ഭർത്താവും കുഞ്ഞും കുടുംബവും മാത്രം മതിയെന്നായല്ലെ ? അച്ഛന്റെ ചോദ്യം കേട്ട് ഭ്രമിക ഒന്നു ചിരിച്ചു, “ആഗ്രഹമില്ലാത്തോണ്ടല്ലാ അച്ഛാ

രചന: Pratheesh

എന്താ മോളേ,
വീട്ടിലേക്കുള്ള വഴിയെല്ലാം നീ മറന്നോ ?
ഒരു വർഷത്തോള്ളമായി നീ വീട്ടിലേക്ക് വന്നിട്ട്,
ഭർത്താവും കുഞ്ഞും കുടുംബവും മാത്രം മതിയെന്നായല്ലെ ?
അച്ഛന്റെ ചോദ്യം കേട്ട് ഭ്രമിക ഒന്നു ചിരിച്ചു,

“ആഗ്രഹമില്ലാത്തോണ്ടല്ലാ അച്ഛാ തിരക്കൊഴിഞ്ഞ് വരാനൊരു ഒഴിവു കിട്ടണ്ടേ ?
ഇന്നു തന്നെ എല്ലാം ഒഴിവാക്കിയും ഇല്ലാത്ത സമയമുണ്ടാക്കിയും പോന്നതാണ് ! ”
എന്നു പറഞ്ഞതും അയാൾ ചോദിച്ചു,

“കഴിഞ്ഞ കൊല്ലവും അതിനു മുന്നത്തേ കൊല്ലവും ഇതു പോലെ അമ്പലത്തിലെ ഉത്സവത്തിനു മാത്രമാണ് നീ വന്നു പോയത് !
ഇതിനിടയിൽ മൂന്നോ നാലോ കല്യാണങ്ങൾക്കും രണ്ടോ മൂന്നു

മരണങ്ങൾക്കും മാത്രമാണ് നീ വന്നത്,
അതും വന്നു കുറച്ചു കഴിഞ്ഞതും അവിടുന്നു തന്നെ നീ മടങ്ങി പോവുകയും ചെയ്തു,

അതിനും അവൾ ഒന്നു ചിരിക്കുക മാത്രമാണ് ചെയ്തത്,തുടർന്നവൾ അച്ഛനായി വാങ്ങി കൊണ്ടു വന്ന ഷർട്ടും മുണ്ടും അച്ഛനെ ഏൽപ്പിച്ചു,

അതു കണ്ടതും അയാൾ അവളോടു ചോദിച്ചു,”നീ രണ്ടു വർഷം മുന്നേ വാങ്ങി തന്നതും ഇതേ കളർ ഷർട്ട് തന്നെയാണല്ലോ? “അതിനും അവളൊന്നു ചിരിക്കുക മാത്രമാണ് ചെയ്തത് !

ഉത്സവത്തിന്റെ അന്നു മാത്രം
രണ്ടു പെഗ്ഗ് കഴിക്കുന്ന പതിവുണ്ടായിരുന്ന അയാൾ പതിയേ തന്റെ ആ ഉദ്യമത്തിലേക്കു നീങ്ങി, ഗ്ലാസ്സിൽ മദ്യം ഒഴിച്ച് വെള്ളം നിറച്ചതും ഒരു ചെറു പാത്രത്തിൽ അച്ഛനുള്ള

ഇറച്ചിക്കറിയുമായി ഭൗമികയും അവിടെയെത്തി,
പാത്രം മേശപ്പുറത്തു വെച്ചു കൊടുത്ത് ഒന്നു പുഞ്ചിരിച്ച് അവൾ പിന്നേയും മടങ്ങി പോയി,

അവൾ മടങ്ങി പോയതും,
കഴിച്ച മദ്യം അയാളിലെ തളർന്നു കിടന്നിരുന്ന ഞരമ്പുകളെ ഉദീപിപ്പിക്കാൻ തുടങ്ങിയതും അയാൾ അവളെ പറ്റി തന്നെ കൂടുതൽ ചിന്തിക്കാൻ തുടങ്ങി,

ഇപ്പോൾ ഈ ഇറച്ചിപാത്രം വെച്ച് മടങ്ങി പോകുമ്പോഴും അവളിൽ അയാൾ ശ്രദ്ധിച്ച ഒരു കാര്യമുണ്ട്,

അവളുടെ പുഞ്ചിരി !ചിരിക്കാൻ വേണ്ടി മാത്രം അവൾ ചിരിക്കാൻ ശ്രമിക്കുന്നതായാണ് അയാൾക്കു തോന്നിയത് !പൂർണ്ണതയില്ലാത്തഒരു പ്ലാസ്റ്റിക്ക് ചിരി പോലെ !!

മദ്യം ഉണർവു നൽകിയ ഞെരമ്പുകൾ വീര്യം വീണ്ടെടുത്തതോടെ അയാളിൽ ചിന്തകളുടെ വ്യാപ്തിയും ഭാരവും ശക്തമായി ആഴ്ന്നിറങ്ങി,
എല്ലാം അയാൾക്കറിയാവുന്ന കാര്യങ്ങൾ തന്നെയാണ് !

അതോടെ അതുവരെയും മറന്നു വെച്ചൊരു മുഖം അയാളുടെ ഒാർമ്മകളിലേക്ക് പെടുന്നനേ കയറി വന്നു,
കൂടെ ഒരു പേരും,ജെമിൻ !!

മകൾ ഭൗമി ഏറ്റവും വലിയ ആഗ്രഹത്തോടെയും പേടിയോടെയും അയാളോടാവശ്യപ്പെട്ട ഒരേയൊരാഗ്രഹം !

അവൾ അഞ്ചു വർഷത്തോള്ളം ഹൃദയത്തിൽ കൊണ്ടു നടന്നിരുന്ന അവളുടെ ഏറ്റവും വലിയ രഹസ്യവും സ്വപ്നവുമായ ഒന്ന് !

പക്ഷേ അതംഗീകരിച്ചു കൊടുക്കാൻ അയാൾക്കാവില്ലായിരുന്നു,
തന്നെക്കാൾ ഇഷ്ടത്തോടെ മറ്റൊരാൾ അവളുടെ ഹൃദയത്തിലുണ്ടെന്നറിഞ്ഞപ്പോൾ അതു മനസ്സിലാക്കാനോ അതനുവദിച്ചു കൊടുക്കാനോ അയാൾക്കായില്ല,

ഒരു മകളുടെ മേൽ ഒരച്ഛനുള്ള അവകാശങ്ങളും പരമാധികാരങ്ങളും കൊണ്ടയാൾ അതിനെ നിഷ്പ്രയാസം അറുത്തു മാറ്റി,

കൂടെ തനിക്ക് യോഗ്യനെന്നു തോന്നുന്ന ഒരാളെ കണ്ടുപിടിച്ച് അവളെ അവനു വിവാഹം ചെയ്തു കൊടുക്കാനും തീരുമാനിച്ചു,

വിവാഹനിശ്ചയത്തിന്റെ തലേനാൾ മകൾ ഭൗമി വന്നയാളുടെ കാലുപിടിച്ചപേക്ഷിച്ചിട്ടും അയാളുടെ മനസ്സു മാറിയില്ല,
കണ്ണീരു കൊണ്ടവൾ അയാളുടെ

കാലുകൾ കഴുകാൻ ശ്രമിച്ചിട്ടും അയാൾ വഴങ്ങിയില്ല,
താൻ ജീവിച്ചിരിക്കേ ഈ ആഗ്രഹം നടക്കില്ലെന്നു അവളോടയാൾ തീർത്തു പറഞ്ഞു,

അതോടൊപ്പം നിനക്കത്രക്കും വലിയ ആഗ്രഹമാണെങ്കിൽ ?
ഈ അച്ഛന്റെ മരണത്തിനായി പ്രാർത്ഥിക്കാനും അയാൾ അളവളോടാവശ്യപ്പെട്ടതോടെ അവൾ കീഴടങ്ങി,

എല്ലാം വിട്ടെറിഞ്ഞു ഇറങ്ങി പോകാനുള്ള ധൈര്യവും മനസ്സും അവൾക്കില്ലാത്തതു കൊണ്ട് സ്വന്തം സ്വപ്നങ്ങളുടെ ചിതക്ക് തീ കൊളുത്തി കൊണ്ടവൾ അയാൾ ചൂണ്ടി കാണിച്ച ആൾക്കു തന്നെ കഴുത്തു നീട്ടി കൊടുത്തു !

ആലോചനയിൽ നിന്നു തിരിച്ചു വന്നു കൊണ്ടയാൾ മുന്നിലൊഴിച്ചു വെച്ചിരിക്കുന്ന അടുത്ത ഗ്ലാസ്സ് മദ്യം കൂടി കഴിച്ചു, ആ മദ്യം അകത്തു ചെന്നതും അയാൾ തന്റ പഴയ ചെയ്തികളെ ന്യായീകരിക്കാനുള്ള കാരണങ്ങളെ തേടാൻ തുടങ്ങി !

ഏതൊരച്ഛനും ചെയ്യുന്നതല്ലെ ഞാനും ചെയ്തുള്ളൂ,
അവളുടെ ഭാവിയുടെ സുരക്ഷിതത്വം മാത്രമല്ലെ ഞാനും ആഗ്രഹിച്ചുള്ളൂ,
അതുകൊണ്ടവൾ ഇന്ന് സുഖമായി ജീവിക്കുന്നില്ലെ ?

നല്ലൊരു കുടുംബജീവിതം ഇന്നവൾക്കുണ്ടായില്ലെ ?
ഭർത്താവും കുഞ്ഞുമായി ഇന്നവൾ സന്തോഷവതിയായി കഴിയുന്നില്ലെ ?

സ്ഥിരമായി സംഭവിക്കാറുള്ള പോലെ തന്നെ അന്നും ആദ്യ പെഗ്ഗിൽ പഴകിദ്രവിച്ച കുറച്ചു ഒാർമ്മകളും കുറ്റബോധം പേറുന്ന ചില ചിന്തകളും ആയിരുന്നെങ്കിൽ
രണ്ടാമത്തെ പെഗ്ഗിൽ അതിനുള്ള ന്യായീകരണങ്ങളും ആശ്വാസ വാക്കുകളും അയാളിൽ കയറിയിറങ്ങി പോയി !

അന്ന് അവളോടൊത്ത്
ഉത്സവപറമ്പിലെ നടത്തത്തിനിടയിലും വളരെ സന്തോഷവതിയായ മകളെ അവിടെയും അയാൾക്കു കാണാൻ കഴിഞ്ഞില്ല,
ചുറ്റുമുള്ള കാഴ്ച്ചകളിൽ അതീവ

താൽപ്പര്യവതിയായി നിൽക്കുന്നതോ,
ഉത്സവത്തിന്റെ ആഘോഷ കാഴ്ച്ചകളിൽ സ്വയം മറന്നു നിന്നു പോകുന്നതോ ഒന്നും അയാൾ കണ്ടില്ല,

എന്നാൽ വിവാഹത്തിനു തൊട്ടു മുന്നത്തേ ഉത്സവത്തിനു പോലും അയാളുടെ കൈയ്യും ചേർത്തു പിടിച്ച് കണ്ടതൊക്കെ വാങ്ങി തിന്ന് ചിരിച്ചും ഉല്ലസിച്ചും മതിമറന്ന് നടന്നിരുന്ന അവളുടെ ആ പഴയരൂപം ആ സമയം പെട്ടന്നൊരു കൊള്ളിയാൻ മിന്നിമറയും പോലെ അയാളിലൂടെ കടന്നു പോയി,

വെറുതെയാണെങ്കിലും അതൊരിക്കൽ കൂടി ഒന്നാവർത്തിച്ചിരുന്നുന്നെങ്കിൽ എന്നയാൾ അപ്പോൾ അതിയായി ആഗ്രഹിക്കുകയും ചെയ്തു,

എന്നാൽ
അവിടെ സംഭവിച്ചത് മറ്റൊന്നായിരുന്നു !പെട്ടന്ന് അവളുടെ കണ്ണുകളിൽ ഒരു തിളക്കം നിറയുകയും അതിശയഭാവം വിടരുകയും ചെയ്തതോടെ അയാളുടെ നോട്ടം പൂർണ്ണമായും അവളിലായി.

തുടർന്നവളുടെ നോട്ടങ്ങളെ പിൻതുടന്ന അയാൾ കണ്ടത് അവളുടെ നോട്ടത്തിന്റെ അറ്റത്ത് അവൻ നിൽക്കുന്നതാണ് !

ജെമിൻ !!അയാൾക്കത് വിശ്വസിക്കാൻ പ്രയാസമുള്ളതു പോലെ തോന്നി, അവിടെ അവർ തമ്മിൽ ഇങ്ങനെയൊരു കണ്ടുമുട്ടൽ അയാൾ ഒട്ടും പ്രതീക്ഷിച്ചതായിരുന്നില്ല,

അവിടെയും എന്തോ ജ്യാള്യത തോന്നി അവരുടെ കണ്ണിൽ പെടേണ്ടെന്നു കരുതി അവിടെ നിന്നു അയാളൊന്നു മാറി നിൽക്കാനാണു ശ്രമിച്ചത്,

എങ്കിലും അയാളുടെ ശ്രദ്ധ പൂർണ്ണമായും അവരിൽ തന്നെയായിരുന്നു,
അവരെ ഒന്നിച്ചു കണ്ടതും അവിടെ എന്തൊക്കയോ നടക്കാൻ പോകുന്ന പോലൊരു തോന്നലാണയാൾക്കുണ്ടായത്,

അതും പ്രതീക്ഷിച്ചാണയാൾ നിന്നതെങ്കിലും അവിടെ പ്രത്യേകിച്ചൊന്നും സംഭവിച്ചില്ല !

അവർ പരസ്പരം കണ്ട അതേ അകലത്തിലും അതേ ഭാവത്തിലും വളരെ കുറച്ചു നേരം തമ്മിൽ നോക്കി നിൽക്കുകയും,
ഇരുവരിലും ഒരേപോലെ അത്രതന്നെ

പൂർണ്ണതയില്ലാത്ത ഒരു ചിരി പരസ്പരം വിടരുകയും ആ ചിരിയോടു ചേർന്ന് തന്നെ അവൻ അവിടം വിട്ടു തിരിച്ചു പോകുകയും ചെയ്തു !

അയാളുടെ ചിന്തകളെ പാടേ തെറ്റിച്ച് വളരെ ചെറിയ സമയത്തെ ഒരു നേർക്കാഴ്ച്ചക്കു ശേഷം തമ്മിലൊന്നു മിണ്ടുകയോ അടുത്തേക്ക് വരുകയോ പോലും ചെയ്യാതെ അവർ തമ്മിൽ അകന്നു പോവുകയാണുണ്ടായത് !

സത്യത്തിൽ അവിടം തൊട്ടാണ് അയാൾക്കുള്ളിലെ മദ്യം അയാളിലെ ഉണർവുകളെ ശരിക്കും തേടി പിടിക്കാൻ തുടങ്ങിയത് !

ഇപ്പോൾ അയാൾക്കു വ്യക്തതയുണ്ട് എന്തു കൊണ്ടവൾ മറ്റെല്ലാം ഒഴിവാക്കി അമ്പലത്തിലെ ഉത്സവത്തിനു മാത്രം വരുന്നു എന്നത് !

മറ്റെവിടെയെങ്കിലും വെച്ച് ഇതു പോലെ കണ്ടുമുട്ടാൻ അവളോ അവനോ അവിടെ വരുമെന്നതിനു കൃത്യമായ ഒരുറപ്പുമില്ലാത്തതു കൊണ്ട്,
ഉത്സവത്തിനു തമ്മിൽ കണ്ടുമുട്ടാനാവും എന്നു അവരിരുവരും ഒരേപോലെ കണക്കു കൂട്ടുന്നു, അവർക്കിടയിൽ സംഭവിച്ചു കൊണ്ടിരിക്കുന്നതും അതു തന്നെ !

അങ്ങിനെ വർഷത്തിലൊരിക്കൽ മാത്രം കണ്ടു മുട്ടുകയും വീണ്ടും തമ്മിൽ കാണും വരെ അവർ തമ്മിലുള്ള സ്നേഹത്തിന്റെ ആഴവും ആർദ്രതയും അക്കാലമത്രയും ഉള്ളിൽ നിലനിൽക്കുമാറ് പ്രണയത്തിന്റെ തീവ്രമായ അനുഭൂതിയും സ്നേഹത്തിന്റെ ഊഷ്മളതയും പരസ്പരം

ഇരുകണ്ണുകളിലും ഹൃദയത്തിലും നിറച്ചവർ ആ ഒറ്റ കാഴ്ച്ചയുടെ നിറവിലേറി പിന്നേയും തമ്മിൽ അകന്നു പോകുന്നു,

അടുത്ത ഉത്സവനാളിൽ വീണ്ടും കണ്ടുമുട്ടാം എന്നു പറയാതെ പറഞ്ഞു കൊണ്ട് !

അതുവരെയും അറിയാതിരുന്ന കാര്യങ്ങൾ അടുത്തറിയുമ്പോൾ മനുഷ്യർക്ക് ഉള്ളിൽ ഒരു ഉരുകലുണ്ടാകാറുണ്ട്,
അയാളും അപ്പോൾ അത്തരം ഒരവസ്ഥയിലായിരുന്നു,

ഒരാളുടെ ജീവിതത്തിൽ നിന്നും കാഴ്ച്ചയിൽ നിന്നും മറ്റൊരാളെ മാറ്റുന്ന അത്ര എളുപ്പമല്ല അവരുടെ ഹൃദയത്തിൽ നിന്നവരെ മാറ്റുന്നതെന്ന് ഇപ്പോൾ അയാൾക്കറിയാം,

ഒപ്പം എന്തു കൊണ്ടവൾ രണ്ടാംവട്ടവും
അതെ നിറത്തിലുള്ള ഷർട്ടു വാങ്ങി എന്ന ചോദ്യത്തിനുള്ള ഉത്തരവും ഇപ്പോൾ അയാളിലുണ്ട് !
അവനിഷ്ടമുള്ള അതേ നിറത്തിലുള്ള ഷർട്ട് അയാളെ ധരിപ്പിച്ചു നിർത്തി അവളിപ്പോഴും ഒന്നും മറന്നിട്ടില്ലെന്ന് അവനോട് പറയാതെ പറയുകയായിരുന്നവൾ !

“ആഗ്രഹമില്ലാത്തോണ്ടല്ലാ അച്ഛാ തിരക്കൊഴിഞ്ഞ് വരാനൊരു ഒഴിവു കിട്ടണ്ടേ ?
എന്നു പറഞ്ഞതിന്റെ അർത്ഥവും അയാൾക്കറിയാം,
തിരക്കൊഴിയാത്തതല്ല,
“അവനിലേക്കുള്ള വഴിയോള്ളം ശക്തമല്ല വീട്ടിലേക്കുള്ള വഴിയെന്നതാണ് സത്യം !

അയാൾക്കുറപ്പില്ലെങ്കിലും അയാൾ വിചാരിക്കുന്നു,
അവനെ കാണാനവസരം ഉണ്ടാവുമ്പോൾ മാത്രം തങ്ങളെയും കാണാം എന്നതായിരിക്കാം അവളുടെ പ്രതിഷേധമെന്നതെന്ന് !

എല്ലാം കണ്ടും അറിഞ്ഞും,
സത്യത്തിൽ അയാൾക്ക് അവർ അതിശയമാവുകയായിരുന്നു,

ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ഒരക്ഷരം പോലും തമ്മിൽ സംസാരിക്കാതെ പരസ്പരം മനസ്സു വായിച്ച് മൗനത്തിന്റെ ഭാഷയിൽ ഏറ്റവും ഭംഗിയായി അവർ രണ്ടു പേരും പരസ്പരം പ്രണയിക്കുന്നതു കണ്ട് !

അയാളിൽ പിന്നെയും സംശയമുണർന്നു,പ്രണയത്തിനു ഇത്രയേറെ സൗന്ദര്യമുള്ള ഒരു മുഖമുണ്ടോ ? എന്നർത്ഥത്തിൽ !

പക്ഷേ,
അയാൾക്കറിയാത്ത ചില കാര്യങ്ങളും കൂടി പ്രണയത്തിനറിയാം,

പ്രണയം എന്നതിന്റെ വിശുദ്ധി ഒരിക്കലും ഒന്നിച്ചു ജീവിക്കുക എന്നതു മാത്രമല്ല, ഒന്നിക്കാനാവാതെ പോയാലും ആ സ്നേഹം അതിന്റെ അദൃശ്യമായ കരങ്ങളെ ചേർത്തു പിടിച്ച് ഹൃദയത്തിലൂടെ എക്കാലവും അവ യാത്ര തുടരുമെന്ന് !

തമ്മിലുള്ള ഇഷ്ടം സത്യമുള്ളതാണെങ്കിൽ മരണം കൊണ്ട് മാത്രം വേർപ്പെട്ടു പോകുന്ന ചിറകുകളാണ് പ്രണയത്തിനുള്ളതെന്ന് !

യദാർത്ഥ പ്രണയം എന്നത് ആഗ്രഹത്തിന്റെ ഏറ്റവും വിശുദ്ധവും നിർമ്മലവുമായ ഇഷ്ടത്തിൽ നിന്നു പിറവി കൊള്ളുന്നതാണെന്ന് !

ജന്മങ്ങൾ കടന്നും കാത്തിരിക്കാൻ പ്രേരണ നൽകുന്നതാണു അവയുടെ ആത്മാംശമെന്ന് !!!

അതോടൊപ്പം നഷ്ടപ്പെട്ടു പോകുന്ന പ്രണയത്തിന്റെ ഏറ്റവും മനോഹരമായ തലങ്ങളിലൊന്ന്,
അവ എപ്പോൾ വേണമെങ്കിലും ഏതെങ്കിലും തരത്തിൽ അവയെ പിൻതുടർന്നു ചെന്ന്
” ഞാനിപ്പോഴും നിന്നെ സ്നേഹിക്കുന്നു ” എന്നു വെളിപ്പെടുത്തുമെന്നതാണെന്ന് !!!

 

Leave a Reply

Your email address will not be published. Required fields are marked *