നിന്റെ അച്ഛൻ പുതിയ ഭാര്യയുമൊത്തുള്ള പിക് പോസ്റ്റ്‌ ചെയ്തിട്ടുണ്ടല്ലോ നോക്കെടാ..” ആദ്യം ആരാണത് പറഞ്ഞത് എന്ന് വ്യക്തമായി ഓർക്കുന്നില്ല.

കാത്തിരിക്കാനൊരാൾ
(രചന: Ammu Santhosh)

“നിന്റെ അച്ഛൻ പുതിയ ഭാര്യയുമൊത്തുള്ള പിക് പോസ്റ്റ്‌ ചെയ്തിട്ടുണ്ടല്ലോ നോക്കെടാ..”

ആദ്യം ആരാണത് പറഞ്ഞത് എന്ന് വ്യക്തമായി ഓർക്കുന്നില്ല. പിന്നെയും ആരൊക്കെയോ പറഞ്ഞു. ചിലതൊക്കെ പരിഹാസം തന്നെ.

അച്ഛൻ ഞങ്ങളെ ഉപേക്ഷിച്ചു പോകുമ്പോൾ അതിന്റെ കാരണങ്ങൾ ഒന്നും അമ്മ ഞങ്ങളോട് പറഞ്ഞിരുന്നില്ല.

അച്ഛൻ വളരെ സ്നേഹമുള്ള ഒരാളായിരുന്നതായിട്ട് ഞങ്ങൾക്ക് തോന്നിയിരുന്നു. അമ്മയും അച്ഛനും തമ്മിൽ വഴക്കുകൾ ഉണ്ടാകുന്നത് ഞങ്ങൾ, (ഞാനും അനിയത്തിയും) കേട്ടിട്ടില്ല.

അച്ഛൻ ഒരെഴുത്തുകാരനായത് കൊണ്ട് മിക്കവാറും വായനമുറിയിലാവും. അമ്മ ഞങ്ങൾക്കൊപ്പം ഉണ്ടാകും എപ്പോഴും.

ചിലപ്പോൾ എനിക്കും അനിയത്തിക്കും അത് അലോസരമുണ്ടാക്കിയിട്ടുണ്ട്. ഏത് നേരവും അമ്മയുടെ ഒച്ച, അമ്മയുടെ കണ്ണുകൾ, ഓരോ ചോദ്യങ്ങൾ…

അമ്മേ ഇത്തിരി പ്രൈവസി തരാമോ എന്ന് ചോദിച്ചു പോയിട്ടുണ്ട്. ആ മുഖം വാടുന്നത് കണ്ടപ്പോൾ സങ്കടം തോന്നി. പിന്നെ സോറി പറയുകയും ചെയ്തു

അച്ഛനും അമ്മയും ഡിവോഴ്സ് ആയത് ഞങ്ങളോട് പറഞ്ഞിട്ട് തന്നെ ആണ്. ആഴ്ചയിൽ രണ്ടു ദിവസം ഞങ്ങൾക്ക് അച്ഛന്റെ ഒപ്പം നിൽക്കാം.

അനിയത്തി ഒരിക്കലും വന്നിട്ടില്ല. പക്ഷെ ഞാനവിടെ പോകാറുണ്ട്. അച്ഛനൊപ്പം യാത്ര പോകാറുണ്ട്.

എന്റെ പ്രായമുള്ള ഒരു പെൺകുട്ടിക്കൊപ്പം അച്ഛനെ പലതവണ പലയിടങ്ങളിൽ വെച്ചു കണ്ടു എന്ന് എന്റെ കൂട്ടുകാരി അപർണ പറഞ്ഞപ്പോൾ ആദ്യം ഞാൻ വിശ്വസിച്ചില്ല.പിന്നെ ഒരു ദിവസം നേരിട്ട് കണ്ടു. അച്ഛന്റെ ഒപ്പം.

ഒരു മകൻ ഒരിക്കലും കാണരുതാത്ത ഒരു അവസരത്തിൽ. അന്ന് അച്ഛന്റെ വീട്ടിലേക്കുള്ള എന്റെ യാത്രകൾ ഞാൻ അവസാനിപ്പിച്ചു. അച്ഛൻ എന്ന അധ്യായം അന്ന് അവസാനിച്ചു.

എന്റെ അമ്മയെ അച്ഛൻ അവഗണിച്ചത്, ഉപേക്ഷിച്ചു പോയത് ഒക്കെ ഈ ഒരു പെണ്ണിന് വേണ്ടിയായിരുന്നു.

അമ്മ എപ്പോഴും ഞങ്ങൾക്കൊപ്പം ചിലവിട്ടത് ആ വേദന മറക്കാനായിരുന്നു എന്നത് അന്ന് എനിക്ക് മനസിലായി. ഞാൻ ഒരു ദിവസം അത് അനിയത്തിയോടു പറഞ്ഞു.

അവൾക്ക് അതൊക്കെ നേരെത്തെ അറിയാമായിരുന്നുവത്രെ. അതാണ് ഒരിക്കൽ പോലും അച്ഛൻ വിളിച്ചപ്പോൾ ആ വീട്ടിലേക്ക് അവൾ വരാതിരുന്നത്.

പിന്നീട് ആ പെൺകുട്ടി മാറി അച്ഛന് പുതിയ കൂട്ട് വന്നു. പുതിയ കൂട്ടിന്റ ചിത്രങ്ങൾ ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്തു.

കൂടെ പഠിക്കുന്നവരുടെ കളിയാക്കലുകൾ, മുള്ള് വെച്ച സംഭാഷണങ്ങൾ.. സോഷ്യൽ മീഡിയ ഉപേക്ഷിക്കേണ്ടി വന്നു. ഡിഗ്രി അവസാന വർഷമാണ്.നീയിങ്ങനെ ഉഴപ്പല്ലേ എന്ന് അപർണ പറയുന്നതും തലയിൽ കയറുന്നില്ല.

ക്ലാസ്സിൽ വരണം എന്നെ തോന്നാറില്ല. അനിയത്തി എത്ര വിഷമിക്കുന്നുണ്ടെന്നു ഓരോ ദിവസവും അവളുടെ കണ്ണുകൾ കണ്ടാൽ അറിയാം.

ഒരു പാട് പെൺകുട്ടികളുടെ ഊഴം കഴിഞ്ഞു ഏതോ ഒരാളുടെ ഭാര്യയാണ് ഇപ്പൊ കൂടെ എന്ന് ആരോ പറഞ്ഞു.

അതിന്റെ പേരിൽ വഴക്കുകൾ, കേസ് ഒക്കെയുടെയും അവസാനം ആ സ്ത്രീയെ വിവാഹം കഴിച്ചുവത്രെ. അതിനിയെത്ര നാൾ.

“പല സ്ത്രീകൾക്കൊപ്പം പോകുന്നവരൊരിക്കലും ഒരു പെണ്ണിൽ ഒതുങ്ങില്ല. അവരങ്ങനെ ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് പൊയ്ക്കൊണ്ടേയിരിക്കും.പുഴ ഒഴുകുന്നത് പോലെ. നീ അതോർത്തു വിഷമിക്കാതെ. നിനക്ക് ഞാൻ ഇല്ലേ?”

അപർണ ഒരിക്കൽ പറഞ്ഞു. അവളുടെ കണ്ണുകളിൽ തീവ്രമായ പ്രണയം കത്തുന്നുണ്ടായിരുന്നു. കൂട്ടുകാരിയോടെന്ന വണ്ണം മാത്രമേ അവളോടത് വരെ സംസാരിച്ചിട്ടുള്ളു

അതിന് ശേഷം അവളെ കാണുമ്പോൾ ഒഴിഞ്ഞു മാറും.വയ്യ ഇനിയൊരു തകർച്ച.സ്നേഹിച്ചു തുടങ്ങിയാൽ പിന്നെ വേർപെട്ട് പോകുന്നത് മരണം പോലെയാണ്.

എന്റെ ജീവിതം അറിയുന്ന അവളുടെ കുടുംബം അച്ഛനെ പോലെയാണോ ഞാൻ എന്ന് സംശയിച്ചാൽ അവരെ തെറ്റ് പറയാൻ പറ്റുമോ?

അപർണയുടെ നിറഞ്ഞ കണ്ണുകൾ ഞാൻ കണ്ടില്ലന്നു നടിച്ചുഎനിക്ക് അമ്മയെ ചേർത്ത് പിടിക്കണമായിരുന്നു. അനിയത്തിയേ ആശ്വസിപ്പിക്കണമായിരുന്നു. അതിനിടയിൽ ഒരു പ്രണയം എന്റെ ചിന്തകളിൽ വന്നില്ല.

പക്ഷെ അപർണയേ എനിക്ക് മിസ്സ് ചെയ്യുന്നുണ്ടായിരുന്നു. സ്കൂൾ കാലം മുതൽ എന്റെ സങ്കടങ്ങളിൽ അവൾ മാത്രമേ ഉണ്ടായിരുന്നുള്ളു എനിക്ക്.

എനിക്ക് വേണ്ടി മറ്റുള്ളവരോട് വഴക്കടിക്കാൻ, നിന്റെ ഒക്കെ വീട്ടിൽ ഇതിലും മോശം ആൾക്കാർ കാണും പോയി നോക്കെടാ എന്ന് എന്നെ കളിയാക്കുന്നവരോട് ഒരു ദയയുമില്ലാത് പറയാൻ അവളെ ഉണ്ടായിരുന്നുള്ളു

പക്ഷെ പ്രണയിച്ചിട്ട്, വാക്ക് കൊടുത്തിട്ട് അകന്ന് പോകേണ്ടി വന്നാൽ ഞാൻ ഭ്രാന്തനായി പോകും. വയ്യ ഇനിയൊന്നും

കാനഡയിലുള്ള എന്റെ ചിറ്റ എന്നെ അങ്ങോട്ടേക്ക് കൊണ്ട് പോകാൻ തീരുമാനിച്ചു എന്നെ മാത്രം അല്ല അമ്മയെയും അനിയത്തിയേയുമെല്ലാം. അത് ഒരു ആശ്വാസം ആയിരുന്നു.

അപർണ നിറഞ്ഞ കണ്ണുകളോടെ ചിരിച്ചു”ഇനി നാട്ടിലേക്ക് വരില്ല അല്ലെ? എന്നെ ഓർക്കുമോ?” അവൾ സങ്കടത്തോടെ ചോദിച്ചു

ഞാൻ ഒരു നിമിഷം മിണ്ടാതെ നിന്നു. ഹൃദയത്തിൽ ഒരു കടലുള്ളത് അറിയുകയായിരുന്നു ഞാൻ.

ഒപ്പമുണ്ടായിരുന്നവർ ഇല്ലാതെയാകുമ്പോൾ പിടഞ്ഞടിക്കുന്ന കടൽ. അവളെ ഉപേക്ഷിച്ചു പോകാൻ എന്നെ കൊണ്ട് വയ്യ.

എന്റെ വേദനകളിൽ താങ്ങായി നിന്നവളെ മറന്നിട്ട് ഞാൻ എവിടേയ്ക്ക് പോകാൻ? സമാധാനം കിട്ടുമോ ജീവിതത്തിൽ?

“ഞാൻ വരും.. നീ കാത്തിരിക്കാൻ ഉണ്ടെങ്കിൽ “ഞാൻ ഇടർച്ചയോടെ പറഞ്ഞുഅവൾ എന്നെ ഇറുകെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു

“എന്തിനാ എന്നെ വിഷമിപ്പിച്ചേ..?
എന്തിനാ മിണ്ടാതെ നടന്നത്? അവൾ കരഞ്ഞു കൊണ്ടേയിരുന്നു.

ഒടുവിൽ അവൾ എന്റെ മുഖം പിടിച്ചു താഴ്ത്തി നെറ്റിയിൽ ചുംബിച്ചു”ഞാൻ കാത്തിരിക്കും എത്ര വർഷങ്ങൾ കഴിഞ്ഞാണെങ്കിലും. നിന്റെ മനസിലെ പേടി എനിക്ക് അറിയാം.

നിന്റെ അച്ഛനെ അറിയാവുന്നവർ നിന്നേ കുറിച്ചും അങ്ങനെ ചിന്തിക്കും എന്നല്ലേ? അങ്ങനെ ആരും ഇപ്പൊ ചിന്തിക്കില്ല. നീ ഒന്നും ഓർക്കേണ്ട. നന്നായി പഠിക്ക്. എന്നിട്ട് വീട്ടിൽ വന്നു ആലോചിക്ക്. ഞാൻ കാത്തിരിക്കും ”

ഞാൻ അവളെ നെഞ്ചോട് ചേർത്ത് പിടിച്ചു വിങ്ങിക്കരഞ്ഞു..”പൊറുക്കണം എന്നോട്. സങ്കടം തന്നതിന്. പേടിച്ചിട്ട് ഒഴിഞ്ഞു മാറിയതാ..””സാരമില്ല.. ഞാനുണ്ട്.. എന്നും ഞാനുണ്ട് നിനക്ക്… ” അവൾ പുഞ്ചിരിച്ചു.

എനിക്ക് അത് മതിയാരുന്നു..എനിക്കായ് കാത്തിരിക്കാനൊരാൾ . നിനക്ക് ഞാനുണ്ട് എന്ന് പറയാനൊരാൾ.

സത്യത്തിൽ മനുഷ്യന് അത് മാത്രം മതി. എന്തും നേരിടാം. ഏത് സങ്കടകടലും നീന്തിക്കടക്കാം. ഏത് അഗ്നിപരീക്ഷയും നേരിടാം”ഞാനുണ്ട് നിനക്ക് “എന്ന ഉറപ്പ്… ജീവന്റെ വിലയുള്ള ഉറപ്പ്…

Leave a Reply

Your email address will not be published. Required fields are marked *