അച്ഛൻ മരിച്ചു മൂന്ന് ദിവസം തികയുന്നതിന് മുൻപ് ഇങ്ങനെ കളിച്ചും ചിരിച്ചും കാര്യം പറയാൻ നിനക്ക് എങ്ങനെ സാധിക്കുന്നു ഹരി???””

അരികിലായ്
(രചന: Vaiga Lekshmi)

“”അച്ഛൻ മരിച്ചു മൂന്ന് ദിവസം തികയുന്നതിന് മുൻപ് ഇങ്ങനെ കളിച്ചും ചിരിച്ചും കാര്യം പറയാൻ നിനക്ക് എങ്ങനെ സാധിക്കുന്നു ഹരി???””

മുറ്റത്തു നിന്ന് കൂട്ടുകാരനോട് ഫോണിൽ സംസാരിച്ചിട്ട് അകത്തേക്ക് കയറിയ ഹരിയോട് ബന്ധുവായ വിഷ്ണു ചോദിച്ചതും അവൻ കാര്യം മനസിലാകാതെ നിന്നു…

ചുറ്റും മറ്റുള്ള ബന്ധുക്കൾ ഒരു പരിഹാസത്തോടെ അവനെ നോക്കുന്നുണ്ടാരുന്നു..””അതിന് ഞാൻ എന്ത്‌ ചെയ്തെന്നാണ് വിഷ്ണു ചേട്ടൻ പറയുന്നത്???””

“”നീ പ്രത്യേകിച്ച് ഒന്നും ചെയ്തില്ല.. എന്തായാലും കൊള്ളാം.. അച്ഛന്റെ കുഴി മൂടുന്നതിന് മുൻപ് തന്നെ….””

ബാക്കി പറഞ്ഞു തീരുന്നതിന് മുൻപ് തന്നെ വീടിന്റെ മുന്നിൽ ഒരു ബുള്ളറ്റ് വന്നു നിന്നതും എല്ലാവരുടെയും ശ്രദ്ധ അതിലേക്കായി…

അതിൽ നിന്ന് ഇറങ്ങി വന്ന ആളെ കണ്ടതും ഹരിക്ക് എന്തെന്നില്ലാത്ത ആശ്വാസം തോന്നി…””എന്താ ഹരികുട്ടാ??? ഇവിടെ എന്താണ് ഒരു സമ്മേളനം??? അമ്മ എവിടെ???””

“”നിന്റെ അനിയന് സ്വന്തം അച്ഛൻ മരിച്ചതിന്റെ ഒരു വിഷമവും ഇല്ലെല്ലോ ദേവാ…ഞങ്ങൾ അത് അവനോട് ചോദിച്ചതാണ്….””

“”എനിക്ക് അറിയില്ല ദേവ്വേട്ടാ… ഞാൻ ഒന്നും ചെയ്തില്ല..കൂട്ടുകാരനെ വിളിച്ചു സംസാരിച്ചിട്ട് അകത്തേക്ക് കയറിയതും എന്നെ വിചാരണ തുടങ്ങി…””

“”നീ പറയാതെ തന്നെ എനിക്ക് അറിയാമെല്ലോ മോനെ… നീ ഒന്ന് ചിരിച്ചു സംസാരിച്ചു കാണും.. അതിനാണ് ഇവർ ഇങ്ങനെ… എന്തായാലും വിഷ്ണു ചേട്ടാ.. എനിക്ക് ഒന്നേ പറയാൻ ഉള്ളു… പോയത് ഞങ്ങളുടെ അച്ഛനാണ്..

നഷ്ടം എനിക്കും അനിയനും അമ്മയ്ക്കും മാത്രമാണ്… നികത്താനാകാത്ത നഷ്ടം…ദിവസങ്ങൾ ഹോസ്പിറ്റലിൽ ഇരുന്ന് എന്റെ കുഞ്ഞു ക്ഷീണിച്ചിട്ടും, അവൻ അച്ഛന്റെ മരണം നടന്ന ശേഷം ഈ നിമിഷം വരെ നേരെ ഒന്ന് ആഹാരം കഴിക്കാതെ നടന്നിട്ടും നിങ്ങൾ ആരും അതൊന്നും ചോദിച്ചില്ലല്ലോ…

അമ്മയ്ക്ക് ഇപ്പോൾ വല്യമ്മയുടെയും മറ്റും പ്രെസെൻസ് ആവിശ്യം ഉള്ളത് കൊണ്ട് മാത്രം ഞാൻ ഒന്നും പറയുന്നില്ല…

ഹരി ചിരിക്കും, കരയും, ഒന്നും മിണ്ടാതെ ഇരിക്കും.. അതിൽ ഒന്നും നിങ്ങൾ ആരും വിഷമിക്കേണ്ട ഒരു കാര്യവുമില്ല… എന്റെ അനിയനും അമ്മയ്ക്കും ഞാനുണ്ട്…””

ഇത്ര മാത്രം പറഞ്ഞു അകത്തേക്ക് ഹരിയെയും കൂട്ടി കയറിയപ്പോൾ ബാക്കി ഉള്ളവർ ഇവൻ ഇനി എന്തെങ്കിലും കാണിക്കട്ടെ എന്ന് പറഞ്ഞു പിരിഞ്ഞു പോയി…

“”ഏട്ടൻ ഇത് എവിടെ പോയതാ??? ഞാൻ വിളിച്ചിട്ട് ഫോൺ എടുത്തില്ലല്ലോ…””അകത്തേക്ക് കയറിയ ഉടനെ ഹരി ചോദിച്ചതും ദേവൻ അതിന് വിളറിയ ചിരി സമ്മാനിച്ചു…

“”ഞാൻ ആര്യയെ കാണാൻ പോയതാണ്… അവൾ വിളിച്ചിരുന്നു…””””അതെന്തിനാ ഇപ്പോൾ ആര്യ ചേച്ചി വിളിച്ചത്??? എന്തെങ്കിലും അത്യാവശ്യം ആണോ??? അല്ലെങ്കിൽ ഇപ്പോൾ വിളിക്കേണ്ട കാര്യമില്ലല്ലോ…””

“”ഹ്മ്മ്… കുറച്ചു അത്യാവശ്യം തന്നെയാരുന്നു… ഇനി അവളെ കാണാൻ പോകേണ്ടി വരില്ല ടാ…””

“”ചേട്ടൻ ഇത് എന്തൊക്കെയാണ് പറയുന്നത്??? ഒന്ന് കാര്യം മനസിലാകുമന്നാ രീതിയിൽ പറ ദേവേട്ടാ…””

“”അവൾക്ക് ഇനി ഞാനുമായിട്ടുള്ള ബന്ധത്തിന് താല്പര്യം ഇല്ല പോലും… ഇനി അമ്മയെയും നിന്നെയും ഞാൻ നോക്കണം… അച്ഛന്റെ ബാധ്യതകൾ എല്ലാം മൂത്തമകൻ എന്ന രീതിയിൽ എന്റെ തലയിൽ അല്ലെ…

അങ്ങനെ ഉള്ള ഒരാളെ കല്യാണം കഴിക്കാൻ അവൾക്ക് താല്പര്യമില്ല… ഇനി ഈ ബന്ധം തുടരുന്നതിന് അർത്ഥമില്ല… ഞാൻ പോയി അനിയനെയും അമ്മയെയും ചേർത്ത് പിടിച്ചു കിടക്കാൻ…””

“”ചേച്ചിക്ക് ഇഷ്ടമല്ലെങ്കിൽ ഞാൻ അമ്മയെ കൊണ്ട് ഒരു വാടകവീട്ടിലേക്ക് മാറാം… ഏട്ടൻ….””

ബാക്കി പറയുന്നതിന് മുൻപ് ദേവൻ ഒന്ന് ദേഷ്യത്തിൽ നോക്കിയതും ഹരി സ്വിച്ച് ഇട്ടത് പോലെ നിന്നു….

“”എന്റെ അമ്മയെയും അനിയനെയും ചേർത്ത് പിടിക്കുന്ന ഒരാൾ മതി എന്റെ പെണ്ണായിട്ട്… അവളെ സ്നേഹിച്ചത് അങ്ങനെ ഉള്ള ഒരുവൾ ആണെന്ന് കരുതിയാണ്…

പക്ഷെ ഉള്ളിൽ ഇങ്ങനെ എല്ലാം ആരുന്നു ചിന്തയെന്ന് സ്വപ്നത്തിൽ പോലും ഞാൻ കരുതിയില്ല… പോയത് പോയി.. ഇനി അത് പറയേണ്ട…

വിഷമം ഇല്ല എന്ന് ഞാൻ പറയില്ല… അഞ്ചു കൊല്ലം സ്നേഹിച്ചതല്ലേ… പക്ഷെ ഇങ്ങനെയൊക്കെ ആണ് മോനെ ജീവിതം… ആഗ്രഹിച്ചത് തന്നെ നടക്കണമെന്ന് നമുക്ക് വാശി പിടിക്കാൻ പറ്റില്ല…

അതൊക്കെ പോട്ടെ… ഞാൻ ഇവിടെ വന്നപ്പോൾ എന്താരുന്നു പ്രശ്നം??? നീ ആരെ വിളിച്ചാണ് കാര്യമായിട്ട് സംസാരിച്ചത്????””

“”അത് ലെച്ചു വിളിച്ചതാരുന്നു ദേവേട്ടാ…””ലെച്ചു എന്ന് പറഞ്ഞതും അവന്റെ മുന്നിൽ കൂടി തന്നെ ദേവേട്ടാ എന്ന് വിളിച്ചു നടന്ന ഒരു പാവടക്കാരി പെണ്ണിനെ ഓർമ വന്നു..

ലെച്ചു എന്ന ലക്ഷ്മി…. മാമന്റെ മോൾ… ഒരിക്കൽ എല്ലാരും പറഞ്ഞിരുന്നു…. ദേവൻ ലെച്ചുവിന് ഉള്ളതാണെന്ന്… പിന്നീട് സ്കൂളിൽ പഠിച്ചപ്പോൾ ആര്യയെ കണ്ട് മുട്ടി… സൗഹൃദം പ്രണയമായി…

ആര്യയുടെ വാശിയിൽ ലെച്ചുവുമായുള്ള സൗഹൃദം ഉപേക്ഷിച്ചു… പിന്നീട് എവിടെ കണ്ടാലും ഒരു ചിരി മാത്രം… എങ്കിലും ഹരിയും ലെച്ചുവും ഒരു പ്രായം ആയത് കൊണ്ട് തന്നെ രണ്ടും കട്ട കമ്പനിയാണ്…

“”മ്മ്മ്… എന്തിനാ അവൾ ഇപ്പോൾ വിളിച്ചത്??? എന്തെങ്കിലും അത്യാവശ്യം ആണോ???””

“”ലെച്ചു എന്നെ വിളിക്കുന്നത് അത്യാവശ്യത്തിന് മാത്രമാണോ??? അവൾ എന്നെ ഒന്ന് ഹാപ്പി ആക്കാൻ വേണ്ടി വിളിച്ചതാണ്… കാര്യം പറഞ്ഞു പറഞ്ഞു അവസാനം എനിക്ക് ചിരി കണ്ട്രോൾ ചെയ്യാൻ പറ്റിയില്ല…

ഇന്ന് ഇങ്ങോട്ട് വരുമെന്ന് പറഞ്ഞു… കാൾ കട്ട്‌ ചെയ്തിട്ട് തിരിഞ്ഞു നോക്കോയപ്പോൾ വിഷ്ണു ചേട്ടൻ കലിപ്പിൽ… അതിന് വേണ്ടി എന്ത്‌ തെറ്റാണു ഞാൻ ചെയ്തതെന്ന് അറിയില്ല ദേവേട്ടാ…””

സങ്കടത്തോടെ ഹരി പറഞ്ഞതും ദേവൻ അവനെ ചേർത്ത് പിടിച്ചു…””എനിക്ക് മനസിലാകും നിന്റെ അവസ്ഥ…. നമ്മളെ കുറ്റം പറയാൻ കുറെ പേര് കാണും.. അതൊന്നും മൈൻഡ് ചെയ്യരുത്… നിനക്ക് ഞാൻ ഉണ്ട്.. എന്റെ കാലശേഷം മാത്രം ബാക്കി ഉള്ളവരുടെ വാക്ക് നീ അനുസരിച്ചാൽ മതി… ഈ സമയവും കടന്നു പോകും…””

അത്ര മാത്രം പറഞ്ഞു ദേവൻ അടുത്ത റൂമിൽ കിടന്ന അമ്മയെ നോക്കാൻ വേണ്ടി പോയപ്പോൾ ഹരി ഓർത്തത് അൽപനേരം മുൻപ് ലെച്ചു ഫോണിൽ കൂടി പറഞ്ഞ വാക്കുകൾ ആണ്…

“”നിന്നെ നോക്കാൻ നിന്റെ ഏട്ടനുണ്ട്… ഏട്ടന്റെ വാക്കുകൾ അല്ലാതെ മറ്റാരെയും നീ അനുസരിക്കേണ്ട കാര്യമില്ല.. എനിക്ക് ഉറപ്പാണ്…

ആ മനുഷ്യന്റെ മരണം വരെ നിങ്ങളെ പൊന്ന് പോലെ നോക്കും… അത്രയ്ക്ക് ജീവനാണ് ദേവേട്ടന് നീ… വെറുതെ പോലും ആ മനസ് വിഷമിപ്പിക്കരുത്…””

വൈകിട്ട് ലെച്ചു വന്നതും അത് വരെ ഉറങ്ങി കിടന്ന വീട് ഒന്ന് ഉണർന്നത് പോലെ തോന്നി ദേവനു… ഇടയ്ക്ക് തന്റെ നേരെ അറിയാതെ നോക്കുന്നതല്ലാതെ അവൾ വാല് പോലെ ഹരിയുടെ പുറകിൽ തന്നെ ആരുന്നു..

ഉച്ചയ്ക്ക് ഒന്നും കഴിച്ചില്ല എന്ന് പറഞ്ഞതിന് അവന് ഫുഡ്‌ വാരി കൊടുത്തും, അമ്മയെ നിർബന്ധിച്ചു ചായ കുടിപ്പിച്ചും മറ്റും ഒരു മകളെ പോലെ തന്നെ…

“”ദേവേട്ടൻ ഞാൻ ചായ തന്നാൽ കുടിക്കുമോ???””മടിച്ചു മടിച്ചു തന്റെ അടുത്ത് വന്നു ചോദിച്ചവളെ കണ്ട് അവന് പാവം തോന്നി… ആത്മാർത്ഥമായി സ്നേഹിച്ചവൾ ഒരു മോശം കാലം വന്നപ്പോൾ ഒന്നും ആലോചിക്കാതെ ഇട്ടിട്ട് പോയി..

അവിടെ മറ്റൊരുവൾ ഒന്നും പ്രതീക്ഷിക്കാതെ തന്റെ കുടുംബത്തെ ചേർത്ത് നിർത്തുന്നു…””മ്മ്.. മധുരം കുറച്ചു മതി….””

അത്ര മാത്രം പറഞ്ഞപ്പോൾ തന്നെ പ്രതീക്ഷിക്കാത്തത് എന്തോ കേട്ടത് പോലെ അവളുടെ മുഖം സന്തോഷം കൊണ്ട് വിടർന്നിരുന്നു…

പെട്ടെന്ന് തന്നെ ചായയും അതിന്റെ കൂടെ കഴിക്കാനും കൊണ്ട് വരുന്നവളെ ആദ്യമായി കാണുന്നത് പോലെ അവൻ നോക്കിയിരുന്നു….

“”നിനക്ക് ദേവേട്ടനെ ഇഷ്ടമാണോ ലെച്ചു???.. നീ എന്നോട് കള്ളം പറയരുത്…””

രാത്രിയിൽ ബാൽക്കണിയിൽ ഇരുന്ന് കാര്യം പറയുമ്പോഴാരുന്നു പെട്ടെന്ന് ഹരിയുടെ ചോദ്യം..””ദേവേട്ടനെ ആർക്കാണെടാ ഇഷ്ടമല്ലാത്തത്… എനിക്കും ഇഷ്ടമാണ്…””

“”ആ ഇഷ്ടമല്ല ഞാൻ ചോദിച്ചത്… പ്രണയമാണോ???? നിന്റെ കണ്ണിൽ ഞാൻ പലപ്പോഴും കണ്ടിട്ടുള്ള കാര്യം.. ദേവേട്ടനെ കാണുമ്പോൾ മാത്രം ഉള്ള നിന്റെ ചിരി…

പലപ്പോഴും എന്നെ വിളിക്കുമ്പോഴും നിനക്ക് അറിയേണ്ടത് ഏട്ടന്റെ കാര്യങ്ങൾ മാത്രം… പിന്നെ ഒരിക്കലും എന്നോട് നീ കാണിക്കുന്ന സ്വാതന്ത്ര്യം ഏട്ടന്റെ അടുത്ത് കാണിച്ചിട്ടില്ല….

നിനക്ക് എന്നോട് പറയാൻ പറ്റിയ കാര്യം ആണെങ്കിൽ പറയാം… ഞാൻ നിർബന്ധിക്കില്ല… അല്ലെങ്കിലും ഇതൊന്നും നിർബന്ധിച്ചു പറയേണ്ട കാര്യങ്ങൾ അല്ലല്ലോ…””

“”നീ അറിയാത്തതായി എനിക്ക് ഒന്നും ഇല്ലെല്ലോ ഹരി… ഇതും ഞാൻ നിന്നോട് പറയാതെ ഇരിക്കില്ലാരുന്നു… ദേവേട്ടന് ആര്യ ചേച്ചിയെ ഇഷ്ടമാണെന്ന് എന്നോട് പറഞ്ഞ ആ നിമിഷം ഞാൻ എന്റെ ഇഷ്ടത്തെ ആരും അറിയാതെ മാറ്റി വെച്ചു…

അല്ലെങ്കിൽ തന്നെ ദേവേട്ടൻ അങ്ങനെ എന്നോട് നന്നായി സംസാരിക്കാറില്ലല്ലോ… പിന്നെ ദേവേട്ടനെ ഇഷ്ടമാണ്.. അന്നും, ഇന്നും, എന്നും….മാധവികുട്ടി പറഞ്ഞത് നീ കേട്ടിട്ടില്ലേ…

“”സ്വന്തമാക്കണമെന്ന്
ആഗ്രഹിക്കുന്നവയെ
സ്വാതന്ത്രമായി വിടുക… തിരിച്ചു വന്നാൽ അത് നിങ്ങളുടേതാണ്… അല്ലെങ്കിൽ അത് മറ്റാരുടെയോ ആണ്…””

അത് പോലെ എനിക്ക് വിധിച്ചിട്ടുണ്ടെങ്കിൽ ദേവേട്ടനെ കിട്ടും.. ഇല്ലെങ്കിൽ ഭാഗ്യമില്ല എന്ന് കരുതും ഞാൻ..””

“”ഞാൻ പറഞ്ഞില്ലേ നിന്നോട് ആര്യ ചേച്ചിയുടെ കാര്യം… അപ്പോൾ നമുക്ക് പ്രതീക്ഷിക്കാം അല്ലെ…””

“”വെറുതെ ആവിശ്യം ഇല്ലാത്തത് സംസാരിക്കരുത് ഹരി.. ഈ സമയം നിന്റെ ഏട്ടൻ എത്ര മാത്രം വിഷമിക്കുന്നു എന്ന് നിനക്ക് ഊഹിക്കാൻ പോലും കഴിയില്ല… തന്റെ പെണ്ണ് കൂടെ വേണമെന്ന് ഏതൊരാണും ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന നിമിഷമാണ് ഇത്…

പക്ഷെ ആ സമയം ഏട്ടൻ കേൾക്കേണ്ടി വന്നത് ഇനി നമ്മൾ തമ്മിൽ ഒരു ബന്ധവുമില്ല എന്ന വാക്കും… എത്രത്തോളം ആ മനുഷ്യൻ തകർന്നു കാണും???? ഉള്ളിൽ എന്ത്‌ വേദന അനുഭവിച്ചായിരിക്കും പുറമെ ചിരിക്കുന്നത്????

നിനക്ക് വേണ്ടിയാണ്… അപ്പച്ചിയ്ക്ക് വേണ്ടിയാണ്… ആ മനുഷ്യൻ എല്ലാം വേണ്ടെന്ന് വെച്ചത്.. തള്ള കോഴി കുഞ്ഞിനെ പൊതിഞ്ഞു പിടിക്കുന്നത് പോലെ ഇങ്ങനെ ബന്ധുക്കളുടെ മുന്നിൽ നിന്നെയൊക്കെ പൊതിഞ്ഞു പിടിച്ചേക്കുന്നത്…

എന്തിന്റെ പേരിൽ ആണെങ്കിലും, ഒരു കാലത്തും ആ മനുഷ്യനെ വേദനിപ്പിക്കരുത് നീ… കൂടെ കാണണം…

ഇന്ന് നീ വേണ്ടത് എന്റെ കൂടെയല്ല… ദേവേട്ടന്റെ കൂടെയാണ്… ഞാൻ ഇവിടെ ഒറ്റയ്ക്ക് കിടക്കാം.. കുഴപ്പമില്ല…””

“”നിന്റെ വാല് വന്നിട്ട് ഇന്ന് എന്തെ എന്റെ കൂടെ??? സാധാരണ രണ്ടും കാര്യം പറഞ്ഞു അവിടെ തന്നെ കിടന്ന് ഉറങ്ങുകയല്ലേ പതിവ്???””

റൂമിലേക്ക് കയറി വന്ന ഉടനെ ദേവൻ ചോദിച്ചതും ഹരി അവനെ ചിരിച്ചു കാണിച്ചു…

“”ഇന്ന് ലെച്ചു മോൾ ഫുൾ ഉപദേശം മോഡ് ആയിരുന്നു… ഏട്ടനെ വിഷമിപ്പിക്കരുത്, അനുസരിക്കണം, കൂടെ നിൽക്കണം, ഇനി ഏട്ടന് അച്ഛന്റെ സ്ഥാനമാണ്…

അങ്ങനെ ഒരായിരം ഉപദേശം… ഇപ്പോൾ എന്റെ ഏട്ടൻ ഫ്രീ ആണ്, നിനക്ക് ഒന്ന് ശ്രമിച്ചു കൂടെ എന്ന് പറഞ്ഞപ്പോൾ അതിനും ഉപദേശം…

നിന്റെ ഏട്ടന്റെ മനസ് പാറയല്ല പോലും… കുറച്ചു സമയം ആ പാവത്തിന് കൊടുക്കാൻ… അവൾക്ക് മാത്രം എങ്ങനെയാണോ ഈ ചേട്ടൻ പാവമാകുന്നത് എന്ന് മാത്രം എനിക്ക് മനസിലാകുന്നില്ല…

ഒറ്റയ്ക്ക് കിടക്കാൻ പേടിയുള്ള അവൾ ഇന്ന് ഒറ്റയ്ക്ക് കിടക്കാം എന്നും പറഞ്ഞു…ഇനിയും വേണോ ഏട്ടാ??? ആ പാവത്തിന്റെ മനസ് ഇങ്ങനെ കാണാത്തത് പോലെ നടക്കുന്നത്??? എന്റെ ഏട്ടന് കിട്ടാവുന്നതിൽ വെച്ചു ഏറ്റവും ബെസ്റ്റ് ആണ് അവൾ…””

“”അറിയാം… അവൾക്ക് ഞാൻ എത്ര പ്രിയപ്പെട്ടതാണെന്ന് .. എന്നിട്ടും പലതും കാണാത്തത് പോലെ നടന്നു.. ആര്യക്ക് വേണ്ടി…

കൂടെ പഠിച്ചവളെ സ്നേഹിച്ചപ്പോൾ അറിഞ്ഞില്ല കൂടെ കളിച്ചു വളർന്നവളുടെ മനസ്സിൽ അതിലും വലിയ സ്ഥാനത്തു ഞാൻ ഉണ്ടെന്ന്… അറിഞ്ഞപ്പോൾ ഒരുപാട് വൈകി പോയി..

ഇനിയും നിന്റെ ഏട്ടന് അവളെ കാണാത്തത് പോലെ നടന്നെ പറ്റു.. അത് പക്ഷെ നിനക്ക് വേണ്ടിയാണ്.. അച്ഛൻ പൂർത്തിയാക്കാതെ പോയ കുറെ കാര്യങ്ങൾ ഉണ്ട്…

അതെല്ലാം തീർന്നു സ്വസ്ഥം ആകുമ്പോൾ… അപ്പോഴും അവൾ എന്നെ കാത്തിരിക്കുന്നുണ്ടെകിൽ… നിന്റെ ഏട്ടത്തിയമ്മയായിട്ട് കൊണ്ട് വരാം… അത് പോരെ????””

“”മതി.. ധാരാളം.. എന്റെ ലെച്ചു എവിടെയും പോകില്ല അപ്പോൾ.. എനിക്ക് എന്നും കാണാമെല്ലോ.. ഞങ്ങൾ പൊളിക്കും….””

നാല് വർഷങ്ങൾക്ക് ശേഷം…””ദേ അപ്പുസേ.. നിന്റെ അച്ഛന്റെ സ്വഭാവം കാണിച്ചാൽ എന്റെ കൈയിൽ നിന്ന് നല്ലത് വാങ്ങും ട്ടോ.. അഹങ്കാരം ആവിശ്യത്തിന് വേണം…””

ലെച്ചു കലിപ്പിലായതും അപ്പൂസ് അവളെ ചിരിച്ചു കാണിച്ചു…””ആഹാ.. എന്തെങ്കിലും പറയുമ്പോൾ ഇത് പോലെ ചിരിക്കണം.. നിന്റെ അച്ഛനും ഉണ്ട് ഈ സ്വഭാവം..””

“”എന്താടി ഇത്??? കുഞ്ഞിചെക്കൻ എന്ത്‌ ചെയ്താലും പാവം അവന്റെ അച്ഛനെ ഇങ്ങനെ പറയുന്നത്??? അവന്റെ അച്ഛൻ ഇത്രയ്ക്കും ഭീകരനാണോ???””

റൂമിന്റെ അകത്തേക്കു കയറി വന്ന ദേവൻ കാണുന്നത് അലമാരിയിൽ വെക്കാൻ വേണ്ടി അടുക്കി വെച്ചിരുന്ന തുണിയെല്ലാം റൂമിൽ ചിതറി കിടക്കുന്നതാണ്…

കാര്യം മനസിലായതും അവൻ കട്ടിലിൽ നിഷ്കു ഭാവത്തിൽ ഇരിക്കുന്ന ഒരു വയസുള്ള അപ്പൂസ് എന്ന ധ്രുവിനെയും അവനെ നോക്കി പേടിപ്പിക്കുന്ന ലെച്ചുവിനെയും നോക്കി…

“”അവൻ തുണി വലിച്ചിട്ടത്തിന് നീ എന്തിനാ എന്നെ പറയുന്നത്?? അതിന് ഞാൻ എന്ത്‌ ചെയ്തു???””

“”നിങ്ങൾ ഒന്നും ചെയ്തില്ലേ മനുഷ്യാ??? ഞാൻ തുണിയെല്ലാം അടുക്കി വെക്കുമ്പോൾ നിങ്ങൾ വന്നു സ്ഥിരം റൊമാൻസ് കളിച്ചു അതെല്ലാം കളയത്തില്ലേ.. എന്നിട്ട് ഒന്നും ചെയ്തില്ല പോലും.. അച്ഛൻ കാണിക്കുന്ന പരുപാടിയെല്ലാം മോന്റെ കൈയിലും ഉണ്ട്…””

ഇനിയും ലെച്ചു ഭദ്രകാളി ആകും എന്ന് കണ്ടതും ദേവൻ അവളെ വലിച്ചു നെഞ്ചിലേക്ക് ചേർത്തു…

“”ഞാൻ ഒന്ന് വരാൻ താമസിച്ചതിന് എന്തിനാ പെണ്ണെ ഇങ്ങനെ ദേഷ്യം കാണിക്കുന്നത്?? അതും ഒന്നും അറിയാത്ത കുഞ്ഞിനോട്..

അവൻ തുണി മടക്കി വെച്ചത് എടുത്തു കളഞ്ഞെങ്കിൽ അത് ഒന്ന് കൂടി മടക്കിയാൽ പോരെ??? പ്രശ്നം തീർന്നു… ഇനി ഇങ്ങനെ താമസിച്ചു വരാതെ നോക്കാം.. ഇന്ന് സൈറ്റിൽ കുറച്ചു തിരക്കിലായി പോയി…

പിന്നെ ഹരി എവിടെയോ പോകണമെന്നും പറഞ്ഞിരുന്നു.. അത് കൊണ്ട് എല്ലാം ചെയ്തു തീർത്തപ്പോൾ സമയം പോയതറിഞ്ഞില്ല… ഇനി ആവർത്തിക്കില്ല.. സോറി മോളെ..””

“”താമസിച്ചാൽ ഒന്ന് ഫോൺ വിളിച്ചു പറയാമെല്ലോ.. ഇത് അങ്ങോട്ട് വിളിച്ചാൽ എടുക്കുകയുമില്ല… ഞാൻ ആകെ പേടിച്ചു… ഇനിയും ഇങ്ങനെ ചെയ്യല്ലേ ദേവേട്ടാ… പേടിയായിട്ടാ…””

“”സോറി.. സോറി.. സോറി.. ഇനി ആവർത്തിക്കില്ല… ഒരു ഫീലിങ്‌സും എക്സ്പ്രസ്സ്‌ ചെയ്യാതെ എങ്ങനെ ആണെടി നീ എന്നെ വർഷങ്ങൾ ഉള്ളിൽ ഇട്ടു നടന്നത്???””

“”എന്റെ ആണെങ്കിൽ എനിക്ക് തന്നെ കിട്ടും എന്നൊരു വിശ്വാസമുണ്ടാരുന്നു…ആ വിശ്വാസം ആണ് ഇന്ന് ഏട്ടന്റെ നെഞ്ചിൽ ചാരി ഞാനും നമ്മുടെ മോനും ഇങ്ങനെ നിൽക്കുന്നത്.. ഇതിൽ കൂടുതൽ ഒന്നും ഞാൻ ആഗ്രഹിച്ചിട്ടില്ല… ഇങ്ങനെ എന്നും എന്റെ കൂടെ ഉണ്ടായാൽ മതി..””

“”നീ എന്റെ പ്രാണൻ അല്ലെ പെണ്ണെ.. എന്റെ അമ്മയെ സ്വന്തം അമ്മയെ പോലെ കാണുന്ന, അനിയന് ഒരേ സമയം ഏട്ടത്തിയും, കൂട്ടുകാരിയും ആകുന്ന…,

എന്റെ കുഞ്ഞിന്റെ അമ്മ… എന്റെ എല്ലാമായവൾ… എന്റെ അരികിൽ എന്നും നീ ഉണ്ടായാൽ മാത്രം മതി…””

ഒരിക്കൽ തന്റെ അല്ല എന്ന് കരുതിയതിൽ നിന്ന് ഇന്ന് അവന്റെ പാതിയായി അവൾ.. ദേവന്റെ ലെച്ചു…

Leave a Reply

Your email address will not be published. Required fields are marked *