അയാൾ അവളെ കണ്ണും കയ്യും കാണിച്ച് മയക്കി കൊണ്ടുപോയി.. പ്രണയിക്കുമ്പോൾ ഉള്ള സ്വഭാവം ഒന്നുമായിരുന്നില്ല പിന്നീട്…

(രചന: J. K)

ഹോം നേഴ്സിനെ റിക്രൂട്ട് ചെയ്യുന്ന ഏജൻസിയിൽ പോയി വളരെ കഷ്ടപ്പെട്ട് തപ്പി പിടിച്ചാണ് അവളുടെ അഡ്രസ്സ് കൈ കലാക്കിയത്….

ആദ്യമൊക്കെ അവർ മുടന്തൻ ന്യായങ്ങൾ പറഞ്ഞു ആരുടെയും തരാൻ പറ്റില്ല എന്നൊക്കെ

പക്ഷേ കൂട്ടുകാരനും ബന്ധുവുമായ സി ഐ ജീവനും കൂടെയുണ്ടായിരുന്നതുകൊണ്ട് അവർ പിന്നെ കൂടുതൽ ഒന്നും പറയാതെ അവളുടെ അഡ്രസ്സ് തന്നു. അങ്ങനെയാണ് അതും തപ്പി ഇറങ്ങിയത്….

അതിൽ പറഞ്ഞ പ്രകാരം പോയതും ചെന്നെത്തിയത് ഒരു കോളനിയിലേക്ക് ആയിരുന്നു താഴ്ന്ന തരക്കാരായ ആളുകൾ തിങ്ങിപ്പാർക്കുന്ന ഒരു ഇടം…

മൈഥിലി എന്ന അവളുടെ പേര് പറഞ്ഞപ്പോൾ ആർക്കും അറിയുന്ന പോലെ തോന്നിയില്ല അങ്ങനെയാണ് ഒരിക്കൽ വീട്ടിൽ വച്ച് എല്ലാവരും കൂടി എടുത്ത ഫോട്ടോയിൽ അവൾ പതിഞ്ഞത് ഓർമ്മ വന്നത് ആ ഫോട്ടോ കാണിച്ചപ്പോൾ ആരോ ഒരു കുഞ്ഞു വീടിന് നേരെ കൈ ചൂണ്ടി..

വേഗം അവിടേക്ക് നടന്നു.. വയസ്സായ ഒരു സ്ത്രീയാണ് വാതിൽ തുറന്നത് അവരോട് മൈഥിലിയെ കുറിച്ച് ചോദിച്ചു എങ്ങോട്ടോ നോക്കി ഉറക്കെ വിളിക്കുന്നുണ്ടായിരുന്നു…
അത് പാതി തമിഴ് കലർന്ന ഒരു ഭാഷയിൽ..

എളിയിൽ രണ്ടു കുടങ്ങളുമായി അവൾ വന്നു എവിടെ നിന്നോ വെള്ളവുമായുള്ള വരവാണ്…
പഴയ ഒരു സാരി ഉടുത്തിട്ടുണ്ട് അതും അങ്ങിങ്ങായി കീറിയത്…
എന്നെ കണ്ടതും അവൾ വല്ലാതായി.. ഭയം അവളുടെ മുഖത്ത് കാണാമായിരുന്നു അവളുടെ ഉടല് ആലില പോലെ വിറച്ചു….

“”സാർ… ഞാൻ അന്ന് അറിയാതെ.. പ്ലീസ്.. ഉപദ്രവിക്കരുത് എന്ന് പറഞ്ഞ് അവൾ എന്റെ മുന്നിൽ തൊഴുതു…

“” നീ ഇപ്പോൾ ഞങ്ങളുടെ കൂടെ വരണം എന്ന് മാത്രം അവളോട് പറഞ്ഞു…
ഇത്തിരി നേരം സംശയിച്ചു നിന്ന് അവൾ വേഗം അകത്തുനിന്ന് ഒരു ഏതോ ഒരു തരക്കേടില്ലാത്ത ചുരിദാറും എടുത്തിട്ട് ഞങ്ങളുടെ കൂടെ വന്നു..

അവിടെനിന്നും അത്യാവശ്യ ദൂരം ഉണ്ടായിരുന്നു വീട്ടിലേക്ക് അതുകൊണ്ട് തന്നെ ജീവനാണ് ഡ്രൈവ് ചെയ്തത് അവന് തൊട്ടരികിൽ ഞാൻ ഇരുന്നു അവൾ പുറകിലും കയറി…

ഓർമ്മകൾ ഒരുപാട് കാലം മുന്നിലേക്ക് പോയി.. ലാവണ്യ അതായിരുന്നു അവളുടെ പേര്.. കോളേജിൽ തന്റെ ജൂനിയർ…

ഒരുപാട് ഇഷ്ടമായിരുന്നു അവളെ അതുകൊണ്ടുതന്നെ സ്വന്തമാക്കണമെന്ന് അതിയായ മോഹമുണ്ടായിരുന്നു അവളോട് തുറന്നു പറഞ്ഞപ്പോൾ അവൾക്കും എതിർപ്പൊന്നും ഇല്ലായിരുന്നു വീട്ടുകാർക്കും സമ്മതം പിന്നീട് അങ്ങോട്ട് സ്വർഗ തുല്യമായിരുന്നു ജീവിതം….

അവളെയും കൊണ്ട് പോകാത്ത സ്ഥലങ്ങളില്ല കാണാത്ത കാഴ്ചകളില്ല എല്ലാം ആസ്വദിച്ച് നടന്നു..

ഇതിനിടയിൽ ഞങ്ങൾക്കിടയിലേക്ക് ഒരാൾ കൂടി വരുന്നുണ്ട് എന്ന വാർത്തയെ എതിരേറ്റത് ഏറ്റവും സന്തോഷത്തോടെ കൂടിയായിരുന്നു പക്ഷേ അറിഞ്ഞിരുന്നില്ല വലിയൊരു ദുഃഖം സമ്മാനിക്കാൻ ആണ് അത് എന്ന്..

എന്റെ പൊന്നുമോളെ കയ്യിൽ തന്നെ ലാവണ്യ എന്നെന്നേക്കുമായി വിടപറഞ്ഞു എനിക്കത് സഹിക്കാൻ പറ്റുന്നതിലും അപ്പുറത്തായിരുന്നു എന്റെ ലാവണ്യ പോയെ ഇനി കൂടെ ഉള്ളത് എനിക്ക് എന്റെ കുഞ്ഞു മാത്രമാണ്…

സന്തോഷം നിറഞ്ഞ കളിചിരികൾ നിറഞ്ഞ ജീവിതം ഗദ്ഗദങ്ങൾക്കും തോരാത്ത കണ്ണുനീരിനും വഴിമാറി…

എനിക്കും വയസ്സായ അമ്മയ്ക്കും കുഞ്ഞിന്റെ കാര്യങ്ങൾ നോക്കാൻ കഴിഞ്ഞില്ല അങ്ങനെയാണ് ഒരു ഹോം നേഴ്സിനെ സഹായം തേടിയത് അങ്ങനെയാണ് അവൾ ഞങ്ങളുടെ വീട്ടിലേക്ക് വരുന്നത് മൈഥിലി എന്നായിരുന്നു അവളുടെ പേര് കൂടുതൽ ഒന്നും അവൾ പറഞ്ഞതുമില്ല ഞങ്ങൾ അന്വേഷിച്ചതുമില്ല…

ഒരിക്കൽപോലും മുലപ്പാൽ നുണയാൻ ഭാഗ്യം സിദ്ധിച്ചിട്ടില്ലാത്ത എന്റെ കുഞ്ഞിന് പൊടി പാലായിരുന്നു കലക്കി കൊടുത്തിരുന്നത്..

അത് കുടിക്കാൻ കൂട്ടാക്കാതെ കുഞ്ഞ് പിടഞ്ഞു കരയും അപ്പോഴൊക്കെ ഞാനും അമ്മയും നിസ്സഹായരായി പരസ്പരം നോക്കും…

കുഞ്ഞ് എപ്പോഴും വാശിപിടിച്ച് കരയും.. അതിന്റെ അമ്മയെ അതിന്റെ അരികിൽ നിന്ന് അകറ്റിയതിന് പകരം ചോദിക്കുന്നത് പോലെ…

മൈഥിലി വന്നതിനുശേഷം വളരെ വ്യത്യാസമുണ്ടായിരുന്നു കുഞ്ഞിന് വളരെ വ്യത്യാസം എന്നല്ല എല്ലാം ശരിയായി കുഞ്ഞ് ഒരിക്കൽപോലും വാശിപിടിച്ച് കരഞ്ഞില്ല…

ഏറെ ആശ്വാസകരമായിരുന്നു എനിക്കും അമ്മയ്ക്കും അത്…കുറെ നാൾ അവിടെനിന്ന അവളോട് മാത്രം കുഞ്ഞു വല്ലാതെ ഇണങ്ങുന്നതായി തോന്നി.. നിസ്സഹായരായ ഞങ്ങൾക്ക് അതുകണ്ട് ആശ്വസിക്കുകയല്ലാതെ വേറെ വഴിയുണ്ടായിരുന്നില്ല

ഒരിക്കൽ ജോലിക്ക് ഇറങ്ങിയ ഞാൻ എന്തോ എടുക്കാൻ മറന്നു വീണ്ടും തിരിച്ച് അങ്ങോട്ട് തന്നെ വന്നപ്പോഴാണ് കണ്ടത് എന്റെ കുഞ്ഞിനെ മുലയൂട്ടുന്ന അവളെ..

എന്റെയും ലാവണ്യയുടെയും കുഞ്ഞിനെ ജോലിക്കാരി മുലയൂട്ടുന്നത് കണ്ട് എന്റെ സകല നിയന്ത്രണങ്ങളും തെറ്റിയിരുന്നു…

ഞാനത് വലിയ പ്രശ്നമാക്കി അവളോട് അവിടെ നിന്നും ഇറങ്ങി പൊയ്ക്കോളാൻ പറഞ്ഞു കരഞ്ഞുകൊണ്ട് അവളാ പടിയിറങ്ങി..

പക്ഷേ അതിനുശേഷം കുഞ്ഞ് അതിന്റെ വായ ഒന്ന് പൂട്ടിയിട്ട് കൂടിയില്ല എപ്പോഴും കരച്ചിൽ ഒന്നും കഴിക്കില്ല..
കരഞ്ഞ് കരഞ്ഞ് വയ്യാതായി ആശുപത്രിയിൽ കൊണ്ടുപോയി..

ഇങ്ങനെയാണെങ്കിൽ ഇനി ഞങ്ങൾക്ക് കുഞ്ഞിനെ തിരിച്ചു കിട്ടില്ല എന്ന് അവസ്ഥ വരെയായി..

വേറെ ഒരു മാർഗ്ഗവും ഇല്ലാതെയാണ് അവളെയും തിരക്കി ഇറങ്ങിയത്..
വീട്ടിലെത്തിയത് അവളുടെ കയ്യിൽ കുഞ്ഞിനെ ഏൽപ്പിച്ചു എന്തുവേണമെങ്കിലും ചെയ്തോളാൻ പറഞ്ഞു..

വേറെ ഒരു വഴിയും ഇല്ലാത്തവരുടെ ഗതികേടോർത്ത് എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി…അമ്മ ആശ്വസിപ്പിക്കാൻ വന്നിരുന്നു..

“” ഏതോ കണ്ടമാനം നടക്കുന്ന പെണ്ണിന്റെ മുലപ്പാൽ കുടിച്ച് വളരാൻ ആണല്ലോ അമ്മ എന്റെ മോളുടെ വിധി “”

എന്ന് ഞാൻ ഉറക്കെ അമ്മയോട് പറഞ്ഞു പെട്ടെന്ന് തിരിഞ്ഞപ്പോൾ അവൾ അവിടെ നിൽക്കുന്നുണ്ടായിരുന്നു ഞാൻ പറഞ്ഞത് കേട്ടു എന്നത് വ്യക്തം…

അവളുടെ ആത്മാഭിമാനം മുറിപ്പെട്ടതുകൊണ്ടാവാം അവൾ അതിനു പ്രതികരിച്ചത്…”” ഇതുവരെയും മാനം വിറ്റ് ജീവിച്ചിട്ടില്ല എന്ന്…

ഒന്നും മിണ്ടാതെ ഞാൻ അവിടെ നിന്നും ഇറങ്ങിപ്പോയി. അന്ന് വന്നപ്പോൾ അമ്മയാണ് അവളെ കുറിച്ച് പറഞ്ഞത് ഏതോ ഒരാളുമായി പ്രണയത്തിലായിരുന്നു…

നല്ല തറവാട്ടിൽ ജനിച്ച പെണ്ണാണ് അയാൾ അവളെ കണ്ണും കയ്യും കാണിച്ച് മയക്കി കൊണ്ടുപോയി.. പ്രണയിക്കുമ്പോൾ ഉള്ള സ്വഭാവം ഒന്നുമായിരുന്നില്ല പിന്നീട്…

അയാൾ കുടിക്കാൻ തുടങ്ങി ലഹരി മരുന്നുകൾക്കും അടിമയായിരുന്നു അവളെ കണ്ടമാനം ഉപദ്രവിച്ചു…

പൂർണ്ണ ഗർഭിണിയായിരുന്നു അവളുടെ വയറിലേക്ക് തൊഴിച്ചതും അവൾക്ക് അവളുടെ കുഞ്ഞിനെ നഷ്ടപ്പെട്ടു..

പിന്നെ അവിടെ നിൽക്കാൻ തോന്നിയില്ല..
അയാളുടെ തന്നെ ഏതോ അകന്ന ബന്ധു ആരും അറിയാതെ അവരുടെ കൂടെ ഇങ്ങോട്ട് കൊണ്ട് വന്നൂ… അവരുടെ വീട്ടിൽ അവൾക്ക് അഭയം കൊടുത്തു..

ജീവിക്കാൻ വേണ്ടിയാണ് ഹോം നേഴ്സ്ന്റെ വേഷം കെട്ടിയത്….
ഒന്നും കഴിക്കാതെ കുടിക്കാതെ കരയുന്ന മോളെ കണ്ടപ്പോൾ അറിയാതെ അവൾ ചെയ്തു പോയതാണ്..

അല്ലെങ്കിൽ നീര് വന്ന് വീർത്ത തന്റെ മാറിലെ മുലപ്പാൽ അമൃതം ഒന്ന് നുണയാൻ പോലും ഭാഗ്യം ഇല്ലാത്ത തന്റെ കുഞ്ഞിനെ അവൾ ഈ കുഞ്ഞിന്റെ മുഖത്ത് കണ്ടു കാണും…..

ചെയ്യുന്നത് അപരതമാണോ ശരിയാണോ എന്നൊന്നും അവൾക്കപ്പോൾ മനസിലായിരിക്കില്ല…

അമ്മ പറഞ്ഞു നിർത്തിയപ്പോൾ എന്തോ, രാവിലെ അങ്ങനെയൊക്കെ പറഞ്ഞതിൽ കുറ്റബോധം തോന്നി..പക്ഷേ മാപ്പ് പറയാൻ എന്റെ മനസനുവദിച്ചില്ല..

കുഞ്ഞിന് രണ്ടു വയസ്സ് ആകുന്നതുവരെ അവൾ കൂടെ നിന്നു..അത് ബന്ധുക്കൾക്കിടയിൽ പല പ്രശ്നങ്ങളും ഉണ്ടാക്കി പലരും എന്നെയും അവളെയും ചേർത്ത് പലതും പറയാനും തുടങ്ങി…

ഞാനത് വലിയ കാര്യമാക്കി എടുത്തില്ല..മോള് അവളെ ചിറ്റമ്മ എന്ന് വിളിക്കാൻ തുടങ്ങി… രണ്ടു വയസ്സായപ്പോഴേക്കും മുലപ്പാൽ ഇല്ലാതെ ബാക്കിയുള്ള ഭക്ഷണം എല്ലാം കഴിക്കാൻ അവൾ അവളെ പരിശീലിപ്പിച്ചിരുന്നു…

ഒടുവിൽ ഒരുനാൾ യാത്ര പറയാൻ വന്നിരുന്നു എന്റെ അടുത്തേക്ക്. ഇനി അവളുടെ ആവശ്യമില്ലാത്രെ എന്റെ കുഞ്ഞിന്…

യാത്രയും പറഞ്ഞ് എന്റെ മോളെ ഒന്ന് നോക്കുക കൂടി ചെയ്യാതെ അവളെ പിരിയുന്ന വിഷമവും കടിച്ചുപിടിച്ച് പോകുന്നവളെ കാണെ ഞാൻ അവളെ ഒന്നുകൂടി വിളിച്ചു…

“” ഈ കുഞ്ഞിനെ വിട്ട് ഈ വീട് വിട്ട് നിനക്ക് പോവാൻ കഴിയുമോ എന്ന് ചോദിച്ചു?? “”

ഓടിവന്ന് അവൾ എന്റെ കുഞ്ഞിനെ എടുത്ത് അവളുടെ മുഖത്ത് നിറയെ ഉമ്മ വെച്ചു…

പതിയെ ഞാൻ അവളോട് ചോദിച്ചു ഒരു താലി ഞാൻ കഴുത്തിൽ ചാർത്തി തരട്ടെ. കാരണം എന്റെ കുഞ്ഞിന് ഇതിലും നല്ല ഒരു അമ്മയെ കിട്ടില്ല എന്ന്..

പരിഭ്രമത്തോടെ അവൾ വേണ്ട എന്ന് തലയാട്ടി പക്ഷേ എനിക്കറിയാമായിരുന്നു എന്റെ കുഞ്ഞിനുവേണ്ടി ഒരിക്കൽ അവൾ അതിനു സമ്മതിക്കുമെന്ന്…

അങ്ങനെയാണെങ്കിൽ എന്റെ മോൾക്ക് കൊടുക്കാവുന്ന ഏറ്റവും വലിയ സമ്മാനമാവും അത് എന്ന്…

Leave a Reply

Your email address will not be published. Required fields are marked *