സമ്മാനം
രചന: രഘു കുന്നുമ്മക്കര പുതുക്കാട്
“സാരംഗീ”അഭിഷേക്, നീട്ടി വിളിച്ചു.പാതി ചാരിയ ഉമ്മറവാതിൽ തുറന്ന്, സാരംഗി പൂമുഖത്തേക്കു വന്നു.
അഭിഷേക്, അപ്പോൾ ചവിട്ടുപടികളിലൊന്നിൽ കാൽ കയറ്റിവച്ച്, പാദരക്ഷകളുടെ ചുറ്റുകെട്ടുകൾ വിടുവിക്കുകയായിരുന്നു.
“വന്നോ, എൻ്റെ പ്രിയതമൻ,
എന്തൂട്ടായിരുന്നു ഓഫീസ് വിട്ട്,
ഈ രാത്രി ഒമ്പതര വരേ കൂട്ടുകാരോടൊത്ത് ഒരു സമ്മേളനം?
എന്തെങ്കിലും, കള്ളു പരിപാടി?
മോൻ, നിങ്ങളേം കാത്ത് ഇത്തിരി നേരമിരുന്നു.
പിന്നേ, അവൻ്റെ മുറിയിലേക്കു പോയി.
അച്ഛനും അമ്മയും, പതിവു നേരത്തേ കിടന്നുറങ്ങി.
നിങ്ങളെന്ത്യേ വൈക്യേ മനുഷ്യാ?
നിങ്ങള് കൂട്ടുകാരോടൊപ്പം ആ ത്രീസ്റ്റാർ ബാറിൽ കേറണേനു മുൻപ്,
എന്നെ വിളിച്ചു പറയണ്ടേ.
അതിനുള്ളിൽ, റേഞ്ചില്ലെന്നു അറിഞ്ഞൂടെ?
നിങ്ങള് സിഗരറ്റ് വലിച്ചിട്ടുണ്ടാ?
നിങ്ങൾക്ക്, അഞ്ചുരൂപാ പാക്കറ്റിലെ ബൂസ്റ്റിൻ്റെ മണം.
എനിക്കിഷ്ടല്ലാ അത്”
സാരംഗിയുടെ അരക്കെട്ടിൽ കൈ ചുറ്റി, അഭിഷേക് നടയകത്തു കൂടി മുറിയിലേക്കു നടന്നു.
പുറംവാതിലടച്ചു തഴുതിട്ട ശേഷം, ഇരുവരും ശയനഗൃഹത്തിലേക്കു പ്രവേശിച്ചു.
“നിങ്ങൾക്ക്, ഇനീം ഫുഡ് വേണോ മനുഷ്യാ?
ആവശ്യമില്ലെങ്കിൽ, ഒന്നു വേഗം കുളിച്ചിട്ടു വായോ.
കുഞ്ഞിക്കുടവയറു നിറഞ്ഞിരുപ്പുണ്ടല്ലോ,
എന്നാലും,
ഈ, ഓറഞ്ച് ജ്യൂസ് കുടിച്ചോ”
സാരംഗി, ടർക്കി ടവലെടുത്ത് അഭിഷേകിനു നേർക്കു നീട്ടി.
വിഴുപ്പുകൾ ഉരിഞ്ഞെറിഞ്ഞ്,
അയാൾ കുളിമുറിയിലേക്കു നീങ്ങും മുൻപേ,
ചുവരലമാര ഒന്നു തുറന്നു.
“അതേയ്,അതു തുറക്കണ്ട;
ഇന്നത്തെ പതിവ് ക്വോട്ട, കാൻസൽ ചെയ്തു ട്ടാ,
നിങ്ങളോടാരാ പറഞ്ഞേ, പുറത്തു നിന്നും കഴിച്ചു വരാൻ.
പിന്നേ, ഒരു കാര്യം പറയാൻ മറന്നു.
നിങ്ങടേ കുറേ ഷർട്ടുകൾ എടുത്ത്, ഞാൻ, ഏതോ ബംഗാളി കുടുംബത്തിനു കൊടുത്തു.
നിങ്ങള് ഇടാണ്ട് വച്ചേക്കണ ഷർട്ടുകൾ കൊണ്ട് അലമാരി നിറഞ്ഞൂ ട്ടാ”
അഭിഷേക്, കുളിക്കുവാൻ കയറി.
തെല്ലധികം നേരം, കുളി തീരാൻ പതിവാണ്.
പുറത്തിറങ്ങിയപ്പോൾ, സാരംഗി കിടക്കവിരി ചുളിവു നീർത്തി വിരിക്കുകയായിരുന്നു.
അയാൾ കിടക്കയിലിരുന്നു.
“എന്തൂട്ടാ ഇന്നത്തെ പരിപാടി?
കമ്പ്യൂട്ടറോ, അതോ കിടക്കയോ?
എന്തായാലും, ഞാൻ ത്രില്ലിലാണ്.
പന്ത്രണ്ടാം വിവാഹവാർഷിക ദിനമായ നാളെ പുലരിയിൽ,
എന്തു ഗിഫ്റ്റാണ്, എനിക്കു കരുതി വച്ചേക്കുന്നതെന്നറിയാൻ.
കഴിഞ്ഞ തവണത്തേ പോലെ, അരഞ്ഞാണം ആകരുതെന്നു പ്രാർത്ഥന;
പൊന്ന്, പെണ്ണുങ്ങൾക്കു പ്രദർശിപ്പിക്കാനുള്ളതാണ്”
അഭിഷേക് കിടക്കയിലേക്കു ചാഞ്ഞു,
സാരംഗിയും.
മങ്ങിക്കത്തിയ കിടപ്പറവിളക്കുമണഞ്ഞു.
ഉലയുന്ന രാവുടുപ്പുകളുടെ ശീൽക്കാരങ്ങളും, വെള്ളിപ്പാദസരക്കിലുക്കങ്ങളും ഇരുളിൽ നിന്നുയർന്നു.
പ്രഭാതം,”ഇന്നാ ഏട്ടാ ചായ,എന്തേ ഒരു വയ്യായ്ക?ഈ നേരായിട്ടും, എൻ്റെ ഗിഫ്റ്റ് കിട്ടിയില്ലാ ട്ടാ;
എന്തായാലും,
എൻ്റെ ചെക്കന് ഹൃദയം നിറഞ്ഞ വിവാഹവാർഷിക ഭാവുകങ്ങൾ”അവൾ, അയാളുടെ നെറ്റിയിൽ ചുംബിച്ചു.അവളേ ചേർത്തു പിടിച്ച് അയാൾ മന്ത്രിച്ചു.”ഇന്നത്തേ ഗിഫ്റ്റ്, ഉച്ചയ്ക്കു ശേഷമാണ്”
അയാൾ എഴുന്നേറ്റ്, ചുവരലമാര തുറന്നു.
പാതിയോളം ശൂന്യമായ ഷർട്ടുകളുടെ ഇടയിലേക്കു വെറുതേ മിഴിയോടിച്ചു, തെല്ലുനേരം ശങ്കിച്ചു നിന്നു.
കോളിംഗ് ബെൽ ശബ്ദിച്ചു.
സാരംഗി, നടുത്തളത്തിലൂടെ പൂമുഖത്തേക്കു നടന്നു.
ഉലഞ്ഞ ഉടുവസ്ത്രങ്ങൾ നേരെയാക്കി, അഭിഷേക് അവളെ അനുഗമിച്ചു.
ഇരുവരും, ഉമ്മറത്തെത്തി.
മുറ്റത്തു നിൽക്കുന്നവരേക്കണ്ട്,
സാരംഗി അമ്പരന്നു,
ഇത്, ഇന്നലെ അഭിഷേകിൻ്റെ വസ്ത്രങ്ങൾ കൊണ്ടുപോയ ബംഗാളി കുടുംബമല്ലേ?
എന്തു പറ്റി, വീണ്ടും വരാൻ.
അവർ, ബാഗിൽ നിന്നും ഒരു ഷർട്ട് പുറത്തെടുത്തു.
അഭിഷേകിൻ്റെ ഷർട്ട്.
അതിൻ്റെ പോക്കറ്റിൽ,
ഒരു പഴ്സ് ഇരിപ്പുണ്ടായിരുന്നു.
അവർ, അതെടുത്തു സാരംഗിക്കു നേരേ നീട്ടി.അവൾ, അതു വാങ്ങി തുറന്നു നോക്കി.ഒരു ജോഡി സ്വർണ്ണപ്പാദസരങ്ങൾ.”ഈ ഷർട്ടീന്നു കിട്ടീതാ ചേച്ചീ”
സ്ഫുടമല്ലാത്ത ഉച്ചാരണത്തിൽ അവർ പറഞ്ഞു.
അഭിഷേകിൻ്റെ മുഖം പ്രസന്നമായി.
“രണ്ടു ദിവസം മുൻപ് വാങ്ങി വച്ചതായിരുന്നു,
നിനക്കു സർപ്രൈസ് തരാൻ.
രാവിലെ, നിന്നോടു പറയാനിരിക്കുകയായിരുന്നു.
ഇന്നലെ നിന്നെ വിഷമിപ്പിക്കണ്ടാന്നു കരുതി.പക്ഷേ,ഇപ്പോൾ, ഈ ഗിഫ്റ്റ് എനിക്കാണ് സർപ്രൈസ് ആയത്”
പോക്കറ്റിൽ നിന്നും കുറച്ചു പണമെടുത്ത്,
ആ സാധു കുടുംബത്തിനു നൽകി അവരേ യാത്രയാക്കി.
തിരികേ മുറിയിലേക്കു നടക്കുമ്പോൾ, അയാൾ, അവളോടു പറഞ്ഞു.
“ഇനി, വല്ലാണ്ടുള്ള കിലുക്കം കുറയും”അവൾ , കുസൃതിയോടെ അയാളുടെ വിരലുകളിൽ വിരൽ കോർത്തു.എന്നിട്ടു മന്ത്രിച്ചു.”പോടാ,അലവലാതീ”
അകത്ത്, അവരേയും കാത്ത് മോനുണർന്നിരിപ്പുണ്ടായിരുന്നു.
അവർ, വിവാഹവാർഷികദിനത്തിൻ്റെ സന്തോഷങ്ങളിലേക്ക് പതിയേ കടന്നു.
പുലരിവെയിൽ പതിയേ തീഷ്ണമാകാൻ തുടങ്ങി.അവരുടെ സന്തോഷങ്ങൾ കണക്കേ…