മോളെ ആരെങ്കിലും ഉമ്മവെക്കുകയോ മറ്റോ ചെയ്തോ?? ചോദ്യം കേട്ടപ്പോ ചിന്നുമോൾ തല താഴ്ത്തി കരഞ്ഞു…..

(രചന: Rinna Jojan)

രവിയേട്ടാ എപ്പോ വരും??? മോളു സ്കൂളിൽ നിന്നു വന്നപ്പോ തൊട്ടു കരയാൻ തുടങ്ങീതാ.. നല്ല വയറുവേദനയാന്ന് പറയുന്നു, എന്താ ചെയ്യാ…

അനുവിന്റെ കരച്ചിലാണ് രവി ഫോണിലൂടെ കേൾക്കുന്നത്.. അല്ലേലും അവളങ്ങനെയാണ് മോൾക്ക് ചെറിയൊരസുഖം വന്നാൽ പോലും വല്യപേടിയാണ്…..

ഇന്നാണെങ്കിൽ ഓഫീസിൽ നല്ല തിരക്കും, ഏഴു മണിയെങ്കിലുമാവാതെ ഇറങ്ങാൻ പറ്റുമെന്ന് തോന്നണില്ല.

നീ ഒരു കാര്യം ചെയ്യ് അനൂ… ഡോക്ടറെ വിളിച്ച് ബുക് ചെയ്യൂ.. എന്നിട്ട് ഒരു ഓട്ടോ വിളിച്ച് പോ….. ഞാൻ ഹോസ്പിറ്റലിലേക്ക് നേരേ വന്നോളാം…. മനസ്സില്ലെങ്കിലും അവളത് സമ്മതിച്ചു…..

പതിനൊന്ന് വയസ്സുണ്ട് ചിന്നു മോൾക്ക്, കല്യാണം കഴിഞ്ഞ് നാല് വർഷത്തെ കാത്തിരിപ്പിനു ശേഷമാണ് അവളുണ്ടായത്. അതു കൊണ്ടു തന്നെ അവളുടെ ചെറിയ വേദന പോലും കണ്ട് നിൽക്കാൻ അനുവിനു പറ്റില്ല….

അനു ഒരു ഓട്ടോ വിളിച്ച് ഹോസ്പിറ്റലിലെത്തി.. മോള് ജനിച്ചപ്പോ തൊട്ട് കാണിക്കുന്നത് ഡോക്ടർ, ഷെഫിൻ മുഹമ്മദിനെ തന്നെയാണ്….

ഒ.പി ടിക്കറ്റെടുത്ത് ഡോക്ടറുടെ മുറിക്ക് മുന്നിലിരിക്കുമ്പോഴാണ് രവി വിളിക്കുന്നത്…..

അനൂപോന്നില്ലേ? ആ രവിയേട്ടാ ഞങ്ങളിവിടെത്തി…. രവിയേട്ടനെറങ്ങിയോ… ഇല്ലനൂ ഞാനെറങ്ങു വാ, സോക്ടറെ കാണിച്ച് അവിടെ തന്നെ ഇരുന്നാ മതി..

ഞാൻ വന്നിട്ട് മരുന്ന് വാങ്ങാട്ടോ… ശരി രവിയേട്ടാ വേഗം വരണേ….. ഫോൺ വച്ചപ്പോഴേക്കും നഴ്സ് വാതിൽ തുറന്ന് ആഷ്ന രവിശങ്കർ എന്ന് പേര് വിളിച്ചു…

ആഹാ ആഷ്ന മോളോ, എന്ത് പറ്റീ, അച്ചൻ വന്നില്ലേ? ചോദ്യങ്ങളോടെ ഡോക്ടർ അവളെ പിടിച്ച് സ്റ്റൂളിലിരുത്തി….

ഡോക്ടർ അവൾക്ക് രണ്ട് ദിവസമായി വയറുവേദനയാന്ന് പറയുന്നു. ഇന്ന് സ്കൂൾ വിട്ടു വന്നപ്പോ തൊട്ടു കരച്ചിലാ…. അനുപറഞ്ഞു തുടങ്ങി..

ആഷ്ന മോളെന്താ ഒന്നും മിണ്ടാത്തത് എന്ന് ചോദിച്ച് ഡോക്ടർ പരിശോധിച്ചു തുടങ്ങി.. അവിടവിടെ തൊട്ടു നോക്കി ഇവിടെ വേദനയുണ്ടാന്ന് ചോദിക്കുമ്പോ മോളെന്തെക്കേയോ ഒളിപ്പിക്കുന്ന പോലെ…..

കണ്ണും വായും നഖവുമൊക്കെ നോക്കിയ ഡോക്ടർ ,ഞാനൊരു യൂറിൻ ടെസ്റ്റ് എഴുതുന്നുണ്ട്. അതൊന്നു ചെയ്തിട്ട് വരൂ…. എന്നിട്ട്മരുന്നെഴുതാന്ന് പറഞ്ഞ് ഒരു സ്ലിപ്കയിൽ കെടുത്തു….

അനു അതു വാങ്ങി മോളേം പിടിച്ച് പുറത്തിറങ്ങി..ആ യൂറിൻ ഇൻഫെക്ഷനായിരിക്കും.. കുറച്ച് ദിവസമായി നീ സ്കൂളിൽ കൊണ്ടു പോണ വെള്ളം പോലും കുടിക്കുന്നില്ല എന്ന് മോളെ വഴക്ക് പറഞ്ഞോണ്ടാണ് ലാബിനു മുന്നിലെത്തിയത്….

ആഷ്ന, പതിനൊന്ന് വയസ്സ്, ടെസ്റ്റ് നോക്കിയ ലാബ് ടെക്നീഷ്യൻ അകത്ത് പോയി ഡോക്ടറെ വിളിച്ച് ഒന്നൂടെ ഉറപ്പ് വരുത്തി….. തിരിച്ച് വന്ന് ഒന്നും മിണ്ടാതെ ബോട്ടിലെടുത്ത് കൊടുത്തു….

യൂറിൻ കൊടുത്ത് പുറത്ത് കാത്തിരിക്കുമ്പോഴാണ് രവി വിളിക്കുന്നത്, എവിടെയാ അനൂ… ഞാനിവിടെ എത്തി… രവിയേട്ടാ ഞങ്ങളു ലാബിന്റെ മുന്നിലാ, ഇങ്ങോട്ട് വാ….

പതിനഞ്ച് മിനിറ്റ് കാത്തിരുന്നപ്പോഴേക്കും ലാബ് റിപ്പോർട്ട് കിട്ടി അതുമായി ഡോക്ടറുടെ ഒ.പിക്കു മുന്നിലെത്തിയപ്പോഴേക്കും തിരക്കൊഴിഞ്ഞിരുന്നു….

നേരെ സോക്ടറുടെ അടുത്തെത്തി കവർ നീട്ടി… കവർ തുറന്ന് നോക്കിയ ഡോക്ടർ ഒരു നിർവികാരഭാവത്തോടെ റിപ്പോർട്ട് അവർക്ക് മുമ്പിലേക്ക് നീക്കിവച്ചു.

അതിലേക്ക് നോക്കിയ രവിശങ്കർ ഒന്ന് ഞെട്ടി… ചാടി എണീറ്റ് ഡോക്ടറോട് തട്ടി കയറി…

ഡോക്ടർ പതിനൊന്ന് വയസ്സുള്ള ഞങ്ങളുടെ മോളെയാണ് കാണിച്ചത്,,,, അവൾക്കാണോ സാർ യൂറിൻ പ്രഗ്നസ്സി ടെസ്റ്റ് പോസിറ്റീവ്????? രവിയുടെ ചോദ്യം കേട്ടാണ് അനു ലാബ് റിപ്പോർട്ടിലേക്ക് നോക്കിയത്….

ആഷ്ന രവിശങ്കർ, പതിനൊന്ന് വയസ്സ്,
യൂറിൻ പ്രഗ്നൻസി ടെസ്റ്റ് പോസിറ്റീവ്…..,,,,,കൂൾ ഡൗൺ രവിശങ്കർ നമുക്ക് മോളോട് സംസാരിക്കാം എന്ന് ഡോക്ടർ പറഞ്ഞത് കേട്ട് അനു രവിയുടെ കയ്യിൽ പിടിച്ച് വാവിട്ട് നിലവിളിച്ചു…

ഒന്നും മനസ്സിലാവാതെ, താൻ ചെയ്ത തെറ്റെന്തെന്നറിയാതെ ചിന്നുമോൾ അച്ചനേയും അമ്മയേയും നോക്കി കരഞ്ഞു…. ഒന്നു കരയാൻ പോലുമാവാതെ രവിശങ്കർ തളർന്ന് കസേരയിലേക്കിരുന്നു….

ഡോക്ടർ ഞങ്ങളെന്താന്നവളോട് ചോദിക്കേണ്ടത്…,,,,, ഞങ്ങൾക്കറീല്ല,,,, സാറ് തന്നെ ചോദിച്ച് നോക്കൂ എന്ന് പറഞ്ഞ് രവി അനുവിനെയും പിടിച്ച് പുറത്തേക്കിറങ്ങി….

ഡോക്ടർ ഷെഫിൻ മുഹമ്മദിനും അറിയില്ലായിരുന്നു തന്റെ മുമ്പിലിരിക്കുന്ന കുരുന്നിനോട് എന്ത് ചോദിച്ച് തുടങ്ങണമെന്ന്… പിന്നെ അയാൾ ചോദിച്ച് തുടങ്ങി….

ആഷ്ന മോളുനെ ആരെങ്കിലു ഉപദ്രവിച്ചാരുന്നോ??? ഇല്ലെന്നവൾ തലയാട്ടി…. അച്ചനും അമ്മയും ഇല്ലാത്തപ്പോ മോളെ ആരെങ്കിലും എന്തെങ്കിലും ചെയ്തോന്ന് ഒന്ന് ആലോചിച്ച് നോക്കിക്കേ???? അവളൊന്നും മിണ്ടാതെ തല താഴ്ത്തി ഇരുന്നു….

ആഷ്ന മോൾക്ക് വയറുവേദന മാറണ്ടേ? വേദനക്കുമരുന്ന് എഴുതണേൽ ഡോക്ടറങ്കിൾ ചോദിക്കുന്ന ചോദ്യത്തിനു മറുപടി പറയണം എന്ന ഡോക്ടറുടെ ചെറിയ ഭീഷണിക്കു മുമ്പിൽ അവളൊന്ന് ഞെട്ടിയ പോലെ തോന്നി…..

മോള് പറ….. അച്ചുമമ്മയുമല്ലാതെ മോളെ ആരെങ്കിലും ഉമ്മവെക്കുകയോ മറ്റോ ചെയ്തോ?? ചോദ്യം കേട്ടപ്പോ ചിന്നുമോൾ തല താഴ്ത്തി കരഞ്ഞു…..

അതു പറഞ്ഞാ അപ്പുവേട്ടൻ എല്ലാരേം ചോറിൽ വിഷം ചേർത്ത് കൊല്ലുമെന്ന് പറഞ്ഞിട്ടുണ്ട് ഡോക്ടങ്കിളേ….

ആരാ അപ്പുവേട്ടൻ, മോള് പറ ഞാനാരോടും പറയില്ല എന്നോടു മാത്രം പറഞ്ഞാ മതി എന്ന ഡോക്ടറുടെ ഉറപ്പിൻമേൽ അവളെല്ലാം പറഞ്ഞു.

വല്യമ്മയുടെ മോനാണ് അപ്പുവേട്ടൻ,,, പത്താം ക്ലാസിൽ പഠിക്കുന്നു.. കുറച്ച് നാൾക്ക് മുമ്പ് മുത്തശ്ശിക്കു സുഖമില്ലാതായപ്പോഴാണ് തന്നെ വല്യമ്മയുടെ വീട്ടിലാക്കി അമ്മയും വല്യമ്മയും ആശുപത്രീ ലേക്ക് മുത്തശ്ശിയേം കൊണ്ട് പോയത്…

അന്ന് ടീവി കണ്ടു കൊണ്ടിരുന്ന തന്നെ അപ്പുവേട്ടൻ റൂമിൽ കൊണ്ടുപോയി എന്തൊക്കെയോ ചെയ്തു..

വേദനയെടുത്ത് നിലവിളിച്ചപ്പോ വാ പൊത്തി പിടിച്ചു.. തളർന്ന് കിടന്നപ്പോഴും വാശിയോടെ അച്ചനോടും അമ്മയോടും പറയുമെന്ന് പറഞ്ഞപ്പോഴാണ് ചോറിൽ വിഷം ചേർത്ത് മൂന്നിനേം കൊന്നുകളയുമെന്ന് പറഞ്ഞത്…

എല്ലാം കേട്ട ഡോക്ടർ എങ്ങനെ അവളെ ആശ്വസിപ്പിക്കുമെന്നറിയാതെ തകർന്നിരുന്നു…

എന്നാ മോള് പുറത്ത് പോയിരിക്കൂ…. അച്ചനോട് മാത്രം ഇങ്ങോട്ട് വരാൻ പറയൂ, മരുന്നെഴുതി അച്ചന്റെ കയ്യിൽ കൊടുക്കാട്ടോ എന്ന് പറഞ്ഞ് അവളെ ആശ്വസിപ്പിച്ചു വിട്ടു….

ഡോക്ടർ പറഞ്ഞതെല്ലാം കേട്ട രവിശങ്കർ എല്ലാം തകർന്നവനെപ്പോലെ വാവിട്ട് നിലവിളിച്ചു…. രവിശങ്കർ ഇങ്ങനൊരു കേസ് വരുമ്പോൾ അത് റിപ്പോർട്ട് ചേയ്യേണ്ടതാണ്…

പക്ഷേ ഞാനങ്ങനെ ചെയ്താൽ ഈ കുരുന്നിനെ പോലീസിനും പത്രക്കാർക്കും ചാനലുകാർക്കും ഒക്കെ ഒരു കളിപ്പാട്ടമാക്കാനെ ഉപകരിക്കൂ എന്നെനിക്കറിയാം,,, ഞാനെന്താണ് ചെയ്യേണ്ടത്…??? ഡോക്ടറുടെ ചോദ്യം കേട്ടാണ് രവി സ്വബോധത്തിലേക്ക് വന്നത്….

വേണ്ട ഡോക്ടർ ഞങ്ങളുടെ കുഞ്ഞിനെ മറ്റുള്ളവരുടെ മുമ്പിൽ ഒരു പരിഹാസപാത്രമാക്കാൻ ഞങ്ങക്ക് പറ്റില്ല, ഡോക്ടറു തന്നെ എന്തെങ്കിലും പരിഹാരം കണ്ടെത്തി തരണം… അപേക്ഷയോടെ രവി ഡോക്ടറുടെ മുമ്പിൽ കൈകൂപ്പി കരഞ്ഞു….

എന്തായാലും നിങ്ങൾ അനുപമയോടു കൂടി ഒന്നു സംസാരിക്കൂ., ഞാനെന്തായാലും എന്റെ ഫ്രണ്ട് ഗൈനക്കോളജി ഡോക്ടറെ ഒന്നും വിളിച്ചിട്ടു പറയാം എന്ന് പറഞ്ഞ് ഡോക്ടർ എണീറ്റു……..

പുറത്തേക്ക് ചെന്ന രവിയെക്കണ്ടതും അനു ഓടിവന്നു… എന്താ രവിയേട്ടാ ഡോക്ടർ പറഞ്ഞത്?ആരാ നമ്മുടെ മോളെ???? പൂർത്തിയാക്കാതെ അവൾ വിതുമ്പി….

അനൂ ഞാനെല്ലാം പറയാം, നീ ഇങ്ങനെ കരയല്ലെ.. നമ്മുടെ കുഞ്ഞ്…. അവളെന്തുമാത്രം വിഷമിക്കുന്നുണ്ടെന്ന് നമുക്കറിയാഞ്ഞിട്ടാ…. നമ്മുടെ അപ്പുവാ അവളെ….

വിശ്വസിക്കാനാകാതെ അനുപമ തളർന്ന് നിലത്തേക്കിരുന്നു… രവിയേട്ടാ.. അപ്പു…. അവൻ,,,, അവന്റെ അനിയത്തിയല്ലേ ചിന്നുമോൾ…..

അമ്മയേം കൊണ്ട് ആശുപത്രി പോയപ്പോ മോളെ നോക്കാൻ അപ്പൂനെ ഏൽപിച്ചിട്ടാ രവിയേട്ടാ ഞാനും ചേച്ചീം പോയത്….. ആ സമയത്ത് എന്റെ മോളെ അവൻ..,,,, എങ്ങനെ തോന്നി അവന്…. കരഞ്ഞ് കൊണ്ടിരുന്ന അവളെ താങ്ങി പിടിച്ച് രവികസേരയിലേക്കിരുത്തി……

ചിന്നു മോളേം ചേർത്ത് പിടിച്ച് ആ ഇരുണ്ട ഇടനാഴിയിൽ എല്ലാം തകർന്ന് അവരിരുന്നു……

അര മണിക്കൂർ കഴിഞ്ഞപ്പോഴേക്കും ഡോക്ടർ എത്തി അവരെ റൂമിലേക്ക് വിളിപ്പിച്ചു.

രവിശങ്കർ നിങ്ങൾ രണ്ട് പേരും സംസാരിച്ചിട്ടുണ്ടാവുമല്ലോ അല്ലെ? ഞാൻ എന്റെ ഫ്രണ്ടിനോട് സംസാരിച്ചിരുന്നു. ഇന്ന് മോളെ ഇവിടെ അഡ്മിറ്റാക്കിക്കോട്ടെ?

ഡോക്ടറുടെ ചോദ്യത്തിന് എന്തുത്തരം പറയണമെന്നറിയാതെ രണ്ട് പേരും പകച്ച് നോക്കി….

അഡ്മിറ്റ് ചെയ്ത് പറ്റുമെങ്കിൽ ഇന്ന് തന്നെ ഒന്ന് സ്കാൻ ചെയ്യണം…. നാളെ രാവിലെ ഡോക്ടറുവന്ന് മരുന്ന് കൊടുക്കും.,,,

ഈ മരുന്ന് അവളുടെ കുഞ്ഞു ശരീരത്തെ എങ്ങനെ ബാധിക്കുമെന്ന് ഞങ്ങൾക്കും അറീല്ല, അതു കൊണ്ടാണ് അഡ്മിറ്റാക്കാൻ പറഞ്ഞത്…. ഇനി നിങ്ങൾ ആലോചിച്ചു പറയൂ….

രണ്ടു പേരും മുഖത്തോട് മുഖം നോക്കി…. പിന്നെ രവി പതുക്കെപറഞ്ഞു, സാർ പറയുന്ന പോലെ ചെയ്യാം.,,, ഞങ്ങൾക്കു ഞങ്ങളുടെ കുഞ്ഞിനൊന്നും പറ്റാതിരുന്നാ മതി…. അവൾക്കെന്തെങ്കിലും പറ്റിയാൽ പിന്നെ ഞങ്ങളുമുണ്ടാവില്ല…… അവനും..,,,,,

രവി പറഞ്ഞ് നിർത്തിയപ്പോൾ അനു പേടിയോടെ അവനെ നോക്കികരഞ്ഞു…….

നാല്ദിവസം കഴിഞ്ഞ് ചിന്നു മോളെ ഡിസ്ചാർജ് ചെയ്തു…. പോകാൻ നേരം ചെക്കപ്പിനായി വന്ന ഡോക്ടർ ഷെഫിൻ മുഹമ്മദ് അനുവിനോടും രവിയോടു മായി പറഞ്ഞു, നിങ്ങളൊന്ന് പുറത്തിറങ്ങി നിന്നേ…. എനിക്ക് ആഷ്നമോളോട് മാത്രമായി ഒരു സ്വകാര്യം പറയാനുണ്ട്….

രവിയും അനുവും പുറത്തേക്കിറങ്ങി നിന്നു.. ആഷ്ന കുട്ടീ ഇപ്പോ വയറിനു വേദനയൊന്നൂല്ലല്ലോ.????? ഉണ്ടെന്നും ഇല്ലെന്നും പറയാതെ അവൾ തല താഴ്ത്തി…… ഇനി ഉണ്ടെങ്കിൽ തന്നെ ഓരാഴ്ച കൂടി കഴീമ്പോ മാറിക്കോളൂട്ടോ,,, അങ്കിളുമരുന്ന് തന്നു വിടുന്നുണ്ട്……

അപ്പുവേട്ടന്റെ കാര്യമൊന്നും ഡോക്ടറങ്കിൾ അച്ചനോടും അമ്മയോടുമൊന്നും പറഞ്ഞിട്ടില്ലാട്ടോ…..

അതു പറഞ്ഞപ്പോൾ അവളുടെ മുഖമൊന്ന് തെളിഞ്ഞു.. അവൾ ഡോക്ടറുടെ മുഖത്തേക്ക് ചിരിയോടെ നോക്കി….

പക്ഷേ ഇനി അപ്പുവേട്ടനോ വേറെ ആരുമായ്ക്കോട്ടെ മോളുടെ ദേഹത്ത് തൊട്ടാൽ പോലും മോള് അമ്മയോട് പറയണം ട്ടോ…….

ആവശ്യമില്ലാതെ നമ്മൾ ഒരിക്കലും ആരെയും പേടിക്കാൻ പാടില്ല… നമ്മൾ തെറ്റ് ചെയ്യുന്നില്ലല്ലോ പിന്നെന്തിനാ ഒളിച്ചുവെക്കുന്നത്……

ഇപ്പോ നടന്നതെല്ലാം മോള് മറന്ന് കളയണം… നന്നായി പഠിക്കണം….. ഇനി അതിനെ കുറിച്ചേ ചിന്തിക്കാവൂ ട്ടോ….

ആഷ്ന കൂട്ടിടെ മനസ്സീന്നും ശരീരത്തീന്നും ഞാനെല്ലാം മായ്ച് കളയുവാണേ, എന്ന് പറഞ്ഞ് ഡോക്ടർ വായുവിൽ ഒരാംഗ്യം കാണിച്ചു….. അതു കണ്ട് ചിന്നുമോൾ കുസൃതിയോടെ ചിരിച്ചു….

Leave a Reply

Your email address will not be published. Required fields are marked *