ഇപ്പോൾ ഒരു വർഷമായി അവൾ എന്നെ വിളിക്കാറു പോലുമില്ല… ഇതിൽ നിന്നും ഞാൻ എന്താണ് മനസ്സിലാക്കേണ്ടത്

(രചന: മഴമുകിൽ)

എന്തിനാ കൃഷ്ണമ്മേ വയ്യാത്ത കാലും തൂക്കി നിങ്ങൾ ഈ പണികൾ ചെയ്യുന്നേ….. ഇത്തവണയും ആ കൊച്ചു വരാതിരുന്നാൽ… പിന്നെ ഈ പാടു പെടുന്നത് വെറുതെ ആവില്ലേ…..

ഇല്ല… ഇപ്രാവശ്യം എന്തായാലും എന്റെ മോള് വരും എന്റെ വസുമതി വരും………കഴിഞ്ഞ കുറെ വർഷമായി നിങ്ങൾ ഈ കാത്തിരിപ്പ് തുടങ്ങിയതല്ലേ… എന്നിട്ട് ഒരിക്കലെങ്കിലും നിങ്ങളുടെ മകൾക്ക് വരാൻ തോന്നിയോ…

ഇല്ല ഇത്തവണ ഉറപ്പായും വരുമെന്ന് അവൾ വാക്കു പറഞ്ഞിട്ടുണ്ട്… എന്റെ ഇത്രയും കാലത്തെ കാത്തിരിപ്പിന് അങ്ങനെ ഫലമില്ലാതെ പോകുമോ.

എന്റെ മകൾ വരും ഉറപ്പായും എന്നെ കാണും… ഒരു നോക്ക് അവളെ കണ്ട്. അവളുടെ കയ്യിൽ നിന്നും ഒരു തുള്ളി വെള്ളം വാങ്ങി കുടിച്ചിട്ട് മാത്രെ എന്നെ ഈ ഭൂമിയിൽ നിന്നും തിരികെ വിളിക്കു…

കൃഷ്ണമ്മ പറയുന്നത് കേട്ട് ഒന്നും മിണ്ടാതെ ജാനു നടന്നുപോയി …പോകുമ്പോൾ അവരുടെ ചിന്തയിൽ മുഴുവനും കൃഷ്ണമ്മ ആയിരുന്നു ….

പ്രൗഢിയും പ്രതാപവും ജ്വലിച്ചു നിന്ന ചിറ്റേടത്ത് തറവാട്ടിലെ ശേഖരൻ തമ്പിക്കും കൃഷ്ണൻമ്മയ്ക്കും മൂന്നു മക്കളായിരുന്നു. പാരമ്പര്യമായി തറവാട്ടുകാർ ആയതുകൊണ്ട് പ്രൗഡിക്ക് ഒരു കുറവും ഇല്ലായിരുന്നു.

കൃഷ്ണമ്മയ്ക്കും ശേഖരനും മൂന്നു മക്കളാണ് .. രണ്ടാണും ഒരു പെണ്ണും.മൂത്തത് പ്രഭാകരൻ, ഇളയവൻ ദിവാകരൻ… ആദ്യത്തേത് രണ്ടും ആണായപ്പോൾ ഒരു പെൺകുട്ടി വേണമെന്ന് ഒരുപാട് ആഗ്രഹിച്ചു നേർച്ചയ്ക്കും കാഴ്ചയ്ക്കും ശേഷമാണ് വസുമതി ജനിക്കുന്നത്..

കുടുംബത്തിൽ ആദ്യമായി ഉണ്ടായ പെൺകുട്ടി ആയതുകൊണ്ട് തന്നെ താഴത്തും തലയിലും വയ്ക്കാതെയാണ് നോക്കി വളർത്തിയത്.

ഏട്ടന്മാരുടെ കുഞ്ഞിപെങ്ങൾ അവളുടെ ആഗ്രഹത്തിന് അനുസരിച്ച് മാത്രമേ അവിടെ എന്തും നടത്തിയിരുന്നുള്ളൂ..

വിവാഹ പ്രായമായപ്പോൾ രണ്ടുപേരുടെയും വിവാഹം ഇഷ്ടപെട്ട ആളുമായി നടത്തി..

രണ്ടു പെണ്ണുങ്ങൾ ജീവിതത്തിൽ എത്തിയപ്പോൾ പിന്നെഅമ്മ പറയുന്നതെല്ലാം തെറ്റായി തോന്നി. സന്തോഷത്തോടുകൂടി കഴിഞ്ഞിരുന്ന ആ കുടുംബത്തിലെക്കുള്ള മരുമകളുടെ വരവ് ആ കുടുംബത്തിന്റെ താളം തന്നെ തെറ്റിച്ചു.

കൂടുതൽ സൗകര്യങ്ങൾ തേടി അവർ നഗരത്തിൽ ചേക്കേറിയപ്പോൾ വീട്ടിൽ അമ്മയും അച്ഛനും തനിച്ചായി.

അമ്മയും അച്ഛനും തനിച്ചായപ്പോൾ ആണ് ശരിക്കും വസുമതിയെക്കുറിച്ച് അവർ ചിന്തിച്ചത്… ആകെ ഉണ്ടായിരുന്ന ഒരു പെൻ തരിയായിരുന്നു… ആറ്റുനോറ്റുണ്ടായ കുഞ്ഞ്. അത് ഒരുത്തന്റെ ഒപ്പം ഇറങ്ങി പോയപ്പോൾ തകർന്നതാണ്. ഈ കുടുംബം….

അമ്പലത്തിൽ ഉത്സവം കൂടാൻ വന്ന ഏതോ ഒരു അന്യദേശകാരനുമായി പ്രണയത്തിലായി അവന്റെ ജാതിയോ കുലമോ ഒന്നും നോക്കാതെ അവനോടൊപ്പം ഇറങ്ങി തിരിച്ചു…

അച്ഛനും ആങ്ങളമാരും കൂടി അന്വേഷണം തുടങ്ങുമ്പോഴേക്കും അവർ നാടുവിട്ടിരുന്നു….. പിന്നെ ഓരോരോ സ്ഥലങ്ങളിലായി പല പല ആൾക്കാരെ കൊണ്ട് അന്വേഷിച്ചിട്ടും യാതൊരു വിവരവും കിട്ടിയില്ല.

ഒടുവിൽ മാസങ്ങൾ കഴിയുന്തോറും എല്ലാവരും എല്ലാം മറന്നു തുടങ്ങി.. ആൺമക്കൾ വിവാഹം കഴിഞ്ഞതോടുകൂടി മകളെ കുറിച്ച് ഒരിക്കൽ പോലും ചിന്തിക്കേണ്ടതായി വന്നില്ല അത്രമാത്രം പ്രശ്നങ്ങൾ ആയിരുന്നു മരുമക്കൾ വീട്ടിൽ ഉണ്ടാക്കി കൊണ്ടിരുന്നത്….

ഇതിനിടയിൽ അച്ഛന് അസുഖക്കാരനായി മാറി ഹോസ്പിറ്റലിൽ കൊണ്ടുപോകാനും വരുന്നതിനും അന്വേഷിക്കുന്നതിനും ഒക്കെ മക്കൾ തമ്മിൽ തർക്കമായി…

രണ്ടുപേർക്കും തിരക്കുകൾ കുഞ്ഞുങ്ങളുടെ കാര്യം വീട്ടിലെ കാര്യം അതിനിടയിൽ അച്ഛനെ ഹോസ്പിറ്റലിൽ കൊണ്ടുപോകുന്നതെല്ലാം ബുദ്ധിമുട്ടായി..

ഒടുവിൽ രണ്ടുപേരും കൂടി ചേർന്നാണ് തീരുമാനമെടുത്തത് ഒരു ഹോംനേഴ്സിനെ വയ്ക്കുന്ന കാര്യം.

ഏകദേശം മൂത്ത മകന്റെ പ്രായമുള്ള ഒരാളാണ് അച്ഛന്റെ കാര്യങ്ങൾ നോക്കുന്നതിനായി വന്നത്.
കിടപ്പിലായ അച്ഛനെ എഴുന്നേൽപ്പിക്കുന്നതും അച്ഛന്റെ കാര്യങ്ങളൊക്കെ നോക്കുന്നതും… അയാളുടെ പണിയായി…

അമ്മയ്ക്ക് ആവതില്ലാത്തതു കൊണ്ട് തന്നെയായിരുന്നു ഹോംനേഴ്സിനെ വെച്ചത്..

അയാൾ അച്ഛനെ എഴുന്നേൽപ്പിക്കുമ്പോഴും കിടക്കുമ്പോഴും ഓരോന്ന് ചെയ്തു കൊടുക്കുമ്പോഴും അസ്വസ്ഥതകൾ കാട്ടി വല്ലാതെ ഉപദ്രവിച്ചു തുടങ്ങി…

അച്ഛൻ അതൊന്നും പുറത്ത് പറയാൻ കഴിയാത്ത അവസ്ഥയായി….. അയാളെ കാണുന്നത് തന്നെ അച്ഛന് പേടിയായി….

ഒടുവിൽ ഒരു ദിവസം എന്തോ ആവശ്യവുമായി അയാൾ പുറത്തേക്ക് പോയപ്പോൾ അച്ഛൻ കഴിയുന്ന ഭാഷയിൽ അമ്മയോട് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി…

അമ്മ ഉടനെ തന്നെ മക്കളെ രണ്ടു പേരെയും വിളിച്ചു….അച്ഛനെ നോക്കുന്നതിനായി നിങ്ങൾ നിർത്തിയ ആൾ അച്ഛനെ വല്ലാതെ ഉപദ്രവിക്കുന്നു… അതുകൊണ്ട് ഇനിമുതൽ അയാളുടെ സേവനം ഇവിടെ ആവശ്യമില്ല…..

അമ്മ അങ്ങനെയൊക്കെ പറയേണ്ട ആവശ്യം എന്താ… അയാൾ ചിലപ്പോൾ എഴുന്നേൽപ്പിക്കുകയും കിടത്തുകയോ ചെയ്തപ്പോൾ അച്ഛന് വേദനിച്ചതാകാം… അല്ലാതെ മനപ്പൂർവ്വം അയാൾ അങ്ങനെ ഒന്നും ചെയ്യില്ല…

എന്തുതന്നെയായാലും അയാൾ ഇനി അച്ഛനെ നോക്കാൻ ഇവിടെ നിൽക്കണ്ട.. എന്നെക്കൊണ്ട് ആവുന്നതുപോലെ ഞാൻ നോക്കിക്കൊള്ളാം…..

ഒടുവിൽ ഒരുപാട് വഴക്കുകൾക്കുശേഷം മക്കൾ തന്നെ അയാളോട് വരണ്ടെന്നു പറഞ്ഞു…..

അതിനുശേഷം അമ്മയെക്കൊണ്ട് ആവുന്ന വിധം അച്ഛനെ നോക്കി കൊണ്ടുവരികയായിരുന്നു…. ഒരു ദിവസം രാത്രിയിൽ അച്ഛനെ കലശലായ നെഞ്ചുവേദന അനുഭവപ്പെട്ടു… അമ്മ മക്കളെ വിവരമറിയിച്ചു… അവരെത്തു മുൻപേ തന്നെ അച്ഛൻ ജീവൻ വെടിഞ്ഞു…..

അതുവരെ മൂകമായിരുന്ന വീട് അച്ഛന്റെ മരണത്തോടുകൂടി ഉണർന്നു. ചടങ്ങുകളും മറ്റു കാര്യങ്ങളുമായി ഏകദേശം ദിവസങ്ങളിലും ആൾക്കാർ ഉണ്ടായിരുന്നു….

ഒടുവിൽ മക്കൾ അവരവരുടെതായ കാര്യങ്ങളിലേക്ക് തിരിഞ്ഞപ്പോൾ വീട്ടിൽ അമ്മ തനിച്ചായി…. രണ്ടു മക്കളും അമ്മയെ മാറിയും തിരിഞ്ഞും വിളിച്ചു അവരോടൊപ്പം ചെന്നുനിൽക്കാൻപക്ഷേ അമ്മ അതൊന്നും കേൾക്കാൻ തയ്യാറായില്ല…

അച്ഛൻ ഉറങ്ങുന്ന ഈ വീട്ടിൽ എന്റെ അവസാനശ്വാസം വരെ എനിക്ക് ജീവിക്കണം…

ഇതിനിടയിൽ മരണം അന്വേഷിച്ചു വന്ന ആരിൽ നിന്നോ അറിയാൻ കഴിഞ്ഞു വസുമതിയെ കുറിച്ച്.

അവരുടെ കയ്യിൽ നിന്നും വസുമതിയുടെ ഫോൺ നമ്പർ വാങ്ങി…. വീട്ടിലെ ഫോണിൽ നിന്നും അവളെ വിളിച്ചു..

അങ്ങനെ വർഷങ്ങൾക്കുശേഷം അവളുടെ ശബ്ദം കേട്ടു…. ഏകദേശം ഒരു വർഷക്കാലം അമ്മയും വസുമതിയും കൂടി നിരന്തരം ഫോണിൽ സംസാരിക്കുമായിരുന്നു…

അങ്ങനെ അമ്മയുടെ നിർബന്ധം സഹിക്കവയ്യാതെ അമ്മയെ കാണാനായി അവൾ വരാൻ തീരുമാനിച്ചു….

കഴിഞ്ഞ രണ്ടു വർഷമായി അമ്മ അവളെയും കാത്തിരിക്കുകയാണ്…. ഇപ്പോൾ അവളെ ഫോണിൽ പോലും വിളിച്ചാൽ കിട്ടില്ല എന്നായി… പക്ഷേ കുറെ നാളുകൾക്ക് മുൻപ് അമ്മയെ തേടി ഒരു ഫോൺ എത്തി… അമ്മമ്മേ ഞാൻ വരുണാണ്…. അമ്മമ്മയുടെ കൊച്ചുമോനാണ്..

എന്റെ വസുവിന്റെ മകനാണോ…അതേ അമ്മമ്മേ വസുവിന്റെ മകൻ തന്നെയാണ്…

എന്താ മോനെ കഴിഞ്ഞ രണ്ടു വർഷമായി അമ്മ വരാം എന്ന് പറഞ്ഞിട്ട് എന്നെ പറ്റിക്കുന്നത്… എത്രകാലമായി ഞാൻ എന്റെ മോളെ ഒന്ന് കണ്ടിട്ട്..

അവളെയൊന്നുകണ്ടിട്ടു കണ്ണടച്ചാൽ മതിയായിരുന്നു… അമ്മമ്മയെ കാണാൻ ഉറപ്പായും ഞാൻ വരും….

ജാനു നീയല്ലേ പറഞ്ഞേ എന്റെ കാത്തിരിപ്പു വെറുതെ ആകുമെന്ന്… അതുണ്ടാവില്ല എന്റെ മോൾ എന്നെ കാണാൻ വരും…. നാളെത്തന്നെ.

അടുത്ത ദിവസം അമ്മ കാത്തിരുന്നു… നേരം പോകുന്നതല്ലാതെ ഉച്ച കഴിഞ്ഞിട്ടും വസുവിനെ കണ്ടില്ല… വിഷമിച്ചാണ് അമ്മ അകത്തേക്ക് പോയത്..

അല്പസമയം കഴിഞ്ഞപ്പോഴേക്കും ഒരു കാർ മുറ്റത്തേക്ക് വന്നു നിന്നു. വരുൺ കാറിൽ നിന്നും പുറത്തേക്കിറങ്ങി…കയ്യിൽ ഒരു ബാഗ് കൂടി ഉണ്ടായിരുന്നു.അമ്മമ്മേ…..

വിളികേട്ടതും കൃഷ്ണമ്മ റൂമിൽനിന്ന് പുറത്തേക്കു വന്നു..അമ്മമ്മേ ഞാൻ ആണ്… വരുൺ….

എന്റെ മക്കളെ…… വരുണിനെ കൃഷ്ണമ്മ കെട്ടിപ്പിടിച്ചു അവന്റെ മാറിൽ ചേർന്ന് നിന്ന് വിമ്മി കരഞ്ഞു ആ പാവം വൃദ്ധ എവിടെ എന്റെ മോള് എത്രകാലമായി ഞാൻ എന്റെ കുഞ്ഞിനെ ഒന്ന് കണ്ടിട്ട് അവൾ എവിടെ.

അമ്മമ്മേ അമ്മയ്ക്ക് വരാൻ കഴിഞ്ഞില്ല അമ്മയ്ക്ക് ലീവ് കിട്ടിയില്ല ഇല്ല ഞാൻ ഇത് വിശ്വസിക്കില്ല അവൾക്ക് ഇപ്പോഴും എന്നോട് ദേഷ്യമാണ്.

അമ്മയ്ക്ക് അമ്മമ്മയോട് ഒരു ദേഷ്യവും ഇല്ല.അമ്മ ഉറപ്പായും അമ്മയെ കാണുന്നതിനായി ഇവിടേക്ക് വരും..

അവന്റെ സമാധാന വാക്കുകള്‍ക്ക് ഒന്നും തന്നെ അവരെ സന്തോഷിപ്പിക്കാൻ കഴിഞ്ഞില്ല. ഇല്ല എന്റെ പാഴ് മനസ്സ് പറയുന്നു എന്റെ മോൾക്ക് എന്തോ അപകടം പറ്റിയെന്ന്….. എന്റെ മനസ്സ് അങ്ങനെ പറയുന്നു…

പറ മക്കളെ നീയെങ്കിലും അമ്മമ്മയോട് സത്യം പറ എന്റെ വസൂവിന് എന്തുപറ്റി….ഇപ്പോൾ ഒരു വർഷമായി അവൾ എന്നെ വിളിക്കാറു പോലുമില്ല… ഇതിൽ നിന്നും ഞാൻ എന്താണ് മനസ്സിലാക്കേണ്ടത്…

അമ്മമ്മയുടെ കരച്ചിൽ കണ്ട് സഹിക്കാൻ വയ്യാതെ വരുൺ നിലത്തേയ്ക്കിരുന്ന് കയ്യിലെ കബാഗ് തുറന്ന് ഒരു പൊതി പുറത്തേക്ക് എടുത്തു… അത് കൃഷ്ണയുടെ കയ്യിൽ വച്ചു കൊടുത്തു…

ഒരു വർഷങ്ങൾക്കു മുമ്പ് അമ്മമ്മയെ കാണുന്നതിനായി അമ്മ വന്നിരുന്നു പക്ഷേ അന്ന് നടന്ന ഒരു ആക്സിഡന്റിൽ അമ്മയ്ക്ക് ജീവൻ നഷ്ടമായി…. ഒന്ന് കാണിക്കാൻ പോലും കഴിയാത്തക്ക രീതിയിൽ വികൃതമായി പോയി..

ഇതെന്റെ അമ്മയുടെ ചിതാഭസ്മം ആണ്… ഇത് ഈ വീട്ടിൽ കൊണ്ടുവരണമെന്ന് എനിക്ക് തോന്നി അതിനാണ് വന്നത്.

എന്റെ പൊന്നുമോളെ.. നി അമ്മയെ ഒരു നോക്ക് കാണാതെ എന്നെ വിട്ടു പോയോ ഞാൻ ഇതെങ്ങനെ സഹിക്കും അവസാന നാൾ വരെ നിന്നെ കാണാതെ മരിക്കുവാൻ ആണോ അമ്മയുടെ വിധി……

ആ ചിതാഭസ്മം നിറച്ച കുംഭവുമായി അവർ നിലത്തേക്ക് ഊർന്നു വീണു… പിടിക്കാനായി വരുൺ ആയും മുന്നേ….അവർ വീണിരുന്നു.

അമ്മമ്മേ…… നിലവിളി തൊണ്ടയിൽ നിന്നും പുറത്തേക്കു വന്നില്ല… മകളുടെ ചിതഭസ്മo നെഞ്ചിൽ ചേർത്തു വച്ചു അവർ ഈ ഭൂമിയിൽ നിന്നും യാത്രയായി…….

Leave a Reply

Your email address will not be published. Required fields are marked *