(രചന: Syam Varkala)
നിനക്കായെഴുതി തരാതെ പോയ പ്രണയലേഖനങളിൽ കുറച്ചെടുത്ത്
ഞാനൊരു കടലാസ്സ് വീടുണ്ടാക്കി…!
എന്നിട്ടും ബാക്കി. പിന്നെ ഞാൻ കുറെ വഞ്ചികളുണ്ടാക്കി..,
പിന്നെയും ബാക്കി,. നനഞ്ഞ വിറകിൽ തീ പകരാൻ കുറച്ച് അടുക്കളക്കൈയ്യിലും കൊടുക്കാം.. എന്നാലും ബാക്കിയുണ്ടല്ലോ..?
“ഡീ….””എന്താ””നിനക്ക് ഞാനെന്റെ പഴയ കാമുകിക്കെഴുതിയ ലൗലെറ്റർവായിക്കാൻ വേണോ..!!??”
“എവ്ടെ..കാണട്ടെ…,’ ഇന്നെവരെ ഞാനൊരു ലൗലെറ്റർ പോലും വായിച്ചിട്ടില്ല..
അവളോടി വന്നു, ബാലരമ കിട്ടിയ കുട്ടിയെ പോലെ ആവേശത്തോടെ വായിക്കാൻ തുടങി.”മോനൂ….””ന്താച്ഛാ…””ദാണ്ടേ…കടലാസ് വഞ്ചി..കൊണ്ട് പോയി കളിക്ക്… ട്ടാ..”
“ഹായ്….” അവന്റെ മുഖം വിടർന്നു,
കടലാസ്സ് തോണികൾ വാരി നെഞ്ചോട് ചേർത്തു കൊണ്ടവൻ അച്ഛന്റെ കവിളിൽ മുത്തി
മുറ്റത്തേയ്ക്കോടി പോയി..അച്ഛന്റെ ലൗലെറ്റർ മകന് കളിപ്പാട്ടം.!
“മനുഷ്യാാ… നിങൾക്കൊരു ഭർത്താവാകാൻ കഴിയേയില്ല… നിങളിനി അതിനായി ശ്രമിച്ച് ബുദ്ധിമുട്ടരുത്…
നിങൾ അസ്സലൊരു കാമുകനാണ്..
പൂർവ്വകാമുകിയെ സ്നേഹിച്ച അത്രയും എന്നെ സ്നേഹിക്കാൻ ഞാൻ പറയില്ല..നിങൾക്കതിനി കഴിയില്ല…
ആ സ്നേഹത്തിന്റെ പകുതി എനിക്ക് തന്നൂടേ..? ഞാൻ നിങൾടെ കാമുകിയായ് ജീവിച്ച് മരിച്ചോട്ടെ…!!”
“ഡീ…കാമുകീ..ഹ..ഹ..ഹ…”
ഞാൻ ചിരിച്ചു പോയി..”സത്യം മനുഷ്യാ…ഇത് അജ്ജാതി പ്രണയലേഖനമാന്ന്. ഹൊ…. എനിക്കിങനൊരു കാമുകനെ കിട്ടീലാല്ലോ..” അവൾ ചിറി കോട്ടി.
“ഞാൻ ശ്രമിക്കാം മുത്തേ… അത് പോട്ടെ, ഇനിയും ബാക്കിയുണ്ട്… ഇതെന്നാ ചെയ്യും…?”ഐഡിയ.. നമുക്ക് ഇതെല്ലാം ഫ്രയിം ചെയ്ത് വച്ചാലോ…? ഒരു ചുവര് നിറയെ…?
ചുവരിന്റെ പേര്”അൺ റീഡഡ് ലവ്വ് ലെറ്റേഴ്സ്”പൊളിയായിരിക്കും.. അവൾ ആവേശത്തിൽ പറഞ്ഞു.
“ങേ… നിനക്ക് പ്രാന്താഡീ.. ഇവിടെന്താ എക്സിബിഷൻ നടത്താനാ നിന്റെ പരിപാടി….” അവളേതാണ്ട് ഉറപ്പിച്ച മട്ടാണല്ലോ..
“പ്രണയം പിന്നെ പ്രാന്തല്ലാണ്ട്.. അതല്ലേ നിങള് ഇമ്മാതിരി എഴുതിക്കൂട്ടീട്ട് ഓൾക്ക് കൊടുക്കാതിരുന്നത്..ഹി..ഹി…”
“പോഡീ…””ങാ ഞാൻ പോകുവാ…, അല്ലാ എന്താ ഇപ്പോ ഇതൊക്കെ നശിപ്പിക്കാൻ ?..””നീയാ കാരണം…ഞാനോ..?!!!!. അവൾ കണ്ണു മിഴിച്ചു.
“മ്…നീ വളരെ ഭംഗിയായ് എന്നെ സ്നേഹിക്കുന്നു… അതെനിക്ക് നന്നായ് ഫീൽ ചെയ്യുന്നു.. അപ്പോ പിന്നെ എന്നാത്തിനാ ഈ കടലാസ്സ്പ്രണയസ്മാരകങൾ…”
“ഹൊ..മനുഷ്യനേ… നിങ എന്നെ കാമുകിയാക്കി.. ഉമ്മ…ഉമ്മ…ഉമ്മ….
ഞാൻ പോട്ടെ കാമുകാ …
അടുക്കളേ പണീണ്ട് ട്ടാ…എല്ലാം കഴിഞ്ഞിട്ട് നമുക്കിതെല്ലാം കൊണ്ട് പോയി ലാമിനേറ്റ് ചെയ്യാം..””ങേ..നീ കാര്യായിട്ടാ…?””പിന്നല്ലാണ്ട്…”
അവൾ കിച്ചനിലേയ്ക്ക് പോയി..
അവളെന്താ ഇങനെ… സത്യത്തിൽ ഞാൻ പ്രണയിച്ചിരുന്നവൾക്ക് ഒരിക്കലും ഇവളെ പോലൊരു ഭാര്യയാകാൻ കഴിയില്ല.. കെട്ടിപ്പിടിച്ച് മൂക്കിൻ
തുമ്പത്തുമ്മാഡീ മുത്തേ..
“എഡിയേ… എന്നിൽ ഇനിയും അവളെ സ്നേഹിക്കുന്ന കാമുകൻ ബാക്കിയുണ്ട്, അവളുടെ ഓർമ്മകളും… ഇവറ്റോളെ ഞാനെന്നാ ചെയ്യും..?” ഞാൻ ചിരിയോടെ വിളിച്ചു ചോദിച്ചു..
“തൊടണ്ട…അവ്ടെ വച്ചേക്ക്.. കാമുകനെ ഞാൻ തന്നെ തിന്നു തീർത്തോളാം.., നിങടെ കാമുകിയെ ഞാൻ പതിയെ എന്നിലേയ്ക്ക് ആവാഹിച്ചോളാം… നിങ സമാധാനപ്പെട് പൊന്നേ, ഞാനില്ലേ കൂടെ…”….
“ശര്യാ….അവളില്ലേ എനിക്ക്…”എന്റെ കണ്ണെന്തോ പെട്ടെന്ന് ഈറനണിഞ്ഞു.”പിന്നേ…ആ കണ്ണെങാനും കലങ്യാ ന്റെ വിധം മാറും… വാ വന്നീ ചീരയൊന്ന് അരിഞ്ഞ് താ…..”
അടുക്കളയിൽ നിന്നും
അവൾ വിളിച്ചു പറഞ്ഞു.”അവൾക്കറിയാം എന്നെ, അവൾക്കേ അറിയൂ.. ചീരത്തോരൻ നല്ലതാ…” ഞാൻ അവളുടെ സാമ്രാജ്യത്തിലേയ്ക്ക് ചുവട് വച്ചു…