പെണ്ണുങ്ങളെ തൊട്ട് ഉരുമി ഇരുന്ന് യാത്ര ചെയ്താൽ മാത്രമേ ഇയ്യാൾക്ക് പറ്റുകയൊള്ളോ..”എഴുന്നേറ്റു നിന്ന് ആ സ്ത്രീ ഒച്ചയെടുത്തു..

ചിലരെങ്കിലും
എഴുത്ത്: Unni K Parthan

“ചേച്ചി ഒന്ന് മുന്നിലെ സീറ്റിലേക്ക് ഇരിക്കുമോ..”
സ്റ്റാൻഡിൽ നിർത്തിയിട്ടിരിക്കുന്ന സാമാന്യം തിരക്കുള്ള സ്വകാര്യ ബസിൽ ഇരിക്കുന്ന മുപ്പത് വയസ് പ്രായം തോന്നുന്ന ഒരു സ്ത്രീയോട് അനന്തു ചോദിച്ചു..

“ചേച്ചിയോ..
ആരാ നിന്റെ ചേച്ചി..”
ഒട്ടും മയമില്ലാത്ത ശബ്ദത്തിൽ അനന്തുവിനെ ഇരുത്തി നോക്കി കൊണ്ട് അവൾ ചോദിച്ചു..

“അതല്ല..
ഇവിടെ ഈ ഒരു സീറ്റ് മാത്രമേ ഒഴിവുള്ളു..
മുന്നിൽ സ്ത്രീകളുടെ സീറ്റിൽ ഒരെണ്ണം ഒഴിവുണ്ട്..അതാണ് ഞാൻ പറഞ്ഞത്..”
ശബ്ദം താഴ്ത്തിയായിരുന്നു അവന്റെ മറുപടി..

“എനിക്ക് വിൻഡോ സീറ്റിൽ ഇരുന്നു യാത്ര ചെയ്യണം..വർക്ക്‌ ചെയ്തു ആകെ വയ്യ..””മ്മ്..”അനന്തു മൂളി…

അവൻ ബസിലെ സീറ്റുകളിലേക്ക് നോക്കി..
ഒന്നും ഒഴിവില്ല..ആകെ ഉള്ളത് ഒരെണ്ണം സ്ത്രീകളുടെ ആണ്..
കൂടുതൽ ഒന്നും നോക്കാതെ അനന്തു ആ സ്ത്രീയുടെ അടുത്ത് ഇരുന്നു..

“ഹേയ്.. മിസ്റ്റർ..
തനിക്ക് എന്താ കണ്ണ് കണ്ടു കൂടെ..
ഇവിടെ ഞാൻ ഇരിക്കുന്നത്..
പെണ്ണുങ്ങളെ തൊട്ട് ഉരുമി ഇരുന്ന് യാത്ര ചെയ്താൽ മാത്രമേ ഇയ്യാൾക്ക് പറ്റുകയൊള്ളോ..”എഴുന്നേറ്റു നിന്ന് ആ സ്ത്രീ ഒച്ചയെടുത്തു..

“ചേച്ചി..അതിന് ഞാൻ തെറ്റൊന്നും ചെയ്‌തില്ല ലോ..””ആരാടാ..നിന്റെ ചേച്ചി..”മറുപടിക്ക് ഒപ്പം ആ സ്ത്രീ അനന്തുവിന്റ ഷർട്ടിൽ പിടിച്ചു കൊണ്ട് ചോദിച്ചു..

“അല്ലേലും കൊറേ ഞരമ്പുകൾ ഉണ്ടാവുമല്ലോ എവിടേം..
ഞാൻ ഇത് കംപ്ലയിന്റ് ചെയ്യും..”
അവൾ വീണ്ടും അലറി വിളിച്ചു..

“ഫാ..നിർത്തടീ നിന്റെ ചെലയ്ക്കല്..”
തൊട്ട് അപ്പുറത്തെ സീറ്റിൽ ഇരുന്ന എഴുപതു വയസ് പ്രായം തോന്നുന്ന ഒരു അമ്മാമ എഴുന്നേറ്റു നിന്നു ആ സ്ത്രീയെ നോക്കി അൽപ്പം ശബ്ദമുയർത്തി ചോദിച്ചു..

“ഈ കൊച്ച് എന്ത് തെറ്റാടി ചെയ്തേ..
നിന്നോട് ഒന്ന് മുന്നോട്ട് കയറിയിരിക്കാൻ പറഞ്ഞു..അപ്പൊ നിനക്ക് വിൻഡോ സീറ്റിൽ ഇരുന്നു യാത്ര ചെയ്യണം പോലും..

അപ്പൊ ആ കൊച്ച് അവിടെ വന്നിരുന്നു..
അതിന് ഇപ്പൊ എന്താ ഡീ കൊഴപ്പം..
അവടെ ഇരുന്നെന്ന് കരുതി മാനം ഇടിഞ്ഞു വീഴോ..

നിന്റെ പോലെ ജോലിയും കഴിഞ്ഞു വരുന്നതായിരിക്കും ഇവരൊക്കെ..
അവർക്കും ഉണ്ടാകും ക്ഷീണം..
എങ്ങനെയും വീട് എത്തിയ മതി എന്നാവും മനസ്സിൽ..”

“ദേ.. തള്ളേ..”
അവൾ ആ അമ്മാമയുടെ നേർക്ക് വിരൽ ചൂണ്ടി..”പേടിപ്പിക്കല്ലേ മോളേ..നിന്നേക്കാൾ മൂത്ത നാല് പെൺകുട്ടികളെ പെറ്റു വളർത്തിയിട്ടുണ്ട് ഞാൻ അതോണ്ട് ആ എന്റെ അടുത്ത് നിന്റെ വേഷം കെട്ടൽ വേണ്ടാ..കേട്ടല്ലോ..

ഇതൊരു പബ്ലിക് വാഹനമാണ്..
അതിൽ യാത്ര ചെയ്യുമ്പോൾ നമ്മൾ പലതും അഡ്ജസ്റ്റ് ചെയ്യണം..
അല്ലെങ്കിൽ പിന്നെ നമുക്ക് സ്വന്തമായി ഒരു വണ്ടി വേണം..

അതിനേക്കാൾ നല്ലത്..
നമുക്ക് ഒരു നല്ല മനസ് ഉണ്ടായാൽ മതി..
എല്ലാരേയും മുൻവിധിയോടെ കാണുന്ന നിലപാട് ഒന്ന് മാറ്റിയാൽ മതി..
കൂടെ ഒന്ന് ഇരുന്നു എന്ന് കരുതി ഇവിടെ മാനമൊന്നും ഇടിഞ്ഞു വീഴാൻ പോകുന്നില്ല..

കൂടെ യാത്ര ചെയ്യുന്ന നേരം ഇവരുടെ ഭാഗത്ത്‌ നിന്ന് അരുതാത്തത് ഉണ്ടായാൽ പ്രതീകരിക്കണം..
അതിന് നിനക്ക് കഴിവുണ്ടല്ലോ..
അല്ലാതെ ചുമ്മാ ഒരു സമൂഹത്തിന് മുന്നിൽ ചുമ്മ ഇങ്ങനെ ഒരു ചെറുപ്പകാരനെ മോശമാക്കിയിട്ട് എന്ത് കിട്ടാൻ..

നമ്മുടെ ഉള്ളം ശുദ്ധമാണെങ്കിൽ..
നാം കാണുന്ന കാഴ്ച്ചകളും..
നാം എടുക്കുന്ന തീരുമാനങ്ങളും അങ്ങനെയാകും..

പിന്നെ..
എന്നോട് ദേഷ്യം വേണ്ടാ..
തെറ്റ് കണ്ടാൽ എന്തൊ നോക്കി നിൽക്കാൻ അറിയില്ല…
പ്രതീകരിച്ചു പോകും..

മോള് ദാ അങ്ങോട്ട്‌ അൽപ്പം മാറിയിരുന്നെ..
ആ കൊച്ചു ചെറുക്കൻ അവ്ടെ ഇരുന്നോട്ടെ..”

“ഞാൻ എവിടേം ഇരിക്കുന്നില്ല…
ഈ ബസിലേ വരുന്നില്ല തീർന്നില്ലേ തള്ളേ നിങ്ങടെ പരാക്രമം..”
അതും പറഞ്ഞു ചവിട്ടി തുള്ളി ആ സ്ത്രീ പുറത്തേക്ക് ഇറങ്ങി..

“അല്ലേലും ഇങ്ങനെ ഉള്ള കൊറേ എണ്ണം ഉണ്ട് എവിടെയും..
എത്ര സീറ്റ് മുന്നിൽ ഉണ്ടേലും പിറകിൽ വന്ന് സൈഡ് സീറ്റ് നോക്കി ഇരിക്കുന്നവർ
നമ്മൾ ഒന്ന് മാറി ഇരിക്കാനോ,

അടുത്ത് ഇരുന്നാലോ എന്തോ വല്യ കുറ്റം ചെയ്തത് പോലുള്ള നോട്ടം നോക്കുന്ന കൊറേ എണ്ണങ്ങൾ..”
ബസിൽ പലരും മുറു മുറുത്തു കൊണ്ട് പറഞ്ഞു..

“എന്നാലും അമ്മച്ചി കിടുവാണേ..”
മൊബൈലിൽ വീഡിയോ എടുത്തു കൊണ്ടിരുന്ന ഒരു പയ്യൻ അമ്മാമായെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു..

“നീ എന്നേം വൈറൽ ആക്കുവോ മോനേ..”
അമ്മാമയുടെ
പൊട്ടിച്ചിരിച്ചു കൊണ്ടുള്ള മറുപടി കേട്ട് ബസിൽ കൂട്ട ചിരി മുഴങ്ങി

 

Leave a Reply

Your email address will not be published. Required fields are marked *