ഒരു ആണിനെയും പെണ്ണിനേയും ഒരുമിച്ച് ഒരു മുറിയിൽ കണ്ടാൽ ഉടനെ അനാശാസ്യം എന്നൊക്കെ പറയുന്ന

(രചന: പ്രജിത്ത് സുരേന്ദ്രബാബു)

“ദേ സാറേ ചുമ്മാ ഷോ ഇറക്കല്ലേ.. ഒരു ആണിനെയും പെണ്ണിനേയും ഒരുമിച്ച് ഒരു മുറിയിൽ കണ്ടാൽ ഉടനെ അനാശാസ്യം എന്നൊക്കെ പറയുന്ന കാലം കഴിഞ്ഞു കേട്ടോ.. സാറന്മാര് ചുമ്മാ സീനാക്കാതെ പോയാട്ടെ ഞങ്ങൾക്ക് കിടന്ന് ഉറങ്ങണം ..

മീരയുടെ പരുഷമായ മറുപടി കേട്ട് എസ് ഐ അൻവറിനു കലി കയറി.”കണ്ടാലേ അറിയാം സാറേ രണ്ടും വശപ്പിശക് ആണ്. “പിന്നിൽ നിന്നുള്ള കോൺസ്റ്റബിളിന്റെ കമന്റ് കൂടിയായപ്പോൾ ആ കലി ഇരട്ടിച്ചു.

” ദേ കൊച്ചേ… വായിലെ നാക്കിനു ലൈസൻസ് ഇല്ലെന്ന് വച്ച് ആരോടും എന്തും കേറി പറയാം ന്ന് കരുതല്ലേ. തൂക്കി അകത്താക്കും ഞാൻ…

നിനക്കൊക്കെ കൊമ്പത്ത് പിടികാണും അതോണ്ട് ചിലപ്പോ വേഗം ഇറങ്ങുമായിരിക്കും പക്ഷെ പിടിച്ചോണ്ട് പോണ ടൈമിൽ ചാനലുകാരെ കൂടി വിളിച്ചു ഞാൻ അങ്ങ് ആഘോഷമാക്കും. പിന്നിനി എന്ത് പിടി ഉണ്ടായിട്ടും കാര്യമില്ല നാറാൻ ഉള്ളത് നല്ലോണം നാറും. ”

അതൊരു ഭീഷണിയായിരുന്നു. എന്നാൽ ആ ഭീഷണിക്ക് മുന്നിൽ വഴങ്ങാൻ മീരയെ കിട്ടില്ലായിരുന്നു.

” ഒന്ന് പോ സാറേ ചുമ്മാ പേടിപ്പിക്കാതെ. “ഇത്തവണ അവളുടെ വാക്കുകളിൽ പുച്ഛം നിറഞ്ഞിരുന്നു.

” മീരാ. നീ ഒന്ന് മിണ്ടാതിരുന്നേ.. ചുമ്മാ പ്രശ്നം വഷളാക്കാതെ ”
അത്രയും നേരം സൈലന്റ് ആയി നിന്ന മഹേഷ്‌ പെട്ടെന്ന് അവർക്കിടയിലേക്ക് കയറി. ശേഷം അൻവറിന് നേരെ തിരിഞ്ഞു.

” പൊന്ന് സാറേ. ഞങ്ങൾ ദേ ഇവൾക്ക് ഒരു ഇന്റർവ്യു ഉണ്ട് നാളെ.അതിനായി വന്നതാ. അല്ലാണ്ട് അനാശാസ്യം ഒന്നുമല്ല.. സംഭവം ശെരിയാണ് വരുന്ന വഴിയിൽ ഒരു തെറ്റിദ്ധാരണയുടെ പേരിൽ സാറുമായി ഞങ്ങൾക്ക് ഒന്ന് ഉടക്കേണ്ടി വന്നു.

അത് പിന്നെ പോലീസ് ജീപ്പ് ആയാലും പിന്നിൽ ന്ന് ഒരു വണ്ടി വന്നിട്ട് ഹോൺ അടിച്ചാൽ സൈഡ് ഉണ്ടേൽ ഒന്ന് മാറ്റി തരേണ്ടെ.. സാറ് അത് ചെയ്തതും ഇല്ല. വണ്ടി കുറുകെ നിർത്തി ഞങ്ങടെ മെക്കിട്ട്

കേറാനും വന്നു. അവിടെ വച്ച് ഉണ്ടായ കലിപ്പിന് പകരം തീർക്കാൻ ആണ് സാർ ഇപ്പോ ഞങ്ങളെ തിരഞ്ഞു പിടിച്ചു ഇവിടെ വന്നേക്കുന്നത് എന്ന് അറിയാം. ദയവ് ചെയ്ത് സീൻ ആക്കല്ലേ.. ഒന്ന് പോ പ്ലീസ്.”

കൈ കൂപ്പി കൊണ്ടാണ് മഹേഷ്‌ അത് പറഞ്ഞത്. പക്ഷെ ആ വാക്കുകൾ അൻവറിനെ കൂടുതൽ ചൊടിപ്പിക്കുകയാണ് ചെയ്തത്. അടങ്ങാത്ത കലിയിൽ അയാൾ മഹേഷിന്റെ ഷിർട്ടിന്റെ കോളറിൽ പിടുത്തമിട്ടു.

“പുന്നാര മോനെ അധികം ഷോ ഇറക്കല്ലേ.. പോലീസുകാരോട് കളിച്ചാൽ എങ്ങിനിരിക്കും ന്ന് ഇന്ന് ഞാൻ കാണിച്ചു തരാം. ”

അത്രയും പറഞ്ഞു മഹേഷിനെ പുറകിലേക്ക് തള്ളി അയാൾ. അത് കണ്ടിട്ട് മീരയും രോഷാകുലയായി

” എടോ.. താൻ ഓവർ ആകല്ലേ.. പോലീസ് എന്ന് കേട്ടാൽ മുട്ടിടിക്കുന്ന കാലമൊക്കെ കഴിഞ്ഞു. താൻ മദ്യപിച്ചിട്ടുണ്ട് നല്ല സ്മെല്ല് വരുന്നുണ്ട്. കള്ളും കുടിച്ചു വന്നു കൂടുതൽ ഷോ കാണിച്ചാൽ ചിലപ്പോ ഈ തൊപ്പി തന്നെ തെറിച്ചേക്കും ”

അവളുടെ വാക്കുകളിൽ ഭീഷണിയുടെ സ്വരം നിഴലിച്ചു.” ആഹാ.. അത്രയ്ക്ക് പവർ ഉള്ള മോളാണോ.. അതേടീ ഞാൻ കള്ള് കുടിച്ചിട്ടുണ്ട്. പക്ഷെ അതിവിടെ ആരും ചോദിക്കില്ല കാരണം ഇത്

ഞങ്ങടെ ഏരിയ ആണ്. പക്ഷെ ഇനി മുതൽ പോലീസ് എന്ന് കേട്ടാൽ നിന്റെ മുട്ടിടിക്കും. അതിനുള്ള പണി നിനക്ക് ഞാൻ തരാം ”

അത്രയും പറഞ്ഞു കൂടെ ഉണ്ടായിരുന്ന കോൺസ്റ്റബിൾ മാർക്ക് നേരെ തിരിഞ്ഞു അൻവർ.

” ഇതിന്റെ മൊതലാളിയെ ഇങ്ങ് വിളിക്ക് എന്നിട്ട് ഈ രണ്ടിനെയും ഈ മുറിക്കകത്ത് ഇട്ടങ്ങ് പൂട്ടിയേക്ക് കുറച്ചു ആൾക്കാരേം വിളിച്ചു കൂട്ടിക്കോ.. ചാനല്കാര് വരുമ്പോ ഒരു ഗുമ്മ് ആകട്ടെ.. “”ഓക്കേ സാറേ.. ”

കേട്ടപാടെ കോൺസ്റ്റബിളിൽ ഒരുവൻ പാഞ്ഞു.” സാറേ വെറുതെ ഇഷ്യൂ ആക്കരുത് പ്ലീസ്”

മഹേഷ്‌ ഒരിക്കൽ കൂടി അപേക്ഷിച്ചെങ്കിലും അൻവർ അത് മൈൻഡ് ചെയ്തില്ല. നിമിഷങ്ങൾക്കകം ലോഡ്ജിന്റെ ഓണറുമായി കോൺസ്റ്റബിൾ എത്തി .

” സാറേ എന്നതാ പ്രശ്നം.. എന്താ ന്ന് വച്ചാൽ സാറ് പറയ് ഞാൻ അത്പോലെ ചെയ്യാം ”

വന്ന പാടെ ലോഡ്ജിന്റെ ഉടമ അൻവറിന്റെ പക്ഷം ചേർന്നു. അതോടെ അവൻ കൂടുതൽ അഹങ്കരിച്ചു.

” ഇവനും ഇവൾക്കും ഇച്ചിരി സൂക്കേട് കൂടുതലാ നമുക്ക് അതങ്ങ് തീർക്കാം രണ്ടിനേം അകത്തിട്ട് അങ്ങ് പൂട്ടിയേക്ക്. ”

വഷളൻ ചിരിയോടെ അൻവർ മഹേഷിനെ ഉള്ളിലേക്ക് ഒന്ന് തള്ളി. അവൻ വേച്ചു വീഴാൻ പോയപ്പോൾ ഓടി പോയി പിടിച്ചു നിർത്തി മീര. ആ സമയം മതിയാരുന്നു അൻവറിന് ആ മുറിയുടെ വാതിൽ

അടയ്ക്കുവാൻ.
അകത്തു നിന്നും ശക്തിയിൽ ഡോറിൽ അടിക്കുന്ന ഒച്ച കേട്ട് പുഞ്ചിരിയോടെ തിരിഞ്ഞു അയാൾ..

“ലോക്കൽ ചാനലുകാരെ വിളിക്ക് കുറച്ചു ആൾക്കാരെയും കൂട്ടിക്കോ.. പോലീസുകാരോട് കളിക്കാൻ നിന്നാൽ എന്താകും ന്ന് ഇന്ന് ഇവര് പഠിക്കണം…”

അത്രയും പറഞ്ഞു അവൻ പതിയെ തിരിഞ്ഞു നടന്നു.” സാറേ.. ദേ വെറുതെ പ്രശ്നത്തിന് നിൽക്കല്ലേ.. ”

അകത്ത് നിന്നും മീരയുടെ ഒച്ച കേട്ടപ്പോൾ വഷളൻ ചിരിയോടെ ഒന്ന് തിരിഞ്ഞു നോക്കി വീണ്ടും നടന്നു അൻവർ.

നിമിഷങ്ങൾ കൊണ്ട് ലോഡ്ജ്‌ ഉടമയുടെ നേതൃത്വത്തിൽ കുറച്ചു ആൾക്കാരും കൂടി അവിടെ.

” സാറേ എന്താണ് മറ്റേ പരിപാടി ആണോ “” ഇവിടുത്തുകാര് ആണോ.. അതോ വരുത്തരോ “കേട്ടറിഞ്ഞു കൂടിയവർക്കിടയിൽ ചോദ്യങ്ങൾ പലതും ഉയർന്നു വന്നു.

ഇതിനിടയിൽ വാതിലിൽ അടിച്ചടിച്ചു ക്ഷീണിച്ചു തിരികെ ബെഡിലേക്ക് പോയിരുന്നു മീരയും മഹേഷും.

” ടീ നീ ടെൻഷൻ ആകേണ്ട. നാളെ ഇന്റർവ്യൂ ഉള്ളതാ.. ഇത് ആ എസ് ഐ ടെ കഴപ്പ്. അതങ്ങ് തീർത്തു കൊടുക്കാം നമുക്ക്.. പൊട്ടൻ “പുച്ഛത്തോടെ മഹേഷ്‌ അത് പറയുമ്പോൾ ചെറുതായൊന്നു പുഞ്ചിരിച്ചു മീരയും.

” ഒരു നല്ല പണി അയാൾക്ക് കൊടുക്കണം ടാ.. ഈ പോക്രിത്തരം ഇനി മേലാൽ അയാള് കാണിക്കരുത്… നീ അച്ഛനെ വിളിക്ക് നമുക്ക് അടുത്ത പണി നോക്കാം..”

മീരയുടെ ആവശ്യം കേട്ട് അല്പസമയം ചിന്തയിൽ ആണ്ടു മഹേഷ്‌.” അച്ഛനെയൊന്നും വിളിക്കണ്ട. ഇത് നമുക്ക് തീർക്കാവുന്നതേ ഉള്ളു”

ശേഷം നല്ലൊരു ഐഡിയ കണ്ടെത്തി അവളോട് പറഞ്ഞു . അത് കേട്ടപാടെ മീരയും ഉഷാറായി.

“ഇത് പൊളിക്കും.. നമുക്ക് ഇങ്ങനെ തന്നെ ചെയ്യാം.. ആവേശത്തിൽ ചാടി എഴുന്നേറ്റു അവൾ ”

സമയം പിന്നെയും നീങ്ങി. അരമണിക്കൂർ കഴിഞ്ഞപ്പോഴേക്കും ഒന്ന് രണ്ട് ലോക്കൽ ചാനലുകാർ കൂടി അവിടേക്കെത്തി.

” സാറേ.. വലിയ കോള് എന്തേലും ആണോ.. ഞങ്ങടെ ചാനൽ കേറി ക്ലിക്ക് ആകോ “വലിയ പ്രതീക്ഷയിൽ ആയിരുന്നു അവർ.

” ഓ അത്രയ്ക്ക് ഒന്നും ഇല്ലടാ.. ഇത് പോലീസുകാരോട് കളിച്ചാൽ എന്താകും ന്ന് മനസ്സിലാക്കി കൊടുക്കാൻ ഉള്ള ടെസ്റ്റ്‌ ഡോസ് ആണ്. നിങ്ങൾ നല്ലോണം പൊലിപ്പിച്ചു അങ്ങ് അവതരിപ്പിച്ചാൽ മതി നല്ലോണം ഒന്ന് നാറട്ടെ. വാ… ”

മീശയിൽ ഒന്ന് തലോടി കൊണ്ട് തിരിഞ്ഞു അൻവർ.”ഓ ഉള്ളതാകട്ടെ. “ചാനലുകാരും പിന്നാലെ ചെന്നു. പെട്ടെന്നാണ് വീണ്ടും ഒന്ന് രണ്ട് വണ്ടികൾ അവിടേക്ക്

പാഞ്ഞെത്തി നിന്നത്. സംശയത്തോടെ തിരിഞ്ഞ അൻവറുടെ മിഴികൾ വിടർന്നു. കേരളത്തിലെ തന്നെ ഒന്ന് രണ്ട് പ്രമുഖ ചാനലുകാരുടെ വണ്ടികൾ ആയിരുന്നു അത്.

” എടോ.. ലോക്കൽ ചാനലുകാരെ വിളിക്കാൻ പറഞ്ഞിട്ട് താൻ എല്ലാരേം അറിയിച്ചോ ”

സംശയത്തോടെ അൻവർ കോൺസ്റ്റബിളിന് നേരെ തിരിഞ്ഞു” ഇല്ല സാറേ.. ഞാൻ ആകെ ദേ ഈ രണ്ട് ചാനലുകാരെ മാത്രേ അറിയിച്ചുള്ളൂ ”

അയാളും അന്ധാളിപ്പിൽ ആയിരുന്നു. പെട്ടെന്ന് വീണ്ടും ഒരു വണ്ടി കൂടി അവിടേക്ക് പാഞ്ഞെത്തി. ഡി വൈ എസ് പി ചന്ദ്രദാസിന്റെ ഒഫീഷ്യൽ വാഹനമായിരുന്നു അത്. അതോടെ അൻവർ എന്തോ പന്തികേട് മണത്തു.

ചന്ദ്രദാസ് പുറത്തേക്കിറങ്ങുമ്പോഴേക്കും ചാനലുകാർ അയാളെ വളഞ്ഞു.” സാർ.. മീര.. മഹേഷ്‌ എന്നിവരുടെ ഫേസ് ബുക്ക്‌ ലൈവിന്റെ സത്യാവസ്ഥ എന്താണ് ”

” പോലീസ് ഇത്തരം വൈരാഗ്യബുദ്ധി പൊതു ജനങ്ങളോട് വച്ച് പുലർത്തുന്നത് ശെരിയാണോ സാർ.. ”

ചോദ്യങ്ങൾ പലതായി. ഒന്നിനും മറുപടി നൽകാതെ നേരെ ലോഡ്ജിലേക്ക് കയറി അയാൾ.

സല്യൂട്ട് നൽകി മുന്നിലേക്ക് വന്ന അൻവറിനെ ദഹിക്കുമാറ് അടിമുടിയൊന്ന് നോക്കി.

” താനൊക്കെ എവിടുത്തെ പോലീസുകാരനാടോ.. കള്ളും കുടിച്ചു.. വെറുതെ ഫോഴ്സിന്റെ മാനം കളയാൻ.. ”

പല്ലിറുമ്മി കൊണ്ടായാൽ പറയുമ്പോൾ ഒന്നും മനസിലാകാതെ വിളറി വെളുത്തു നിന്നും അൻവർ.

” സാ.. സാർ.. എന്താ പ്രശ്നം “” രണ്ട് പേരെ അകത്ത് പൂട്ടി ഇട്ടിട്ടുണ്ടോ താൻ.”” ആ അതെ സാർ.. അത് അവര് പ്രശ്നക്കാരാണ് സാർ. അനാശാസ്യം ആണ് ”

“മാങ്ങാത്തൊലി… ഒരു ബ്രദറും സിസ്റ്ററും ഒരുമിച്ച് ഒരു റൂമിൽ കിടന്നാൽ എങ്ങിനാടോ കിഴങ്ങാ അനാശാസ്യം ആകുന്നെ. അറ്റ്ലീസ്റ്റ് അവരുടെ ഐഡി എങ്കിലും വാങ്ങി നോക്കാൻ ഉള്ള ബുദ്ധി കാണിക്കണ്ടെ.. അല്ല അതെങ്ങനാ കള്ളും കുടിച്ചു ബോധം ഇല്ലാതെ അല്ലെ നിൽക്കുന്നെ ”

ഇത്തവണ അൻവർ ഒന്ന് ഞെട്ടി.” ബ്രദറും സിസ്റ്ററുമോ”അതേടോ ആ പെണ്ണും ചെറുക്കനും സഹോദരങ്ങൾ ആണ്. അവറ്റകള് റൂമിനകത്ത് ന്ന് ഫേസ്ബുക്ക് ലൈവ് പോയി. ഇനീപ്പോ താൻ ഈ തൊപ്പി ഊരി വീട്ടിൽ വച്ചോ അടുത്തെങ്ങും അതെടുത്തു തലേൽ വക്കാൻ ഭാഗ്യം ഉണ്ടായേക്കില്ല.. ”

പല്ല് ഞെരിച്ചു കൊണ്ട് ചന്ദ്രദാസ് കോൺസ്റ്റബിളിനു നേരെ തിരിഞ്ഞു” എവിടെയാടോ ആ റൂം വാ വന്നു തുറക്ക് ആ പിള്ളേരെ പുറത്തിറക്കട്ടെ അവര് സേഫ് ആണെന്ന് കണ്ടാലേ ഈ ചാനലുകാരെല്ലാം പോകുള്ളൂ ”

നിമിഷങ്ങൾക്കകം മീരയും മഹേഷും മുറിയ്ക്ക് പുറത്ത് ഇറങ്ങി.” നിങ്ങൾ ഷെമിക്കണം. അയാൾക്ക് വേണ്ടി ഞാൻ മാപ്പ് ചോദിക്കുന്നു. ”

ചന്ദ്രദാസിന്റെ ക്ഷമാപണം കേട്ട് ഒന്ന് പുഞ്ചിരിച്ചു അവർ.” സാരമില്ല സാറേ.. ഈ ഫോഴ്സിൽ എല്ലാരും ഈ എസ് ഐ നെ പോലെ അല്ലാലോ നല്ലവരും ഉണ്ട് അത് ഞങ്ങൾക്ക് അറിയാം. ”

മീരയാണ് മറുപടി നൽകിയത്. ശേഷം അവര് നേരെ മീഡിയാക്കാർക്ക് മുന്നിലേക്ക് ആണ് പോയത്. നടന്ന സംഭവങ്ങൾ വ്യക്തമായി വിവരിക്കുമ്പോൾ അവർ കണ്ടു കുറച്ചക്കലെ മാറി വിളറി വെളുത്തു

നിൽക്കുന്ന അൻവറിനെ. മീഡിയാക്കാരോട് സംസാരിച്ച ശേഷം മീര നേരെ അൻവറിന്റെ അരികിലേക്ക് ആണ് പോയത്. അവളുടെ മുഖത്ത് നോക്കാതെ തല കുമ്പിട്ടു നിന്നു അൻവർ.

” ഞാൻ പറഞ്ഞില്ലേ സാറേ തൊപ്പി തെറിക്കും ന്ന്.. ഇപ്പോ ഏകദേശം തീരുമാനം ആയല്ലോ അല്ലെ.. ഇനീപ്പോ ഒരു കുരുക്ക് കൂടി ഞാൻ ഇടുന്നുണ്ട്. വനിതാ കമ്മീഷൻ വഴി. പറ്റോങ്കിൽ ഈ കുപ്പായം കൂടി ഊരി വയ്പ്പിച്ചു തരാം ഞാൻ ”

അവളുടെ വാക്കുകൾക്ക് മുന്നിൽ മറുപടി പറഞ്ഞില്ല അൻവർ. അയാളുടെ പിന്നിൽ നിന്ന കോൺസ്റ്റബിൾ മാരും പതിയെ ആളറിയാത്ത പോലെ പമ്മി. അത് കണ്ട് അവർക്ക് നേരെ തിരിഞ്ഞു മഹേഷ്‌

” സാറന്മാരെ.. നിങ്ങളും വിഷമിക്കേണ്ട.. എല്ലാരേം ഓർമ ഉണ്ട്. ആളെണ്ണി പണി വരുന്നുണ്ട് കേട്ടോ.. ”

അതോടെ അവരും വിളറി വെളുത്തു. പിന്നെ അധികം നിന്നില്ല തിരികെ നടന്നു മഹേഷും മീരയും ഡി വൈ എസ് പിയുടെ വാഹനത്തിൽ തന്നെ അവർ പുതിയ ലോഡ്ജിലേക്ക് പോയി.

” ആകെ മൊത്തത്തിൽ മൂ** അല്ലെ സാറേ.. “കോൺസ്റ്റബിളിൽ ഒരാൾ പറയുമ്പോൾ മറുപടി ഇല്ലാതെ നോക്കി നിന്നും അൻവർ

Leave a Reply

Your email address will not be published. Required fields are marked *