(രചന: ജ്യോതി കൃഷ്ണകുമാർ)
“””ഇത്തവണ ഗ്രൂപ്പിൽ പ്രണയം ആണ് മത്സര വിഷയം… അറുന്നൂറ് വാക്കിൽ കുറയാതെ നിങ്ങളുടെ പ്രണയ കഥ…. എഴുതണം…..മത്സരിക്കണേ””
ഇൻബോക്സിൽ വന്ന മെസ്സേജിലേക്ക് അവൾ ഒന്നു കൂടി നോക്കി… എന്റെ പ്രണയം…”””
എന്നോ മനസിന്റെ ഉള്ളിൽ താഴിട്ട് പൂട്ടിയതാണ് ആ ഓർമ്മകൾ….വയ്യ.. എന്റെ പ്രണയം.. വയ്യ അതെഴുതാൻ..ഫിക്ഷണൽ സ്റ്റോറി എഴുതാം..
ആ ഗ്രൂപ്പിൽ തന്റെ എഴുതുകൾക്ക് നല്ല സപ്പോർട്ട് തരുന്നവരാണ് എഴുതാൻ പറയുമ്പോ അങ്ങനെ തള്ളിക്കളയാനും ആവില്ല..
അങ്ങനെ ആയിരുന്നു തീരുമാനം.. പക്ഷെ ഓർമ്മകൾ അപ്പോഴേക്ക് ചങ്ങല പൊട്ടിച്ചു പുറത്തേക്ക് ചാടിയിരുന്നു.. അതല്ലേലും അങ്ങനാണ്…
ഉള്ളിൽ ഒതുക്കി നിർത്താൻ ഞാനും പുറത്തേക്ക് ചാടാൻ വെമ്പി അവയും.. ഞങ്ങൾ തമ്മിലുള്ള യുദ്ധം ആയിരുന്നു ഇത് വരെ..
മനസ്സിൽ ഏതോ കുഴിമാടത്തിൽ ഓർമകളെ സംസ്കരിക്കാൻ ഞാനും.. എന്നെ കബളിപ്പിച്ചു പുറത്തു ചാടാൻ വെമ്പി അവയും…
വീണ്ടും ഫോണിൽ മെസ്സേജ് വന്നത് കേട്ടിട്ടാണ് നോക്കിയത്…. അതാ ആ ഗ്രൂപ്പ് പിന്നെയും വിളിച്ചിരിക്കുന്നു…
യഥാർത്ഥ പ്രണയം എഴുതാൻ… ഷെയർ ചെയ്യാൻ മടിയില്ലാത്തവർ ഷെയർ ചെയ്യാൻ…അപ്പോഴാണ് ഞാനും ചിന്തിച്ചത് ഒരു തവണ എന്റെ കഥ തന്നെ ആയിക്കോട്ടെ…
മെല്ലെ ഓർമ്മകളുടെ ബാക്കി പത്രങ്ങൾ സൂക്ഷിച്ചുവെക്കുന്ന ആ തകരപ്പെട്ടി എടുത്തു… അതിൽ പ്രാണൻ പോലെ സൂക്ഷിച്ചു വച്ചിരിക്കുന്ന ഒരു ചെപ്പും…
ഉണങ്ങിക്കരിഞ്ഞ മൂന്നാല് ചെമ്പകപൂക്കൾ.. ഗന്ധമോ നിറമോ ഒന്നുമില്ലാത്ത കരിഞ്ഞ ചെമ്പകപൂക്കൾ…
എനിക്ക് മാത്രം അവയുടെ സൗരഭം ഇപ്പോഴും നുകരാം… എനിക്കുമാത്രം അവയുടെ നിറം ആസ്വദിക്കാം… കാരണം എന്റെ മനസ്സിലെ എന്റെ പ്രണയത്തിന്റെ ഓർമ്മകൾ പോലെ ഇവയ്ക്കും നിറഞ്ഞ യൗവ്വനം ആണ്..
മെല്ലെ ആ ചെമ്പക പൂക്കൾ ചൂടിയ കറുത്ത നീണ്ട മുടിയിഴകൾ മനസ്സിലേക്ക് ഓടി വന്നു…ഒപ്പം കൊലുന്നനെയുള്ള ആ സുന്ദരി പെണ്ണും…സൗഭാഗ്യ…”””‘
അമ്മാവന്റെ മകൾ…എന്നാണ് അവൾ മനസ്സിൽ കയറിക്കൂടിയത് എന്ന് അറിയില്ല… പക്ഷേ ഇഷ്ടമായിരുന്നു പ്രാണനേക്കാൾ…
തുറന്നുപറയാനും ഭയമായിരുന്നു..അമ്മാവൻ, അയാളുടെ ചിലവിൽ അയാളുടെ വീട്ടിൽ താമസിച്ചു മകളെ ഇഷ്ടമാണെന്ന് പറഞ്ഞാൽ ഒരുപക്ഷേ അവിടത്തെ താമസം പോലും നിഷേധിക്കപ്പെടും എന്ന ഭയം…
ഞാനും അമ്മയും അവിടെ അവരുടെ ചിലവിന് താമസിക്കുകയായിരുന്നു അപ്പോൾ.. അമ്മാവനെ ഭയപ്പെട്ട് ജീവിക്കണമെന്ന് മാത്രമായിരുന്നു അമ്മ പറഞ്ഞു തന്നിട്ടുള്ളത്..
അമ്മാവന്റെ മകളെ എനിക്ക് വിവാഹം കഴിക്കാൻ ഇഷ്ടം ആണെന്ന് അറിഞ്ഞാൽ അമ്മയ്ക്ക് ഉള്ളിൽ ഉണ്ടാവുന്ന ഭാരതത്തെ ഓർത്ത് അമ്മയോട് പോലും ഞാൻ അത് തുറന്നു പറഞ്ഞിരുന്നില്ല..
പക്ഷേ അവൾ അവൾ എന്നെ മനസ്സിലാക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു..
അമ്മാവൻ വലിയ കെയറിങ് ഒന്നും ഞങ്ങൾക്ക് തന്നിരുന്നില്ല.. എന്നെ അത്ര ബോധ്യം അല്ലായിരുന്നു താനും…
എങ്കിലും പഠിക്കാൻ മിടുക്കനായിരുന്നു അതുകൊണ്ടുതന്നെ അതിൽ വിശ്വാസമുണ്ടായിരുന്നു…. ഏതെങ്കിലുമൊരു സ്ഥാനത്ത് എത്തിച്ചേരുമെന്ന് വിശ്വാസം….
അന്ന് അവളെ പെണ്ണ് ചോദിക്കാം എന്ന വിശ്വാസം..അതുകൊണ്ടാണ് തുറന്നു പറയാതിരുന്നത് എങ്കിലും സൗഭാഗ്യ…എന്റെ ഭാഗ്യ കുട്ടി മനസ്സിൽ അങ്ങനെ നിറഞ്ഞുനിന്നു..
ഓരോ വാരികകൾക്ക് അയച്ചു കൊടുക്കുന്ന കവിതകൾ പ്രസിദ്ധികരിക്കുമ്പോഴും അവളാണ് അത്ഭുതം കൂറുന്ന മിഴികളോടെ എന്നോട് കാര്യം പറഞ്ഞിരുന്നത്…
എന്റെ കവിതകൾ അച്ചടിച്ചു വരുന്നതിൽ എന്നെക്കാൾ സന്തോഷം അവളുടെ മുഖത്ത് ആയിരുന്നു…
അത് കാണെ എന്റെ മനസ്സും നിറഞ്ഞു വന്നിരുന്നു…പഠിക്കാൻ വളരെ മോശമായിരുന്നു ഭാഗ്യ കുട്ടി..
“”” എന്റെ തലയിൽ ഒന്നു കേറില്ല വിഷ്ണു ഏട്ടാ “”” എന്ന് അവൾ സങ്കടത്തോടെ പറയുമ്പോൾ പാവം തോന്നുമായിരുന്നു..
“”” സാരമില്ല ഇനി നന്നായി പഠിച്ചാൽ മതി.. പോരാത്തതിന് നീ നന്നായി നൃത്തം ചെയ്യുന്നുണ്ടല്ലോ “” എന്ന് പറഞ്ഞ് അവളെ ആശ്വസിപ്പിക്കുമായിരുന്നു…
“” അതിന് ഞാൻ നൃത്തം ചെയ്യുന്നത് അച്ഛനെ ഇഷ്ടം ഇല്ലല്ലോ “”എന്ന് അവൾ സങ്കടത്തോടെ പറയും… അത് സത്യമായിരുന്നു അവൾക്കത് ചെയ്യാൻ ഒരു പ്രത്യേക കഴിവായിരുന്നു ….
പക്ഷേ അമ്മാവന് അത് ഒട്ടും ഇഷ്ടമല്ലാത്തത് കൊണ്ട് അവളെ അരങ്ങേറ്റം വരെ പഠിപ്പിച്ച് നിർത്തിയിരുന്നു….ഇനി മതി എന്ന് പറഞ്ഞ്…
“” വിഷ്ണു ഏട്ടന് ചെമ്പകപ്പൂ വേണ്ടേ???””” എന്ന് പറഞ്ഞ് മുടിയിൽ ഒളിപ്പിച്ച ചെമ്പകപൂ എനിക്കായി അവൾ നീട്ടുമായിരുന്നു…
ഇത് മരത്തിന്റെ മോളിൽ നിന്ന് നേരിട്ട് പൊട്ടിച്ചാൽ പോരെ ഇത്ര ഇഷ്ടമാണെങ്കിൽ???? “””എന്ന അവളുടെ വിടർന്ന കണ്ണുകൾ നീട്ടി ചോദിക്കുമ്പോൾ..
“” നിന്റെ കാച്ചെണ്ണ യുള്ള മുടിയിൽ നിന്നും കിട്ടുന്ന അത്രയും സുഗന്ധം മരത്തിലുള്ള ചെമ്പകപ്പൂവിനു ഇല്ല “”
എന്ന് കുസൃതിയോടെ പറയുമായിരുന്നു…
അത് കേട്ട് പെണ്ണിന്റെ മുഖം ചുവന്നു തുടുക്കുമായായിരുന്നു നാണത്തോടെ അവൾ ഓടി പോകുമായിരുന്നു….
ആയിടക്കാണ് എനിക്ക് പിജി അഡ്മിഷൻ തമിഴ്നാട്ടിൽ കിട്ടുന്നത്…
അവൾ അന്ന് പത്താം ക്ലാസ്സിൽ ആയിരുന്നു പഠിച്ചിരുന്നത്..
ഞാൻ പോയതും അവളുടെ പബ്ലിക് എക്സാം നടന്നിരുന്നു… ഒട്ടും മാർക്ക് ഇല്ലാതെ അവൾ തോറ്റു എന്ന വിവരമാണ് പിന്നെ അറിഞ്ഞത് അതിൽ അവൾ വല്ലാതെ വിഷമിച്ചിരുന്നു….
ഇത് അമ്മാവനെ ചൊടിപ്പിച്ചു അമ്മാവൻ ഇനി പഠിക്കേണ്ട എന്നും വീട്ടിൽ ഇരുന്നോളാനും അവളോട് കല്പിച്ചു…
പിന്നെ ആ വീട്ടിലെ പണികളുമായി അവൾ അവിടെ അങ്ങ് കൂടി… ഇടയ്ക്ക് ഞാൻ പോയി കാണുമ്പോൾ മാത്രം ആ മുഖത്ത് സന്തോഷം ഉണ്ടായി…
രണ്ട് വർഷം കടന്നുപോയി…
ഒരു ജോലിയില്ലാതെ അമ്മാവനോട് അവളുടെ കാര്യം സംസാരിക്കാൻ എനിക്ക് ഭയമായിരുന്നു….
ഒരിക്കൽ എന്റെ എക്സാം സമയത്ത് അവളുടെ കല്യാണം ഉറപ്പിച്ചതായി അറിഞ്ഞു… പെട്ടെന്ന് നിശ്ചയം നടത്തുകയാണ് എന്നും…
ഓടി എത്തിയപ്പോഴേക്കും അവരുടെ നിശ്ചയ ദിവസം ആയിരുന്നു….അന്നാണ് ആദ്യമായി കരഞ്ഞത്… നെഞ്ചു പൊട്ടി… എല്ലാം അറിഞ്ഞപ്പോൾ,അത് കണ്ട് അമ്മയ്ക്കും വിഷമം ആയി….
നിന്റെ ഇഷ്ടം ഇനി നിന്റെ നെഞ്ചിൽ മാത്രമേ പാടുള്ളൂ എന്ന് അമ്മ ദൈന്യതയോടെ പറഞ്ഞു അമ്മയുടെ നിസ്സഹായാവസ്ഥ അറിഞ്ഞ ഞാനും വാക്ക് കൊടുത്തിരുന്നു ഇനി ആരും ഇത് അറിയില്ല എന്ന്….
നിശ്ചയം കഴിഞ്ഞ് ഏറെ നാൾ ഉണ്ടായിരുന്നില്ല കല്യാണത്തിന് ഒരുമാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ….
അമ്മാവൻ എല്ലാ കാര്യങ്ങളും എന്നെയാണ് ഏൽപ്പിച്ചത്… നെഞ്ചു പൊടിഞ്ഞും അതെല്ലാം ചെയ്തു….
മനപ്പൂർവം അവളുടെ മുന്നിലേക്ക് പോവാതെ ഇരുന്നു….അവളും പിന്നെ എന്റെ മുന്നിലേക്ക് അങ്ങനെ വന്നില്ല.. പക്ഷേ കല്യാണത്തിന് തലേദിവസം അവൾ വന്നിരുന്നു…
“”” ഞാൻ വിചാരിച്ചത് വിഷ്ണു ചേട്ടന് എന്നോട്…. “””””എന്ന് എന്റെ മുഖത്ത് നോക്കി പറഞ്ഞപ്പോൾ, എന്റെ നിസ്സഹായാവസ്ഥ എന്നെ കളിയാക്കും പോലെ തോന്നി…
അവളോട് മറുപടിയൊന്നും പറയാതെ നിന്നു… ഒരു ഭീരുവിനെ പോലെ..ശരിക്കും അവളെ നഷ്ടപ്പെടാൻ കാരണം ഞാൻ തന്നെയായിരുന്നു എന്റെ ഉള്ളിലെ ഭീരുത്വം..
വിവാഹം കഴിഞ്ഞ് മറ്റൊരാളുടെ സ്വന്തമായി അവൾ പോകുന്നത് നിറ കണ്ണുകളോടെ നോക്കി നിന്നു…ഒടുവിൽ വണ്ടിയിൽ കയറാൻ നേരം അവൾ എന്നെ ഒന്ന് തിരിഞ്ഞു നോക്കി…
പിടച്ചിലോടെ ഉള്ള ആ മിഴികൾ ആയിരുന്നു പിന്നീടങ്ങോട്ട് എന്റെ ഉറക്കം കെടുത്തിയത്…
ഇന്നും മറ്റൊരു കൂട്ടിന് മനസ്സ് അംഗീകരിക്കാത്തത്….. എല്ലാം ആലോചിച്ചു തീർന്നപ്പോൾ മിഴികൾ പെയ്തിറങ്ങി…
വേണ്ട ഈ കഥ വേണ്ട… അന്നമ്മ പറഞ്ഞ പോലെ എന്റെ മനസ്സിൽ മാത്രം ഇരിക്കട്ടെ… പിന്നെ പേന എടുത്തത് സങ്കല്പിച്ചു കൂട്ടിയ ഒരു കഥ എഴുതാൻ ആയിരുന്നു…