(രചന: ഗുരുജി)
മകളുടെ വിവാഹം ഉറപ്പിച്ചതിൽ പിന്നെ ഉറക്കം നഷ്ട്ടപ്പെട്ടുവെന്ന് പറയാലോ.. കെണിയിൽ പെട്ടയൊരു എലിയെ പോലെ ആകെയൊരു വെപ്രാളം… അരുതാത്തത് എന്തോ നടക്കാൻ പോകുന്നുവെന്ന പോലൊരു പരവേശം…
നാട്ടുകാരെ മുഴുവൻ ക്ഷണിച്ചത് കൊണ്ട് ഉറപ്പിച്ചത് പോലെ വിവാഹം നടന്നില്ലെങ്കിൽ തലയുയർത്തി നടക്കാൻ പറ്റില്ല. ചെറുക്കനാണെങ്കിൽ പത്തോളം ഡിഗ്രികളുള്ള വിദ്യാ സമ്പന്നൻ.
ഉയർന്ന സാമ്പത്തിക ചുറ്റുപാട്. മകളുടെ അഴകിൽ മതിമറന്ന പയ്യന് പെണ്ണിന്റെ മുൻകാല പ്രേമ ബന്ധമൊന്നുമൊരു വിഷയമേയല്ല. നല്ല പയ്യൻ.. എനിക്ക് നന്നേ ബോധിച്ചു. എന്തുകൊണ്ടും മികച്ച ബന്ധം…
സൊസൈറ്റിയിലെ രാമന്റെ മോളെപ്പോലെ വിവാഹ തലേന്ന് പെണ്ണിറങ്ങി പോകുമോയെന്ന ഭയമാണ് ഇപ്പോഴെനിക്ക് ചുറ്റും പതുങ്ങിയിരിക്കുന്നത്.
അങ്ങനെയെങ്കിൽ ഞാൻ ഉമ്മറത്ത് തന്നെ കെട്ടി തൂങ്ങി ചാകും. അങ്ങനെ ഞാൻ ചാകുമെന്ന് പറഞ്ഞത് കൊണ്ട് മാത്രമാണ് ഇഷ്ട്ടക്കാരനെ മറന്ന് മകൾ വിവാഹത്തിന് സമ്മതിച്ചത് തന്നെ. ഈശ്വരാ… സർവ്വതും മംഗളമായി ഭവിക്കേണമേ… കിടക്കാൻ നേരം ഞാൻ ഉള്ളുരുകി പ്രാർത്ഥിച്ചു.
പിറ്റേന്ന് ദേഹണ്ണക്കാരൻ തലക്കാടി സദാശിവനെ പോയി നാല്കൂട്ടം പായസമടങ്ങുന്ന സദ്യയുടെ കരാറേല്പിച്ച് ഞാൻ വീട്ടിലേക്ക് വന്നപ്പോൾ മകളില്ല. ഈശ്വരാന്ന് ശബ്ദമില്ലാതെ വിളിച്ചുപോയി
ഞാൻ. അല്ലെങ്കിലും, ഈയിടയായി ദൈവത്തെ വിളിക്കുന്നത് പതിവിലും കൂടിയിട്ടുണ്ട്. ഭയം വിഴുങ്ങുമ്പോൾ പിന്നെയാരെ വിളിക്കാനാണല്ലേ….!
അവളെ പുറത്തേക്കൊന്നും തനിയേ വിടരുതെന്ന് പറഞ്ഞിട്ടില്ലേയെന്നും പറഞ്ഞ് ഞാൻ സരസ്വതിയെ കണക്കിന് ചീത്ത പറഞ്ഞു.
ആ പാവമതെല്ലാം കേട്ട് നിന്നു. അല്ലെങ്കിലും ഞാൻ കെട്ടിയ താലിയിൽ കുരുങ്ങിയതിൽ പിന്നെ പറയുന്നതെല്ലാം കേട്ട് നിൽക്കാനേ അവൾക്ക് സാധിക്കാറുള്ളൂ… ഉത്തമയായ ഭാര്യ…. എന്തുകൊണ്ടും എനിക്ക് ചേർന്ന പാതി…
ഞാൻ എന്റെ മോളേയും അവളുടെ അമ്മ സരസ്വതിയേയും ഒരിക്കൽ പോലും ദേഹത്ത് തൊട്ട് വേദനിപ്പിച്ചിട്ടില്ല. അന്ന് തേങ്ങയിടാൻ വരുന്ന കുമാരന്റെ നാടകവും മിമിക്രിയും കളിച്ച് നടക്കുന്ന
മോൻ ശശാങ്കനുമായി മകൾ പ്രണയത്തിലാണെന്ന് അറിഞ്ഞപ്പോൾ എന്റെ തല കണ്ണില്ലാതെ വികസിച്ചു.
പഠിപ്പും പത്രാസ്സും കൊടുത്ത് വളർത്തിയ മകളുടെ ബോധമറിഞ്ഞപ്പോൾ എന്റെ തലകുനിഞ്ഞുവെന്ന് പറയേണ്ടതില്ലല്ലോ…
ലോക വിവരമില്ലാത്ത ഇതിങ്ങൾക്കൊന്നും ജീവിതം അറിയില്ലായെന്ന ഒരു പൊതു അവജ്ഞതയോടെ അതെല്ലാം ഞാൻ തള്ളിക്കളഞ്ഞു. ആകെയുള്ള മകൾ ആയുസ്സുമുഴുവൻ മറ്റൊരിടത്തേക്ക്
പോയാലും ഒരു കുറവുമില്ലാതെ ജീവിക്കണമെന്ന എന്റെ ആഗ്രഹം ഇന്നല്ലെങ്കിൽ നാളെ അവൾക്ക് ബോധ്യമാകും.
വൈകുന്നേരം തന്റെ കൂട്ടുകാരിയുടെ കൂടെ മകൾ വീട്ടിലേക്ക് കയറി വന്നപ്പോഴാണ് എന്റെ ഉള്ളിനൊരു ആശ്വാസം കിട്ടിയത്. വിവാഹമൊന്ന് കഴിഞ്ഞ് കിട്ടിയാൽ മതിയായിരുന്നു…
കല്യാണപ്പെണ്ണ് ഇങ്ങനെ കറങ്ങി നടക്കാൻ പാടില്ലായെന്ന് മകളുടെ മുഖം നോക്കാതെ പറഞ്ഞത് കൊണ്ട് അവളുടെ ഭാവമെന്തായിരുന്നുവെന്ന് എനിക്ക് കാണാൻ സാധിച്ചില്ല.
ചിലപ്പോൾ തോന്നും അവൾ എന്തൊക്കെയോ തീരുമാനിച്ച് ഉറപ്പിച്ചിട്ടുണ്ടെന്ന്. നീയാ ചെക്കനെ മറന്ന് ഈ കല്യാണത്തിന് സമ്മതിച്ചില്ലെങ്കിൽ ഞാൻ ഈ ഉത്തരത്തിൽ കെട്ടിത്തൂങ്ങി ചാകുമെന്ന് പറഞ്ഞതിൽ പിന്നെ അവളെന്നോടൊന്ന് മിണ്ടിയിട്ട് പോലുമില്ല.
എപ്പോൾ വേണമെങ്കിലും കടന്നാക്രമിച്ച് വിഴുങ്ങിയേക്കാവുന്ന സമുദ്രത്തിന്റെ ശാന്തത പോലെ ഞാൻ വസിക്കുന്ന നിമിഷങ്ങളിലെല്ലാം അവൾ എന്നെ ഭയപ്പെടുത്തുന്നു..!
അന്ന് പന്തലുപണിക്കാർ വന്ന് പോയപ്പോൾ തന്നെ നേരമിരുട്ടി. കുളിച്ച് ഭക്ഷണം കഴിച്ച് കിടക്കാൻ നേരം മകൾക്ക് നല്ല വിഷമമുണ്ടെന്ന് സരസ്വതി എന്നോട് പറഞ്ഞു. ഹാ.. അതൊക്കെ മാറുമെന്നും പറഞ്ഞ് ഞാൻ കട്ടിലിലേക്ക് ചാഞ്ഞ് നെഞ്ചത്ത് കൈവെച്ച് മൂന്നുവട്ടം രാമനാരായണായെന്ന് പറഞ്ഞു.
‘നമുക്കീ വിവാഹം വേണോ…? അവളാ ശശാങ്കന്റെ കൂടെ പോകും… തീർച്ചയാണ്.’എണ്ണയുടെ വഴുക്കിൽ പെട്ട് തെന്നുന്ന കാലുകൾ പോലെ എന്റെ മനസ്സ് മറിഞ്ഞുവീണുവെന്നതൊഴിച്ചാൽ
അതുകേട്ട എനിക്ക് യാതൊന്നും സംഭവിച്ചില്ല. മറിഞ്ഞ് വീണ മനസ്സാണെങ്കിൽ സരസ്വതിയങ്ങനെ പറഞ്ഞുവെന്ന് തോന്നിയതാണെന്ന് പാട് പെട്ടെന്നെ വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നത് പോലെ…
നമുക്ക് അംഗീകരിക്കാൻ പറ്റാത്ത ചില വിഷയങ്ങളോട് നമ്മുടെ മനസ്സ് അങ്ങനെയാണല്ലോയെന്നും. ലോകം മുഴുവൻ പറഞ്ഞാലും നമ്മൾ മാത്രം അതിനെ എതിർക്കാൻ നമുക്കുള്ളിലൊരു കാരണം കണ്ടെത്തും. താൽക്കാലികമാണെങ്കിൽ പോലും….
അവളും കൂടി സമ്മതിച്ചിട്ടല്ലേ എല്ലാം തീരുമാനിച്ചതെന്ന് ഞാൻ സരസ്വതിയോട് പറഞ്ഞപ്പോൾ, അത് നിങ്ങള് ചാകുമെന്ന് പറഞ്ഞിട്ടല്ലേയെന്ന മറുപടിയിൽ അവൾ എന്റെ വായ അടപ്പിച്ചു.
‘അപ്പോൾ ഞാൻ ചത്തോട്ടെയെന്ന്….! അതല്ലേ എല്ലാർക്കും വേണ്ടത്…?'”അല്ല. അവളെങ്കിലുമൊന്ന് ജീവിച്ചോട്ടെയെന്ന്..!”
സരസ്വതിക്ക് ഇത്രയും ശബ്ദമുണ്ടെന്ന് എനിക്ക് അപ്പോഴാണ് മനസ്സിലാകുന്നത്. അവളെങ്കിലും സ്വസ്ഥമായി ജീവിക്കട്ടേയെന്നും കൂടിയവൾ കൂട്ടിച്ചേർത്തപ്പോൾ കുറവ് എനിക്കാണെന്നവൾ പറയാതെ പറഞ്ഞത് പോലെ..!
ശരിയാണ്. പണ്ടിത് പോലെയൊരു പ്രേമ ബന്ധം സാരമാക്കാതെയാണ് ഞാൻ സരസ്വതിയെ വിവാഹം കഴിച്ചത്. പെണ്ണിനെക്കുറിച്ച് അന്വേഷിച്ച കാരണവന്മ്മാരാണ് ട്യൂടോറിയൽ
കോളേജിലെ വാദ്ധ്യാരുമായി പെണ്ണ് പ്രേമത്തിലാണെന്ന് പറഞ്ഞത്. അന്ന് പെണ്ണുകാണൽ ചടങ്ങിൽ സരസ്വതിയുമത് പറഞ്ഞ് എന്നോട് പിന്മാറാൻ അപേക്ഷിച്ചതായിരുന്നു.
തിളയ്ക്കുന്ന പ്രായത്തിൽ പ്രേമിക്കുന്നതെല്ലാം സർവ്വസാധാരണമാണെന്ന് പറഞ്ഞ് ഞാനത് സമരസപ്പെടുത്തി. പ്രേമം വേറെ ജീവിതം വേറെ എന്ന കാഴ്ച്ചപ്പാടുള്ളവരുടെ
ഒത്തനടുവിലായിരുന്നു അന്ന് എന്റെ ഇരിപ്പിടം. അതുകൊണ്ട് തന്നെ സ്വരസ്വതിയുടെ പ്രേമബന്ധത്തെ നിസ്സാരമായി എനിക്ക് തള്ളിക്കളയാൻ സാധിച്ചു.
സത്യം പറഞ്ഞാൽ അവളുടെ അന്നത്തെ ആകാരവടിവിൽ വീഴുകയായിരുന്നു ഞാൻ. എന്തുവെന്നാലും എനിക്ക് സരസ്വതിയെ മതിയെന്ന് ഞാൻ പറയുകയായിരുന്നു. കാൽ ദശാബ്ദമായിട്ടും അവളൊന്നും മറന്നിട്ടില്ല. മകളിൽ അവളെ തന്നെയാണ് സരസ്വതി കാണുന്നത്.
എന്തുകൊണ്ടും ചേർന്ന പതിയെന്ന് കരുതിയ അവളുടെ കാര്യത്തിൽ ജീവിതത്തിൽ ആദ്യമായി എനിക്ക് കുറ്റബോധം തോന്നി. എന്റെ സ്വാർത്ഥമായ ആയുധം കൊണ്ട് മുറിവേറ്റ ഒരു പാവം പേടമാനോട് തോന്നുന്നത് പോലെ.
‘നീയൊന്നും മറന്നിട്ടില്ലാല്ലേ…?'”ചിലതൊന്നും ചാകും വരെ മറക്കാൻ പറ്റില്ല… ”
എന്നും പറഞ്ഞ് സരസ്വതിയും കട്ടിലിലേക്ക് ചാഞ്ഞു. ഞാൻ നിന്നെ സ്നേഹിച്ചിട്ടേയില്ലായെന്ന് നിനക്ക് തോന്നുന്നുണ്ടോയെന്ന് ചോദിച്ചപ്പോൾ തന്റെ ജീവനാണ് നിങ്ങളെന്ന് പറഞ്ഞ് അവൾ എന്നിലേക്ക് തിരിഞ്ഞ് കിടന്നു.
‘പയ്യൻ നിങ്ങളെപ്പോലെയോ അവൾ എന്നെപ്പോലെയോ അല്ലെങ്കിൽ എന്താകും നമ്മുടെ മോളുടെ ഗതിയെന്ന് നിങ്ങളോർത്തിട്ടുണ്ടോ..?’
അത് പറയുമ്പോൾ മകളുടെ കാര്യത്തിൽ എന്നിലും ഭയം അവൾക്ക് ആണെന്ന് എനിക്ക് തോന്നി. ഒരിക്കൽ പോലും പഴയ പ്രേമബന്ധം പറഞ്ഞ് അവളെ ഞാൻ കുറ്റപ്പെടുത്തിയിട്ടില്ല.
മകളുണ്ടായതിന് ശേഷമാണ് അവളെന്നോട് മാനസികമായി അടുത്തതെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്..! ഇനി സരസ്വതി പറയും
പോലെ അരുതാത്തത് എന്തെങ്കിലും മകളുടെ തുടർ ജീവിതത്തിൽ….! കണ്ണുകൾ അടച്ചപ്പോൾ ഇനി ഞാൻ ഉണരില്ലേയെന്ന് പോലും ആ രാത്രി ഞാൻ സംശയിച്ചുപോയി.
സന്തോഷത്തോടെ ഈ ഭൂമിയിൽ ജീവിക്കാൻ മകളെ മറ്റൊരു ഇടത്തേക്ക് ചേർക്കാൻ ശ്രമിക്കുമ്പോൾ ഒരിക്കലും പാളിപ്പോകരുത്… സ്വന്തം ഇഷ്ടങ്ങളിൽ അല്ലേ ഒരു ജീവന് തന്റെ സന്തോഷം കണ്ടെത്താൻ സാധിക്കുകയുള്ളൂ.. അവളുടെ ജീവിതം അവൾ തീരുമാനിക്കട്ടെ…
അല്ലെങ്കിലും, എന്തിനാണ് ഒരു അച്ഛൻ മക്കൾ തിരഞ്ഞെടുക്കുന്ന വിവാഹ ജീവിതമോർത്ത് ആകുലതപ്പെടുന്നത്…! ആ ജീവിതത്തിൽ എന്തുതന്നെ സംഭവിച്ചാലും ആയുസ്സ് മുഴുവൻ
അവർക്ക് മുറുക്കെ പിടിക്കാനുള്ള സ്വാതന്ത്ര്യത്തിന്റേയും സ്നേഹത്തിന്റേയും കൈകളുടെ പേരല്ലേ അച്ഛൻ എന്ന വാക്കുകൊണ്ട് അർത്ഥവത്താക്കേണ്ടത്..
പിറ്റേന്ന് തന്നെ ചെറുക്കന്റെ വീട്ടിലേക്ക് പോയി കാര്യങ്ങളെല്ലാം ഞാൻ ധരിപ്പിച്ചു. കുമാരനെ കണ്ട് കണ്ട് കാര്യങ്ങൾ വിവരിച്ചപ്പോൾ, അതേ മുഹുർത്തത്തിൽ തന്നെ ശശാങ്കനുമായുള്ള മകളുടെ വിവാഹം നടന്നു.
പോകാൻ നേരം മകളെന്നെ മുറുക്കെ കെട്ടിപ്പിടിച്ച് കരയുമ്പോൾ ഞാനാണ് ലോകത്തിലെ ഏറ്റവും സ്നേഹ സമ്പന്നനായ അച്ഛനെന്ന് എനിക്കപ്പോൾ തോന്നിപ്പോയി. ആ തോന്നലെന്നെ അവൾ കയറിപ്പോയ വാഹനം മറയുന്നത് വരെ കരയിപ്പിച്ചു.
തോളിൽ ചൂട് നനവ് പടർന്നപ്പോഴാണ് ഞാനത് ശ്രദ്ധിച്ചത്. അവിടം മുഖം ചായ്ച്ച് ഒരായുസ്സിന്റെ സംതൃപ്തിയിൽ എന്ന പോലെ സരസ്വതിയെന്നോട് നിറകണ്ണുകളോടെ പുഞ്ചിരിക്കുന്നുണ്ടായിരുന്നു…!!!