എന്തായിരുന്നു പഴയ കാമുകി സരിതയുമായുള്ള ശ്യംഗാരം? ഞാൻ കണ്ടില്ലാന്നു കരുത്യോ, അവളിപ്പള് പോലീസല്ലേ? അവളെ നിങ്ങള് കെട്ടിയെങ്കിൽ

പിണക്കം
രചന: രഘു കുന്നുമ്മക്കര പുതുക്കാട്

ശനിയാഴ്ച്ച രാത്രി ഒൻപതര നേരത്ത്, അത്താഴമേശമേൽ വച്ചാണ്, ദമ്പതികളായ സിൻസിയുടേയും ജോസഫിന്റെയും ഇടയിലേക്ക്, കലഹത്തിന്റെ ആദ്യ തീപ്പൊരി പറന്നെത്തിയത്.

അതു വളരേ വേഗം പടർന്നുപിടിച്ചു.
അതു കേട്ട് മനം മടുത്ത ചെറുബാല്യക്കാരായ രണ്ടു മക്കളും, ഊണു വേഗം അവസാനിപ്പിച്ച് സ്വന്തം കിടപ്പുമുറിയിലേക്കു പോയി.
സിൻസിയുടെ പത്താംക്ലാസ് ജീവിതത്തിലെ സഹപാഠികൾ,

ഇരുപത്തിയഞ്ചാം വാർഷികത്തിൽ നാട്ടിലെ സ്കൂളിൽ,
പിറ്റേന്നു ഞായറാഴ്ച്ച ഉച്ചതിരിഞ്ഞ്, സകുടുംബം ഒത്തുചേരുന്നു.
ജോസഫിനാണെങ്കിൽ, അതിൽ പങ്കെടുക്കാൻ ഒട്ടും താൽപ്പര്യമില്ലായിരുന്നു.

സിൻസിയുടെയും കൂട്ടുകാരികളുടെയും കത്തിവെപ്പ് രാത്രിയായാലും തീരാനിടയില്ല.
അവരിലൊരാളുടെപ്പോലും നല്ലപാതിയുമായി സൗഹൃദമില്ല.
ഒരു നേരം മുഴുവൻ, വടി വിഴുങ്ങിയ കണക്കേ നിൽക്കേണ്ടി വരും.

ഞായറാഴ്ച്ചകളിൽ മാത്രമാണ് കൂട്ടുകാരുമായി കമ്പനിയും, അൽപ്പം മധുസേവയുമുള്ളത്.
ആ സുഖം പൊയ്പ്പോകും.
ജോസഫ്, നാളെ വരുന്നില്ലെന്നും,

സിൻസിയോടും കുട്ടികളോടും പോയാൽ മതിയെന്നും ഏറെപ്പറഞ്ഞുനോക്കി.
അതിപ്പോൾ, കലഹത്തിലേക്കു ചുവടുവച്ചിരിക്കുന്നു.

“നിങ്ങൾക്ക്, എന്റെ വീട്ടിലേക്കും, എന്റെ മറ്റു കാര്യങ്ങൾക്കു വരാനും എന്നും ബുദ്ധിമുട്ടാണ്.
നിങ്ങടെ എന്തെങ്കിലും കാര്യത്തിന് ഞാൻ വരാതിരുന്നിട്ടുണ്ടോ?

ഞങ്ങളുടെ കൂട്ടായ്മയുടെ സെക്രട്ടറി ഞാനാണെന്നു നിങ്ങൾക്കറിയുന്നതല്ലേ മനുഷ്യാ.
ബിന്ദൂം, സിനീം, സുനിതേം, രശ്മീം, സീമേം, രമണീം എല്ലാവരും വരണുണ്ട്.
അവരുടെ കെട്ടിയോൻമാരും ക്ടാങ്ങളും കൂടെയുണ്ട്.

നിങ്ങക്കു മാത്രാ ബുദ്ധിമുട്ട്.
ഒരൂസം, കൂട്ടുകാരുടെ കൂടെ കൂടിയില്ലെങ്കിൽ എന്താ കുഴപ്പം?
വെള്ളമടിക്കാനല്ലേ?

പിന്നെ, നാട്ടാരുടെ കുറ്റോം കൊറവും പറയാനും.
നിങ്ങടെ സംഗമത്തിന്, ഞാനും ക്ടാങ്ങളും വന്നില്ലേ?
അന്ന്, എന്തായിരുന്നു പഴയ കാമുകി സരിതയുമായുള്ള ശ്യംഗാരം?

ഞാൻ കണ്ടില്ലാന്നു കരുത്യോ,
അവളിപ്പള് പോലീസല്ലേ?
അവളെ നിങ്ങള് കെട്ടിയെങ്കിൽ, നിങ്ങടെ എല്ലൂരി അവള് പീപ്പി വിളിച്ചേനെ.
ഹും;

നാളെ, നിങ്ങള് എന്റൂടെ വന്നില്ലെങ്കിൽ എനിക്കറിയാം എന്തു ചെയ്യണന്ന്;
ഞാൻ, ചത്താൽ നിങ്ങൾക്ക് പുറത്തു പൂവ്വാൻ പറ്റില്ലല്ലോ.
കാണിച്ചു തരാം”

വാദപ്രതിവാദങ്ങൾ പിന്നെയും ഒരു മണിക്കൂറോളം നീണ്ടു.
കിടപ്പുമുറിയിൽ നിന്നും , കുട്ടികളുടെ ശബ്ദചലനങ്ങൾ കേൾക്കാതായി.
അവരുറക്കമായിരിക്കുന്നു.

“എനിക്കു വരാൻ പറ്റില്ല,
നീയെന്തു കോപ്പെങ്കിലും കാണിയ്ക്ക്;
ചാവ്വേ, ജനിക്ക്യേ എന്തായാലും സാരല്യ.
ഞാൻ, മുകളിലത്തെ മുറിലാ കെടക്കണേ.
നീയ്യ് , നിന്റെ സൗകര്യത്തിന് എവിട്യാച്ചാ കെടന്നോ.

വേണെങ്കില്, ഇന്നുതന്നെ നിന്റെ സ്കൂളില് പോയിക്കെടന്നോ.
വല്യ സെക്രട്ടറ്യല്ലേ;
ഞാൻ, പോണു”

ഇതും പറഞ്ഞ്, ജോസഫ് ഗോവണിപ്പടികൾ കയറി മുകൾനിലയിലേക്കു നടന്നു.”നിങ്ങളെ ഞാൻ പാഠം പഠിപ്പിയ്ക്കും”

എന്നും പറഞ്ഞ്, സിൻസി അടുക്കളയിലേക്കു കലിതുള്ളിക്കൊണ്ടു നടന്നുപോയി.
മുകളിലെ മുറിയിലെ കട്ടിലിൽ കിടക്കുമ്പോൾ, അടുക്കളയിലെ ശബ്ദങ്ങൾ ജോസഫിനു വ്യക്തമായി കേൾക്കാമായിരുന്നു.

അരിപ്പക്കലവും, സ്റ്റീൽ കിണ്ണങ്ങളും, കൂട്ടാൻ പാത്രങ്ങളും സിങ്കിൽ തല്ലിത്തൊഴിക്കുന്ന പോലുള്ള ശബ്ദമാണ് കേൾക്കുന്നത്.

അരമണിക്കൂർ കഴിഞ്ഞ്, അടുക്കള ശാന്തമായി.
അവള്, കുളിയ്ക്കാൻ കേറീട്ടുണ്ടാവും.
ജോസഫ് ഓർത്തു.
നീരാട്ടിന് അരമണിക്കൂറിലധികം വേണം.

വാതിലുകൾ വലിച്ചടയ്ക്കുന്ന ഒച്ച കേട്ടു.
ദേഷ്യം, മാറീട്ടില്ലെന്നു ബോധ്യമായി.
വല്ലാത്തൊരു നിശബ്ദതയായിരുന്നു പിന്നീട്.

ജോസഫിന് ഉറക്കം വന്നില്ല.
ചുവരിലെ ക്ലോക്കിൽ സമയം പന്ത്രണ്ടെന്നു കണ്ടു.
വീണ്ടും, താഴെ അനക്കങ്ങൾ കേൾക്കുന്നു.

വാതിൽ തുറന്നടയുന്നു.
പാദപതനങ്ങളും, പരപരക്കങ്ങളും വ്യക്തമാകുന്നു.
എന്തോ മറിഞ്ഞു വീണ ശബ്ദം വ്യക്തമായി കേട്ടു.

‘ഈശ്വരാ, കസേര മറിഞ്ഞ ശബ്ദമാണല്ലോ?
ഈ ചെകുത്താൻ എന്താ ചെയ്യുന്നത്.
അവള്, ബുദ്ധിമോശം കാണിക്കുമോ?
ഹേയ്, അവളത്രയ്ക്കു പൊട്ടിയല്ല.

ഭാര്യേം ഭർത്താവുമൊക്കെയാവുമ്പോൾ ഇത്തിരി വഴക്കൊക്കെ പതിവല്ലേ.
ഇതു കസേര വീണതാകില്ല.
വേറെയെന്തെങ്കിലുമാകും.’
മനസ്സ് ആശ്വസിപ്പിച്ചു.

ഒരു മിനുറ്റു കൂടി കാത്തു.
ഇപ്പോൾ, ഒച്ചയനക്കങ്ങളില്ല.
പരിപൂർണ്ണ നിശബ്ദത.
ജോസഫിനു ആധിയായി.
വേഗം, ഗോവണിയിറങ്ങി താഴേക്കു പോന്നു.

പടികൾ പാതിയിറങ്ങിക്കഴിഞ്ഞപ്പോഴാണ് അതു കണ്ടത്.
അകത്തളത്തിലെ സെറ്റിയിൽ സിൻസി ഇരിപ്പുണ്ട്.
കുളിയൊക്കെ കഴിഞ്ഞ്, ഗൗൺ ധരിച്ച്, ഒരു യവനസുന്ദരിയുടെ ചേലിൽ.
ജോസഫ്, തിരികേ നടക്കാൻ ഭാവിച്ചു.

“എങ്ങോട്ടാ മനുഷ്യാ, മൂട്ടിൽ തീ പിടിച്ച കണക്കേ പോണത്?
ഒച്ച കേൾക്കാണ്ടായപ്പോൾ പേടിച്ചോ?
തട്ടിപ്പോയെന്നു കരുതിയോ?
ഇങ്ങട് ഇറങ്ങി വായോ”

ജോസഫ്, താഴേക്കിറങ്ങി സിൻസിയുടെ അരികിലെത്തി.
അവൾ, അയാളുടെ മിഴികളിലേക്കു സൂക്ഷിച്ചു നോക്കി.

അയാളുടെ കണ്ണിൽ നിന്നും പരിഭ്രമം മായാൻ തുടങ്ങിയിരുന്നു.
മറ്റെന്തോ രാഗത്താൽ, അവയിൽ നേർത്ത ചുവപ്പു പടരുന്നു.

“ഞാൻ വരാം, നിന്റെ കൂടെ;
ഇനി ഞാനില്ലാണ്ട്, നിന്റെ മാനം പോണ്ട.
ഒരു ദിവസത്തേ കമ്പനി മറക്കാം.
നീയെന്തൂട്ടാ ഇവിടെ ചെയ്യുന്നുണ്ടായിരുന്നേ?

എന്തോ മറിഞ്ഞു വീഴുന്ന ശബ്ദം കേട്ടല്ലോ”അവൾ, കുസൃതിയോടെ പുഞ്ചിരിച്ചു.എന്നിട്ടു പറഞ്ഞു.

“ഞാനേയ്, നമ്മുടെ രണ്ടാമത്തെ ബെഡ്റൂം ഒന്നു ശരിയാക്കിയിട്ടതാ.
കാലുതട്ടി, കമ്പ്യൂട്ടർ ടേബിളിനരികിലേ കസേര മറിഞ്ഞു വീണു.

നിങ്ങള്, താഴേക്കു വന്നപ്പോൾ എനിക്കു പാവം തോന്നി.
അപ്പോൾ, സ്നേഹം ഉണ്ട് ല്ലേ?”അവൾ തുടർന്നു.

“നിങ്ങള്, ഒരു ചെറുതു വാങ്ങി കാറിൽ വച്ചോ.
സമയം പോലെ രണ്ടെണ്ണം അടിച്ചോ,
ആരുമറിയണ്ട.
തിരിച്ചുവരുമ്പോൾ, ഞാനോടിച്ചോളാം.
അതു മതിയോ?”

“മതി”ജോസഫ് പറഞ്ഞു.”നേരം പന്ത്രണ്ടരയാകാറായി.പിള്ളേര്, പൂണ്ട ഉറക്കമായി.

നമുക്ക് കിടന്നാലോ?
അല്ല മനുഷ്യാ,
നമുക്ക് ഏതു റൂമിലാ കിടക്കേണ്ടത്.
വേഗം പറയ്”

സിൻസി, കുസൃതിയോടെ ജോസഫിനെ നോക്കി.
അയാൾ, കുട്ടികളില്ലാത്ത കിടപ്പറയിലേക്കു വിരൽ ചൂണ്ടി.

ജോസഫിന്റെ അരക്കെട്ടിൽ കൈചുറ്റി, മുറിയകത്തേക്കു നീങ്ങുമ്പോൾ, അവൾ പറഞ്ഞു.” ഈ ഓഫർ, ഇന്നേക്കു മാത്രം ട്ടാ;പരിമിത സമയത്തേക്കു മാത്രം”

ജോസഫ്, അവളെ ചേർത്തുപിടിച്ച്, മുറിയകത്തേക്കു കയറി കതകടച്ചു.
ഭൂമിയപ്പോൾ, നിലാവിൽ കുളിച്ചു സുന്ദരിയായി നിന്നു.

മാറിലേയ്ക്കടർന്ന ഹിമബിന്ദുക്കളാൽ കുളിരാർന്ന്,
ഒരു നവവധുവേപ്പോലെ…

Leave a Reply

Your email address will not be published. Required fields are marked *