നോക്കുമ്പോൾ അയാളുടെ പാന്റിന്റെ സിബ്ബ് ഓപ്പൺ ആയിരുന്നു. സോ നിങ്ങൾക്ക് ഊഹിക്കാമല്ലോ എന്താകും എന്നെ കുത്തിയത് എന്ന്.

(രചന: പ്രജിത്ത് സുരേന്ദ്രബാബു)

“സിനിമാ തീയറ്ററിൽ പെൺകുട്ടിക്ക് നേരെ ലൈം ഗികാധിക്രമം. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് കോളേജ് വിദ്യാർത്ഥിയെ നാട്ടുകാർ ബലമായി പിടിച്ചു പോലീസിൽ ഏൽപ്പിച്ചു.. അധിക്രമത്തിനിരയായ പെൺകുട്ടി ഇപ്പോൾ ഫോണിൽ നമ്മളോടൊപ്പം ചേരുന്നു.

“ഹലോ.. അനുശ്രീ.. കേൾക്കുന്നുണ്ടോ..””ആ..ഹലോ.. കേൾക്കുന്നുണ്ട്.. “” അനുശ്രീ പറയു. എന്താണ് ഇന്ന് തീയറ്ററിൽ സംഭവിച്ചത്.. ”

” അത്.. ഞങ്ങൾ ഫ്രെണ്ട്സ് ചേർന്ന് തീയറ്ററിൽ പോയി മൂവി കണ്ട് കഴിഞ്ഞു പുറത്തേക്ക് ഇറങ്ങുകയായിരുന്നു. തിയേറ്ററിൽ സാമാന്യം നല്ല തിരക്ക് ഉണ്ടായിരുന്നു സോ വരിവരിയായി ആണ് എല്ലാവരും പുറത്തേക്ക് ഇറങ്ങിയത്. ഇയാള് എനിക്ക് പിന്നിൽ നിൽക്കുകയായിരുന്നു.

പെട്ടെന്ന് എന്തോ എന്റെ പിന്നിൽ കുത്തുന്ന പോലെ ഫീൽ ചെയ്തു തിരിഞ്ഞു നോക്കിയപ്പോൾ ഒന്നും കണ്ടില്ല എങ്കിലും സംശയത്തിൽ ഞാൻ നോക്കുമ്പോൾ അയാളുടെ പാന്റിന്റെ സിബ്ബ് ഓപ്പൺ ആയിരുന്നു. സോ നിങ്ങൾക്ക് ഊഹിക്കാമല്ലോ എന്താകും എന്നെ കുത്തിയത് എന്ന്.

ഞാൻ അവിടെ വച്ച് ആ പ്രവൃത്തിയെ ചോദ്യം ചെയ്തു. പക്ഷെ അയാൾ സമ്മതിച്ചില്ല പിന്നെ അവിടുള്ള ചേട്ടന്മാർ എല്ലാവരും ചേർന്ന് അവനെ ബലമായി പിടിച്ചു കെട്ടി വച്ചു.പോലീസ് വന്ന് കൊണ്ട് പോവുകയാണ് ഉണ്ടായത് ”

” അപ്പോൾ അനുശ്രീ… അയാൾ തന്റെ ലൈം ഗികാവയവം കൊണ്ട് നിങ്ങളുടെ ശരീരത്തിൽ സ്പർശിച്ചു എന്ന് തന്നെയാണ് പറയുന്നത് അല്ലേ. ”

” ഉറപ്പായും.. അതാണ് ഉണ്ടായത് “”ഓക്കേ അനുശ്രീ വിവരങ്ങൾ തന്നതിന് നന്ദി””ഇപ്പോൾ കിട്ടിയ വാർത്ത ലൈം ഗികാധിക്രമ കേസിലെ പ്രതി ആനന്ദിനെ പോലീസ് സ്റ്റേഷൻ വളപ്പിൽ നാട്ടുകാരിൽ ഒരു സംഘം ചേർന്ന് ചെരുപ്പ് മാല അണിയിച്ചു. പ്രതിയെ സ്റ്റേഷനിൽ എത്തിക്കുമ്പോഴായിരുന്നു സംഭവം മാത്രമല്ല കുറ്റാരോപിതനായ ആനന്ദിനെ കോളേജിൽ നിന്നും പുറത്താക്കിയതായും വാർത്തകൾ വരുന്നു. ”

ചാനലിൽ ലൈവായി വന്ന വാർത്ത കണ്ട് അന്ധാളിച്ചിരുന്നു പോയി ബാലചന്ദ്രനും ശ്രീദേവിയും” ചേട്ടാ.. ന..നമ്മുടെ… മോൻ.. അവൻ.. ”

വാക്കുകളില്ലാതെ ശ്രീദേവി കുഴയുമ്പോൾ ഒക്കെയും കേട്ട് വല്ലാത്ത വീർപ്പുമുട്ടൽ തോന്നി ബാലചന്ദ്രന്.

” അവനിങ്ങനൊക്കെ ചെയ്യോ… “അയാളുടെ മിഴികൾ അറിയാതെ തുളുമ്പി.അപ്പോഴേക്കും ബന്ധുക്കളുടെയും പരിചയക്കാരുടേയും ഉൾപ്പെടെ ചറപറാ കോളുകൾ രണ്ട് പേരുടെയും ഫോണിലേക്ക് വന്ന് തുടങ്ങിയിരുന്നു. അയൽക്കാരിൽ പലരും വീട്ടിലേക്ക് എത്തിയതോടെ നാണക്കേട് കാരണം മുറിയിലേക്ക് പോയി ബാലചന്ദ്രൻ.

” എന്നാലും ഈ ചെക്കൻ ഇതെന്താ ശ്രീദേവി ഈ കാണിച്ചേക്കുന്നേ.. തലപൊക്കി ഇനി നാട്ടുകാരുടെ മുഖത്തേക്ക് എങ്ങിനെ നോക്കും ”

അശ്വസിപ്പിക്കുവാൻ എന്ന വ്യാജേനയാണ് വന്നതെങ്കിലും പലരും കിട്ടിയ അവസരം കുത്തുവാക്കുകൾ കൊണ്ട് നിറച്ചു. ഒടുവിൽ സഹികെട്ടു ശ്രീദേവിയും മുറിയിലേക്ക് പോകവേ പതിയെ എല്ലാരും പിരിഞ്ഞു. മുറിയിലെത്തുമ്പോൾ ബാലചന്ദ്രൻ എവിടേക്കോ പോകുവാനുള്ള തയ്യാറെടുപ്പിലാണെന്ന് അവർക്ക് മനസിലായി.

” ചേട്ടാ.. എവിടെക്കാ ഈ പോണേ.. “” സ്റ്റേഷനിൽ നിന്ന് വിളിച്ചു ദേവി.. ഞാനൊന്ന് പോയി നോക്കട്ടെ.. അവനെ ഇറക്കാൻ പറ്റോ ന്ന് അറിയേണ്ടേ.. “വേദന നിറഞ്ഞ ആ വാക്കുകൾ കേട്ട് വീണ്ടും വിതുമ്പി ശ്രീദേവി.

” എന്നാലും ചേട്ടാ അവൻ ഇത്രക്ക് വൃത്തികെട്ടവൻ ആയി പോയല്ലോ.. ഒളിച്ചും പാത്തും കള്ള് കുടിയും പുകവലിയുമൊക്കെ ഉണ്ടെന്ന് അറിഞ്ഞിട്ടും ഈ പ്രായത്തിന്റെ ആണെന്ന് പറഞ്ഞ് ചേട്ടൻ കണ്ണടച്ചില്ലേ.. അന്നേരമേ അവനെ വിലക്കിയിരുന്നെങ്കിൽ ഇപ്പോൾ ഈ നാണക്കേട് ഉണ്ടാവില്ലായിരുന്നു. ”

ആ വാക്കുകൾ ബാലചന്ദ്രന്റെ ഉള്ളിൽ തറച്ചിരുന്നു.” എന്റെ ദേവി നീയും എന്റെ മേൽ കേറുവാണോ.. ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല അവൻ ഇത്രക്ക് വലിയ വൃത്തികേട് ചെയ്യുമെന്ന്.. ഒന്നല്ലേ ഉള്ളു ന്ന് കരുതി ചോദിച്ചതൊക്കെയും വാങ്ങി നൽകി അവനെ സന്തോഷിപ്പിക്കാൻ നോക്കിയതിനു ദൈവം തന്ന ശിക്ഷയാകും ഇതൊക്കെ.”

അയാളുടെ ദയനീയമായ മറുപടിക്ക് മുന്നിൽ പിന്നൊന്നും പറയുവാൻ തോന്നിയില്ല ശ്രീദേവിക്ക്. ബാലചന്ദ്രൻ കാറിൽ കയറി പോകുന്നത് നിറ കണ്ണുകളോടെ നോക്കി നിന്നു അവർ.

പലരോടും അപേക്ഷിച്ചും ചെയ്‌തും കാല് പിടിച്ചും ഒടുവിൽ വൈകിട്ടോടെ ആനന്ദിനെ സ്റ്റേഷനിൽ നിന്ന് ഇറക്കി ബാലചന്ദ്രൻ.

“ഇതിപ്പോ ആ പെങ്കൊച്ചിന്റെ മൊഴി മാത്രമേ ഉള്ളു.. തെളിവുകളായി വീഡിയോയോ എന്തേലുമൊക്കെ വന്നാ പിന്നെ എനിക്കൊന്നും ചെയ്യാൻ പറ്റില്ല.. ഇപ്പോൾ കൊണ്ട് പൊയ്ക്കോ ”

പുറത്തേക്കിറങ്ങുമ്പോൾ എസ് ഐ ഓർമിപ്പിച്ചു.മീഡിയക്കാരൊക്കെ പോയിരുന്നെങ്കിലും ചില വ്ലോഗർ മാരൊക്കെ സ്റ്റേഷൻ പരിസരത്തു തന്നെയുണ്ടായിരുന്നു. ആനന്ദ് പുറത്തേക്കിറങ്ങുന്നത് കണ്ട് അപ്പോൾ തന്നെ അവർ ലൈവ് വീഡിയോയിലൂടെ ആ വിവരം സോഷ്യൽ മീഡിയയിൽ എത്തിച്ചു.

” ഗയ്സ്.. ഇന്ന് അറസ്റ്റിൽ ആയ ആനന്ദിനെ ദേ അയാളുടെ അച്ഛൻ എത്തി പോലീസ് സ്റ്റേഷനിൽ നിന്നും കൊണ്ട് പോകുന്ന ദൃശ്യമാണ് നമ്മൾ കാണുന്നത്. കണ്ടില്ലേ ഗയ്സ് നാട്ടിലെ നിയമം ഒക്കെ ഇത്രയേ ഉള്ളു.. തെറ്റ് ചെയ്താലും സിമ്പിൾ ആയി പുറത്ത് വരാം ”

വേഗത്തിൽ ആ വാർത്ത വൈറൽ ആയി. വീട്ടിലേക്കുള്ള യാത്രയിൽ ഉടനീളം ഒന്നും മിണ്ടിയില്ല ബാലചന്ദ്രൻ. പലവട്ടം സംസാരിക്കുവാൻ ആനന്ദ് ശ്രമിച്ചെങ്കിലും മനപ്പൂർവം അയാൾ മുഖം തിരിച്ചു. അതോടെ പതിയെ അവനും നിശബ്ദനായി.

വീട്ടിലെത്തുമ്പോൾ അയൽക്കാരുടെ വലിയൊരു കൂട്ടം തന്നെ അവിടെ അവർക്കായി കാത്തു നിന്നിരുന്നു. ആർക്കും മുഖം കൊടുക്കാതെ ബാലചന്ദ്രൻ വീടിനുള്ളിലേക്ക് പാഞ്ഞു കയറി.

“എന്റെ മോനെ നിനക്ക് ഇതെന്തിന്റെ കേടാ… ആകെ നാണക്കേട് ആയല്ലോ “” പെണ്ണ് കെട്ടിച്ചു തരാൻ വീട്ടിൽ പറയ് ചെക്കാ ”

കമന്റുകൾ പലതും കേട്ടു ഉള്ള് പിടയുന്ന വേദനയോടെയാണ് ആനന്ദ് വീടിനുള്ളിലേക്ക് കയറിയത്. ചെക്കിടടച്ചൊരു അ ടിയായിരുന്നു ശ്രീദേവിയുടെ ആദ്യത്തെ പ്രതികരണം.

” നാണമില്ലെടാ നിനക്ക്‌.. ഇതിനേക്കാൾ നല്ലത് ചത്ത് കളയുന്നതായിരുന്നു. അല്ലേൽ ഞങ്ങൾക്ക് കുറച്ചു വി ഷം വാങ്ങി താ… ഇങ്ങനെ നാണം കെടുന്നതിനേക്കാൾ നല്ലത് അതാണ് ”

അടിയേക്കാൾ ആനന്ദിനെ വേദനിപ്പിച്ചത് ആ കുത്തുവാക്കുകൾ ആയിരുന്നു” അമ്മാ പ്ലീസ് എന്നെ ഒന്ന് വിശ്വസിക്ക്.. ഞാൻ ഒരു തെറ്റും ചെയ്‌തിട്ടില്ല എന്നെ അവൾ തെറ്റിദ്ധരിച്ചതാണ്. ഇത്രക്ക് വൃത്തികെട്ടവൻ ഒന്നുമല്ല ഞാൻ. ”

കരഞ്ഞു പോയി ആനന്ദ്.” സിബ്ബും തുറന്ന് ഒരു പെങ്കൊച്ചിന്റെ പിന്നിൽ നിന്ന് തോന്ന്യവാസം കാണിച്ചിട്ട് ആണോ മോനെ ഒന്നും ചെയ്തില്ല എന്ന് പറയുന്നത് “ബാലചന്ദ്രന്റെ ചോദ്യം കേട്ട് പൊട്ടിക്കരഞ്ഞു ആനന്ദ്

” അച്ഛാ സത്യമായും ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല. പാന്റിന്റെ സിബ്ബ് ഓപ്പൺ ആയിരുന്നു. പക്ഷെ അത് ഞാൻ ഇന്റർവെൽ സമയത്ത് വാഷ് റൂമിൽ പോയിട്ട് സിബ്ബ് അടയ്ക്കുവാൻ മറന്നതാണ്.

പിന്നെ പിന്നിൽ നിന്നും ആരോ തള്ളിയപ്പോൾ എന്റെ കയ്യിൽ ഇരുന്ന ഫോൺ ആണ് ആ കുട്ടിയുടെ പിന്നിൽ ടച്ചു ചെയ്‌തതു. തിരിഞ്ഞു നോക്കിയപ്പോ എന്റെ പാന്റിന്റെ സിബ്ബ് ഓപ്പൺ ആണെന്ന് കണ്ട അവൾ ബാക്കി എല്ലാം ഊഹിച്ചു. അതാണ് ഉണ്ടായത് അല്ലാതെ മറ്റൊന്നുമല്ല . ”

“നല്ല ന്യായീകരണം. കേട്ടാൽ ആരും വിശ്വസിക്കും. നാണമില്ലേ നിനക്ക് ചെയ്ത തെറ്റിനെ ഇങ്ങനെ ന്യായീകരിക്കാൻ. ഇതിനേക്കാൾ പോയി ച ത്തൂടെ നിനക്ക്..

ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട് ഫോണിലൂടെ നീ വൃത്തികെട്ട വീഡിയോകൾ കാണുന്നത്. കണ്ടില്ലെന്ന് നടച്ചതാണ് ഞാൻ. എല്ലാം തെറ്റ് ആയി പോയി. ഇത്രക്ക് വൃത്തികെട്ട നീ എങ്ങിനെ എന്റെ വയറ്റിൽ വന്ന് പിറന്നു.”

പുച്ഛത്തോടെയുള്ള ശ്രീദേവിയുടെ ആ ചോദ്യം ആനന്ദിനെ വീണ്ടും നടുക്കി” അമ്മേ സത്യമാണ് ഞാൻ പറയുന്നത് പ്ലീസ് ഒന്ന് വിശ്വസിക്ക് ഇത് വെറും ഞ്യായീകരണം അല്ല. ”

അവൻ കെഞ്ചുമ്പോഴും ശ്രീദേവിയുടെ മനസ്സ് അലിഞ്ഞില്ല.” അമ്മേ.. പ്ലീസ്.. ഒന്ന് വിശ്വസിക്ക്.. അച്ഛാ പ്ലീസ്.. ”

ദയനീമായി തങ്ങളെ മാറി മാറി നോക്കുന്ന മകനെ വേദനയോടെ അവഗണിച്ചു കൊണ്ട് ശ്രീദേവിയും ബാലചന്ദ്രനും തങ്ങളുടെ മുറിയിലേക്ക് പോയി..

അതോടെ നിലത്തേക്ക് മുട്ടു കുത്തിയിരുന്ന് പൊട്ടിക്കരഞ്ഞു ആനന്ദ്. അമ്മയെങ്കിലും തന്നെ വിശ്വസിക്കുമെന്ന് അവന് ഉറപ്പുണ്ടായിരുന്നു. പക്ഷെ അവരുടെ പ്രതികരണം അവനെ വല്ലാതെ വേദനിപ്പിച്ചു.

‘പോയി ചത്തൂ ടെ നിനക്ക്‌..’അമ്മയുടെ ആ വാക്കുകൾ അവന്റെ കാതുകളിൽ മുഴങ്ങി. മനസ്സിൽ വേദന അടക്കുവാൻ കഴിയാതെ വിതുമ്പി അവൻ.

അതേ സമയം മുറിയിലേക്കെത്തി പൊട്ടിക്കരഞ്ഞു പോയി ശ്രീദേവി.” എന്നാലും ബാലേട്ടാ അവൻ ഇങ്ങനൊക്കെ ചെയ്ത് കളഞ്ഞല്ലോ… ഓർത്തിട്ട് എനിക്ക് സഹിക്കാൻ പറ്റുന്നില്ല.. എങ്ങിനെ നോക്കി വളർത്തിയതാ നമ്മൾ ഇപ്പോൾ ദേ… ഇനി എങ്ങിനെ പുറത്തേക്ക് ഇറങ്ങി നടക്കും നമ്മൾ ”

” വിഷമിക്കേണ്ട ടോ. ചിലപ്പോൾ അവൻ പറഞ്ഞ പോലെ ആണ് സംഭവിച്ചതെങ്കിലോ.. നാളെ പകൽ അവനോട് വ്യക്തമായി ഒന്നുകൂടി സംസാരിച്ചിട്ട് നമുക്ക് ആ പെൺകുട്ടിയെ കൂടി ഒന്ന് കാണാം. ചിലപ്പോൾ നമ്മുടെ മോൻ പറഞ്ഞതാണ് സത്യമാണെങ്കിലോ.. അങ്ങിനെയെങ്കിൽ അവന്റെ നിരപരാധിത്വം എല്ലാരും അറിയണം ”

ബാലചന്ദ്രൻ പറഞ്ഞത് ശെരിയാണെന്ന് ശ്രീദേവിക്കും തോന്നി.”നമ്മൾ ഇപ്പോൾ പറഞ്ഞതൊക്കെ കൂടി പോയോ ഏട്ടാ.. അത്രക്ക് സങ്കടം സഹിക്കാഞ്ഞിട്ടാ ഞാൻ.. ”

വേദനയോടെ തന്നെ നോക്കുന്ന ശ്രീദേവിയെ ചേർത്തു പിടിച്ചു അയാൾ.” ഏയ് താൻ വിഷമിക്കേണ്ട. അവൻ ഒന്ന് ഉറങ്ങി എണീക്കട്ടെ എന്നിട്ട് നമുക്ക് സംസാരിക്കാം ”

ബാലചന്ദ്രന്റെ വാക്കുകൾ കേട്ട് അയാളുടെ മാറിലേക്ക് ചാഞ്ഞു ശ്രീദേവി. അങ്ങിനെ പതിയെ അവരും ഉറക്കത്തിലേക്ക് വഴുതി വീണു.

പിറ്റേന്ന് രാവിലെ ആനന്ദിനുള്ള പതിവ് ചായയുമായി മുറിയിലേക്ക് ചെന്നതാണ് ശ്രീദേവി. മുറി അകത്തു നിന്നും പൂട്ടിയിരുന്നു. അത് ശ്രദ്ധിക്കവേ ആണ് ഡോറിന്റെ പുറത്ത് ഒട്ടിച്ചു വച്ചിരുന്ന പേപ്പർ അവർ കണ്ടത്.

‘ അമ്മേ പതിവ് ചായയുമായി വരുവാണേൽ അകത്തേ കാഴ്ച കണ്ട് പേടിക്കാതിരിക്കാൻ ആണ് ഞാൻ മുറി അകത്തു നിന്നും ലോക്ക് ചെയ്തത്.

അമ്മയ്ക്കും അച്ഛനും എന്നോട് ദേഷ്യം ആകും പക്ഷെ ഞാൻ പറഞ്ഞത് സത്യമാ അമ്മാ.. തെറ്റൊന്നും ചെയ്തിട്ടില്ല ഞാൻ. അച്ഛനും അമ്മയും എന്നെ വിശ്വസിക്കും ന്ന് കരുതി ഞാൻ.. പക്ഷെ നിങ്ങൾക്കും എന്നെ വിശ്വാസം ഇല്ലേൽ പിന്നെ അമ്മ പറഞ്ഞതാ ശെരി.

അങ്ങ് ചത് ത് കളയാം ഞാൻ. റൂമിൽ ഫാനിനു നല്ല ബലം അല്ലേ… എനിക്ക് അത് മതി.. ഞാൻ ഈ ലോകത്ത് ന്ന് പോകുവാ അമ്മേ. എന്നെ കുറ്റക്കാരനായി കണ്ട ലോകത്ത് ജീവിക്കാൻ ഞാനും ആഗ്രഹിക്കുന്നില്ല ഞാൻ കാരണം നിങ്ങൾക്ക് ഉണ്ടായ നാണക്കേടിന് ക്ഷമിക്കണം.’

വായിച്ചു അവസാനിപ്പിക്കുമ്പോൾ നടുക്കത്തോടെ പിന്നിലേക്ക് ആഞ്ഞു പോയി ശ്രീദേവി. കയ്യിലിരുന്ന ചായ കപ്പ് നിലത്തേക്ക് വീണുടഞ്ഞു.

” മോ.. മോനെ.. “അന്ധാളിപ്പോടെ അവരങ്ങനെ നിന്നു പോയി. ഓടിയെത്തിയ ബാലചന്ദ്രന് ഡോറിലെ ആ എഴുത്ത് കണ്ട് നടുങ്ങി. പിന്നെ എല്ലാം ഒരു ബഹളമായിരുന്നു. ഒടുവിൽ പോലീസിന്റെ

സഹായത്തോടെ ആ മുറി തുറക്കപ്പെട്ടു. ആനന്ദ് പറഞ്ഞത് തന്നെ ചെയ്തു. കുറ്റബോധത്താലും ഉള്ള് പൊട്ടുന്ന വേദനയാലും അലമുറിയിട്ടു കരഞ്ഞു ബാലചന്ദ്രനും ശ്രീദേവിയും.

മകനെ തങ്ങൾ മനസിലാക്കിയതിൽ തെറ്റ് പറ്റിയോ എന്ന് ചിന്തിക്കവേ അവരുടെ വേദന ഇരട്ടിയായി.

” ഇന്നലെ പോലീസ് അറസ്റ്റ് ചെയ്ത ആനന്ദ് ആ ത്മ ഹത്യ ചെയ്ത നിലയിൽ.”ആനന്ദ് നിരപരാധിയോ.”പെൺകുട്ടിയുടെ പരാതി വെറും തെറ്റിദ്ധാരണയുടെ പേരിലോ ‘

മീഡിയകൾ വീണ്ടും ആഘോഷം ആരംഭിച്ചു. പോയ ജീവൻ ഇനി തിരിച്ചു കിട്ടില്ല. നഷ്ടം വേണ്ടപ്പെട്ടവർക്ക് മാത്രമാണ്. ബാക്കി എല്ലാവർക്കും എല്ലാം ഒരു വാർത്ത.

Leave a Reply

Your email address will not be published. Required fields are marked *