പൊൻവിളക്ക്
രചന: Jolly Shaji
‘ദാമോദരാ വയ്യെങ്കിൽ പിന്നെ എന്തിനാ നീയിന്നു ജോലിക്ക് കേറിയത്…””സോമേട്ടാ, ഒന്നാമത് പണി കുറവാണു ഈ മഴക്കാലത്തു, കിട്ടിയ പണി ഇല്ലാണ്ടാക്കിയാൽ അഞ്ചു വയറു കഴിയേണ്ടതല്ലേ…”
“നിന്റെ മക്കൾക്കൊന്നും ജോലി ആയില്ലേ ഇതുവരെ… മൂത്തത് രണ്ടും പെൺകുട്ടികൾ അല്ലെ…”
“മൂത്തവൾ പഠിക്കാൻ ഇത്തിരി മോശം ആയിരുന്നു… മോശം ആയതല്ല സത്യത്തിൽ അതിന് പഠിക്കാൻ പറ്റിയിട്ടില്ല… രാധേടെ അസുഖം സോമേട്ടന് അറിയില്ലേ…”
“ഇപ്പൊ എങ്ങനെ ഉണ്ട് രാധക്ക്…””ആയുർവേദ ചികിത്സ ആണിപ്പോ നല്ല മാറ്റം ഉണ്ട്… ദേഹം അനങ്ങിയ അപ്പൊ കൂടും വേദന.. ഞരമ്പിന് എന്തോ എടങ്ങേറ് ആണത്രേ…”
“രണ്ടാമത്തവൾ ഇപ്പൊ എന്താ പഠിക്കുന്നെ..””ഒക്കെ കണക്കാ സോമേട്ടാ… പ്ലസ്ടു എഴുതിയിട്ടുണ്ട് വല്യ പ്രതീക്ഷ ഒന്നുമില്ല… തമ്മിൽ ഭേദം പഠിക്കാൻ മൂത്തവൾ ആയിരുന്നു പക്ഷെ എന്റെ കുട്ടിക്ക് പറ്റിയില്ല… രാധ വീണപ്പോ എല്ലാ ഉത്തരവാദിത്തവും അവൾക്കായി…. ഇളയതുങ്ങൾ അവളെക്കാൾ അഞ്ചെട്ടു വയസ്സിനു വിത്യാസം ഇല്ലേ…”
“എല്ലാം ശെരിയാകുമെടാ… നിനക്കറിയില്ലേ ഞാൻ വന്ന വഴിയൊക്കെ…. വയ്യെങ്കിൽ നീ വീട്ടിൽ പൊയ്ക്കോ… ഓഫീസിൽ നിന്നും ഇന്നത്തെ തച്ച് വാങ്ങിക്കോ…”
“അതെങ്ങനെ സോമേട്ടാ ശെരിയാവുക ഞാൻ പണിക്കു വന്നു കേറിയതല്ലേ ഉള്ളു…””നീയിപ്പോ ശെരിയും തെറ്റുമൊന്നും എന്നെ പഠിപ്പിക്കാൻ നിൽക്കേണ്ട ഞാൻ പറയുന്നത് അനുസരിച്ചാൽ മതി…”
സോമേട്ടൻ അങ്ങനെ ആണ് പറഞ്ഞാൽ അനുസരിക്കാനേ ആർക്കും കഴിയു… ദാമോദരൻ കയ്യിലിരുന്ന കുട്ടയും തൂമ്പയും കഴുകി വെച്ചിട്ട് വേഗം ഓഫീസിൽനിന്ന് പൈസയും വാങ്ങി നേരെ ടൗണിലേക്ക് ബസ് കയറി… രാധയുടെ മരുന്ന് തീർന്നിട്ട് രണ്ടുദിവസം ആയിരിക്കുന്നു.. വീട്ടിൽ നല്ലൊരു കറി ഉണ്ടാക്കിയിട്ട് ആഴ്ച്ച ഒന്ന് കഴിഞ്ഞു..
രാത്രിയിൽ അത്താഴത്തിനു ഇരുന്നപ്പോൾ സോമൻ ഭാര്യയോടും മക്കളോടുമായി പറഞ്ഞു…”നമ്മുടെ ദാമോദരന്റെ അവസ്ഥ കഷ്ടമാണ്….”
“എന്താ അച്ഛാ കുഴപ്പം.” മകൻ വിഷ്ണു ചോദിച്ചു”അതിന് ദാമോദരന് എന്താ കുഴപ്പം അയാളുടെ ഭാര്യക്കല്ലേ എന്തോ സുഖമില്ലാത്തത്…”
“അവനും വയ്യാണ്ടായെടി പ്രായമായില്ലേ…കഷ്ടം ആ കുട്ടികളുടെ അവസ്ഥയാണ്…”
‘രണ്ടോ മൂന്നോ കുട്ടികൾ അല്ലെ അവർക്കു… “”മൂന്ന് മക്കൾ, മൂത്തവൾക്ക് പത്തിരുപത്തഞ്ചു വയസ്സിന് അടുത്തായി പ്രായം… കെട്ടിക്കാൻ അവന്റെ കയ്യിൽ ഒന്നും ഇല്ല… കാര്യം കാഴ്ച്ചക്ക് നല്ല കുട്ടിയ വിദ്യാഭ്യാസം പ്ലസ്ടു വരെ ഉണ്ട്…”
“പ്ലസ്ടു കഴിഞ്ഞ് പഠിപ്പിക്കാൻ വിടാത്തത് എന്താ അച്ഛാ…””രാധയുടെയും ഇളയതുങ്ങളുടേയുമൊക്കെ കാര്യം നോക്കി അത് പഠിത്തം നിർത്തി…. എനിക്ക് എന്തോ ആ കുട്ടിയെ ഒരുപാട് ഇഷ്ടമായി… എന്റെ മനസ്സിൽ ഒരു കാര്യം തോന്നി അത് നിങ്ങളോട് പറയണം എന്നും…”
“എന്താ അച്ഛാ കാര്യം…””നിങ്ങള് പറയു..””ആ കുട്ടിയെ വിഷ്ണുവിന് ആലോചിച്ചാലോ എന്ന് എനിക്ക് തോന്നി… എന്റെ പൊട്ട ബുദ്ധി ആണോ അറിയില്ല…”
“നിങ്ങൾക്ക് എന്താ ഏട്ടാ ഭ്രാന്ത് ആയോ… കാര്യം പണ്ടേ അറിയുന്ന കൂട്ടുകാരന്റെ മോളൊക്കെ ആവും… പക്ഷെ നമ്മടെ കുടുംബത്തിന്റെ അവസ്ഥ നോക്കേണ്ടേ നമ്മൾ… ആ ചെറ്റ പുരയിൽ നിന്നും പെണ്ണ് കെട്ടേണ്ടവൻ ആണോ നമ്മുടെ മോൻ..”
“വിലാസിനി നിർത്തു നിർത്തു… നീ ഇത്രയും ഷോഭം കൊള്ളേണ്ട കാര്യമെന്താ…. എന്നാടി നിനക്കീ മണിമാളിക ഉണ്ടായതു… എന്നാണ് ബീഡി തെറുപ്പുകാരൻ വാസുവിന്റെ മോൾക്ക് പത്രാസ് ഉണ്ടായതു…”
“അതേ നാട് ഓടുമ്പോൾ നടുവേ ഓടണം എന്നല്ലേ…. ഞാൻ സമ്മതിക്കില്ല ഈ കല്യാണത്തിന്…””അതിന് നിന്റെ സമ്മതം ആർക്കു വേണം… വിഷ്ണു ആണ് തീരുമാനം എടുക്കേണ്ടത്…”
“അച്ഛൻ പറഞ്ഞ കാര്യങ്ങളോട് ഞാനും യോജിക്കുന്നു… കാരണം എനിക്ക് എന്റെ ബാല്യം മറക്കാൻ വയ്യ.. ഒന്നുമില്ലായ്മയിൽ നിന്നും ഇന്നീ നിലയിൽ എത്തിയത് അച്ഛന്റെ കഠിനപ്രയത്നം തന്നെയാണ്… പിന്നെ എനിക്ക് ഒരഭിപ്രായം ഉണ്ട്…”
“എന്താ നിനക്കു പറയാൻ ഉള്ളത്..””അത് അച്ഛാ ഈ ജാതകം എന്ന ഏർപ്പാട് ഇവിടെ വേണ്ടാ..പിന്നെ എനിക്ക് കുട്ടിയെ കാണണം… ഒരുപാട് സൗന്ദര്യം ഒന്നും മോഹിക്കുന്നില്ല എങ്കിലും എന്റെ കൂടെ കൊണ്ടുനടക്കാൻ പറ്റണം… എന്നെ ശെരിക്കും മനസ്സിലാക്കുന്ന ഒരു കുട്ടി… ഇത്രേം ഡിമാൻഡ് എനിക്കൊള്ളു…”
“അച്ഛനും മോനും തീരുമാനിച്ചാൽ പിന്നെ ഞാൻ എന്ത് പറയാൻ… ആ മോളോടും അവടെ കെട്ടിയോനോടും കൂടി ഒന്ന് പറയണ്ടേ…”
“അവള് വിളിക്കുമ്പോൾ നീ പറഞ്ഞേക്ക്…””അവളോട് ആണോ പറയേണ്ടത്… അവനോടു വേണ്ടേ പറയാൻ അതും നിങ്ങൾ പറയണ്ടേ…”
“അതിനൊക്കെ സമയം ഉണ്ട്.. ഞാൻ നാളെ ദാമോദരനോട് ഒന്ന് സൂചിപ്പിക്കാം നമ്മൾ അങ്ങോടു ചെല്ലുന്നുണ്ട് എന്ന്…”
പിറ്റേന്ന് സോമൻ ദാമോദരനെ കണ്ടു വിശേഷങ്ങൾ തിരക്കവേ ഞായറാഴ്ച അവർ വീട്ടിലേക്കു ചെല്ലുന്ന കാര്യം സൂചിപ്പിച്ചു….
“സോമേട്ടാ നിങ്ങൾ വന്നാൽ ഇരിക്കാൻ തരാൻ നല്ലൊരു കസേര പോലും എന്റെ വീട്ടിൽ ഇല്ല….”
“എടാ ഞാനും നിന്റെ അവസ്ഥയിലൂടെ കടന്നുവന്നതല്ലേ… സിമന്റ് ചാക്ക് നീ എന്റെ തലയിൽ പിടിച്ച് തന്നിട്ടില്ലേ…. ആ ഞാൻ കോൺട്രാക്ട് വർക്ക് എടുത്തു തുടങ്ങി അല്പം ഭേദപ്പെട്ടു എന്നേ ഒള്ളു ഞാൻ എന്നും പഴയ സോമൻ തന്നെയാടാ…”
അയാൾ ദാമോദരന്റെ തോളിൽ തട്ടി പറഞ്ഞു…ഞായറാഴ്ച്ച സോമനും വിലാസിനിയുംവിഷ്ണുവും ചെല്ലുമ്പോഴേക്കും ദാമോദരൻ അവർക്കായി ചായയും പലഹാരങ്ങളും കരുതിയിരുന്നു… കല്യാണി ഓടി നടന്നു
വീടും പരിസരങ്ങളും വൃത്തിയാക്കി.. അമ്മയെ കുളിപ്പിച്ച് നല്ല ഒരു നൈറ്റി ഇടുവിച്ചു കട്ടിലിൽ തലയിണ വെച്ച് എണീപ്പിച്ച് ഇരുത്തി… പണിയെല്ലാം ഒതുക്കി ഉള്ളതിൽ നല്ലൊരു സാരീ എടുത്ത് വെച്ചിട്ട് അവൾ കുളിക്കാൻ പോകാൻ ഇറങ്ങി…
“പാറുമോളെ അമ്മേനെ നോക്കിയേക്കണേ ഞാൻ കുളിച്ചിട്ടു വരാം… കിച്ചൂന് വിശക്കുന്നെങ്കിൽ ഭക്ഷണം എടുത്തു കൊടുത്തേക്കു..”
“അല്ല ഇച്ചേച്ചി ഭയങ്കര ത്രില്ലിൽ ആണല്ലോ ഇത്… എന്താ ഇന്നിത്ര സന്തോഷം…””എനിക്കോ.. എനിക്കെന്തു സന്തോഷം മോളെ…”അവൾ വേഗം കുളിക്കാൻ പോയി…
പതിനൊന്നു മണിയോടെ സോമേട്ടനും കുടുംബവും എത്തി… ദാമോദരൻ തന്റെ കൊച്ച് വീട്ടിലേക്കു അവരെ ക്ഷണിച്ചു..
വിലാസിനി ചുറ്റും നോക്കി… ഭിത്തി തേക്കുക പോലും ചെയ്യാത്ത ചെറിയ ഓടിട്ട വീട്… പക്ഷെ നല്ല അടുക്കും ചിട്ടയും വൃത്തിയും… വീടും പരിസരവും വിലാസിനിക്ക് ഇഷ്ടപ്പെട്ടു…
വിലാസിനി അകത്തേമുറിയിൽ രാധയുടെ അടുത്തേക്ക് ചെന്ന് കട്ടിലിൽ ഇരുന്നു…”രാധക്കു എന്നെ മനസ്സിലായോ… പണ്ട് കെട്ടിടം പണിക്കു സോമേട്ടന് ഒപ്പം ഞാനും പോയിട്ടുണ്ട് അന്നൊക്കെ ദാമോദരന് ഉച്ചക്ക് ചോറ് ആയി വരുന്ന രാധയെ ഞാൻ ഓർക്കുന്നുണ്ട്… രാധ കൊണ്ടുവരുന്ന ഭക്ഷണം ഒരു പങ്കു പലപ്പോഴും ഞങ്ങൾ കഴിച്ചിട്ടും ഉണ്ട്…
രാധ മനസ്സിലായി എന്ന ഭാവത്തിൽ ചെറുതായി ചിരിച്ചു…കല്യാണി അവർക്കു കുടിക്കാൻ നാരങ്ങ വെള്ളം എടുത്തു… വെള്ളവുമായി ഇറയത്തേക്കു ചെന്ന കല്യാണിയെ സോമൻ വിളിച്ചു..
“ഇതല്ലേ നിന്റെ മൂത്തമോള്… മോൾടെ പേരെന്താ…””കല്യാണി…””മോൾക്ക് ഞങ്ങളെ അറിയുമോ..””അച്ഛൻ പറഞ്ഞ് കേട്ടിട്ടുണ്ട്…”
“നിന്റെ അച്ഛനൊപ്പം പണിയെടുത്തു നടന്നതാ ഞാനും… ഇതെന്റെ മോൻ വിഷ്ണു… എഞ്ചിനീയർ ആണ്… ഞങ്ങളുടെ കണക്ട്രക്ഷൻ വർക്ക് നോക്കി നടത്തുന്ന എഞ്ചിനീയർ ഇവൻ ആണ്… പിന്നൊരു മോൾ ആണ്… അവളെ കെട്ടിച്ചു..”
കല്യാണി മുഖം ഉയർത്തി വിഷ്ണുവിനെ നോക്കി.. കൂളിംഗ് ഗ്ലാസ്സ് വെച്ചിരിക്കുന്നു വിഷ്ണു ചിരിച്ചു…
“ഞങ്ങൾ ഇന്നിവിടെ വരാൻ ഒരു പ്രധാന കാരണം ഉണ്ട്…. അത് ദാമോദരനോട് പറഞ്ഞിട്ടില്ല… ഞങ്ങൾ പറയുന്നത് നിങ്ങൾക്ക് അംഗീകരിക്കാൻ പറ്റുമെങ്കിൽ ഞങ്ങൾക്ക് സന്തോഷം…””സോമേട്ടൻ കാര്യം പറയു…”
“വിഷ്ണുവിന് പ്രായം മുപ്പതിനോട് അടുക്കുന്നു… മോളെ കെട്ടിച്ചു ഇനി ഇവന് കല്യാണം ആലോചിക്കണം എന്ന് തോന്നി… അപ്പോളാണ് ദാമോദരന്റെ മോളെകുറിച്ച് ഞാൻ ഓർത്തത്… ഇവളെ ഒന്നുരണ്ടുവട്ടം ഞാൻ കണ്ടിട്ടുണ്ടല്ലോ… നിങ്ങൾക്ക് സമ്മതം എങ്കിൽ നമുക്ക് ഈ ആലോചന മുന്നോട്ട് കൊണ്ടുപോകാം…”
സോമന്റെ സംസാരം കേട്ട ദാമോദരനും മക്കളും അതിശയിച്ചുപോയി..എന്ത് പറയും എന്ന ആശങ്കയിൽ ആയി അവർ…”സോമേട്ടാ അത്… എന്റെ അവസ്ഥ കണ്ടില്ലേ… നിങ്ങടെ വീട്ടിലേക്കു കെട്ടിക്കാൻ എന്ത് യോഗ്യത ആണ് എനിക്കുള്ളത്…”
“നിന്റെയും നിന്റെ മക്കടെയും നല്ല മനസ്സു മാത്രം മതിയെടാ…. ഞങ്ങളും എല്ലാം തികഞ്ഞവർ അല്ലല്ലോ…””കയ്യിലും കഴുത്തിലും ഇട്ട് തരാൻപോലും ഒരു തരി പൊന്ന് എനിക്കില്ല സോമേട്ടാ…”
“എന്റെ അച്ഛന്റെ ആഗ്രഹത്തിനാണ് ഞാൻ ഇവിടെ വന്നത്… വന്നു കണ്ടപ്പോൾ എനിക്കും കല്യാണിയെ ഇഷ്ടമായി… പൊന്നും പണവും നിമിഷങ്ങൾ കൊണ്ട് അവസാനിക്കാൻ ഉള്ളതല്ലേ ഉള്ളു… അവൾക്കൊപ്പം ഈ കുടുംബം കൂടി രക്ഷപെടണം… അതെന്റെ അച്ഛന്റെ ആഗ്രഹം ആണ്…”
“മോനെ ഇന്നത്തെ കാലത്തു ഇത്രയും നല്ല മനസ്സുള്ളവർ ഉണ്ടാകുമോ… എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല..”
“എന്നേയും എന്റെ അച്ഛനെയും നിങ്ങൾക്ക് വിശ്വസിക്കാം… എനിക്ക് കല്യാണിയോട് ഒന്ന് സംസാരിക്കണം..”അവൻ അകത്തെ മുറിയിലേക്ക് കയറി കൂടെ കല്യാണിയും…
“കല്യാണി… പാവപ്പെട്ട വീട്ടിൽ നിന്നും വിവാഹം കഴിച്ചു ആളാകാൻ അല്ല എന്റെ ഉദ്ദേശം… അച്ഛൻ നിങ്ങളെക്കുറിച്ച് പറഞ്ഞപ്പോൾ എനിക്കും താത്പര്യം ആയി… ഞാനും ഈ അവസ്ഥയിലൂടെ കടന്നുവന്ന ആളാണല്ലോ… പിന്നെ എന്റെയൊരു പോരായ്മ അത് കൂടി കല്യാണിക്ക് അക്‌സെപ്റ് ചെയ്യാൻ പറ്റുമെങ്കിൽ മാത്രം മതി…”
വിഷ്ണു മുഖത്തുനിന്നും കണ്ണട ഊരിമാറ്റി അവന്റെ മുഖത്തേക്ക് നോക്കിയ കല്യാണി ഞെട്ടിപ്പോയി… ഇടത്തെ കണ്ണ് പാതി അടഞ്ഞിരിക്കുന്നു…. വലിയൊരു മുറിപ്പാടും കൺപോളയിൽ…
“ഇത് കണ്ടോ ആറോ എഴോ വയസ്സുള്ളപ്പോൾ കുട്ടിയും കോലും കളിച്ചു ഉണ്ടായ അപകടം ആണ്…. കുറേ ചികിത്സ ചെയ്തു പാക്ഷേ, കാഴ്ച്ച കിട്ടിയില്ല… കണ്ണ് ഇങ്ങനെ ആയി…ഇത് അംഗീകരിക്കാൻ പറ്റുമെങ്കിൽ മാത്രം നമുക്ക് വിവാഹത്തെ കുറിച്ച് ആലോചിക്കാം… ധൃതി ഒന്നും വേണ്ട തന്റെ ജീവിതം ആണ് നന്നായി ആലോചിച്ചു മതി…”
“എന്താ ഇപ്പൊ ആലോചിക്കാൻ… ഇതൊന്നും ഒരു കുറവായി എനിക്ക് തോന്നുന്നില്ല…. ഈ ചെറ്റപ്പുരയിൽ നിന്നും പ്ലസ്ടു മാത്രം വിദ്യാഭ്യാസമുള്ള എന്നെ വിവാഹം ആലോചിച്ചത് തന്നെ ഇപ്പോളും വിശ്വാസം ആയിട്ടില്ല…”
“തനിക്കു വിശ്വസിക്കാൻ എന്നെ പൂർണ്ണമായും…””പക്ഷെ എന്റെ അച്ഛൻ, വയ്യാത്ത അമ്മ, പ്രായപൂർത്തി ആവാത്ത കുട്ടികൾ… ഇവരുടെ കാര്യങ്ങൾ കൂടി നോക്കേണ്ടത് ഞാൻ അല്ലെ… എന്നെ വിവാഹം ചെയ്താൽ വിഷ്ണുവേട്ടന് വലിയൊരു ബാധ്യത കൂടി ഏൽക്കേണ്ടി വരും…”
“ഹോ താൻ വിഷ്ണുവേട്ടൻ എന്ന് വിളിച്ചല്ലോ… അത് മതി… പിന്നെ ഒരു കാര്യം… തന്നെ കെട്ടി മുഴുവനായും ഞങ്ങടെ മാത്രം ആക്കുവാൻ അല്ല… താൻ എന്റെ ആകുന്നതിനു ഒപ്പം തന്റെ മാതാപിതാക്കളും കൂടെപ്പിറപ്പുകളും എന്റേത് കൂടി ആകും… അവരെ ഒരിക്കലും ഞാൻ മാറ്റിനിർത്തില്ല…”
കല്യാണിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി…”താൻ കരയുന്നോ… അച്ഛൻ പറഞ്ഞത് അനുസരിച്ചു താൻ നല്ല ബോൾഡ് ആയിട്ടുള്ള കുട്ടിയാണ് എന്നോർത്ത ഞാൻ നിന്നെ കാണാൻ വന്നത് എന്നിട്ട് കരയുന്നോ…”
“അത് വിഷ്ണുവേട്ട സന്തോഷം കൊണ്ട്…””സന്തോഷം കൊണ്ട് താൻ എത്ര വേണേൽ കരഞ്ഞോ… പക്ഷെ സങ്കടം കൊണ്ട് ഈ കണ്ണുകൾ നിറയാൻ വിഷ്ണു സമ്മതിക്കില്ല…”
വിഷ്ണു അവളുടെ മിഴികളിലൂടെ ഒഴുകിയിറങ്ങിയ കണ്ണുനീർ തുടച്ചു..”വാ പുറത്തേക്കു പോകാം…”അവൻ അവളുടെ തോളിൽ പിടിച്ച് മെല്ലെ തള്ളി… കല്യാണിക്ക് ചെറിയ നാണം തോന്നി…
വെളിയിൽ വന്ന വിഷ്ണുവിന്റെ സന്തോഷം കണ്ടപ്പോൾ എല്ലാവർക്കും സന്തോഷം ആയി…
“ദാമോദര… നാളും സമയവും ഒന്നും കുറിക്കുന്നില്ല… എത്രയും പെട്ടെന്ന് നമുക്കീ കല്യാണം നടത്തണം… സ്വർണ്ണം കൊണ്ടുവന്നിട്ട് കെട്ടിക്കോളാം എന്ന ഏർപ്പാടും നമുക്ക് വേണ്ട… നിന്റെ മോളെ നീ നിനക്ക് യോജിച്ച രീതിയിൽ ഒരുക്കി എന്റെ മോനു കൈപിടിച്ച് കൊടുത്താൽ മതി…”
“എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല സോമേട്ടാ ഇതൊന്നും…””വിശ്വസിക്കണം എന്നേയും എന്റെ കുടുംബത്തെയും.. നിന്റെ വീട്ടിലെ വിളക്ക് ഇനി എന്നും എന്റെ വീട്ടിൽ ശോഭിക്കട്ടെ…”അവർ വളരെ സന്തോഷത്തോടെ യാത്ര ചൊല്ലി ഇറങ്ങി….