(രചന: ജ്യോതി കൃഷ്ണ കുമാർ)
അയാൾ വീണ്ടും വന്നിട്ടുണ്ട്… “”” സോന അത് പറഞ്ഞപ്പോൾ അസ്വസ്ഥതയോടെ അവളെ നോക്കി ഭദ്ര….
ഇത്തവണ കടുപ്പത്തിൽ തന്നെ രണ്ടു വർത്താനം പറയാൻ തീരുമാനിച്ചിരുന്നു അവിടെ നിന്നും എണീറ്റപ്പോൾ.. പക്ഷെ ചെന്ന് കണ്ടപ്പോൾ ഉള്ളിൽ കൂട്ടി വച്ചതൊന്നും പുറത്തേക്ക് വന്നില്ല..
അത്രമേൽ ക്ഷീണിതനായി… പരാജയപെട്ടു അയാളെ ഒരിക്കലും കണ്ടിട്ടില്ല… ഇനി എന്ത് പറയാനാണ്… അവൾ ഒന്നും മിണ്ടാതെ നിന്നു…
അയാൾക്ക് ഇനിയും എന്താണ് പറയാൻ ഉള്ളതെന്ന് ശ്രെദ്ധിച്ചുകൊണ്ട്…”””ഞാൻ… എന്നോട് ക്ഷമിച്ചൂടെ….””””
ക്ഷീണിച്ച ശബ്ദത്തിൽ അത്രയും പറയുമ്പോൾ അയാളുടെ സ്വരം വിറക്കുന്നത് പോലെ തോന്നി…
എന്നോ ഇയാളെ സ്നേഹിച്ചിരുന്ന മനസ്സിന്റെ ഒരു കോണിൽ ചെറിയൊരു നോവ് പടരുന്നത് അറിഞ്ഞു… എങ്കിലും കൈവിട്ട് പോകാതെ മനസ്സിനെ സജ്ജമാക്കി..
“””ഞാൻ തിരക്കിലാണ്… ഇനിയും ഇതു പോലെ ശല്യപ്പെടുത്താതിരുന്നാൽ കൊള്ളാം ””
എന്ന് പറഞ്ഞ് തിരികെ നടക്കുമ്പോൾ ആ മുഖത്തെ ദൈന്യത ഒന്നു വെറുതെ സങ്കല്പിച്ചു..
“”പാവം തോന്നുന്നു ഭദ്രേ… ഒന്നൂടെ ഒന്ന്…””” എന്ന് സോന പറഞ്ഞു തുടങ്ങിയതും അവളെ തറപ്പിച്ചൊന്നു നോക്കി…
സോനയുടെ തല താഴ്ന്നിരുന്നു അപ്പോൾ.. മുറിയിലേക്ക് ദൃതിയിൽ നടക്കുമ്പോൾ,””അവസരവാദികൾ “”
എന്ന് വെറുതെ ഭദ്ര പിറുപിറുത്തു…
മെല്ലെ ബെഡിൽ ചെന്നിരുന്നപ്പോൾ
ഉള്ളിൽ ഒരു പിടിവലി നടക്കുകയായിരുന്നു..
പ്രവൃത്തിയിലെ ശരി തെറ്റുകളെ പറ്റി…ഒന്നിലും ഉറക്കാൻ ആവാതെ കേണു അപ്പോൾ, കണ്ടു മാലാഖ കുഞ്ഞുങ്ങളുടെ ചിരിക്കുന്ന ഫോട്ടോ…
ഒറ്റപ്പെട്ടപ്പോഴും ഒന്നും അറിയാണ്ടേ ഈയമ്മയെ ചേർത്തു പിടിച്ചവർ…
എന്റെ ജീവിതം.. പ്രാണൻ..ഓർമ്മകൾ വർഷങ്ങൾ പുറകിലേക്ക് പോയി…
ഒട്ടും ആഗ്രഹിക്കാത്ത സമയത്തായിരുന്നു വിവാഹം… വീട്ടിലെ ഇളയ സന്തതി ആയതിനാൽ എല്ലാവരും കൊഞ്ചിച്ചു വഷളാക്കിയിരുന്നു…
അങ്ങനെയൊരാൾ ഒട്ടും പരിഗണന ലഭിക്കാത്ത ഒരു വീട്ടിൽ ചെന്ന് പെട്ടതിന്റെ എല്ലാ അങ്കലാപ്പും ഉണ്ടായിരുന്നു…
പരസ്പരം സ്നേഹിച്ചും ബഹുമാനിച്ചും കഴിയുന്ന ആളുകൾ ഉള്ള ഒരു വീട്ടിൽ നിന്നും, മറ്റുള്ളവരുടെ കാര്യം ഒട്ടും പരിഗണിക്കാത്ത…
സ്വാർത്ഥരായ കുറച്ച് ആളുകളുടെ ഇടയിൽ അകപ്പെട്ടത് തീർത്തും മാനസികമായി വേദനിപ്പിച്ചിരുന്നു…
എന്നിട്ടും അവൾ അവരെല്ലാം സ്നേഹിക്കാൻ ശ്രമിച്ചു… വ്യർത്ഥം ആയിരുന്നെങ്കിൽ കൂടി…
സ്വന്തം ഇഷ്ടം മാത്രം നടപ്പിലാക്കാൻ ശ്രമിക്കുന്ന ഒരു ഭർത്താവായിരുന്നു അയാൾ… ഭാര്യ എന്ന രീതിയിലോ സ്ത്രീ എന്ന രീതിയിൽ ഒരു പരിഗണനയും കിട്ടിയിരുന്നില്ല..
അയാളുടെ സംതൃപ്തി മാത്രമായിരുന്നു എല്ലായിടത്തും അയാൾക്ക് മുഖ്യം…
ഭക്ഷണത്തിൽ ആയാലും കിടപ്പറയിൽ ആയാലും…എന്തൊരു കാര്യത്തിൽ ആയാലും..
രണ്ടാമത്തേതും പെൺകുഞ്ഞാണ് എന്ന് അറിഞ്ഞപ്പോൾ മുതൽ അയാൾ അസ്വസ്ഥനായിരുന്നു..എന്നാൽ എനിക്ക് ഒരു ഭാഗ്യമായാണ് തോന്നിയത്…
ആൺകുഞ്ഞുങ്ങളെ ക്കാൾ പെൺകുഞ്ഞുങ്ങളെ ഒരു അമ്മയ്ക്ക് ചേർത്തു പിടിക്കാൻ ആകും എന്നൊരു തോന്നൽ…. ഒറ്റപ്പെട്ടുപോയവളുടെ മനസ്സിന്റെ ആശ്വാസം…
മൂന്നു പെൺകുഞ്ഞുങ്ങൾ ആയത് എന്റെ മാത്രം തെറ്റായി അയാളുടെ വീട്ടുകാർ കണക്കാക്കി…
അവരത് കുറ്റമായി കണ്ടപ്പോഴും ഞാൻ അത് ഒരു ഭാഗ്യമായി തന്നെ കൊണ്ടുനടന്നു ദൈവത്തോട് നന്ദി പറഞ്ഞു…
കുഞ്ഞുങ്ങൾ വളരാൻ തുടങ്ങിയപ്പോൾ പ്രാരാബ്ദവും കൂടുതലായി…
നാടുപേക്ഷിച്ച് അന്യനാട്ടിൽ ജോലി കയറേണ്ടിവന്നു എനിക്കും…
ഒരു പ്രവാസിയായി…
അയാളും പ്രവാസി തന്നെയായിരുന്നു….
എന്നിട്ടും എന്നെ അയാൾ ഒട്ടും മനസ്സിലാക്കാൻ ശ്രെമിച്ചില്ല….
പരാതിയില്ലായിരുന്നു എന്റെ കുടുംബത്തിനും കുഞ്ഞുങ്ങൾക്കും വേണ്ടി ഞാനത് സന്തോഷപൂർവ്വം ഏറ്റെടുത്തു…
ചിലവുകൾ കൂടി വന്നപ്പോൾ അയാൾ എന്നെയും കുട്ടികളെയും കുറ്റപ്പെടുത്താൻ തുടങ്ങി…
ഞാൻ കുടുംബത്തിനുവേണ്ടി ചെയ്തതോ…
പറക്കമുറ്റാത്ത കുഞ്ഞുങ്ങ്ങളെ മനസില്ലാമനസോടെ ഉപേക്ഷിച്ചു അന്യ നാട്ടിൽ വന്ന് ഞാൻ കഷ്ടപ്പെടുന്നതോ കാണാൻ അയാൾക്ക് കണ്ണില്ലായിരുന്നു…
കുഞ്ഞുങ്ങളുടെ എല്ലാ കാര്യവും ഞാനാണ് നടത്തിയിരുന്നത്…
അയാളെ ഒരിക്കൽപോലും അധികമായി ബുദ്ധിമുട്ടിച്ചിരുന്നില്ല..
എന്നിട്ടും മാലാഖ കുഞ്ഞുങ്ങൾക്ക്
പപ്പാ എന്ന് വച്ചാൽ ജീവനായിരുന്നു….
അയാളുടെ യഥാർത്ഥ സ്വഭാവം ഒരിക്കൽപോലും ഞാൻ അവരോട് പറഞ്ഞിരുന്നില്ല അത്ങ്ങളെ കൂടി എന്തിനാണ് വിഷമിപ്പിക്കുന്നത് എന്ന് കരുതി.. പെട്ടെന്നാണ് കുടുംബത്തിൽ വല്ലാത്തൊരു സാമ്പത്തിക പ്രശ്നം ഉടലെടുത്തത്…
പണ്ട് എന്തോ ആവശ്യത്തിന് ആധാരം പണയപ്പെടുത്തി എടുത്ത ലോൺ കുടിശ്ശിക കയറി വലിയൊരു സംഖ്യ ആയിട്ടുണ്ട്…. എന്നെക്കൊണ്ട് ഒറ്റക്ക് കൂട്ടിയാൽ കൂടിയായിരുന്നു..
അയാളോട് പറഞ്ഞപ്പോൾ ഒരു നിസ്സംഗഭാവം ആയിരുന്നു…””നീയും നിന്റെ മക്കളും എന്താന്ന് വെച്ചാൽ ചെയ്തോളൂ “””
എന്നു പറഞ്ഞ് നിഷ്ക്കരുണം അയാൾ ഞങ്ങളെ ഉപേക്ഷിച്ചു… മൂന്നാൾടെ പഠിപ്പ്.. വീട്ടു ചിലവ്… ലോൺ തിരിച്ചടവ്… എല്ലാം കൂടെ താങ്ങാൻ ശേഷി ഇല്ലായിരുന്നു എന്റെ ഈ കൊച്ചു ജോലിക്ക്…
അയാളോട് കെഞ്ചി നോക്കി ഈ അവസ്ഥയിൽ ഇങ്ങനെ ചെയ്യരുത് എന്ന്… ഞങ്ങൾക്ക് വേണ്ടി എന്തിനാണ് കഷ്ടപ്പെടുന്നത് എന്ന് അയാളുടെ വീട്ടുകാർ ചോദിച്ചത്രേ..
മൂന്ന് പെൺകുഞ്ഞുങ്ങൾ ബാധ്യത ആവും… എന്ന് പറഞ്ഞത്രേ… അതിനൊക്കെ മുന്നേ ഉള്ള അയാളുടെ രക്ഷപ്പെടൽ ആയിരുന്നു അത്..
ഇങ്ങനെ ഉപദേശിച്ചതിൽ അവരോട് പരാതി ഇല്ലായിരുന്നു.. പകരം അതൊക്കെ കേട്ട് ഒരു മനസ്ഥാപവും ഇല്ലാതെ സ്വന്തം കുഞ്ഞുങ്ങളെ ഉപേക്ഷിച്ച അയാളെ വെറുത്തു പോയിരുന്നു…
കുഞ്ഞുങ്ങൾ അപ്പോഴേക്കും എല്ലാം അറിഞ്ഞു..””ഇങ്ങനൊരു പപ്പാ വേണ്ട അമ്മേ “””
എന്ന് പറഞ്ഞപ്പോൾ ആ മനസ്സുകൾ ഉരുകുന്നത് എനിക്ക് അറിയാമായിരുന്നു..ഓവർ ടൈം ചെയ്തും.. ഉള്ള സ്വർണ്ണം നുള്ളി പെറുക്കി വിറ്റും ബാധ്യതകൾ തീർത്തു…
കൂട്ടുകാരും മക്കളും എന്റെ വീട്ടുകാരും തണൽ ആയി… അയാളും ഞാനും വിദേശത്ത് ഒരേ രാജ്യം ആയിരുന്നിട്ട് കൂടി പിന്നെ പരസ്പരം കണ്ടില്ല…
മക്കൾ വലുതായി… സ്വന്തം കാലിൽ നിൽക്കാൻ തുടങ്ങി… എന്നോട് ജോലി കളഞ്ഞ് ചെല്ലാൻ പറഞ്ഞു..
ഒരിക്കൽ കുടുംബം താങ്ങി നിർത്തിയ ഈ ജോലി ഉപേക്ഷിക്കാൻ ഒരു മടി..
അതാണ് ഇത്തിരി കാലം കൂടെ എന്ന് കുഞ്ഞുങ്ങളോട് പറഞ്ഞത്…
അങ്ങനെ നിൽക്കുമ്പോഴാണ് അയാളുടെ ഈ വരവ്..ഉപദേശിച്ചവർ തന്നെ ഇറക്കിവിട്ടത്രെ…
അസുഖം വന്ന് ജോലി ചെയ്യാൻ വയ്യാത്ത അയാളെ അവർക്കൊന്നും ഇനി വേണ്ട എന്ന്… അപ്പോൾ മാത്രം അയാൾ ഞങ്ങളെ ഓർത്തു …
പക്ഷേ ഇപ്പോ അയാളെ ഞങ്ങൾക്ക് വേണ്ട… മക്കളോടും കൂടി ചോദിച്ച് അത് ഒന്നുകൂടി ഊട്ടി ഉറപ്പിക്കണമായിരുന്നു എനിക്ക്….
വന്നയാളെ അതുപോലെ ഇറക്കിവിട്ടത് അതിലെ ശരി കേടുകൾ അവരോട് കൂടി ഒന്ന് ചോദിക്കാം എന്ന് മനസ്സ് പറഞ്ഞു…
മൂന്നുപേരും ഇപ്പോൾ ഒരുമിച്ച് ഉണ്ട്..
വീട്ടിൽ…വിളിച്ചപ്പോൾ ആദ്യത്തെ റിങ്ങിൽ തന്നെ അവർ ഫോണെടുത്തു.. “””എന്താ അമ്മേ മുഖം വല്ലാതെ ???””
അമ്മു ആണ് മൂത്തയാൾ… തളരാതെ എന്നെ ഈ ജീവിതത്തിൽ താങ്ങിനിർത്തുന്ന എന്റെ ഊന്നുവടി…
“””” അമ്മു… അമ്മയ്ക്ക് നിങ്ങൾ മൂന്നുപേരും ആയി ഒരു കാര്യം പറയാനുണ്ട് അത് കേട്ട് നിങ്ങൾ ചെയ്തത് ശരിയാണോ തെറ്റാണോ എന്ന് തീരുമാനിച്ച് അമ്മയോട് പറയണം… “””
“” ഇത്രയും മുഖവര വേണോ?? “”എന്ന് അവൾ തിരികെ ചോദിച്ചു…ഉണ്ടായതെല്ലാം പറഞ്ഞപ്പോൾ അവർ പറഞ്ഞത് അമ്മ ഇപ്പോൾ ചെയ്തതാണ് ശരി എന്നായിരുന്നു…. തോന്നുമ്പോൾ ഇറങ്ങി പോവാനും തോന്നുമ്പോൾ കേറി വരാനും ഇത് സത്രം അല്ല…
ഒരു അമ്മക്കിളിയും മൂന്ന് കുഞ്ഞി കിളികളുടെയും കൂടാണ്…. ഇവിടേക്ക് ഇനി ആർക്കും പ്രവേശനമില്ല ഒരുകാലത്തും…
എന്നു കൂടി പറയാമായിരുന്നില്ലേ എന്ന് അവൾ ചോദിച്ചു…മറ്റ് രണ്ടു പേർക്കും പറയാനുള്ളത് അമ്മ ചെയ്തതാണ് നൂറുശതമാനവും ശരി എന്ന് തന്നെയായിരുന്നു…
അത് കേട്ട് എന്തിനോ മിഴികൾ വെറുതെ നിറഞ്ഞു… ഒരുപക്ഷേ ഈ ജീവിതത്തിൽ വിജയിച്ചു എന്ന് തോന്നിയത് കൊണ്ടാവാം…
അയാളുടെ ഇപ്പോഴത്തെ അവസ്ഥയല്ല വിജയം എന്നതുകൊണ്ട് ഞാൻ അർത്ഥമാക്കിയത്…
പകരം ഒരു തണലില്ലാതെ ഒരു അമ്മയ്ക്കും മൂന്നു പെൺകുഞ്ഞുങ്ങൾക്കും പിടിച്ചുനിൽക്കാൻ കഴിഞ്ഞല്ലോ എന്നത് മാത്രമാണ്…
സോനാ വാതിൽക്കൽ നിൽക്കുന്നുണ്ടായിരുന്നു ഞാൻ കുഞ്ഞുങ്ങളോട് സംസാരിക്കുന്നത് കേട്ട്…അവൾ മെല്ലെ അടുത്തേക്ക് വന്നു..
“”” സോറി ഭദ്ര…. ഞാൻ ആ നിമിഷം മാത്രമേ ചിന്തിച്ചുള്ളൂ… എന്റെ തെറ്റ് താൻ ആണെടോ ശരി…
താൻ മാത്രമാണെടോ ശരി…. ഇനി അയാൾ വന്നാൽ ഞാൻ പറഞ്ഞ് വിട്ടോളാം.. തന്നെയും കുഞ്ഞുങ്ങളെയും ഒന്ന് കാണാൻ പോലും ഇനി ആയാൾക്ക് അർഹതയില്ല “””
എന്നു പറഞ്ഞപ്പോഴേക്കും ഞാൻ അവളെ സ്നേഹത്തോടെ ചേർത്ത് നിർത്തിയിരുന്നു……