ഇവൻ ആ കൊച്ചിനെ കൊന്നില്ലേൽ ഭാഗ്യം പണ്ട് തൊട്ടേ ഒരു കാമത്തവള അല്ലെ ഇവൻ ” മറ്റൊരു കൂട്ടുകാരന്റെ കമന്റ് എല്ലാവരെയും ചിരിപ്പിച്ചു.

(രചന: പ്രജിത്ത് സുരേന്ദ്രബാബു)

“അളിയാ… ഇന്ന് നീ തകർക്കോ… “മദ്യലഹരിയിൽ കൂട്ടുകാരൻ ചോദിക്കുമ്പോൾ പുഞ്ചിരിച്ചു അനൂപ്.

” ഇവൻ ആ കൊച്ചിനെ കൊന്നില്ലേൽ ഭാഗ്യം പണ്ട് തൊട്ടേ ഒരു കാമത്തവള അല്ലെ ഇവൻ ”

മറ്റൊരു കൂട്ടുകാരന്റെ കമന്റ് എല്ലാവരെയും ചിരിപ്പിച്ചു. അല്പം ജാള്യതയോടെ അനൂപും ആ ചിരിയിൽ പങ്ക് ചേർന്നു.

” ടാ അനൂപേ.. ആദ്യ രാത്രി ആയിട്ട് രണ്ട് പെഗ്ഗ് കഴിച്ചിട്ട് പോ.. കാര്യങ്ങൾക്കൊക്കെ ഒരു ഉഷാറു കിട്ടും.. ”

അടുത്ത കമന്റ് കേട്ട് പുഞ്ചിരിച്ചു അവൻ .” ഞാനില്ലേ… ലൈഫിൽ ഒരേ ഒരു ആദ്യ രാത്രിയെ ഉള്ളു മോനെ.. അത് കള്ളുകുടിച്ചു കൊളമാക്കാൻ ഞാനില്ലേ .. ”

അത്രയും പറഞ്ഞു കൊണ്ട് പതിയെ തിരിഞ്ഞു നടന്നു അവൻ.” ഞാൻ പോയേക്കുവാ.. ”

‘ശെരിയാണ് ഇന്ന് തന്റെ ആദ്യ രാത്രി ആണ്. ഒരുപാട് നാളായി കാത്തിരുന്ന ആ ദിവസം. ആതിരയുമൊത്തുള്ള ആദ്യത്തെ ദിവസം. രാവിലെ മുതലുള്ള തിരക്കുകൾ കൊണ്ട് അവൾ ഏറെ ക്ഷീണിത ആകും അധികം വൈകാതെ മണിയറയിൽ കയറണം ‘

ആത്മഗതത്തോടെ അവൻ വീടിന്റെ മുറ്റത്തെത്തുമ്പോൾ അച്ഛന്റെ നേതൃത്വത്തിൽ അവിടെയും കള്ള് കുടി സഭ നടക്കുകയായിരുന്നു. അവരെ നോക്കിയൊന്ന് പുഞ്ചിരിച്ചു കൊണ്ടവൻ വീടിനുള്ളിലേക്ക് കയറി.

” മോനെ.. മിന്നിച്ചേക്കണം കേട്ടോ.. നിന്റെ അച്ഛൻ ഈ കാര്യത്തിൽ അല്പം കേമനായിരുന്നു നീയും അച്ഛന്റെ മാനം കാക്കണം ”

കമന്റുകൾ അവിടെ നിന്നും ഉയർന്നു. അവർക്കും പുഞ്ചിരി മറുപടിയായി നൽകി അകത്തെ ഹാളിലെത്തി അനൂപ്. അവിടെ അനിയത്തി രേഷ്മയോട് കുശലം പറഞ്ഞിരിക്കുന്ന ആതിരയെ കാൺകെ അവനൊന്നു കുളിരു കോരി.

‘ കുളിച്ചു സുന്ദരിയായിട്ടുണ്ടല്ലോ പെണ്ണ്…. ഇന്ന് ഞാൻ തകർക്കും ‘അടിമുടിയൊന്ന് നോക്കി ആവേശത്തോടെ പതിയെ അവർക്കരികിലേക്ക് ചെന്നു അനൂപ്.

” അതെ… മുൻ കൈ എടുത്ത് കൂട്ടുകാരിയെ എന്നെ കൊണ്ട് കെട്ടിച്ചത് നാത്തൂന്മാരായിട്ട് ഇങ്ങനെ കഥ പറഞ്ഞിരുന്നു സമയം കളയാൻ ആണോ… ബാക്കി നാളെ ആക്കാം. ഉറങ്ങണ്ടേ.. സമയം കുറെ ആയി. ”

ആ വാക്കുകൾ കേട്ട് ആതിര മൗനമായി തല താഴ്ത്തുമ്പോൾ രേഷ്മയുടെ മുഖത്ത് നീരസം നിറഞ്ഞു.

” ഇപ്പോഴേ കിടക്കാൻ പോകുവാണോ. ഇച്ചിരി കൂടി കഴിയട്ടെ ഏട്ടാ.. ഞങ്ങൾ ഓരോ വിശേഷങ്ങൾ പറഞ്ഞു തീർന്നില്ല ഇതുവരെ. ”

അവളുടെ സംസാരം കേട്ട് ചിരിച്ചു പോയി അനൂപ്.” കൊള്ളാം..സമയം നോക്ക്യേ.. പതിനൊന്ന് കഴിഞ്ഞു. കാര്യം ആതിര നിന്റെ ചങ്ക് കൂട്ടുകാരിയാ പക്ഷെ മോളെ.. ഇന്നത്തെ തിരക്കും ബഹളവും കാരണം മനുഷ്യന്റെ നടുവൊടിഞ്ഞു നിൽക്കുവാ ഒന്ന് കിടക്കണം. എത്രയും വേഗം ”

“അവര് ഉറങ്ങട്ടെ പെണ്ണെ.. ബാക്കി കഥ നാളെ പറയാം ആതിര മോള് ഇനി സ്ഥിരം ഇവിടുണ്ടല്ലോ ”

അനൂപിന് സപ്പോർട്ടുമായി അമ്മയും എത്തിയതോടെ നിരാശയായി ഇരുന്നു രേഷ്മ.

“നീ റൂമിലേക്ക് പോ.. മോളെ ഇപ്പോ വിട്ടേക്കാം ആദ്യ രാത്രി റൂമിൽ കേറുന്നേനു കുറച്ചു ചടങ്ങുകൾ ഒക്കെ ഉണ്ട് ”

അമ്മയുടെ വാക്കുകൾ കേട്ട് പുഞ്ചിരിയോടെ അനൂപ് മുറിയിലേക്ക് നടന്നു. സമയം പിന്നെയും നീങ്ങി. അക്ഷമനായി അവൻ മുറിയിൽ കാത്തിരുന്നു. നിമിഷങ്ങൾക്കകം കയ്യിൽ ഒരു ഗ്ലാസ് പാലുമായി ആതിര മുറിയിലേക്ക് വന്നു കയറി. അവളെ കണ്ടതോടെ പതിയെ എഴുന്നേറ്റു അനൂപ്.

” വാടോ.. ഞാൻ കാത്തിരിക്കുവാരുന്നു. അങ്ങിനെ ആ ദിവസവും എത്തി അല്ലെ.. “അവളെ പതിയെ ബെഡിലേക്ക് പിടിച്ചിരുത്തി കൈയിൽ ഇരുന്ന പാൽ ഗ്ലാസ് വാങ്ങി ടേബിളിലേക്ക് വച്ചു അവൻ.ശേഷം മുറിയുടെ വാതിൽ അടച്ചു ലോക്കിട്ടു.

” തനിക്ക് പേടി ഉണ്ടോ..”ആ ചോദ്യം കേട്ട് സംശയത്തോടെ അവനെ നോക്കി ആതിര.” എന്തിനു.. “അവളുടെ മുഖഭാവം കണ്ട് പുഞ്ചിരിച്ചു അനൂപ്.

” ഏയ്..ആദ്യമായിട്ട് അല്ലെ ഇങ്ങനെ.. ഒരു മുറിയിൽ..അപ്പോ പേടി ഉണ്ടോ ന്ന് ചോദിച്ചതാ ”

മറുപടിയായി ആതിരയും ഒന്ന് പുഞ്ചിരിച്ചു.” എനിക്ക് അങ്ങിനെ പേടിയൊന്നുമില്ല..ഏട്ടന് പേടി ഉണ്ടോ.. “ആ ചോദ്യം അനൂപ് പ്രതീക്ഷിച്ചു.

” ഏയ് എന്തിനാ പേടി.. നീ എന്റെ പെണ്ണല്ലേ.. ഇന്നിവിടെ നടക്കുന്നതൊക്കെയും നമ്മുടെ രണ്ടാളുടെയും സുഖത്തിലും സന്തോഷത്തിനും വേണ്ടി അല്ലെ.. അപ്പോ പേടിക്കേണ്ട കാര്യമേ ഇല്ല ”

നൈസിനു ആദ്യമേ തന്റെ ഉദ്ദേശം ഒന്ന് അവതരിപ്പിച്ചു അവൻ. കൃത്യമായി അതിൽ തന്നെ കൊളുത്തി ആതിര..

” ഇന്നിവിടെ എന്ത് നടക്കുന്ന കാര്യമാ ഏട്ടൻ പറയുന്നേ .. “കുസൃതി ചിരിയോടെയാണ് അവൾ അത് ചോദിച്ചത് അതോടെ അനൂപിന് ആകെ ഹരമായി .

” ഇന്ന് പലതും നടക്കും ഞാൻ ഫോണിലൂടെ പറഞ്ഞിട്ടില്ലേ… ഈ ദിവസത്തിനായി ആണ് മോളെ ഞാൻ കാത്തിരുന്നത്. ”

ആവേശത്തോടെ ആതിരയ്ക്ക് അരികിലേക്കിരുന്നു അവൻ. ശേഷം പതിയെ ക്ലോക്കിലേക്ക് നോക്കി

” സമയം പതിനൊന്നരയായി കൃത്യം പന്ത്രണ്ടര കഴിയുമ്പോൾ മിക്കവാറും പുറത്ത് വെടിയൊച്ച കേൾക്കും. കൂട്ടുകാരുടെ പരിപാടി ആണ്. അവന്മാര് ഷെയർ ഇട്ട് പടക്കം വാങ്ങിയെന്നൊക്കെ രഹസ്യമായി അറിഞ്ഞു ഞാൻ ”

” ആഹാ കൊള്ളാലോ. “അത്രയും പറഞ്ഞു പതിയെ എഴുന്നേറ്റു ആതിര.” ഏട്ടാ.. ഇന്നിവിടെ നടക്കാൻ പോകുന്നത് ഏട്ടൻ ഉദ്ദേശിച്ച പോലൊന്നുമല്ല.. മറ്റു ചിലതാണ്. ”

അത് പറയുമ്പോൾ അവളുടെ മുഖത്തെ പുഞ്ചിരി മായുന്നത് ശ്രദ്ധിച്ചു അനൂപ്.”എനിക്കൊരു കാര്യം പറയാൻ ഉണ്ട്.. ഇത് കേട്ട് കഴിഞ്ഞു ഏട്ടൻ എങ്ങിനെ എടുക്കുമെന്ന് അറിയില്ല പക്ഷെ പറയാതിരിക്കാൻ കഴിയില്ല.. ”

ആതിരയുടെ മുഖഭാവത്തിൽ നിന്നും എന്തോ സീരിയസ് ആയി അവൾക്ക് തന്നോട് പറയാൻ ഉണ്ട് എന്ന് മനസിലാക്കി അനൂപ് .

” എന്താടോ.. എന്താ കാര്യം.. എന്തായാലും പറയ്”ആകാംഷയോടെ അവൻ നോക്കുമ്പോൾ അല്പസമയം മൗനമായി ആതിര. ശേഷം പതിയെ മുറിയുടെ വാതിലിനരുകിൽ എത്തി. ഒരിക്കൽ കൂടി അനൂപിനെ ഒന്ന് തിരിഞ്ഞു നോക്കിയ ശേഷം ആ വാതിൽ തുറന്നു.

ഒന്നും മനസിലാകാതെ പുറത്തേക്ക് നോക്കിയ അവൻ കണ്ടു വാതിലിനു പുറത്ത് നിൽക്കുന്ന അനിയത്തി രേഷ്മയെ. അവനെ ഞെട്ടിച്ചു കൊണ്ട് അവൾ പതിയെ ഉള്ളിലേക്ക് കയറിയതോടെ വാതിൽ അടച്ചു തിരിഞ്ഞു ആതിര. ആകെ അന്ധാളിപ്പോടെ എഴുന്നേറ്റു പോയി അനൂപ്.

” എന്താ.. എന്താ ഇത്.. എന്താ രേഷ്മേ നീ ഇതിനകത്ത്.. അതും ഈ രാത്രി “അവന്റെ തൊണ്ടയിടറി. അതോടെ രേഷ്മ പതിയെ മുന്നിലേക്ക് വന്നു.

” ഏ.. ഏട്ടൻ ക്ഷെമിക്കണം…. ആതിര.. ആതിരയ്ക്ക് ഒരിക്കലും ഏട്ടന്റെ ഭാര്യ ആകാൻ കഴിയില്ല. ”

” ങേ. “വാ പൊളിച്ചു നിന്നു അനൂപ്. അതോടെ ആതിരയും അവനരികിലേക്ക് ചെന്നു” ചേട്ടാ.. ഞ.. ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലാണ്… ഒരിക്കലും പിരിയാൻ കഴിയാത്ത വിധം.. ”

രേഷ്മയെ ചേർത്തു പിടിച്ചു കൊണ്ട് ആതിര അത് പറയുമ്പോൾ ആകെ നടുങ്ങി പോയി അനൂപ്.

” ഏ… ഇഷ്ടത്തിലോ.. നി.. നിങ്ങളോ.. എ.. എന്തിഷ്ട്ടം എന്ത് വട്ടാ ഈ പറയുന്നേ.. ”

അവന്റെ ശബ്ദം ഇടറി. കൈകാലുകൾ വിറച്ചു.” ഏട്ടാ.. ഞങ്ങൾ.. ഞങ്ങൾ ലെസ്ബിയൻ ആണ് ഏട്ടാ.. ”

രേഷ്മയുടെ മറുപടിയിൽ ഇത്തവണ ആകെ തകർന്നു പോയി അനൂപ്.” എന്റെ ഭഗവാനെ.. “തലയിൽ കൈ വച്ച് കൊണ്ട് ബെഡിലേക്കിരുന്നു പോയി അവൻ.

” രേഷ്മേ.. മോളെ ഈ പാതിരാത്രി ചുമ്മാ വട്ട് പറയല്ലേ.. പോയി ഉറങ്ങ് നീ.. “കേട്ടത് വിശ്വസിക്കാൻ കഴിയാതെ അനൂപ് നോക്കുമ്പോൾ ആതിരയും രേഷ്മയും പരസ്പരം മുഖാമുഖം നോക്കി.

“ഇത് വട്ടല്ല ഏട്ടാ… സത്യമാണ്… ഞങ്ങൾ രണ്ടാളും അത്രക്ക് അടുത്ത് പോയി.”ഇത്തവണ ശെരിക്കും തകർന്നു പോയി അനൂപ്.അവസ്ഥ കണ്ട് രേഷ്മയുടെ മിഴികൾ തുളുമ്പി പോയി.

” ഏട്ടൻ ക്ഷമിക്കണം.. ഇന്നിപ്പോ ഇതൊന്നും അത്ര വലിയ കാര്യം അല്ലല്ലോ.. പിന്നെ ഈ കാര്യം എങ്ങിനെ ഞാൻ അവതരിപ്പിക്കും നിങ്ങടെ മുന്നിൽ… ആര് അംഗീകരിക്കും ഇത്.. അതാ മുന്നേ പറയാതിരുന്നേ..ആതിരയില്ലാതെ എനിക്ക് പറ്റില്ല ഏട്ടാ.. ”

പൊട്ടിക്കരഞ്ഞു കൊണ്ട് രേഷ്മ അരികിൽ ഇരിക്കുമ്പോൾ മറുപടിയില്ലാതെ വിതുമ്പി അനൂപ്.

“ഒന്നും വേണം ന്ന് വച്ചിട്ടില്ല.. വേറെ വഴിയില്ലായിരുന്നു.. ഞങ്ങൾക്ക് അല്പം സാവകാശം വേണമായിരുന്നു. അതിനിടയിൽ എന്നെ വേറെ ആരേലും വിവാഹം ചെയ്താൽ…. അതുകൊണ്ടാണ്

എന്റെയും ഏട്ടന്റെയും വിവാഹം നടത്താൻ രേഷ്മ മുൻകൈ എടുത്തത്.. ഏട്ടൻ എന്നെ കെട്ടിയാൽ ഇതുപോലെ കാര്യങ്ങൾ പറയാൻ ഒരു അവസരം കിട്ടുമല്ലോ.. അതാ ഞങ്ങൾ.. ”

ആതിര പറഞ്ഞ ആ വാക്കുകൾ തന്റെ കാതുകളിൽ ഒരു മുഴക്കമായാണ് അനൂപിന് തോന്നിയത്.

” ചേട്ടാ.. എനിക്ക് വീട്ടിൽ നിന്ന് സ്ത്രീധനമായി കിട്ടിയ അൻപത് പവൻ. അത് ഞങ്ങൾക്ക് തരണം അതുമായി ഈ രാത്രി പൊയ്ക്കോളാം ഞങ്ങൾ. ആരുടേയും കണ്ണിൽ പെടാതെ ആർക്കും ശല്യം ആകാതെ എവിടെയേലും പോയി ജീവിച്ചോളാം പ്ലീസ്.. സഹായിക്കണം ”

ആതിര തൊഴുകയ്യോടെ മുന്നിൽ നിൽക്കുമ്പോൾ അനൂപ് നോക്കിയത് രേഷ്മയെ ആണ്.

‘ഒരു അച്ഛന്റെ സ്നേഹം കൊടുത്ത് വളർത്തിയ സ്വന്തം കൂടപ്പിറപ്പ്. അവളാണോ ഇങ്ങനെ തന്നോട് പറയുന്നേ. ‘ഒന്നും ഉൾക്കൊള്ളുവാൻ കഴിയാതെ അങ്ങിനെ ഇരുന്നു അവൻ.

” ഏട്ടന് എന്നെ മനസിലാകില്ലേ.. ഒന്നും ആരും അറിയില്ല. നാളെ ഇതൊരു ചർച്ചയാകുമ്പോഴേക്കും ഞങ്ങൾ ആർക്കും എത്താൻ പറ്റാത്ത ഏതേലും ഒരു സ്ഥലത്തേക്ക് എത്തിയിട്ടുണ്ടാകും. ഏട്ടനെ ആരും പഴിക്കില്ല. ഏട്ടന് ഒന്നും അറിയില്ലായിരുന്നു എന്ന് പറഞ്ഞാൽ മതി. മുറിയിൽ ഞാൻ എല്ലാം വിശദമായി

എഴുതിയ ഒരു കത്ത് വച്ചിട്ടുണ്ട്.. പ്ലീസ് ഞങ്ങളെ പോകാൻ അനുവദിക്കണം ”
രേഷ്മയുടെ വാക്കുകൾ ഉറച്ചതായിരുന്നു. ആ സമയം തന്നെ സ്ത്രീധനമായി കിട്ടിയ സ്വർണ്ണം ബാഗിലാക്കി പോകാൻ തയ്യാറായി ആതിര..

” മോളെ.. അരുത്.. ഇത്… ഇത് ശെരിയല്ല മോളെ.. ഇങ്ങനൊന്നും പാടില്ല നീ.. ഇങ്ങനുള്ള ഒരു കുട്ടിയല്ല നീ നമ്മടെ അച്ഛനെയും അമ്മയെയും നീ ഒന്ന് ഓർക്ക്.. എന്നിട്ട് പോയി ഉറങ്ങ് പ്ലീസ്.. എന്തേലും ഉണ്ടേൽ നമുക്ക് നാളെ സംസാരിക്കാം ”

ദയനീയമായി അനൂപ് രേഷ്മയെ ഒന്ന് നോക്കി പക്ഷെ. അവളുടെ തീരുമാനം ഉറച്ചതായിരുന്നു

” ഏട്ടാ.. ഞങ്ങൾ ഇത് പലവട്ടം ആലോചിച്ചതാണ്. ഇപ്പോൾ ഏട്ടൻ സമ്മതിച്ചാൽ ഞങ്ങൾ ഒരുമിച്ച് ജീവിക്കും. ഇല്ലേൽ.. ഒരുമിച്ചു മരിക്കും അത്ര തന്നെ.. എന്തായാലും ഏട്ടന്റെ എന്നല്ല വേറെ ആരുടെയും ഭാര്യയാകുവാൻ ആതിരയക്ക് കഴിയില്ല ”

ആ വാക്കുകൾ കേട്ടത്തോടെ അനൂപിന്റെ തകർച്ച പൂർണ്ണമായി പിന്നെ സംസാരിച്ചിട്ട് കാര്യമില്ല എന്ന് അവന് മനസിലായി

“പൊയ്ക്കോ… “അത്ര മാത്രമേ അവൻ പറഞ്ഞുള്ളു.. ആ വാക്കുകൾ കേട്ടപാടെ ആനന്ദത്താൽ രേഷ്മയുടെ മിഴികൾ തുളുമ്പി ആതിരയും അതേ അവസ്ഥയിൽ ആയിരുന്നു.

“താങ്ക്സ് ഏട്ടാ.. താങ്ക് യൂ സോ മച്ച്.. വയൽ കടന്ന് അപ്പുറത്തെ റോഡിൽ ഞങ്ങടെ ഒരു ഫ്രണ്ട് വണ്ടിയുമായി വരും അവനൊപ്പം പോകും ഞങ്ങൾ.. ഒരിക്കലും മറക്കില്ല ഈ ഉപകാരം ”

ഉള്ളു നിറയെ നന്ദിയും കടപ്പാടുമായിരുന്നെങ്കിലും അത് പ്രകടിപ്പിക്കുവാൻ നിന്നില്ല രേഷ്മ.. ആതിരയും അതെ.. രണ്ടാളും പോകാൻ ഉള്ള തിരക്കിൽ ആയിരുന്നു

” മോളെ.. പോവല്ലേ പ്ലീസ്”അവസാനമായി രേഷ്മയോട് ഒരിക്കൽ കൂടി കെഞ്ചി അനൂപ്. എന്നാൽ മനപ്പൂർവം മറുപടി പറഞ്ഞില്ല അവൾ. നിമിഷങ്ങൾക്കകം ഒച്ചയുണ്ടാക്കാതെ രണ്ടാളും മുറിയ്ക്ക് പുറത്തേക്ക് പോയി. ഒന്നും

ചെയ്യാനാകാതെ സ്തബ്ധനായി നോക്കി നിൽക്കാനേ അനൂപിന് കഴിഞ്ഞുള്ളു. അല്പസമയം ആ നിൽപ്പ് നിന്ന് ഒടുവിൽ പൊട്ടിക്കരഞ്ഞു. രേഷ്മയുടെ ഓർമ്മകൾ അത്രമേൽ അവനെ നോവിച്ചു.

ഒരു ഭ്രാന്തനെ പോലെ ഒന്നും ആരോടും പറയുവാൻ കഴിയാതെ അങ്ങിനെ ഇരുന്നു അനൂപ്.’ഭഗവാനെ.. നാളെ ഇനി ഇത് എല്ലാവരും അറിയുമ്പോൾ ഇത് ആകുമോ എന്തോ.. ‘

അവന്റെ ഉള്ളം നീറുകയായിരുന്നു. സമയം പിന്നെയും നീങ്ങി. കൃത്യം പന്ത്രണ്ടര ആയപ്പോഴേക്കും പുറത്ത് പടക്കങ്ങൾ പൊട്ടി തുടങ്ങി .. എന്തിനോ വേണ്ടി പൊട്ടുന്ന പടക്കങ്ങൾ.. പുച്ഛത്തോടെ ഒന്ന് പുഞ്ചിരിച്ചു ബെഡിലേക്ക് ചാഞ്ഞു അനൂപ്. ആ നിമിഷം അങ്ങ് മരിക്കാൻ കഴിഞ്ഞെങ്കിൽ എന്ന് ഓർത്തുപോയി അവൻ.

Leave a Reply

Your email address will not be published. Required fields are marked *