(രചന: Kannan Saju)
“ഈ നാശം… മനുഷ്യനെ ഒന്നിനും സമ്മതിക്കില്ല.. ഇടയ്ക്കു കേറി കിടന്നോളും””അവനു അറിവില്ലാത്തോണ്ടല്ലേ ലെച്ചു…”
“ആറു വയസ്സായില്ലേ… ഒറ്റയ്ക്ക് കിടന്നാ എന്താ കുഴപ്പം നന്ദേട്ടാ?””ഏട്ടനും ഏടത്തിയും മരിച്ചിട്ടു കുറച്ചല്ലേ ആയുള്ളൂ ലെച്ചു.. അവരുടെ കൂടെ കിടന്നല്ലേ പരിചയം.. പേടി കാണും.. ഇനി ഇപ്പോ നമ്മളല്ലേ അവനുള്ളു”
“അപ്പൊ ജീവിതം കാലം മുഴുവൻ ഈ കുരിശു ചുമക്കാൻ തന്നെ ആണോ ഏട്ടന്റെ തീരുമാനം?” നന്ദൻ ഉറങ്ങി കിടക്കുന്ന സൂര്യയെ നോക്കി….
“നമ്മുടെ ചോര അല്ലേ ലെച്ചു””ഞാൻ ഒന്നും പറയുന്നില്ല… എന്തേലും കാണിക്ക്…. ഇനി നമുക്ക് വേറെ പിള്ളേര് വേണ്ടാന്നും കൂടി പറഞ്ഞ സന്തോഷം”
അവൾ പുതപ്പു തലവഴി മൂടി തിരിഞ്ഞു കിടന്നു.. സൂര്യയെ ചേർത്തു പിടിച്ചു നന്ദനും. അടുക്കളയിൽ പാചകം ചെയ്യുന്ന ലക്ഷ്മിയെ സൂര്യ വാതിക്കൽ വന്നു എത്തി നോക്കി….
” വിശക്കുന്നു ചെറിയമ്മേ “” നിനക്ക് പറയുമ്പോ ഓരോന്ന് ഉണ്ടാക്കി തരാൻ ഞാൻ റോബോർട്ടൊന്നും അല്ല ”
സൂര്യ മിണ്ടാതെ ഹാളിൽ പോയിരുന്നു…. നന്ദൻ ജോലിക്കു പോയി.. തിരിച്ചു വരണം എങ്കിൽ വൈകുന്നേരം ആവും…
” ഡാ… നീ ഇങ്ങ് വന്നേ ” അവൾ സൂര്യയെ വിളിച്ചു…” നീ ഇന്നലെ ഇട്ട ഉടുപ്പല്ലേ ഈ കിടക്കുന്നെ ??? ” അവൻ തലയാട്ടി…” എടുക്ക്… ” അവൻ ഡ്രസ്സ് എടുത്തു…
” പുറത്തേക്കു നടക്ക് ” ഡ്രെസ്സുമായി അവൻ മെല്ലെ പുറത്തേക്കു നടന്നു..” ആ കല്ലിൽ കൊണ്ടുപോയി നല്ല പോലെ സോപ്പിട്ട് കുത്തി പിഴിയു ” ഒന്നും മിണ്ടാതെ സൂര്യ അങ്ങോടു നടന്നു…
അലക്കു കല്ല് കണ്ടപ്പോൾ തനിക്കു പാട്ടു പാടി തന്നു അലക്കിക്കൊണ്ടിരുന്ന അമ്മയെ അവനു ഓർമ വന്നു.. ആ കുഞ്ഞി കണ്ണുകൾ നിറഞ്ഞു..
ദിവസങ്ങൾ കടന്നു പോകുംതോറും അവൾക്കു സൂര്യയോടുള്ള കലി കൂടി വന്നു… അവനെ എങ്ങനെയും ഒഴിവാക്കണം എന്ന ചിന്ത മാത്രമായി അവളുടെ മനസ്സിൽ അവനെ എങ്ങനെയും ഒഴിവാക്കണം എന്ന ചിന്ത മാത്രമായി.
അവന്റെ അമ്മയുടെ വീട്ടിൽ അമ്മയുടെ ചേച്ചി മാത്രമാണ് ഉണ്ടായിരുന്നത്.. ഏറ്റെടുക്കാൻ അവർ തയ്യാറല്ലായിരുന്നു…
പക്ഷെ ലക്ഷ്മിക്കും നന്ദനും ഇടയിൽ അവൻ വലിയൊരു തടസമായി അവൾക്കു തോന്നി.
നന്ദൻ ഒരാഴ്ചത്തെ ട്രൈനിങ്ങിനായി തിരുവനന്തപുരം പോയ സമയം.. സൂര്യയെ ഒറ്റക്കാക്കി ലക്ഷ്മി ഒരു കല്യാണത്തിന് പോയി. ആ സമയം വീട്ടിലേക്കു വിളിച്ച നന്ദനോട് താൻ ഒറ്റക്കാണെന്നു സൂര്യ പറഞ്ഞു.
സൂര്യ ഒന്നും ഉദ്ദേശിച്ചു പറഞ്ഞതല്ലെങ്കിലും നന്ദന്റെ കയ്യിൽ നിന്നും ലക്ഷ്മിക്ക് കണക്കിന് കിട്ടിയതോടെ സൂര്യയോടു ഉണ്ടായിരുന്ന ദേഷ്യം അവൾക്കു വൈരാഖ്യമായി മാറി.
പിറ്റേന്ന് ലാൻഡ് ഫോണിന്റെ വയറും കട്ട് ചെയ്തു സൂര്യയെ വീടിനകത്തിട്ടു പൂട്ടി ലക്ഷ്മി പരാതി പറയുവാനായി സ്വന്തം വീട്ടിലേക്ക് പോയി..
” നീ ഇതെന്താ മോളേ ഈ പറയണേ ??? അവന്റെ അമ്മേടെ സ്ഥാനം അല്ലേ നിനക്ക് ??? ”
” പക്ഷെ… ഒരു പ്രൈവസി ഇല്ല അച്ഛാ.. ഏട്ടനോട് ഒന്ന് ഒറ്റയ്ക്ക് മിണ്ടാൻ പോലും പറ്റുന്നില്ല.. ഒരുമിച്ചൊന്നു പുറത്തു പോവാൻ പറ്റുന്നില്ല.. എപ്പോ നോക്കിയാലും ശല്യം പോലെ ” അമ്മ അച്ഛനെ നോക്കി….
” മോളേ അങ്ങനെ നീയും കൂടി പറയരുത്… അവന്റെ അമ്മേടെ ചേച്ചിയും അവനെ നോക്കാൻ ഇല്ലാത്ത സ്ഥിതിക്ക് എന്റെ മോള് അവനെ നോക്കണം… ”
” എനിക്ക് പറ്റില്ലമ്മേ… കണ്ട അനാഥ പിള്ളേർക്ക് അമ്മ അവനൊന്നും എനിക്ക് പറ്റില്ല ” പറഞ്ഞു തീർന്നതും അച്ഛൻ അവളുടെ മുഖത്തടിച്ചു…
” ഇനി നീ ഒരക്ഷരം മിണ്ടി പോവരുത്… വാ വണ്ടിയിൽ കയറ് ഞാൻ കൊണ്ടാക്കാം വീട്ടിൽ ”
അച്ഛൻ കാറിന്റെ കീ എടുത്തു പുറത്തേക്കു നടന്നു…. അവൾ മുഖം പൊത്തി എന്തിനാ തല്ലിയതെന്നറിയാതെ അമ്മയെ നോക്കി…
വീട്….വിശപ്പ് സഹിക്കാതെ സൂര്യ അടുക്കളയിലെ പത്രങ്ങൾ ഓരോന്നും ഏന്തി വലിഞ്ഞു കയറി തുറന്നു നോക്കി… ലക്ഷ്മി ഒന്നും ഉണ്ടാക്കാതെ ആയിരുന്നു പോയത്… നിരാശനായി അവൻ വിഷമത്തോടെ അങ്ങിങ്ങു അലഞ്ഞു നടന്നു…
കാർ…” അച്ഛനെന്തിനാ എന്നെ തല്ലിയത് ?? “” നീ ആ കൊച്ചിന് കഴിക്കാൻ വല്ലതും ഉണ്ടാക്കി വെച്ചിട്ടാണോ അതിനെ പൂട്ടി ഇട്ടിട്ടു പോന്നത് ?? ”
” അച്ഛൻ ഞാൻ ചോദിച്ചതിന് ഉത്തരം പറ ” ഒന്നും മിണ്ടാതെ അയ്യാൾ നേരെ നോക്കി വണ്ടി ഓടിച്ചു….വീട്…
കറങ്ങി തിരിഞ്ഞ സൂര്യ മുകളിലെ നിലയിലെ ബാൽക്കണിയിൽ എത്തി… അവിടെ പേര മരത്തിൽ തൂങ്ങി കിടക്കുന്ന പേരക്കകൾ കണ്ട അവനു ആശ്വാസമായി..
ബാൽക്കണിയുടെ വക്കിൽ നിന്നാൽ പറക്കാവുന്നതേ ഉള്ളൂ.. സൂര്യ കൈവരിക്കു മുക്കാകിലൂടെ ഇറങ്ങി ബാൽക്കണിയുടെ തുഞ്ചത്ത് എത്തി.
കാർ…” അച്ഛൻ മറുപടി പറഞ്ഞിട്ട് ഇനി മുന്നോട്ടു പോയാൽ മതി… അതല്ല പറയാൻ താല്പര്യം ഇല്ലെങ്കിൽ എന്ന ഇവിടെ ഇറക്കണം ” അയ്യാൾ വണ്ടി നിർത്തി… ലക്ഷ്മി അയ്യാളെ ഞെട്ടലോടെ നോക്കി…
വീട്….തുഞ്ചത്ത് നിന്നു കൈ നീട്ടിയിട്ടും എത്തുന്നില്ല… സൂര്യക്ക് വിശപ്പും സഹിക്കാൻ പറ്റുന്നില്ല… അവൻ ഒന്നൂടെ ആഞ്ഞതും പേരക്കയും പറിച്ചുകൊണ്ടു സൂര്യ താഴേക്കു വീണു
കാർ…” അവനെ അനാഥൻ എന്ന് വിളിക്കാൻ നിനക്കും ഒരു യോഗ്യത ഇല്ല… കാരണം എന്റെ മുതലാളിയുടെ മകളായ നിന്റെ അമ്മയെ ഞാൻ വിവാഹം ചെയ്യുമ്പോൾ അച്ഛനാരെന്നു അറിയാത്ത ഒരു കുഞ്ഞു അവളുടെ വയറ്റിൽ ഉണ്ടായിരുന്നു..
രണ്ടാമത് സ്വന്തം ചോരയിൽ ഒരു കുഞ്ഞു എനിക്ക് ജനിച്ചാൽ നിന്നോടുള്ള സ്നേഹം കുറഞ്ഞു പോയാലോ എന്നു കരുതി നിന്നെ മാത്രം സ്നേഹിക്കാൻ ഞാൻ അതും വേണ്ടെന്നു വെച്ചു ” അവളുടെ കണ്ണുകൾ നിറഞ്ഞു…
” മനുഷ്യന് മനുഷ്യത്വം എന്നൊന്ന് ഉണ്ടാവണം ലക്ഷ്മി… ഇത്രയും നാൾ നീ അച്ഛനെന്നു വിളിച്ചപ്പോ സ്വന്തം അച്ഛനല്ല എന്നൊരു സൂചന എപ്പോഴെങ്കിലും നിനക്ക് കിട്ടിയിട്ടുണ്ടോ???
സൂര്യ അവനൊരു കുഞ്ഞല്ലേ… ?? അവന്റെ അച്ഛനേം അമ്മയേം അവൻ എത്ര മിസ്സ് ചെയ്യുന്നുണ്ടാവും… നീ അവനെ അടുത്തിരുത്തി ഒന്ന് തലോടാൻ അവൻ ഉള്ക്കൊണ്ടു എത്ര ആഗ്രഹിച്ചിട്ടുണ്ടാവും… പാവം ”
വീട്…കല്ലിൽ തലയിടിച്ചു വീണ സൂര്യയുടെ തലയിൽ നിന്നും രക്തം ചീറ്റി തെറിച്ചു… പേരക്ക കൈകളിൽ നിന്നും തെറിച്ചു വീണു…
” അമ്മേ… അമ്മേ.. “എന്ന് ശ്വാസം കിട്ടാൻ ബുദ്ധിമുട്ടിക്കൊണ്ടു അവൻ പതിഞ്ഞ ശബ്ദത്തിൽ വിളിച്ചു.. വലതു തുടയിൽ തുളഞ്ഞു കയറിയ കമ്പി കഷ്ണം കാരണം അനങ്ങാനാവാതെ ചോര ഒലിച്ചു അവൻ കിടന്നു… വിശപ്പും വേദനയും ഒരുമിച്ചനുഭവിച്ചു ആ കുഞ്ഞു ജീവൻ നിലച്ചു.
ഒരു മണിക്കൂർ കഴിയുമ്പോളേക്കും അവനുള്ള ഭക്ഷണവും കളിപ്പാട്ടങ്ങളും ആയി ലക്ഷ്മിയും അച്ഛനും വന്നു… കാറിൽ നിന്നും ഇറങ്ങിയ ലക്ഷ്മി കാണുന്നത് ചേതന അറ്റു കിടക്കുന്ന സൂര്യയെ ആണ്….
രണ്ടര വർഷത്തെ ചികിത്സക്ക് ശേഷം അവൾ സാധാരണ ഗതിയിലെത്തി…. എല്ലാം പൊറുത്തു നന്ദൻ വീണ്ടും അവളെ ആ വീട്ടിലേക്കു കൂട്ടിക്കൊണ്ടു വന്നു…
ആദ്യമൊക്കെ പ്രയാസമായിരുന്നെങ്കിലും അവൾ പതിയെ ജീവിതത്തിലേക്ക് തിരിച്ചു വരാൻ തുടങ്ങി…
എങ്കിലും ആ അലക്കു കല്ലിൽ വെറുതെ കുറെ നേരം എന്നും ഇരിക്കും… വൈകാതെ അവൾ ഗർഭിണി ആയി.. കുഞ്ഞു പിറന്നു… അവൻ വളർന്നു തുടങ്ങി….
പതിയെ അവൾക്കും നന്ദനും ഇടയിലെ സ്വകാര്യതയിൽ ആ കുഞ്ഞു ഒരു വില്ലനായി തുടങ്ങി.. പക്ഷെ അവനെ പട്ടിണിക്ക് ഇടാൻ അവൾക്കു തോന്നിയില്ല..
കാരണം താൻ നൊന്തു പ്രസവിച്ച കുഞ്ഞല്ലേ.. അവന്റെ തുണികൾ അവനെ കൊണ്ട് തന്ന കഴുകിക്കാൻ അവൾക്കു തോന്നിയില്ല.. കാരണം അത് കാണുമ്പോ ഏറ്റവും സങ്കടം ആവുന്നത് തനിക്കു തന്നെ ആണ്.
സൂര്യയുടെ അമ്മ, ഏടത്തി ജീവിച്ചിരുന്നെങ്കിൽ അവനെക്കൊണ്ട് അങ്ങനൊന്നും ചെയ്യിക്കില്ലായിരുന്നു… താൻ എന്തൊരു പാപിയാണ്..
ആ അമ്മയുടെ ആത്മാവ് തന്നെ ശപിച്ചു കാണുമോ??? ഞാൻ എന്തൊരു അമ്മയാണ്…. നാളെ എന്റെ മോനു ഈ ഗതി ഉണ്ടായാലോ…. അവളുടെ ചങ്കു തകർന്നു…
ലക്ഷ്മി വീണ്ടും ഗർഭിണി ആയി..ഉണ്ണി പിറന്നു.. ഇരുപത്തെട്ടിന് കാതിൽ വിളിക്കാൻ നന്ദനോട് അച്ഛൻ പേര് ചോദിച്ചു.
” സൂര്യ ” നന്ദൻ എന്തെങ്കിലും പറയും മുന്നേ അവൾ പറഞ്ഞു… എല്ലാവരും ഞെട്ടലോടെ അവളെ നോക്കി… അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു…
” അമ്മ ചെയ്ത പാപങ്ങൾ ഒന്നും ഇല്ലാതാവുന്നില്ല സൂര്യ… ഈ ജീവിത കാലം മുഴുവൻ അതെന്നെ വേട്ടയാടും… ”
” അവളുടെ മരണം വരെ മക്കൾക്ക് കൊടുക്കും മുന്നേ ഒരു ഉരുള ഉരുട്ടി എന്നും മാറ്റി വെക്കും… പക്ഷെ അപ്പോഴും ആ ഉരുളയെ നോക്കി അവൾ അറിയാതെ ചോദിക്കും ”
നീ ജീവിച്ചിരുന്നപ്പോ ഒരു ഉരുള ചോറ് വാരി തരാൻ അമ്മക്ക് തോന്നീലല്ലോടാ പൊന്നു മോനേ “