ആ വീട്ടിൽ ഞങ്ങളായിരുന്നു അധികപ്പറ്റ്… ഞങ്ങൾ കൂടി ചെന്നാൽ എന്റെ അച്ഛന് അത് താങ്ങാൻ ആവില്ല എന്നറിഞ്ഞതുകൊണ്ട് അവിടെ

(രചന: J. K)

“” ഇനിയും ഇങ്ങനെയാണെങ്കിൽ ചെറുക്കനെ സ്കൂളിലേക്ക് വിടണ്ട!!”അജിയാണ്.. ദേഷ്യത്തിൽ ആരോടെന്നില്ലാതെ പറയുകയാണ് പക്ഷേ

അറിയാം അത് തന്നോട് മാത്രമാണ് എന്ന്… കേട്ടിട്ടും കേൾക്കാത്തത് പോലെ ഇരുന്നു കുറെ കാലമായി താൻ ഇവിടെ അങ്ങനെയാണല്ലോ ചെയ്യുന്നത്…

“””അപ്പൂ..”””വൈകിട്ട് സ്കൂൾ വിട്ട് അവനും എത്തിയിരുന്നു അപ്പോഴേക്കും…ഉള്ളിലുള്ള ദേഷ്യവും സങ്കടവും എല്ലാം തീർത്തത് അവന്റെ ദേഹത്താണ്..

അപ്പോഴും അവൻ കരഞ്ഞുകൊണ്ട് പറയുന്നുണ്ടായിരുന്നു അവനല്ല… അങ്ങനെ ചെയ്തത് എന്ന്…

എന്നിട്ടും ഒരിത്തിരി ദയപോലും അവനോട് കാണിച്ചില്ല മുറ്റത്തെ ചെമ്പരത്തിയുടെ മേലെ നിന്ന് നല്ല വണ്ണം ഉള്ള ഒരു വടി തന്നെയാണ് കയ്യിൽ കിട്ടിയത് അതുകൊണ്ട് മുട്ടിനു താഴേക്ക് പറ്റുന്നതുപോലെ അടിച്ചു…

മറുത്തൊന്നും പറയാതെ നിന്ന് അടി മുഴുവൻ കൊണ്ടു എന്റെ കുട്ടി..
അവന്റെ ദേഹം നോവുന്നതിനേക്കാൾ എന്റെ ഉള്ള നൊന്ത് പിടയുന്നുണ്ടായിരുന്നു…

അടുക്കളയിലെ പണിയൊതുക്കി മുറിയിൽ ചെന്ന് കിടന്നു…
എപ്പോഴോ അവൻ വന്നതും കട്ടിലിൽ എന്റെ കാലിന്റെ അരികിൽ ഇരുന്നതും ഞാൻ അറിഞ്ഞിരുന്നു

കാണാത്തതുപോലെ ഭാവിച്ച് ഞാൻ കിടന്നു. അവന്റെ തേങ്ങൽ മാത്രം ഇടക്ക് പുറത്തേക്ക് കേൾക്കാം എനിക്ക് അത് സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല…

“” ആ കുട്ടിയുടെ പുസ്തകം വലിച്ചുകീറിയത് ആ കുട്ടി തന്നെയാണ് എന്നിട്ട് എന്റെ തലയിൽ അത് ഇടുകയായിരുന്നു… ഞാൻ കുറെ പറഞ്ഞു ഞാനല്ല എന്ന് ടീച്ചറുടെ മകൻ ആയതുകൊണ്ട് അവൻ പറയുന്നത് എല്ലാവരും വിശ്വസിച്ചു…

ആ ടീച്ചർ പറഞ്ഞിട്ടാ റേഷൻ കടയിൽ ജോലിയിലായിരുന്നു ചെറിയച്ഛനെ വിളിച്ചതും ടീച്ചർ എല്ലാം പറഞ്ഞു കൊടുത്തതും … ചെറിയച്ഛൻ വന്നിട്ട് പറഞ്ഞു എന്നെ എന്തുവേണമെങ്കിലും ചെയ്തുകൊള്ളാൻ ആരും പരാതിയായി വരില്ല എന്ന്… “””

എന്നെ കാലിനരിയിലിരുന്ന് പതം പറയുന്നുണ്ടായിരുന്നു എന്റെ കുട്ടി…
കേട്ടിട്ട് സഹിച്ചില്ല അവനെ നെഞ്ചോട് ചേർത്ത് ഞാൻ ഉറക്കെ കരഞ്ഞു..

അവനെ കൂട്ടി പിടിച്ച് ഞാൻ കിടന്നു അവൻ അറിയാതെ മയങ്ങി പോയി… എപ്പോഴോ അജിയുടെ ഭാര്യ ഒരു വഴിപാട് പോലെ ഞങ്ങളെ ഉണ്ണാൻ വന്നു വിളിച്ചിരുന്നു… വേണ്ട എന്ന് പറഞ്ഞപ്പോൾ അപ്പോൾ തന്നെ തിരികെ പോയി…

വന്നിട്ട് ഒന്നും കഴിച്ചിട്ടില്ല ന്റെ അപ്പു അവന്റെ വയറ് വിശന്ന് കരിയുന്നുണ്ടാകും അറിയാഞ്ഞിട്ടല്ല അവിടെ നിന്ന് ഒരു പിടി വറ്റ് പോലും കഴിക്കാൻ തോന്നാഞ്ഞിട്ടാണ്….

താൻ അനിലേട്ടന്റെ വധു ആയി വലതുകാൽ എടുത്തുവച്ച് ഇവിടെ വരുമ്പോൾ അജി ചെറിയ കുട്ടിയാണ് അതിന് താഴെ അമൃത..

അച്ഛൻ മരിച്ചതിനുശേഷം ഇവിടത്തെ എല്ലാ ഉത്തരവാദിത്വവും അനിലേട്ടൻ ഏറ്റെടുക്കുകയായിരുന്നു അജിയുടെയും അമൃതയുടെയും പഠനവും വീട്ടിലെ കാര്യങ്ങളും എല്ലാം ആ ഒരു മനുഷ്യന്റെ കൈ കൊണ്ടാണ് നടന്നിരുന്നത്…

നാട്ടുകാർക്കെല്ലാം നല്ലതു മാത്രമേ അദ്ദേഹത്തെപ്പറ്റി പറയാൻ ഉണ്ടായിരുന്നുള്ളൂ അതുകൊണ്ടുതന്നെ വീട്ടിൽ വിവാഹം അന്വേഷിച്ചു വന്നപ്പോൾ അച്ഛന് രണ്ടാമതൊന്ന് ചിന്തിക്കാൻ ഇല്ലായിരുന്നു ഞങ്ങളുടെ വീടിന്റെ

അവസ്ഥ എന്താണ് എന്നറിഞ്ഞു തന്നെ ആണ് അദ്ദേഹം അവിടെ വിവാഹാലോചനയുമായി വന്നത് എന്ന് മറ്റൊരു തരത്തിൽ പറയാം..
ഞാനാണ് ഏറ്റവും മൂത്ത കുട്ടി എന്റെ താഴെ പിന്നെയും രണ്ടു പെൺ കുട്ടികൾ…

രോഗിയായ അച്ഛന് ജോലിക്കൊന്നും പോകാൻ കഴിഞ്ഞിരുന്നില്ല അതുകൊണ്ടുതന്നെ നല്ല പട്ടിണിയായിരുന്നു…
പത്താം ക്ലാസിൽ വച്ച് പഠിപ്പ് നിർത്തേണ്ടി വന്നതും തയ്യലിനു പോവേണ്ടി വന്നതും എല്ലാം അതുകൊണ്ടാണ്…

അനിലേട്ടൻ എന്നെ വിവാഹം കഴിച്ചതിനുശേഷം അവിടെത്തെ കാര്യങ്ങൾ കൂടി നോക്കുന്നുണ്ടായിരുന്നു…

അങ്ങനെ എല്ലാവർക്കും പ്രിയപ്പെട്ടവൻ ആയിരുന്നു അനിലേട്ടൻ.. അജി പഠിക്കുമ്പോൾ വളരെ വികൃതിയായിരുന്നു എത്ര തവണയാണ് അനിലേട്ടനേ സ്കൂളിലേക്ക് വിളിപ്പിച്ചിട്ടുള്ളത് അവന്റെ

ഓരോ വികൃതിയുടെ പേരിൽ എന്നിട്ടും അനിലേട്ടൻ അവനെ നുള്ളി പോലും നോവിക്കാൻ സമ്മതിച്ചിട്ടില്ല അവന്റെ കുസൃതി എല്ലാം അനിലേട്ടൻ ആസ്വദിച്ചിരുന്നു….

എന്നിട്ട് ഇപ്പോൾ അദ്ദേഹത്തിന്റെ കുഞ്ഞ് അതും ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ അവരോട് അവൻ എന്തും ചെയ്തോളാൻ പറഞ്ഞു എന്നറിഞ്ഞപ്പോൾ തകർന്നു പോയതാണ് മനസ്സ്….

അനിലേട്ടന് ഇവിടെ എല്ലാവർക്കും കാര്യമായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ ആയതുകൊണ്ട് തന്നെ അമ്മയുടെ സ്ഥാനം തന്നെ എല്ലാവരും തന്നിരുന്നു…

വിവാഹം കഴിഞ്ഞ് രണ്ടുവർഷം കഴിഞ്ഞ് മതി കുട്ടികൾ എന്ന് അനിലേട്ടന്റെ തീരുമാനമായിരുന്നു അമൃത ചെറിയ കുട്ടിയായതുകൊണ്ട് അവർക്ക് വളരെ ശ്രദ്ധ ആവശ്യമാണ് നമുക്ക് ഒരു

കുഞ്ഞായാൽ പിന്നെ അവൾക്ക് ശ്രദ്ധ കൊടുക്കാൻ പറ്റില്ല… എന്ന് പറഞ്ഞപ്പോൾ ഞാനും അതിന് സമ്മതിക്കുകയായിരുന്നു…

അവിടെ അനിലേട്ടന്റെ അമ്മ ഉണ്ടായിരുന്നു എങ്കിലും അമൃതക്കും ശരിക്കും ഒരു അമ്മയുടെ സ്ഥാനത്ത് ഞാൻ തന്നെയായിരുന്നു…

അവരുടെ ഇഷ്ടാനിഷ്ടങ്ങൾ കൊത്തായിരുന്നു ആ വീട് മുന്നോട്ടു പോയിരുന്നത് രണ്ടുമൂന്നു വർഷം കാത്തിരുന്ന് ഞങ്ങൾക്കും ഒരു പൊന്നുമോൻ പിറന്നു…

“”ഗോകുൽ “”” ഞങ്ങളുടെ അപ്പു…
അവന് ഒരു വയസ്സ് തികയുന്നതിന് മുമ്പ് അനിലേട്ടൻ നെഞ്ചുവേദന വന്ന് ഞങ്ങളെ വിട്ടുപോയി അമ്മയ്ക്ക് അതോടുകൂടി അവനോട് വെറുപ്പായിരുന്നു അവൻ കാരണമാണ് അനിലേട്ടൻ പോയത് എന്ന് അമ്മ വിശ്വസിച്ചു അവന് ജാതകദോഷം ഉണ്ടത്രേ…

അതേ കാരണം കൊണ്ടാണ് എന്ന് തോന്നുന്നു അജിയും അമൃതയും എല്ലാം ഞങ്ങളോട് അകന്നു..
അനിലേട്ടൻ പോയതോടുകൂടി എന്റെ വീട്ടിൽ സ്ഥിതിയും വളരെ കഷ്ടത്തിലായി..
അനിലേട്ടനുള്ള ഈ വീട്ടിൽ നിന്ന് എങ്ങോട്ടും പോകാൻ തോന്നിയില്ല…

അതുകൊണ്ടുതന്നെ ഇവിടെ കടിച്ചു പിടിച്ചുനിന്നു അപ്പുവിനോട് എല്ലാവർക്കും ദേഷ്യം ആയിരുന്നു അവനോട് ആരും ഒന്നും സ്നേഹത്തോടെ പെരുമാറുന്നത് പോലും കണ്ടിട്ടില്ല അത് കാണുമ്പോൾ എനിക്ക് വല്ലാതെ നോവും..

അനിലേട്ടൻ പോയതോടുകൂടി അദ്ദേഹം നടത്തിയിരുന്ന റേഷൻ കട ഏറ്റെടുത്ത് നടത്താൻ തുടങ്ങി…
ഒരിക്കലും അദ്ദേഹത്തെപ്പോലെ ആയിരുന്നില്ല സ്വന്തം കാര്യം മാത്രമായിരുന്നു അവനു വലുത് വീട്ടിലെ

കാര്യങ്ങൾ എപ്പോഴെങ്കിലും നോക്കിയാൽ ആയി..
ഒരോ രൂപ അവിടെ ചെലവാക്കുന്നതിനും അവൻ കണക്ക് പറഞ്ഞു തുടങ്ങി അവന്റെ കല്യാണം കൂടി കഴിഞ്ഞതോടുകൂടി ഞങ്ങൾക്കെല്ലാം

അവിടുത്തെ ജീവിതം നരകം ആകാൻ തുടങ്ങി അമൃതയുടെ കല്യാണത്തിനുള്ള അനിലേട്ടൻ ആദ്യം തന്നെ ഉണ്ടാക്കി വച്ചിരുന്നു അതുകൊണ്ട് നല്ലൊരു ചെറുപ്പക്കാരൻ വന്നപ്പോൾ അവളെ കല്യാണം കഴിപ്പിച്ചു….

പിന്നെ ആ വീട്ടിൽ ഞങ്ങളായിരുന്നു അധികപ്പറ്റ്… ഞങ്ങൾ കൂടി ചെന്നാൽ എന്റെ അച്ഛന് അത് താങ്ങാൻ ആവില്ല എന്നറിഞ്ഞതുകൊണ്ട് അവിടെ എങ്ങനെയെങ്കിലും കടിച്ചുപിടിച്ചു നിൽക്കാൻ തന്നെയായിരുന്നു എന്റെ തീരുമാനം പക്ഷേ ഇനിയും പറ്റില്ല എന്ന് മനസ്സിലായി…

അപ്പുവിനെ ദിവസം ചെല്ലുന്തോറും അവർ ഓരോന്ന് പറഞ്ഞ് വേദനിപ്പിക്കും പാവമാണ് എന്റെ കുട്ടി അനിലേട്ടന്റെ അതേ പ്രകൃതം ആരെയും തിരിച്ച് ഒന്നും പറയില്ല ആരും വേദനിക്കുന്നത് അവന് ഇഷ്ടവുമല്ല ..

എന്റെ വീട്ടിലേക്ക് പോകാൻ തോന്നിയില്ല അപ്പോഴാണ് പണ്ട് അനിലേട്ടൻ വാങ്ങിയ ഒരു ഒറ്റമുറി വീടിനെ പറ്റി ഓർത്തത്…
പണ്ട് നെല്ലോ മറ്റു സൂക്ഷിക്കുന്ന ഒരു ചെറിയ കെട്ടിടം ആയിരുന്നു അത്.. അന്നെന്തോ ലാഭവിലക്ക് കിട്ടിയപ്പോൾ വാങ്ങിയതാണ് സ്വന്തം പേരിൽ..

ഞാനും അപ്പവും അങ്ങോട്ട് മാറിക്കോട്ടെ എന്ന് ചോദിച്ചു അമ്മയോട്.. അമ്മയ്ക്ക് ഒരു എതിർപ്പും ഉണ്ടായിരുന്നില്ല പകരം ആ മുഖത്ത് ഞങ്ങൾ അവിടെ നിന്നും പോരുന്നതിന്റെ ആശ്വാസമായിരുന്നു…

ആകെ പൊളിഞ്ഞു കിടക്കുകയായിരുന്നു അതിന്റെ മേൽക്കൂരയെല്ലാം എന്റെ കയ്യിൽ അനിലേട്ടൻ തന്നെ പലപ്പോഴായി വാങ്ങി തന്ന ഇത്തിരി സ്വർണം ഉണ്ടായിരുന്നു അതിൽ കുറച്ച് എടുത്ത് വിറ്റ് നേരെയാക്കാം എന്ന് കരുതി..

അത്യാവശ്യം കേറിക്കിടകം എന്ന സ്ഥിതിയിലാക്കി ഞങ്ങൾ അങ്ങോട്ടേക്ക് മാറി..
അവിടെ അടുത്തുള്ള ഗാർമെന്റ്സിൽ

ഞാൻ വന്നോട്ടെ എന്ന് ചോദിച്ചപ്പോൾ അവർ സമ്മതിച്ചിരുന്നു വലിയ ശമ്പളം ഒന്നുമില്ല.. ഞങ്ങൾ രണ്ടു വയറു കഴിയല്ലേ വേണ്ടൂ എന്ന് കരുതി…

എങ്കിലും ഒറ്റയ്ക്ക് പോകാൻ ഒരു ഭയമുണ്ടായിരുന്നു അപ്പോഴൊക്കെ എനിക്ക് ധൈര്യം തന്നത് അവനായിരുന്നു എന്റെ അപ്പു…

രാവിലെ പത്രം ഇടാൻ പോണം എന്നു പറഞ്ഞിരുന്നു അങ്ങോട്ട് മാറിയതിന്റെ പിറ്റേന്ന്..

ആദ്യമായി അവന് കിട്ടിയ ആയിരത്തി അഞ്ഞൂറ് രൂപ എന്റെ കയ്യിൽ കൊണ്ടുവന്ന് ഏൽപ്പിച്ചു..

എന്റെ മിഴി നിറഞ്ഞു വരുന്നുണ്ടായിരുന്നു… ഇങ്ങോട്ട് പോരുമ്പോൾ ഇവിടെ ഒറ്റയ്ക്കുള്ള ജീവിതം എങ്ങനെയാണെന്ന് പേടിച്ചിരിക്കുകയായിരുന്നു ഞാൻ പക്ഷേ ഇപ്പോൾ എനിക്കറിയാം എനിക്ക് എന്റെ കുഞ്ഞുണ്ടാവും എല്ലാത്തിനും..

തളരാതെ പിടിച്ചുനിൽക്കാൻ എന്ന്…
എന്റെ കഷ്ടപ്പാട് അറിഞ്ഞ് എനിക്കൊരു തണലായി ഇപ്പോഴേ അവൻ എന്റെ കൂടെയുണ്ട്…

അനിലേട്ടൻ സ്വന്തം മക്കളെപ്പോലെ നോക്കി കൂടപ്പിറപ്പുകൾ ഒന്നും ഒരുതരത്തിലും ഞങ്ങൾക്ക് ഒരു സഹായവുമായി വന്നില്ല പക്ഷേ ആ നന്മയായിരിക്കണം എന്റെ കുഞ്ഞിന്റെ ഈ നല്ല സ്വഭാവമായി ദൈവം തിരിച്ചു തന്നത്….

വളരെ അരിഷ്ടിച്ചു പിടിച്ച് ഞങ്ങൾ ഒരു തുക മിച്ചം വയ്ക്കുന്നുണ്ട്.. അനിലേട്ടൻ വാങ്ങിയ ഈ വീട് ഒന്നുകൂടി വലുതാക്കണം…

എന്റെ മോനെ എത്ര വേണമെങ്കിലും പഠിപ്പിക്കണം..ഇപ്പോ അത്രയൊക്കെ മോഹങ്ങൾ ഉള്ളൂ അതെല്ലാം നടക്കുമെന്ന് അറിയാം കാരണം അനിലേട്ടന്റെ സ്ഥാനത്ത് ഇന്ന് എന്റെ കൂടെ എന്റെ അപ്പു ഉണ്ട്…അവിടുന്ന് പോന്നതിൽ പിന്നെ എന്റെ മിഴികൾ നിറയാൻ അവൻ സമ്മതിച്ചിട്ടില്ല…

Leave a Reply

Your email address will not be published. Required fields are marked *