വിവാഹം കഴിച്ച് ആദ്യനാളുകളിൽ തന്റെ കൈവിരലുകൾ വിശ്രമമില്ലാതെ അതിലൂടെ തഴുകിയൊഴുകി നടന്നിരുന്നു.. ജോലി ഇല്ലാത്ത ദിവസങ്ങളിൽ പുറത്ത്

കുളിരുകോരുന്ന ഓർമ്മകൾ…
രചന: Vijay Lalitwilloli Sathya

മൈഥിലി ഇതൊന്നു എന്റെ പുറത്ത് തേച്ചു തന്നേടി….ബ്രേക്ക്‌ പാസ്ററ് കഴിച്ചിട്ട് പോരെ ഹരിയേട്ടാ ഇതൊക്കെ..

പോരാ ഇതൊക്കെ തേച്ചു ചുള്ളൻ ചെറുപ്പക്കാരനായിട്ട് വേണം കുളിച്ചു ബ്രേക്ക്‌ പാസ്ററ് കഴിക്കാൻ.. ഇന്ന് നമ്മുടെ വെഡിങ് ആനിവേഴ്സറി എന്നറിയാമല്ലോ..

അതൊക്കെ അറിയാഞ്ഞിട്ടാണോ അടുക്കളയിൽ ഇന്ന് ഇത്രയും കോപ്പുകൂട്ടി ഇക്കണ്ട തിന്നാൻ ഉള്ളതൊക്കെ ഉണ്ടാക്കുന്നത്….?
ഇതിനിടയിൽ ഞാൻ എങ്ങനെയാ ഈ കെമിക്കൽ കൈകൊണ്ട് തൊടുന്നത്..

ദേ. ടി….ഗ്ലൗസ് ഉണ്ട്…. ഇതിട്ട് ഒന്ന് വേഗത്തിൽ തേച്ചു തന്നാൽ മതി.. എന്റെ പുറത്ത് കൈ എത്താഞ്ഞിട്ടല്ലേ മോളൂ…പ്ലീസ്.. ഡി..എന്റെ പൊന്നു ഭാര്യയല്ലേ..

ഉം ശരി ശരി….മൈഥിലി ഗ്ലൗസ് എടുത്തിട്ട് ഹരിയേട്ടന്റെ ദേഹത്തു ആ ഡൈ തേച്ചു പിടിപ്പിക്കാൻ തുടങ്ങി….അങ്ങനെ ഹരിയുടെ ദേഹത്തു കൂടെ കൈ ഓടിക്കവേ അവളോർത്തു…

ഈ ഹരിയേട്ടന്റെ ശരീരത്തിൽ നിറയെ കറുത്ത രോമം ആയിരുന്നു…. നെഞ്ചിലും വയറ്റിലും പുറത്തും ഒരു പോലെയുണ്ട്… വിവാഹം കഴിച്ച് ആദ്യനാളുകളിൽ തന്റെ കൈവിരലുകൾ വിശ്രമമില്ലാതെ

അതിലൂടെ തഴുകിയൊഴുകി നടന്നിരുന്നു.. ജോലി ഇല്ലാത്ത ദിവസങ്ങളിൽ പുറത്ത് കാറ്റും മഴയും കോരിച്ചൊരിയുന്നനേരത്ത് ഹരിയേട്ടനോട് ച്ചേർന്നു കിടന്നു കൈത്തണ്ടയിൽ തലവെച്ചു ആ നെഞ്ചത്തൂടെ വിരൽ ഓടിക്കാൻ നല്ല രസമാണ്

അതിനിടയിൽ
അപ്പു മോൻ ജനിച്ചു.. അവനും വളർന്നു വരവേ അച്ഛന്റെ രോമങ്ങളിൽ കുഞ്ഞു കൈകൊണ്ടു പിടിത്തമിട്ട് ഇളക്കാതെ ഹരിയേട്ടനെ വേദനിപ്പിച്ചിട്ടുണ്ട്..അവനിപ്പോൾ ഡിഗ്രി ഫൈനൽ പഠിക്കുന്ന ഒരു യുവവാണ് മാർഷൽ ആർട്ടു പഠിച്ചിട്ടുണ്ട്..

അച്ഛന്റെ ശരീരത്തിൽ നിറയെ രോമം ആണെങ്കിൽ മകനെ നേരെ ഓപ്പോസിറ്റ് ആണ്… ദേഹത്ത് ഒന്നും രോമം കണി കാണാനില്ല..ഡെയിലി ജിമ്മിൽ പോകുന്നത് കൊണ്ടു ശരീരത്തിലെ പലയിടത്തും മാംസപേശികൾ ഉരുണ്ടു കൂടി ജീവൻ ടോൺ പരസ്യത്തിലെ നായകനെ പോലെയുണ്ട്.

പിന്നെ വൈഷ്ണവി മോള് ജനിച്ചു..കൈക്കുഞ്ഞായ അവളു കളിപ്പിക്കുന്ന നേരത്തെ അവളും പിടിച്ചുപറിച്ചു അച്ഛന്റെ ഒരുപാട് രോമങ്ങൾ….. അവൾക്കിപ്പോൾപന്ത്രണ്ട് വയസ്സ്…

ഹരിയേട്ടന്റെ ദേഹത്തെ രോമങ്ങൾ ഒക്കെ നരച്ചു… കാണാൻ ഭയങ്കര ബോറു… അതാണ് അതൊക്കെ ഒന്ന് കറുപ്പിക്കാൻ തീരുമാനിച്ചത്…

ഹരിയേട്ടാ വൈകിട്ട് പാർക്കിലും ബീച്ചിലും പോകാമെന്നു പറഞ്ഞത് സത്യം തന്നെ അല്ലേ…അതോ മുങ്ങി കളയുമോ?

ഏയ്യ് പോകാമെടി…..ഹരി കുളിക്കാനായി എണീറ്റു.. മൈഥിലി ഗ്ലൗസ് ഊരിമാറ്റി കൈകഴുകി അടുക്കളയിൽ ജോലിയിൽ മുഴുകി..

വൈകിട്ട്
അപ്പുമോൻ ജിമ്മിൽ പോകാനൊരുങ്ങി. വൈഷ്ണവി മോളെയും വേലകരിയെയും വീടെല്പിച്ചു ഹരിയും മൈഥിലിയും മാത്രം കാറിൽ കയറി പോയി…മോളെ കൂട്ടാർന്നു അല്ലേടി…

ഹരിപറഞ്ഞു..വേണ്ട… അവൾക്ക് എക്സാമല്ലേ വീട്ടിൽ ഇരുന്ന് പഠിക്കട്ടെ ….എനിക്ക് ഹരിയേട്ടനോടൊത്തു അല്പസമയം ഒന്നിച്ചിരിക്കണം.. വിവാഹത്തിന്റെ ആദ്യവസരങ്ങളിൽ എന്നപോലെ നമ്മൾ രണ്ടുപേർ മാത്രം…

നല്ല മൂഡിൽ ആണല്ലോ….അതുകേട്ടു മൈഥിലി ചിരിച്ചു.പാർക്കിലും ബീച്ചിലും ആവോളം കറങ്ങി… ഒരു നവോഡ്ഡയെ പോലെ അവിടങ്ങളിലെ ഏകാന്തതയിൽ ഹരിയേട്ടനുമായി അങ്ങനെ മുട്ടിയുരുമ്മി നടന്നും തൊട്ടുരുമി ഇരുന്നും ഒരുപാട് സല്ലപിച്ചു നേരം പോയതറിഞ്ഞില്ല.

തിരിച്ചു വീട്ടിലേക്ക് വരുമ്പോൾ സമയം രാത്രി പത്തു മണിയോടെ അടുത്തു..വിജനമായ ഹൈവേയിൽ വരുമ്പോഴാണ് ആ തട്ടുകട മൈഥിലിയുടെ കണ്ണിൽപെട്ടത്..

രാത്രി തുടങ്ങി നേരം വെളുക്കുവോളം ഉണ്ടാവുന്ന തട്ടുകടകളിലെ വിഭവങ്ങൾ ഓർത്തപ്പോൾ മൈഥിലിക്ക് കൊതീയൂറി..

ഹരിയേട്ടാ നോക്ക് നമുക്ക് അവിടെ കയറിയിട്ട് വല്ലതും കഴിക്കാം ഇനി പോയിട്ട് ഈ പാതിരാത്രിയിൽ അടുക്കളയിൽ കയറി കഴിക്കാൻ ഒന്നും എനിക്ക് വയ്യ…

അവിടെ നോക്ക് തട്ടുകട യോട് ചേർന്ന് കുറേ ലോറികൾ ഇറക്കി ഇട്ടേക്കുന്നത് കണ്ടോ ലോറിക്കാർ മറ്റു അലവലാതികളും കാണും… രാത്രി വൈകിയ നേരാണ്…

നമ്മൾ രണ്ടുപേരും മാത്രമല്ലേ ഉള്ളൂ… ഈ റോഡരികിൽ തന്നെ ആകുമ്പോൾ സേഫാ…നീ കാറിൽ തന്നെ ഇരിക്ക്.. ഞാൻ പാഴ്സൽ വാങ്ങി വരാം..

അത് ശരിയാണ്… ചേട്ടൻ പൊക്കോ… അടിപൊളി ഐറ്റംസ് വാങ്ങിയിട്ട് വാ… നമുക്ക് ഇവിടെ ഇരുന്നു കഴിക്കാം..

ഹരി മൈഥിലിയെ കാറിൽ ആക്കി തട്ടുകടയിലേക്ക് നടന്നു …റോഡിൽ നിന്നും അല്പം ഇറങ്ങിയാണ് ആ തട്ടുകട…

സ്ട്രീറ്റ് വിളക്കിന്റെ അരണ്ടപ്രകാശം ഇടയ്ക്കിടയ്ക്ക് ഹൈവേയിൽ കൂടി ചീറിപ്പായുന്ന വണ്ടികൾ… പരിസരത്ത് ആരുമില്ല…

മൈഥിലി ചേച്ചി….അവള് വിളികേട്ട് പുറത്തേക്ക് നോക്കി.. വൈഷ്ണവിമോളുടെ പ്രായം ഉള്ള ഒരു പെൺകുട്ടി..

പക്ഷെ ആ വിളിയ്ക്ക് നല്ല പരിചയം തോന്നി മൈഥിലിക്ക്‌.ശരിയാണ് തന്റെ കൂട്ടുകാരിയുടെ മകൾ അർഷിത മോൾ…

എന്താ മോളെ ഈ രാത്രിയിൽ ഇവിടെ തനിച്ച്…?തനിച്ചല്ല ചേച്ചി…ദേ അപ്പുറത്ത് അമ്മയുണ്ട്…ആണോ…

മൈഥിലി കാറിൽ നിന്നും പുറത്തിറങ്ങി ..
മൈഥിലി ഹർഷിതമോള്ടെ അടുത്ത് ചെന്നു
എവിടെയാ മോളെ അമ്മ…ദേ അവിടെ….

അവൾ ചൂണ്ടിക്കാണിച്ച ഭാഗത്തേക്ക് മൈഥിലി സൂക്ഷിച്ചു നോക്കിയപ്പോൾ റോഡിന്റെ മറുവശത്തു നിന്നും അർച്ചന നിന്ന് കൈവീശി കാണിക്കുന്നത് കണ്ടു..
സത്യം തന്നെ

ദേ അവിടെ ചേച്ചി…അങ്ങോട്ട് പോകാം..ഹർഷിത മോള് മൈഥിലിയൂടെ കൈപിടിച്ച് തന്റെ അമ്മയുടെ അടുത്തേക്ക് നടന്നു.

മൈഥിലി തന്റെ കൂട്ടുകാരി അർച്ചനയെ കണ്ടു….കുറച്ചു നാളുകൾ കൂടിയിട്ടാ തമ്മിൽ കാണുന്നത്..നീ എന്താ അർച്ചന ഇവിടെ…?

അതേയ്….മൈഥിലി, ഞാനും മകളും അൽപ്പം മുമ്പ് സ്കൂട്ടറിൽ വരികയായിരുന്നു…ചെറിയ ചാറ്റൽ മഴ ഉണ്ടായിരുന്നു…സന്ധ്യാസമയം.ദേ ഇവിടെ

എത്തിയപ്പോൾ എന്റെ സ്കൂട്ടറിന് കുറകെ ഒരു പട്ടി വട്ടം ചാടി..ഭാഗ്യത്തിന് ഞങ്ങൾക്ക് ഒന്നും പറ്റിയില്ല.. സ്കൂട്ടർ മറിഞ്ഞ് ഇതിന്റെ താഴെ കിടക്കുകയാണ്..

എവിടെ?മൈഥിലി ആകാംക്ഷയോടെ ചോദിച്ചു..അർച്ചന റോഡിന്റെ താഴേക്ക് വിരൽ ചൂണ്ടി…

മൈഥിലി തന്റെ മൊബൈലിൽ നിന്നും ടോർച്ച് ലൈറ്റ് കത്തിച്ചു. സ്കൂട്ടർ വീണുകിടക്കുന്ന ഭാഗത്തേക്ക് നോക്കി..

വാ നമുക്ക് അങ്ങോട്ട് ചെല്ലാം…അർച്ചനയും ഹർഷിത മോളും അങ്ങോട്ടു നടന്നു.മൈഥിലിയും പതുക്കെ അതിനടുത്തേക്ക് നടന്നു

താഴെ പാറക്കെട്ടിനു താഴെയുള്ള ചതുപ്പിൽ വീണു കിടക്കുകയാണ്.. അവർ മൂവരും അതിന് സമീപമെത്തി.

കട്ടപിടിച്ച ഇരുട്ടിൽ മൈഥിലി തന്റെ ടോർച്ചടിച്ചു സ്കൂട്ടർ വീണുകിടക്കുന്ന ഭാഗം നന്നായി പരിശോധിച്ചു.

സ്കൂട്ടറിനു സമീപം രണ്ടുപേർ വീണു കിടക്കുന്നു.. രണ്ടുപേരും മരിച്ചിരിക്കുന്നു.. അവൾ ആ രണ്ടു മുഖവും വ്യക്തമായി പരിശോധിച്ചു…

ഈശ്വരാ…അർച്ചനയും ഹർഷിത മോളും…അവൾ വേഗം തന്നെ തിരിഞ്ഞു നോക്കി.ആ ഇരുട്ടിൽ വേറെ ആരെയും കണ്ടില്ല തന്നെ ഇവിടുത്തെക്ക്‌ കൂട്ടിക്കൊണ്ടുവന്ന ഹർഷിത മോളും അർച്ചനയും ഇതാ ഇവിടെ മരിച്ചു കിടക്കുന്നു…

ഇവരാണോ തന്നെ ഇത് കാണിച്ചു തരാൻ വേണ്ടി തന്റെ വണ്ടിയുടെ അടുത്തേക്ക് വന്നത്…

മൈഥിലി നന്നായി ഭയന്നു…. അവൾ ഉച്ചത്തിൽ നിലവിളിച്ചു..ഹരിയേട്ടാ…….അയ്യോ ഹരിയേട്ടാ…പക്ഷെ ശബ്ദം തൊണ്ടയിൽ നിന്ന് പുറത്തേക്ക് വന്നില്ല…..

ഈ സമയം മൈഥിലിയേ കാറിൽ കാണാതിരുന്നപ്പോൾ ഞെട്ടിപ്പോയി.. ഇവളിത് എവിടെ പോയി… കാറ് കിടന്ന സ്ഥലം മുഴുവനും അതിനുചുറ്റുമുള്ള സ്ഥലത്തും മൈഥിലിയെ

തിരഞ്ഞു..അവിടെയൊക്കെ അന്വേഷിച്ച ഹരീഅവളെ കാണാതെ വല്ലാതെ ദുഃഖിച്ചു… കാറിൽ കയറി കാർ സ്റ്റാർട്ട്‌ ചെയ്തു.

ഹരി കാറിന്റെ ലൈറ്റ് ബ്രൈറ്റ് ചെയ്തു അവിടങ്ങളിൽ ആകെ ഒന്നുകൂടി പരിശോധിച്ചു…
.അതാ അവൾ വരുന്നു…

ഹരി കാറിന്റെ ലൈറ്റിൽ അവളെ കണ്ടു… മൈഥിലി റോഡിന്റെ താഴത്തെ തട്ടിൽ നിന്നും അലറി കരഞ്ഞു കൊണ്ട് കയറി വരുന്നു….

ഹരി വേഗം കാർ സ്റ്റാർട്ട് ഓഫ് ചെയ്യാതെ പുറത്തിറങ്ങി നേരെ പാഞ്ഞു വരുന്ന മൈഥിലിയുടെ അടുത്തേക്ക് ഓടിച്ചെന്നു..

എന്താ എന്തുപറ്റി മൈഥിലി… നീ എന്തിനാ കാറിൽ നിന്നും പുറത്തിറങ്ങി ഇവിടെ വന്നത്..ഹരിയേട്ടാ ഞാൻ…അവിടെ…

മൈഥിലിക്ക് വിക്കി വിക്കി ഒന്നും വ്യക്തമായി പറയാൻ സാധിക്കുന്നില്ല..അവിടെ എന്താ…

നമ്മുടെ അർച്ചനയും മോള് ഹർഷിതയും അവിടെ വീണു കിടക്കുന്നു..അവൾ ഒരുവിധത്തിൽ അങ്ങോട്ട് വിരൽചൂണ്ടി പറഞ്ഞൊപ്പിച്ചു…

വീണുകിടക്കുന്നുവെന്നോ നീ എന്താണ് ഈ പറയുന്നത്..അതേ ഹരിയേട്ടാ അവർ സ്കൂട്ടറിൽ പോകുമ്പോ ആക്സിഡന്റ് പറ്റി തെറിച്ചു വീണതാണ്.. ആരും കാണാതെ ബോധമറ്റ് രണ്ടുപേരും മരിച്ചു.

ഈശ്വരാ ഇവൾ എന്തൊക്കെയാ ഈ പറയുന്നത്.ഹരി അവൾ ചൂണ്ടിക്കാണിച്ച റോഡിനു താഴത്തെ ചതുപ്പിലേക്ക് എത്തിനോക്കി..ഒരു സ്കൂട്ടറും രണ്ടുപേരെയും കാണാം…

നീ ഈ രാത്രിയിൽ ഒറ്റയ്ക്ക് അവിടെ ഇറങ്ങി എന്നോ.. നിനക്കെന്താ പറ്റിയത്… ഞാൻ പാർസൽ വാങ്ങി വന്നതിനു ശേഷം എന്നോട് പറയാമായിരുന്നില്ലേ…അതു നിന്റെ കൂട്ടുകാരി അർച്ചനയും മകൾ ഹർഷിതയും ആണെന്ന് നീ തിരിച്ചറിഞ്ഞോ…

ഉവ്വ് ഹരിയേട്ടാ ഞാൻ അവിടെ ചെന്നു..എന്നാലും നിന്റെ ധൈര്യം സമ്മതിക്കണം മൈഥിലി..

ഞാൻ കാറിൽ ഇരിക്കുമ്പോൾ സംഭവിച്ചതല്ല… സന്ധ്യയ്ക്ക് സംഭവിച്ചതാ
പിന്നെ ഞാൻ അറിഞ്ഞിട്ടു അങ്ങോട്ട് പോയതല്ല.

പിന്നെ?എന്നെ അവർ രണ്ടാളും വന്ന് കൂട്ടിക്കൊണ്ടു പോയതാ..ങേ….അപകടത്തിൽ വീണു മരിച്ചവർ

എങ്ങനെയാണ് നിന്നെ കൂട്ടിക്കൊണ്ടു പോകുന്നത് എന്റെ മൈഥിലി….ചുമ്മാ ഓരോ വട്ട് പറയാതെ…

സത്യം ഹരി ഏട്ടാ…..കാറിൽ ഇരിക്കുകയായിരുന്നു …എന്നെ ഹർഷിത മോള് ആദ്യം വന്നു വിളിച്ചപ്പോൾ ആണ് ഞാൻ കാറിന് വെളിയിൽ ഇറങ്ങിയത് തന്നെ..പിന്നെ അപ്പുറത്ത് അർച്ചനയും

നിൽക്കുന്നത് കണ്ടു. അവളും എന്നെ അവിടേക്കു മാടിവിളിച്ചു.. അവളുടെ അടുത്തെത്തിയപ്പോൾ അവളാണ് എന്നെ
താഴോട്ടു സ്കൂട്ടർ കാണിച്ചു തരാം എന്നു പറഞ്ഞു കൂട്ടി കൊണ്ട് പോയത്..

ഹ….കഷ്ടം തന്നെ…അതെന്തെങ്കിലുമാകട്ടെ നീ വാ…
ഹരിക്ക് മനസ്സിലായി കൂട്ടുകാരി മരിച്ച ഷോക്കിൽ പരസ്പര ബന്ധമില്ലാതെ എന്തൊക്കെയോ പറയുകയാണെന്ന്…

പോലീസിൽ അറിയിക്കണ്ടെ… ഹരിയേട്ടാ
അർച്ചനയുടെ വീട്ടുകാരെ അറിയിക്കേണ്ടേ…?

ഒക്കെ ചെയ്യാം നീ വാ…ഹരി ആദ്യം പോലീസിൽ വിവരം വിളിച്ചുപറഞ്ഞു..അവരെത്തി കഴിഞ്ഞപ്പോൾ, മൈഥിലിയുടെ കോൺടാക്ട് നിന്നും

അർച്ചനയുടെ ബന്ധപ്പെട്ട ബന്ധുക്കളെയും ഭർത്താവിനെയും വിളിച്ചു വിവരം പറഞ്ഞു..

അർച്ചനയുടെ വണ്ടിയുടെ ഇടിയേറ്റ് സമീപത്തുതന്നെ ഒരു പട്ടിയും ചത്തു കിടപ്പുണ്ടായിരുന്നു..

മോട്ടോർ ഡിപ്പാർട്ട്മെന്റ് സഹായത്തോടെ റോഡിൽ സ്ഥാപിച്ചിരുന്ന
സമീപത്തുള്ള സിസിടിവി ദൃശ്യങ്ങളിൽ നിന്നും പോലീസ് കാര്യങ്ങൾ മനസ്സിലാക്കി..

ആംബുലൻസ് എത്തി മൃതദേഹങ്ങൾ ആസ്പത്രിയിലേക്ക് മാറ്റി..ക്രെയിൻ കൊണ്ടുവന്ന് സ്കൂട്ടർ പൊക്കി മുകളിൽ എത്തിച്ചു..

സംഭവസ്ഥലത്തുനിന്ന് എല്ലാവരും പിരിഞ്ഞു പോയി..ഹരി മൈഥിലിയേയും കൂട്ടി വീട്ടിലേക്ക് തിരിച്ചു..

ഹരിയുടെ തോളിൽ ചാഞ്ഞു കിടക്കുകയായിരുന്നു മൈഥിലി ചോദിച്ചു…അല്ല ഹരിയേട്ടാ… കാറിൽ ഇരിക്കുകയായിരുന്ന എന്റെ അടുത്തേക്ക് അപ്പോൾ വന്നത് ആരാണ്?പ്രേതം……….. അല്ലാണ്ട് ആരാ…

 

Leave a Reply

Your email address will not be published. Required fields are marked *