(രചന: ശിവ)
രാവിലെ സുധാമണിയുടെ വീട്ടിൽ നിന്നും ഉറക്കെയുള്ള നിലവിളി കേട്ടാണ് നാട്ടുകാർ അങ്ങോട്ടേക്ക് ഓടികൂടിയത്.
“എന്താ ചേച്ചി? എന്ത് പറ്റി?” വീടിനുള്ളിലേക്ക് ഓടികൂടിയവരിൽ ആരോ ഹാളിന്റെ ഒരു മൂലയ്ക്ക് തലയിൽ കൈതാങ്ങി ഏങ്ങി കരയുന്ന സുധാമണിയോട് ചോദിച്ചു.
“സുധേച്ചി… എന്താ പറ്റിയെ?” അയൽക്കാരി ശാന്തി അവർക്കരികിലേക്ക് വന്നിരുന്നു.
“എന്റെ മോൻ…. അവൻ… അവിടെ…” വലത് വശത്തെ മുറിയിലേക്ക് വിരൽ ചൂണ്ടി സുധാമണി അലറിക്കരഞ്ഞു.
എല്ലാവരുടെയും നോട്ടം വലത് വശത്തെ മുറിയിലേക്ക് നീണ്ടു. ഒരു നിമിഷം ആ കാഴ്ച കണ്ട് ഏവരും ഒരുപോലെ നടുങ്ങി.
ഇരുപത്തിരണ്ട് കാരനായ സുധാമണിയുടെ മകൻ അഖിൽ ഫാനിൽ തൂങ്ങി നിൽക്കുകയാണ്. കണ്ണുകളൊക്കെ തുറിച്ചുന്തി നാക്ക് കടിച്ചുപിടിച്ച്… ആ കാഴ്ച അധിക നേരം കണ്ട് നിൽക്കാൻ കഴിയാനാവാതെ മിക്കവരും മുഖം തിരിച്ചു കളഞ്ഞു.
“എന്റെ മോൻ… അവൻ… പോയി ശാന്തേ.”ശാന്തിയുടെ മടിയിലേക്ക് വീണ് സുധാമണി വിലപിച്ചു കൊണ്ടിരുന്നു. സംഗതിയുടെ ഗൗരവം മനസ്സിലാക്കിയ ഹൗസിങ് കോളനിയിലെ സെക്രട്ടറി സമചിത്തത വീണ്ടെടുത്ത് ഉടനെതന്നെ പോലീസിൽ വിളിച്ചു അവരോട് വിവരം പറഞ്ഞു.
“ആരും മുറിയിലേക്ക് കടക്കരുത്. പോലീസിനെ വിളിച്ചിട്ടുണ്ട്. അവരുടനെ എത്തും. നമുക്കെല്ലാവർക്കും പുറത്തിറങ്ങി നിൽക്കാം.”സെക്രട്ടറി ഐസക് എല്ലാവരോടുമായി പറഞ്ഞു.
വീടിനുള്ളിൽ കൂട്ടം കൂടി നിന്ന ആളുകൾ അയാളുടെ നിർദേശ പ്രകാരം പുറത്തേക്കിറങ്ങി. അയൽക്കാരായ സ്ത്രീകളിൽ ചിലർ ചേർന്ന് സുധാമണിയെ താങ്ങിപ്പിടിച്ചു വരാന്തയിൽ കൊണ്ടിരുത്തി. ആരോ അവർക്ക് കുടിക്കാൻ വെള്ളമൊക്കെ കൊണ്ട് കൊടുത്തു.
ബാങ്ക് ജീവനക്കാരിയായ സുധാമണിയുടെയും പ്രവാസിയായ ഉത്തമന്റെയും ഒരേയൊരു മകനാണ് മരണപ്പെട്ട അഖിൽ. ഇരുപത്തി രണ്ട് കാരനായ അഖിൽ പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ നിന്നും മാസ്സ് കമ്മ്യൂണിക്കേഷനിൽ പിജി കഴിഞ്ഞു എക്സാം എഴുതി റിസൾട്ട് കാത്തിരിക്കുകയായിരുന്നു.
രാവിലെ ചായയുമായി മോനെ വിളിക്കാൻ ചെന്ന സുധാമണി കാണുന്നത് ഫാനിൽ തൂങ്ങി നിൽക്കുന്ന മകനെയാണ്. അവരുടെ കൈയ്യിൽ നിന്നും നിലത്തേക്ക് വീണ് ചിതറിയ ചായക്കപ്പിന്റെ കഷ്ണങ്ങൾ മുറിയിൽ അങ്ങിങ്ങായി കിടപ്പുണ്ട്. ചായക്കറ വെളുത്ത ടൈലിൽ പറ്റിപ്പിടിച്ചു തുടങ്ങിയിരുന്നു.
പതിനഞ്ചു നിമിഷങ്ങൾക്കുള്ളിൽ തന്നെ സി ഐ ഹമീദും സംഘവും സംഭവ സ്ഥലത്ത് എത്തിച്ചേർന്നു. പോലീസിനെ കണ്ടതും ആളുകൾ ഇരുവശത്തേക്കും വഴിയൊഴിഞ്ഞു നിന്നു.
ഗേറ്റിനുള്ളിലേക്ക് കയറ്റി നിർത്തിയ ജീപ്പിൽ നിന്നും ഹമീദും സംഘവും പുറത്തിറങ്ങി. ചുറ്റുപാടൊക്കെ ഒന്ന് വീക്ഷിച്ച് ആൾക്കൂട്ടത്തെയൊന്ന് നോക്കി ഹമീദ് വീടിനുള്ളിലേക്ക് കാലെടുത്തു വച്ചു. അപ്പോഴാണ് വരാന്തയുടെ ഒരു മൂലയ്ക്കിരുന്ന് കരയുന്ന സുധാമണിയെ അയാൾ ശ്രദ്ധിച്ചത്.
“മരിച്ച പയ്യന്റെ അമ്മയാണ് സർ.” കോൺസ്റ്റബിൾ രാധാകൃഷ്ണൻ ഹമീദിനോട് പറഞ്ഞു.
“മ്മ്മ്മ്…” അവരെയൊന്ന് ഇരുത്തി നോക്കിയിട്ട് അയാൾ കോൺസ്റ്റബിളിനൊപ്പം അകത്തേക്ക് പോയി.
പോലിസ് സംഘവും ഫോറെൻസിക് ഉദ്യോഗസ്ഥരുമൊക്കെ അവരുടെ ജോലി ചെയ്യുകയാണ്. അഖിൽ തൂങ്ങി നിൽക്കുന്നത് ശ്രദ്ധിച്ചുകൊണ്ട് സി ഐ ഹമീദ് ആ മുറിയിലേക്ക് പ്രവേശിച്ചു. അയാളുടെ കണ്ണുകൾ കുറുക്കനെ പോലെ ചുറ്റുപാടും പരതി നടന്നു.
തറയിൽ വീണ് പൊട്ടിച്ചിതറി കിടക്കുന്ന ചായ കപ്പും ടൈലിൽ ഉണങ്ങിപ്പിടിച്ച ചായക്കറയും ഹമീദ് പ്രത്യേകം നോട്ട് ചെയ്തു. പിന്നെ അയാളുടെ നോട്ടം ചെന്ന് നിന്നത് അഖിലിന് നേർക്കാണ്.
ഒരു നീല നിറത്തിലെ കോട്ടൺ സാരിയിലാണ് അവൻ തൂങ്ങി നിൽക്കുന്നത്. ഒരു മൊബൈൽ ഫോൺ തറയിൽ ചിതറി കിടക്കുന്നുണ്ട്. സാധനങ്ങളൊക്കെ അങ്ങിങ്ങായി വലിച്ചുവാരി ഇട്ടിട്ടുണ്ട്. തൂങ്ങാനായി കയറി നിന്ന സ്റ്റൂൾ കട്ടിലിന് സമീപം മറിഞ്ഞു വീണ് കിടക്കുന്നുണ്ട്.
എല്ലാമോന്ന് ഓട്ട പ്രദക്ഷിണം നടത്തിയിട്ട് ഹമീദ് മറ്റ് മുറികൾ കൂടി പരിശോധന നടത്തി. ഒറ്റ നിലയിൽ വരാന്തയും ഹാളും മൂന്ന് മുറികളും ഒരു അടുക്കളയും അതിനോട് ചേർന്നൊരു വർക്ക് ഏരിയയുമാണ് വീടിന്. മൂന്നു മുറികളും ബാത്റൂം അറ്റാച്ഡ് ആണ്.
വീട് മുഴുവൻ നോക്കി വന്ന ശേഷം കെട്ടഴിച്ചു നിലത്ത് കിടത്തിയിരുന്ന അഖിലിന്റെ ബോഡിയിൽ സംശയത്തോടെ മിഴികളൂന്നി നിൽക്കുകയാണ്.
“പ്രഥമ ദൃഷ്ട്യ ഇതൊരു സൂയിസൈഡ് തന്നെയാണ് സർ. മുറിയിൽ നിന്ന് ആത്മഹത്യാ കുറിപ്പൊന്നും കണ്ട് കിട്ടിയിട്ടില്ല.” ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി അയാൾക്കടുത്ത് വന്ന് നിന്ന് കോൺസ്റ്റബിൾ രാധാകൃഷ്ണൻ പറഞ്ഞു.
“ഉം… താൻ ആ പയ്യന്റെ അമ്മയോട് ആ മുറിയിൽ വന്നിരിക്കാൻ പറയൂ.””ശരി സർ…” ഹമീദിന് സല്യൂട്ട് നൽകി രാധാകൃഷ്ണൻ പുറത്തേക്ക് പോയി.
“നിങ്ങളെ എസ് ഐ സർ വിളിക്കുന്നുണ്ട്. അങ്ങോട്ട് വന്നിരിക്കൂ.” ശക്തിയുടെ തോളിൽ ചാരി കണ്ണുകലടച്ചു കിടക്കുകയായിരുന്ന സുധാമണിയോട് കോൺസ്റ്റബിൾ പറഞ്ഞു.
“സർ… ഈ അവസ്ഥയിൽ തന്നെ ഒരു ചോദ്യം ചെയ്യൽ വേണോ?” ശാന്തി ദയനീയതയോടെ അയാളെ നോക്കി.
“നിങ്ങളുടെ അവസ്ഥ സാറിന് മനസ്സിലാകും. ഇപ്പൊ ചോദ്യം ചെയ്യാനൊന്നുമല്ല വിളിക്കുന്നത്. സാറിന് എന്തൊക്കെയോ ചോദിച്ചറിയാനാ. നിങ്ങൾ ഇവരെ ആ മുറിയിലേക്ക് കൊണ്ടിരുത്തു.” രാധാകൃഷ്ണൻ ചൂണ്ടി കാണിച്ച മുറിക്കുള്ളിലേക്ക് ശാന്തി തന്നെയാണ് സുധാമണിയെ കൊണ്ടിരുത്തിയത്.
“നിങ്ങൾ പുറത്ത് നിന്നോളൂ.” ഹമീദ് അവർക്കടുത്തേക്ക് വരുമ്പോൾ സുധാമണിയുടെ അരികിൽ നിൽക്കുന്ന ശാന്തിയെ കണ്ട് അയാൾ പറഞ്ഞു.
“സർ… ചേച്ചിയെ ചോദ്യങ്ങൾ ചോദിച്ചു അധികം ബുദ്ധിമുട്ടിക്കരുത്. മോൻ മരിച്ചതിന്റെ ഷോക്കിൽ നിന്ന് ഇതുവരെ പുറത്ത് വന്നിട്ടില്ല.”
“അതൊക്കെ ഞാൻ ശ്രദ്ധിച്ചോളാം.” ശാന്തിയോട് പറഞ്ഞിട്ട് ഹമീദ് ഒരു കസേര നീക്കി സുധാമണിക്ക് എതിർ വശത്തായി ഇട്ട് അതിലേക്കിരുന്നു.
ഇരുവരെയുമൊന്ന് നോക്കിയ ശേഷം ശാന്തി പുറത്തേക്ക് പോയി.നിലത്തേക്ക് മിഴികളൂന്നി മുഖം കുനിച്ചിരിക്കുന്ന സുധാമണിയെ ഹമീദ് അൽപ്പ സമയം നോക്കിയിരുന്നു.
“പുറത്ത് ആളുകളൊക്കെ കൂടി നിൽക്കുന്നത് കൊണ്ടാണ് ഞാൻ പരിചയം കാണിക്കാതിരിക്കുന്നത്. ഇപ്പൊ ചോദ്യങ്ങൾ ചോദിച്ചു നിന്നെ ബുദ്ധിമുട്ടിക്കാനല്ല ഞാൻ വിളിച്ചത്. ഒന്ന് രണ്ട് ചോദിച്ചറിയാൻ വേണ്ടി മാത്രമാണ്.” ശബ്ദം താഴ്ത്തി സുധാമണിക്ക് കേൾക്കാൻ പാകത്തിൽ അയാൾ പറഞ്ഞു.
“ഹമീദിന് എന്താ അറിയേണ്ടത്…? ചോദിക്കൂ.” തളർന്ന മിഴികളുയർത്തി ഹമീദിനെ നോക്കി അവർ ചോദിച്ചു.
സുധാമണിയും ഹമീദും കോളേജിൽ ഒരുമിച്ച് പഠിച്ചവരാണ്. വർഷങ്ങൾക്കിപ്പുറവും ഇരുവരും തങ്ങളുടെ സൗഹൃദം കാത്ത് സൂക്ഷിക്കുന്നവരാണ്. ഈയിടയ്ക്കാണ് അയാൾ ഈരാറ്റുപേട്ട സ്റ്റേഷനിലേക്ക് സ്ഥലം മാറ്റം കിട്ടി വരുന്നത്.
“ആത്മഹത്യ ചെയ്യാൻ മാത്രം അഖിലിന് എന്തെങ്കിലും പ്രശ്നമുള്ളതായി സുധാമണിക്ക് തോന്നിയിട്ടുണ്ടോ?”
“അറിയില്ല ഹമീദ്, അവനെന്നോട് ഒന്നും പറയാറില്ലായിരുന്നു. സദാ സമയവും മൊബൈൽ നോക്കി മുറിയടച്ചിരിപ്പാണ്. ആഹാരം കഴിക്കാൻ മാത്രമാണ് പുറത്തേക്ക് ഇറങ്ങാറുള്ളത്. പിന്നെ എന്റെ ജോലിതിരക്കിനിടയിൽ അവനെ നന്നായി ശ്രദ്ധിക്കാനും കഴിഞ്ഞിട്ടില്ല.” സുധാമണിയുടെ ശബ്ദമിടറി.
“ഉത്തമനോട് എങ്ങനെയാ?””ചേട്ടനോടും അധികം അടുപ്പമില്ല. പോണ്ടിച്ചേരിയിൽ പഠിക്കാൻ പോയതിൽ പിന്നെയാണ് അവനിൽ ഈ മാറ്റങ്ങളൊക്കെ കണ്ട് തുടങ്ങിയത്. മിണ്ടാട്ടം കുറഞ്ഞു എന്തിനും ഏതിനും ദേഷ്യം പിടിച്ച് ഏത് നേരോം മൊബൈലിൽ തോണ്ടി അവൻ സമയം കളയും. പ്രായത്തിന്റെയല്ലേന്ന് കരുതി ഞങ്ങൾ കാര്യമാക്കിയതുമില്ല.”
“സുധാമണി എപ്പോഴാ അഖിലിന്റെ ബോഡി കണ്ടത്.””രാവിലെ എട്ട് മണിക്ക് ചായയുമായി വിളിക്കാൻ ചെന്നപ്പോ.””അഖിൽ വാതിലടയ്ക്കാറില്ലേ?”
“ഇല്ല… ഞാൻ എന്നത്തേയും പോലെ വാതിൽ തുറന്ന് അകത്തേക്ക് കയറാൻ തുടങ്ങിയപ്പോഴാണ് മോൻ ഫാനിൽ തൂങ്ങി നിൽക്കുന്നത് കണ്ടത്…. ഞാൻ കാണുമ്പോഴേക്കും അവൻ മരിച്ചു കഴിഞ്ഞിരുവെന്ന് എനിക്ക് മനസ്സിലായി.”
“സുധാമണി ഡെഡിബോടിക്ക് സമീപം പോയോ?””ഇല്ല… ആ കാഴ്ച കണ്ടപ്പോൾ തന്നെ ഭയന്ന് വിറച്ച് ശരീരം കുഴഞ്ഞ് ഞാൻ ഹാളിൽ എവിടെയോ ഇരുന്നുപോയി. എനിക്കെന്താ ചെയ്യേണ്ടതെന്നറിയില്ലാരുന്നു… എന്റെ മോൻ അവനെന്തിനാ ഇങ്ങനെയൊരു കടുംകൈ ചെയ്തതെന്നറിയില്ല.” അവർ തേങ്ങിപ്പോയി.
“രാത്രി എപ്പോഴാ സുധാമണി ഉറങ്ങിയത്?””ഞാൻ പത്ത് മണിയൊക്കെയാകുമ്പോൾ ഉറങ്ങും.””ആ സമയം അഖിൽ എന്ത് ചെയ്യുകയായിരുന്നു?”
“ഇന്നലെ ബാങ്കിൽ നിന്നെത്തിയപ്പോൾ നല്ല ലേറ്റ് ആയിരുന്നു. തലവേദന കാരണം ഭക്ഷണം കഴിക്കാൻ നിൽക്കാതെ ഞാൻ നേരത്തെ കിടക്കാൻ പോയി. ഞാൻ ഉറങ്ങാനായി പോകുമ്പോൾ അവൻ ഭക്ഷണം കഴിക്കയായിരുന്നു.”
“മോന്റെ മുറിയിൽ നിന്ന് രാത്രി ശബ്ദമൊന്നും കേട്ടില്ലായിരുന്നോ?””ഇല്ല ഹമീദ്… ഞാനിന്നലെ കിടന്നപാടെ ഉറങ്ങിപ്പോയിരുന്നു. ഇന്നലെയെന്നല്ല മിക്കവാറും ബാങ്കിൽ നിന്ന് വൈകി വരുന്ന ദിവസങ്ങളിൽ ഇത് തന്നെയാണ് സ്ഥിതി.” അവർ വിതുമ്പലടക്കി.
“ഉത്തമനെ അറിയിച്ചോ?””ചേട്ടൻ അവിടുന്ന് പുറപ്പെട്ടിട്ടുണ്ട്. രാത്രി ഫ്ളൈറ്റിൽ ഇവിടെയെത്തും.””അഖിലിന് എന്തെങ്കിലും അഫെയർ ഉള്ളതായി തോന്നിയിട്ടുണ്ടോ?”
“അവന്റെ ഫോൺ വിളിയൊക്കെ കാണുമ്പോൾ സംശയം തോന്നിയിട്ടുണ്ട്. ഒരിക്കൽ അതേക്കുറിച്ച് ചോദിച്ചപ്പോൾ വല്ലാതെ ചൂടായി അവൻ.”
“എന്തായാലും ഞങ്ങളാന്വേഷിക്കാം. ഞാൻ കുറച്ചു ദിവസം കഴിഞ്ഞു വരാം. ഇപ്പോഴത്തെ ഈ അവസ്ഥയിൽ നിന്നോട് കൂടുതലായൊന്നും ചോദിക്കാൻ മനസ്സ് വരുന്നില്ല.” ഹമീദ് കസേരയിൽ നിന്നെണീറ്റു.
അയാളെഴുന്നേറ്റത് കണ്ട് സുധാമണിയും എണീറ്റു.”ഇതല്ലേ അഖിൽ ഉപയോഗിച്ചിരുന്ന മുറി. പിന്നെന്താ അവിടെ…?” പെട്ടെന്നുള്ള ഹമീദിന്റെ ആ ചോദ്യത്തിൽ സുധാമണി വിളറിപ്പോയി. മുഖത്തെ പതർച്ച മറച്ച് അവർ ഒരുവിധം മറുപടി പറഞ്ഞു.
“ആദ്യം അവനുപയോഗിച്ചിരുന്നത് ഈ മുറിയാണ്. ഈ മുറിയിലെ ഫാൻ കേടായപ്പോഴാണ് അവൻ ആ മുറിയിലേക്ക് പോയത്. ഒരാഴ്ചയാകുന്നേയുള്ളൂ അങ്ങോട്ട് മാറിയിട്ട്.” വിക്കി വിക്കി സുധാമണി പറഞ്ഞൊപ്പിച്ചു.
“എന്നാൽ ശരി കാണാം.” ക്യാപ് തലയിലേക്ക് അമർത്തി വച്ച് ഹമീദ് പുറത്തേക്ക് പോയി.
മുഖത്തും കഴുത്തിലും പൊടിഞ്ഞ വിയർപ്പ് കണങ്ങൾ സാരിതുമ്പാൽ ഒപ്പി അവർ അയാൾ പോയ വഴിയേ നോക്കി നിന്നു.
അഖിലിന്റെ ബോഡി ആംബുലൻസിലേക്ക് കയറ്റി ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി. അവൻ തൂങ്ങി നിന്ന മുറി പോലിസ്, സീൽ വച്ച് പൂട്ടി.
രാത്രി ഫ്ളൈറ്റിൽ ഉത്തമൻ നാട്ടിലെത്തിച്ചേർന്നു. ഏക മകന്റെ വിയോഗം പ്രവാസിയായ ആ പിതാവിനെയും ആകെ ഉലച്ചിരുന്നു.
പിറ്റേ ദിവസം രാവിലെയോടെ പോസ്റ്റ്മോർട്ടം കഴിഞ്ഞു അഖിലിന്റെ ബോഡി വിട്ട് കിട്ടി. മകന്റെ ചേതനയറ്റ ശരീരത്തിൽ വീണ് പൊട്ടിക്കരയുന്ന ഉത്തമനെ സമാധാനിപ്പിക്കാൻ കഴിയാനാവാതെ കണ്ട് നിന്നവരും കണ്ണ്
നീർ തുടച്ചു. സ്ത്രീകൾക്ക് നടുവിൽ കരഞ്ഞു തളർന്ന് അർദ്ധബോധവസ്ഥയിൽ കിടക്കുകയാണ് സുധാമണിയും. ആർക്കും ആരെയും ആശ്വസിപ്പിക്കാൻ വാക്കുകൾ കിട്ടിയിരുന്നില്ല.
ദിവസങ്ങൾ കഴിഞ്ഞു… പോലീസ് അന്വേഷണം മുറയ്ക്ക് നടന്നു കൊണ്ടിരുന്നു. അഖിലിന്റെ മൊബൈൽ തകർക്കപ്പെട്ടത് കൊണ്ട് പോലീസിന് അവന്റെ ഫോൺ പരിശോധിച്ചു തെളിവുകൾ കണ്ടെത്താൻ
കഴിഞ്ഞിരുന്നില്ല. മൊബൈൽ ഗെയിമിലൊക്കെ അഡിക്ടായത് കാരണം അങ്ങനെയെന്തെങ്കിലും കാരണമോ അല്ലെങ്കിൽ പ്രണയ നൈര്യാശ്യമോ ആയിരിക്കും മരണ കാരണമെന്ന് പോലിസ് വിധിയെഴുതി.
അഖിൽ മരിച്ചിട്ട് രണ്ടാഴ്ച കഴിഞ്ഞിരുന്നു. ഉത്തമൻ എന്തോ ആവശ്യത്തിന് പുറത്ത് പോയിരുന്ന സമയമാണ് സി ഐ ഹമീദ് മഫ്തിയിൽ സുധാമണിയെ കാണാനായി വീട്ടിലെത്തിയത്.
“ചില കാര്യങ്ങൾക്ക് വ്യക്തത വരുത്താനുണ്ടായിരുന്നു. അതിനാണ് ഞാനിപ്പോ ഇങ്ങോട്ട് വന്നത്.” മുഖവുരയൊന്നും കൂടാതെ ഹമീദ് പറഞ്ഞു. പതിവില്ലാതെ അയാളുടെ മുഖത്തെ ഗൗരവം അവരിൽ അസ്വസ്ഥത പടർത്തി.
“എന്താ ഹമീദ്?” അവരുടെ സ്വരം വിറച്ചിരുന്നു.”എന്തിനാ നീ സ്വന്തം മോനെ കൊന്ന് കെട്ടി തൂക്കിയിട്ട് അതിനെ ആത്മഹത്യായാക്കി ചിത്രീകരിച്ചത്?
“ഹമീദ്… എന്തൊക്കെയാ വിളിച്ചു പറയുന്നത്. ഞാനെന്തിനാ എന്റെ മോനെ…” സുധാമണി കോപം കൊണ്ട് ജ്വലിച്ചു.
“കള്ളം പറയണ്ട സുധാമണി. എല്ലാ തെളിവുകളോടെയാണ് ഞാൻ സംസാരിക്കുന്നത്.
പോസ്റ്റ് മോർട്ടം റിപ്പോർട്ട് പ്രകാരം നിന്റെ മകൻ മരിച്ചിരിക്കുന്നത് രാത്രി പത്തരയ്ക്കും പതിനൊന്നിനും ഇടയ്ക്കാണ്. അവൻ കിടന്നിരുന്ന മുറിയിലെ ഫാനിൽ കുടുക്കുണ്ടാക്കി
കെട്ടിതൂക്കാൻ നോക്കിയപ്പോൾ ഫാൻ പൊട്ടി വീണിട്ട് അടുത്ത മുറിയിലേക്ക് ബോഡി മാറ്റികെട്ടി. എന്നിട്ട് അതിനൊരു നുണയും പറഞ്ഞു.
രാത്രി പത്ത് മണിക്ക് ഉറങ്ങിയെന്ന് എന്നോട് പറഞ്ഞ നീയെന്തിനാ പതിനൊന്ന് മണിക്ക് ശാന്തിയെ വിളിച്ചത്? നിങ്ങൾ രണ്ട് പേരും ചേർന്നോ അല്ലെങ്കിൽ നീയൊറ്റയ്ക്കോ അഖിലിനെ കൊന്നു.
എന്നിട്ട് ശാന്തിയുടെ സഹായത്തോടെ കെട്ടിതൂക്കി ആത്മഹത്യയാക്കി മാറ്റി. നീ തന്ന മൊഴി പ്രകാരം ചായയുമായി മോനെ വിളിക്കാൻ വാതിൽ തുറന്നപ്പോൾ ബോഡി കണ്ടുവെന്നാണ്.
ശേഷം മുറിയിൽ കയറാതെ ഹാളിൽ തന്നെ ഇരുന്നുവെന്ന് പറഞ്ഞിട്ടുണ്ട്. നീ പറഞ്ഞത് പ്രകാരം നോക്കിയാൽ ചായക്കപ്പ് കിടക്കേണ്ടത് മുറി വാതിൽ തുറക്കുന്ന ഭാഗത്താണ്. പക്ഷേ അകത്ത്
മുറിയിൽ കട്ടിലിന് അരികിലായി തകർന്ന് കിടക്കുന്നു കപ്പും നിലത്തെ ചായക്കറയും നിന്റെ മൊഴി കള്ളമാണെന്ന് തെളിയിച്ചു. പിന്നെ മറ്റൊരു കാര്യം കൂടിയുണ്ട്, മരിക്കുന്നതിന് മുൻപ് അഖിൽ ആരുമായോ സെക്സ് ചെയ്തിട്ടുണ്ട്.
നടന്നതൊക്കെ പറയുന്നതാണ് നിനക്ക് നല്ലത്. സത്യം സത്യമായി പറഞ്ഞാൽ നിന്നെ ഞാൻ തന്നെ രക്ഷിക്കാം. എന്തിനാ സ്വന്തം മകനെ നീ കൊന്നത്?” ഹമീദിന്റെ ചോദ്യം ഇടിമുഴക്കം പോലെയാണ് അവരുടെ കാതിൽ പതിഞ്ഞത്.
“അതേ… ഞാൻ തന്നെയാ അവനെ കൊന്നത്. എന്റെ മകൻ ജീവിക്കാൻ അർഹനല്ലെന്ന് തോന്നിയത് കൊണ്ടാ ഞാനവനെ തീർത്തത്.”
“കാരണം…?””അവനന്ന് ശാന്തിയുടെ മോളെ റേപ്പ് ചെയ്തു. അന്ന് സുഖമില്ലാത്തത് കൊണ്ട് പതിവിലും നേരത്തെയാണ് ഞാൻ ബാങ്കിൽ നിന്ന് വന്നത്.
സാധാരണ ഞാൻ വരുമ്പോൾ അവൻ അവന്റെ റൂമിനുള്ളിലായിരിക്കും. വാതിൽ പൂട്ടാറെയുള്ളൂ. അതുകൊണ്ട് സ്പെയർ കീ എടുത്ത് വാതിൽ തുറന്ന് അകത്ത് കയറിയ ഞാൻ പതിവില്ലാതെ അവന്റെ മുറിയിൽ നിന്നൊരു പെൺകുട്ടിയുടെ കരച്ചിൽ കേട്ട് ഞെട്ടി.
ലാപ്ടോപ്പിൽ ഏതോ അശ്ലീല വീഡിയോ പ്ലേ ചെയ്തിട്ടുകൊണ്ട് പ്ലസ് വണ്ണിൽ പഠിക്കുന്ന ശാന്തിയുടെ മോൾ വേണിയെ എന്റെ മോൻ ഉപദ്രവിക്കുകയായിരുന്നു. ശബ്ദം കേട്ട് ഞാൻ ചെന്ന് നോക്കുമ്പോൾ വാതിൽ ചാരിയിട്ടേ ഉണ്ടായിരുന്നുള്ളൂ.
വേണിയെ കട്ടിലിനോട് ചേർത്ത് വച്ച് ഇരുകൈകളും ബന്ധിയാക്കി കിടത്തിയിരിക്കുകയാണ്. അവളുടെ സ്കൂൾ യൂണിഫോം ഊരി നിലത്ത് വലിച്ചെറിഞ്ഞിട്ടുണ്ടായിരുന്നു. പൂർണ്ണ നഗ്നയാക്കിയ ആ കൊച്ച് പെൺകുട്ടിക്ക് മേൽ സ്വന്തം മകൻ കാട്ടുന്ന ക്രൂരത കണ്ട് നിൽക്കാൻ സുധാമണിക്ക് കഴിഞ്ഞില്ല.
ഞാൻ വാതിൽ തള്ളിതുറന്ന് മുറിയിലേക്ക് കയറി ചെന്നു. അപ്രതീക്ഷിതമായി എന്നെ കണ്ട് അവൻ ഞെട്ടിപ്പോയിരുന്നു. പിന്നെ പെട്ടെന്ന് ഓടിപ്പോയി വേറെ മുറിയിൽ കയറി വാതിലടച്ചു.
വേണിയുടെ കെട്ടുകൾ അഴിച്ചു ഞാനവളെ സ്വതന്ത്രയാക്കി. എന്നെ കെട്ടിപിടിച്ചു കരഞ്ഞു കൊണ്ട് അവൾ ഉണ്ടായതൊക്കെ പറഞ്ഞു.
എന്റെ മോനവളെ പ്രണയം നടിച്ചു വശത്താക്കി നഗ്ന ചിത്രങ്ങളും മറ്റും വാങ്ങിയിട്ട് അത് വച്ച് കൂടെ കിടക്കാൻ ക്ഷണിച്ചു ഭീഷണിപ്പെടുത്തിയിരുന്നു. അവനെ പേടിച്ചു ഒരിക്കൽ ഞാനില്ലാത്തപ്പോ അവളിവിടെ
വന്നിരുന്നു. അന്നവൻ വേണിയുമായി ബന്ധപ്പെടുന്നത് വീഡിയോ എടുത്തിട്ട് അത് വച്ച് ഭീഷണിപ്പെടുത്തി അവളെ വീണ്ടും ഇങ്ങോട്ട് വരുത്തി. എന്റെ മോന്റെ രതി വൈകൃതങ്ങൾ തീർക്കാനായിട്ടാണ് അവനാ കൊച്ചിനെ ഉപയോഗിച്ച് കൊണ്ടിരുന്നത്. അതിന് പേടിച്ചിട്ട് ആരോടും പറയാൻ പറ്റിയില്ല.
ഇത്രേം വൃത്തികേട് ചെയ്തവൻ ഇനി ജീവിക്കണ്ടെന്ന് തീരുമാനിച്ചത് ഞാനാണ്. ശാന്തിയെ വിളിച്ചു നടന്ന കാര്യങ്ങൾ അറിയിച്ചു. സിറ്റിയിലൊരു ഹോസ്പിറ്റലിൽ നേഴ്സ് ആണ് ശാന്തി. അവൾ
വീട്ടിലെത്തിയപ്പോൾ രാത്രി പത്ത് മണി കഴിഞ്ഞിരുന്നു. ഭർത്താവ് മരിച്ചുപോയ ശാന്തി ഒരേയൊരു മകളെ വളർത്താൻ നന്നായി കഷ്ടപ്പെടുന്നുണ്ട് അതിന്റെ കൂടെയാണ് ഇതും.
അത്രയും നേരം എന്നെ പേടിച്ച് പുറത്തേക്ക് വരാതെ അകത്തുകയറി ഇരുന്നവനെ കോംപ്രമൈസിനെന്ന് പറഞ്ഞു തന്ത്ര പൂർവ്വം ഞാൻ മുറിക്ക് പുറത്ത് കൊണ്ട് വന്നു.
അവൻ കതക് തുറന്ന് ഇറങ്ങി വന്നപ്പോൾ രക്ഷപെടാൻ അവസരം കൊടുക്കാതെ കഴുത്തിൽ സാരിയുടെ കുടുക്കിട്ട് മുറുക്കി ശാന്തിയുടെ സഹായത്തോടെ മുറിയിൽ കെട്ടി തൂക്കി ഞാൻ.
ഇനിയൊരു പെൺകുട്ടിക്കും എന്റെ മകൻ കാരണം ഒരു ദുരന്തമുണ്ടാകാൻ പാടില്ലെന്ന് എനിക്ക് വാശിയായിരുന്നു. അവന്റെ മൊബൈലിൽ വേണിയുടെ വീഡിയോസ് ഉള്ളോണ്ടാ ഫോൺ അടിച്ചു പൊട്ടിച്ചത്. എന്റെ മകനാണെങ്കിലും ചെയ്തത് തെറ്റല്ലേ.”
“നീ ചെയ്തത് ശരിയായ കാര്യം തന്നെയാണ്. അഖിലിന്റെ മരണം ആത്മഹത്യയായി തന്നെ ഇരിക്കട്ടെ.” സുധാമണിക്കൊരു പുഞ്ചിരി നൽകി സി ഐ ഹമീദ് ജീപ്പിൽ കയറി പോയി.ആ അമ്മയുടെ തീരുമാനമായിരുന്നു ശരി.