എന്റെ മോൻ കഷ്ടപ്പെട്ട് അധ്വാനിച്ചുണ്ടാക്കിയതാണ് ആ പണം ബാക്കിയുള്ളതെല്ലാം അവൾക്ക് തന്നെ കൊടുത്തു എടുക്കട്ടെ

(രചന: J. K)

“”” നീ കൊണം പിടിക്കത്തില്ലടീ എരണംകെട്ടവളെ”””‘എന്നവർ ശപിച്ചു പോകുമ്പോൾ അവർ വാങ്ങിക്കൊടുത്ത വസ്ത്രങ്ങളും മറ്റും അവരുടെ മുഖത്തേക്ക് എറിഞ്ഞു കൊടുക്കുകയായിരുന്നു അവൾ..

പ്രിയ””””അതൊന്നും എടുക്കാതെ ഒന്നു നോക്കുകപോലും ചെയ്യാതെ അമ്മ അവിടെ നിന്നും നടന്നു നീങ്ങി…

അറിയാമായിരുന്നു തന്റെ മകൻ എല്ലാം തകർന്ന് വീട്ടിൽ ഇരിപ്പുണ്ടാകും എന്ന് അവർ വേഗം, വന്ന ഓട്ടോറിക്ഷയിൽ കയറി സ്വന്തം വീട്ടിലേക്ക് നടന്നു….

ഒരുമാസം മുമ്പ് തന്റെ മകൻ, ഗോകുൽ ഏറെ സന്തോഷിച്ചാണ് തന്നോട് വന്ന് പറഞ്ഞത് ഒരു പെൺകുട്ടിയെ അവൻ ഇഷ്ടമാണ് എന്ന് അവളുടെ പേര് പ്രിയ എന്നാണ് എന്ന് അത് കേട്ട് അവനെ അത്ഭുതത്തോടെ നോക്കി….

ആരോടും വളരെ സ്നേഹത്തോടെ പെരുമാറുന്ന പ്രകൃതമാണ്…. ഒരു പാവം… അവന് അമ്മ എന്ന് വെച്ചാൽ ജീവനാണ്..

ഒരിക്കൽപോലും അവന്റെ ഒരു ആഗ്രഹങ്ങളും ആ അമ്മ സാധിച്ചു കൊടുക്കാതെ ഇരുന്നിട്ടില്ല ചെറുപ്പത്തിൽ അച്ഛൻ മരിച്ചതിനുശേഷം അമ്മ അടുത്ത വീടുകളിൽ എല്ലാം ജോലിക്ക് പോയാണ് അവനെ വളർത്തിയത്.

ആ ബോധ്യം അവനും ഉണ്ടായിരുന്നു…. അതുകൊണ്ടുതന്നെയാണ് അവൻ ഒരിക്കലും ഒന്നിനും അമ്മയെ ബുദ്ധിമുട്ടിക്കാതെ ഇരുന്നിട്ടുള്ളത്….

ഒരു മുട്ടായി പോലും വേണമെന്ന് പറഞ്ഞ് അവൻ ചെറുപ്പത്തിൽ വാശി പിടിച്ചിട്ടില്ല അമ്മയുടെ ഇല്ലായ്മയും വയ്യായ്മയും എല്ലാം കണ്ട് മനസ്സിലാക്കിയാണ് അവൻ വളർന്നത്…

അതുകൊണ്ടുതന്നെ സഹജീവികളോട് കാരുണ്യവും സ്നേഹവും മറ്റാരെക്കാളും കൂടുതലായിരുന്നു അവന്..

അവനെ ഒരു പെൺകുട്ടിക്ക് ഇഷ്ടമായി എന്ന് പറഞ്ഞതിൽ അത്ഭുതമൊന്നും ഇല്ലായിരുന്നു ആ അമ്മയ്ക്ക്….

ആ കുട്ടിക്ക് അർഹിക്കുന്ന സ്നേഹവും ബഹുമാനവും തന്റെ മകൻ കൊടുക്കും എന്ന് അവർക്ക് ഉറപ്പുണ്ടായിരുന്നു…

അതുകൊണ്ടുതന്നെ ആരാ എന്താ എന്നൊന്നും വല്ലാതെ ചോദിക്കാൻ പോയില്ല പക്ഷേ അവൻ തന്നെ ഇങ്ങോട്ട് പറഞ്ഞു അവിടെ അവൻ ജോലി ചെയ്യുന്നതിനടുത്തുള്ള ഒരു ഡോക്ടറുടെ ക്ലിനിക്കിൽ റിസപ്ഷനിൽ ഇരിക്കുന്ന കുട്ടിയാണ് എന്ന് ..

“”” എന്റെ കുഞ്ഞിന് ഇഷ്ടമായാ അമ്മയ്ക്കും ഇഷ്ടമാണ് “””എന്ന് മാത്രമായിരുന്നു പറഞ്ഞത് കാരണം ഒരുമിച്ച് ജീവിക്കേണ്ടത് അവരാണ് ഇനി തന്റെ കാലം കഴിഞ്ഞാലും….

അവൻ പറഞ്ഞത് പ്രകാരമാണ് അവളുടെ വീട്ടിൽ പോയി വളയിടൽ ചടങ്ങ് നടത്തിയത് അവരുടെ വീട്ടുകാർക്കും പൂർണ്ണ സമ്മതമായിരുന്നു…

പിന്നെ അവൻ നിലത്തൊന്നുമല്ലായിരുന്നു എത്ര സന്തോഷമായിരുന്നു എപ്പോഴും അവളെ ഫോൺ ചെയ്യും

അവൻ സംസാരിച്ചു തീരുമ്പോൾ അമ്മയ്ക്ക് കൊടുക്കും തേനിൽ പുരട്ടിയ അവളുടെ വാക്കുകൾ കേട്ട് അമ്മയും അഭിമാനിച്ചിരുന്നു എന്റെ കുഞ്ഞ് തെരഞ്ഞെടുത്ത ആള് തെറ്റിയില്ല എന്ന് ഓർത്ത്….

അവൾക്ക് വിവാഹം കഴിഞ്ഞാൽ ഏതൊക്കെയോ കോഴ്സ് ചെയ്യണം എന്ന് അവനോട് പറഞ്ഞത് കേട്ടിരുന്നു നിന്റെ ഇഷ്ടം പോലെ എന്തുവേണമെങ്കിലും

പഠിച്ചോളാൻ ഉള്ള സ്വാതന്ത്ര്യം നിനക്ക് വിവാഹം കഴിഞ്ഞും ഉണ്ടാകും എന്ന് അവൻ പറയുന്നതും കേട്ടു…

അന്നേരത്തൊക്കെ മകനെ യോർത്ത് അഭിമാനമാണ് തോന്നിയത്…വിവാഹം എന്ന പേര് പറഞ്ഞ് ഒരു പെൺകുട്ടിയുടെ മോഹങ്ങൾ തളച്ചിടുക അവളെ അവളുടെ ആഗ്രഹങ്ങൾ സഫലമാക്കാൻ കൂടെ നിൽക്കുകയല്ലേ എന്നോർത്ത്…

ഇതിനിടയിലാണ് അവന്റെ മുഖം വല്ലാതെ മാറിയത് ശ്രദ്ധയിൽപ്പെടുന്നത്… കുറെ ചോദിച്ചിട്ടും അവനൊന്നും പറഞ്ഞില്ല പണ്ടത്തെ ഉത്സാഹം ഒന്നും അവനെ കാണാഞ്ഞപ്പോൾ എന്താണെന്ന് വളരെ ഭയപ്പെട്ടിരുന്നു ഒരിക്കൽ അവൻ കരഞ്ഞുകൊണ്ട് പറഞ്ഞു…

“”””””പ്രിയ…അവൾക്ക് മറ്റൊരാളെ ഇഷ്ടമാണെന്ന് “””കേട്ടതും ആകെ ഒരു മരവിപ്പ് ആയിരുന്നു അവനോട് പ്രണയമാണ് എന്ന് പറഞ്ഞവൾ…. അവന്റെ എല്ലാമെല്ലാം ആണെന്ന്

എന്നോട് പറഞ്ഞവൾ…അവനെ പൊന്നുപോലെ നോക്കും എന്ന് എനിക്ക് ഉറപ്പു തന്നവൾ അവൾക്ക് മറ്റൊരാളുമായി പ്രണയമോ?

ഞാൻ അവനെ കുറെ ചീത്ത പറഞ്ഞു എല്ലാം നിന്റെ തോന്നലാണ് എന്ന് പറഞ്ഞു അല്ല എന്ന് പറഞ്ഞ് അവൾ അയച്ച മെസ്സേജ് എനിക്ക് അവൻ കാണിച്ചു തന്നു അതിൽ അവൾ അയച്ചിട്ടുണ്ട്,

അവൾക്ക് മറ്റൊരാളുമായി ഇഷ്ടമുണ്ടെന്നും അവൾ ഈ വിവാഹത്തിൽ നിന്ന് പിന്മാറുകയാണ് എന്നും….

ഒന്നും മനസ്സിലാവാതെ ഞാൻ അവനെ നോക്കി അവൾ വർക്ക് ചെയ്യുന്ന ക്ലിനിക്കിൽ പുതുതായി വന്ന ഡ്യൂട്ടി ഡോക്ടറാണ് കക്ഷി….

ഒരു കർണാടകക്കാരൻ അവനെക്കാൾ എന്തുകൊണ്ടും നല്ലൊരു ബന്ധം…. അയാൾ അവളോട് ഇഷ്ടമാണ് എന്ന് പറഞ്ഞപ്പോൾ അവൾ എല്ലാം മറന്നു… എന്റെ മോനെ… അവന്റെ സ്നേഹം എല്ലാം…

അവന്റെ വിഷമം കണ്ടിട്ട് വെറുതെ ഇരിക്കാൻ തോന്നിയില്ല അതുകൊണ്ടാണ് അത്രയിടം വരെ ചെന്നതും അവളോട് നേരിട്ട് സത്യം അറിയാൻ ശ്രമിച്ചതും…

അതാണ് ഇപ്പോൾ കണ്ടത് അപമാനിച്ചിറക്കി വിട്ടു അവൻ കൊടുത്ത സമ്മാനങ്ങളും ഞാൻ ഇടിച്ച വളയും എനിക്ക് വലിച്ചെറിഞ്ഞിട്ട് തന്നു വള ഞാൻ എടുത്തു കൊണ്ടുവന്നു

കാരണം എന്റെ മോൻ കഷ്ടപ്പെട്ട് അധ്വാനിച്ചുണ്ടാക്കിയതാണ് ആ പണം ബാക്കിയുള്ളതെല്ലാം അവൾക്ക് തന്നെ കൊടുത്തു എടുക്കട്ടെ അവന്റെ കണ്ണീരോളം വില അതിനോന്നും ഇല്ലല്ലോ….

വീട്ടിൽ ചെന്നപ്പോൾ കണ്ടത് ആകെ തകർന്നിരിക്കുന്നവനെയാണ്..ഞാൻ ചെന്നപ്പോൾ ഉണ്ടായതെല്ലാം അവൻ ചോദിച്ചറിഞ്ഞു എല്ലാം പറഞ്ഞപ്പോൾ അവൻ എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു അവൻ ഇനി ജീവിച്ചിരിക്കുന്നില്ല എന്ന് പറഞ്ഞു….

അവനെ സ്നേഹിക്കുന്നു എന്ന് പറഞ്ഞവൾ അവനെക്കാൾ ഭേദപ്പെട്ട മറ്റൊരാളെ കണ്ടപ്പോൾ അങ്ങോട്ട് ചാടിയവൾ അവൾക്ക് വേണ്ടി നീ മരിക്കാൻ പോവുകയാണെങ്കിൽ എനിക്ക് നിന്നോട് ഒന്നും പറയാനില്ല….

അതെന്റെ വിധിയാണെന്ന് കരുതി ഞാൻ സഹിച്ചോളാം എന്ന് അവനോട് ഞാൻ പറഞ്ഞു…..അത് കേട്ടപ്പോൾ അവൻ ഒന്നടങ്ങി. ഞാൻ അവനോട് പറഞ്ഞു…

ഇപ്പോൾ വിഷമം തോന്നും ആർക്കും അതിൽ ഒരു അളവ് പോലും കുറയ്ക്കാൻ കഴിയില്ല ഏത് സാന്ത്വന വാക്കുകളും നിന്നെ ഇപ്പോൾ സമാധാനിപ്പിക്കില്ല…..

പക്ഷേ ഒന്നുണ്ട് നിന്റെ ഈ മുറിവ് മനസ്സിൽ നിന്ന് പാടെ മായ്ക്കാൻ കഴിവുള്ള ഒന്ന് അതാണ് മോനെ സമയം”””””….സമയത്തിന് മായ്ക്കാൻ കഴിയാത്ത മുറിവുകളും വേദനയും ഈ ലോകത്തില്ല….

അങ്ങനെയൊന്നും ഇല്ലായിരുന്നുവെങ്കിൽ ഈ ലോകത്ത് ആർക്കും ജീവിക്കാൻ പോലും കഴിയുമായിരുന്നില്ല….. എത്രയോ വിഷമമുള്ള ആളുകൾ പോലും എല്ലാം മറന്ന് ജീവിക്കുന്നില്ലേ..

ഇപ്പോഴത്തെ ഈ പ്രതിസന്ധിഘട്ടം കഴിഞ്ഞാൽ നിനക്കും നല്ല നാളുകൾ വരും നീയും എല്ലാം മറക്കും…

ഒരു നല്ല കുട്ടി നിനക്കായി എവിടെയെങ്കിലും കാത്തിരിപ്പുണ്ടാവും അതല്ല ഇപ്പോഴത്തെ വിഷമമാണ് വലുതെന്ന് കരുതി അവൾക്ക് വേണ്ടി

നിന്റെ വിലപ്പെട്ട ജീവിതം നഷ്ടപ്പെടുത്താൻ ആണ് നിന്റെ ഭാവം എങ്കിൽ ഇനി അമ്മയ്ക്ക് ഒന്നും പറയാനില്ല….

അങ്ങനെ നീ ചെയ്താലും ഒരിറ്റു കണ്ണീര് പോലും എന്റെ കണ്ണിൽ നിന്ന് വരികയില്ല കാരണം നിനക്ക് എന്നോട് സ്നേഹം ഇല്ല എന്നാണ് അതിനർത്ഥം അല്ലെങ്കിൽ നീ എനിക്ക് വേണ്ടിയെങ്കിലും ജീവിക്കും….

ഇത്രയും പറഞ്ഞു അമ്മ അകത്തേക്ക് പോയി. അവൻ അവിടെ തന്നെ ഇരുന്നിരുന്നു കുറെ നേരം അതേപോലെ കുറച്ചു കഴിഞ്ഞ് അവൻ അകത്തേക്ക് വന്നു അവന്റെ മുഖത്ത് പഴയ പ്രസരിപ്പ് ഇപ്പോൾ ഉണ്ട് എന്ന് അമ്മയ്ക്ക് തോന്നി….

ശരിയായിരുന്നു.. അവൻ അമ്മയെ കെട്ടിപ്പിടിച്ചു പറഞ്ഞു അമ്മ കൂടെയുള്ളപ്പോൾ എനിക്ക് എല്ലാം സഹിക്കാൻ പറ്റും…

അവൾ പോയതിൽ എനിക്ക് നല്ല വിഷമമുണ്ട് പക്ഷേ എന്നെ പരിഗണിക്കാത്തവർക്ക് വേണ്ടി ഞാൻ വിഷമിച്ചിരിക്കുന്നതിൽ എന്താണ് കാര്യം….എന്റെ അമ്മയ്ക്ക് വേണ്ടി ഞാൻ ഇനി ജീവിക്കും… ആ പഴയ ഗോകുലായി…

സ്നേഹത്തോടെ അമ്മ മകനെ ചേർത്ത് നിർത്തുമ്പോൾ അവർ സകല ദൈവങ്ങളോടും പ്രാർത്ഥിച്ചിരുന്നു അവന്റെ വിഷമത്തിന്റെ അളവ് കുറയ്ക്കാൻ വേണ്ടി….

Leave a Reply

Your email address will not be published. Required fields are marked *