയിക്കാനിനി ആ വീട്ടിലൊരാളില്ല ….

Leave a Reply

Your email address will not be published. Required fields are marked *