നിന്റെ വീട്ടിലുള്ളോരേ കൊണ്ട് കൂടി ചെയ്യിക്കരുതേ … നിന്നെ കൊണ്ട് തന്നെ പൊറുതി മുട്ടിയിരിക്കുവാ ”

രചന: Sebin Boss J

”’ വേറെ വല്ല പണിക്കും പൊക്കൂടേടാ ?”” നല്ല തടിയുണ്ടല്ലോടാ … വല്ല കൂലിപ്പണിക്കും പൊക്കൂടെ ?…ശവം !!”

” നിന്റെ വീട്ടിലുള്ളോരേ കൊണ്ട് കൂടി ചെയ്യിക്കരുതേ … നിന്നെ കൊണ്ട് തന്നെ പൊറുതി മുട്ടിയിരിക്കുവാ ”

പുതിയ ഇൻസ്റ്റാ റീലിന്റെ കമന്റുകൾ ഓരോന്നും വായിച്ചിട്ട് ശങ്കരൻ നിർവികാരനായി വീടിനകത്തേക്ക് കയറി

കയറു പാകിയ കട്ടിലില്‍ ശാന്തമായി ഉറങ്ങുന്ന ഭാര്യ ലളിതയുടെ നിറുകയിലൂടെ കയ്യോടിച്ചിട്ടയാൾ അടുക്കളയിലേക്ക് കടന്നു .

പാവം !! അല്‍പം മുന്‍പാണ് ഒന്നുറങ്ങിയത് . വെളുക്കുവോളം വേദനമൂലം ഞരക്കവും മൂളലുമായിരുന്നു.

നനഞ്ഞ വിറകുകൾ അടുപ്പിലേക്ക് കയറ്റി വെച്ച് അല്പം മണ്ണെണ്ണ ഒഴിച്ചു തീ പിടിപ്പിച്ചിട്ട് അരി കഴുകി കലത്തിൽ ഇട്ടിട്ട് പുറത്തേക്ക് നോക്കി .

മഴ തോരുന്ന ലക്ഷണമില്ല . റേഷൻ ഇന്നോ നാളെയോ കൂടിയേ കാണൂ . റേഷൻ കടയിലേക്ക് പോകണേൽ ഭവാനിപ്പുഴ കടക്കണം . നാലഞ്ചുനാളായി തോരാത്ത മഴയിൽ പാലം വെള്ളത്തിനടിയിലാണ് . പിള്ളേർക്ക് പള്ളിക്കൂടമില്ലാത്തത് രക്ഷയായി .

ഒന്നോ രണ്ടോ ദിവസം തോർന്നാലും ഒരു പണി കിട്ടൂല്ല .തന്റെ ടേൺ വരണേൽ മൂന്നാല് പണി കഴിയണം . അല്ലേൽ ആർക്കേലും പറ്റാതെ വന്നാലേ കിട്ടൂ . മഴക്കാലം തുടങ്ങിയാല്‍ പിന്നെ ഒരു പണിയും കാണത്തില്ല . അല്ലേല്‍ മൈക്കാട് പണിയോ ഇന്നതെന്നില്ല എന്ത് ആയാലും കിട്ടുന്നതിന് പോകുമായിരുന്നു .

” ശങ്കരേട്ടാ … കാപ്പിയായോ ?”പുറത്തുനിന്നുള്ള ചോദ്യം കേട്ട് ശങ്കരൻ അടുക്കള ജനാലയിലൂടെ നോക്കി .കമ്പി ഒടിഞ്ഞു പാതി ചുരുങ്ങിയ കുടയും ചൂടി റസിയ .

അവളുടെ കയ്യിൽ ഒരു സ്റ്റീൽ കലമുണ്ട് . കാച്ചിലോ ചേമ്പോ വല്ലതുമാകും . സ്വന്തമായി സ്ഥലമെന്ന് പറയാന്‍ ലൈഫ് പദ്ധതിയില്‍ ലഭിച്ച ഈ മൂന്നരസെന്റ്റ് സ്ഥലമാണ്‌ രണ്ടുകൂട്ടര്‍ക്കും . ലഭിച്ച പൈസകൊണ്ട് വാര്‍പ്പ് കഴിഞ്ഞത് കൊണ്ട് നനയാതെ കയറിക്കിടക്കാന്‍ ഒരിടമായി . രണ്ടു വീടിന്റെം ഭിത്തി ഒന്നും തേച്ചിട്ടില്ല

. റസിയ ടൌണില്‍ ഒരു തുണിക്കടയില്‍ പോകുന്നുണ്ടായിരുന്നു . വയ്യാത്ത ഉമ്മയെ നോക്കേണ്ടതുകൊണ്ടിപ്പോ പോകുന്നില്ല .അവളുടെ സ്ഥിരവരുമാനം ഉണ്ടായിരുന്നപ്പോ വലിയോരാശ്വസമായിരുന്നു രണ്ട് കൂട്ടര്‍ക്കും . . തനിക്കോ ലളിതക്കോ പണി ഇല്ലാതായാലും ഇരുകുടുംബവും പട്ടിണി ഇല്ലാതെ ജീവിക്കാന്‍ പറ്റുമായിരുന്നു .

ലളിതയുടെ കാല്‍ ഒടിയുന്നതുവരെ അവളായിരുന്നു റസിയ ജോലിക്ക് പോയി വരുന്നത് വരെയുള്ള ഉമ്മായുടെ ദിനചര്യകളൊക്കെയും ചെയ്തുകൊണ്ടിരുന്നത് .

തൊഴിലുറപ്പില്‍ പങ്കെടുത്തുകൊണ്ടിരിക്കുമ്പോഴാണ് ലളിതക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത് . കൂടെയുണ്ടായിരുന്നവര്‍ ഓടി മാറാന്‍ വിളിച്ചു പറയുന്നത് കേള്‍ക്കാന്‍ ബധിരയും മൂകയുമായ ലളിതക്ക് പറ്റിയില്ലല്ലോ

മുച്ചുണ്ടനെന്ന വിളി സഹിക്കാതായപ്പോഴാണ് നാലാം ക്ലാസില്‍ വെച്ച് താന്‍ പഠനം നിര്‍ത്തിയത് . അതിലിപ്പോള്‍ ഖേദം തോന്നുന്നുണ്ട് . അത്യാവശ്യം എഴുതാനും വായിക്കാനും കണക്ക് കൂട്ടാനുമറിയാമെങ്കിലും അടുത്തെങ്ങും ഒരു കട പോലുമില്ല ഒരു പണി കിട്ടാന്‍ . തടിപ്പണിയും കൂലിപ്പണിയുമായിരുന്നു വശം .

ജീവിതത്തില്‍ എങ്ങുമെങ്ങും എത്താത്ത ആളുകള്‍ കല്യാണം കഴിക്കരുതെന്നാരോ പറഞ്ഞു കേട്ടിട്ടുണ്ട് . തങ്ങളെ പോലെ എങ്ങുമെത്താത്തവര്‍ വേറെയുമില്ലേ ഈ ഭൂമിയില്‍ ? അവര്‍ക്കൊരു തങ്ങാവുന്നത് അല്ലെ ഈ ജന്മം കൊണ്ടുള്ള നിയോഗം ?.

ലളിതയെ അങ്ങനെ കിട്ടിയതാണ് ജീവിതത്തില്‍ . രണ്ടു മക്കളും . അവര്‍ നാലുകിലോമീറ്റര്‍ അകലെയുള്ള ഗവര്‍മെന്റ് സ്കൂളില്‍ നാലിലും ആറിലും പഠിക്കുന്നു .

റസിയ കഴിഞ്ഞ ദിവസം വന്നപ്പോള്‍ അവളുടെ മൊബൈലില്‍ പിള്ളേര്‍ക്കെന്തോ വീഡിയോ കാണിച്ചു കൊടുക്കുന്നത് കണ്ടു .റീല്‍സ് ആണ് പോലും . ആ വീഡിയോ കുറെയേറെ ആളുകള്‍ കണ്ടാല്‍ അതില്‍ നിന്നും വരുമാനം ലഭിക്കുമത്രേ !!

അവള്‍ പറഞ്ഞപ്പോള്‍ അത്ഭുതം തോന്നി . പഠിത്തമോന്നും ഇല്ലാത്തത് കൊണ്ട് നമുക്കിങ്ങനെയുള്ള കാര്യങ്ങളെ പറ്റി ഒന്നും അറിവില്ലല്ലോ .

അടുത്ത ആഴ്ചത്തെ മരുന്നിനും മറ്റുമുള്ള പൈസയുടെ ഓര്‍മ വന്നപ്പോഴാണ് കോവിഡ് കാലത്ത് ഓണ്‍ലൈന്‍ ക്ലാസിനു വേണ്ടി സ്കൂളില്‍ നിന്ന് ഒരു സംഖടന വഴി പിള്ളേര്‍ക്ക് കിട്ടിയ മൊബൈലില്‍ അവരെ കൊണ്ട് ഒരു വീഡിയോ എടുപ്പിച്ചിട്ടത്. റസിയ ബാക്കി എന്തൊക്കെയോ

ചെയ്തുതന്നു . ഒന്നുരണ്ടെണ്ണം അധികമാരും കണ്ടില്ല . അടുക്കളയില്‍ പണി ചെയ്തോണ്ടിരുന്നപ്പോ വെറുതെ പാടിയ പാട്ട് പിള്ളേര്‍ വീഡിയോ എടുത്തിട്ടപ്പോ കിട്ടിയ ചീത്ത വിളിയാണ്

ഇത് . അതുമുതല്‍ തെറിവിളിക്കൊരു കുറവുമില്ല . എന്നാലും കുറച്ചു വീഡിയോകള്‍ കൂടി എടുത്തിട്ടു. ആവശ്യക്കാരന് ഔചിത്യമില്ലല്ലോ .

” എന്താ ശങ്കരേട്ടാ …എന്തായിത്ര ആലോചന ?””ആഹ് .. ഒന്നൂല്ല റസിയാ? ഉമ്മാക്ക് എങ്ങനെയുണ്ട് ?”

” ഇന്നലെ വലിച്ചു വലിച്ച് ഒരു പോള കണ്ണടച്ചിട്ടില്ല .””ഹ്മം .. ലളിതേം ഇന്നലെ ഉറങ്ങീട്ടില്ല .മരുന്ന് തീര്‍ന്നു ”” ഇന്നോ നാളെയോ ഒന്ന് പൊക്കൂടെ ഹോസ്പിറ്റലില്‍ ?””അടുത്താഴ്ചയല്ലേ ചെല്ലാന്‍ പറഞ്ഞെ ?”

” മരുന്ന് തീര്‍ന്നല്ലോ ..ഈ വേദന സഹിച്ചു എത്ര ദിവസമാ ഇങ്ങനെ ? ശങ്കരേട്ടന്‍ പോയിട്ടുവാ . ഞാനിടക്ക് വന്നു നോക്കികൊള്ളാം”

” പൈസ … നീയൊന്നു നോക്കിക്കേ റസിയാ ഇതിനാത്തു വല്ലോം കേറിയോന്ന്?” ശങ്കരന്‍ പെട്ടന്ന് ഫോണെടുത്തു അവള്‍ക്ക് നേരെ നീട്ടി .

അഞ്ചോ ആറോ ഫോളോവേര്‍സ്. പക്ഷെ റീലില്‍ അനേകം കമന്റുകള്‍ ഉണ്ട് . അതിലെ തെറിവിളികള്‍ വായിച്ചവള്‍ അസഹ്യതയോടെ ഫോണ്‍ മടക്കിക്കൊടുത്തു . ആദ്യമൊക്കെ ഈ തെറിവിളികള്‍ കാണുമ്പോ ഭയങ്കര

ബുദ്ധിമുട്ട് ആയിരുന്നു . ഇതൊക്കെ ഉണ്ടാകുമെന്ന് റസിയ തന്നെയാണ് പറഞ്ഞത് . പിന്നെയങ്ങനെയുള്ള കമന്റ്സ് എല്ലാം അവഗണിച്ചു.

” നമുക്കൊന്നും പറഞ്ഞിട്ടുള്ളതല്ല ശങ്കരേട്ടാ ഇത് . അതൊക്കെ സൌന്ദര്യവും കഴിവും ഉള്ളോര്‍ക്കെ പറ്റൂ ”

ശങ്കരന്‍ ഒരു നിമിഷം മൌനമായി എന്തോ ആലോചിച്ചു നിന്ന ശേഷം പ്രതീക്ഷയോടെ റസിയയെ നോക്കി .

”എന്നാപ്പിന്നെ റസിയക്ക് ഇടത്തില്ലേ ? നമുക്ക് രണ്ടു കൂട്ടര്‍ക്കും പൈസക്കാവശ്യമുണ്ടല്ലോ”

” ആഹ് ..ഉവ്വാ ശങ്കരേട്ടാ . എന്നാപ്പിന്നെ ചത്തോണ്ടാ മതി . ഇന്നാള് ഞാന്‍ ആ പൂച്ചയെ ഓടിച്ചപ്പോ ഞാന്‍ അറിയാതെ അത് പിള്ളേരെടുത്താരുന്നു . അവര്‍ക്കുണ്ടോ ഇതിന്റെ കാര്യങ്ങള്‍

അറിയൂ .നേരെ അവരത് പബ്ലീഷാക്കി . എന്റെ റബ്ബേ … കേട്ടാലറക്കുന്ന ചീത്തയാ ഞാന്‍ ആ വീഡിയോക്ക് കേട്ടത് . ”” അയ്യോ … പിള്ളേര് .. അതിട്ടോ ..ദൈവമേ ..എടി അതില്‍ കുഴപ്പം വല്ലോമുണ്ടായിരുന്നോ?”

”എന്റെ ശങ്കരേട്ടാ ..എന്ത് കുഴപ്പം . വീട്ടിലിടുന്ന സാദാഡ്രെസ് ആയിരുന്നു . അതിലൊന്നും അല്ല പ്രശ്നം . മതം അനുശാസിക്കുന്ന പോലെ ഡ്രെസ് ഇട്ടില്ല പോലും . സിനിമാനടിമാര്‍ക്കൊക്കെ എന്തിട്ടാലും കുഴപ്പമില്ല . ആ വീഡിയോ

വേറെയാരെലുമാ ഇടുന്നേങ്കിലും കുഴപ്പമില്ലാരുന്നു . അല്ലങ്കില്‍ എന്റെ പേര് വല്ല മാലാഖയെന്നോ സാത്താന്റെ സന്തതിയെന്നോ മതം ജാതിമതം പേരിലൂടെ തിരിച്ചറിയാത്തത് ആവണമായിരുന്നു ”

റസിയ ശങ്കരനോട് വ്യസനത്തോടെ പറഞ്ഞിട്ട് അകത്തേക്ക് കയറി
പിള്ളേരെ തട്ടിവിളിച്ചു പല്ല് തേക്കാന്‍ വിട്ടു . എന്നിട്ടവള്‍ കൊണ്ട് വന്ന ചേമ്പും കാച്ചിലും പ്ലേറ്റില്‍ വിളമ്പി .

” ലളിതേച്ചീ …” അകത്തു ഞെരക്കവും മൂളലും കേട്ടപ്പോള്‍ റസിയ ലളിത കിടക്കുന്ന മുറിക്കകത്തേക്ക് കയറി .

”ഊമ്മ്മ്മം .. ” ലളിത ഞെരങ്ങിക്കൊണ്ടവളെ നോക്കി ചിരിക്കാന്‍ ശ്രമിച്ചു .

” ചാരി ഇരിക്ക് … ”’ റസിയ ലളിതയെ ഭിത്തിയിലെക്ക് ചാരി ഇരുത്തി . കാല്‍ വലിഞ്ഞപ്പോള്‍ ലളിത അസഹനീയമായ വേദനയോടെ നെറ്റിചുളിച്ചു തല ഭിത്തിയില്‍ ഇട്ടുരുട്ടി .

റസിയ അവളുടെ നൈറ്റി മുകളിലേക്ക് ഉയര്‍ത്തിയപ്പോള്‍ തുടക്ക് താഴെ കരിനീലിച്ച നിറം ഉള്ളിലേക്ക് ചുവപ്പും . പഴുക്കുന്നുണ്ട്. പാവത്തിന് കരയാനോ വേദന പറയാനോ പോലും പറ്റില്ലല്ലോ .

”ശങ്കരേട്ടാ … ” റസിയ ശങ്കരനെ ഉച്ചത്തില്‍ വിളിച്ചു .”നല്ല പഴുപ്പുണ്ട് നോക്കിക്കേ … വെച്ചോണ്ടിരിക്കാതെ ആശൂത്രീല്‍ പോകാം നമുക്ക് . ”

”ഇന്നലെ കുറച്ചു പച്ചമരുന്നരച്ചിട്ടാരുന്നു . കൊറച്ചു വാട്ടമുണ്ട്. അടുത്തആഴ്ച ഡോക്ടര്‍ ചെല്ലാന്‍ പറഞ്ഞ സമയത്തുപോകാം” ശങ്കരന്‍ കയ്യില്‍ പൈസയില്ലന്നത് ഒളിപ്പിക്കാന്‍ പറഞ്ഞു . എന്നാലും അയാളുടെ അവസ്ഥ രസിയക്ക് നല്ലവണ്ണം അറിയാമായിരുന്നു .

” പൈസ .. പൈസ ..പൈസ ..എല്ലാറ്റിനും പൈസവേണം . കഷ്ടപ്പാട് പറഞ്ഞാല്‍ എന്തിനാണ് പൈസയെന്ന് ആളുകള്‍ ചോദിക്കും . റേഷന്‍ കിട്ടുന്നില്ലേ ? രോഗം വന്നാല്‍ സര്‍ക്കാര്‍ അശൂത്രിയില്ലേ ? പിള്ളേരെ പഠിപ്പിക്കാനും സര്‍ക്കാര്‍ സ്കൂളുണ്ട് . പിന്നെയെന്നാ കുഴപ്പം ?

രാവിലെ എണീറ്റു കുളിച്ചു ഒന്നുമുടുക്കാതെ എങ്ങോട്ടെങ്കിലും ഇറങ്ങി പോകാന്‍ പറ്റുമോ ? അതിന് ഡ്രസ്സ്‌ വേണം . റേഷന്‍ കടയില്‍ അരിയും ഗോതമ്പും മണ്ണെണ്ണയും അല്ലാതെ കറിവെക്കാന്‍ ഉള്ളതെല്ലാം കിട്ടുമോ ? ഇതെങ്ങാനും ചോദിച്ചാല്‍ പിന്നെ ….. ..

ജനിച്ചാല്‍ മതി എല്ലാം സര്‍ക്കാര്‍ ഉണ്ടയുരുട്ടിതരും … വേണേല്‍ അധ്വാനിച്ചു ജീവിക്കടി എന്നുള്ള പരിഹാസങ്ങള്‍ … ”റസിയ ആരോടെല്ലാമുള്ള ദേഷ്യത്തില്‍ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു .

”ആരുമൊന്നും തരണ്ട ..ഈ കുറ്റം പറച്ചില്‍ ഒന്ന് നിര്‍ത്തിക്കൂടെ ഇവറ്റകള്‍ക്ക് . സ്വന്തം വീട്ടില്‍ ഉണ്ടില്ലങ്കിലും അടുത്ത വീട്ടില്‍ അടുപ്പ് പുകഞ്ഞാല്‍ അതെങ്ങനെ പുകഞ്ഞു എന്നാണ് നോട്ടവും ചിന്തയും . ‘

”നീയെന്തോക്കെയാണ് റസിയ ഈ പറയുന്നേ ?”’ ശങ്കരന്‍ അവളെ ആശ്വസിപ്പിക്കാന്‍ പറഞ്ഞു .

”’ ഇത്ര നാളുകൊണ്ടു മിച്ചം പിടിച്ചതൊക്കെ തീര്‍ന്നു ശങ്കരേട്ടാ . ഉമ്മ വലിക്കുന്നത് കാണാന്‍ വയ്യ . എങ്ങനേലും ആശൂത്രീ കൊണ്ടോണേല്‍ ജീപ്പ് പിടിക്കണം . പുറത്തേക്ക് വല്ല മരുന്നും എഴുതി തന്നാല്‍ അത് മേടിക്കണം . വീട്ടിലൊരു വക സാധനമില്ല . എത്രാ നാളാ

ഇങ്ങനെ കപ്പേം കാച്ചിലും കാന്താരി പൊട്ടിച്ചുകൂട്ടി കഴിക്കുന്നെ . നമ്മുടെ കാര്യം പോട്ടെ .. ആ പിള്ളേര്‍ക്ക് കാണില്ലേ കൊതി . ഇച്ചിരി മസാല കൂട്ടി എന്തേലും തോരനോ ചാറോ കൂട്ടി ചോറ് തിന്നാന്‍ . ”’ റസിയ കണ്ണീരോടെ അയാളെ നോക്കി .ശങ്കരന് ഉത്തരം ഉണ്ടായില്ല .

അവിടെയുള്ള സാധനങ്ങളുടെയും ഇവിടുള്ള സാധനങ്ങളുടെയും ലിസ്റ്റൊക്കെ ലളിതക്കും റസിയക്കും അറിയാം .അങ്ങോട്ടുമിങ്ങോട്ടും എടുത്തോണ്ട് പോകുന്നതിനു ആരുടേം അനുവാദവും ചോദിക്കാറില്ല ഇരുകൂട്ടരും .

” പറഞ്ഞിട്ടെന്താ കാര്യം റസിയാ .. ചില മനുഷ്യര്‍ സ്വന്തം വിഷമം തീര്‍ക്കുന്നത് മറ്റുള്ളോരുടെ കുറ്റോം കുറവും കണ്ടു പിടിച്ചു ചീത്ത പറഞ്ഞോണ്ടാണെന്ന് തോന്നും . ” ശങ്കരന്‍ താനിട്ട റീല്‍സിലെ ചീത്തവിളി ഓര്‍ത്തുകൊണ്ട്‌ പറഞ്ഞു .

” ഇവറ്റകള്‍ വല്ലോം കൊണ്ട് തരുന്നുണ്ടോ ഇങ്ങനെ ചീത്ത വിളിക്കാന്‍ ? ഓരോന്നിലും കേറുമ്പോള്‍ കാണാം കേട്ടാലറക്കുന്ന ചീത്തവിളി . ഏതേലും രാഷ്ട്രീയക്കാരനോ മറ്റോ ഒരു പോസ്റ്റ് ഇട്ടാല്‍ അതിന്റെ എതിര്‍ പാര്‍ട്ടിക്കാരു വരും . വല്ല മതപോസ്റ്റുകള്‍ ആണെല്‍

പറയുകേം വേണ്ട . ഇന്നാട്ടില്‍ നിന്ന് തന്നെ പൊക്കോളാന്‍ പറയും . എന്ന് വെച്ചാല്‍ ഇവന്റെ അമ്മവക സ്ത്രീധനം കിട്ടിയ രാജ്യമല്ലേ …” റസിയക്ക് രോഷം അടക്കാന്‍ പറ്റുന്നുണ്ടായില്ല.

”’അരിയും തിന്ന് ആശാരിച്ചിയേം കടിച്ചിട്ട്‌ പിന്നേം നായ്ക്കാ മുറുമുറുപ്പ് എന്ന രീതിയിലാ ചെലോരുടെ ചീത്തവിളി . അവറ്റകള്‍ കാണുകേം ചെയ്യും ചീത്തേം വിളിക്കും . ഇഷ്ടല്ലാഞ്ഞാല്‍ മാറ്റികളഞ്ഞാല്‍ പോരെ .”’ ശങ്കരന്റെ സ്വരത്തില്‍ വേദനഉണ്ടായിരുന്നു .

” എല്ലാര്‍ക്കും മമ്മൂട്ടിയും മോഹന്‍ലാലും യേശുദാസുമൊക്കെ ആകാന്‍ പറ്റോ ? ചിലര്‍ അവരുടെ സന്തോഷത്തിന് ഓരോന്ന് ചെയ്തിടുന്നു . ചിലര് നമ്മളേ പോലെ വയറ്റിപ്പിഴപ്പിനും . ”

” ശരീരം വിട്ടു ജീവിക്കുന്നവരെ പോലും ഇവറ്റകള്‍ ചീത്ത വിളിയാണ് . അവരുടെ ജോലിയും വരുമാനവുമല്ലേ അത് . ”’ ശങ്കരന്‍ ചൂടുവെള്ളവും തോര്‍ത്തും എടുത്തുകൊണ്ടു വന്നപ്പോള്‍ റസിയ പറഞ്ഞു . .

ചൂട് വെള്ളം കൊണ്ട് നീരുള്ളയിടത്തു ആവി പിടിച്ചപ്പോള്‍ വാ പിളര്‍ന്നു വേദന അനുഭവിക്കുന്ന ആ ഊമയായ പാവത്തിന് വേണ്ടി റസിയ ആണ് വാവിട്ടു കരഞ്ഞത് .

” ഞാനൊന്നു കവല വരെ പോയെച്ചും വരാം . എന്തേലും പണി കിട്ടുമോന്ന് നോക്കട്ടെ ” ശങ്കരന്‍ ഡ്രെസ്സും മാറി വന്നു പറഞ്ഞപ്പോള്‍ റസിയ ഉമ്മറത്തേക്ക് അയാളുടെ കൂടെ വന്നു .

”ആ ചെല്ല് .. ഇപ്പോക്കിട്ടും പണി ” ആര്‍ത്തലച്ചു പെയ്യുന്ന മഴയിലേക്ക് നോക്കി റസിയ വേദന കലര്‍ന്ന പുച്ഛത്തോടെ പറഞ്ഞു .

ശങ്കരനും ഉറപ്പൊന്നുമില്ലായിരുന്നു . ഒരു കുടിയേറ്റ മേഖലയാണിത് . അതിസമ്പന്നര്‍ പോയിട്ട് ഇടത്തരക്കാര്‍ വരെ കുറവ് . ഈ പെണ്ണുങ്ങളെ തനിച്ചാക്കി പോകണമല്ലോ എന്നുള്ള പേടി കൊണ്ടാണ് അകലേക്ക് ഒന്നും പണി അന്വേഷിച്ചു പോകാത്തത് .

”’ ആന്റി വന്നാരുന്നോടാ ?” കവലക്ക് പോയിവന്ന ശങ്കരന്‍ അരയില്‍ കെട്ടിയിരുന്ന തോര്‍ത്തുകൊണ്ട് തലയും ശരീരവും തുടച്ചുകൊണ്ട് ചോദിച്ചു . സമയം സന്ധ്യ മയങ്ങിയിരുന്നു ശങ്കരന്‍ തിരികെ വന്നപ്പോള്‍ . കാര്യമായ പണിയൊന്നും കിട്ടിയില്ലങ്കിലും

ഭാവാനിപ്പുഴയിലൂടെ ഒഴുകി വന്ന കുറച്ചു തടികളും തേങ്ങയും വാഴക്കുലയും മറ്റും ഒരു ഹോട്ടലിലേക്ക് കൊടുത്ത വകയില്‍ പത്തിരുനൂറു രൂപയും കുറച്ചു പലഹാരങ്ങളും കിട്ടി .

” ആ അച്ഛാ … ചോറ് വിളമ്പി തന്നിട്ട് പോയി . ”’കറി എന്തായിരുന്നു എന്ന് ശങ്കരന്‍ ചോദിച്ചില്ല . റേഷന്‍ അരിച്ചോറ് വാര്‍ത്തിട്ടിട്ടു പോയതാണ് . റസിയ രാവിലെ കൊണ്ടുവന്ന ചേമ്പില്‍ കാന്താരിയും എണ്ണയും ചാലിച്ചു കറിയാക്കി കൊടുക്കും . അതാണ്‌ ഒരാഴ്ചയായി പതിവ്

”ഡാ ..മക്കളെ … അമ്മ ഉറങ്ങുവാ . ഇടക്കൊന്നു നോക്കിക്കോണേ . ഞാനിതു അപ്പുറത്ത് കൊടുത്തേച്ചും വരാം .” ശങ്കരന്‍ കൊണ്ട് വന്ന പലഹാരങ്ങള്‍ മക്കളെ ഏല്‍പ്പിച്ചു റസിയക്കും ഉമ്മാക്കും ഉള്ള വീതമെടുത്തോണ്ട് ഇറങ്ങി . മക്കളോ ലളിതയോ ആയിരുന്നു ശങ്കരന്‍

കൊണ്ടുവരുന്നതിന്റെ പങ്ക് അവര്‍ക്ക് കൊടുത്തിരുന്നത് . മഴയുടെ രൌദ്ര ഭാവം കണ്ടാണ്‌ ശങ്കരന്‍ തന്നെ റസിയയുടെ വീട്ടിലേക്ക് നടന്നത് .

” ഇല്ല .. മുഖം കാണിക്കില്ല … വേണ്ട ..അത് പറ്റില്ല ”ആര്‍ത്തിരമ്പുന്ന മഴയില്‍ തന്റെ വിളി റസിയ കേള്‍ക്കാത്തത് കൊണ്ടാണ് ശങ്കരന്‍ അകത്തേക്ക് കയറിയത് .അല്ലെങ്കിലും ഇരുവീടുകളിലും എപ്പോഴും കയറിയിറങ്ങാന്‍ പറ്റുന്ന സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഉണ്ടായിരുന്നു . കിടന്നു

മയങ്ങുന്ന ഉമ്മയെ ഒന്ന് നോക്കിയിട്ടവന്‍ അപ്പുറത്തെ മുറിയിലേക്ക് ചെന്നു. ബെഡില്‍ കിടന്നു കൊണ്ട് ആരോടോ ഫോണില്‍ സംസാരിക്കുന്ന റസിയയെ കണ്ടപ്പോള്‍ അവന്റെ മുഖം കോപം കൊണ്ട് ചുവന്നു .

”ഡീ … ”
പുറകില്‍ ശങ്കരന്റെ അലര്‍ച്ച കേട്ടപ്പോള്‍ റസിയ ഞെട്ടി കട്ടിലില്‍ നിന്നും ചാടി എണീറ്റു . അവളുടെ അര്‍ദ്ധനഗ്ന മേനിയിലേക്ക് അവന്‍ ഒന്നേ നോക്കിയുള്ളൂ .

”’ പ്ടെ”
പാഞ്ഞു വന്ന ശങ്കരന്റെ കൈത്തലം റസിയയുടെ കവിളില്‍ പതിഞ്ഞു,
നിലത്തു വീണുകിടക്കുന്ന അവളുടെ നൈറ്റി മേലേക്ക് ഇട്ടിട്ട് ശങ്കരന്‍ പുറം തിരിഞ്ഞു നിന്ന് പിറുപിറുത്തു .

” പ്രേമിക്കുന്നതും അവനോടു സംസാരിക്കുന്നതുമൊക്കെ നിന്റെ ഇഷ്ടം . അടിക്കാനും എതിര്‍ക്കാനും ഞാന്‍ ആരാ അല്ലെ? . എന്നാലും കൂടപ്പിറപ്പിനെ പോലെയാ ഞാന്‍ നിന്നെ കണ്ടിട്ടുള്ളൂ .

ഒരു പേരുദോഷം ഉണ്ടാക്കിയാല്‍ മാറാന്‍ നല്ല പാടാ മോളെ നാളെ ഒരുത്തന്റെ കൂടെ നാളെ ഇറങ്ങിപോകേണ്ടവളാ നീ … അതോര്‍ക്കണമായിരുന്നു ””’ഏട്ടാ … ” റസിയയുടെ വിതുമ്പുന്ന ശബ്ദം പിന്നില്‍ .

” ഒരു കൂട്ടുകാരിയാ പറഞ്ഞെ .. ലൈവ് പോയാല്‍ കാശ് കിട്ടൂന്ന് . ഉമ്മാനേം ലളിതെച്ചിയേം ആശൂത്രീ കൊണ്ടോകണ്ടേ ഏട്ടാ ..ഇവിടെ വന്നപ്പോള്‍ ശ്വാസം വലിച്ചു കിട്ടാതെ പിടയുന്ന ഉമ്മയെ കണ്ടപ്പോള്‍ എന്റെ പൊട്ട ബുദ്ധിയില്‍ ഒന്നും പോയില്ല . അവരുടെ വേദനയായിരുന്നു മനസ്സില്‍ ” റസിയ വിമ്മിക്കരഞ്ഞു കൊണ്ടയാളെ നോക്കി .

” മോളെ ..റസിയാ നീ … ” ശങ്കരന്‍ അതുകേട്ടതും തിരിഞ്ഞ് ഒരു പൊട്ടിക്കരച്ചിലോടെ അവളെ മുറുകെ ആശ്ലേഷിച്ചു . അയാളുടെ നെഞ്ചില്‍ ചാരി അര്‍ദ്ധ നഗ്നയായി കിടക്കുമ്പോള്‍ ഇരുവര്‍ക്കും വാത്സല്യത്തിന്റെ, സ്നേഹത്തിന്റെ വികാരമല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല .

” എവിടെയാടീ @%%@$$@%% ””’ ഇങ്ങോട്ടുവാടീ ..@%%^$$ ”ബെഡില്‍ കിടന്നിരുന്ന റസിയയുടെ മൊബൈലില്‍ നോട്ടിഫിക്കേഷന്‍ ടോണ്‍ കെട്ടു ശങ്കരന്‍ അതെടുത്തു . കേട്ടാല്‍ അറക്കുന്ന ചീത്തവിളികള്‍ അപ്പോഴുമാ ലൈവില്‍ വരുന്നുണ്ടായിരുന്നു .

പട്ടായ ബാറില്‍ നില്‍ക്കുന്ന പ്രൊഫൈല്‍ ഉള്ള ഒരുത്തന്റെ സ്റ്റാറ്റസ് ശങ്കരന്‍ എടുത്തുനോക്കി . കഴിഞ്ഞ ദിവസം കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെതായിരുന്നു ആ സ്റ്റാറ്റസ്” സ്വകാര്യതയില്‍ അഡല്‍റ്റ് വീഡിയോ കാണുന്നത് കുറ്റകരമല്ല ”

 

Leave a Reply

Your email address will not be published. Required fields are marked *