പിഴച്ചവള് നിന്ന് ചിലക്കുന്നതു കണ്ടില്ലേ..,,കവിത അച്ഛനു നേരെ ശബ്ദമുയർത്തിയതും അകത്തു നിന്നും ഇറങ്ങി വന്ന അവളുടെ

പിഴച്ചവൾ
(രചന: രജിത ജയൻ)

ഞങ്ങൾക്ക് നീ ഒരുത്തി മാത്രമല്ല മകളായ് ഉള്ളത് ,ഇനി ഒരാളും കൂടി ഉണ്ട് , നിന്റെ മൂത്തത് ഒരാൺകുട്ടിയാണെന്ന് പറഞ്ഞിട്ട് കാര്യം ഇല്ല അവന്റെ കാര്യങ്ങൾക്കും ഞങ്ങൾ തന്നെ വേണം ,

ഇതൊന്നും നിന്നോടു പറഞ്ഞു തരേണ്ട കാര്യമില്ല ,എന്നാലും ഞങ്ങൾ നിന്റെ മാതാപിതാക്കളല്ലേ ?

ഞങ്ങളോളം നിന്നെ മനസ്സിലാക്കാൻ വേറൊരാൾക്കും കഴിയില്ലല്ലോ , അതുപോലെ തന്നെ ഞങ്ങളെ മനസ്സിലാക്കാൻ നിന്റെ അത്രയും മിടുക്കും കഴിവുമൊന്നും മറ്റുള്ളവർക്കുമില്ല …

അതു കൊണ്ട് ഞങ്ങൾ പറയുന്നത് മോൾ അനുസരിക്കണം കഴിഞ്ഞതൊക്കെ മറക്കണം ,നമ്മുടെ കുടുംബത്തിന്റെ നല്ലതിനു വേണ്ടിയല്ലേ..?

തനിക്ക് മുന്നിൽ നിന്നൊരപേക്ഷ പോലെ കാര്യങ്ങൾ പറയുന്ന അമ്മയെ നോക്കിനിൽക്കെ കവിതയുടെ ഉള്ളിൽ നിന്നൊരായിരം ചോദ്യങ്ങൾഅമ്മയ്ക്ക് നേരെ ഉയർന്നുവന്നെങ്കിലും

അമ്മയ്ക്കരികിൽ ശാന്തതയോടെ ഇരിക്കുന്ന അച്ഛന്റെ കണ്ണിലെ തിടുക്കവും മുഖത്തുള്ള അനേക ഭാവങ്ങളും അവളെ അതിൽ നിന്നു പിൻതിരിപ്പിച്ചു ..

അവളൊന്നും മിണ്ടാതെ റൂമിലേക്ക് കയറി പോവാനൊരുങ്ങിയതും അമ്മയ്ക്കരികിലിരുന്ന അച്ഛൻ കസേര പിന്നിലേക്ക് കാലുകളാൽ തട്ടി എറിഞ്ഞെണീറ്റു ..

കവിതേ …. ,,,ദേഷ്യത്തോടെ ഉള്ള അച്ഛന്റെ വിളിയിൽ അവൾ തിരിഞ്ഞു നിന്നയാളെ നോക്കി ..”നീയെന്താടീ എന്നെ നോക്കി പേടിപ്പിക്കുകയാണോ ?

മാസങ്ങൾ കുറച്ചായ് ഈ വീട്ടിലെ സ്വസ്തതയും സമാധാനവും നശിച്ചിട്ട്..,, അല്ല നീ നശിപ്പിച്ചിട്ട് …

ഇനിയതു പറ്റില്ല ഇന്നു രണ്ടിലൊന്നു അറിഞ്ഞേ പറ്റൂ .. ഞങ്ങൾ പറഞ്ഞ കാര്യത്തിനൊരു ഉത്തരം തന്നിട്ടു പോയാൽ മതി നീയിനി അകത്തേക്ക് …

അച്ഛനെന്താ പറഞ്ഞത് ,ഞാനീ കുടുംബത്തിന്റെ സ്വസ്തതയും സമാധാനവും കളഞ്ഞെന്നോ …? അച്ഛനൊരിക്കൽ കൂടി സ്വന്തം നെഞ്ചിൽ കൈവെച്ച് പറയാൻ പറ്റുമോ ഞാനാണീ വീടിന്റെ സ്വസ്തത കളഞ്ഞതെന്ന് …?

കവിതയുടെ സ്വരമുയർന്നു ..എന്താടീ …. എന്താടീ നീ അച്ഛനു നേരെ ശബ്ദമുയർത്തുന്നത് ..?

നീയാണീ കുടുംബത്തിന്റെ സ്വസ്തതക്കേടെന്ന് അച്ഛൻ ഒരിക്കലല്ല പലവട്ടം വിളിച്ചു പറയും ,അച്ഛൻ മാത്രമല്ല ഞങ്ങളും നീയെന്തു ചെയ്യും ഞങ്ങളെ… ?

പിഴച്ചവള് നിന്ന് ചിലക്കുന്നതു കണ്ടില്ലേ..,,കവിത അച്ഛനു നേരെ ശബ്ദമുയർത്തിയതും അകത്തു നിന്നും ഇറങ്ങി വന്ന അവളുടെ ചേട്ടൻ വിജേഷ് അവളുടെ നേരെ തിരിഞ്ഞു

അച്ഛനൊപ്പം ചേർന്ന് തനിക്കു നേരെ കയർക്കുന്ന ചേട്ടനെ കണ്ടതും കവിതയുടെ മുഖത്തൊരു പുച്ഛ ചിരി വിരിഞ്ഞു

എന്താടീ നിനക്കൊരു പരിഹാസചിരി …?അല്ല ചേട്ടൻ എന്നെ വിളിച്ചപേര് കേട്ട് ചിരിച്ചു പോയതാ ഞാൻ ,അല്ലാതെ പരിഹസിച്ചതൊന്നുമല്ല …

പിഴച്ചവള് …. കൊള്ളാം നല്ല പേരാണ് ചേട്ടാ അത് … ചേട്ടൻ തന്നെ അതു വിളിക്കുകയും വേണം … പറഞ്ഞു നിർത്തിയപ്പോ കവിതയുടെ ശബ്ദം ഇടറി അടക്കി നിർത്താൻ ശ്രമിച്ചിട്ടും അറിയാതെ കണ്ണുകൾ നിറഞ്ഞു … നെഞ്ചിലൊരു കടലിരമ്പുന്നതു പോലെ ..

ഞാൻ വിളിച്ചതിലാണ് ഇപ്പോ തെറ്റ് അല്ലേ…?ഈ നാട്ടുക്കാർ മുഴുവൻ ഒളിഞ്ഞു തെളിഞ്ഞും നിന്നെ ഇപ്പോ വിളിക്കുന്നത് ആ പേര് തന്നെയാണ് ,നാണക്കേടു കൊണ്ട് മനുഷ്യന് പുറത്തിറങ്ങി നടക്കാൻ പറ്റുന്നില്ല …

എല്ലാറ്റിനുമൊരു പരിഹാരം എന്ന നിലയിലാണ് വീട്ടിതോട്ടത്തെ രമേശന്റെ ആലോചന വന്നത് നിനക്ക് ..

ഈ കുടുംബത്തിന്റെ നാണക്കേടും മാറും നിനക്കൊരു ജീവിതവുമാവും എന്നു കരുതിയാണ് കഴിഞ്ഞ കുറെ ദിവസങ്ങളായ് ഞങ്ങൾ മൂന്നാലു പേർ നിന്റെ ഒരു സമ്മതത്തിനായ് കാത്തു നിൽക്കുന്നത് ,അപ്പോഴാണവൾ ……

വീട്ടിതോട്ടത്തിലെ രമേശന്റെ ആലോചന, നിങ്ങളുടെ നാണക്കേട് മാറാനും, എനിക്കൊരു ജീവിതമാക്കാനും നിങ്ങൾ കണ്ടെത്തിയ വഴി കൊള്ളാം .. പക്ഷെ എനിക്കാ ജീവിതം വേണ്ട ,അതുകൊണ്ടുതന്നെയാ കല്യാണവും ….,,

എന്താടീ നിനക്കാ ബന്ധം വേണ്ടാത്തത് …?പിന്നെ നിന്നെ കെട്ടാൻ ഏതു രാജകുമാരൻ വരുംന്നാ നീ കരുതുന്നത് …?അച്ഛൻ അവളുടെ നേരെ ചീറ്റി

ആരും വന്നില്ലെങ്കിലും ശരി അയാളെ എനിക്കു വേണ്ട , കുറെ സമ്പത്തുള്ളത്തിന്റെ പേരിൽ നാട്ടിലും വീട്ടിലും അയാൾ കാണിക്കുന്ന തോന്ന്യാസങ്ങൾ ഈ നാട്ടിലെല്ലാവർക്കും അറിയാം .. അങ്ങനെ ഒരാളെ കെട്ടാനാണ് എന്നോട് നിങ്ങളീ പറയുന്നത് …

ഓ.. നീ വല്യ പുണ്യാളത്തി ,അവൻ തോന്ന്യാസം കാണിക്കുണ്ടെങ്കിൽ അതാരും അറിയാതെ ആണ് .. പക്ഷെ നീയോ ..? ഉടുതുണി ഇല്ലാതെ നീ തെക്കേ വയലിൽ കിടന്നതിന്റെ ഫോട്ടോ ഇവിടെയുള്ള ഓരോ ചെക്കന്മാരുടെ ഫോണിലും ഇപ്പോഴുമുണ്ടാകും …,,

ദേഷ്യത്തിലച്ഛൻ പറഞ്ഞതു കേട്ടതും കവിതയുടെ കണ്ണിലൊരഗ്നി ആളിക്കത്തി…

ദേ… നിങ്ങളൊന്ന് മിണ്ടാത്തിരുന്നേ .., നിങ്ങളച്ഛനും മോനും കൂടി എന്താണീ പറയുന്നതെന്ന് വല്ല ബോധവുമുണ്ടോ ..?

കാര്യങ്ങൾ സാവധാനം അവളെ പറഞ്ഞു മനസ്സിലാക്കുന്നതിനു പകരം നിങ്ങൾ വെറുതെ…

അച്ഛന്റെ വാക്കുകൾ അതിരു കടന്നത് മകളിൽ വരുത്തിയ മാറ്റം ശ്രദ്ധിച്ച അമ്മ ഇരുകൂട്ടർക്കുമിടയിൽ കയറി …

അമ്മ തടയണ്ട, അച്ഛൻ പറയട്ടേ … കുറച്ചു ദിവസായി ഇവൾ ബാക്കിയുള്ളവരെ ഇട്ടു വട്ടു തട്ടുന്നു .. ഇവളുടെ ഒരു സമ്മതം മൂളലിനായ് നമ്മൾ താഴ്ന്നു കൊടുക്കുമ്പോ നശിച്ചവള് തലേൽ ചവിട്ടു ന്നോ..?

അച്ഛൻ പറഞ്ഞതിലെന്താ തെറ്റ്.. ?ഇപ്പഴും ഇവിടെ ഉള്ള പലരുടെയുംകയ്യിലുണ്ട് ആ ഫോട്ടോ…ചേട്ടന്റെ കയ്യിലുണ്ടോ …?പെട്ടന്നുള്ള കവിതയുടെ ചോദ്യം കേട്ടതും വിജേഷ് ഒന്നു പകച്ചു …

എന്താടീ പിഴച്ചവളെ നി ചോദിച്ചത് …?അവൻ അവൾക്കു നേരെ കൈ വീശി ചെന്നുതൊട്ടു പോകരുതെന്നെ … എന്നെ തല്ലാനോ ഉപദേശിക്കാനോ ഉള്ള യോഗ്യതയൊന്നും നിങ്ങൾക്കാർക്കുമില്ല…

പിന്നെ ചേട്ടൻ പറഞ്ഞഫോട്ടോ അതു കാര്യം ശരിയാണ് അങ്ങനെയൊരു ഫോട്ടോ ഇവിടെ എല്ലാവരുടെ കയ്യിലും കാണും,

അതു പക്ഷെ ഒരിക്കലും കാമം മൂത്ത് സ്വന്തം നഗ്ന ശരീരം മറ്റുള്ളവർക്കായ് തുറന്നു വെച്ചവളായിട്ടാവില്ല ,ഉത്സവ പിറ്റേന്ന് ആരൊക്കയോ ചേർന്ന് പിച്ചിചീന്തികൊല്ലാറാക്കി തെക്കേവയലിലുപേക്ഷിച്ച ഒരു ശരീരമായിട്ടാവും …

കവിതയുടെ വാക്കുകളിൽ തീയാളവേ ശബ്ദം ഉയർത്താൻ പറ്റാതെ പതറി ബാക്കി ഉള്ളവർ

രണ്ടുമക്കളിൽ മൂത്തവനായ ആൺകുട്ടിയെ നിങ്ങൾ കൂടുതൽ ലാളിച്ചതിന് എനിക്കു കിട്ടിയ പ്രതിഫലം ആയിരുന്ന് അത് .. അല്ലാന്ന് പറയാൻ പറ്റുമോ അച്ഛനും അമ്മയക്കും..?

കവിതയുടെ നോട്ടം തങ്ങളിൽ പതിച്ചതും അച്ഛനുമമ്മയും അവളിൽ നിന്നു തങ്ങളുടെ നോട്ടം മാറ്റി ..

നേരസമയമില്ലാതെ നീ തോന്ന്യാസം കാണിച്ചു നടന്നതിന് എന്നെ കുറ്റം പറയുന്നോടി അസത്തേ..

വിജേഷ് കവിതയ്ക്ക് നേരെ ശബ്ദമുയർത്തിയെങ്കിലും അതിനൊട്ടും തന്നെ ശക്തി ഉണ്ടായിരുന്നില്ല ..

ഞാനെന്തു തോന്ന്യാ സമാണ് ഏട്ടാ കാണിച്ചത് ..
പഠിച്ചൊരു നിലയിലെത്തണമെന്ന്, സ്വന്തം കാലിൽ നിൽക്കണമെന്ന് ആഗ്രഹിച്ചു

,പക്ഷെ അന്യന്റെ വീട്ടിലേക്ക് കെട്ടിക്കേറി ചെല്ലാനുള്ളവൾക്ക് അധിക പഠിപ്പ് വേണ്ടാന്നു പറഞ്ഞു നിങ്ങൾ ചേട്ടനെ മാത്രം നല്ല നിലയ്ക്ക് പഠിപ്പിച്ചു ,

സ്വന്തം കാലിൽ നിൽക്കാനും പഠിക്കാനും ഉള്ള വാശി എനിക്ക് ഉണ്ടായത് ഈ വീട്ടിൽ നിങ്ങൾ കാണിക്കുന്ന വേർതിരിവ് കണ്ടിട്ടു തന്നെയാണ് ..

ആണിനും പെണ്ണിനും രണ്ടാണ് നിയമമെന്ന് എന്നെ കുട്ടിക്കാലം മുതലേ പറഞ്ഞു പഠിപ്പിച്ചിരുന്ന അമ്മ മറന്നു പോയൊരു കാര്യമുണ്ട് അമ്മയും ഒരു പെണ്ണാണെന്ന്…

പഠനത്തിനാവശ്യമായ പണം ഉണ്ടാക്കാനാണ് ഞാൻക്ലാസ്സ് കഴിഞ്ഞുള്ള കുറച്ചു സമയം കോളേജിനടുത്തുള്ള കുട്ടികൾക്ക് ട്യൂഷനെടുത്ത് തുടങ്ങിത്.. എന്റെ ആദ്യ ചെറുത്ത് നിൽപ്പ് …

പാടത്തമ്പലത്തിലെ ഉത്സവത്തിന്റെ അന്ന് റോഡെല്ലാം ബ്ലോക്കാവുമെന്നും ഞാൻ എത്താൻ വൈകിയാൽ എന്നെ കൂട്ടികൊണ്ടുവരാൻ തെക്കേവയലിലേക്ക് വരണമെന്നും ഞാൻ അച്ഛനോടും ഏട്ടനോടും പറഞ്ഞതല്ലേ,

ഇവരെ പറഞ്ഞു വിടാൻ മറക്കല്ലേന്ന് അമ്മയോട് പറഞ്ഞതല്ലേ …? എന്നിട്ട് വന്നോ നിങ്ങളാരെങ്കിലും …,?

നിങ്ങളിലൊരാൾ എന്നെ തിരഞ്ഞന്ന് വന്നിരുന്നെങ്കിൽ ഞാനങ്ങനെയൊരു ഫോട്ടോ ആയിട്ടിവിടെ ഒരാളുടെയും ഫോണിൽ ഉണ്ടാവില്ലായിരുന്നു… നിങ്ങൾ നിങ്ങളുടെ കടമകൾ മറന്നപ്പോൾ നഷ്ട്ടപ്പെട്ടതെനിക്കാണ് .. എന്റെ ജീവിതമാണ് …

അഗ്നിയേക്കാൾ ചൂടായിരുന്നു കവിതയിൽ നിന്നുതിർന്ന ഓരോ വാക്കുകൾക്കും തിരിച്ചൊന്നും പറയാൻ കഴിയാതെ മറ്റുള്ളവർ നിശബ്ദരായി ..

വയലിൻ കരയിൽ ബസ്സിറങ്ങിയ ഞാൻ നിങ്ങളെ ആരെയും അവിടെ കാണാത്തതു കൊണ്ട് നിങ്ങളെ രണ്ടാളെയും ഫോണിൽ വിളിച്ചില്ലേ..? നിങ്ങളിലൊരാളെങ്കിലും എന്റെ ഫോണെടുത്തോ ..?

ഉത്സവം ആഘോഷമാക്കി കുടിച്ചു ബോധം മറഞ്ഞ നിങ്ങളുടെ മനസ്സിലെവിടെ ഞാനല്ലേ…?

എന്തു ചെയ്യണമെന്നറിയാതെ ആ ഇരുട്ടിൽ പേടിച്ചവിടെ നിൽക്കുന്നതിനിടയിൽ തലയ്ക്ക് പിന്നിലൊരടി കിട്ടിയതു മാത്രമേ ഓർമ്മ ഉള്ളു … ബോധം വരുന്നത് നാലു ദിവസ്സം കഴിഞ്ഞാശുപത്രിയിൽ വെച്ചാണ് …

അന്നവിടെ വെച്ച് ഡോക്ടർ പറയുമ്പോഴാണ് എനിക്കെന്താണ് സംഭവിച്ചതെന്ന് ഞാനറിയുന്നതു പോലും,

ആരെന്നോ എന്തെന്നോ അറിയാത്ത കുറെ പിശാച്ചുക്കൾ കശക്കിയെറിഞ്ഞ ഒരു ഇരയായ് പുറം ലോകത്തിന്ഞാൻ മാറിയെന്ന് തിരിച്ചറിഞ്ഞ ആ നിമിഷം എന്റെ മനസ്സിൽ എന്തായിരുന്നെന്ന് എനിക്ക് ഇപ്പോഴും അറിയില്ല ,

പലരും പല കഥകൾ മെനഞ്ഞു എന്നെ പറ്റി, ആരോടും നിങ്ങൾ തിരുത്തി പറഞ്ഞില്ല നിങ്ങളുടെ ശ്രദ്ധ കുറവുകൊണ്ടാണ് എനിക്കത് സംഭവിച്ചതെന്ന് ,നിങ്ങളുടെ തെറ്റിന്റെ ഫലമാണ് ഞാനനുഭവിക്കുന്നതെന്ന് നിങ്ങളെപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ..? എവിടെ ല്ലേ..?

നിങ്ങൾക്ക് തിരക്കായിരുന്നില്ലേ, പണം പിരിക്കുന്ന തിരക്ക് .. പ്രാണനു വേണ്ടി പിടയുന്നവൾക്കു നാട്ടുക്കാർ തന്ന പണത്തിന്റെ കണക്കെടുക്കുന്ന തിരക്ക് ,നാട്ടുക്കാരുടെ മുമ്പിൽ എല്ലാം തകർന്നവരായ് നിൽക്കാനുള്ള തിരക്ക് …

ഒരിക്കലെങ്കിലും എന്നെ ചേർത്ത് നിർത്തി സാരമില്ല മോളേന്ന് പറയാനുള്ള മനസ്സു പോലും നിങ്ങൾക്കാർക്കു ഉണ്ടായില്ല ,പകരം എന്നെ വെച്ച്, എന്റെ അവസ്ഥ വെച്ച് എങ്ങനെയെല്ലാം പണമുണ്ടാക്കാം എന്നായിരുന്നു നിങ്ങൾ ചിന്തിച്ചത് ..

അങ്ങനെ ഒരു ചിന്തയിലൂടെ നിങ്ങൾ കണ്ടെത്തിയതാണീ കല്ല്യാണവുമെന്ന് ചിന്തിക്കാനുള്ള ബുദ്ധിയെല്ലാം എനിക്കുണ്ട് ,

എന്നെ അയാളെ കൊണ്ട് വിവാഹം കഴിപ്പിച്ചാൽ നിങ്ങൾ രക്ഷപ്പെടും എന്നല്ലാതെ എനിക്കെന്ത് സംഭവിക്കുമെന്ന് നിങ്ങൾ ആരും ചിന്തിക്കില്ലാന്ന് എനിക്കുറപ്പുണ്ട് ,അതു കൊണ്ട് തന്നെ എന്റെ ജീവിതം എങ്ങനെ ആവണമെന്ന് ഇനിയും ഞാൻ തീരുമാനിച്ചോളാം …

പറഞ്ഞു നിർത്തിയതും ചുറ്റുമുള്ളവരെ ഒന്നു നോക്കിയിട്ട് കവിത മുറിക്കുള്ളിലേക്ക് പോയ്.

കവിതയുടെ വെട്ടിതുറന്നുള്ള സംസാരത്തിൽ നിന്നു തന്നെ ,തങ്ങളുടെ പദ്ധതികളെല്ലാം പാളിയിരിക്കുന്നുവെന്ന് വിജേഷിനും അച്ഛനും മനസ്സിലായ് …

തങ്ങളുടെ അശ്രദ്ധമൂലം ജീവിതം നഷ്ട്ടപ്പെട്ട അവളെ പറ്റി അവരാരും ഓർക്കാറില്ല, അവളിലൂടെ, അവളുടെ ഇപ്പോഴത്തെ അവസ്ഥയിലൂടെ തങ്ങൾക്ക് ലഭിക്കുന്ന നേട്ടങ്ങളിൽ മാത്രം ശ്രദ്ധ കൊടുത്തിരുന്ന അവർക്ക് കവിതയുടെ തുറന്നടിച്ചുള്ള സംസാരം തികച്ചുമൊരു അടിയായിരുന്നു ,

വീട്ടിതോട്ടത്തിൽ രമേശന് അവളെ വിവാഹം കഴിപ്പിച്ചു കൊടുത്താൽ കിട്ടുമായിരുന്ന നേട്ടങ്ങൾക്ക് മേൽ വീണ ശക്തമായ ഒരു തിരിച്ചടി ..

ഇനി എന്തായിരിക്കുമെടാ അവളുടെ തീരുമാനം …?അവളെന്തെങ്കിലും പ്ലാൻ ചെയ്തിട്ടുണ്ടാവുമോ ?

അച്ഛന്റെ പരിഭ്രമം കലർന്ന ചോദ്യത്തിന് ഒരു പരിഹാസചിരിയായിരുന്നു വിജേഷിന്റെ മറുപടി

അവൾക്കെന്ത് പ്ലാനും പദ്ധതിയും ആണച്ഛാ .. ഈ വീടിനു പുറത്തിറങ്ങാനോ ആളുകളടെ മുഖത്തു നോക്കാനോ ധൈര്യമില്ലാത്ത അവൾക്കല്ലെ പദ്ധതിയും പ്ലാനും…. അച്ഛൻ ചുമ്മാ ടെൻഷനാവണ്ട ..

ഹ… അതു ചേട്ടൻ പറഞ്ഞതു സത്യം ആണ് .. പെട്ടന്നവിടേക്ക് വന്ന കവിത പറഞ്ഞതും അവർ അവളെ നോക്കി ,പുറത്തേക്ക് പോവാനൊരുങ്ങിയ വേഷത്തിൽ കയ്യിലൊരു ബാഗുമായ് കവിത…

നീ… നീ .. ഇതെവിടേക്കാ ..?അമ്മയുടെ പരിഭ്രമം കലർന്ന ചോദ്യത്തിന് വിഷാദം കലർന്നൊരു പുഞ്ചിരി മറുപടിയായ് നൽകി കവിത..

ജീവിതത്തിൽ തീരെ പ്രതീക്ഷിക്കാത്ത കാര്യങ്ങൾ നടന്നപ്പോൾ ജീവിതം തീർന്നെന്ന് കരുതി ഈ വീടിനുള്ളിൽ ഒതുങ്ങി പോയവളാണ് ഞാൻ ..

പക്ഷെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായ് ഞാൻ മനസ്സിലാക്കി കൊണ്ടിരിക്കുന്ന ഒരു കാര്യമുണ്ട് ,എന്നെ പിന്നിൽ നിന്നടിച്ചുവീഴ്ത്തി എന്റെ ശരീരം പേപ്പട്ടിയെ പോലെ കടിച്ചു കുടഞ്ഞവരും ഈ വീട്ടിൽ എനിക്കു ചുറ്റുമുള്ള നിങ്ങളുമെല്ലാം ഒരേ തരക്കാരാണെന്ന് …

ഞാനെന്നെ പെണ്ണിനെ വെറും ശരീരമായ് കണ്ടവരാണ് അവരും നിങ്ങളും .. അവർ അവർക്കുള്ളത് നേടി ,നിങ്ങൾ എന്നിലൂടെ എന്റെ ശരീരത്തിലൂടെ പലതും നേടാൻ ശ്രമിക്കുന്നു ഇപ്പാഴും …

ഇനിയും നിങ്ങളുടെ നേട്ടങ്ങൾക്ക് കാരണകാരിയായിവിടെ തുടരാൻ ഞാൻ ആഗ്രഹിക്കുന്നില്ല ..

എന്നെ നോക്കി പരിഹാസത്തിലോ അല്ലാതെയോ ചിരിക്കുന്ന ഒരാളുടെ മുമ്പിലും ഞാനിനി തളരില്ല കാരണം ഞാനവരുടെ മുമ്പിലേക്കിറങ്ങി ചെല്ലുന്നത് നിങ്ങളെ പോലെ മനസാക്ഷി നശിച്ചവർക്കിടയിൽ നിന്നാണ് ..

അപ്പോ ശരി, വീണ്ടുമൊരു കൂടിക്കാഴ്ച ഇല്ലാതിരിക്കട്ടെ നമ്മൾ നമ്മിൽ .. പറഞ്ഞു കൊണ്ട് മുറ്റത്തേക്കിറങ്ങിയ കവിത ഒരു നിമിഷം ഒന്നു നിന്നു ..

ആ പറയാൻ മറന്നു ,എനിക്ക് മുന്നോട്ടു ജീവിക്കാനും എന്റെ ലക്ഷ്യങ്ങൾ പൂർത്തിയാക്കാനുമാവശ്യമായ പണം ഞാനെടുത്തിട്ടുണ്ട് ട്ടോ

എടീ……..കവിത പറഞ്ഞതും വിജേഷ് ഒരു ഞെട്ടലോടെ അവൾക്കരികിലേക്ക് പാഞ്ഞുചെന്നു കൂടെ അച്ഛനും..അടുത്തേക്ക് വരരുത് കയ്യിലെ ഫോൺ ഉയർത്തിക്കാട്ടി കവിത പറഞ്ഞുദാ.. ഇതിലെല്ലാം ലൈവായ് പോയ്കൊണ്ടിരിക്കുകയാണ്…

എന്നെ പോലൊരു പെൺകുട്ടി വീട്ടുക്കാരുടെ സപ്പോർട്ടില്ലാതെ പുറത്തേക്കിറങ്ങാൻ തീരുമാനിച്ചെങ്കിൽ അതിനൊരു കാരണമുണ്ടാവുമെന്ന് എനിക്ക് ചുറ്റുമുള്ളവർ അറിയണം ..

അതു കൊണ്ട് നമ്മൾ തമ്മിൽ സംസാരം തുടങ്ങിയപ്പോഴേ ഫോൺ ലൈവിലായിരുന്നു .. ഏട്ടന്റെ ഭാഷയിലെ പിഴച്ചവളുടെ ലൈവല്ലേ കാഴ്ചക്കാർ ഏറെയുണ്ടാവും …

എന്നെ തൊട്ടാൽ കളി മാറും.. പിന്നെ നിങ്ങൾ ദണ്ണിച്ചുണ്ടാക്കിയ കാശൊന്നും ഞാനെടുത്തിട്ടില്ല .. എന്നെ വിറ്റും, വിൽക്കാമെന്നു പറഞ്ഞും നിങ്ങൾ നേടിയ പണം.. എന്റെ പണം … അതേ ഞാനെടുത്തുള്ളു .. അപ്പോ ശരി …

മുഖം നിറയെ പരിഹാസചിരിയുമായ് കവിത നടന്നു മറയുമ്പോൾ ലോകമറിയുകയായിരുന്നു ഒരിക്കൽ ഇരയാക്കപ്പെട്ടവൾ ഉണർന്നെണീറ്റാൽ തീരാവുന്നതേ ഉള്ളു പല മുഖം മൂടികളുമെന്ന്…

Leave a Reply

Your email address will not be published. Required fields are marked *