കിടന്നു പുളക്കുകയാണ്. ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ചു അവൻ എന്നെ തനിച്ചാക്കി എങ്ങോട്ട് പോയി”.?

പ്രിയതമനേ തേടി
രചന: മുഹമ്മദ്‌ ഫൈസൽ ആനമങ്ങാട്

തണുത്ത കാറ്റ് മുഖത്തടിച്ചപ്പോഴാണ് അനാമിക ഉറക്കത്തിൽ നിന്നുണർന്നത്. ബസ് ചുരം കയറാൻ തുടങ്ങിയത് എപ്പോഴാണാവോ.?.

ഞാൻ വല്ലാതെ ഉറങ്ങിയോ.? അവൾ ചിന്തിച്ചു. അനാമിക ബസ്സിന്റെ കണ്ണാടിച്ചില്ലിട്ട ജനാലയിലൂടെ പുറത്തേക്ക് നോക്കി.

കോടമഞ്ഞ് ഇറങ്ങി തുടങ്ങി.അത് വെളുത്ത മേഖങ്ങളേ പോലെ താഴേക്ക് ഇറങ്ങി വരുന്നു. വീശിയടിക്കുന്ന കാറ്റിനൊപ്പം മഞ്ഞലകൾ തെന്നി മാറുന്ന കാഴ്ച്ച അനാമിക അതിശയത്തോടെ നോക്കിയിരുന്നു.

തണുപ്പ് അസഹ്യമായി തോന്നിയപ്പോൾ അവൾ ജനാലചില്ല് നീക്കിയടച്ചു. ബസ് മുരണ്ട ശബ്ദത്തോടെ ചുരം വലിച്ചു കയറുകയാണ്.

അനാമിക സമയം നോക്കി.ആറു മണി. പുലർച്ചേ നാല് മണിക്ക് ഇറങ്ങിയതാണ്. അവൾ സീറ്റിലേക്ക് തലചായ്ച്ച് കണ്ണടച്ചു. ബസിലെ സ്റ്റീരിയോയിൽ നിന്നൊഴുകി വരുന്ന ഉമ്പായിയുടെ ഗസൽ ഒരു വേള അവളുടെ ചെവിയിലുമെത്തി.

“”രാത്രി മുല്ലകളന്ന് പൂത്തതോ നിൻ നെടുവീർപ്പിൻ സുഗന്ധമോ ഞാൻ നുകർന്നീടുന്നു””..ഉമ്പായി പാടുകയാണ്.

അനാമികയിൽ അനുരാഗത്തിന്റെ നാളുകളിലെ ഓർമ്മകൾ മഞ്ചലിലേറിയെത്തി. ചുണ്ടിലൊരു ഇളം പുഞ്ചിരി വിരിഞ്ഞു.. ”

ഈ അടുത്ത കാലം വരെ അനുരാഗത്താൽ ഞാൻ ഉൾപുളകം കൊണ്ട നാളുകളായിരുന്നു. എന്റെ അശ്വിൻ.. എന്റെ മാത്രം അശ്വിൻ.. എന്തൊരു പ്രണയമായിരുന്നു..അല്ല..

അതിലും മുകളിൽ എന്തൊക്കെയോ ആയിരുന്നു”. അനാമിക ഓർമകളിൽ നീന്തി തുടിച്ചു. ചുണ്ടിന്റെ കോണുകളിൽ വിരിഞ്ഞ മന്ദഹാസം ഒന്ന് കൂടി വിടർന്നു.

അഞ്ചു മാസമായി അശ്വിനെ കാണാനില്ല. എവിടെ നിന്നോ വന്നു എവിടേക്കോ പോയ ഒരാളെ പോലെ.. ആകെ കയ്യിലുള്ളത് അശ്വിൻ എന്ന പേര് മാത്രം.

നാട് “പ്രഭാപുരം” ആണെന്നോ മറ്റോ അശ്വിൻ പറഞ്ഞതായി അനാമികക്ക് ചെറിയൊരോർമ്മയുണ്ട്. ആ പ്രഭാപുരത്തേക്കാണ് അനാമികയുടെ ഈ യാത്ര.

“മറക്കാൻ പലവട്ടം ശ്രമിച്ചു. കഴിയുന്നില്ല.മറക്കാൻ ശ്രമിക്കുന്തോറും കൂടുതൽ കൂടുതൽ എന്നെ അവനിലേക്കടുപ്പിക്കുന്ന പോലെ.. ആ നോട്ടവും ചിരിയും എന്റെ അകതാരിൽ

കിടന്നു പുളക്കുകയാണ്. ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ചു അവൻ എന്നെ തനിച്ചാക്കി എങ്ങോട്ട് പോയി”.? അനാമികയുടെ മനം ഓർമകളുടെ ചൂടിൽ വെന്തുരുകി.

അവൾ ഒരു ദീർഘ നിശ്വാസത്തോടെ ഒന്നുകൂടി ചാരിയിരുന്നു. അനാമികയുടെ കണ്ണുകൾ ആർദ്രമായി. “വ്യാർത്ഥമായ ഒരു യാത്രയാകുമോ ഇത്.?

അവനെ കണ്ടെത്താൻ കഴിയില്ലേ എനിക്ക്”.? അവളുടെ ഉള്ളകം അവളോട് ഇങ്ങനെ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരുന്നു.

“അവൻ എന്നെ ചതിച്ചതായിരിക്കുമോ?…ഇല്ല… അത് അവൻ ചെയ്യില്ല. ഉറപ്പാണ്. എന്തോ പറ്റിയതാണ് എന്റെ അശ്വിന്. അവന്റെ പ്രാണനാണ് ഞാനെന്ന് അവനെന്നോട് എത്ര തവണ പറഞ്ഞിട്ടിട്ടുണ്ട് ”

അനാമിക ആർദ്രമായ കണ്ണുകൾ തൂവാല കൊണ്ട് തുടച്ചു. അവൾ അലസ ഭാവത്തോടെ പുറത്തേക്ക് നോക്കി ഇരുന്നു. നേരം ശരിക്കും പുലർന്നു. താഴ്‌വാരം മഞ്ഞണിഞ്ഞു കൊണ്ടിരിക്കുന്നു.

തണുത്ത കാറ്റ് അവളുട മുടിയിഴകളെ പാറിപറത്തി. ദൂരെ ദൂരെ മാമലകൾ വെളുത്ത മേഘപാളികളിൽ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ നിൽക്കുന്നത് പോലെ തോന്നി അനാമികക്ക്..

“‘എന്റെ അശ്വിന്റെ നാട് ഇത്ര സുന്ദരമായിരുന്നോ… അവനെ പോലെ”..അവൾ ചിന്തിച്ചു .

“ഇനിയെത്ര ദൂരമുണ്ട് പ്രഭാപുരത്തേക്ക്”.? അനാമിക അടുത്തിരുന്ന യുവതിയോട് ചോദിച്ചു.ആ യുവതി വാച്ചിൽ നോക്കി..”സമയം ഏഴ് മണി ആയില്ലേ. ഒരു എട്ട് മണിയോടെ എത്തും”.ആ യുവതി അലസമായ മുഖഭാവത്തോടെ പറഞ്ഞു.

ബസ് എന്തിവലിച്ചു ചുരം കയറുകയാണ്. തണുപ്പ് കൂടി വരുന്നു. ഒരു കോട്ട് പോലും കയ്യിൽ കരുതിയില്ലല്ലോ എന്ന് അനാമിക ചിന്തിച്ചു.

അടുത്തിരുന്ന യുവതി അനാമികയെ സൂക്ഷിച്ചു നോക്കി. അവളുടെ തടിച്ച തുടകളിൽ ജീൻസ് ഇറുകി പിടിച്ചിരിക്കുന്നത് കണ്ട യുവതി എന്തോ അസ്വസ്ഥതപെട്ടു.

ബനിയനുള്ളിൽ തിങ്ങി നിറഞ്ഞ മാറിടങ്ങൾ കണ്ട അവരുടെ മുഖത്ത് അസൂയകലർന്നൊരു പുച്ഛഭാവം വിടർന്നു.

“”നിങ്ങൾ എങ്ങോട്ടാ””? യുവതി ചോദിച്ചു.അനാമിക പുറംകാഴ്ച്ചകളിൽ നിന്ന് കണ്ണെടുത്തു യുവതിയെ നോക്കി.

“”ഞാൻ പ്രഭാപുരത്തേക്ക്…നിങ്ങളോ””.? അനാമിക വിടർന്ന കണ്ണുകളോടെ പറഞ്ഞു .അവളുടെ പൂത്തുലഞ്ഞ സൗന്ദര്യം ആ യുവതിയിൽ വീണ്ടും അസൂയ ജനിപ്പിച്ചു.

“”ഞാനും പ്രഭാപുരത്തേക്ക് തന്നെ.. അവിടേക്ക് ഉല്ലാസയാത്ര പോവുകയാണോ നിങ്ങൾ.? ഒറ്റക്കാണോ.?”” യുവതി വീണ്ടും ചോദിച്ചു.

അനാമികയുടെ ചുണ്ടിൽ അവളറിയാതെ ഒരു പുഞ്ചിരി വിരിഞ്ഞു. അവൾ മൂകയായി വീണ്ടും പുറത്തേക്ക് നോക്കിയിരുന്നു.

“”അവർ ചോദിച്ചതിൽ എന്താ തെറ്റ്.. ഇത്ര സുന്ദരമായ ഒരു സ്ഥലത്തേക്ക് ഉല്ലാസത്തിനല്ലാതെ പിന്നെ എന്തിന് വരാൻ””. അനാമിക ചിന്തിച്ചു.

“”ഞാൻ ഒറ്റക്കാണ്. എന്റെ കാമുകനെ തേടിയിറങ്ങിയതാണ് പ്രഭാപുരത്തേക്ക്.”” അനാമികയുടെ സ്വരം ദൃഡ്ഡമായിരുന്നു.

ഇത് കേട്ട യുവതി ഒന്നു ഞെട്ടി. അത്ഭുതത്തോടെ അവളെ നോക്കിയിട്ട് ഒരൽപ്പം നീങ്ങിയിരുന്നു. അനാമിക വീണ്ടും പുറത്തേക്ക് നോക്കി.

കിഴക്കേ സൂര്യന്റെ ഇളംവെയിൽ ബസ്സിന്റെ ജനാല ച്ചില്ലിലൂടെ അവളുടെ ദേഹത്ത് പതിഞ്ഞു കൊണ്ടിരുന്നു..സുഖമുള്ളൊരു ചൂട് അവൾ ആസ്വദിച്ചു. അനാമിക നെറ്റിയിലേക്കിറങ്ങിയ മുടിയിഴകൾ കോതിയൊതുക്കി.

“”നിങ്ങൾ അറിയുമോ എന്റെ അശ്വിനെ..?. അവനെ കണ്ടിട്ടുണ്ടോ പ്രഭാപുരത്തു നിങ്ങൾ””? അനാമിക തിളങ്ങുന്ന കണ്ണുകളോടെ യുവതിയോട് ചോദിച്ചു.

അനാമികയുടെ ഈ ചോദ്യം യുവതിയിൽ എന്തൊക്കെയോ സംശയങ്ങൾ ഉണർത്തി. അവളുടെ ഭാവചേഷ്ടകൾ മതിഭ്രമം പിടിച്ച ഒരുവളേ പോലെ ആ യുവതിക്ക് തോന്നിച്ചു.

“”ഇല്ല…എനിക്കെങ്ങനെ അറിയാനാ””.. യുവതി പെട്ടെന്ന് മറുപടി പറഞ്ഞു.യുവതി പിന്നെ അനാമികയെ ശ്രദ്ധിച്ചതേ ഇല്ല. കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന തേയിലത്തോട്ടങ്ങൾ.

അതിൽ തേയില നുള്ളുന്ന പെണ്ണുങ്ങളെ അനാമിക കൗതുകത്തോടെ നോക്കിയിരുന്നു. ഇടക്കെപ്പോഴോ അവൾ അറിയാതെ മയങ്ങി പോയി.

“”ഏയ്‌.. ഇറങ്ങുന്നില്ലേ.. ബസ് ഇവിടെ വരെയേ ഉളളൂ””.അടുത്തിരുന്ന യുവതി തട്ടി വിളിച്ചപ്പോൾ അനാമിക ഞെട്ടിപിടഞ്ഞെഴുന്നേറ്റു.

“”പ്രഭാപുരം”..അവൾ ആ ഞെട്ടലോട് കൂടി തന്നെ ചോദിച്ചു.””ആ.. ഇത് തന്നെ..ഇറങ്ങിക്കോ””.യുവതി പറഞ്ഞു.

അനാമിക ധൃതിയിൽ എഴുന്നേറ്റു.അല്പം താഴേക്കിറങ്ങിക്കിടന്ന ജീൻസ്പാന്റ് വലിച്ചു കയറ്റി. ബാഗെടുത്തു മുതുകിലിട്ട് അവൾ ബസിൽ നിന്നിറങ്ങി.

അനാമിക ചുറ്റും നോക്കി. “പുതിയ നാട്.. തീരെ പരിചയമില്ലാത്ത സ്ഥലം.. എന്ത് ചെയ്യും.. എവിടെ നിന്നു തുടങ്ങും”.അവൾ ആലോചിച്ചു ദൂരേക്ക് നോക്കി നിന്നു.

“”നിങ്ങൾക്ക് പോലീസിന്റെ സഹായം തേടിക്കൂടെ. അവർക്ക് നിങ്ങളെ സഹായിക്കാൻ കഴിഞ്ഞേക്കും..

ഇനി ഒരു പക്ഷെ നിങ്ങളുടെ കാമുകൻ നിങ്ങളെ ചതിച്ചു കടന്നു കളഞ്ഞവൻ ആണെങ്കിൽ.”” കൂടെ യാത്ര ചെയ്ത യുവതി അടുത്തേക്ക് വന്നു പറഞ്ഞു.

അനാമികയുടെ ഉള്ളിൽ അരിശം നുരഞ്ഞു പൊന്തി. അത് കണ്ണുകളിലൂടെ തീയായി പുറത്തേക്ക് വമിച്ചു. തീപ്പൊരി പാറും കണ്ണുകളോടെ അവൾ ആ

യുവതിയെ നോക്കി പല്ല് ഞെരിച്ചു. യുവതി സ്വയം ഒതുങ്ങി. ചെറിയൊരു ഭയത്തോടെ അവർ അനാമികയെ നോക്കി.

“”ഇവൾക്ക് പ്രേമം മൂത്ത് ഭ്രാന്തായതാ””
ഇങ്ങനെ പിറുപിറുത്ത് ആ യുവതി വേഗം ജനക്കൂട്ടത്തിൽ അലിഞ്ഞു.

തണുപ്പ് അസ്ഥികളിലൂടെ തുളഞ്ഞു കയറുന്നു. നിര നിരയായി തൂക്കിയിട്ട ജാക്കറ്റുകളിൽ നിന്നൊരു ചുവപ്പ് കളർ ജാക്കറ്റ് അവൾ വാങ്ങി ദേഹത്തിട്ടു.

തണുപ്പ് തെല്ലൊന്ന് ക്ഷമിച്ചപോലെ അവൾക്ക് തോന്നി. രണ്ടു കയ്യും കൂട്ടി ഉരസ്സി കൊണ്ട് അവൾ മുന്നോട്ട് നടന്നു.

ഒരു ഹോട്ടലിൽ കയറി പ്രഭാത ഭക്ഷണം കഴിക്കുമ്പോഴും അവളുടെ ചിന്ത അതായിരുന്നു…”ആരോട് അന്വേഷിക്കും എന്റെ പ്രാണനെ.. എന്റെ അശ്വിനെ”..

എത്തും പിടിയും കിട്ടാതെ അലക്ഷ്യമായി നോക്കിക്കൊണ്ടവൾ ചൂടുള്ള ചായ മൊത്തി കുടിച്ചു കൊണ്ടിരുന്നു.

“കണ്ടെത്തണം.. കണ്ടെത്തിയേ പറ്റൂ..അല്ലെങ്കിൽ ഈ ഓർമ്മകൾ എന്നെ മരണം വരെ വേട്ടയാടും.” അവളുടെ മനസ്സ് മന്ത്രിച്ചു.

പ്രഭാപുരം എന്ന മനോഹര സുഖവാസ പട്ടണത്തിലൂടെ അവൾ നടന്നു. പട്ടണത്തിൽ തിരക്കേറി വരുന്നു. വിദേശികളും സ്വദേശികളുമായി ആളുകൾ

തലങ്ങും വിലങ്ങും നടക്കുന്നുണ്ട്. യുവമിഥുനങ്ങൾ കൈകോർത്തു കിന്നരിച്ചു നടക്കുന്നുണ്ട്

അനാമിക ആളുകൾക്കിടയിൽ അശ്വിന്റെ മുഖം തെരഞ്ഞു കൊണ്ടിരുന്നു.കാണുന്ന മുഖങ്ങളിൽ ഏതെങ്കിലും തന്റെ പ്രിയന്റേതായി ഉണ്ടോ എന്നവൾ നിരീക്ഷിച്ചു. ഇങ്ങനെ

നടക്കുന്നതിനിടയിൽ.. “പ്രഭാപുരം പോലീസ് സ്റ്റേഷൻ”…ഇങ്ങനെയൊരു ബോർഡിൽ അനാമികയുടെ കണ്ണുകൾ ഉടക്കി. ഒരു വേള അവൾ ആ യുവതി പറഞ്ഞത് ഓർത്തു. അവിടെ ഒന്നു

അന്വേഷിച്ചാലോ?. പോലീസിന് തന്നെ സഹായിക്കാൻ കഴിഞ്ഞാലോ..? അവൾ പോലീസ് സ്റ്റേഷൻ ലക്ഷ്യമാക്കി നടന്നു.

“”എനിക്ക് എസ് ഐ സാറിനെ ഒന്നു കാണണം””? അനാമിക സ്റ്റേഷന് മുമ്പിൽ നിന്നിരുന്ന ഒരു പോലീസുകാരനോട് ചോദിച്ചു.

“”അകത്തേക്ക് ചെന്നോളൂ.. സാർ കാബിനിൽ ഉണ്ട്””.ആ പോലീസുകാരൻ മറുപടി പറഞ്ഞു.

അനാമിക ചുറ്റുമൊന്നു നോക്കി. തിരക്കൊന്നുമില്ല സ്റ്റേഷനിൽ. നാലഞ്ചു പോലീസുകാർ അങ്ങിങ്ങ് നിൽക്കുന്നുണ്ട്. “പ്രഭാപുരത്തെന്താ കുറ്റകൃത്യങ്ങൾ കുറവാണോ”.? അവൾ വെറുതേ ചിന്തിച്ചു.
അനാമിക അകത്തേക്ക് കയറി.

“സബ് ഇൻസ്‌പെക്ടർ മാധവ് റാം”..ഇങ്ങനെ എഴുതിവെച്ച ഒരു മുറിയിലേക്ക് അവൾ ചെന്നു. മാധവ് റാം ഏതോ ഫയലിൽ നോക്കിയിരിക്കുകയായിരുന്നു.

മുടി പറ്റേ വെട്ടി, ക്‌ളീൻ ഷേവ് ചെയ്ത മുഖവുമായി ഒരു ചെറുപ്പക്കാരൻ.നല്ല വെളുത്തനിറം. മുഖത്ത് വെച്ച കണ്ണട അയാളുടെ ഭംഗി കൂട്ടുന്നതായി അവൾക്ക് തോന്നി

“”സാർ'”. അനാമിക പതുക്കെ വിളിച്ചു.എസ് ഐ മാധവ് റാം തലപൊക്കി നോക്കി… “”ഇരിക്കൂ””.അദ്ദേഹം പറഞ്ഞു.””പറയൂ…എന്താണ് പരാതി””.

“”സാർ.എന്റെ പേര് അനാമിക. ഞാൻ എന്റെ കാമുകനെ അന്വേഷിച്ചു വന്നതാണ്”” അനാമിക ധൃതിയിൽ പറഞ്ഞു.തണുപ്പ് കൊണ്ട് അവളുടെ താടിയെല്ലുകൾ കൂടിയിടിച്ചു.

മാധവ് റാം എന്തോ അതിശയം കേട്ടപോലെ അനാമികയെ നോക്കി.””കാമുകനെ അന്വേഷിച്ചു വരികയോ.?. ആദ്യമായിട്ടാണല്ലോ ഇങ്ങനെ ഒരു പരാതി””.മാധവ് റാം ചിരിച്ചു കൊണ്ട് പറഞ്ഞു.

അനാമികയുടെ മുഖം ദുഃഖസാന്ദ്രമാകുന്നതായി മാധവ് റാമിന് തോന്നി.

“”ഓക്കേ.. ശരി. നിങ്ങളുടെ നാട് എവിടെയാണ്.? എത്രകാലമായി കാണാതായിട്ട്.? ഇതിൽ പോലീസിന് ഒന്നും ചെയ്യാനില്ല. എന്നാലും പറഞ്ഞോളൂ””. അദ്ദേഹം മുഖത്ത് അല്പം ഗൗരവം വരുത്തിക്കൊണ്ട് ചോദിച്ചു.

“”സാർ.. എന്റെ നാട് ഉദയപുരമാണ്.
ആര്യനാട്ടിലെ ഒരു ബാങ്കിലാണ് എനിക്ക് ജോലി. താമസിക്കുന്ന ഹോസ്റ്റലിന്റെ അടുത്തൊരു വീട്ടിലാണ് അശ്വിൻ താമസിച്ചിരുന്നത്.

എന്നും ഞങ്ങൾ കണ്ണുകൊണ്ട് പ്രണയം പറയും.അവസാനം ഞാൻ തന്നെയാണ് സാർ പറഞ്ഞത് അവനോട് എന്റെ പ്രണയം. ആകർഷിക്കുന്ന ചിരിയുള്ളവനാ എന്റെ അശ്വിൻ.

തീക്ഷണമായ കണ്ണുള്ളവൻ.”” അനാമിക പ്രണയപൂർവ്വം വാചാലയായി. മാധവ് റാം അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കിയിരുന്നു.

“”സാർ.. ഞങ്ങൾ പ്രണയത്തിന്റെ ആഴകടലിൽ നീന്തി തുടിച്ചു. ആ പ്രേമം ഒരു വർഷം പിന്നിട്ടു … ഇപ്പൊ അഞ്ചു മാസമായി അവനെ കാണാനില്ല.

ഇനി അന്വേഷിക്കാൻ ബാക്കിയില്ല..അവൻ സമ്മാനിച്ച ഓർമ്മകൾ എന്നെ വേദനിപ്പിച്ചു കൊന്നുകൊണ്ടിരിക്കുകയാണ് സാർ.””

അനാമികയുടെ തൊണ്ട ഇടറി. അവൾ നിറഞ്ഞ മിഴികൾ തുടച്ചു.””ഇതൊക്കെ നിങ്ങൾ പറയുന്നതല്ലേ..തെളിവ് വല്ലതും ഉണ്ടോ””.?

“”സാർ.. ഇത്ര ക്രൂരനാണോ നിങ്ങൾ … എന്റെ നെഞ്ചിന്റെ ഉള്ളിൽ ഒരു ഉൾപ്പൂവുണ്ട്. അതിന്റെ തുടിപ്പാണ് എന്റെ പ്രണയത്തിന്റെ തെളിവ്. അതിലൂറുന്ന

തേൻ തുള്ളികൾക്ക് അവന്റെ രുചിയാണ്. അതിന്റെ പരിമളം അവന്റെ മണമാണ് “”. അനാമിക ഭ്രമം പിടിച്ചവളെ പോലെ പറഞ്ഞു കൊണ്ടിരുന്നു.

മാധവ് റാം ഉറക്കെ ചിരിച്ചു.””ഹഹഹഹ. ഇതോ തെളിവ്..?.എന്നാ ആ ഉൾപ്പൂവെടുത്ത് മേശപ്പുറത്ത് വെക്ക്. ഹഹഹഹ “‘. അയാൾ ചിരിച്ചു കൊണ്ടിരുന്നു.

“”ഒന്നു നിർത്താമോ ഈ കൊലച്ചിരി. അതിന് പറ്റുമെങ്കിൽ ഞാൻ എപ്പോഴേ എടുത്ത് മേശപ്പുറത്ത് വെക്കുമായിരുന്നു””. അവൾ വിങ്ങിപൊട്ടി.

മാധവ് റാം പെട്ടെന്ന് ചിരി നിർത്തി. അയാൾക്ക് എന്തൊക്കെയോ മനസ്സിലായി തുടങ്ങി.

“”ഹേയ്.. നിങ്ങൾ കരയാതിരിക്കൂ… ഞാൻ പറയട്ടെ… അയാൾ പോയപ്പോൾ നിങ്ങളെ വിളിച്ചില്ലേ. നിങ്ങളോട് ഒന്നും പറഞ്ഞില്ലേ. ഇത്ര വലിയ കമിതാക്കൾ ആയിട്ടും.””.? എസ്ഐ മാധവ് റാം അവളുടെ മുഖത്തേക്ക് തന്നെ നോക്കി ചോദിച്ചു.

അനാമിക കുറച്ചു നേരം മൗനമായി തലകുനിച്ചിരുന്നു. പിന്നെ അവൾ മാധവ് റാമിനെ നോക്കി “ഇല്ല” എന്നർത്ഥത്തിൽ തലയാട്ടി.

“”അതാണ്‌ സാർ.. എനിക്കും മനസ്സിലാകാത്തത്.. അവന് എന്തോ പറ്റിയിട്ടുണ്ട്… അതായിരിക്കും””…. അനാമികക്ക് മുഴുമിക്കാൻ ആയില്ല. അവളുടെ ചുണ്ടുകൾ വിതുമ്പി.

“”അനാമികാ. ചോദിക്കുന്നത് കൊണ്ടൊന്നും തോന്നരുത്. നിങ്ങൾ തമ്മിൽ ശാരീരിക ബന്ധം വല്ലതും…? മാധവ് റാം അവളുടെ കണ്ണിൽ തന്നെ നോക്കി ചോദിച്ചു.

അനാമിക പതുക്കെയൊന്നു മൂളി.””പല പ്രാവശ്യം…അവൻ കവർന്നെടുത്തതൊന്നുമല്ല. എല്ലാം ഞാനായിട്ട് നൽകിയതാണ്..

അവൻ ചോദിക്കാതെ തന്നെ ഞാൻ എന്നെ അവന് സമർപ്പിച്ചു.”” അനാമിക മാധവ് റാമിന്റെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ പറഞ്ഞു.

ആ കണ്ണുകളിൽ പ്രണയത്തിന്റെ അഗ്നിസ്പുലിന്ഗങ്ങൾ മിന്നി മറിയുന്നത് മാധവ് റാം തിരിച്ചറിഞ്ഞു.

“”സാറ്.. ഉദ്ദേശിച്ചത് എനിക്ക് മനസ്സിലായി.. നിരർത്ഥകമായ ഇരവാദം ഉന്നയിക്കാൻ എനിക്കാവില്ല സാർ””..അവൾ ഒരു പച്ചച്ചിരി ചിരിച്ചു കൊണ്ട് പറഞ്ഞു.മാധവ് റാമും ഒന്നു ഊറിചിരിച്ചു.

“”അവന്റെ മൊബൈൽ നമ്പർ. ഫോട്ടോ അങ്ങനെ എന്തെങ്കിലും കയ്യിൽ ഉണ്ടോ””?. മാധവ് റാം ചോദിച്ചു.

“”മൊബൈൽ നമ്പർ ഉണ്ടായിരുന്നു.പക്ഷെ.. അതിലെ സിംകാർഡ് എന്റെ കയ്യിലാണ്. അശ്വിന്റെ മൊബൈൽഫോണും എന്റെ കയ്യിലാണ്.

അവനെ കാണാതാകുന്നതിന്റെ രണ്ട് ദിവസം മുമ്പേ എന്നെ ഏൽപ്പിച്ചു പോയതാണ്. ഞാൻ വാങ്ങി കൊടുത്തതാണ് ആ മൊബൈൽ ഫോണും സിംകാർഡും…

ഇങ്ങനെ എന്നെ തനിച്ചാക്കി പോകാനാണ് അതെന്ന് എനിക്ക് മനസ്സിലായില്ല സാർ””. അനാമിക വിതുമ്പലടക്കാൻ കീഴ്ച്ചുണ്ട് കടിച്ചമർത്തി.

“”നിങ്ങൾ കരയാതിരിക്കൂ..പിന്നെ… ഈ അശ്വിന്റെ ജോലി ?. അയാൾക്ക് സ്വന്തമായി ഒരു മൊബൈൽ ഫോൺ പോലും ഇല്ല എന്നു പറയുമ്പോൾ””…? മാധവ് റാം ചോദ്യഭാവത്തോടെ അവളെ നോക്കി.

“”സാർ.. ഒരു തുണികടയിൽ ജോലിയുണ്ട്. എന്നാണ് എന്നോട് പറഞ്ഞത്. ആരും ഇല്ല എന്നൊക്കെ കേട്ടപ്പോൾ ഞാൻ… ആ.. അവനെ കാണാതായിട്ട് ഞാൻ അവിടെയുള്ള എല്ലാ തുണികടകളിലും

അന്വേഷിച്ചു. അങ്ങനെ ഒരാൾ അവിടെ ജോലി ചെയ്തിട്ടില്ല എന്നാണ് അറിഞ്ഞത്. ഒന്നുറപ്പാണ് സാർ അവൻ എന്നെ കബളിപ്പിച്ചിട്ടില്ല.”” അനാമിക പറഞ്ഞു.””അയാളുടെ വീട്.. വീട്ടുകാരൊക്കെ””? മാധവ് റാം വീണ്ടും ചോദിച്ചു.

“”അശ്വിൻ വളരെ അന്തർമുഖനായിരുന്നു സാർ. വീടിനേയും വീട്ടുകാരേയും കുറിച്ചു ചോദിക്കുമ്പോഴൊക്കെ അവൻ “എനിക്കാരുമില്ല” എന്നൊരു മറുപടിയിൽ ഒതുക്കും. അവന്റെ കണ്ണുകൾ നിറയും.

അവനെ സങ്കടപ്പെടുത്താൻ എനിക്കിഷ്ടമില്ല. അത് കൊണ്ട് ഞാൻ പിന്നെ അതിനെ കുറിച്ചു ചോദിച്ചിട്ടില്ല”‘ അവൾ പറഞ്ഞു.

“”അപ്പൊ അശ്വിന്റെ നാട്..ഇവിടെ പ്രഭാപുരത്താണ് എന്നെങ്ങനെ അനാമിക മനസ്സിലാക്കി”‘? മാധവ് റാം കസേരയിൽ നിന്നെഴുന്നേറ്റു കൊണ്ട് ചോദിച്ചു.

””അത് സാർ.. ഞങ്ങൾ മാത്രമുള്ള ഏതോ ഒരു സ്വകാര്യനിമിഷത്തിൽ അവൻ പറഞ്ഞതായി ചെറിയൊരോർമ്മയുണ്ട്.”” അനാമിക യാന്ത്രികമായി പറഞ്ഞു.

മാധവ് റാം അയാളുടെ മേശക്ക് ചുറ്റും നടന്നു. ലാത്തിയെടുത്ത് ഉള്ളം കയ്യിൽ വെറുതെ അടിച്ചു കൊണ്ടിരുന്നു. അവളുടെ അടുത്തേക്ക് വന്ന് അയാൾ പറഞ്ഞു.

“”അനാമികാ.. എനിക്ക് മനസ്സിലായിടത്തോളം അശ്വിൻ നിങ്ങളെ…നിങ്ങളെ ചതിച്ചിട്ട്””…

“”ഹേയ്… ഓഫീസർ.. നിർത്ത്.”” അനാമിക ഉറക്കെ അട്ടഹസിച്ചു.അവൾ കസേരയിൽ നിന്ന് ചാടി പിടഞ്ഞെഴുന്നേറ്റു.മാധവ് റാം പെട്ടെന്ന് ഞെട്ടി.

“”എന്റെ നിറഞ്ഞ മാറിടവും മുഴുത്ത നിതംബങ്ങളും കണ്ടിട്ടല്ല അവൻ എന്നെ സ്നേഹിച്ചതെന്നു ഞാൻ പറഞ്ഞു കഴിഞ്ഞൂ ഓഫീസർ. നിങ്ങൾക്കെന്നെ

സഹായിക്കാൻ പറ്റില്ലെങ്കിൽ അത് പറഞ്ഞോളൂ. അല്ലാതെ എന്റെ അശ്വിനെ കുറിച്ചു ഇല്ലാത്തത് പറയാൻ നിങ്ങൾക്കധികാരമില്ല മിസ്റ്റർ മാധവ് റാം””.

അനാമിക രോശത്താൽ നിന്ന് വിറച്ചു.. അഗ്നി സ്പുരിക്കുന്ന നോട്ടം.. ആ തണുപ്പിലും അവളുടെ നെറ്റിത്തടം വിയർത്തു.

“”ഹേയ്… അനാമിക…റിലാക്സ്.. റിലാക്സ്.. നിങ്ങൾ അവിടെ ഇരിക്കൂ.. പ്ലീസ്'” മാധവ് റാം പതുക്കെ പറഞ്ഞു. അവൾ കസേരയിൽ ഇരുന്നു

അവളുടെ അലർച്ച കേട്ട് മറ്റു പോലീസുകാർ വന്നെത്തി നോക്കി. അയാൾ അവരോട് പോവാൻ ആംഗ്യം കാട്ടി.മാധവ് റാം കസേരയിൽ വന്നിരുന്നു.

“”അനാമികാ…നിങ്ങളുടെ വികാരം ഞാൻ മനസ്സിലാക്കുന്നു. എത്രത്തോളം നിങ്ങൾ അയാളെ സ്നേഹിക്കുന്നുണ്ട് എന്നും എനിക്ക് മനസ്സിലായി.. ഞാൻ ഒരു നിഗമനം പറഞ്ഞന്നേ ഉള്ളൂ.

അത് സത്യമായിക്കൊള്ളണം എന്നില്ലല്ലോ. സത്യമാവാതിരിക്കട്ടെ എന്നു തന്നെയാണ് എന്റെയും പ്രാർത്ഥന””.മാധവ് റാം ചിരിച്ചു കൊണ്ട് പറഞ്ഞു.

അയാൾ കമ്പ്യൂട്ടറിൽ എന്തൊക്കെയോ തിരഞ്ഞു. അനാമിക അയാളെ തന്നെ നോക്കിയിരുന്നു.

“”അനാമികാ.. ഇത് കേസെടുത്ത് അന്വേഷിക്കാനാവില്ല. എന്നാലും ഞാൻ എന്റെതായൊരു ശ്രമം നടത്തി നോക്കാം. ഏതായാലും അശ്വിൻ എന്ന പേരിൽ ഈ സ്റ്റേഷനിൽ നിലവിൽ ഒരു കേസും ഇല്ല.

നിങ്ങൾ സമാധാനമായി പൊയ്ക്കോളൂ. നിങ്ങളുടെ ഫോൺനമ്പർ തരൂ. എന്തെങ്കിലും വിവരം കിട്ടിയാൽ ഞാൻ വിളിക്കാം””. മാധവ് റാം ചിരിച്ചു കൊണ്ട് പറഞ്ഞു.

“”വളരെ നന്ദിയുണ്ട് സാർ””.അനാമിക കൈകൂപ്പി കൊണ്ട് പറഞ്ഞു. അവളുടെ ഫോൺനമ്പർ എഴുതി കൊടുക്കുമ്പോൾ മിഴിക്കോണുകളിൽ കണ്ണീർ നിറഞ്ഞു തുളുമ്പി. അവൾ പോകാൻ വേണ്ടി എഴുന്നേറ്റു.

“”അശ്വിനെ തിരിച്ചറിയാൻ വല്ല അടയാളവും””…?. മാധവ് റാം അല്പം സന്ദേഹത്തോടെ ചോദിച്ചു.അവൾ ചിരിച്ചു.

“”നല്ല ഭംഗിയുണ്ട് സാർ കാണാൻ. ദൃഢമായ ശരീരം. തിങ്ങിയ താടി. തോളു വരെ നീട്ടി വളർത്തിയ മുടി. വെളുത്തിട്ടാണ്.. പിന്നെ… തൊണ്ടകുഴിയിൽ ഒരു

കാക്കാപുള്ളിയുണ്ട്. നെഞ്ചിലൊരു കറുത്ത മറുകുമുണ്ട്. ഇത് രണ്ടും അവന്റെ ചന്തം കൂട്ടുന്നുണ്ട്.””അനാമിക വീണ്ടും വാചാലയായി.

മാധവ് റാം ഒന്നു പൊട്ടി ചിരിച്ചു.””ശരി.. ശരി..പൊയ്ക്കോളൂ.. ഞാൻ വിളിക്കാം””…അയാൾ പറഞ്ഞു.അവൾ ബാഗുമെടുത്തു നടന്നു.””അനാമികാ.. ഒരു മിനുട്ട്””..മാധവ് റാം വിളിച്ചു.

“”നിങ്ങൾ ഇങ്ങോട്ട് പോന്നത് വീട്ടിൽ അറിയുമോ””..?””ഇല്ല സാർ.. എനിക്ക് അമ്മ മാത്രമേ ഉളളൂ.. ഞാൻ ആര്യനാടാണെന്നാണ് അമ്മയുടെ വിശ്വാസം… ഇനി.. സാറ്..?

“”ഹേയ്.. ഇല്ല.. പേടിക്കേണ്ട…ഞാൻ പറയില്ല…ധൈര്യമായിട്ട് പൊയ്ക്കോ..പിന്നേ.. വേറൊരു കാര്യം അറിയാത്ത നാടാണ്. പോരാത്തതിന് ടൂറിസ്റ്റ് പ്ലേയ്സും..

തന്നെപോലെ സുന്ദരിയായൊരു പെണ്ണ്..ഒറ്റയ്ക്ക് “”..? മാധവ് റാം ഉത്കണ്ഠാ ഭാവത്തോടെ അവളെ നോക്കി ചോദിച്ചു.

“”അത് സാറ് പേടിക്കേണ്ട.. എന്നെ സൂക്ഷിക്കാൻ എനിക്കറിയാം””.അനാമിക ചിരിച്ചു കൊണ്ട് പറഞ്ഞു.

“”ഓക്കേ.. ഓക്കേ.. ഓൾ ദി ബെസ്റ്റ്”‘.അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു.

അനാമിക ഒരു ലോഡ്ജിൽ മുറിയെടുത്തു. കുളിച്ചു വസ്ത്രം മാറി. വിശാലമായ കട്ടിലിൽ മലർന്നു കിടക്കുമ്പോഴും മനസ്സ് അസ്വസ്ഥമായിരുന്നു. കടിഞ്ഞാൺ പൊട്ടിയ കുതിര കണക്കേ ഓർമ്മകൾ പുറകോട്ട് പാഞ്ഞു.

“അശ്വിനോളം ഞാൻ ആരെയും സ്നേഹിച്ചിട്ടില്ല. എന്താണിങ്ങനെ അവനെയോർത്തു മനസ്സ് നീറിപുകയുന്നത്. എവിടെ അവൻ..?.

എനിക്കവനെ കണ്ടെത്താൻ കഴിയില്ലേ.?. അനുരാഗമേ നിനക്കിത്ര തീക്ഷ്ണതയോ .. അനുഭൂതികളിൽ നിന്നോളം വരുമോ വേറെ എന്തെങ്കിലും..ഓർമ്മകൾ ചിലപ്പോൾ തേനോളം മധുരിക്കും..

ചിലപ്പോൾ കാഞ്ഞിര കുരുവോളം കയ്ക്കും.. ഇത് രണ്ടും മാറിമാറി വന്ന് അസഹനീയമായപ്പോഴാണ് ഞാൻ നിന്നെ തേടിയിറങ്ങിയത്…പ്രിയനേ.. നീ എവിടെയാണ് “..അനാമിക ചിന്തകളിൽ

ഊഞ്ഞാലാടി. ചുണ്ടിലൊരു തൂമന്ദഹാസം വിടർന്നു.
“എനിക്ക് ഭ്രമം ബാധിച്ചോ ..ഈ വിരഹത്തിൻ ചൂടെന്നെ ഒരു ചിത്തരോഗിയാക്കുമോ””..? അവൾ ചിരിച്ചു കൊണ്ട് ഓർത്തു.

അവൾ കമ്പിളി പുതപ്പെടുത്തു പുതച്ചു. സുഖമുള്ളൊരു ഇളംചൂട് അനാമികയേ പൊതിഞ്ഞു. “ഈ ചൂടേൽക്കാൻ അവൻ ഉണ്ടായിരുന്നെങ്കിൽ”… അവൾ വെറുതെ

കൊതിച്ചു. ഇടക്കെപ്പോഴോ അവൾ ഉറങ്ങി പോയി. എഴുന്നേറ്റപ്പോൾ സമയം ഉച്ചയായിരിക്കുന്നു. അനാമികാ ഭക്ഷണം കഴിച്ചു പുറത്തിറങ്ങി

ഒരു ടാക്സി പിടിച്ചു പോയി എല്ലായിടത്തും അവൾ അശ്വിനെ തെരഞ്ഞു. അവനെ കണ്ടെത്തിയില്ല. അങ്ങനെ ഒരു ദിവസം കടന്നു പോയി. മാധവ് റാം വിളിച്ചില്ല. എവിടെ നിന്നും ഒരു വിവരവും കിട്ടിയില്ല.

അവളിൽ കൊടിയ മോഹഭംഗം കുടിയേറി.കടുത്ത നിരാശയിലേക്ക് അവളുടെ ആത്മാവ് വീണു. അനാമിക പ്രതീക്ഷകൾ വീണുടഞ്ഞ വെറും ഉടല് മാത്രമായി ലോഡ്ജ് റൂമിൽ രണ്ട് ദിവസം കൂടി തള്ളി നീക്കി.

പിറ്റേന്ന് രാവിലെ എസ് ഐ മാധവ് റാം അനാമികയെ വിളിച്ചു. അവൾ ജിജ്ഞാസ പൂർവ്വം ഫോണെടുത്തു. അവൾ വിറക്കുന്നുണ്ടായിരുന്നു.

“”ഹലോ.. എന്തായി സാർ.. എന്റെ അശ്വിനെ കണ്ടോ.. വല്ല വിവരവും കിട്ടിയോ””?. അവൾ കിതച്ചുകൊണ്ട് ചോദിച്ചു.

“”അനാമിക…വേഗം സ്റ്റേഷൻ വരെ ഒന്നും വരുമോ?. നമുക്കൊരിടം വരെ പോകാനുണ്ട്””.മാധവ് റാം ഇത്രയും പറഞ്ഞു ഫോൺ വെച്ചു.

അനാമിക വേഗം വസ്ത്രം മാറി. റൂം വെക്കേറ്റ് ചെയ്തു ഒരു ടാക്സി പിടിച്ചു പോലീസ് സ്റ്റേഷനിൽ എത്തി. സ്റ്റേഷന്റെ മുമ്പിൽ തന്നെ മാധവ് റാം കാത്തു നിൽക്കുന്നുണ്ടായിരുന്നു. അവൾ ടാക്സി കൂലി കൊടുത്ത് അയാളുടെ അടുത്തേക്ക് ഓടി.

“”സാർ.. ഞാനെത്തി.. എവിടെയാണ് സാർ അശ്വിനുള്ളത്. നമുക്ക് വേഗം പോകാം””.അവൾ അണക്കുന്നുണ്ടായിരുന്നു.കണ്ണുകൾ തുറിച്ചിരുന്നു.

“”ആദ്യം അനാമിക ഒന്നു സമാധാനിക്കൂ. നിങ്ങളുടെ ഈ നോട്ടം എന്നെ ഭയപ്പെടുത്തുന്നു.”” മാധവ് റാം പറഞ്ഞു.

അവൾ നിശബ്ദയായി. ചുണ്ടിൽ കൃത്രിമമായൊരു ചിരി വിരിയിച്ചു കൊണ്ടവൾ അയാളെ നോക്കി.

“”കേൾക്കൂ അനാമിക.. അയാൾ ആണോ എന്നെനിക്കുറപ്പില്ല. നിങ്ങൾ പറഞ്ഞ അടയാളങ്ങളും മറ്റും വെച്ചു നോക്കുമ്പോൾ ചെറിയൊരു സംശയം… പിന്നെ.. അവിടെ എത്തും വരെ എന്നോട്ട്

എങ്ങോട്ടാണെന്ന് മാത്രം ചോദിക്കരുത്.അങ്ങനെ ആണെങ്കിൽ മാത്രം ജീപ്പിൽ കയറിക്കോളൂ. മാധവ് റാം പറഞ്ഞു.

അനാമിക ചെറുതായി ഒന്നു മൂളി. അവൾ ജീപ്പിൽ കയറിയിരുന്നു. മാധവ് റാം ചിരിച്ചു കൊണ്ട് ജീപ്പിൽ കയറി വണ്ടി സ്റ്റാർട്ട്‌ ചെയ്തു.

“”എന്റെ കൂടെ ഒറ്റയ്ക്ക് വരാൻ തനിക്ക് പേടിയില്ലെന്ന് എനിക്കറിയാം. എന്നാലും ചോദിക്കട്ടെ. ഒരു വനിതാ കോൺസ്റ്റബിളിനെ കൂട്ടണോ? ”

” മാധവ് റാം ചോദിച്ചു.അതിനും അവൾ മറുപടി പറഞ്ഞില്ല. “വേണ്ട” എന്നർത്ഥത്തിൽ തലയാട്ടി.

ജീപ്പ് പതുക്കേ ചുരമിറങ്ങി തുടങ്ങി. നല്ല തണുപ്പുണ്ട്. അനാമിക മൂകയായി പുറത്തേക്ക് നോക്കിയിരുന്നു. മാധവ് റാം ഗൗരവ മുഖഭാവത്തോടെ മുന്നിലോട്ട് തന്നെ നോക്കി പതുക്കെ വണ്ടി ഓടിച്ചു.

“ദൈവമേ.. എന്റെ അശ്വിൻ ആകണേ അത്.. കാണാൻ പറ്റാത്ത സാഹചര്യത്തിൽ ഒന്നും അവനെ കാണരുതേ”.അനാമിക കണ്ണടച്ചു അകതാരിൽ പ്രാർത്ഥിച്ചു.

അനാമിക ഒരിക്കൽ പുറത്ത് നിന്ന് കണ്ണെടുത്തു മാധവ് റാമിനെ നോക്കി. ഒരു ദൈവദൂതനെ പോലെ അയാളെ അനാമികക്ക് തോന്നി.

“”സാറിന്റെ കുടുംബം””..? അനാമിക മൗനം ഭഞ്ജിച്ചു.മാധവ് റാം അവളെ നോക്കിയൊന്ന് ചിരിച്ചു. പിന്നെ മുമ്പിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.

“”ഞാൻ കല്യാണം കഴിച്ചിട്ടില്ല.. വീട്ടിൽ അമ്മയും അച്ഛനും ഒരനിയനുമുണ്ട്. വിവാഹം നോക്കുന്നുണ്ട്.””

അനാമികയും ഒന്നു ചിരിച്ചു.””ഈ ഡ്രസ്സിൽ നിങ്ങൾ നന്നായിരിക്കുന്നു”” മാധവ് റാം പറഞ്ഞു.

“”നന്ദി സാർ.. നിങ്ങളും മോശമൊന്നുമല്ല””.അനാമിക ചിരിച്ചുകൊണ്ട് പറഞ്ഞു.

ജീപ്പ് സാവധാനം ചുരമിറങ്ങുകയാണ്. വളവുകളും തിരുവുകളും അവളെ അങ്ങോട്ടും ഇങ്ങോട്ടും ആട്ടി ഉലച്ചു. അവൾ വീണ്ടും ചിന്തയിൽ മുഴുകി. തല ചാരി വെച്ചു ഇരുന്നു.

അവർ മലയടിവാരതെത്തി… ജീപ്പ് ഒരു നീണ്ട പാതയിലേക്ക് കയറി. മാധവ് റാം വണ്ടിയുടെ വേഗം കൂട്ടി. അനാമിക കണ്ണ് തുറന്ന് പുറത്തേക്കു നോക്കി. ഏതോ ഒരു കടയുടെ നെയിം ബോർഡിൽ “അമരാവതി” എന്നു കണ്ടു.

“”അതേ… ദാ.. നമ്മൾ എത്തി””.എന്നും പറഞ്ഞു അയാൾ ജീപ്പ് ഒരു കവാടത്തിലൂടെ ഓടിച്ചു കയറ്റാൻ തുടങ്ങി.

“അമരാവതി സെൻട്രൽ ജയിൽ”.ആ കാവടത്തിൽ എഴുത്തി വെച്ച പേര് കണ്ട് അനാമിക ഞെട്ടി. എന്റെ അശ്വിൻ ജയിലിലോ..?..അവൾ പിറുപിറുത്തു.

നെഞ്ചിടിപ്പ് കാതിൽ കേൾക്കാൻ തുടങ്ങി. അവൾക്ക് ഒന്നും മാധവ് റാമിനോട് ചോദിക്കാനായില്ല. വാക്കുകൾ തൊണ്ടയിൽ കുരുങ്ങി.ജീപ്പ് ജയിൽ മുറ്റത്തു ചെന്നു നിന്ന്. “”ഇറങ്ങ് അനാമികാ””.അയാൾ പറഞ്ഞു.

അനാമിക നിറഞ്ഞ കണ്ണുകളുമായി, ഒരു സ്വപ്നാടനത്തിൽ എന്ന പോലെ വണ്ടിയിൽ നിന്നിറങ്ങി. “”എന്റെ കൂടെ വരൂ””.മാധവ് റാം മുന്നോട്ട് നടന്നു.

അവൾ പരിഭ്രമത്തോടെ ചുറ്റുപാടും നോക്കികൊണ്ട് അയാളുടെ പുറകെ നടന്നു. അവളെ അയാൾ ഒരു വിസിറ്റിംഗ് റൂമിൽ കൊണ്ടുപോയിരുത്തി.

“”ഇവിടെ ഇരിക്ക്..ഞാൻ ഇപ്പൊ വരാം””.മാധവ് റാം പറഞ്ഞു.അവളുടെ നിറഞ്ഞ കണ്ണുകൾ അയാൾ കണ്ടില്ലെന്ന് നടിച്ചു നടന്നു നീങ്ങി. അയാൾ ജയിൽ സൂപ്രണ്ടിന്റെ ഓഫീസിലേക്ക് പോയി.

“”സാർ.. ഞാൻ പറഞ്ഞ ആള് വന്നിട്ടുണ്ട്. അവർക്ക് അശ്വിനെ ഒന്നു കാണാൻ””…?.””ആ.. താങ്കൾ ഇരിക്ക്.ഞാൻ ഒന്നു നോക്കട്ടെ””.സൂപ്രണ്ട് കമ്പൂട്ടറിൽ പരതി.

“”അശ്വിൻ.. മുപ്പത്തിരണ്ട് വയസ്സ്. സ്ഥലം പ്രഭാപുരം””. സൂപ്രണ്ട് കമ്പ്യൂട്ടറിൽ നിന്ന് കണ്ണെടുക്കാതെ ഉറക്കെ വായിച്ചു. അദ്ദേഹം ഒന്നു ഉറക്കെ മൂളി. പിന്നെ മാധവ് റാമിനു നേരെ തിരിഞ്ഞു.

“”കേസ് മറ്റേതാ.. കഞ്ചാവ് കടത്ത്.. ആര്യനാട് നിന്നാണ് ആളെ പൊക്കിയത്. അഞ്ചു മാസത്തോളമായി ഇവിടെയുണ്ട്. ബന്ധുക്കൾ ആരുമില്ലെന്ന് തോന്നുന്നു. ആരും അന്വേഷിച്ചു വന്നിട്ടില്ല””സൂപ്രണ്ട് പറഞ്ഞു.

“”സാർ.. എങ്ങനെയാണ് ശിക്ഷ.””? മാധവ് റാം ചോദിച്ചു.””ജാമ്യമില്ലാ കുറ്റമല്ലേ മാധവ്.. മൂന്ന് വർഷം കഠിന തടവാണ്””.സൂപ്രണ്ട് പറഞ്ഞു.മാധവ് റാം താഴേക്ക് നോക്കിയൊന്ന് മൂളി.

“”സാർ.. ഏറ്റവും കൗതുകം എന്താണെന്ന് വെച്ചാൽ ഇത് തന്നെയാണോ നമ്മുടെ കക്ഷി അനാമിക പറയുന്ന അശ്വിൻ എന്നു ഒരുറപ്പുമില്ല എന്നതാണ്.”” റാം മാധവ് ആശ്ചര്യത്തോടെ പറഞ്ഞു.

“”ശരി.. ഏതായാലും അവരൊന്നു കണ്ടു നോക്കട്ടെ. ഞാനും കൂടെ വരാം. എനിക്കും കാണണം. ആ പ്രണയിനിയെ”” സൂപ്രണ്ട് ചിരിച്ചു കൊണ്ട് പറഞ്ഞു.

ഇരുവരും അനാമികയെ ഇരുത്തിയ റൂമിലേക്ക് നടന്നു.””എന്നാലും മാധവ്.. ഇങ്ങനെയുമുണ്ടോ പ്രണയം””..? സൂപ്രണ്ട് നീണ്ട വരാന്തയിലൂടെ നടക്കുന്നതിനിടെ ചോദിച്ചു.

മാധവ് റാം ചിരിച്ചു.
അനാമിക ചുവരിലേക്ക് തല ചായ്ച്ച് ചിന്തകളിൽ മുഴുകി ഇരിക്കുകയായിരുന്നു. കണ്ണുകൾ നിറഞ്ഞിരുന്നു.””അനാമിക വരൂ””..സൂപ്രണ്ടാണ് വിളിച്ചത്.

അവൾ പകച്ചു കൊണ്ട് അയാളെ നോക്കി. ഒപ്പം മാധവ് റാമിനെ കണ്ടപ്പോൾ അവളുടെ പകപ്പ് മാറി.

അവൾ നീണ്ട ഒരു വരാന്തയിലൂടെ മാധവ് റാമിന്റെയും ജയിൽ സൂപ്രണ്ടിന്റെയും കൂടെ പതുക്കെ നടന്നു. വരാന്തയുടെ അറ്റത്തുള്ള ഒരു കസേരയിൽ അവളെ ഇരുത്തി. സൂപ്രണ്ട് അവിടെ ഉണ്ടായിരുന്ന പോലീസുകാരനോട് എന്തോ പറഞ്ഞു.

അയാൾ എഴുന്നേറ്റു പോയി. രണ്ടു വനിതാ പോലീസുകാർ മാധവ് റാമിന്റെ അടുത്ത് വന്നു നിന്നു. അനാമിക തിരിഞ്ഞു അയാളെ നോക്കി. അയാൾ പേടിക്കേണ്ട എന്നർത്ഥത്തിൽ കണ്ണിറുക്കി കാണിച്ചു.

നിമിഷങ്ങൾ കടന്നു പോയി. അശ്വിൻ പതുക്കെ നടന്നു വന്നു.. കമ്പിയഴികളിൽ പിടിച്ചു നിന്ന് വിറയ്ക്കുന്ന ശബ്ദത്തോടെ അവൻ വിളിച്ചു. “”അനൂ…അനൂ””.

അനാമിക തലപൊക്കി നോക്കി. അശ്വിൻ..എന്റെ ജീവൻ.. പ്രിയതമൻ.. എന്നെ വിളിച്ചിരിക്കുന്നു… അവൾക്ക് വാക്കുകൾ കിട്ടുന്നില്ല. ചിരിയുടേയും കരച്ചിലിന്റെയും ഇടക്കുള്ള ഏതോ ഒരു

ഭാവത്തോടെ അവൾ അവനെ നോക്കി. മുടി പറ്റേ വെട്ടിയിരിക്കുന്നു.. താടി ഷേവ് ചെയ്തിരിക്കുന്നു.. അവൻ പ്രതീക്ഷയോടെ വിടർന്ന മുഖവുമായി അവളെ തന്നെ നോക്കി നിന്നു.

“”സാർ.. സാർ.. ഇതാണ് അശ്വിൻ.. എന്റെ അശ്വിൻ….ഞാൻ.. “”? അനാമിക നിറഞ്ഞ കണ്ണുകളോടെ തേങ്ങിക്കൊണ്ട് മാധവ് റാമിനോട് പറഞ്ഞു.””പോ.. പോയി സംസാരിക്ക്””.അയാൾ പറഞ്ഞു.

അവൾ ഓടി.. അവന്റെ അടുത്തേക്ക്.. കമ്പികളിൽ മുറുക്കി പിടിച്ച അവന്റെ കൈകളിൽ അവൾ അമർത്തി പിടിച്ചു. നെറ്റി നെറ്റിയിൽ മുട്ടിച്ചു.

“”അശ്വിൻ.. എന്താ ഇത്.. എന്താ എന്നോട് മിണ്ടാതെ പോയത്.. എന്ത് പറ്റി അശ്വിൻ നിനക്ക്””.? അനാമിക കരച്ചിലടക്കാൻ പാട് പെട്ടുകൊണ്ട് ചോദിച്ചു.

“”അനൂ.. ഞാൻ എന്നോ അതൊക്കെ നിർത്തിയതാണ്. ഇപ്പോ ഞാൻ പെട്ട് പോയി അനൂ…പോലീസ് അടുത്തെത്തിയപ്പോൾ ഞാൻ… നിന്നോട്

ഞാൻ എന്ത് പറയാനാ അനൂ.. നീ എങ്കിലും എന്നെ വിശ്വസിക്കില്ലേ..എനിക്കാരും ഇല്ല അനൂ..നീ അല്ലാതെ””. അശ്വിൻ തേങ്ങി തേങ്ങി കരഞ്ഞു..

ഇരുവരും ഇണ കുരുവികളെ പോലെ സംസാരിച്ചു കൊണ്ടിരുന്നു. അവന്റെ കൈവിരലുകളിൽ അവൾ മുത്തമിട്ടു.

“”അനാമിക സമയം കഴിഞ്ഞു. വാ. നമുക്ക് പോകാം””. മാധവ് റാം അവരുടെ അടുത്തേക്ക് വന്നു പറഞ്ഞു.

അവൾ ദയനീയമായി അയാളെ നോക്കി. അവൾ പോരാൻ കൂട്ടാക്കിയില്ല. വനിതാ പോലീസുകാർ അവളെ പിടിച്ചു വലിച്ചു.

“”അശ്വിൻ.. ഞാൻ കാത്തിരിക്കും.. നിനക്കായി..””അവൾ ഉറക്കെ വിളിച്ചു പറഞ്ഞു.

“”ഞാൻ വരും അനൂ.. ഉറപ്പായും വരും””.അശ്വിനെ പിടിച്ചു വലിച്ച പോലീസുകാരിൽ നിന്നും കുതറി കൊണ്ടവൻ ഉറക്കെ പറഞ്ഞു…

അനാമികയും മാധവ് റാമും തിരികെ മടങ്ങുകയാണ്. ഇരുവരും ഒന്നും മിണ്ടിയില്ല. അവളിൽ എന്തോ പറയാൻ പറ്റാത്ത ഒരു വികാരമാണ്.. സന്തോഷമാണോ..അതോ സങ്കടമാണോ.. അവൾക്കറിയില്ല..ജീപ്പ് അടിവാരത്തെത്തിയപ്പോൾ മാധവ് റാം വണ്ടി നിർത്തി.

“”അനാമിക ഇവിടെ ഇറങ്ങിക്കോ.. ഇവിടെ നിന്ന് നാട്ടിലേക്കുള്ള ബസ് കിട്ടും. ഇനി വീണ്ടും ചുരം കയറേണ്ട..നിന്റെ ആഗ്രഹം നടന്നില്ലേ. ഇനി വേഗം വീട്ടിൽ പൊയ്ക്കോ.. അമ്മയെ കാണ് “”..മാധവ് റാം പറഞ്ഞു.

അവൾ ചിരിച്ചു..നിറഞ്ഞൊരു പുഞ്ചിരി അയാൾക്ക് സമ്മാനിച്ചു കൊണ്ട് അവൾ ഇറങ്ങി.

“”ഇനിയും വരണം.. പ്രഭാപുരത്തേക്ക്.. ഹണിമൂണിന് പറ്റിയ സ്ഥലമാ.. കൂടെ അശ്വിനും വേണം””. അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു.

അവളും ചിരിച്ചു.””മറക്കില്ല.. സാർ. ഞാൻ നിങ്ങളെ.”” അവൾ ചരിതാർഥ്യത്തോടെ പറഞ്ഞു.

മാധവ് റാം ചിരിച്ചു. “”പോട്ടെ””എന്നു പറഞ്ഞുകൊണ്ട് അയാൾ വണ്ടി വേഗത്തിൽ പായിച്ചു. അയാളുടെ മുഖത്ത് ഒരു ചിരി വിരിഞ്ഞു.

” എന്നാലും ഇങ്ങനെയുമുണ്ടോ പ്രണയം”.മാധവ് റാം മനസ്സിൽ പറഞ്ഞു. ആ ജീപ്പ് പ്രഭാപുരം പോലീസ് സ്റ്റേഷൻ ലക്ഷ്യമാക്കി ചീറി പാഞ്ഞു..ശുഭം… നന്ദി.

.

Leave a Reply

Your email address will not be published. Required fields are marked *