അവൾ ഒരു ചെക്കനുമായി സംസാരിച്ചു നിൽക്കുമ്പോൾ ഞാൻ അവളെയും അവൾ എന്നെയും കണ്ടതാണ്. എന്നെ കണ്ടതും ആളെ

(രചന: Pratheesh)

ടാ നിമീറേ, നിന്റെ പെങ്ങൾ നൃന്ദക്ക് മുഖത്ത് മാസ്ക്ക് ഉണ്ടെന്നുള്ള ധൈര്യമാണ്… ഇന്നലെ ടൗണിൽ വെച്ച്
അവൾ ഒരു ചെക്കനുമായി സംസാരിച്ചു നിൽക്കുമ്പോൾ ഞാൻ അവളെയും അവൾ എന്നെയും കണ്ടതാണ്.

എന്നെ കണ്ടതും ആളെ മനസിലാവേണ്ടന്നു വിചാരിച്ച് അവൾ മാ സ്ക്ക് ഒന്നു കൂടി മൂക്കിനു മുകളിലേക്ക് കയറ്റിയിട്ടു അവളുടെ വിചാരം എനിക്കവളെ മനസിലായിട്ടില്ല എന്നാണ്,

അതുകൊണ്ടു തന്നെ അവൾക്കൊരു കൂസലുമുണ്ടായില്ല, എനിക്കാണേൽ അവളെ ഒറ്റ നോട്ടത്തിൽ തന്നെ മനസിലായി, എതായാലും നീ അവളെ ഒന്ന് സൂക്ഷിച്ചേക്ക്.

നിമീർ സുഹൃത്തായ സിറിളിന്റെ കൂടെയുള്ളപ്പോഴാണ് അവരുടെ തന്നെ സുഹൃത്തായ വില്ലി ഈ കാര്യം പറഞ്ഞത്.

വില്ലി പറയാൻ വന്നത് പറഞ്ഞു പോയതും നിമീറിനോട് സിറിൾ പറഞ്ഞു,എടാ ആരും അറിയാതെ വേണം നീയിത് നൃന്ദയോടു സംസാരിക്കാൻ വീട്ടിലറിഞ്ഞാലും നാട്ടുകാരറിഞ്ഞാലും പ്രശ്നമാണ്. വളരെ കെയർഫുൾ ആയി വേണം ഈ പ്രശ്നം പരിഹരിക്കാൻ.

എതായാലും വില്ലി കണ്ടതു കൊണ്ട് കുഴപ്പമില്ല മറ്റാരെങ്കിലും ആയിരുന്നെങ്കിൽ നാട്ടുകാരു പറഞ്ഞായിരിക്കും നമ്മൾ അറിയുക,

എന്നാൽ സിറിൾ അത്രയൊക്കെ പറഞ്ഞിട്ടും നിമീർ ഒന്നും പറഞ്ഞില്ല,പെങ്ങളായ നൃന്ദയോട് ഈ കാര്യങ്ങളെ എങ്ങിനെ അവതരിപ്പിക്കും എന്ന വേവലാതിയാണ് നിമീറിനുള്ളിലുള്ളതെന്ന് മനസിലാക്കിയ സിറിൾ വീണ്ടും അവനോടു പറഞ്ഞു,

നീ ചുമ്മാ വേവലാതി പെടേണ്ട കാര്യമൊന്നുമില്ല നിനക്ക് നൃന്ദയോട് ഈ കാര്യം സംസാരിക്കാൻ പ്രയാസമുണ്ടെങ്കിൽ ഞാൻ തന്നെ അവളോട് ഇതേപ്പറ്റി സംസാരിച്ചോള്ളാം നീ അതിനേക്കുറിച്ചോർത്ത് പേടിക്കണ്ട.

അതു കേട്ടതും നിമീർ ചോദിച്ചു,എന്തിന്?നിമീറിന്റെ ആ ചോദ്യം സിറിളിൽ വലിയ ആശ്ചര്യമാണ് സൃഷ്ടിച്ചത്, അതു കൊണ്ടു തന്നെ ഉള്ളിലെ സംശയം തീർക്കാനായി സിറിൾ വീണ്ടും നിമീറിനോടു ചോദിച്ചു,

അപ്പോൾ ഈ കാര്യങ്ങളൊക്കെ അറിഞ്ഞിട്ടും അവളോട് ഇതിനേ പറ്റി ഒന്നും ചോദിക്കണ്ടായെന്നാണോ നീ പറഞ്ഞു വരുന്നത്?

അതെ…നിമീറിന്റെ മറുപടിയും വളരെ പെട്ടന്നായിരുന്നു,അതു കേട്ടതും സിറിൾ “ഇവനിതെന്താ പറ്റിയേ? “എന്ന സംശയചിന്തയോടെ നിമീറിനെ തന്നെ നോക്കവേ നിമീർ സിറിളിനോടു പറഞ്ഞു,

“അതിനവിടെ പറയത്തക്ക വലിയ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലല്ലോ?
പിന്നെന്തിനാണ് അവളോട് ചോദിക്കുന്നത്?”

“പ്രശ്നം ഉണ്ടായിട്ടില്ലെന്നോ? അപ്പോൾ വില്ലി കണ്ടു എന്നു പറയുന്ന കാര്യങ്ങൾ കളവാണെന്നാണോ നീ പറഞ്ഞു വരുന്നത്?

നമ്മുടെയൊരു സുഹൃത്ത് നമ്മുടെ പെങ്ങളെ പറ്റി യാതൊരുറപ്പുമില്ലാതെ ഇത്തരം കാര്യങ്ങൾ വന്നു പറയുമെന്ന് തോന്നുന്നുണ്ടോ നിനക്ക്?”

“വില്ലി കണ്ടു എന്നു പറഞ്ഞ കാര്യങ്ങൾ ശരി തന്നെയായിരിക്കാം,എന്നാൽ അവനെ കണ്ടും അവൾ ഭയപ്പെട്ടില്ലന്നു മാത്രമല്ല പകരം അവൾ കൂടെയുള്ളവനുമായുള്ള സംസാരം തുടരുകയും ചെയ്തു,

അവൾ യാതൊരു ഭയവുമില്ലാതെ അവനോടു സംസാരം തുടർന്നെങ്കിൽ അതിനർത്ഥം അവൾ തെറ്റു ചെയ്യുകയായിരുന്നില്ല എന്നല്ലെ?

ഇത്തരം ഒന്നു സന്ദർഭത്തിൽ ആരായാലും ഭയം കൊണ്ട് അവിടുന്ന് എങ്ങിനെയെങ്കിലും മുഖം രക്ഷിക്കാൻ ശ്രമിക്കുമെന്നിരിക്കേ അവൾ അതിനും ശ്രമിച്ചില്ല എന്നതു തന്നെ അവളുടെ പ്രവർത്തി ശരിയായിരുന്നു എന്നല്ലെ അതു കാണിക്കുന്നത്?

“അപ്പോൾ വില്ലി പറഞ്ഞതെല്ലാം തെറ്റയിരുന്നു എന്നതാണോ? “” വില്ലി കണ്ട കാര്യം ശരിയായിരിക്കാം എന്നാൽ അവൻ നൃന്ദയേ പറ്റിയും അവിടെ നടക്കുന്നതായും മനസിൽ വിചാരിച്ച കാര്യങ്ങൾ അതുതന്നെ ആയിരിക്കണമെന്നില്ലാല്ലോ? എന്നാണു പറഞ്ഞത്”

നിമീർ അതെല്ലാം പറഞ്ഞിട്ടും അവൻ പറഞ്ഞ രീതിയിൽ ആ കാര്യങ്ങളൊന്നും സിറിളിന് മനസിലാക്കാനും അംഗീകരിക്കാനും സാധിച്ചില്ല,
അതു മനസിലാക്കിയ നിമീർ അവനെ നോക്കി പിന്നേയും പറഞ്ഞു,

അവൾ അവിടെ തെറ്റായി ഒന്നും ചെയ്തില്ലെന്ന് അവന്റെ വാക്കുകളിൽ നിന്നു തന്നെ മനസിലാക്കാവുന്നതാണ്,

എന്നാൽ ഇനി അതല്ല വില്ലി കരുതിയതു പോലെ തന്നെ അവൾ അവൾക്ക് ഒരു പ്രത്യേക താൽപ്പര്യമുള്ളൊരാളോട് സംസാരിക്കുകയായിരുന്നു എന്നു തന്നെ കരുതുക അങ്ങിനെയാണെങ്കിലും അതിലിപ്പോൾ എന്താണ് ഇത്ര വലിയൊരു തെറ്റ്?

തുടക്കക്കാലങ്ങളിൽ മാ സ്ക്കിട്ട ഒരാളെ പെട്ടന്ന് തിരിച്ചറിയാൻ വലിയ പാടായിരുന്നു ഇന്ന് നമ്മളവരെയെല്ലാം മാസ്ക്കിട്ടു കണ്ടു കണ്ട് എല്ലാവരേയും എല്ലാവർക്കും മനസിലായി തുടങ്ങിയിട്ടുണ്ട്

അതു കൊണ്ടാണ് വില്ലിക്കും അവളെ പെട്ടന്നു മനസിലായത്, അതു പോലെ നൃന്ദക്കും വില്ലിയെ മനസിലായിട്ടുണ്ട്,

എന്നിട്ടും അവളിൽ പരിഭ്രമമൊന്നും ഉണ്ടായിട്ടില്ലെങ്കിൽ അവളുടെ ഒപ്പമുള്ള കൈകൾ ഉറപ്പുള്ളവയാണെന്ന് അവൾക്ക് വ്യക്തമാണ്.

അവൾ ആ കൈകളെ ഉറച്ചു വിശ്വസിക്കുന്നുണ്ടെന്നതും വ്യക്തമാണ്,
അതിനെ നമ്മൾ തടയാൻ ശ്രമിക്കുന്നത് അവളുടെ അവകാശങ്ങൾക്കു മേലേക്കുള്ള കടന്നു കയറ്റം കൂടിയാണ്.

നിമീറിന്റെ ആ വാക്കുകൾ പിന്നെയും കുറച്ചാശ്ചര്യത്തോടെയാണ് സിറിൾ കേട്ടത്,

ഒരാങ്ങള പെങ്ങളെ കുറിച്ച് പറയേണ്ട വാക്കുകളാണോ ഇതെന്നുള്ള രീതിയിൽ നിമീറെനെ നോക്കിയതും അതു മനസിലാക്കി നിമീർ സിറിളിനോടു പറഞ്ഞു,

സിറിളേ നമ്മൾ ജീവിക്കുന്നത് തൊണ്ണൂറുകളിലല്ല രണ്ടായിരമാണ്ടിലാണ്.എനിക്ക് ഒരു പെണ്ണിനോട് ഇഷ്ടം തോന്നാനും അതവളോട് തുറന്നു പറയാനും അവൾക്കും അതിൽ താൽപ്പര്യമുണ്ടെങ്കിൽ അവളോടൊപ്പം സമയം ചിലവഴിക്കാനും

സംസാരിക്കാനും അവകാശമുണ്ടെങ്കിൽ അതിനെല്ലാം ഇന്ന് നൃന്ദക്കും അവളെ പോലെ ഏതൊരു പെൺകുട്ടിക്കും അവകാശമുണ്ടെന്ന് നമ്മളും മനസിലാക്കണം,

നൃന്ദ അവൾക്കിഷ്ടമുള്ള ഒരുവനോട് സംസാരിക്കുന്നു ആ സംസാരം വഴി അവൾ അവനെ അറിയാനല്ലെ ശ്രമിക്കുന്നത് അതെങ്ങനെ ഒരു തെറ്റാവും?

സിറിൾ ഒരിക്കലും പ്രതീക്ഷിച്ച വാക്കുകൾ ആയിരുന്നില്ല നിമീറിന്റെ നാവിൽ നിന്നു പുറത്തു വന്നു കൊണ്ടിരിക്കുന്നതെന്നു കണ്ട അവനിലെ ആശ്ചര്യം പിന്നെയും കൂടി,

അതൊന്നും ശ്രദ്ധിക്കാതെ നിമീർ പിന്നെയും അവനോടു പറഞ്ഞു,ഒരു പെൺകുട്ടിയെ ഇഷ്ടപ്പെടുന്ന നമ്മൾ അവൾ അവളുടെ വീട്ടുകാരേ വിട്ടിട്ടു പോലും നമ്മളോടൊപ്പം ഇറങ്ങി വരണം എന്നാഗ്രഹിക്കും,

അവൾ ഇനി നമ്മളോടൊപ്പം വന്നില്ലെങ്കിൽ നമ്മളവളെ തേപ്പുകാരി ആയി മുദ്രകുത്തും.

എന്നാൽ നമ്മുടെ പെങ്ങൾ ആരേയെങ്കിലും സ്നേഹിക്കാനോ അവനോടൊപ്പം പോകാനോ പാടില്ല,

ഇനി അങ്ങിനെ ഒരു ബന്ധം അവൾക്ക് ഉണ്ടെങ്കിൽ തന്നെ അവനെ മറന്ന് വീടു വിട്ടു അവനോടൊപ്പം പോകാതിരുന്നാൽ നമ്മൾക്കവൾ ഏറ്റവും ഉത്തമയായവൾ.

ഇതെവിടുത്തെ ന്യായമാണ്?നിമീറിന്റെ ചോദ്യങ്ങൾക്കു മുന്നിൽ ശരിക്കും ഉത്തരമില്ലാതെ കുഴങ്ങിയത് സിറിളാണ്,വീണ്ടും സിറിളിനെ നോക്കി നിമീർ പറഞ്ഞു,

നമ്മുടെ കുഴപ്പമെന്താണെന്നറിയോ?
നമ്മൾ ഒരു സ്ത്രീയേയും ഒരു സ്വതന്ത്ര വ്യക്തി ആയല്ല കാണുന്നത് പകരം അവർ നമുക്ക് എന്നും എപ്പോഴും പെങ്ങളും, മകളും, ഭാര്യയും, അമ്മയും ഒക്കെയാണ്.

അവർ ഒരോർത്തരും ഇന്ന തരത്തിലുള്ളവർ ആയിരിക്കണം എന്നൊരു മുൻധാരണ നമ്മളിൽ മിക്കവരും അവരേക്കുറിച്ച് വെച്ചു പുലർത്തുനുണ്ട്,

അതിനെ മറി കടന്ന് അവർ ആരെങ്കിലും എന്തെങ്കിലും ചെയ്യുമ്പോൾ നമുക്കത് ഉൾക്കൊള്ളാൻ കഴിയാതെ വരുന്നത് അതു കൊണ്ടാണ്.

നമ്മളേ പോലെ ഇഷ്ടമുള്ളതു ചെയ്യാൻ അവകാശമുള്ള ഒരു വ്യക്തിത്വം അവരിലും ഉണ്ടെന്നുള്ളതു ഉൾക്കൊള്ളാനുള്ള മനസിന്റെ വിശാലത പോലും നമ്മളിൽ പലർക്കുമില്ലെന്നുള്ളതാണ് ഒരു നഗ്നസത്യം.

അതു കൊണ്ടൊക്കെയാണ് പല സ്ത്രീകൾക്കും പല വിധത്തിലും ആ ചട്ടക്കൂടുകളൊക്കെ പൊളിച്ചു മാറ്റേണ്ടി വരുന്നത്,

അങ്ങിനെ ആരെങ്കിലും ഒക്കെ ചെയ്യുമ്പോൾ അവരെ നമ്മൾ സ്വകാര്യമായി അഹങ്കാരി എന്നും വിളിക്കുന്നു,

മറ്റൊരു പ്രശ്നം നമ്മളിൽ പലരും ഒരു പെൺകുട്ടിയേ സ്നേഹിക്കുമ്പോൾ നൂറു ശതമാനം ആത്മാർത്ഥതയോടെ ആണ് നമ്മളവളെ സ്നേഹിക്കുന്നതെന്ന ഒരു തോന്നലും മിക്കവരിലും ഉണ്ടാവാറുണ്ട്.

എന്നാൽ നമ്മുടെ പെങ്ങൾ മറ്റൊരാളെ സ്നേഹിക്കുമ്പോൾ അവരെ കുറിച്ചും അതെ ആത്മാർത്ഥതയിൽ പൊതിഞ്ഞ ഒരു ചിന്ത എന്തു കൊണ്ട് നമ്മളിൽ കടന്നു വരുന്നില്ലാ?

അതു പോലെ നമ്മൾ ഒരു പെൺകുട്ടിയെ സ്നേഹിക്കുമ്പോൾ നമ്മുടെ സഹോദരിമാർ മിക്കവരും നമ്മളെ സപ്പോർട്ട് ചെയ്യുന്നത് പതിവാണ്,

അങ്ങിനെ വരുമ്പോൾ നമ്മുടെ പെങ്ങളെ സ്നേഹിക്കുന്നവന്റെ സഹോദരി അവനെയും സപ്പോർട്ട് ചെയ്യുന്നുണ്ടാവുമെന്ന് നമ്മൾ ഒാർക്കാറുണ്ടോ ?

ഇരുവശങ്ങളിലും പെങ്ങളുമാർ ഒരേ പോലെയാണ് മിക്ക ആങ്ങളമാരുടെയും ഇഷ്ടങ്ങളെ പരിഗണിക്കുന്നത് കാരണം പെങ്ങളുമാർക്കു നമ്മളെ പൂർണ്ണവിശ്വാസമുണ്ട് എന്നാൽ നമ്മൾക്ക് അവരേ അത്തരത്തിലുള്ള ഒരു വിശ്വാസമുണ്ടോ?

നിമീറിന്റെ ചോദ്യങ്ങൾക്ക് എന്തു മറുപടി പറയണം എന്നറിയാതെ നിൽക്കുന്ന സിറിളിന്റെ തോളിൽ പതിയേ തട്ടികൊണ്ട്,

മാറണം സിറിളേ, ചിന്തകളിൽ മാത്രമല്ല പ്രവർത്തികളിലും കാഴ്ച്ചപാടുകളിലും എല്ലാം ആ മാറ്റം വരണം, വരും !
വരാതിരിക്കില്ല, വന്നില്ലെങ്കിൽ അവരു തന്നെ പടിപടിയായി ആ മാറ്റം കൊണ്ടു വരും.

ആണും പെണ്ണും എന്ന തരത്തിലുള്ള ചിന്തയാണ് മാറേണ്ടത്, പകരം തുല്യ പ്രാധാന്യമുള്ളവരായി പരസ്പരം നോക്കി കാണാൻ നമ്മൾ ഒരോർത്തരുക്കും കഴിയണം.

നമ്മുടെയൊക്കെ മനസിന്റെ വലുപ്പമില്ലായ്മയേ കുറിച്ചു മനസിലാക്കാൻ ഒരു കാര്യം കൂടി പറയാം,

നമ്മൾ ബൈക്കിൽ യാത്ര ചെയ്യുമ്പോൾ ആരെങ്കിലും ഒക്കെ നമ്മളെ ഒാവർടെക്ക് ചെയ്തു പോകുന്നതിനിടയിൽ

എതെങ്കിലും ഒരു പെൺകുട്ടി മറ്റൊരു വണ്ടിയിൽ നമ്മളേ ഒന്ന് ഒാവർടെക്ക് ചെയ്തു കടന്നു പോയാൽ അപ്പോൾ നമുക്കുള്ളിൽ കിടന്ന് നമ്മുടെ ആണത്വം തിളച്ചു മറിയാൻ തുടങ്ങും,

“ആഹാ അവൾ അത്രക്കായോ? എന്ന ചിന്തയോടെ പിന്നെ അവളെ എങ്ങിനെയെങ്കിലും മറി കടന്ന് പിന്നിലാക്കിയില്ലെങ്കിൽ നമ്മളിൽ പലർക്കും, പിന്നെ ഒരു സമാധാനമുണ്ടാവില്ല.

ചിലപ്പോൾ എന്തെങ്കിലും ആവശ്യത്തിനോ, അത്യാവശ്യത്തിനോ വേണ്ടിയായിരിക്കാം അവർ വേഗതയിൽ പോകുന്നത് എന്നാൽ നമ്മളെ സംബന്ധിച്ച് അവളുടെ അത്യാവശ്യങ്ങളെക്കാൾ ഒരു പെണ്ണായ അവൾ ആണായ നമ്മളെ വെട്ടിച്ചു പോവുകയോ?

അതെങ്ങനെ അനുവദിച്ചു കൊടുക്കും?
അതു നമ്മളെ അപമാനിക്കുന്നതിനു തുല്യമല്ലെ?

അങ്ങിനെയിപ്പോൾ അവൾ ആണുങ്ങളുടെ മുന്നിൽ കയറി ഞളിഞ്ഞു പോകണ്ട തുടങ്ങിയ ഇടുങ്ങിയ ചിന്താഗതി നമ്മൾ കൂടുതൽ പേരുടെയും ഉള്ളിൽ തന്നെ നിലനിൽക്കുന്നതു കൊണ്ടാണ്…

നമ്മൾ ഉപയോഗിക്കുന്ന കാറിനും ബൈക്കിനും മാത്രം വലിയ വലിപ്പവും വിലയും ഉണ്ടായാൽ പോരാ അതേ വിലയും വലിപ്പവുമുള്ള ഒരു മനസും നമ്മുക്കും വേണം…

റോഡിൽ വെച്ച് കേവലം മറ്റൊരു വാഹനത്തിൽ നമ്മളേ ഒന്നു മറി കടന്നു പോകുന്നതു പോലും അംഗീകരിക്കാൻ നമുക്ക് സാധിക്കുന്നില്ലെന്നു പറയുമ്പോൾ മറ്റുള്ള കാര്യങ്ങളുടെ അവസ്ഥ എന്തായിരിക്കും?

നിമീറിന്റെ ആ ചോദ്യത്തിനു പക്ഷേ സിറിളിനു ഉത്തരമുണ്ടായിരുന്നില്ല,
എന്നാലും നിമീർ പറഞ്ഞതിൽ നിന്ന് ചിലതെല്ലാം വളരെ വ്യക്തമായി തന്നെ അവനു മനസിലായിരുന്നു,

അതേ തുടർന്നു സിറിൾ നിമീറിന്റെ തോളിൽ കൈയിട്ടു കൊണ്ടു അവനോടു പറഞ്ഞു,അളിയാ, നീ ഈ പറഞ്ഞതു വളരെ സത്യാണ്,

ഇന്നു തന്നെ നിന്നെ കാണാൻ ഞാൻ വരുമ്പോൾ പോലും വഴിയിൽ വെച്ച് എന്റെ വണ്ടിടെ മുന്നിൽ കേറാൻ നോക്കിയ ഒരുത്തിയെ ഇവിടെ എത്തുന്നതു വരെ ഞാൻ അതിനു അനുവദിച്ചില്ല.

അവളെ മുന്നോട്ടു കടത്തി വിടുമ്പോൾ നമ്മൾ അവളുടെ മുന്നിൽ ചെറുതായി പോകുമോ എന്നൊരു തോന്നലായിരുന്നു മനസിലപ്പോൾ.

നീ ഇതു പറഞ്ഞപ്പോഴാണ് ഞാനാ കാര്യം ശരിക്കും ഒാർത്തത്, സത്യം പറഞ്ഞാൽ അവളെ ഇവിടെ എത്തും വരെ ഒാവർടേക്ക് ചെയ്തു പോകാൻ അനുവദിക്കാത്തതിന്റെ അഭിമാനം പേറിയാണ് ഞാൻ നിന്റെടുത്തേക്ക് വന്നത്.

എന്നാലിപ്പോ നീയിതു പറഞ്ഞപ്പോൾ
തീരേ ചെറിയ ഇതു പോലുള്ള ഒരു കാര്യം പോലും ഉൾക്കൊള്ളാനുള്ള വലിപ്പം എന്റെ മനസിനില്ലെന്നത് വലിയ ലജ്ജകരമായി തോന്നുന്നു,

ഇനി ഏതൊരു പെണ്ണ് എപ്പോൾ എന്നെ ഒാവർടെക്ക് ചെയ്യാൻ ശ്രമിച്ചാലും അതവരുടെയും കൂടി ആവശ്യവും അവകാശവുമായി കണ്ട് ഞാൻ വണ്ടി ഒതുക്കി കൊടുക്കും ഉറപ്പ്.

അതുകേട്ട നിമീർ അവനോടു പറഞ്ഞു,തീരേ ചെറിയതെന്നു നീ പറഞ്ഞ ഈ കാര്യം പോലും അവർക്കു വളരെ വലുതാണ് അവരെ കടന്നു പോകാൻ നമ്മൾ അനുവദിക്കുമ്പോൾ പരിഗണനയുടെ ഒരു വലിയ സന്തോഷം അവരിലും നിറയുന്നുണ്ട്.

ഇത് നിന്റെ മാത്രം പ്രശ്നമല്ലെടാ ഒട്ടുമിക്കവരിലും ഈ പ്രശ്നമുണ്ട്,
ആണിന്റെ അതേ തുല്യമായ അനുപാതത്തിൽ അവരെ കാണാൻ നമുക്കു കഴിയുന്നില്ലെന്നതിന്റെ വലിയൊരു തെളിവാണത്.

സ്ത്രീകളോട് ബഹുമാനമുള്ളവർ വീട്ടിൽ മാത്രമല്ല റോഡിലും മറ്റേതൊരിടത്തു വെച്ചും ആ ബഹുമാനം കാണിക്കും,
തനിക്ക് മുന്നിൽ പോകുന്നവൻ സ്ത്രീകളേ ബഹുമാനിക്കുന്നവനാണോ അല്ലയോയെന്നത് സ്ത്രീകൾക്കു തന്നെ ഒറ്റ ഹോണടിയിൽ മനസിലാക്കാം,

ഫേയ്സ്ബുക്കിലൂടെയുള്ള സ്ഥിരം തള്ളലുകളല്ലാതെ ഹൃദയം കൊണ്ടും സ്ത്രീകളെ ബഹുമാനിക്കുന്നവർ അവർക്ക് കടന്നു പോകുന്നതിനുള്ള വഴിയും വിട്ടു നൽകും.

എന്നാൽ എല്ലാവരേയും ഒരുപോലെ നമുക്ക് കുറ്റം പറയാനും കഴിയില്ല അതിന്റെ കാരണം, നീ ഇപ്പോൾ പറഞ്ഞ പോലെ “നമ്മൾ അവരുടെ മുന്നിൽ ചെറുതായി പോകുമോ”

എന്ന ആ തോന്നലോ അല്ലെങ്കിൽ അത്തരം ഒരു ചിന്ത അവർക്കുള്ളിൽ നിലനിൽക്കുന്നതു കൊണ്ടോ ആണ് ഒരു സ്ത്രീ അവർക്കു മുന്നിൽ കയറി പോകുന്നതിന് വഴിയൊരുക്കി കൊടുക്കുന്നതിൽ നിന്നു അവരെ പിന്തിരിപ്പിക്കുന്നത് എന്നു തിരിച്ചറിയാൻ കഴിയാത്തവരും ഉണ്ടാകാം.

അതു തിരിച്ചറിയുന്നിടത്ത് ചിലർ എളുപ്പം മാറും ഇപ്പോൾ നിന്റെ മനസു മാറിയതു പോലെ..

അതു കേട്ട് സിറിൾ ഒന്നു ചിരിച്ചു, അതു കേട്ട് ചിരിച്ച സിറിളിന്റെ തോളിൽ നിമീർ കൈയിട്ടതും സിറിൾ പറഞ്ഞു,

നൃന്ദ, നൃന്ദയെന്ന സ്വതന്ത്ര വ്യക്തിയായി തന്നെ ഇരിക്കട്ടെയല്ലെ ?അതിനുത്തരമായി നിമീർ പറഞ്ഞു, നൃന്ദ മാത്രമല്ല എല്ലാവരേയും അവരായി തന്നെ പരിഗണിക്കാൻ കഴിയുന്നിടത്താണ് നമ്മളും ശരിയായ നമ്മൾ ആകുന്നത്…

Leave a Reply

Your email address will not be published. Required fields are marked *