അയാൾ കുടിച്ചു മരിച്ചു അതിന്റെ പഴിയും ചേച്ചിയുടെയും കുഞ്ഞിന്റെയും തലയിൽ വന്നു വീണു…

രചന: ഇഷ

“”” വസുദേ നിന്റെ ചേച്ചിയുടെ മോന് നിന്റെ മോന്റെ അതേ ചായയാണ് കേട്ടോ!”””

കേട്ടു മടുത്ത കാര്യമാണ് വീണ്ടും കേൾക്കേണ്ടി വന്നപ്പോൾ വസുധയ്ക്ക് എന്തെന്നില്ലാത്ത വല്ലായ്മ തോന്നി…

പലരും ഇങ്ങനെയാണ് എല്ലാം അറിഞ്ഞുകൊണ്ട് കുത്തിനോവിക്കും അതിനെല്ലാം ചെവി കൊടുക്കാതിരിക്കുക എന്നത് തന്നെയാണ് അഭികാമ്യം…അതുകൊണ്ടുതന്നെ ആ പറഞ്ഞത് ചെറിയൊരു ചിരിയോടെ തള്ളിക്കളഞ്ഞു…

ചന്ദ്രേട്ടന്റെ ആണ്ട് ആണ് ഇന്ന് ബലിയിടാൻ വേണ്ടി വന്നതാണ് അവർ… ജ്യോത്സ്യരുടെ അടുത്ത് പോയി നോക്കിയപ്പോൾ പറഞ്ഞിരുന്നു മക്കളെല്ലാം ഒത്തുചേർന്ന് ബലിയിടണം എങ്കിലേ ആത്മാവിന് ശാന്തി ലഭിക്കും എന്ന് ഇനി ആ ഒരു ശാപം കൂടി വേണ്ട എന്ന് കരുതിയാണ് ചേച്ചിയെ വിളിക്കാൻ പറഞ്ഞത്…

അവരുടെ മകനെ കൊണ്ട് ബലി ഇടിയിക്കാൻ….
അവളുടെ ഓർമ്മകൾ ഏറെ പുറകിലേക്ക് പോയി…

ചേച്ചിയുടെ വിവാഹം വളരെ ചെറുപ്പത്തിൽ തന്നെ കഴിഞ്ഞതാണ് പക്ഷേ അധികനാള് ചേച്ചിക്ക് സുമംഗലിയായിരിക്കാൻ ഭാഗ്യമുണ്ടായില്ല ഒരുതരത്തിൽ പറഞ്ഞാൽ അത്

ആശ്വാസം എന്ന് തന്നെ വേണം പറയാൻ കാരണം അയാൾ വെറുമൊരു കുടിയൻ ആയിരുന്നു കുടിച്ചു വന്നാൽ പിന്നെ കണ്ണ് കാണില്ല ചേച്ചിയെ വല്ലാതെ ഉപദ്രവിക്കും ഇതിനിടയിൽ ഒരു മകളും ഉണ്ടായി..

വീട്ടിൽ അയാളുടെ അമ്മയും വിവാഹം കഴിയാത്ത ഒരു പെങ്ങളും ആണ് ഉണ്ടായിരുന്നത് അവർ രണ്ടുപേരും ആവുംവിധം ചേച്ചിയെ ഉപദ്രവിച്ചിരുന്നു…

ഞങ്ങൾ താഴെ രണ്ടു പെൺകുട്ടികൾ വേറെയുണ്ടല്ലോ എന്നോർത്ത് ചേച്ചി എല്ലാം സഹിച്ചു..

വീട്ടിലേക്ക് തിരിച്ചു വന്നിട്ടുണ്ടെങ്കിൽ അവിടുത്തെ സ്ഥിതി ചേച്ചിക്കും നന്നായി അറിയാമായിരുന്നു.

ഒരു നേരത്തെ ആഹാരം തരാൻ പോലും ബുദ്ധിമുട്ടുന്ന അച്ഛനും അമ്മയും അതിനിടയിൽ എല്ലായിടത്തുനിന്നും കടംവാങ്ങി ചേച്ചിയുടെ വിവാഹം കഴിപ്പിച്ച് അയച്ചതും ഒരു പരാജയമായിരുന്നു എന്നറിയുമ്പോൾ അച്ഛൻ എന്തുമാത്രം

തളർന്നുപോകും എന്നത് ചേച്ചി നേരത്തെ കണ്ടതുകൊണ്ട് തിരിച്ച് വീട്ടിലേക്ക് വന്നില്ല… എല്ലാം സഹിച്ച് അവിടെത്തന്നെ കടിച്ചുപിടിച്ചു നിന്നു.

ചേച്ചിയുടെ മകൾ അമ്മുവിന് ഒരു വയസ്സ് ആകുന്നതിനു മുൻപേ തന്നെ അയാൾ കുടിച്ചു മരിച്ചു അതിന്റെ പഴിയും ചേച്ചിയുടെയും കുഞ്ഞിന്റെയും തലയിൽ വന്നു വീണു…

കുഞ്ഞിന്റെ ജാതക ദോഷം കാരണം ആണത്രേ അച്ഛൻ മരിച്ചത്..
ഇതിനിടയിലാണ് എന്റെ വിവാഹം ശരിയാകുന്നതും കഴിയുന്നതും ചന്ദ്രേട്ടൻ ഗൾഫിലായിരുന്നു അത്യാവശ്യ നല്ല കുടുംബം ഞങ്ങൾക്ക് ലോട്ടറി അടിച്ച പോലത്തെ ഒരു ബന്ധമായിരുന്നു അത്..

എന്റെ വീട്ടിലെ പ്രാരാബ്ധങ്ങൾ എല്ലാം കണ്ടപ്പോൾ മനസ്സലിഞ്ഞ ചന്ദ്രേട്ടൻ എന്റെ വീട്ടിലെ കാര്യങ്ങൾ കൂടി ഏറ്റെടുത്തു അതോടെ ചേച്ചിക്ക് ധൈര്യമായി വീട്ടിൽ വന്നു നിൽക്കാം എന്ന സ്ഥിതിയായി…

അനിയത്തിയെ കൂടി കല്യാണം കഴിപ്പിച്ച് അയക്കാനുള്ളത് ചന്ദ്രേട്ടൻ തരാം എന്ന് പറഞ്ഞപ്പോൾ അച്ഛനും സമാധാനമായി പിന്നീട് അങ്ങോട്ട് ചന്ദ്രേട്ടൻ മരുമകൻ അല്ലായിരുന്നു അച്ഛന് ഒരു മകൻ തന്നെയായിരുന്നു…

ആദ്യത്തെ തവണ ചന്ദ്രേട്ടൻ നാട്ടിൽ വന്ന് തിരികെ പോകുമ്പോൾ എനിക്ക് വിശേഷം ഒന്നും ആയില്ല ചന്ദ്രേട്ടന്റെ വീട്ടിൽ ഒരു പെങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത് അമ്മയും അച്ഛനും നേരത്തെ മരിച്ചിരുന്നു പെങ്ങൾ വിവാഹം കഴിഞ്ഞ് അവരുടെ വീട്ടിലാണ് അതുകൊണ്ടുതന്നെ തറവാട് പൂട്ടിയിട്ടിരിക്കുകയാണ്..

ചന്ദ്രേട്ടൻ ഗൾഫിൽ നിന്ന് വരുമ്പോൾ മാത്രമാണ് അവിടേക്ക് ഞങ്ങൾ താമസിക്കാൻ പോവുക അല്ലാത്ത സമയത്ത് എല്ലാം ഞാനും എന്റെ വീട്ടിൽ തന്നെയായിരുന്നു. എനിക്ക് ചെലവിനയക്കുന്ന പണം കൊണ്ട് വീട്ടിലേക്ക് കാര്യങ്ങളെല്ലാം ഭംഗിയായി കഴിഞ്ഞു…

വയ്യാത്ത അച്ഛൻ പിന്നെ ജോലിക്ക് പോകേണ്ടി വന്നില്ല എല്ലാംകൊണ്ടും ഞങ്ങളുടെ ജീവിതത്തിൽ കാണപ്പെട്ട ദൈവം പോലെയായിരുന്നു ചന്ദ്രേട്ടൻ…

അടുത്ത തവണ ചന്ദ്രേട്ടൻ വന്നത് കുറച്ചേറെ ലീവ് എടുത്തിട്ടായിരുന്നു…വന്നതിന്റെ ആദ്യത്തെ മാസം തന്നെ എനിക്ക് വിശേഷമായി, ഞങ്ങൾ രണ്ടുപേരുംകൂടി ചന്ദ്രേട്ടന്റെ വീട്ടിലായിരുന്നു പക്ഷേ

ചർദ്ദിലും ക്ഷീണവും കാരണം എനിക്ക് അവിടെ നിൽക്കാൻ വയ്യാത്ത അവസ്ഥയായി ചന്ദ്രേട്ടൻ തന്നെയാണ് എന്നെ എന്റെ വീട്ടിലേക്ക് കൊണ്ടുവന്ന് ആക്കിയത് എനിക്ക് ചന്ദ്രേട്ടന്റെ പിരിഞ്ഞുനിൽക്കാൻ കഴിയില്ലായിരുന്നു..

അതുകൊണ്ടുതന്നെ ചന്ദ്രേട്ടനും എന്റെ വീട്ടിൽ ആക്കി താമസം പക്ഷേ അറിഞ്ഞില്ല അത് വലിയൊരു ആപത്തിനുള്ള തുടക്കമായിരുന്നു എന്ന്..

ഞങ്ങളെല്ലാവരും കൂടി അമ്പലത്തിൽ തൊഴാൻ വേണ്ടി പോയതായിരുന്നു ചന്ദ്രേട്ടന് ഒരു പുല ഉള്ളത് കാരണം വരാൻ കഴിഞ്ഞില്ല…

ചേച്ചിക്കും വരാൻ പറ്റാത്ത സമയം ആയിരുന്നു മോളെയും കൂട്ടി ഞങ്ങളെല്ലാവരും കൂടി അമ്പലത്തിലേക്ക് പോയി സാധാരണ കുടുംബത്തിൽ ആരെങ്കിലും ഗർഭിണികൾ ഉണ്ടെങ്കിൽ ഈ തറവാട് വക ക്ഷേത്രത്തിൽ ചെന്ന് ചില വഴിപാടുകൾ കഴിക്കുക പതിവുണ്ടായിരുന്നു അതിനു വേണ്ടി പോയതായിരുന്നു,

ആ സമയത്ത് ചേച്ചിയും ചന്ദ്രേട്ടൻ വീട്ടിൽ തനിച്ചായിരുന്നു അറിഞ്ഞിരുന്നില്ല ഏതോ ഒരു ദുർബല നിമിഷത്തിൽ അവർക്ക് രണ്ടുപേർക്കും പരസ്പരം നഷ്ടപ്പെട്ടു ഒന്നായി തീരും എന്ന്..

അലക്കാൻ വേണ്ടി മലക്ക് കല്ലിനരികിൽ ചെന്നതായിരുന്നു ചേച്ചി അവിടെ തടഞ്ഞുവീണു കരച്ചിൽ കേട്ടാണ് ചന്ദ്രേട്ടൻ അങ്ങോട്ടേക്ക് ചെന്നത്… ചേച്ചിയെ കോരിയെടുത്ത് അകത്തേക്ക് നടന്നു..
അവിടെവെച്ച് സ്വന്തം അനിയത്തിയുടെ ഭർത്താവാണ് എന്നുപോലും ഓർക്കാതെ അവർ തമ്മിൽ ഒന്നായി…

ഞങ്ങൾ തിരിച്ചു വന്നതും അവർ ഞങ്ങളുടെ മുന്നിൽ ഒന്നും നടക്കാത്തത് പോലെ ഗംഭീരമായി അഭിനയിച്ചു എല്ലാം അറിഞ്ഞത് ചേച്ചി ഗർഭിണിയാണ് എന്നറിഞ്ഞപ്പോഴാണ്….

എനിക്ക് അന്നേരം രണ്ടുപേരോടും വെറുപ്പാണ് തോന്നിയത് പക്ഷേ അച്ഛൻ കാലു പിടിക്കും പോലെ പറഞ്ഞു ചന്ദ്രനെ ഉപേക്ഷിക്കരുത് അവൻ കാരണമാണ് ഇന്ന് കഞ്ഞികുടിച്ച് കിടക്കുന്നത് എന്ന്..

ചേച്ചിയോട് അച്ഛൻ തന്നെ ഇറങ്ങി പൊയ്ക്കോളാൻ പറഞ്ഞു… അമ്മുവിന്റെ അച്ഛന്റെ ഭാഗത്തിൽ അവർക്ക് കിട്ടിയ നാല് സെന്റിൽ ഒരു ചെറിയ കൂര പണിതു…
അതിനും പണം കൊടുത്തത് ഞാൻ തന്നെയായിരുന്നു എന്റെ സ്വർണങ്ങളെല്ലാം വിറ്റ്…

ഇനിയും അവരെ ഇവിടെ നിർത്താൻ വയ്യ…
ചേച്ചിയും അമ്മുവും അങ്ങോട്ട് താമസം മാറി അതിൽ പിന്നെ ഞാൻ ചേച്ചിയോട് സംസാരിച്ചിട്ടേയില്ല..

ചന്ദ്രേട്ടൻ ലീവ് ക്യാൻസൽ ചെയ്ത് തിരിച്ചു പോയി…
ചന്ദ്രേട്ടനോടും കാര്യമായി ഞാനൊന്നും മിണ്ടിയിരുന്നില്ല എങ്കിലും ജീവിതം മുന്നോട്ടു പോകാൻ വേണ്ടി എല്ലാം മറന്നു എന്ന് നടിച്ചു…

ഞങ്ങൾക്ക് പിറന്നത് ഒരു മകനായിരുന്നു അതുപോലെതന്നെ ചേച്ചിയും അഞ്ചുമാസം കഴിഞ്ഞപ്പോൾ ഒരു ആൺകുഞ്ഞിന് ജന്മം നൽകി..

എന്റെ മോനും ചേച്ചിയുടെ മോനും ഒരേ മുഖച്ഛായയായിരുന്നു. അതുകൊണ്ടുതന്നെ അവരുടെ ചെറുപ്പം മുതലേ ആളുകളുടെ പരിഹാസം കേട്ടാണ് അവർ വളർന്നത്…

പലപ്പോഴും എന്റെ മോൻ എന്നോട് വന്ന് ഇക്കാര്യം സങ്കടത്തോടെ പറഞ്ഞിട്ടുണ്ട് അന്നേരമെല്ലാം അവനെ ഓരോന്ന് പറഞ്ഞ് ആശ്വസിപ്പിച്ചു വിടും…

ചന്ദ്രേട്ടനെ കുറ്റപ്പെടുത്തി ഒരുപാട് സംസാരിച്ചിട്ടുണ്ട് ഇതെല്ലാം പറഞ്ഞ്… ആള് ഒന്നും തിരികെ പറഞ്ഞില്ല എല്ലാം കേട്ടുകൊണ്ട് നിൽക്കും അതുകൊണ്ട് തന്നെ പിന്നെ പിന്നെ ഞാനും ഒന്നും പറയാതെയായി..

ചെയ്തുപോയ തെറ്റിന്റെ കുറ്റബോധവും പേറി ഒരായുസ്സ് മുഴുവനും ചന്ദ്രേട്ടൻ കഴിഞ്ഞു.ഒടുവിൽ ഹൃദയം പൊട്ടി മരിച്ചു…

ചെയ്ത തെറ്റോ ശരിയോ എന്നൊന്നും അറിയില്ല എന്റെ മനസ്സാക്ഷിയുടെ കോടതിയിൽ ഇത് ശരിയായിരുന്നു കാരണം ഒരു നിമിഷത്തേക്ക് എങ്കിൽ ഒരു നിമിഷത്തേക്ക് എന്നെ മറന്നിട്ടാണ് അവർ രണ്ടുപേരും പ്രവർത്തിച്ചത്…

അവരെ വിശ്വസിച്ച എന്റെ വിശ്വാസത്തെയാണ് രണ്ടുപേരും പരിഹസിച്ചത്..

ഒടുവിൽ ചന്ദ്രേട്ടന്റെ അന്ത്യകർമ്മങ്ങൾ ചെയ്തത് ശരിയായില്ല എല്ലാ മക്കളും പങ്കെടുത്തില്ല എന്നെല്ലാം ജ്യോത്സ്യര്‍ പറഞ്ഞു..

അതുകൊണ്ടുതന്നെ ഒരു ബന്ധുവിനെ വിട്ട് ചേച്ചിയോട് കാര്യം അവതരിപ്പിച്ചു. അവർക്ക് വരാൻ വരാതിരിക്കാം ഞാൻ നിർബന്ധിക്കില്ല എന്നത് എന്റെ തീരുമാനമായിരുന്നു പക്ഷേ ചേച്ചി മകനെയും കൊണ്ടുവന്നു…
ചന്ദ്രേട്ടൻ ബലിയിട്ടു….ഒരുപക്ഷേ ഇപ്പോൾ ആ ആത്മാവിന് ശാന്തി കിട്ടിക്കാണും…

Leave a Reply

Your email address will not be published. Required fields are marked *