(രചന: സൂര്യഗായത്രി)
എന്നാലും ഹരി ലതക്കു എങ്ങനെ നിന്നെയും കുഞ്ഞിനേയും ഉപേക്ഷിച്ചു മറ്റൊരാൾക്കൊപ്പം പോകാൻ കഴിഞ്ഞു.നീ അത്രയും കാര്യമായല്ലേ അവളെ നോക്കിയത്, പിന്നെങ്ങനെ ഇതു സംഭവിച്ചു.
ഹരിയുടെ കൂട്ടുകാരൻ ഷിജു വിഷമത്തോടെ അത് പറയുമ്പോൾ ഹരിക്കു വേദന തോന്നി.
ഒൻപത് വയസു പ്രായമായ ഒരു മകളുണ്ട്. അതിനെ ഉപേക്ഷിച്ചാണ് അവൾ മറ്റൊരാൾക്കൊപ്പo പോയത്..
ഇത്രയും കാലം ഒരുമിച്ച് ജീവിച്ചിട്ട് ഇവൾക്ക് എങ്ങനെ ഇങ്ങനെയൊക്കെ ചെയ്യാൻ തോന്നി.
പൊന്നുപോലെയല്ലേ അവൻ കൊണ്ടു നടന്നത്, കാണുന്നത് വാങ്ങി കൊടുക്കാനും, പറയുന്ന സ്ഥലത്തൊക്കെ കൊണ്ടുപോകാനും, എന്തൊരു ഉത്സാഹമായിരുന്നു. അന്നൊക്കെ ആരെങ്കിലും അറിഞ്ഞോ ഇതിന്റെയൊക്കെ മനസ്സിലിരിപ്പ് ഇതാണെന്നു.
കോടതിയിൽ അവൾക്കു ഈ ബന്ധത്തിൽ താല്പര്യം ഇല്ലെന്നു മാത്രമാണ് പറഞ്ഞത്. അവളുടെ സ്വർണ്ണം അവൾക്കു വേണം.
ഭർത്താവ് മദ്യപാനിയോ, ദേഹ ഉ,പ,ദ്ര,വം ചെയ്യുന്ന ആളോ ആണോ എന്ന് ചോദിച്ചപ്പോൾ അതൊന്നുമല്ല എന്നായിരുന്നു അവളുടെ മറുപടി. എന്നിട്ട് എന്തുകൊണ്ട് നിങ്ങൾ ഈ ബന്ധം ഒഴിയുന്നു എന്ന ചോദ്യത്തിന് ഉത്തരമില്ലായിരുന്നു.
ഒന്ന് രണ്ട് കൗൺസിലുകൾ അവർക്കായി അനുവദിച്ചു കൊടുത്തു എങ്കിലും. പ്രയോജനം ഉണ്ടായില്ല. കോടതിയിൽ അവൾക്ക് വിവാഹമോചനം കിട്ടിയേമതിയാകു എന്ന് വാശി പിടിച്ചു.
ഒടുവിൽ കോടതി വിധി വന്നു ഇരുവരുടെയും വിവാഹ ബന്ധം റദ്ദാക്കി. കുഞ്ഞിനെ തനിക്ക് നോക്കാൻ കഴിയില്ല എന്നും താൻ ഇനി മറ്റൊരു ജീവിതത്തിലേക്ക് പോകുമെന്നും. തന്റെ ആഭരണങ്ങൾ എല്ലാം വിട്ടു തരണമെന്ന് ആയിരുന്നു അവളുടെ പ്രധാന വാദം.
നൊന്തു പ്രസവിച്ച മകളെ പോലും ഉപേക്ഷിച്ചു പോകാൻ തക്ക മനക്കരുത്ത് ഇവൾക്ക് എവിടുന്ന് കിട്ടി എന്ന് ഹരിക്ക് സംശയമായി.
ഒടുവിൽ എല്ലാവരെയും ഉപേക്ഷിച്ച് അവൾ സ്വന്തമായി തിരഞ്ഞെടുത്ത ജീവിതത്തിലേക്ക് പോയി.
വീട്ടിൽ ഹരിയും മോളും മാത്രമായി സഹായത്തിന് ഹരിയുടെ അമ്മയും സഹോദരിയും കാണും. രാവിലെ ഹരി ജോലിക്ക് പോകുമ്പോൾ അമ്മ തന്നെയാണ് ഭക്ഷണമെല്ലാം ഉണ്ടാക്കി കൊടുത്തിരുന്നത്.
കുറച്ചു ദിവസം അങ്ങനെ പോയി. ഒടുവിലാണ് അറിയുന്നത് ലത മറ്റൊരാളെ വിവാഹം കഴിച്ചു എന്ന്. ഹരിക്ക് അതൊരു ഷോക്ക് തന്നെയായിരുന്നു.
അച്ഛേ അമ്മ മറ്റൊരു വിവാഹം കഴിക്കില്ലെന്ന് എന്നോട് പ്രോമിസ് ചെയ്തതാണ് എന്നിട്ട് അമ്മ എന്തിനാണ് ഇങ്ങനെ ചെയ്തത്.
കുഞ്ഞുമോൾ ഹരിയോട് കരഞ്ഞു കൊണ്ട് ചോദിച്ചു.മോൾ ഇങ്ങനെ കരയരുത് അമ്മയ്ക്ക് നമ്മളെ വേണ്ടാഞ്ഞിട്ടല്ലേ കളഞ്ഞിട്ട് പോയത്. പിന്നെ എന്തിനാണ് മോൾ അമ്മയ്ക്ക് വേണ്ടി കരയുന്നത്.
ഇല്ല മോളിനീ കരയില്ല…മോളെ ആശ്വസിപ്പിച്ചുവെങ്കിലും ഹരിക്ക് കിടന്നിട്ട് ഉറങ്ങാൻ കഴിഞ്ഞില്ല.അവന്റെ ഇരകണ്ണിലൂടെയും കണ്ണുനീർത്തുള്ളികൾ ഒഴുകിയിറങ്ങി.
പ്രണയ വിവാഹമായിരുന്നു ഹരിയുടെയും ലതയുടെയും ഒരേ സ്ഥാപനത്തിലാണ് ഇരുവരും പഠിച്ചുകൊണ്ടിരുന്നത്. നല്ലൊരു സൗഹൃദം ഉണ്ടായിരുന്നു പിന്നീട് അത് എപ്പോഴോ പ്രണയമായി മാറി..
ഒടുവിൽ ഇരു വീട്ടുകാരുടെയും സമ്മതത്തോടുകൂടിയായിരുന്നു രണ്ടുപേരുടെയും വിവാഹം. വിവാഹശേഷം വളരെ സന്തോഷകരമായ ജീവിതമായിരുന്നു രണ്ടുപേരും നയിച്ചിരുന്നത്. അവരുടെ പ്രണയത്തിനു കൂട്ടായി ഒരു മോളും.
അങ്ങനെയുള്ള ദാമ്പത്യത്തിൽ എപ്പോഴാണ് കല്ലുകടി സംഭവിച്ചതെന്ന് ആർക്കും അറിയില്ല പ്രത്യക്ഷത്തിൽ ഇരുവരെയും കണ്ടാൽ പിണക്കമോ വഴക്കോ ഉള്ളതായി തോന്നുക പോലും ഇല്ല.
പിന്നെ എവിടെയാണ് ഇവരുടെ ജീവിതത്തിൽ താളപ്പിഴാ സംഭവിച്ചത് ഹരി പലതും ഓർത്തെടുക്കാൻ ശ്രമിച്ചിട്ടും പരാജയപ്പെട്ടു പോയി.
ഹരിയുടെ ഡിവോഴ്സിനെ പറ്റി അറിഞ്ഞതിനുശേഷം ബ്രോക്കർമാർ അവരുടെ വീട്ടിൽ കയറി ഇറങ്ങാൻ തുടങ്ങി.
രണ്ടാം കെട്ടിനുള്ള ഒരുപാട് പെൺകുട്ടികളുടെ ഫോട്ടോകൾ ഹരിയേയും അമ്മയെയും മാറിയും തിരിഞ്ഞും കാണിച്ചു.
എന്നെ മാത്രം കാണിച്ചതുകൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടോ. ഇഷ്ടപ്പെടേണ്ടത് അവനല്ലേ അവന്റെ സമ്മതം കിട്ടിയാൽ നമുക്ക് ഏത് വേണമോ നടത്താം
ഇപ്പോൾ ധൃതിപിടിച്ച് ഒരു വിവാഹം നോക്കേണ്ട ആവശ്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല..അത് തീരുമാനിക്കേണ്ടത് നീയല്ല നിനക്കൊരു പെൺകുട്ടി വളർന്ന് വരികയാണ്. ആ കുട്ടിയുടെ ചില കാര്യങ്ങളൊക്കെ നോക്കുന്നതിന് ഒരു അമ്മയ്ക്ക് മാത്രമേ സാധിക്കുകയുള്ളൂ.. അതുകൊണ്ട് നീ മറ്റൊരു വിവാഹത്തിന് സമ്മതിച്ചേ മതിയാകൂ.
അമ്മേ എനിക്കതിന് വിവാഹമെ വേണ്ടേ എന്നല്ല ഞാൻ പറഞ്ഞത്. ധൃതിപിടിച്ച് ഒന്നും നോക്കണ്ട എന്നാണ് പറഞ്ഞത് കുറച്ച് സാവകാശത്തിൽ നമുക്ക് കാര്യങ്ങൾ മുന്നോട്ട് നീക്കാം.
സാവകാശം നോക്കിയിരിക്കുമ്പോൾ മൂക്കിൽ പല്ലു കിളിർക്കും..ഞാൻ എന്തായാലും ഏതെങ്കിലും ഒരു സംബന്ധം ഉറപ്പിക്കും. അവൾ അങ്ങനെ വിവാഹം ചെയ്തു സുഖമായി ജീവിക്കുമ്പോൾ നീ എന്തിനാടാ മാറിനിൽക്കുന്നത്.
നീ അവളെക്കാൾ സുന്ദരിയായ ഒരു പെണ്ണിനെ കല്യാണം കഴിച്ചു അവളുടെ മുന്നിൽ ജീവിച്ചു കാണിച്ചു കൊടുക്കണം.
അമ്മ പറയുന്നതൊക്കെ കേട്ടിട്ട് നല്ല രസമുണ്ട് പക്ഷേ ജീവിതത്തിൽ ഇതൊക്കെ പ്രാവർത്തികമാക്കാനാണ് പാട്. എനിക്കും അവളെപ്പോലെ ചിന്തിക്കാൻ കഴിയുമോ അമ്മേ ഒരു മോളില്ലേ.
വന്നു കേറുന്ന പെണ്ണ് എങ്ങനെയുള്ളതാണെന്ന് ആർക്കറിയാം അവൾ മോളുമായി ഒത്തൊരുമിച്ചു പോകുമോ എന്ന് എങ്ങനെ അറിയാൻ കഴിയും ഇനിയും ഒരു പരീക്ഷണത്തിന് എനിക്ക് പറ്റില്ല അമ്മേ..
എടാ നമ്മുടെ അവസ്ഥയൊക്കെ ഞാൻ ബ്രോക്കറോട് പറഞ്ഞിട്ടുണ്ട്. അങ്ങനെ ഒരു ആലോചന വന്നതുകൊണ്ടാണ് നിന്നോട് ഇപ്പോൾ ഇതിനെക്കുറിച്ച് സംസാരിക്കുന്നത്.
ഓ അപ്പൊ അമ്മ ഞാൻ അറിയാതെ കരുനീക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു.നീയൊരു അഭിപ്രായം പറഞ്ഞാൽ നമുക്ക് ഞായറാഴ്ച തന്നെ ആ കുട്ടിയെ ഒന്നു പോയി കാണാം.
അമ്മേ ഞാൻ വിവാഹ ബന്ധം വേർപെടുത്തി നിൽക്കുന്ന ഒരാളാണ് അപ്പോൾ എനിക്ക് വരുന്ന ആലോചനയും അതുപോലെയൊക്കെ ഉള്ളത് മതി.
എടാ ഇത് അങ്ങനെയുള്ള ഒന്ന് തന്നെയാണ്. ആ പെൺകുട്ടിക്ക് വിവാഹം കഴിഞ്ഞ് ആദ്യ ബന്ധത്തിൽ ഒരു മോനും ഉണ്ട്.. ആ കൊച്ചിന് തന്നെ ഏഴ് വയസ്സായി.
അത് കേട്ടപ്പോഴേക്കും മോൾക്കും വലിയ ഉത്സാഹം തോന്നി.അച്ചാ ഇതൊരു നല്ല ബന്ധമാണെന്നാണ് തോന്നുന്നത്. ഒരു അനിയൻ കൂടി ഉണ്ടെന്നല്ലേ പറഞ്ഞത് നമുക്ക് നാലുപേർക്ക് സന്തോഷമായി കഴിയാം..
അവളുടെ ഉത്സാഹവും സന്തോഷവും ഒക്കെ കണ്ടപ്പോൾ ഹരിയും സമ്മതം മൂളി.അങ്ങനെ ഞായറാഴ്ച എല്ലാവരും കൂടി പോയി പെണ്ണ് കാണാൻ ചടങ്ങ് നടത്തി. കാഴ്ചയ്ക്ക് തരക്കേടില്ലാത്ത ഒരു പെൺകുട്ടിയായിരുന്നു ഒരു മകനും ഉണ്ട്,. രണ്ടുപേരുംകൂടി സംസാരിച്ചപ്പോൾ തന്നെ ഏകദേശം ധാരണയിൽ എത്തി.
ഒടുവിൽ ആർഭാട പൂർവ്വം അല്ലാതെ അമ്പലത്തിൽ വച്ച് ചെറിയൊരു താലികെട്ടുമായി ആ ചടങ്ങ് നടത്താം എന്ന തീരുമാനത്തിലായി.
മോളുടെ സന്തോഷം കണ്ടപ്പോൾ ഹരിക്ക് വലിയ ഉത്സാഹം തോന്നി…ലളിതമായി തന്നെ എല്ലാവരുടെയും ആഗ്രഹം പോലെ ആ ചടങ്ങ് നടന്നു..
വിവാഹത്തിന്റെ ആദ്യ നാളുകളിൽ വലിയ കുഴപ്പമൊന്നുമില്ലാതെ മുന്നോട്ടുപോയി. മോൾക്കാണെങ്കിൽ അനിയൻ എന്നു വെച്ചാൽ ജീവനാണ് ഏത് സമയവും അവന്റെ ഒപ്പംതന്നെ..
പക്ഷേ സുമയ്ക്കെന്തോ….. ഹരിയുടെ മോളെ അംഗീകരിക്കാൻ കഴിയാതെ വന്നു.അവരുടെ വിവാഹ ജീവിതത്തിൽ ആദ്യം തന്നെ കല്ലുകടി തുടങ്ങി..
ഒരു ദിവസം ഹരി ഡ്യൂട്ടി കഴിഞ്ഞു വരുമ്പോൾ സുമയും മോനും വീട്ടിലില്ല. കാര്യം എന്താണെന്ന് തിരക്കിട്ട് മോൾക്ക് അറിയുകയുമില്ല. അമ്മയോടും സഹോദരിയോട് ചോദിച്ചിട്ടും അവർക്കും വിവരമൊന്നും അറിയില്ല.
ഒടുവിൽ ഹരി സുമയുടെ വീട്ടിലേക്ക് തന്നെ തിരിച്ചു.എന്താ സുമേ, നീ ആരോടും പറയാതെ ഇങ്ങ് പോന്നത്.. രാവിലെ ഞാൻ പോകുമ്പോൾ ഒന്നും പറഞ്ഞില്ലല്ലോ ഇവിടേക്ക് വരുന്നതിനെപ്പറ്റി..
അൽപനേരം സുമ ഒന്നും മിണ്ടാതെ നിന്നു.എനിക്ക് ഹരിയേട്ടന്റെ മോളെ ഉൾക്കൊള്ളാൻ കഴിയില്ല. ഹരിയേട്ടൻ മോളെ അമ്മയുടെയും അനിയത്തിയുടെയും അടുത്ത് ആക്കി ഇവിടേക്ക് താമസം മാറണം..
നീ എന്തൊക്കെയാ സുമേ ഈ പറയുന്നത്. വിവാഹത്തിനു മുൻപ് നമ്മൾ ഇതിനെക്കുറിച്ച് ഒക്കെ സംസാരിച്ചത് അല്ലേ. എന്നിട്ടെന്താ പെട്ടെന്ന് നിനക്ക് ഇങ്ങനെ ഒരു അഭിപ്രായം..
അതൊന്നും എനിക്കറിയില്ല എനിക്ക് ആ കുട്ടിയോടൊപ്പം ആ വീട്ടിൽ കഴിയാൻ പറ്റില്ല. നമ്മൾ തമ്മിൽ ഒരു ജീവിതം ഉണ്ടാകണമെങ്കിൽ മോളെ അവിടെയാക്കിഹരിയേട്ടൻ ഇവിടെ വരണം
അതൊരിക്കലും നടക്കാത്ത കാര്യമാണ് നീ പറയുന്നത്. മോളെ ഒഴിവാക്കി ഞാൻ ഒരിക്കലും വരില്ല.
എല്ലാ കാര്യങ്ങളും ഞാൻ നിന്നോട് തുറന്നു പറഞ്ഞതാണ് അന്ന് നീ എല്ലാം സമ്മതിക്കുകയും ചെയ്തു നിന്റെ മകനെ സ്വന്തം മകനെ പോലെയല്ലേ ഞാൻ കാണുന്നത്,.
എന്നിട്ട് നിനക്ക് എങ്ങനെ ഇങ്ങനെ പറയാൻ തോന്നുന്നു..ഹരിയേട്ടൻ പറയുന്നതൊക്കെ ശരിയാണ് പക്ഷേ എനിക്ക് എന്തോ ഹരിയേട്ടന്റെ മോളെ സ്വന്തമായി കാണാൻ പറ്റുന്നില്ല. അതുകൊണ്ട് ഈ ബന്ധം നേരെ ചൊവ്വേ പോകണമെങ്കിൽ ഹരിയേട്ടൻ ഞങ്ങളോടൊപ്പം ഇവിടെ വന്നു താമസിക്കണം..
അതൊരിക്കലും നടക്കില്ല സുമേ, നിന്റെ ആഗ്രഹം. എന്റെ മകൾ ഇപ്പോൾ പറഞ്ഞു വിട്ടാതെന്താണെന്ന് അറിയാമോ..
ചിലപ്പോൾ ഞാൻ ഇവിടെ ഉള്ളതായിരിക്കും അമ്മയ്ക്കും അനിയനും ബുദ്ധിമുട്ട്. അങ്ങനെയെങ്കിൽ അച്ഛൻ അവർക്കൊപ്പം അവിടെ കഴിഞ്ഞോ. അച്ഛന്റെ സന്തോഷമാണ് എനിക്ക് വലുത്.
9 വയസ്സ് പ്രായമായ എന്റെ മകൾ അങ്ങനെ ചിന്തിക്കണമെങ്കിൽ നീ ഇത്രയും ദിവസങ്ങൾക്കുള്ളിൽ തന്നെ അവളോട് ചെയ്ത പ്രവർത്തികൾ എന്തൊക്കെയായിരിക്കും.,.. എന്റെ മകൾ എന്നോട് ഇന്നുവരെയും ഒന്നും പറഞ്ഞിട്ടില്ല.
അങ്ങനെ അവളെ ഉപേക്ഷിച്ച് എനിക്കൊരു ജീവിതം വേണ്ട. ചിലപ്പോൾ ആളുകൾ എന്നെ കുറ്റം പറയുമായിരിക്കും.
എന്റെ തെറ്റ് കൊണ്ടാണ് എന്റെ ഭാര്യമാരും പിണങ്ങി പോയതെന്ന്. പക്ഷേ സത്യം എന്താണെന്ന് എനിക്കറിയാമല്ലോ.,….. നിന്റെ ഇത്രയും ഇടു ങ്ങിയ ചിന്താഗതിയായിരുന്നു,….,
നിനക്ക് എപ്പോൾ വേണമെങ്കിലും മോനെയും കൂട്ടി അവിടെയൊക്കെ വരാം… പക്ഷേ ഞാൻ എന്റെ മോളെ ഉപേക്ഷിച്ച് നിങ്ങൾക്കൊപ്പം വരില്ല…….
അത്രയും പറഞ്ഞുകൊണ്ട് ഹരി പുറത്തേക്കിറങ്ങിപ്പോയി………സുമ മകനെയും ചേർത്തുപിടിച്ച് അങ്ങനെ നിന്നു..,……..
വീട്ടിലേക്ക് വന്നു വിവരങ്ങളെല്ലാം പറഞ്ഞപ്പോൾ ഹരിയുടെ മകൾ ഒരുപാട് ബഹളം ഉണ്ടാക്കി.എനിക്ക് വേണ്ടി അച്ഛൻ അച്ഛന്റെ സന്തോഷങ്ങൾ ഉപേക്ഷിക്കരുത്. ഞാൻ ഈ വീട്ടിൽ കഴിഞ്ഞു കൊള്ളാം.
തൊട്ടടുത്തായി തന്നെ അച്ഛമ്മയും അപ്പച്ചിയുമൊക്കെ ഉണ്ടല്ലോ.. ആഴ്ചയിൽ ഒരു ദിവസം അച്ഛൻ ഇവിടേക്ക് വന്നാൽ മതി. ബാക്കി ദിവസങ്ങളിൽ ഡ്യൂട്ടി കഴിഞ്ഞ് അച്ഛൻ അവിടേക്ക് പൊയ്‌ക്കോ.
മകളുടെ മുഖത്തേക്കു നോക്കാൻ ഹരിക്ക് കഴിഞ്ഞില്ല..ഹരി എത്രയൊക്കെ പറഞ്ഞെങ്കിലും അവൾ അവളുടെ തീരുമാനം മാറ്റാൻ തയ്യാറല്ലായിരുന്നു.. ഒടുവിൽ മോളുടെ നിർബന്ധത്തിന് വഴങ്ങി ഹരിക്ക് സുമയുടെ അടുത്തേക്ക് പോകേണ്ടി വന്നു..
ഇന്ന് മോൾ വളരെയധികം സന്തോഷത്തിലാണ്. അവൾ അച്ഛമ്മയോടൊപ്പം ചേർന്ന് എന്തൊക്കെയോ പാചകം ചെയ്യുകയാണ്.
കാരണം ഒരാഴ്ച കൂടി ഇന്ന് അവൾ അവളുടെ അച്ഛന് വയറു നിറയെ ഭക്ഷണം ഉണ്ടാക്കി കൊടുക്കാൻ പോവുകയാണ്….,…
മകളുടെ സന്തോഷം കണ്ടപ്പോൾ അച്ഛമ്മയുടെ കണ്ണ് നിറഞ്ഞു… എടുത്തുചാടി മകനെ കൊണ്ട് മറ്റൊരു വിവാഹം കഴിപ്പിച്ചത് തെറ്റായിപ്പോയി എന്ന് അവർക്ക് തോന്നി,….,.
ഹരി വന്നപ്പോൾ മകൾ തന്നെയാണ് എല്ലാം വിളമ്പി കൊടുത്തത്… അച്ഛൻ ഭക്ഷണം കഴിക്കുന്നത് കണ്ട് അവൾ മനസ്സ് നിറഞ്ഞ് അയാൾക്കൊപ്പം ഇരുന്നു….ഹരി നൽകിയ ഒരു ഉള്ള ചോറ് കഴിക്കുമ്പോൾ അവളുടെ കണ്ണു നിറഞ്ഞു….