ഭാര്യയുടെ അഭിപ്രായങ്ങൾ അയാൾ മുഖവിലയ്ക്കെടുത്തില്ല.അവളുടെ സ്വർണ്ണം പോലും സൂക്ഷിച്ചു വച്ചത് അയാളായിരുന്നു

കൂടോത്രം

(രചന: Nisha Pillai)

നാട്ടിൻപുറത്തെ തന്നെ പെൺകുട്ടിയെ കല്യാണം കഴിക്കണമെന്ന് ഭയങ്കര ആഗ്രഹമായിരുന്നു.ഇതിനായി വിവാഹാലോചന തുടങ്ങിയപ്പോൾ തന്നെ ദല്ലാളിനെ ചട്ടം കെട്ടിയിരുന്നു.അങ്ങനെയാണ് ഒരു സാധാരണ കുടുംബത്തിൽ നിന്നുമൊരു ആലോചന വരുന്നത്.സമ്പത്ത് കുറവാണെങ്കിലും,

രണ്ട് പെൺകുട്ടികളും വിദ്യാസമ്പന്നർ.മൂത്തവൾക്ക് ക്ലെറിക്കൽ പോസ്റ്റിൽ അഡ്വൈസ് മെമ്മോ വന്നിട്ടുണ്ട്.ജില്ലയിൽ തന്നെ പോസ്റ്റിംഗ് ഉണ്ടാകും.അൻപത് പവൻ സ്വർണവും ജോലിയുള്ളൊരു പെണ്ണും,അതും നാട്ടിൻപുറത്ത്കാരി.പെണ്ണ് കണ്ടു.നിറം കുറവാണെങ്കിലും കാണാൻ നല്ല ചന്തമൊക്കെയുണ്ട്.

പെണ്ണിനേയും ജോലിയേക്കാളും അയാളെ ആകർഷിച്ചത് നാട്ടിൻപുറത്തെ വീടും കർഷകനായ അച്ഛനും ചുറ്റുമുള്ള വാഴയും വെണ്ടയും തക്കാളിയുമൊക്കെയായിരുന്നു.അവളുടെ അച്ഛൻ ആദ്യമേ പറഞ്ഞിരുന്നു.അവൾക്ക് ജോലിയായല്ലോ.

അത് കൊണ്ട് അൻപത് പവൻ സ്വർണം മാത്രം നൽകും.ഇളയവൾ നെറ്റും സെറ്റും പാസായതാണ്.ജോലി വേണമെങ്കിൽ ലക്ഷങ്ങൾ നൽകണം.വീടും പറമ്പും അവൾക്ക് നൽകാൻ തീരുമാനിച്ചു.

മൂത്തവളേക്കാൾ സുന്ദരി ഇളയവളായിരുന്നു.പക്ഷേ ഭാര്യയാകാൻ തയാറായവളെ അയാൾ തൻ്റെ ജീവിതത്തിലേയ്ക്ക് സഹർഷം സ്വീകരിച്ചു.അവരുടെ ജീവിതം പട്ടണത്തിലെ വീട്ടിൽ സന്തോഷപൂർവ്വം ആരംഭിച്ചെങ്കിലും നാട്ടിൻ പുറത്തെ തൊടിയും കൃഷിയും അയാളുടെ മനസ്സിൽ ഇപ്പോഴും സ്വപ്നമായി നില കൊള്ളുന്നു.

ഭാര്യക്ക് പോസ്റ്റിംഗ് അയാളുടെ ടൗണിൽ തന്നെയായിരുന്നു.അയാളുടെ ഓഫീസിന് അടുത്ത് തന്നെ.മകനായതിന് ശേഷമാണ് ടൗണിൽ ഒരു വീട് വാങ്ങണമെന്ന് ആഗ്രഹം അയാൾക്കുണ്ടായത്.തൻ്റെ മകൻ ഒരു വാടക വീട്ടിൽ വളരുന്നത് അയാൾക്ക് സങ്കടകരമായി.അയാൾ എല്ലാം തീരൂമാനങ്ങളും സ്വയമെടുക്കാൻ പ്രാപ്തനാണെന്ന് സ്വയം കരുതി.

ഭാര്യയുടെ അഭിപ്രായങ്ങൾ അയാൾ മുഖവിലയ്ക്കെടുത്തില്ല.അവളുടെ സ്വർണ്ണം പോലും സൂക്ഷിച്ചു വച്ചത് അയാളായിരുന്നു.അവളാണെങ്കിലോ അതിലൊന്നും ആകുലപ്പെട്ടതുമില്ല.

അവളുടെ അനുജത്തിയ്ക്ക് നല്ലൊരു കല്യാണ ആലോചന വന്നൂ.ചെറുക്കൻ കോളേജിൽ അദ്ധ്യാപകനാണ്.അയാൾക്ക് നാട്ടിൻപുറത്ത് ജീവിയ്ക്കാൻ താൽപര്യമില്ല.അവളുടെ അച്ഛൻ അവൾക്കായി കരുതി വച്ചിരുന്ന വീടും പറമ്പും അയാൾക്ക് വേണ്ടെന്ന്.പകരം അയാളുടെ സ്റ്റാറ്റസിന് ചേരുന്ന വിധംഅവൾ സ്വർണ്ണത്തിൽ പൊതിഞ്ഞ് നിൽക്കണം.

അവളുടെ അച്ഛന് സങ്കടമായി.വീടും പറമ്പും നാട്ടിൻപുറവും ആഗ്രഹമുള്ളവന് നൽകിയില്ല.കൊടുക്കാൻ ആഗ്രഹിക്കുന്നവന് അതൊന്നും വേണ്ട.എന്തൊരു ലോകമാണിത്.ഇനിയവളെ സ്വർണ്ണത്തിൽ പൊതിയാൻ കുറച്ച് സ്വർണം കൂടി വേണം.അഭിമാനം മാത്രം നോക്കിയാൽ പോരാ,

കാര്യം നടക്കണം.മൂത്തമരുമകനായ അവനോട് അയാൾ വിഷമങ്ങൾ പങ്ക് വച്ചു.അവളുടെ മുഴുവൻ സ്വർണ്ണവൂം അയാൾ അവളോട് പോലും ചോദിക്കാതെ നൽകി.പകരം വീടും പറമ്പും അയാൾക്ക് നൽകണം.അങ്ങനെ പ്രശ്നം പരിഹരിക്കപ്പെട്ടു.കല്യാണം ആർഭാടമായി നടന്നു.അച്ഛനും അമ്മയും മകനെ നോക്കാൻ അവരോടൊപ്പം കൂടി.

അയാളിലെ കൃഷിക്കാരൻ ഉണർന്നു.എല്ലാ അവധി ദിവസങ്ങളിലും അയാൾ പട്ടണത്തിൽ നിന്നും നാട്ടിൻ പുറത്തേയ്ക്ക് പോകും.നല്ല തരം വാഴ, പച്ചക്കറി, കുരുമുളക് എന്നിവ അയാൾ നട്ടു വളർത്തി.വെള്ളവും വളവുമിട്ടതും ശ്രമഫലവും ഒക്കെ പരാജയമായി.

വിളവെടുക്കാൻ ചെല്ലുമ്പോൾ അതൊക്കെ നാട്ടുകാർ കൊണ്ട് പോകും.അയാൾ സ്ഥിരമായി ഇളിഭ്യനായി തിരികെ പോരും.അയാളിതൊന്നും ഭാര്യയോട് പറഞ്ഞതുമീല്ല.

ഈയിടെയായി ഭർത്താവിന്റെ മൗനവും ഒറ്റയ്ക്കിരുന്നുള്ള ചിന്തകളും കൂടിയപ്പോൾ അവളന്വേഷിച്ചത്.”എന്താ ചേട്ടാ ഒരു മൗനം.?”

” ഓ ഒന്നും പറയണ്ട, നാടൻ പച്ചക്കറികളും പഴവും കഴിക്കാനായി ഞാൻ കഷ്ടപ്പെട്ട് കൃഷി ചെയ്തിട്ട് ഒരു കാര്യവുമില്ല.എല്ലാം നാട്ടുകാര് കൊണ്ടു പോകുന്നു.ആദ്യമൊക്കെ പോലീസിൽ പറഞ്ഞ് നോക്കി.ഇപ്പോളെന്നെ കാണുമ്പോൾ അവർക്കൊരു തമാശയാണ്.ഞാൻ കൃഷി നിർത്തുകയാണ്.നമുക്ക് കീടനാശിനി തളിച്ചതൊക്കെ കഴിയ്ക്കാനാണ് യോഗം.”

“ഞാനൊരു ഐഡിയ പറയട്ടെ .ഏട്ടൻ കടയിൽ പോയി ഒരു ചുവന്ന പട്ട് വാങ്ങി വേലിയിലും ചെടികളിലും കെട്ടണം.എന്നിട്ട് ഒന്ന് രണ്ട് പേരോട് ചാത്തന് പൂജിച്ച് കെട്ടിയതാണെന്നങ്ങ് പറയുക.ചിലപ്പോൾ ക്ലിക്ക് ആകും.ഇതൊക്കെ നാട്ടിൻ പുറങ്ങളിൽ പെട്ടെന്ന് പാട്ടാകും.നാല് കോഴി മുട്ടകളെടുത്ത് അതിൽ കരി കൊണ്ട് മുഖം വരച്ച് പറമ്പിന്റെ നാലു മൂലയിലും വയ്ക്കുക.സംഗതി ശുഭം.പിന്നെ ഒരുത്തനും പറമ്പിൽ കയറില്ല.”

അടുത്ത ഞായറാഴ്ച അയാൾ സന്തോഷത്തോടെയാണ് തിരികെയെത്തിയത്.കാറിൻ്റെ ഡിക്കിയിൽ നിറയെ വാഴക്കുലകളും പച്ചക്കറികളും.വീട്ടിലെ ആവശ്യം കഴിഞ്ഞ് എല്ലാവർക്കും കൊടുത്തിട്ടും അധികം വന്നു.

“എന്തായാലും നിന്റെ കൂടോത്രം അങ്ങ് ഏറ്റു.നമ്മുടെ ആളുകൾ ഇപ്പോഴും അന്ധവിശ്വാസികൾ തന്നെയാണ്.എന്തായാലും കാര്യം നടന്നു.ഞാനും ഹാപ്പി.”

ആദ്യമായി ഭർത്താവ് തൻ്റെ വാക്കുകൾ ശരി വച്ചതോർത്ത് അവൾക്കും സന്തോഷം തോന്നി.

 

 

Leave a Reply

Your email address will not be published. Required fields are marked *