താനെന്നും ഇങ്ങനെ കണ്ട പെണ്ണുങ്ങളെ വായിനോക്കി നടന്നോ… “അത് പറഞ്ഞ് ദിവ്യ പുറത്തിനൊരു ഇടി തരുമ്പോഴും

അവിചാരിതം
(രചന: ശ്യാം കല്ലുകുഴിയില്‍)

” തനിക്കെന്നെ കെട്ടാൻ പറ്റുമോ… “ദിവ്യയുടെ പെട്ടെന്നുള്ള ചോദ്യം കേട്ടപ്പോൾ പാർക്കിലെ അങ്ങേ മൂലയിൽ കൂടി നടന്ന് വരുന്ന മഞ്ഞ ടീഷർട്ട് ഇട്ട പെണ്ണിൽ നിന്ന് പെട്ടെന്ന് നോട്ടം മാറ്റി ദിവ്യയെ നോക്കി…

” എ… എ… ന്താ… ന്ന് …. “ദിവ്യയുടെ പെട്ടെന്നുള്ള ചോദ്യം കേട്ടിട്ടാണോ മഞ്ഞ ടീ ഷർട്ടുകാരി തുറിച്ചു നോക്കിയത് കൊണ്ടാണോ എന്നറിയില്ല പെട്ടെന്നൊരു വിക്കൽ വന്നു…

” തനിക്കെന്നെ കെട്ടാൻ പറ്റുമോന്ന്… “ദിവ്യ പല്ല് കടിച്ച് പിടിച്ച് പറഞ്ഞത്, ദേഷ്യം കൊണ്ടാണോയെന്ന് അറിയില്ലെങ്കിലും, മുന്നിൽ കൂടി നടന്ന് പോയ ചേച്ചിക്ക് എന്തോ മനസ്സിലായത് പോലെ എന്നേ നോക്കി ചിരിക്കുന്നുണ്ടായിരുന്നു…

” താനെന്നും ഇങ്ങനെ കണ്ട പെണ്ണുങ്ങളെ വായിനോക്കി നടന്നോ… “അത് പറഞ്ഞ് ദിവ്യ പുറത്തിനൊരു ഇടി തരുമ്പോഴും എന്നേ നോക്കി ചിരിച്ച ചേച്ചിക്ക് പകരം ചിരി കൊടുക്കുന്ന തിരക്കിൽ ആയിരുന്നു ഞാൻ…” ഓഫീസിലെ പോലെ ഇവിടെയും വന്നിരുന്നു അടിയാണോ രണ്ടാളും… ”

അതും ചോദിച്ചു കൊണ്ട് ലക്ഷ്മി ചേച്ചിയും, മിനി ചേച്ചിയും കയ്യിൽ ഐസ് ക്രീമുമായി അടുത്തെത്തി, അവരുടെ കയ്യിൽ നിന്ന് ഐസ് ക്രീം വാങ്ങുമ്പോഴും ഇടയ്ക്ക് ദിവ്യയെ ഇടങ്കണ്ണിട്ടു നോക്കി,ആ മുഖത്തെ പതിവില്ലാത്ത ദേഷ്യം എന്നേ പിന്നേയും ആശയകുഴപ്പത്തിലാക്കി….

ഓഫീസിലെ സ്റ്റാഫ്‌ എല്ലാവരും കൂടി ചില സായാഹ്നങ്ങളിൽ ഇതുപോലെ പാർക്കിൽ പോയി ഇരിക്കാറുണ്ട്, ഓസിന് വായിനോട്ടവും ഐസ് ക്രീമും ആണ് നമ്മുടെ ലക്ഷ്യമെങ്കിലും ദിവ്യയുടെ ആ ചോദ്യത്തോടെ ആകെ ടെൻഷനായി …

” നീയെന്താ ഇന്ന് പെട്ടെന്ന് ഐസ് ക്രീം തിന്നുന്നത്, അല്ലേൽ അവസാനം വരെ അതും പിടിച്ചിരിക്കുന്നത് ആണല്ലോ… ”

മിനി ചേച്ചി അത് ചോദിക്കുമ്പോഴേക്കും ഞാൻ ഐസ് ക്രീം തിന്ന് കഴിഞ്ഞിരുന്നു…” അതെ ചേച്ചിമാർ എല്ലാം കൂടി ഇവിടെ ഇരുന്നോ, എനിക്ക് ഇന്ന് പെട്ടെന്ന് പോണം… ”

അത് പറഞ്ഞു ഞാൻ എഴുന്നേൽക്കുമ്പോഴേക്കും രണ്ടുപേരും എന്നേ സംശയത്തോടെ നോക്കി…

” എന്തോ കള്ളത്തരം ഉണ്ടല്ലോടാ… അതോ ഏതേലും പെണ്ണുങ്ങടെ പുറകെ പോകാനാണോ… “ലക്ഷ്മി ചേച്ചിയുടെ ചോദ്യം വന്നപ്പോൾ ഞാനൊന്ന് ചിരിച്ചു…

” ഞാനിപ്പോ നന്നായി ചേച്ചി, ഇത് എനിക്കൊരു ഫ്രണ്ടിനെ കാണാനുണ്ട്, ഞാനത് ഇപ്പോഴാ ഓർത്തെ… ”

അത് പറഞ്ഞ് പെട്ടെന്ന് നടക്കുമ്പോൾ ഞാൻ ദിവ്യയെ തിരിഞ്ഞു നോക്കി ആളുടെ മുഖം അപ്പോഴും ചുവന്നു തുടുത്തിരിക്കുകയാണ്….

കിട്ടിയ ബസ്സിൽ ചാടി കയറി ഇരിക്കുമ്പോഴും ചെവിയിൽ ദിവ്യ ചോദിച്ചു ചോദ്യം മുഴങ്ങി കൊണ്ടിരിക്കുകയായിരുന്നു, ഇനിയിപ്പോ എന്റെ വായിനോട്ടം കണ്ടിട്ട്

ചോദിച്ചതാണോ അതോ ഇനി സീരിയസ് ആണോ, എത്ര ചിന്തിച്ചിട്ടും ഒരെത്തും പിടിയും കിട്ടിയില്ലെന്ന് മാത്രമല്ല അന്നത്തെ ബസ്സിലെ കളക്ഷനും എടുക്കാൻ പറ്റിയില്ല…

വീട്ടിൽ എത്തി അവൾക്ക് മെസ്സേജ് അയക്കാൻ പലവട്ടം മൊബൈലിൽ എടുത്തെങ്കിലും പിന്നെന്തോ വേണ്ടെന്ന് വച്ചു, അവൾ ഇനി താമശയ്ക്ക് ആണേൽ ആകെ നാണം കെടും,

എങ്കിലും അവൾ ഉദ്ദേശിച്ചത്, എന്താകും എന്നുള്ള ചിന്തയിൽ ആയിരുന്നു മനസ്സ് ….” എന്താടാ വല്ല പെണ്ണുങ്ങളും വളഞ്ഞോ… ”

അമ്മയുടെ ചോദ്യം കേട്ടപ്പോഴാണ് മുന്നിൽ ഇരിക്കുന്ന ചോറ് വാരി കഴിക്കാൻ തുടങ്ങിയത്..

” ഉം…… “അമ്മയോന്ന് ഇരുത്തി മൂളിക്കൊണ്ട് അടുക്കളയിലേക്ക് നടക്കുമ്പോൾ ഞാൻ ദയനീയമായി അമ്മയെ നോക്കി…

രാത്രി കിടക്കുമ്പോഴും അവൾക്ക് മെസ്സേജ് അയക്കാൻ എടുത്തെങ്കിലും, അതൊഴിവാക്കി നാളെ നേരിട്ട് ചോദിക്കാമെന്ന് മനസ്സിൽ ഉറപ്പിച്ചു കിടന്നു…

” ഡാ,,, നീയിന്ന് ഓഫീസിൽ പോണില്ലേ.. “പതിവ് സമയം ആയിട്ടും എഴുന്നേൽക്കാതെ കിടക്കുന്ന എന്നോട് അതും ചോദിച്ചാണമ്മ മുറിയിലേക്ക് വന്നത്….” വയറിന് ഒരു വേദനപോലെ… ”

ദിവ്യയോട് നേരിട്ട് ചോദിക്കൻ പേടി ഉള്ളത് കൊണ്ട് ഓഫീസിൽ പോണില്ലെന്ന് പറയാൻ പറ്റാത്തത് കൊണ്ട് അമ്മയോട് ആ കളളം പറഞ്ഞ് തിരിഞ്ഞ് കിടന്നു…

” എന്താടാ നിനക്ക് പറ്റിയത് ഞാൻ ഇന്നലെ മുതലേ ശ്രദ്ധിക്കുന്നു, സത്യം പറ മോനെ ഏതേലും പെണ്ണുങ്ങൾ നിന്റെ അടിവയറ്റിനിട്ട് മുട്ടുകാൽ കയറ്റിയോ, ഈശ്വര എന്റെ കുഞ്ഞിന് പെണ്ണ് പോലും കിട്ടില്ലേയിനി … ”

അമ്മയുടെ ആ ദയനീയ ചോദ്യം കേട്ട് ഞാൻ അറിയാതെ ‘ അമ്മാ… ‘ന്ന് വിളിച്ച് അമ്മയെ നോക്കിയിരുന്നു പോയി…

” സൂക്ഷിക്കണം മോനെ ഇപ്പോഴത്തെ പെണ്ണുങ്ങളൊക്കെ കാരാട്ടെയാണ്… “” അമ്മയിത് പറഞ്ഞു പറഞ്ഞു എങ്ങോട്ടാ…

ദയനീയമായി മുന്നിൽ ഇരിക്കുന്ന അമ്മയെ പുച്ഛത്തോടെ നോക്കി എഴുന്നേറ്റ് പോകുമ്പോൾ, ഇന്നിനി വീട്ടിൽ ഇരുന്ന് അമ്മയുടെ സെന്റി കേൾക്കുന്നതിലും നല്ലത് ദിവ്യയോട് ചോദിക്കുന്നത് ആണെന്ന് മനസ്സിൽ ഉറപ്പിച്ചു…

ഓഫീസിൽ ഓപ്പോസിറ്റ് ടേബിളിന് ഇരു വശവും ഇരിക്കുമ്പോഴും, ഞങ്ങടെ കണ്ണുകൾ ഇടയ്ക്ക് ഇടയ്ക്ക് പരസ്പരം ഉടക്കിയെങ്കിലും രണ്ടാളും ഒന്നും മിണ്ടിയില്ല…

” അതേ താനിന്നലെ പറഞ്ഞത് സീരിയസ് ആയിട്ടാണോ… “ഉച്ചയ്ക്ക് ആഹാരം കഴിച്ച് പാത്രം കഴുകുമ്പോഴാണ് ദിവ്യയോട് ചോദിച്ചത്…

” എന്ത്… “പതിവില്ലാതെ അവളുടെ ശബ്ദത്തിന് ദേഷ്യം ഉണ്ടായിരുന്നത് കൊണ്ട് ഇനി ചോദിക്കണമോയെന്ന് പോലും സംശയിച്ചു…

” ഇന്നലെ പറഞ്ഞില്ലേ കെട്ടുന്ന കാര്യം… “മനസ്സിൽ ധൈര്യം സംഭരിച്ചു കൊണ്ട് ചോദിച്ചു….” അല്ല അത് തമാശ ആയിരുന്നു… ”

അവൾ പാത്രം ഉരച്ചു കഴുകുന്ന സ്പീഡിൽ പറഞ്ഞു…” ആ അത് പറ,,, എനിക്കും തോന്നി,,, ഹോ ഇപ്പോഴാണ് സമാധാനം ആയത്… ”

ഞാൻ ചിരിച്ചുകൊണ്ട് അവളുടെ മുഖത്ത് നോക്കുമ്പോൾ ഇന്നലത്തെത് പോലെ ആ മുഖം ദേഷ്യം കൊണ്ട് ചുവന്നിരുന്നു…” ഹോ ഇമ്മാതിരി ഒരു പൊട്ടൻ… ”

വായിൽ കൊണ്ട വെള്ളം നീട്ടി തുപ്പി അവൾ പറയുമ്പോൾ മനസ്സ് പിന്നേയും കൺഫ്യൂഷൻ അടിച്ചു, സത്യത്തിൽ അവൾ സീരിയസ് ആണോ.. അത് ഒന്നുകൂടി ചോദിക്കും മുൻപേ അവൾ നടന്നു പോയിരുന്നു…

” അതേ എനിക്കും സമ്മതമാണ് കെട്ടാൻ… “വൈകുന്നേരം ബസ്സ് സ്റ്റോപ്പിൽ നിൽക്കുമ്പോഴാണ് ദിവ്യയോട് അത് പറഞ്ഞത്…

” എന്നാലേ അമ്മയെയും കൊണ്ട് വീട്ടിലേക്ക് വന്ന് പെണ്ണ് ചോദിക്ക്, അല്ലാതെ പുറകെ നടന്ന് ഒലിപ്പിക്കാനൊന്നും എന്നേ കിട്ടില്ല… ”

മുഖത്ത് ഒരു ഭവവ്യത്യാസവും ഇല്ലാതെ അവളുടെ മറുപടി കേട്ടപ്പോൾ ഇവൾക്ക് ഇനി എന്നേ കൊന്ന് തിന്നാൻ ആണോ എന്നുപോലും എനിക്ക് ഡൌട്ട് അടിച്ചു…

” നാളെ ഞായറാഴ്ച അല്ലേ ഞാൻ അമ്മയെയും കൂട്ടി വരും…. “ഞാനത് പറഞ്ഞതും അവളുടെ ബസ്സ്‌ വന്നു. ഒന്നും മിണ്ടാതെ കയറി പോകുന്ന അവളെ നോക്കി അൽപ്പനേരം നിന്നു, ഇതിപ്പോ സമ്മതമാണോ അല്ലയോ എന്നെന്നും മനസ്സിലാകുന്നില്ല…

” എടാ ഒരു പെണ്ണ് വന്ന് ഇങ്ങോട്ട് പറയുന്നെങ്കിൽ അത് തമാശയ്ക്ക് ആയിരിക്കില്ല, എന്തായാലും നാളെ നമുക്ക് അവിടെ വരെ പോകാം…. ”

കാര്യം വീട്ടിൽ അവതരിപ്പിച്ചപ്പോ അമ്മ ഹാപ്പി ആണെങ്കിലും എന്റെ മനസ്സിൽ അപ്പോഴും കുറെ സംശയങ്ങൾ ഉണ്ടായിരുന്നു, എന്നാലും അമ്മ പറഞ്ഞത് പോലെ രാവിലേ പോകാൻ തന്നെ തീരുമാനിച്ചു…..

” എന്റെ മോനെ നമുക്ക് വല്ല ഓട്ടോയിലും പോയാ പോരെ, ഈ ബൈക്ക് അവിടെ ചെന്നിട്ട് സ്റ്റാർട്ട് ആയില്ലേ ആകെ നാണക്കേട് ആകും… ”

രാവിലെ മുതലേ ബൈക്ക് കിക്കറടി തുടങ്ങിയ എന്നോട് അമ്മ പറയുമ്പോഴും കിക്കറടി തുടർന്ന് കൊണ്ടിരുന്നു…” നെഗറ്റീവ് അടിക്കല്ലേയമ്മേ… ”

വണ്ടി സ്റ്റാർട്ട് ആയ സന്തോഷത്തിൽ അമ്മയോട് പറയുമ്പോഴേക്കും അമ്മ പുറകിൽ കയറിയിരുന്നു…

ദിവ്യയുടെ വീട്ടിൽ എത്തി ബെല്ലടിച്ച് ഞാനും അമ്മയും മുഖത്തോട് മുഖം നോക്കി നിന്നു, ഇനി എന്താകുമോ എന്നുള്ള ടെൻഷൻ ആയിരുന്നു എനിക്കെങ്കിൽ മോന്റെ കല്യാണം എങ്ങനേലും നടക്കണേ എന്നായിരുന്നു അമ്മയുടെ മനസ്സിൽ…

” അമ്മേ ആ അണ്ണാച്ചി പൈസയ്ക്ക് വന്നെന്ന് തോന്നുന്നു, എന്റെ ബാഗിൽ നിന്ന് ഒരു നൂറു രൂപ എടുത്ത് കൊടുക്ക്… ”

ആദ്യം ബെല്ലടിച്ച് അനക്കമില്ലാതെ ഇരുന്നപ്പോൾ രണ്ടാമതും ബെല്ലടിച്ച് കഴിഞ്ഞപ്പോഴാണ് ഉള്ളിൽ നിന്ന് ദിവ്യയുടെ ശബ്ദം കേട്ടത്…

” ഞാൻ അമ്മയോട് പറഞ്ഞിട്ടുള്ളതാ അങ്ങേരുടെ കയ്യിൽ നിന്ന് ഒന്നും വാങ്ങരുതെന്ന് , ഒരു നൈറ്റി വാങ്ങി രണ്ടലക്ക് കഴിഞ്ഞപ്പോഴേക്കും അതിന്റെ നിറവും പോയി….”

ദിവ്യയുടെ ശബ്ദം വീണ്ടും കേട്ടപ്പോൾ അമ്മ ചിരി പുറത്തേക്ക് വരാതിരിക്കാൻ ശ്രമിച്ചുകൊണ്ട് എന്നേ നോക്കി, ഞാനും ഏതാണ്ട് അതേ അവസ്ഥയായിരുന്നു…” ആരാ മനസ്സിലായില്ല…. ”

അണ്ണാച്ചിയെ പ്രതീക്ഷിച്ച് വാതിൽ തുറന്ന ദിവ്യയുടെ അമ്മ ഞങ്ങളെ കണ്ടപ്പോൾ സംശയത്തോടെ ചോദിച്ചു….

” ദിവ്യയില്ലേ ഞങ്ങൾ മോളെ കാണാൻ വന്നതാ…. “ഞാൻ എന്തേലും പറയും മുന്നെ അമ്മ കയറി പറഞ്ഞു…” ദിവ്യേ… നിന്നെ കാണാനാ…. ”

അവർ ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു കൊണ്ട് ഉള്ളിലേക്ക് വിളിച്ചു പറഞ്ഞു…” ഇനിയിപ്പോ അങ്ങേര് എന്റെ ദർശനം കിട്ടാതെ പോകില്ലേ… ”

കയ്യിലെ വെള്ളം നൈറ്റിയിൽ തന്നെ തുടച്ച്, നൈറ്റി ഇടുപ്പിൽ തിരുകി ഉമ്മറത്തേക് വന്ന ദിവ്യ എന്നെയും അമ്മയെയും കണ്ട് ഒന്ന് പരുങ്ങി, മെല്ലെ ഇടുപ്പിൽ കുത്തിയിരുന്ന നൈറ്റി നേരെയാക്കി ചിരിച്ചുകൊണ്ട് നിന്നു…

” ഇങ്ങനെയാണോ മോളെ പെണ്ണ് കാണാൻ നിൽക്കുന്നെ… “അമ്മ ചിരിച്ചു കൊണ്ട് ചോദിക്കുമ്പോൾ ഞാൻ ദിവ്യയെ നോക്കി ചിരിച്ചു, ദിവ്യ പുറകുലേക്ക് മാറുമ്പോൾ അവളുടെ അമ്മയും സംശയത്തോടെ ഉളിലേക്ക് കയറിപ്പോയി…

” അവർക്കൊരു സർപ്രൈസ് ആയെന്ന് തോനുന്നു അല്ലേ… “ഞാൻ അമ്മയോട് പറയുമ്പോൾ അമ്മ എന്നേ രൂക്ഷമായി നോക്കി….

” എനിക്കും സംശയം ഉണ്ടെടാ അവള് നിന്നെ കളിയാക്കാൻ പറഞ്ഞതാണോ എന്ന്,,, ”

അമ്മയുടെ വായിൽ നിന്ന് അത് കൂടി കേട്ടതോടെ മറ്റെല്ലാ പെണ്ണുകാണൽ പോലെ ഇതും തേഞ്ഞെന്ന് ഉറപ്പിച്ചു…” ഞാൻ തമാശക്ക് പറഞ്ഞതൊന്നുമല്ല… ”

അതും പറഞ്ഞാണ് ദിവ്യ ചായയുമായി വന്നത്….” എന്തായാലും മോളെ എനിക്ക് നിന്നെ ഇഷ്ടായി, ബാക്കി ഇനി നിങ്ങൾ സംസാരിച്ച് ഒരു തീരുമാനത്തിൽ എത്തിക്കോ… ”

അത് പറഞ്ഞമ്മ ഞങ്ങൾ രണ്ട് പേരെയും മാറി മാറി നോക്കുമ്പോൾ അതുവരെ കാണാത്ത ഒരു നോട്ടം ദിവ്യയിൽ കണ്ടു…

” എന്റെ പൊന്ന് മോളെ ഇവന് രണ്ട് ദിവസം കൊണ്ട് സംശയം മോള് കളിയാക്കിയ ചോദിച്ചത് ആണോ എന്ന്, ഇവനെ പോലെ ആയിരുന്നു ഇവന്റെ അച്ഛനും, എന്തേലും മനസ്സിലാകണമെങ്കിൽ നമ്മൾ

വിശദീകരിച്ചു പറഞ്ഞു കൊടുക്കണം, അങ്ങേരും കുറെ എന്റെ പുറകെ നടന്നു, എന്നാലോ വായ് തുറന്ന് ചോദിക്കാൻ പേടിയും, ഒരു ദിവസം ഞാൻ അങ്ങോട്ട് കയറി ചോദിച്ചു ‘ തനിക്ക് എന്നേ കെട്ടണമോടോ… ‘ എന്ന് അന്ന് അങ്ങേര് വിയർത്തത് ഇന്നും ഓർമ്മയുണ്ട്….. ”

അമ്മ അത് പറഞ്ഞു ചിരിക്കുമ്പോൾ ഞാനൊഴികെ എല്ലാവരും ചിരിച്ചു, അല്ലേലും ഒരു ആണിന്റെ പേടി മറ്റൊരു ആണിനല്ലേ മനസ്സിലാകുള്ളൂ…

” ഇവിടെയും അതുപോലെയൊക്കെ തന്നെ… “ദിവ്യ അത് പറയുമ്പോൾ അമ്മ എന്റെ തോളിൽ തട്ടി…

” നിങ്ങൾ ആണ് മക്കളെ ജീവിക്കേണ്ടത്, ഇനി നിങ്ങൾ ആലോചിച്ചൊരു തീരുമാനത്തിൽ എത്തിക്കോ… ”

അത് പറഞ്ഞ് ഞങ്ങൾ ഇറങ്ങുമ്പോൾ പതിവ് പോലെ ബൈക്ക് പണി തന്നു, ഞാൻ ദയനീയമായി അമ്മയെ നോക്കി അമ്മ ദേഷ്യത്തോടെ എന്നെയും…

” മോള് പേടിക്കേണ്ട കല്യാണം ആകുമ്പോ നമുക്ക് ഒരു കാർ വാങ്ങാം…. “ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ബൈക്ക് സ്റ്റാർട്ട് ആയ സന്തോഷത്തിൽ അമ്മ അതും പറഞ്ഞ് അവിടെ നിന്ന് ഇറങ്ങി….

” എങ്ങനെ ഉണ്ടമ്മ പെണ്ണ്… “ബൈക്ക് മെയിൻ റോഡിലേക്ക് കയറുമ്പോൾ ഞാൻ ചോദിച്ചു…” കൊള്ളടാ നല്ല പെണ്ണ്, ഇവൾ എന്തായാലും നിന്നെ വരച്ച വരയിൽ നിർത്തും… ”

അമ്മ അത് പറയുമ്പോൾ എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു…” നമ്മളെ പ്രതീക്ഷിക്കാത്തത് കൊണ്ടാകും ആ ഡ്രസ്സ്‌, അല്ലേ കുറച്ചൂടെ ഭംഗിയാ കാണാൻ… ”

ഞാൻ പറയുമ്പോൾ അമ്മ തോളിൽ മെല്ലെ തട്ടി…” വീട്ടിൽ മൂഡ് കീറിയ നിക്കറും, നരച്ച ടീ ഷർട്ടും ഇട്ട് നടക്കുന്നവൻ ആണ്…. അല്ലേ തന്നെ നീ എന്നും അവളെ കാണുന്നതല്ലേ, ഇഷ്ട്ടം ആകേണ്ടത് നിങ്ങൾക്കും,

പിന്നെ ഈ സീരിയലിലൊക്കെ അല്ലേ മോനെ പട്ടുസാരിയും ചുറ്റി വീട്ടിൽ നിൽക്കുന്നത്, ഒർജിനലിൽ എല്ലാ പെണ്ണുങ്ങളും ഇങ്ങനെ തന്നെയാ… എന്റെ മോൻ മര്യാദയ്ക്ക് വണ്ടി ഓടിക്ക്…. ”

അത് പറഞ്ഞ് ഞങ്ങൾ വീട്ടിലേക്ക് പോകുമ്പോൾ മനസ്സിൽ പുതിയ പുതിയ സ്വപ്നങ്ങളും പിറവിയെടുത്തിരുന്നു…

” അപ്പോ രണ്ടാളും കൂടി ഈ തല്ല് കൂടുന്നത് ഞങ്ങളെ പറ്റിക്കാൻ ആണല്ലേ… “പിറ്റേന്ന് ഓഫീസിൽ ഇതിയപ്പോഴേക്കും മിനി ചേച്ചി അതും പറഞ്ഞാണ് വരവേറ്റത്…

” എന്തൊക്കെ ആയിരുന്നു തല്ല് കൂടൽ, പിണങ്ങി ഇരിക്കൽ, എന്നാലും ഇവരുടെ അന്തർധാര സജീവമായിരുന്നു…. ”

മിനി ചേച്ചിക്കൊപ്പം ലക്ഷ്മി ചേച്ചിയും പറഞ്ഞു തുടങ്ങി…” ഓ അങ്ങനെയൊക്കെ സംഭവിച്ചു പോയി… “ഞാൻ ദിവ്യയെ നോക്കി ചിരിച്ചുകൊണ്ട് പറയുമ്പോൾ ദിവ്യയുമൊന്ന് ചിരിച്ചു…

” അതേ ചേച്ചിമാരൊക്കെ തന്നെയാണ്, എന്നുകരുതി പഴയത് പോലെ ഒരുപാട് അങ്ങ് കൊഞ്ചിക്കുഴയാൻ പോയലുണ്ടാലോ മുട്ടുകാൽ കയറ്റും ഞാൻ….. ”

അവർ പോയി കഴിഞ്ഞപ്പോൾ കയ്യിൽ ഒരു നുള്ളും തന്ന് ദിവ്യ പറയുമ്പോൾ ഈശ്വര ഇനി ഇടം വലം തിരിയാൻ പറ്റാതെ ഞാൻ പെട്ടെന്ന് മനസ്സിൽ ഉറപ്പിച്ചു….

“അല്ലടി എന്നാലും നീ അന്ന് ചോദിച്ചത് തനിക്കെന്നെ കെട്ടാൻ പറ്റുമോയെന്ന് തന്നെയല്ലേ…”

കല്യാണതിരക്ക് കഴിഞ്ഞ് ദിവ്യയെ എനിക്ക് മാത്രമായി കിട്ടിയപ്പോഴാണ് ഞാനത് ചോദിച്ചത്…

” അല്ലടോ തന്റെ വായിനോട്ടം കണ്ടിട്ട് തനിക്കൊന്ന് കെട്ടിക്കൂടെയെന്നാ ചോദിച്ചേ… അപ്പോഴേക്കും കുറ്റീം പറിച്ചു വീട്ടിൽ എത്തി കഴിഞ്ഞു…. ”

” അയ്യടി എന്നിട്ടെന്താ മോള് ഈ വായിനോക്കിയേ വേണ്ടെന്ന് പറയാതിരുന്നേ… ”

” അത് പിന്നെ നിങ്ങൾ അങ്ങനെ വായിനോക്കി സുഖിച്ച് ജീവിക്കുന്നത് കണ്ടപ്പോ ഒരു കുശുമ്പ്…. ”

അവളത് പറഞ്ഞ് എന്നിലേക്ക് ചേർന്ന് നിൽക്കുമ്പോൾ ഞാൻ അവളെ എന്നിലേക്ക് ചേർത്ത് പിടിച്ചു…

” ഇനിയിപ്പോ നമുക്ക് ഒരുമിച്ചു വായിനോക്കാമല്ലേ… “ഞാൻ അവളുടെ ചെവിയിൽ മെല്ലെ പറഞ്ഞു…

” ഇനി എന്നേ അല്ലാതെ വേറൊരു പെണ്ണിനെ നോക്കിയാൽ ആ കണ്ണ് ഞാൻ കുത്തിപ്പൊട്ടിക്കും പറഞ്ഞേക്കാം… ”

അത് പറഞ്ഞവൾ എന്നിലെ പിടിത്തം മുറുക്കുമ്പോൾ എന്റെ ചുണ്ട് അവളുടെ നെറ്റിയിൽ പതിഞ്ഞിരുന്നു….

 

Leave a Reply

Your email address will not be published. Required fields are marked *