നിനക്ക് ഇനിയും ഒരു സ്ഥിര വരുമാനം ഇല്ല… ഗൾഫിൽ പോകാൻ നടക്കുവാണെന്നു അറിഞ്ഞു…. പോയി വാ എന്നിട്ട് വിവാഹം നടത്തി തരാം…

വിലയിടുന്ന ബന്ധങ്ങൾ
രചന: Jolly Shaji

അവളുടെ വിവാഹം കഴിഞ്ഞു എന്നറിഞ്ഞ അവനിൽ ഒരു ഞെട്ടൽ ഉണ്ടായി… അവളുടെ വീട്ടിൽ വേറെ വിവാഹ ആലോചന നടക്കുന്നുണ്ട് എന്ന് അവൾ അറിയിച്ചപ്പോൾ താൻ അവളുടെ അച്ഛനെയും സഹോദരനെയും ചെന്നു കണ്ട് തങ്ങൾ തമ്മിലുള്ള ഇഷ്ടത്തെ കുറിച്ച് പറഞ്ഞതാണ്..

അച്ഛനും സഹോദരനും മുന്നിൽ നിന്ന് അന്നവൾ പറഞ്ഞു..”ജീവിതത്തിൽ ഒരു വിവാഹം ഉണ്ടെങ്കിൽ അതെനിക്ക് എന്റെ വിശ്വേട്ടന് ഒപ്പമാണ്… അല്ലെങ്കിൽ ഞാൻ വിവാഹമേ കഴിക്കില്ല… അതിനു അച്ഛനും ഏട്ടനും എന്നെ നിർബന്ധിക്കുകയും അരുത്…”

അവളുടെ ഉറച്ച വാക്കുകൾക്ക് മുന്നിൽ പതറിപ്പോയ ആ അച്ഛനും സഹോദരനും ഒന്നേ തന്നോട് ആവശ്യപ്പെട്ടുള്ളു…

“നിനക്ക് ഇനിയും ഒരു സ്ഥിര വരുമാനം ഇല്ല… ഗൾഫിൽ പോകാൻ നടക്കുവാണെന്നു അറിഞ്ഞു…. പോയി വാ എന്നിട്ട് വിവാഹം നടത്തി തരാം…”

ഗൾഫിലേക്ക്പോകാനുള്ള ഏറ്റവും വലിയ കാരണവും വിവാഹം ആയിരുന്നു…പോയി നാലഞ്ച് മാസത്തേക്ക് അവളെ വിളിച്ചാൽ കിട്ടുമായിരുന്നു… കിട്ടാതായപ്പോൾ അവളുടെ ഒരു കൂട്ടുകാരി മുഖേന തിരക്കിയപ്പോൾ അറിഞ്ഞു അവളുടെ വീട്ടിലെ ഫോൺ കേടായി എന്ന്…

കുറച്ചു മാസങ്ങൾ കഴിഞ്ഞാൽ താൻ വന്നിട്ട് ഒരു വർഷം ആകും… അപ്പോൾ നാട്ടിൽ പോയി കല്യാണം നടത്താമല്ലോ എന്ന ആഗ്രഹത്താൽ ഓരോ മാസവും ഓരോന്ന് ഓരോന്ന് വാങ്ങിക്കൂട്ടി…

തന്റെ പ്രിയപ്പെട്ടവളേ അണിയിക്കാൻ അഞ്ച് പവന്റെ താലിമാലയുമായി നാട്ടിൽ എത്തിയ അവൻ കേട്ട വാർത്ത അവനേ തളർത്തി കളയുന്നത് ആയിരുന്നു….

“ഈയടുത്തു ഇവിടെ വില്ലേജ് ഓഫീസിൽ ജീവനക്കാരൻ ആയി എത്തിയ ആളെക്കൊണ്ട് ശാരികയുടെ കല്യാണം കഴിഞ്ഞു…”

കൂട്ടുകാരന്റെ വായിൽ നിന്നും അതുകേട്ട അവൻ അത് വിശ്വസിച്ചില്ല…”ഇല്ലെടാ എന്റെ ശാരിക ഒരു കല്യാണത്തിന് സമ്മതിക്കില്ല… അവളെ വീട്ടുകാർ മനഃപൂർവം കുടുക്കിയതാണ്…”

പിന്നെയുള്ള ദിവസങ്ങൾ അവളെ എങ്ങനെയും കാണുക അതായിരുന്നു അവന്റെ മനസ്സിൽ….

അവൻ രണ്ടും കൽപ്പിച്ച് ഒരു ദിവസം അവളുടെ വീട്ടിൽ എത്തി…. മുറ്റത്തേക്ക് കടന്നു ചെന്ന വിശ്വനെ കണ്ട ശാരികയുടെ അച്ഛൻ ഉമ്മറത്തെ ചാരു കസേരയിൽ നിന്നും മെല്ലെ എഴുന്നേറ്റു…

“ആ വിശ്വനോ… താൻ എപ്പോ വന്നു ഗൾഫിന്നു….”ആ അച്ഛന്റെ ശാന്തമായ ചോദ്യം കേട്ട അവന് ദേഷ്യമാണ് തോന്നിയത്…

“എല്ലാരും കൂടി എന്നെ പറഞ്ഞ് പറ്റിച്ചു അല്ലെ… ന്നിട്ട് എന്റെ പെണ്ണിനെ ഏതോ ഒരുത്തന്റെ തലയിൽ കെട്ടി വെച്ചു…”

“താൻ കയറിയിരിക്കു.. കാര്യങ്ങൾ ഞാൻ പറയാം..””എനിക്ക് ഒന്നും കേൾക്കേണ്ട… നിങ്ങളെ എനിക്ക് വിശ്വാസമില്ല… എനിക്ക് അവളെ കണ്ടാൽ മതി… ഞാൻ പോയി കണ്ടോളാം…”

“മോനെ… നീ അവളെ കാണാൻ പോവരുത്…””നിങ്ങൾ ഒന്നും പറയേണ്ട എനിക്ക് അവളെ കാണണം…”വിശ്വൻ ദേഷ്യത്തോടെ പിന്തിരിഞ്ഞു…

അവൻ നേരെ പോയത് ശാരിക താമസിക്കുന്ന വാടക വീടിനു അടുത്തേക്കാണ്…

ഗേറ്റ് തുറക്കുന്ന ശബ്‍ദം കേട്ടപ്പോൾ ആരോ ജനൽ കർട്ടൻ മാറ്റി നോക്കുന്നത് ശ്രദ്ധയിൽ പെട്ടു…

വിശ്വൻ ആ കൊച്ചു വീടിന്റെ ഇറയത്തേക്ക് കയറി… അകത്തുന്നു
ആരുടെയോ ശബ്ദം കേൾക്കാം…

“ഡോർ തുറക്കേണ്ട ചന്ദ്രേട്ടാ.. ഞാൻ അറിയും കക്ഷിയെ… എന്റെ നാട്ടിൽ പെൺകുട്ടികളെ മുഴുവൻ വായിൽ നോക്കി നടന്ന കക്ഷി ആണ്… എന്തേലും ഓഫീസ് കാര്യത്തിന് ആവും.. വേണെങ്കിൽ ഓഫീസിൽ വന്നു കാണട്ടെ….”

വിശ്വൻ ആ ശബ്ദം ശാരികയുടെ ആണെന്ന് തിരിച്ചറിഞ്ഞു…അപ്പോൾ അവളും മാറിയിരിക്കുന്നു…

അവൻ മുറ്റത്തേക്ക് ഇറങ്ങി… പെട്ടന്ന് ശാരികയുടെ അച്ഛൻ താൻ ഇറങ്ങി നടന്നപ്പോൾ പറഞ്ഞ വാക്കുകൾ ചെവിയിലേക്ക് കടന്നു വന്നു…

“മോനെ തെറ്റ് ചെയ്തത് ഞങ്ങൾ അല്ല അവളാണ്… ഒരു ഗവണ്മെന്റ് ജോലിക്കാരനെ കണ്ടപ്പോൾ നിന്നെ മറന്നത് അവളാണ്… അവൾ അങ്ങനെയാണ്… ആർക്കും അവളെ തിരുത്താൻ ആയില്ല…”

അവൻ മനസ്സിൽ ഉച്ചരിച്ചു…”ബന്ധങ്ങൾക്ക് അല്ല ഈ ലോകത്തു വില പണത്തിനും പദവിക്കും തന്നെയാണ്…”

 

Leave a Reply

Your email address will not be published. Required fields are marked *